ഒന്നാം നമ്പർ പ്ലാറ്റുഫോമിലേക്കു പാസ്സന്ജർ ട്രെയിൻ അല്പസമയത്തിനുള്ളിൽ എത്തിച്ചേരുമെന്നുള്ള മുന്നറിയിപ്പ് കേട്ടപ്പോൾ ലേഡീസ് വെയ്റ്റിംഗ് റൂമിൽ നിന്നവൾ പതിയെ എഴുന്നേറ്റു. ചൂളം വിളിച്ചു ട്രെയിൻ പ്ലാറ്റഫോമിലെത്തി മിക്ക കംപാർട്‌മെന്റുകളും കാലിയാണ് ഉള്ളതിൽ അല്പമെങ്കിലും ആൾപെരുമാറ്റമുള്ള കംപാർട്മെന്റിലവൾ സാവധാനം കയറി.
മിക്ക സീറ്റുകളും കാലിയാണ് ചിലർ അങ്ങിങ്ങു സീറ്റിൽ നെടുനീളത്തിൽ കിടന്നുറങ്ങുന്നുണ്ട്. ട്രെയിനിൽ കയറിയ വിവരം വിളിച്ചുപറയുവാൻ അവൾ പതുക്കെ ഫോൺ കയ്യിലെടുത്തു, ഫോണെടുത്തത് അനിയത്തിയാണ് പുറപ്പെട്ട വിവരം പറഞ്ഞു കാൾ കട്ടാക്കി അവൾ വാച്ചിലേക്ക് നോക്കി സമയം ആറര കഴിഞ്ഞിരിക്കുന്നു. ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ കൂടെ ജോലി ചെയ്‌യുന്ന അനിത അല്പം അതിശയോക്തിയോടെ ആണ് ചോദിച്ചത്
"ഇത്രയും വൈകി താൻ എങ്ങനെയാടോ ഒറ്റയ്ക്ക് ട്രാവൽ ചെയ്യുന്നത് "
അനിതയ്ക്കുള്ള മറുപടി വെറുമൊരു പുഞ്ചിരിയിലൊതുക്കുമ്പോൾ അവളോർത്തു ഓര്മ വെച്ച കാലം മുതൽക്കു തുടങ്ങിയതാണ് ഈ തനിയെ ജീവിതം. തനിക്കു അഞ്ചുവയസ്സുള്ളപ്പോളാണ് അച്ഛൻ മരിക്കുന്നത്. അതിൽ പിന്നെ തയ്യൽപണിയെടുത്താണ് 'അമ്മ തന്നെയും അനുജത്തിയേയും വളർത്തിയത്. 'അമ്മ മിക്കപ്പോഴും തയ്യൽ ജോലിയുടെ തിരക്കലാവും അതുകൊണ്ടു തന്നെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയാനവൾ പഠിച്ചിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ വൈകുന്നേരമുള്ള എക്സ്ട്രാ ക്ലാസ്സുകഴിഞ്ഞു മടങ്ങുന്ന ക്ലാസ്സിലെ മിക്ക പെൺകുട്ടികളെയും വീട്ടിലേക്കു വിളിച്ചുകൊണ്ടു പോകുവാൻ അവരുടെ അച്ഛനോ ചേട്ടനോ ഒക്കെ വരുന്നത് കാണുമ്പോൾ അറിയാതെ മനസിലൊരു നീറ്റലുണ്ടാകുമായിരുന്നു. പെൺകുട്ടികളെ ഇങ്ങനെ ഒറ്റയ്ക്ക് വിടുന്നതിനെ കുറിച്ചുള്ള ആളുകളുടെ ചോദ്യത്തിന് അമ്മയുടെ മറുപടിയിതായിരുന്നു,
"എല്ലാടത്തും ഞാനവരുടെ കൂടെ പോയ പിന്നെ എന്റെ ജോലി ആര് ചെയ്യും? ഞാനിവിടിങ്ങനെ രാപ്പകലില്ലാതെ ഈ മെഷീൻ ചവുട്ടുന്നതു കൊണ്ടാ കുടുംബം കഴിഞ്ഞു പോവുന്നത്, അല്ലേലും പെൺപിള്ളാര് ഒറ്റയ്ക്ക് ഒക്കെ ശീലിച്ചു വെയ്ക്കുന്നതെ നല്ലതാ നാളെ കൂടെ ആരുമിലാത്ത കാലത്തും ജീവിക്കണല്ലോ'
അമ്മയ്ക്ക് ഇരുപത്തിയഞ്ചു വയസ്സുള്ളപ്പോഴാണ് അച്ഛൻ ഈഹലോകവാസം വെടിഞ്ഞത്. അങ്ങനെ 'അമ്മ തനിക്കുമുന്നിൽ അങ്ങനെ നീണ്ടു കിടക്കുന്ന വിശാലമായ ലോകം കണ്ടു അതിന്റെ വ്യാപ്തികണ്ടു പകച്ചുപോയി. അതുവരെ അച്ഛനും ഞങ്ങൾ മക്കളും മാത്രമായിരുന്നു അമ്മയുടെ ലോകം. ജോലിക്കു പോകുന്ന ഭർത്താവിനെ പരിചരിച്ചു ഉത്തമയായ ഒരു വീട്ടമ്മയായി വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടി 'അമ്മ. അമ്മയുടെ അവസ്ഥ നാളെ ഞങ്ങൾ മക്കൾക്കുണ്ടായാലോ എന്ന് കരുതിയാവണം 'അമ്മ ഞങ്ങളെ ഈ തനിയെ ജീവിതം പഠിപ്പിച്ചത്.
നാട്ടിൽ നിന്നും വളരെ അകലെയുള്ള സ്ഥലത്തു കോളേജിൽ അഡ്മിഷൻ കിട്ടി അതിനു ചേരാൻ പോയതും തനിയെ ആയിരുന്നു. പഠിത്തം കഴിഞ്ഞ ഉടനെ തനിക്കു കിട്ടിയ സർക്കാർ ജോലി അമ്മയ്ക്ക് വലിയൊരളവിലുള്ള ആശ്വാസമാണ് സമ്മാനിച്ചത്. ജീവിതം അങ്ങനെ മുന്നോട്ടു പോവുമ്പോളാണ് അമ്മയുടെ വീഴ്ച കൊണ്ടുപിടിച്ചു പെയ്ത മഴയിൽ ആകെ നാശമായികിടന്ന വഴിയിൽ 'അമ്മ തെന്നിയടിച്ചു വീണു. നടുവിനേറ്റ ക്ഷതം ഇരുന്നുള്ള ജോലിയൊന്നും വേണ്ടായെന്നു ഡോക്ടർ അറിയിച്ചു. അമ്മയുടെ ചികിത്സ അനുജത്തിയുടെ പഠിത്തം വീട്ടുചിലവ് അങ്ങനെ ആയിരം ആവശ്യങ്ങൾ മൂർഖൻ പാമ്പുകളെപോലെ അവളുടെ ചുറ്റും പത്തിയുയർത്തി നിൽക്കുന്നു.
മനോരാജ്യത്തിൽ നിന്നുമവൾ ഞെട്ടിയുണർന്നു. ട്രെയിൻ എവിടെയോ പിടിച്ചിട്ടിരിക്കുകയാണ്. പാസ്സന്ജർ ട്രെയിനാണ് മറ്റെല്ലാ തരത്തിലുമുള്ള ട്രെയിനുകളെയും കണ്ടു താണു വണങ്ങിയെ അത് യാത്ര ചെയ്യുകയുള്ളൂ. പെട്ടെന്നാണവൾ തന്റെ മുന്നിലിരിക്കുന്ന മനുഷ്യനെ കണ്ടത്. അയാൾ തന്നെ തന്നെ നോക്കിയിരിക്കുകയാണ് മുഖത്തൊരു വഷളൻ ചിരിയും ഫിറ്റു ചെയ്തു കൊണ്ട്. അയാളവളെ സൂക്ഷിച്ചു നോക്കി അയാളുടെ കൃഷ്ണമണിക്കുള്ളിൽ ഒരു സൂചിയുണ്ടായിരുന്നു എന്ന പോലെ അയാളുടെ നോട്ടം ചെന്നപ്പോൾ അവളുടെ ശരീരത്തിൽ അവ കുത്തികൊണ്ടു.
അയാളവളുടെ മാറിലേക്ക് നോക്കികൊണ്ട് ചില വഷളൻ അഭ്യാസങ്ങൾ കാണിച്ചു. അവൾക്കു എവിടെയൊക്കെയോ കുത്തിക്കൊള്ളുന്നതു പോലെ വേദനിച്ചു. ഈ മാറ് വലുതാകേണ്ടതായിരുന്നു. ഒരു കുഞ്ഞു പിറന്നു വീണു എന്നറിയുമ്പോൾ ബഹുഭൂരിപക്ഷം സ്ത്രീജനങ്ങളുടെയും ആവലാതി കുട്ടി ആണോ പെണ്ണോ എന്നറിയാനാണ്. ഒരു കുഞ്ഞു ജനിച്ചു എന്നല്ല. ആണ് ജനിച്ചു പെണ്ണ് ജനിച്ചു എന്നാണു. ആണായി പിറന്നിരുന്നുവെങ്കിൽ എന്നവൾ ജീവിതത്തിൽ അന്നാദ്യമായി ആഗ്രഹിച്ചു പോയി. എങ്കിൽ ഈ മാറ് വളരുകയില്ലായിരുന്നു. ഈ നോട്ടങ്ങൾ സഹിക്കേണ്ടി വരുകയില്ലായിരുന്നു. പെണ്ണ് കേവല൦ ആണിന്റെ സുഖത്തിനുവേണ്ടിയുള്ള വസ്തുവാണെന്നാണ് ഇവനെ പോലുള്ളവരുടെ ധാരണ.
അയാളുടെ ശല്യം സഹിക്കവയ്യാതെ ആയപ്പോൾ അവൾ ഝടുതിയിൽ എഴുന്നേറ്റു അടുത്ത സീറ്റ് ലക്ഷ്യമാക്കി നടന്നു. അവൾക്കിറങ്ങാനുള്ള സ്റ്റേഷൻ അടുക്കാറായപ്പോൾ അവൾ പതിയെ എഴുന്നേറ്റു വാതിൽക്കലേക്കു നടന്നു. പുറത്തു ഒരു ചൂടുള്ള നിശ്വാസം വന്നു തട്ടിയപ്പോൾഅവൾ തിരിഞ്ഞു നോക്കി വീണ്ടും അയാൾ അതെ വഷളൻ ചിരിയോടെ. ട്രെയിൻ സ്റ്റേഷനിൽ നിറുത്തിയപ്പോൾ അവൾ തിടുക്കത്തിൽ പുറത്തേക്കിറങ്ങി. വലിയ ആളും ആരവവുമൊന്നുമില്ലാത്ത ചെറിയൊരു സ്റ്റേഷനാണത്. കൂട്ടികൊണ്ടുപോകുവാൻ ആരും വരുവാനില്ലാത്തതു കൊണ്ട് തന്നെ കുറച്ചപ്പുറത്തു മാറിയുള്ള ബസ് സ്റ്റോപ്പിനെ ലക്ഷ്യമാക്കിയവൾ നടന്നു .
വിജനമായ റോഡിലൂടെ അവൾ നടന്നു കാൽപ്പെരുമാറ്റം കേട്ടവൾ തിരിഞ്ഞു നോക്കിയപ്പോളാണ് കണ്ടത് വീണ്ടുമയാൾ. അവൾ നടത്തം മതിയാക്കി തിരിഞ്ഞു നിന്നയാളോട് ചോദിച്ചു,
"പോരുന്നോ?"
ചോദ്യം കേട്ടയാൾ അമ്പരന്നു,
"ങേ"
"അല്ല ചേട്ടൻ എന്റെ കൂടെ പോരുന്നൊന്നു? ഒരു രാത്രിക്കു എത്രയാ ചേട്ടന്റെ റേറ്റ്?"
"ഞാൻ അങ്ങനെ അല്ല "
"എന്താ പിന്നെ ഫ്രീ സർവീസ് ആണോ"
"അയ്യോ ഞാൻ അത്തരക്കാരനല്ല ഞാൻ വെറുതെ"
"അല്ല പുറകെ നടപ്പൊക്കെ കണ്ടപ്പോ ഞാൻ കരുതി ആ പോട്ടെ എന്തായാലും ചേട്ടൻ പുറകെ വന്നതല്ലേ എന്നെ ആ ബസ് സ്റ്റോപ്പ് വരെ കൊണ്ടാക്കി താ എനിക്കൊരു കൂട്ടായല്ലോ"
ഒരക്ഷരം പറയാതെ അയാളവളുടെയൊപ്പം ബസ്‌സ്റ്റോപ് വരെ നടന്നു. ബസിൽ കയറി അവൾഅയാളെ നോക്കി അപ്പോളയാളുടെ മുഖത്ത് പഴയ വഷളൻ ചിരിയില്ലായിരുന്നു പകരം ഏതെന്നു നിർവചിക്കാൻ കഴിയാത്ത ഏതോ ഒരു ഭാവം. പക്ഷെ അവളുടെ മുഖത്തപ്പോളൊരു പുഞ്ചിരിയുണ്ടായിരുന്നു നല്ല തെളിഞ്ഞ പുഞ്ചിരി
Anjali

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക