നാട്ടുനടപ്പ്
***********
പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞ് കെട്ടാൻ പോവുന്ന ചെക്കന്റെ സൽസ്വഭാവങ്ങളെ പറ്റിയും ദുഃസ്വഭാവങ്ങളെ പറ്റിയും ആ നാട്ടുകാരുടെ വായിൽ നിന്ന് കേട്ട് ചെക്കന് തന്റെ മകളെ അല്ലെങ്കിൽ പെങ്ങളെ കെട്ടിച്ചു കൊടുക്കാനുള്ള യോഗ്യതയുണ്ടോ എന്നറിയാൻ വേണ്ടി പെൺവീട്ടുകാർ ഇറങ്ങിത്തിരിക്കും...
***********
പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞ് കെട്ടാൻ പോവുന്ന ചെക്കന്റെ സൽസ്വഭാവങ്ങളെ പറ്റിയും ദുഃസ്വഭാവങ്ങളെ പറ്റിയും ആ നാട്ടുകാരുടെ വായിൽ നിന്ന് കേട്ട് ചെക്കന് തന്റെ മകളെ അല്ലെങ്കിൽ പെങ്ങളെ കെട്ടിച്ചു കൊടുക്കാനുള്ള യോഗ്യതയുണ്ടോ എന്നറിയാൻ വേണ്ടി പെൺവീട്ടുകാർ ഇറങ്ങിത്തിരിക്കും...
കല്യാണം കഴിക്കാൻ പോവുന്ന ചെക്കൻ പുറം കാഴ്ചയിൽ മാന്യനായി തോന്നുമെങ്കിലും സ്വന്തം നാട്ടുകാരോട് അന്വേഷിച്ചാൽ ഉൾകാഴ്ചയിലും ആ മാന്യത ഉണ്ടോ എന്നറിയാനുള്ള സെെക്കോളജിക്കൽ മൂവ് ആണ് ഈ നാട്ടുനടപ്പ്...
മകളെ യോഗ്യനായ ഒരുത്തന്റെ കെെപിടിച്ചേൽപിക്കണമെന്ന് ആഗ്രഹമില്ലാത്ത ഒരു രക്ഷിതാവും ഈ ലോകത്ത് ഉണ്ടാവില്ല...
വെള്ളത്തുണിയും വെള്ളക്കുപ്പായവും ഇട്ട് പെണ്ണിന്റെ വാപ്പയും ആങ്ങളമാരും ചെക്കന്റെ നാട്ടിലെ പലരോടുമായി ചെക്കനെ കുറിച്ച് ചോദിച്ച് വിലയിരുത്തും...
ഒരു കൂട്ടം ആൾക്കാർ അവനെ കുറിച്ച് നല്ലതു പറയുമ്പോൾ മറ്റു ചിലർ അവന്റെ ചീത്ത ഭാഗങ്ങൾ തിരഞ്ഞെടുത്ത് പറയും...
എടുത്തുപറയത്തക്ക രീതിയിലുള്ള ദുഃശീലങ്ങളൊന്നും അവനില്ലെങ്കിലും എല്ലാം ചൂഴ്ന്നെടുക്കുന്നത് പെൺവീട്ടുകാരുടെ കടമയാണല്ലോ....
അവനടുത്തറിയാവുന്നവർ ഒരിക്കലും അവന്റെ കുറവുകളൊന്നും തുറന്നടിക്കില്ല എന്നുറപ്പുള്ളതു കൊണ്ട് കുറച്ച് മാറി നിന്നും അന്വേഷണങ്ങൾ തുടരും...
എല്ലാ അന്വേഷണങ്ങൾക്കൊടുവിൽ കല്യാണച്ചെക്കൻ 100% പെർഫെക്ട് ആണെന്ന് വിലയിരുത്തിയാലും ഒരു കാര്യം കൂടി തീർച്ചപ്പെടുത്തണ്ടേ...
നാളെ തന്റെ മകൾ ജീവിച്ചു തുടങ്ങേണ്ട വീട്ടിലെ മറ്റു അംഗങ്ങളെ കുറിച്ചും അവരുടെ സ്വഭാവങ്ങളെ കുറിച്ചും ഒന്നറിഞ്ഞിരിക്കേണ്ടതും ഈ നാട്ടുനടപ്പിൽ പെട്ടതല്ലേ...?
അങ്ങനെ ആ അന്വേഷണവും പുരോഗമിക്കുമ്പോൾ പലയിടത്തു നിന്നും പല അഭിപ്രായങ്ങൾ തന്നെയാണ് വരിക.. അതു സ്വാഭാവികം...
എല്ലാം തികഞ്ഞൊരു മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടാവില്ലല്ലോ...?
എല്ലാം വിശദമായി അന്വേഷിച്ച് നല്ലൊരു തീരുമാനത്തിലെത്താൻ തയ്യാറെടുക്കുമ്പോഴാവും ആ നാട്ടിലെ കല്യാണം മുടക്കികളുടെ രംഗപ്രവേശനം തുടങ്ങുന്നത്...
ഒരു കുറ്റവും കുറവും നാട്ടുകാരിൽ നിന്ന് കിട്ടിയില്ല എന്നറിയുന്ന കല്യാണം മുടക്കികളുടെ പതിവ് പല്ലവിയാണ് പണ്ടെങ്ങോ ചെക്കന് ചൊറി വന്ന് കുറേ കാലം ചികിത്സയിൽ കഴിഞ്ഞതിന്റെ വായ കൊണ്ടുള്ള സർട്ടിഫിക്കറ്റ് നിരത്തലും ചെക്കന്റെ വാപ്പ നല്ല പ്രായത്തിൽ കളിച്ച ശീട്ടിന്റെ എണ്ണം പറയലും കല്യാണം കഴിഞ്ഞ കാലത്ത് ചെക്കന്റെ ഉമ്മാക്ക് മാനസികമായി എന്തൊക്കെയോ തകരാറുണ്ടെന്നും എന്നൊക്കെ പറഞ്ഞുണ്ടാക്കൽ...
എല്ലാം കേട്ടു കഴിയുമ്പോൾ നല്ലചിന്താഗതിയുള്ള ആൾക്കാരാണ് പെൺവീട്ടുകാരെങ്കിൽ പണ്ടെങ്ങോ കഴിഞ്ഞു പോയ ഇത്തരം സംഭവങ്ങളുടെ പേരിൽ ഈ ആലോചന വേണ്ടെന്നു വെക്കാതെ ഇന്ന് കഴിഞ്ഞു പോവുന്ന കാര്യങ്ങളും ഇനി നളെ വരാൻ പോകുന്ന കാര്യങ്ങളെ കുറിച്ചും ഒരു മുൻ കരുതലെടുത്ത് ആ കല്യാണം മംഗളമായി നടത്തും...
അല്ലാതെ ഒട്ടും ചിന്തിക്കാൻ കഴിവില്ലാത്തവരാണ് പെൺവീട്ടുകാരെങ്കിൽ ആ കല്യാണാചോന അവടെ വെച്ച് ആ കല്യാണം മുടക്കികളുടെ മുന്നിൽ വെച്ചുതന്നെ അവസാനിപ്പിക്കും...
ഇതെല്ലാം ഒരു നാട്ടുനടപ്പിന്റെ ഭാഗമായി ഈ ലോകം അവസാനിക്കുന്നതു വരെ തുടർന്നു കൊണ്ടേയിരിക്കും...
ഒരിക്കലും മാറാത്ത മാറ്റിയെടുക്കാൻ കഴിയാത്ത ആചാരങ്ങൾ...!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക