Slider

#അന്നും_ഇന്നും

0
#അന്നും_ഇന്നും
അസ്സഹ്യമായ വിശപ്പുണ്ട് ടൗണിലെ ചെറിയ ഹോട്ടൽ നോക്കി അവൻ നടന്നു. രാവിലെ മുതൽ അലയുകയാണ് ചെറിയൊരു ജോലി അതാണ് ലക്ഷ്യം. പ്രീഡിഗ്രി റിസൽറ്റ് കാത്തിരിക്കുകയാണ് അവൻ വീട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ. അച്ഛനും രണ്ടാനമ്മയും അവരുടെ ക്രൂരതകൾ സഹിക്കാൻ വയ്യ ...ഇറങ്ങി അവിടന്ന് ...
ജോലിയെക്കാളുപരി താമസിക്കാനൊരിടം അതാണ് അത്യാവശ്യം....
''ചേട്ടാ ഊണിന് എത്രയാ ?''
'' പന്ത്രണ്ട് രൂപ''
അവൻ പോക്കറ്റിൽ നോക്കി പത്തു രൂപയുണ്ട് ഇനി എന്തു ചെയ്യും ഒരുപാടു സങ്കടത്തോടെ അവൻ ഇങ്ങനെ പറഞ്ഞു...
'' ചേട്ടാ രണ്ടു രൂപ കുറവുണ്ട് അതിനുള്ള ചോറ് കുറച്ചു തര്വോ ? ''
അവൻ്റെ നിസ്സഹായവസ്ഥ കണ്ടിട്ടാവണം അയാൾ അവന് ഭക്ഷണം നൽകി...കൈകഴുകി പോകാൻ നേരം എന്തെങ്കിലും ജോലി തരുമോന്ന് വെറുതെ ചോദിച്ചു ...അവർക്ക് അങ്ങനെയൊരാളെ ആവശ്യമായിരുന്നു..
താമസിക്കാൻ മുറിയുമുണ്ട്...ഉടനെ ജോലിക്കു കയറി..നാലു ചായ ഒരു കടയിൽ കൊണ്ടുപോയി കൊടുത്തു തിരിച്ചു വരാൻ നേരം അയാൾ അമ്പത് പൈസ ടിപ്സ് കൊടുത്തു..അതൊരു തുടക്കമായിരുന്നു..
ചില ദിവസങ്ങളിൽ അഞ്ചു രൂപ വരെ കിട്ടി.
തലയിലും ഒക്കത്തും വെള്ളം നിറച്ച കുടവുമായി റോഡു മുറിച്ചു കടന്ന് കടയിലേക്ക് വെള്ളം കൊണ്ടുവരുന്ന ജോലിയായിരുന്നു കഠിനം.. ചീറിപായുന്ന വണ്ടികൾക്കിടയിൽ റോഡു മുറിച്ചു കടക്കാൻ കുറെ നേരം നിൽക്കണം..
ബസ്റ്റോപ്പിനു മുന്നിലൂടെ വെള്ളവും ഏറ്റി നടക്കുമ്പോൾ കുടത്തിൽ നിന്നും തുളുമ്പുന്ന വെള്ളം അവൻ്റെ ശരീരത്തെ നനക്കുന്നുണ്ടായിരുന്നു..
വെള്ളവും കൊണ്ട് നനഞ്ഞു പോകുന്ന ഒരു ദിവസം പുറകിൽ നിന്നും ആരോ അവനെ വിളിച്ചതായി അവനു തോന്നി. തിരിഞ്ഞു നോക്കിയ അവൻ ഒന്നു പതറി. ഇന്നലെവരെ തൻ്റെ കൂടെ പഠിച്ച പെൺകുട്ടി...
''നീയെന്താടാ ഈ പണിയൊക്കെ ചെയ്യുന്നേ..? നന്നായി പഠിക്കുന്ന കുട്ടിയല്ലേ നീ...?''
''അതുപിന്നെ ഞാൻ.........'' വാക്കുകൾ കിട്ടാത്ത അവസ്ഥയിൽ അവൻ നിന്നു. തലയിലെ കുടത്തിൽ നിന്നും തുളുമ്പുന്ന ജലകണങ്ങൾ കണ്ണുനീരിനെ പുൽകി താഴേക്ക് പതിച്ചുകൊണ്ടിരുന്നു.... അവനൊന്നും പറയാതെ നടന്നു നീങ്ങി....
അങ്ങനെ ഒരാഴ്ച കഴിഞ്ഞു
''രണ്ടു ചായ ''
ചായ ഒാർഡർ ചെയ്ത ആളെ കണ്ട് അവൻ ഞെട്ടിത്തരിച്ചു അച്ഛൻ കൂടെ ഇളയമ്മയും ഉണ്ട്..അവർ അവനെ കണ്ടിട്ടില്ല...ദൈവമേ ഈ ഭൂമിയൊന്ന് പിളർന്നു പോയിരുന്നെങ്കിൽ ആരുടെ മുമ്പിലാണോ ജയിക്കണമെന്നാഗ്രഹിച്ചത് അവരുടെ മുമ്പിൽ....ഈശ്വരാ എന്തിനീ പരീക്ഷണം...
''ടാ എന്താ നീ നോക്കി നിക്കണേ ചായ കൊടുക്കടാ വേഗം '' മുതലാളി ചൂടാവുകയാണ് ....അവൻ ചായയുമായി വന്നു അപ്പോഴാണ് അച്ഛൻ കാണുന്നത്...അവരും ഒരു നിമിഷം സ്തബ്ധരായി...അവൻ്റെ കണ്ണിൽ നിന്നും ജലകണങ്ങൾ അടർന്നു വീണു...ഉള്ളിലെ തേങ്ങൽ പുഴയായൊഴുകി...കണ്ണിൽ ഇരുട്ടുപടർന്നു...അവരുടെ മുമ്പിൽ അവൻ തലചുറ്റി വീണു....ചൂടുള്ള ചായ അവൻ്റെ നെഞ്ചിൽ വീണ് പൊള്ളി...ചായഗ്ളാസ് പൊട്ടിചിതറി...'
അവർ ഒന്നും മിണ്ടാതെ ഇറങ്ങിപോയി...
''നീ ഇപ്പോ ഇറങ്ങിക്കോണം ഇവിടെ നിന്നും ..നീയും വേണ്ട നിൻ്റെ ജോലിയും വേണ്ട''
അല്ലെങ്കിലും മടുത്തിരുന്നു അവന് ആ ജോലി .....വിശദീകരിക്കാൻ നിന്നില്ല അവൻ അവിടെ നിന്നും ഇറങ്ങി നടന്നു...
വഴിയറിയാതെ ദിശയറിയാതെ....ഒരു കൈതാങ്ങിനായി അവൻ കൊതിച്ചു..
അവൻ്റെ കണ്ണിൽ നിന്നും ചോരതുള്ളികൾ വീണുകൊണ്ടേയിരുന്നു അപ്പോൾ.....!!
*************
#ഇന്ന്.....
തൻ്റെ ജീവിതത്തിലെ ഒരേട് മുഖപുസ്തകത്തിൽ പോസ്റ്റ് ചെയ്ത ശേഷം അവൻ തൻ്റെ സ്ഥാപനത്തിലെ ജോലിക്കാർക്കുള്ള സാലറി ചെക്കിൽ ഒപ്പു വച്ചു....
ഉണ്ണികൃഷ്ണൻ തച്ചമ്പാറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo