മരണമൊരു മോക്ഷമാകുമ്പോൾ
......................... .....................................
......................... .....................................
എന്റെ വീടിനു തൊട്ടപ്പുറത്ത് മരണം കാത്തു കിടക്കുന്നൊരമ്മൂമ്മയുണ്ട്..വെറുമൊരു ശ്വാസം മാത്രം അവശേഷിപ്പിച്ച് ജീവഛവം പോലെ കിടക്കുകയാണവർ..അഞ്ചു മക്കളെ പ്രസവിച്ച ആ അമ്മയെ ശുശ്രൂഷിക്കുന്നത് ഏറ്റവും ഇളയ മകൾ..ബാക്കി മക്കളാരും തന്നെ തിരിഞ്ഞു നോക്കാറില്ല..
ആ അമ്മൂമ്മയ്ക്ക് ആശുപത്രിയിലെ ഹെൽപ്പർ ജോലിയാരുന്നു..ഭർത്താവ് ഉപേക്ഷിച്ചു പോയതിനു ശേഷം കുറെ കഷ്ടപ്പെട്ടാണത്രെ മക്കളെ വളർത്തിയത്..ആശുപത്രിയിലെ ജോലി കഴിഞ്ഞാലും അവർ വെറുതെയിരിക്കില്ല..അത്യാവശ്യം മന്ത്രതന്ത്രങ്ങൾ വശമുണ്ടവർക്ക്..വൈകുന്നേരമായാൽ അടുത്ത അയൽവീടുകളിൽ നിന്നും അവരെയന്വേഷിച്ച് ആൾക്കാരെത്തും..ലക്ഷ്മിയമ്മേ ഒരു നൂലു മന്ത്രിച്ചു തരൂ..ഇന്നലെ വീട്ടിലെ കുഞ്ഞുവാവ ഉറങ്ങീല..ഇത്തിരി അരിയും ഭസ്മവും.. മകന്റെ ഭാര്യക്ക് നല്ല പനി...ഇങ്ങനെ പലവിധ ആവശ്യക്കാരായിരിക്കും സന്ധ്യാ സമയത്ത് അവരുടെ വീട്ടിൽ..ആരെയും അവർ പിണക്കാറില്ല..എല്ലാവരുടെ ആവശ്യങ്ങളും നിറവേറ്റിക്കഴിഞ്ഞാൽ അവർ സന്തോഷിച്ച് എന്തെങ്കിലും കൊടുത്താലത് വാങ്ങും..
കേൾക്കുമ്പൊ ചിരി വരുമെങ്കിലും അവരുടെ മന്ത്രങ്ങൾക്ക് എന്തോ ഒരു ശക്തിയുണ്ടായിരുന്നു..അടുത്ത വീട്ടിലെ ആർക്കോ അവർ മന്ത്രം ജപിച്ച് ഭസ്മമിടുമ്പോൾ അതുകണ്ട് കുടുകുടെ ചിരിച്ച എനിക്ക് അമ്മയുടെ വഴക്കു കിട്ടിയിരുന്നു..കുറച്ച് നാൾ കഴിഞ്ഞ് ഒരു പരീക്ഷാക്കാലം ഉറക്കമില്ലാതിരുന്ന എനിക്ക് നല്ല ക്ഷീണം വന്നപ്പോൾ ഈ അമ്മൂമ്മയെ അമ്മ സഹായത്തിനു വിളിച്ചു..അന്ന് അവർ ജപിച്ചു തീരും മുന്നെ ഞാൻ മുന്നിലെ മേശയിൽ തലചായ്ച്ചുറങ്ങിപ്പോയത് എനിക്കു തന്നെ വല്ലാത്ത ആശ്ചര്യമാരുന്നു..ഇന്നും പിടികിട്ടാത്ത രഹസ്യവും..ചിലപ്പൊ മനസ്സിന്റെ വെറും തോന്നലുകളാകാം.. എന്നാലും കുറെ പേർക്ക് പല അസ്വസ്ഥതകളിൽ നിന്നുമവരുടെ മന്ത്രങ്ങൾ മോചനം കൊടുത്തിരുന്നു...അതുകൊണ്ട് പൂർണ്ണമായും അന്ധവിശ്വാസമെന്ന് പറഞ്ഞതിനെ തള്ളിക്കളയാനുമാകില്ല..
അന്ന് ആശുപത്രിയിലെ ശമ്പളവും ഈ വക മന്ത്രജപങ്ങളുടെ വരുമാനവും കൊണ്ട് അവരുടെ കൈയ്യിലെന്നും പണമുണ്ടാരുന്നു..ആ സമയം കല്യാണം കഴിഞ്ഞ പെൺമക്കളും ആൺമക്കളുമെല്ലാം ഇടയ്ക്കിടെ അമ്മയെ കാണാൻ വരും ..വിശേഷങ്ങളറിയും..ഇന്ന് ആരും തിരിഞ്ഞു നോക്കാനില്ലാതെ മരണവും പ്രതീക്ഷിച്ചു കഴിയുകയാണാ പാവം..
അവരെ ശുശ്രൂഷിക്കുന്നതിനിടയിൽ അവിടത്തെ ഏച്ചിക്ക് ഭക്ഷണം ഉണ്ടാക്കാൻ കഴിയാറില്ല..ഇത് മനസ്സിലാക്കിയ എന്റെ അമ്മ എന്നും അവർക്ക് ഭക്ഷണം കൊടുക്കാറുണ്ട്.ദിവസവും ആ അമ്മൂമ്മയെ കാണാൻ പോകാറുണ്ട്.എന്റെ അമ്മയെന്ന നൻമയെ പിന്നെയും പിന്നെയും സ്നേഹിച്ചു പോകുവാ ഞാൻ..ഇന്നലെ എന്നോടു ചോദിച്ചു നീ വരുന്നോ അവരെ കാണാനെന്ന്..ഉത്തരം പറയും മുന്നെ അമ്മ പറഞ്ഞു അല്ലെങ്കിൽ വേണ്ട..നീ കണ്ടു സഹിക്കില്ല..വെറുതെ സങ്കടം വരേണ്ടെന്ന്..അതുമൊരു സത്യം..നരകയാതന കണ്ടു സഹിക്കാനും വേണമല്ലോ മനക്കരുത്ത്..
ഇളയ മകൾ നല്ല വൃത്തിയിലാ അമ്മയെ നോക്കുന്നത് അതു കൊണ്ടാ അവരുടെ ശരീരത്തിൽ വ്രണങ്ങളില്ലാത്തത് എന്ന് അമ്മ ഇന്നലെ അച്ഛനോട് പറയുന്നത് കേട്ടു..ഞാനോർക്ക്വാ അഞ്ചു മക്കളെയും ഗർഭം ധരിച്ചപ്പോൾ അവരനുഭവിച്ചത് ഒരേ അസ്വസ്ഥതത ആയിരിക്കണം.. അവരെ പ്രസവിക്കുമ്പോഴും ഒരേ വേദനയായിരിക്കണം ആ അമ്മയ്ക്കുണ്ടായത് ..എന്നിട്ടും മറ്റുള്ള മക്കൾക്ക് അമ്മയെ വേണ്ടാതായതെങ്ങനെ??
കാലഘട്ടത്തിന്റെ മാറ്റങ്ങളായിരിക്കാമല്ലേ...
മനുഷ്യൻ ഒന്നോർക്കുന്നത് നന്ന്..വിധിയുടെ മുന്നിൽ നാം വെറും പുഴുക്കളാണെന്ന സത്യം..ഈ ലോകത്തിൽ നിന്നും തിരിച്ചു പോകുമ്പൊ ഒന്നും തന്നെ നമുക്ക് കൊണ്ടു പോകാനാകില്ല അല്ലേ..അപ്പോ നമുക്ക് സഹജീവികളോടു ഇത്തിരി കരുണയും സ്നേഹവും നൻമയും കാണിച്ചുകൂടേ..
ഒന്നുമല്ലെങ്കിലും നാം മരിച്ചു കിടക്കുമ്പോഴെങ്കിലും അവരൊരു നല്ല മനസ്സിന്റെ ഉടമയാരുന്നൂന്നു പറയുമല്ലോ ചുറ്റുമുള്ളതിലേതെങ്കിലുമൊരാൾ..
മനുഷ്യൻ ഒന്നോർക്കുന്നത് നന്ന്..വിധിയുടെ മുന്നിൽ നാം വെറും പുഴുക്കളാണെന്ന സത്യം..ഈ ലോകത്തിൽ നിന്നും തിരിച്ചു പോകുമ്പൊ ഒന്നും തന്നെ നമുക്ക് കൊണ്ടു പോകാനാകില്ല അല്ലേ..അപ്പോ നമുക്ക് സഹജീവികളോടു ഇത്തിരി കരുണയും സ്നേഹവും നൻമയും കാണിച്ചുകൂടേ..
ഒന്നുമല്ലെങ്കിലും നാം മരിച്ചു കിടക്കുമ്പോഴെങ്കിലും അവരൊരു നല്ല മനസ്സിന്റെ ഉടമയാരുന്നൂന്നു പറയുമല്ലോ ചുറ്റുമുള്ളതിലേതെങ്കിലുമൊരാൾ..
Maya
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക