Slider

**** ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ ***** (ഭാഗം പതിനൊന്ന്)

0
***** ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ *****
(ഭാഗം പതിനൊന്ന്)
മറിയത്തള്ളയുടെ വീട്ടിലെത്തിയപ്പോൾ അവരവിടെയില്ലായിരുന്നു. അടുത്തുള്ള തെങ്ങിൻ തോപ്പിൽ ചൂട്ട് (തൂശനി) വെട്ടാൻ പോയതായിരുന്നു. കാറിന്റെ ഹോണടി കേട്ടവർ വേഗം വന്നു. തലയിൽ ചൂട്ടിന്റെ സാമാന്യം വലിയൊരുകെട്ട് ഉണ്ടായിരുന്നു അതും ചുമന്നുകൊണ്ടായിരുന്നു വന്നത്.ചുമട് താഴെയിട്ട് മുട്ടോപ്പം പൊക്കിക്കുത്തിയ മുണ്ടിന്റെ കുത്ത് അഴിച്ചിട്ടു കൊണ്ട് തന്റെ കൈകളിലെ പൊടിയൊക്കെ മുണ്ടേൽ തുടച്ചു കൊണ്ടവരെ തന്റെ ഇറയത്തേക്കു ക്ഷണിച്ചു.
" കേറിവാ... മൊതലാളി.... വാ... കുഞ്ഞേ... കൊറേനാളായല്ലോ കണ്ടിട്ട് ഇരിക്ക് ..."
മുണ്ടിന്റെ കോന്തലം കൊണ്ടവിടെക്കിടന്ന പഴയ മരബഞ്ചിലെ പൊടി തുടച്ചു വൃത്തിയാക്കി.തരകനും, മകനുമതിലിരുന്നുകൊണ്ട് പ്രതീക്ഷയോട വരുടെ മുഖത്തേക്കു നോക്കി. ഭിത്തിയിൽ മാലയിട്ടു വച്ചിരിക്കുന്ന തോണിക്കാരൻ കൊച്ചൗസേഫിന്റെ ഫോട്ടോയിലേക്ക് നോക്കിയിരുന്നപ്പോളയാളോർത്തു താനന്നിവിടെ വന്നില്ലല്ലോ കൊച്ചൗസേഫിന്റെ മരണത്തിന്റെ സംസ്കാര ചടങ്ങിനെന്നു മൂന്ന് വർഷം മുൻപാണ് അയാൾ മരിക്കുന്നത്. മഞ്ഞപ്പിത്തം പിടിപെട്ടാണ് അതിന്റെ കൂടെ മദ്യപാനവും കുടിയപ്പോൾ മരണവും സംഭവിച്ചു. ജാനമ്മയും പീറ്ററുമാണ് വന്നത് താനന്ന് ചിക്കമംഗ്ലൂരിൽ തോട്ടത്തിലായിരുന്നു. വൈകിയാണറിയാൻ കഴിഞ്ഞത്. ചിന്തകളിങ്ങനെ പോയപ്പോൾ രണ്ടു ഗ്ലാസ്സുകളിൽ കട്ടൻ കാപ്പിയുമായി ഒരു യുവതിയെത്തി അവർക്കു കൊടുത്തു.
" ആങ്ങളയുടെ മകളാ... ജെസി ഇവളുടെ കെട്ട്യോനാ ഇപ്പോ കാര്യങ്ങളൊക്കെ നോക്കുന്നത് അവനു ജീപ്പോടിക്കലാ പണി... രാവിലെ പോയാ പിന്നെ പാതിരാത്രിയേ വരൂ..."
മറിയത്തള്ള പറഞ്ഞു നിർത്തി.
അവർ മുഖത്തോടു മുഖം നോക്കി തരകൻ മകനോട് ഏലിയാസിനെക്കുറിച്ചു ചോദിക്കാൻ ആഗ്യം കാണിച്ചു. അവൻ മനസ്സിലായെന്നർത്ഥത്തിൽ തലയാട്ടി പിന്നെ അവരോടു ചോദിച്ചു.
" മറിയമ്മച്ചീ... കുഞ്ഞാഞ്ഞയെങ്ങാനും ഇങ്ങോട്ടു വന്നോന്നറിയാനാണ് ഞങ്ങളു വന്നത്... പണ്ടേ കുഞ്ഞാഞ്ഞയ്ക്ക് നിങ്ങളോടു ഭയങ്കര സ്നേഹമല്ലേ നിങ്ങളല്ലേ കുഞ്ഞുനാളി നോക്കീത്... അപ്പോ ഇവിടെ വരാണ്ടിരിക്ക്യാേ.... എന്തേലും പറഞ്ഞാരുന്നോ....?"
മറിയത്തളള അല്പം കോപത്തിൽ അവനെ നോക്കി അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു അതു കണ്ടവന്റെ തല കുനിഞ്ഞു പോയി. അവരുടെ നോട്ടം നേരിടാനാവാതെ തരകൻ വീടിന്റെ മച്ചിലേയ്ക്ക് നോക്കിയിരുന്നു.. നിറഞ്ഞ മിഴികൾ മുണ്ടിന്റെ കോന്തലം കൊണ്ടവർ തുടച്ചു എന്നിട്ടവരേ നോക്കി പറഞ്ഞു.
"ഹും... എന്തിനാ.... ഇനീം ആ കൊച്ചിനെ കെട്ടിയിട്ടു തല്ലാൻ നിന്റെമ്മ പറഞ്ഞു വിട്ടതാണോ നിങ്ങളെ... അവനെവിടെയെങ്കിലും സൊകമായി കഴിയട്ടേ... ആ വീതം കൂടി നിങ്ങക്കു കിട്ടൂലോ....!അതിനാണല്ലോ തള്ളേം മക്കളും ചേർന്നതിനെ കൊല്ലാൻ നോക്കീത്....''
എന്തു പറയണമെന്നറിയാതെ പീറ്റർ അപ്പനെ നോക്കി അയാളാകട്ടേ മറുപടിയില്ലാതെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് പുറത്തേക്കിറങ്ങി കൂടെ പീറ്ററും.
"വെഷമം കൊണ്ടാ... മൊതലാളി... അന്നിവിടെ വരുമ്പോ കൊച്ചിനു നടക്കാൻ പറ്റൂലാരുന്നു.. വയറ്റിലും, പൊറത്തും ഉറുമ്പും, നീറും കടിച്ചു കൊല്ലാറാക്കിയതിനെ, വെയിലുകൊണ്ടു മൊകം പൊള്ളീട്ടൊണ്ടാരുന്നു. പെറ്റമ്മയില്ലാതെ വളർന്ന കൊച്ചാത്.. തീട്ടോം,മൂത്രോം ഞാങ്കാെറേക്കോരിതല്ലേ...യ്ക്ക് സകിക്ക്യോ... ഞാനാ... എന്റെ കുടുക്കേലെ പൈസേം കൊടുത്തു ഓടിച്ചു വിട്ടത്... എവിടേലും പോയി ജീവിച്ചോളാൻ പറഞ്ഞ്... "
ഇത്രയും പറഞ്ഞപ്പോഴേക്കും അവരുടെ ശബ്ദം മുറിഞ്ഞിടറി. ഒന്നു നിർത്തി പുറം കൈകൊണ്ട് കണ്ണുകൾ തുടച്ചു കെണ്ട് അവരെ നോക്കി. ശബ്ദിക്കാനാവാതെ നെഞ്ചു തിരുമ്മിക്കൊണ്ട് തരകൻ കണ്ണീരൊഴുക്കുന്നു. അന്നത്തെ ആ രംഗങ്ങൾ ജേക്കബ് തരകന്റെ മനസ്സിലൂടെ കൺമുന്നിലെത്തി.ആറ്റു നോറ്റുണ്ടായവനാണ്, വിവാഹം കഴിഞ്ഞ് നാലുവർഷം കഴിഞ്ഞാണ് ഏലിയാസ് ജനിക്കുന്നത്. മോളമ്മയും താനും എത്ര കൊതിച്ചിട്ടാണ് ഒരു കുഞ്ഞിക്കാല് പിറന്നത്. മോളമ്മയുടെ മരണശേഷം വേറൊരു പെണ്ണെന്റെ ജീവിതത്തിൽ വേണ്ടെന്നുവച്ച് രണ്ടാമതൊരു കല്യാണം വേണ്ടെന്നു വച്ചവനാണ് താൻ എന്നിട്ടും മകന് വേണ്ടി വിവാഹം കഴിക്കേണ്ടിവന്നു. ആ മകൻ കള്ളനാണെന്നറിഞ്ഞപ്പോൾ കോപം വന്നു പിന്നെ എന്തു ചെയ്തെന്നറിയില്ല സ്നേഹം ദേഷ്യമായപ്പോൾ സംഭവിച്ചു പോയി... കഴിഞ്ഞ പന്ത്രണ്ടു വർഷമായി ഉമിത്തീ പോലെ എരിയുന്ന ഹൃദയവുമായി ജീവിക്കുന്നു തന്റെ ദുഃഖം ആരോടു പറയും. ഒന്നു കണ്ടിരുന്നെങ്കിൽ ഈ ചാച്ചനെ മനസ്സിലാക്കിയേനേ... പീറ്ററിന്റെ മിഴികളും നിറഞ്ഞിരിക്കുന്നു. ഒരശരീരി പോലെ മറിയത്തള്ളയുടെ വാക്കുകളവർ പിന്നേയും കേട്ടു
"ഇന്നെന്റെ കുഞ്ഞിവിടെ വന്നു മിടുക്കനായിട്ടൊണ്ട് അറിയാവോ... എന്നാ ചന്താ കാണാൻ നല്ല ചൊകചൊകാന്ന് മൊതലാളീനേപ്പോലെ തന്നാ നല്ല പൊക്കോം ഒടനെ തന്നെ ചാച്ചനേം, ജാനമ്മച്ചീനേം പിള്ളേരേം കാണാൻ വരുന്നൊണ്ടെന്നാ പറഞ്ഞേ എല്ലാക്കാര്യങ്ങളും ചോതിച്ചറിഞ്ഞു .തോബിക്കുഞ്ഞങ്ങ് ... അമേരിക്കേല് വല്യ ഡോട്ടറ് പാകം പിടക്കാമ്പോയീന്നും, കുഞ്ഞിനു വേണ്ടീട്ടാ സിറ്റീലാശൂത്രി കെട്ടിയേക്കുന്നേന്നും, അടുത്താഴ്ച്ചേലാണ് വരുന്നേന്നും, വന്നാലാശൂത്രിലെ ചങ്കിന്റെ പാകം തൊടങ്ങൂന്നും, ഉൽക്കടനം ചെയ്യാനേ കോട്ടയം കലട്ടറാണ് വരുന്നേന്നും ഞാമ്പറഞ്ഞു. ഒത്തിരി സന്തോഷായി കുഞ്ഞിന് കേശു നായരെ കാണാൻ പോകുവാന്നു പറഞ്ഞപ്പോൾ ഞാനാ പറഞ്ഞത് നായര് മോടെ കൊച്ചിനെക്കാണാൻ മൂലമറ്റത്ത് പോയീന്ന്... പിന്നെയൊരീസം വരാന്നു പറഞ്ഞ പോയെ..."
ഒറ്റക്കുതുപ്പിൽ ഇത്രയും പറഞ്ഞവർ മുണ്ടിന്റെ കോന്താലം കൊണ്ട് മൂക്കുപിഴിഞ്ഞു. യാത്ര പോലും പറയാതവർ അവിടെ നിന്നും പോയി.
ഈ സമയം ഏലിയാസ് രാമപുരത്തുനിന്നും കോട്ടയത്തേക്കുള്ള ബസ്സിലായിരുന്നു അവന് വളരെ സന്തോഷമായി. അടുത്തയാഴ്ച്ചയാണ് തോബിയാസ് അമേരിക്കയിൽ നിന്നും വരുന്നത്. കാർഡിയോ സർജറിയിൽ ഉപരിപഠനത്തിനു പോയതാണവൻ അവനു വേണ്ടി അത്യാധുനീക സൗകര്യങ്ങളോടുകൂടിയ ഹോസ്പിറ്റലാണ് രാമപുരത്ത് പണിയുന്നത്. ഇതിനു മുമ്പിരുന്ന കോട്ടയം കളക്ടർ രാമപുരത്ത് ആർ ഡി ഒ ആയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമായിരുന്നത്രേ ഉത്ഘാടനം ചെയ്യേണ്ടിയിരുന്നത്.
അദ്ദേഹമിപ്പോൾ തിരുവനന്തപുരത്ത് ടൂറിസം ഡിപ്പാർട്ട്മെന്റിൽ മാനേജിംഗ് ഡയറക്ടറായി മാറിപ്പോയിരിക്കുന്നു. പകരം കളക്ടറായി താനെത്തിയിരിക്കുന്നു.രണ്ടു മണിക്കൂറുകഴിഞ്ഞപ്പോൾ അവൻ കോട്ടയത്ത് എത്തിച്ചേർന്നു.കോട്ടയം ടി ബി യിൽ റൂമെടുത്തു. അവിടെ നിന്നും തിരൂരങ്ങാടിയ്ക്ക് വിളിച്ച് തന്റെ സാധനങ്ങളും ലഗേജുകളും നാളെ രാവിലെ തന്നെ കോട്ടയത്ത് എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. മടിക്കേരിയിലേക്കു ഫോൺ വിളിച്ചു ഇന്നു രാത്രി തന്നെ അപ്പാജിയോടും, കുടുംബത്തോടും യാത്ര തിരിക്കാനാവശ്യപ്പെട്ടു.നേരം വെളുത്തപ്പോൾത്തന്നെ അവൻ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ പോയി ഗൗഡറേയും, കുടുംബത്തേയും സ്വീകരിച്ചു തന്റെ മുറിയിലെത്തിച്ചു അവർക്കായി റൂം ബുക്കുചെയ്തിരുന്നു. ടിബിയിൽ.
രാവിലെ തന്നെ കുളിച്ചൊരുങ്ങി അപ്പാജിയുടേയും അമ്മയുടേയും അനുഗ്രഹം വാങ്ങി ഏലിയാസ് അവരേയും കൂട്ടി ഒൻപതരയായപ്പോൾ കളക്ട്രേറ്റിലെത്തി.അപ്പാജിയുടേയും, കുടുംബത്തിന്റെയും സാന്നിദ്ധ്യത്തിൽ കോട്ടയം ജില്ലാ കളക്ടറായി ചുമതലയേറ്റു. രാവിലെ തന്നെ കളക്ടറുടെ ഔദ്യോഹിക വസതിയായ കളക്ട്ടേഴ്സ് ബംഗ്ലാവിലേക്ക് താമസം മാറ്റിയവൻ. തന്റെ വസതിയിലെത്തിയ ഗൗഡരോടും, കുടുംബത്തോടും വിശ്രമിക്കാൻ പറഞ്ഞവൻ കളക്ട്രേറ്റിലേക്കു പോയി. തിരക്കുകൾ കഴിഞ്ഞപ്പോൾ സ്റ്റാഫ് മീറ്റിംഗ് വിളിച്ചു. തന്റെ അധികാരവധി കഴിയുന്നതുവരെ എല്ലാ ഉദ്യോഗസ്ഥരോടും അവരുടെ ആത്മാർത്ഥതയും,സപ്പോർട്ടും ആവിശ്യപ്പെട്ടു. തന്റെ പിഎ നോട്‌ രാമപുരത്തു നിന്നാരെങ്കിലും വിളിച്ചാൽ ഏത് പരിപാടിക്കും തന്റെ സാന്നിദ്ധ്യം ഉറപ്പാക്കാനുള്ള വ്യവസ്ഥയും ചെയ്തു. രാത്രി വൈകിയാണ് അവൻ തന്റെ വസതിയിലെത്തിയത്.ഭക്ഷണം കഴിക്കുമ്പോൾ അമ്മ പറഞ്ഞു
"മഗാ... ഇഷ്ടു ദിനവു നിന്നഹത്ര ഒംതു വിഷയവന്നു ഹേള ബേക്കെംതു നാനു തുംബാ സമയദിംത യോജനെ മാഡുത്ഥായിത്ഥു.. അതേനെംതരെ നിനഗീഗ പ്രായ ഇപ്പത്തിയെൺടാഗിദേ... ഇന്നൊംദു മദുവേമാഡിക്കൊണ്ട്രേ ഹൊള്ളയതാഗ ബഹുദു... ഏനേ... നിന്ന അഭിപ്രായ..?അപ്പാജികൂട ഹേളിദേവേ.. ഒബ്ബ അമ്മനാഗി നന്ന കടമയന്നു പൂർണ്ണ ഗൊളിസ ബേക്കാദരെ ഒംതു ഹൊള്ളയ ഹുഡുകിയന്നു നോഡി നിന്നന്നു അവളകൈയ്കളിഗെ ഒപ്പിസ ബേക്കു...ഏനനംതീരാ...? "
(മോനേ... ഇത്രയുംനാളും നിന്നോടൊരു കാര്യം പറയണമെന്നാലോചിച്ചിരിക്കുകയായിരുന്നു. അതെന്താന്നു വച്ചാൽ നിനക്കിപ്പോൾ പ്രായം ഇരുപത്തെട്ടായി ഇനിയൊരു കല്യാണം കഴിക്കുന്നത് നന്നായിരിക്കും എന്താണ് നിന്റെ അഭിപ്രായം അപ്പാജീയും ഇതു പറഞ്ഞു. ഒരമ്മയായി എന്റെ ഉത്തരവാദിത്വം പൂർണ്ണമാക്കണങ്കിൽ നല്ലെയൊരു പെണ്ണിനെ കണ്ടു പിടിച്ച് നിന്നെ അവളുടെ കൈയ്കളിലേല്പിക്കണം എന്താണ് നിന്റെ തീരുമാനം)
അവൻ മെല്ലെ ചിരിച്ചു കൊണ്ടു തമാശയായി പറഞ്ഞു.
" ഏനമ്മ നീവൂ...നാനീഗ സംതസദല്ലിരുവുദു നിമിഗേ ഇഷ്ടവില്വ..."
(എന്താണമ്മേ...ഞാനിങ്ങനെ സന്തോഷിച്ചിരിക്കുന്നത് നിങ്ങൾക്കിഷ്ടമില്ലേ )
"അദല്ലമഗാ... എല്ലാവുദുക്കു ഒoതു സമയവിദേ അദന്നു സമയാ സമയഗളല്ലി മാഡുത്ഥായിരബേക്കു നീനീഗ ദൊഡ്ഢ' കളക്ടർ നാവെല്ലരുയാരപ്പ..."
(അതല്ല മോനേ... എല്ലാറ്റിനം ഒരു സമയമുണ്ട് അത് അതാതു സമയത്ത് ചെയ്യണം നീയിപ്പോൾ വലിയ കളക്ടർ ഞങ്ങളാരുമല്ലല്ലോ...)
അമ്മ പരിഭവം നടിച്ചു കൊണ്ടു പറഞ്ഞു. അവനത് വിഷമമായി അവനവരോട് വിനയപൂർവ്വം പറഞ്ഞു
"യാക്കമ്മ നീവെല്ലാ ഈ തര ആടുത്ഥായിത്ഥു നാനുയാ വത്ഥിഗാദരു നിമ്മ മാത്ഥിഗെ മീറി ഏനാദരു മാഡിദ്ദീരാ...?ഈഗ നാനു മദുവേ മാഡബേക്കഷ്ട്ടേതാനേ...?നാനു ഹുട്ടി ബെളദ ഊരിദു നന്ന കുടുംബദവരു, ഒടെഹുട്ടിദവരു ഇല്ലി ഇദ്ദാരെ അവര മുംഗടെ നിമ്മിബ്ബര കൈയന്നു ഹിഡിദു നനഗേ ഹേള ബേക്കമ്മ... അപ്പ,അമ്മ ഹാഗു ഒoതു ഹൊള്ളയ കുടുംബ മക്കളജതെ യാവത്തര പ്രീതിയിംത ബാളബേക്കെതു തോരിസ ബേക്കമ്മ.. അദിക്കെ നനഗേ കേവല ഹത്ഥു ദിന സമയകൊടമ്മ. ആമേലേ നീ വൂ ഏനു ബേക്കാരു ഹേളി നനു അദന്നു മാഡുത്ഥേനേ.."
( എന്തിനാണമ്മേ.. നിങ്ങളിങ്ങനെയൊക്കെ പറയുന്നത് എന്നെങ്കിലും നിങ്ങളുടെ വാക്ക്ധിക്കരിച്ച് എന്തെങ്കിലും ചെയ്തിട്ടുണ്ടോ...? ഇപ്പോൾ ഞാൻ കല്യാണം കഴിക്കണം അത്രയല്ലേയുള്ളൂ... ഞാൻ ജനിച്ചു വളർന്ന നാടാണിത്. എന്റെ കുടുംബക്കാർ, കൂടപ്പിറപ്പുകൾ ഇവിടെയുണ്ട് അവരുടെ മുന്നിലേക്ക് നിങ്ങളുടെ കൈ പിടിച്ചു കൊണ്ടെനിക്കു പറയണമമ്മേ... അപ്പനും, അമ്മയും ഒരു നല്ല കുടുംബം മക്കളുടെ കൂടെ സ്നേഹത്തോടെ എങ്ങനെ ജീവിക്കണമെന്നു കാണിച്ചു കൊടുക്കണ മമ്മേ.... അതിനു കേവലം പത്തു ദിവസം സമയംതരു........ അതുകഴിഞ്ഞ് നിങ്ങൾ പറയുന്നതെന്തും ഞാൻ ചെയ്യാം)
"സാക്കു....നില്ലിസി.... ജാസ്‌തിയായിത്ഥു അവന സംതസക്കിംത ദൊഡ്ഡദു നമിഗേനു... നീനവന തലെ തിന്നുവുദു നില്ലിസി ..."
(മതീ... നിർത്തു വളരെ കൂടുതലായി അവന്റെ സന്തോഷത്തിനേക്കാൾ വലുത് നമുക്കെന്താണ് നീയവന്റെ തല തിന്നുന്നത് നിർത്തു)
ഗൗഡർ ഭാര്യയോട് ദേഷ്യപ്പെട്ടു.
"ഹൊള്ളയ മാത് ആടിദ...നാനീഗ ഹൊറഗെ നീവിബ്ബരു വീഗഒoതാഗിദേ.... ആയിത്ഥപ്പാ... നിമ്മിബ്ബരമദ്ധ്യേ നാനില്ല ദേവരെ.."
( നല്ല കാര്യം പറഞ്ഞ ഞാൻ പുറത്തായി നിങ്ങളു രണ്ടും ഒന്നായി ശരി ശരി... നിങ്ങളുടെ ഇടയിൽ ഞാനില്ലെന്റെ ദൈവമേ... )
അവർ ചിരിച്ചുകൊണ്ട് ഭക്ഷണം കഴിച്ച പാത്രങ്ങൾ എടുത്തുകൊണ്ട് കഴുകുവാൻ പോയി. രണ്ടു പേരോടും ശുഭരാത്രി പറഞ്ഞ് ഉറങ്ങുവാൻ പോയി. വൈകുന്നേരം തന്നെ ചിന്നപ്പയും ഭാര്യയും മടിക്കേരിയിലേക്ക് തിരിച്ചു പോയിരുന്നു... (തുടർച്ച)
ബെന്നി ടി ജെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo