Slider

#ജീവിതകാഴ്ചകൾ

0
അനാഥാലയത്തിലെ പടികളിറങ്ങുമ്പോൾ,
ഒരായുസ്സു ചെയ്‌തുകൂട്ടിയ കർമ്മഫലം
അവിടെ അവസാനിക്കുകയായിരുന്നു...
ശബ്‌ദിക്കുവാനും ചലിക്കുവാനും
കഴിയാത്ത തന്റെ പൊന്നുമോളെ
അനാഥാലയത്തിൽ ഉപേക്ഷിച്ചിട്ടുപോകുവാൻ
വിധിക്കപ്പെട്ട അച്ഛനാണ് ഞാൻ.
കാലത്തിന്റെ പുസ്തകത്തിലെ
ക്രൂരനായ അച്ഛൻ...
എനിക്കും ജാനുവിനും ഒരുകുട്ടിക്കായി വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു...
ഇപ്പോൾ ദൈവത്തിന്റ തുടുപ്പ് ജാനുവിന്റെ വയറ്റിനുള്ളിൽ വളർന്നു തുടങ്ങി.
ആ സന്തോഷത്തിന് അധികനാളത്തെ ആയുസ്സുണ്ടായിരുന്നില്ല...
ജീവന്റെ തുടുപ്പിനെ ദൈവം
വൃകൃതികാട്ടി ക്രൂശിച്ചു.
ഗർഭിണിയായി ആറാം മാസത്തെ പരിശോധനയിലാണ് അറിയുന്നത്
കുട്ടിക്ക് പൂർണ വളർച്ചയില്ല.
അംഗവൈകല്യമായി മാത്രമേ കുട്ടി ജനിക്കുള്ളു..
തളരാതെ പിടിച്ചുനിന്നു.
ഞാൻ തളർന്നാൽ ജാനുവിന് അതുകൂടി സഹിക്കാൻ കഴിയില്ല. കുട്ടികളെക്കാളും കുഞ്ഞുമനസ്സാണ്‌ അവൾക്ക്. അതും ഈ അവസ്ഥയിലായിരിക്കുമ്പോൾ.
"ദൈവമേ ഒന്നും വരുത്തരുതേ."
സങ്കീർണമായ അവസ്ഥയിലൂടെ എട്ടുമാസങ്ങൾ കടന്നുപോയി
കുട്ടിജനിച്ചു. മകളായിരുന്നു.
രണ്ടുമാസത്തോളം ICUയിൽ.
തിരികെ കിട്ടുമോ ഇല്ലയോ
വിധിയറിയാതെ കാത്തിരുന്ന നാളുകൾ...
രണ്ടുപേരെയും തിരികെ കിട്ടി."അമ്പതു ശതമാനം വളർച്ചമാത്രമേ കുട്ടിക്കുള്ളു"ഡോക്ടർ അവസാന വിധിയെഴുതിയിരുന്നു...
ബന്ധുക്കളും സുഹൃത്തുക്കളും ആശ്വാസവാക്കുകളുമായി പങ്കുചേർന്നു.
മോൾക്കൊരു അസുഖവുമില്ലെന്ന്
വിശ്വസിപ്പിക്കാൻ ശ്രമിച്ച
നാളുകളായിരുന്നു കടന്നുപോയത്...
സങ്കടത്തിന്റെ ചാലിലൂടെ
മരവിച്ച മനസ്സുമായി
ജീവനറ്റ ശരീരവുമേന്തി
മൂന്നുജീവനുകൾ ജീവിച്ചു ...
കാലങ്ങൾ ഒഴുകിക്കൊണ്ടിരുന്നു...
മോൾക്കിപ്പോൾ പതിനഞ്ചുവയസ്സ് കഴിഞ്ഞു.നടക്കാൻ ശ്രമിക്കുമെങ്കിലും മോൾക്ക് സാധിക്കാറില്ല.
കാലുറക്കാതെ നിലത്തു വീഴും,
വീണ്ടും അവൾ ശ്രമിക്കും...
ഒരു സ്ഥലത്തു ഇരിക്കുന്നതോ കിടക്കുന്നതൊ ഇഷ്ടമല്ല. ജാനുവിന്റെ മടിയിലെച്ചൂടിൽ ചാഞ്ഞുറങ്ങണം...
എന്റെ മോൾക്ക് രണ്ടുവാക്കുകളെ അറിയൂ. 'അമ്മ,അപ്പ...നമുക്കുമാത്രം മനസ്സിലാകുന്ന ഭാക്ഷയാണത്...
ആ പ്രായത്തിലെ കുട്ടികളുടെ ശരീരവലിപ്പത്തേക്കാൾ ഇരട്ടിയായിരുന്നു മോളുടെവളർച്ച...
ഉമിനീര് എപ്പോഴും വായിലൂടെ ഒലിച്ചിറങ്ങും...
ഇടയ്ക്കു വല്ലാത്തൊരുശബ്ദം പുറപ്പെടുവിക്കും.
ഹൃദയത്തെ ഭേദിച്ചുപോകുന്ന നിമിഷങ്ങളായിരുന്നു...
പോവാത്ത ആശുപത്രികളില്ല
കാണിക്കാത്ത വൈദ്യന്മാരില്ല
വിശ്വസിക്കാത്ത ദൈവങ്ങളില്ല.
ആരും കണ്ണുതുറന്നില്ല...
മോളുടെ ദയനീയാവസ്ഥ ,
വിധിയുടെ വിളയാട്ടം വർണനകൾക്കും അതീതമാണ്,
അത്അനുഭവിച്ചു തന്നയറിയണം...
ജാനു ഒരുപാട് സഹിക്കുന്നുണ്ട്.
ഒന്നും പുറത്തു കാട്ടുന്നില്ല എന്നുമാത്രം.
പ്രായമായി വരികയാണ്,മരുന്നിന്റെ ബലത്തിലാണ് മുന്നോട്ടുള്ള ദിനങ്ങൾ തള്ളിനീക്കുന്നത്.
എന്നെ വിഷമിപ്പിക്കേണ്ട എന്നുകരുതി മാത്രമാണ് ഒന്നും പുറത്തുകാട്ടാത്തത്...
ജോലിയിൽ നിന്നും വിരമിച്ചു.
താങ്ങും തണലുമായി
ഞാനുമുണ്ടായിരുന്നു...
ജീവിതത്തിൽ പലതും ചിന്തിച്ചുതുടങ്ങിയത് കഴിഞ്ഞുപോയ സംഭവത്തെ തുടർന്നായിരുന്നു...
അനിയന്റെ മോളുടെ കല്യാണം.
ഞാൻ എടുത്തുവളർത്തിയ കുട്ടിയാണ്.
ആഘോഷങ്ങളിൽ നിന്നും
ഒഴിഞ്ഞുമാറാണ്‌ പതിവ്.
മറ്റുള്ളവരുടെ കണ്ണുകളിലെ സിമ്പതി
നമ്മുക്ക് തീരെ ഇഷ്ടമായിരുന്നില്ല.
ഇത് ഒഴിച്ചുകൂടാൻ പറ്റാത്തത് കൊണ്ടുമാത്രമാണ് നമ്മൾ പോകുവാൻ തീരുമാനിച്ചത്.ആഘോഷങ്ങൾ തകൃതിയായി നടക്കുമ്പോഴും ഒരു മൂലയുടെ മറവിൽ എന്റെ മോളും ജാനുവും.
ചെറുക്കന്റെ കൂട്ടരെല്ലാം വന്നു
കല്യാണ ചടങ്ങുകളിലേക്കു കടന്നു.
മണവാട്ടിയെ അണിയിച്ചൊരുക്കി കതിർമണ്ഡപത്തിലേക്കു ആനയിച്ചു...
മരിച്ചുപോയ അച്ഛന്റെ സ്ഥാനത്തു നിന്നുകൊണ്ട് മൂത്ത ജേഷ്ഠനായ ഞാൻ അനുഗ്രഹിക്കണം.
ചടങ്ങുകൾ മുറയ്ക്കുതന്നെ നടക്കുന്നു...
സന്തോഷത്തിന്റെ വാദ്യം പുറത്തുകേൾക്കുമ്പോൾ സങ്കടത്തിന്റെ
മദ്ദളം എന്റെ ഹൃദയത്തിൽ കേൾക്കാമായിരുന്നു...
എന്റെ മോളുടെ മംഗല്യം
ഇതുപോലെയൊരു പന്തലിൽ, ഭാഗ്യമില്ലാതായിപ്പോയ അച്ഛനാണ് ഞാൻ...
മോളുടെ ശബ്ദം ആ ഹാളിൽ പ്രതിഫലിച്ചു.
ഞെട്ടലോടെയാണ് തിരിഞ്ഞുനോക്കുന്നതു.
എത്ര സമാധിപ്പിച്ചിട്ടും
മോൾ കേൾക്കാൻ കൂട്ടാക്കുന്നില്ല.
എല്ലാവരുടെയും നോട്ടം അവരിലേക്കുതന്നെ നീണ്ടു...മോളുടെ ശബ്ദം അപശബ്ദമായി തോന്നിയിരിക്കും മറ്റുള്ളവർക്ക്...
ചെറുക്കന്റെ കൂട്ടരിൽ നിന്നും ആരുടെയോ ശബ്ദം പുറത്തുവന്നു.
"ആരുടെയാ കുട്ടി,
വയ്യാത്ത കൊച്ചിനെയുംകൊണ്ട് വീട്ടിലിരുന്നാൽ പോരെ. ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ"
അനിയന്റെ ഭാര്യ അപ്പോൾ തന്നെ ഇടപെട്ടു.
"അത് വീടിനടുത്തുള്ള കൂട്ടരാ."
തലതാഴ്ത്തി നില്ക്കുന്ന കൂടപ്പിറപ്പുകളെയാണ് ഞാനവിടെ കണ്ടത്.തിരുത്താൻ ഞാനായിട്ട് മുതിർന്നതുമില്ല. ജേഷ്ഠന്റെ കുട്ടി അസുഖമുള്ള കുട്ടിയാണെന്ന് പറയുവാൻ അവർക്കു കുറച്ചിലാണെങ്കിൽ അയൽപക്കത്തെ കൂട്ടരായി തന്നെയിരിക്കട്ടെ...
ഓരോ സാഹചര്യങ്ങളാണ് തിരിച്ചറിവിലേക്ക് നയിക്കുന്നത്.നമ്മുടെ ദുഃഖത്തിൽ നമ്മൾ മാത്രമേ കൂടെയുണ്ടാകൂ.എല്ലാവരും കൂടെയുണ്ടാകുമെന്ന് ചിന്തകളല്ലാം പാഴ്‌ചിന്തകളായിരുന്നു...
നാളെ നമുക്കെന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ മോളുടെ അവസ്ഥ.
ആ സംഭവത്തോടെ ബന്ധങ്ങൾ പൂർണമായും നമ്മളിൽ നിന്നും അകലം സൃഷ്ടിച്ചിരുന്നു.
പുറലോക കാഴ്ചകൾ അന്യമായി.അതിഥികൾ കടന്നുവരാത്ത വീട്ടിനുള്ളിൽ മൂന്നുജന്മങ്ങൾ.
ഒരു സുപ്രഭാതത്തിൽ ഭൂമിയിൽ നിന്നും ജാനുവും യാത്രയായി.
എന്നെയും മോളെയും തനിച്ചാക്കി...
വിധി അവിടെയും എന്നെ തോൽപ്പിച്ചു.
എന്റെ മുന്നിൽ ചോദ്യചിഹ്നമായി ഓരോ ദിവസവും കടന്നുവന്നുകൊണ്ടിരുന്നു.
അമ്മയ്ക്കും ഭാര്യയ്ക്കും പകരംവയ്ക്കാൻ ഈ ഭൂമിയിൽ
മറ്റൊരു ബന്ധവുമില്ലെന്ന് തിരിച്ചറിഞ്ഞ നാളുകൾ...
മോളുടെ ഓരോദിവസത്തെ അവസ്ഥയും ദയനീയമായിക്കൊണ്ടിരിക്കുന്നു.
പോകുവാനുള്ള സമയം എനിക്കും അടുത്തുവരുന്നുണ്ട്. ചിന്തകൾ എന്നെയുണർത്തിക്കൊണ്ടിരുന്നു.
നാളെയുടെ പുലരി എന്റെ
ചലനമറ്റ ശരീരമാകാം കാണുക...
എന്നെങ്കിലും ഒരു വഴിപോക്കർ
ഇതുവഴി കടന്നുപോവാതിരിക്കില്ല.
പുഴുവരിച്ച രണ്ടുശരീങ്ങളാവും അവർകാണുക.
എന്റെയും മോളുടെയും...
അങ്ങനെ മോളെ കൊല്ലാമായിരുന്നെങ്കിൽ പണ്ടേ നമുക്ക് ആകാമായിരുന്നു...
മോളുടെ മനസ്സിലൊരു ലോകമുണ്ട്,
അവിടെ അവൾ ജീവിക്കുന്നുണ്ട്.
സന്തോഷത്തോടെ ഓരോനിമിഷവും,
അവൾ മരിക്കുവാൻ പാടില്ല,
മനസ്സ് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു...
മുറിയിലെ പൊടിയടിച്ചിരുന്ന കണ്ണാടിയിലേക്കു ഒന്നുനോക്കി.
നരവിതറിയ മുടിയും നീണ്ടുവളർന്ന താടിയും കാട്ടാള രൂപത്തെ ഓർമിപ്പിച്ചു...
അടച്ചിട്ടിരുന്ന ജാലകങ്ങൾ തുറന്നു.
പ്രകാശം കണ്ണുകളെ ചിമ്മി ഉള്ളിലാകെ പരന്നു. പുതിയ വെളിച്ചം ചിന്തകളെയുണർത്തിയിരുന്നു...
അനാഥാലയത്തിന്റെ പടികളിലായിരുന്നു എന്റെ മോളോടൊപ്പം ചിന്തകൾ എന്നെ കൊണ്ടെത്തിച്ചത്...
മോളെപോലെ ഒരുപാട് കുരുന്നുകളിവിടെയുണ്ട്.
അവർ ചിത്രശലഭമായി പാറിനടക്കട്ടെ.
മുന്നോട്ടുള്ള ലോകം ഇനിയിതാണ്...
മോളിവിടെ ജീവിക്കും...
കൈയിലുള്ള കാഷായ വസ്ത്രം ഒഴിച്ചു ബാക്കിയെല്ലാം അനാഥാലയത്തിലേക്ക്
ദാനം ചെയ്‌തു...
ഈ ഭൂമിയിലേക്കു വന്നത് വെറുംകയ്യോടെ...
ജീവനില്ലാതെ തിരികെപോകുമ്പോഴും അങ്ങനെതന്നെയാണ്‌,
തിരുത്തപ്പെടാത്ത സത്യം...
വിദൂരതയിലേക്ക് മിഴിപാകി സഞ്ചരിച്ചു...
അന്തിയുറങ്ങാൻ അന്തിരാവുണ്ട് കൂട്ടിന്...
അന്നം തരുവാൻ വായുവും ജലവും ...
കാശിക്കുപോകുവാൻ-
കാഷായ വസ്ത്രം ധരിച്ചു,
ചെയ്‌തപാപത്തിന് മോക്ഷത്തിനായി,
മോളെ പൊറുത്തീടുക താതനോട്.....
ശരൺ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo