ആരംഭിച്ചത് എവിടെ നിന്നാണ്.
ഓർമ ഇല്ല.
ബുദ്ധി ഉറച്ച പ്രായം മുതൽ നടക്കായിരുന്നു. നടക്കുന്ന എന്നെ മാത്രമേ എനിക്ക് ഓർമ ഉള്ളു. വഴികൾ പലതും കഴിഞ്ഞു പോയി. ചുറ്റും ഒരുപാട് കാഴ്ചകൾ ഉണ്ടാർന്നു. കണ്ണിനു കുളിർമ ഏകുന്ന കാഴ്ചകൾ മനസ്സിൽ നനവ് പടർത്തുന്ന കാഴ്ച്ചകൾ.
പക്ഷെ ഒന്നും ഞാൻ നേരെ കണ്ടിട്ടില്ല. കാണാൻ കഴിഞ്ഞിട്ടില്ല എന്നു പറയുന്നതാണ് ശരി. നിൽക്കാൻ പേടി ആയിരുന്നു. ഒരു നിമിഷം ഒന്നു നിന്നാൽ ലക്ഷ്യസ്ഥാനത്തു എത്താൻ വൈകിയാലോ എന്നു ഞാൻ ഭയപ്പെട്ടു.
അതോ വഴിയൊരാകാഴ്ചകളിൽ മനസ്സു ഉടക്കിയാൽ മുന്നോട്ടു ഉള്ള പ്രയാണം തടസപ്പെടും എന്ന ചിന്ത ആയിട്ടുന്നോ?
അറിയില്ല.
ചിന്തിച്ചെടുക്കാൻ നിന്നിട്ടില്ല എന്നതാണ് ശരി. മുന്നോട്ടു കുതിക്കുന്നതിനിടക്കു അതിനൊന്നിനും സമയം ഇല്ലായിരുന്നു.
സുഹൃത്തുക്കൾ ഇല്ലായിരുന്നു. ഉണ്ടായിരുന്നവരോ വഴിയാത്രക്കാർ ആയിരുന്നു. സഹചാരികർ എന്നു പറയാൻ പറ്റില്ല. എന്റെ കൂടെ അല്ലായിരുന്നു അവർ. ആരെ എങ്കിലും കൂടെ കൂട്ടാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. വഴിയിൽ കാണുന്ന സൈൻ ബോർഡുകളുടെ അത്ര പ്രാധാന്യമേ സുഹൃത്തുക്കൾക്ക് കൊടുത്തിരുന്നുള്ളൂ.
വഴിയിൽ പലതും കൈമോശം വന്നിരുന്നു. വീണ് പോയി എന്ന് ഞാൻ പിന്നീട് മാത്രം അറിയാഞ്ഞതും അല്ല. അറിഞ്ഞിട്ടും എടുക്കാൻ മെനക്കേടാതിരുന്നതും ആയ എത്രയോ സാധനങ്ങൾ. നഷ്ടബോധം കുമിഞ്ഞു കൂടുമ്പോൾ സമാധാനിക്കാൻ ഞാൻ സ്വയം പറയും.
എന്നെങ്കിലും തിരിച്ചു വരാണേൽ അന്ന് വഴികാട്ടാൻ ഉപയോഗപ്പെടും എന്നു.
തിരിച്ചു വരവ് പക്ഷെ ഉണ്ടായില്ല.
വഴികൾ പലതും കഴിഞ്ഞു. ലക്ഷ്യം എത്തിയോ എന്നു എനിക്ക് തന്നെ മനസ്സിലാക്കാൻ പറ്റാതെ ആയി. വേണം എങ്കിൽ ഇവിടെ നിർത്താം. ഇതാണ് എന്റെ ലക്ഷ്യം എന്നു കരുതാം. അല്ലെങ്കിൽ ആ തിരിവിന് അപ്പുറം നിർത്താം. ചിലപ്പോൾ ഒന്നുകൂടി നല്ല ഒരു ലക്ഷ്യസ്ഥാനം കാത്തിരിപ്പുണ്ടെങ്കിലോ. ?
പക്ഷെ അതൊന്നും അല്ല ഇപ്പോൾ വേണ്ടതു.
തിരിച്ചു നടക്കണം. പിന്നിട്ട വഴികളിൽ കൂടെ. കൈമോശം വന്നു പോയ ഓരോന്നും തിരിച്ചു പെറുക്കി എടുക്കണം. എടുത്ത പൊരുൾ കവിളത്ത് ചേർത്തമർത്തി മാപ്പു പറയണം. ഇനി ഒരിക്കലും കളഞ്ഞു പോവില്ലെന്നു വാക്കു കൊടുക്കണം. വഴിപോക്കരോട് എല്ലാം വർത്താനം പറയണം. ഹൃദയത്തോട് ചേർക്കണം. മറന്നു പോയവരെ ഒക്കെ പേരെടുത്തു പറഞ്ഞു ഓര്മപ്പെടുത്തണം.
നിൽക്കാൻ തോന്നിയടത്തു എല്ലാം നിൽക്കണം. കാണാൻ തോന്നിയ കാഴ്ചകൾ ഒക്കെ കാണണം.
വന്ന വഴി മുഴുവൻ നടന്നു ആരംഭിച്ചിടത്തു തന്നെ തിരിച്ചു എത്തണം. അവിടെ എനിക്ക് തന്നെ നഷ്ടപ്പെട്ടു പോയ ഞാൻ കാത്തിരിപ്പുണ്ട്. ഇനി ഉള്ള കാലം അവനായി ജീവിക്കണം.
By: Nithin P Nair

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക