Slider

" തണൽ "

0
" തണൽ "
കറുത്ത നിറത്തിലുള്ള മിനുസമാർന്ന ആ ബോർഡിൽ സ്വർണ്ണ നിറങ്ങളാൽ എഴുതിപ്പിടിപ്പിച്ച ആ പേരിൽ തൊടുമ്പോൾ അറിയാതെ നെഞ്ച് പിടയുന്നുണ്ടായിരുന്നു. ഗേറ്റിൽ ഉള്ള സ്വിച്ച് അമർത്തുമ്പോൾ അകത്ത് ഒരു കിളിക്കൊഞ്ചൽ ഉയർന്നുകേട്ടിരിക്കണം അധികം വൈകാതെ തന്നെ ഒരു അൻപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അമ്മ വന്ന് ഗേറ്റ് തുറന്നു.
"എന്താ മോളെ... "
"ഞാൻ സൃഷ്ടിയുടെ കൂട്ടുകാരിയാണ്.. വൈകുന്നേരം വരാൻ പറഞ്ഞിരുന്നു"
"ആണോ... കുഞ്ഞുമോള് കുളിക്കുവാ... നിങ്ങൾ അകത്തേയ്ക്ക് കയറി ഇരുന്നോളൂ.."
ഇതൊക്കെ പറയുമ്പോഴും ആ അമ്മയുടെ കണ്ണുകൾ മോന്റെ മുഖത്ത് തന്നെ ആയിരുന്നു. ആ അമ്മ ഗേറ്റിന്റെ ഒരു ഭാഗം തുറന്ന് ഞങ്ങളെ അകത്തേയ്ക്ക് കയറ്റി. മോന്റെ കവിളിൽ ഒന്ന് തൊട്ടു മുത്തുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു. ഉമ്മയുടെ മുഖത്ത് ദയനീയതയോടെയുള്ള ഒരു നോട്ടവും സമ്മാനിച്ച്‌ അവർ ഞങ്ങളെ അകത്തേയ്ക്ക് ക്ഷണിച്ചു.
"കുടിക്കാൻ ചായ എടുക്കട്ടെ അതോ തണുത്തത് വല്ലതും എടുക്കട്ടെ.. "
"വേണ്ട അമ്മ ഒന്നും വേണ്ട.. സൃഷ്ടി വരട്ടെ. "
"ഞാൻ കുഞ്ഞോളടുത്ത് പറയാം.. മോളുടെ പേരെന്താ..."
"എന്റെ പേര് ആസിയ... അവൾ കുളിക്കട്ടെ.. ധൃതിപ്പെടുത്തേണ്ട... "
"ഇല്ല മോളെ... പറഞ്ഞില്ലെങ്കിൽ ഒരു മണിക്കൂർ എടുക്കും കുളിക്കാൻ... വെള്ളം കണ്ടാൽ പിന്നെ പറയണ്ട.. "
"ശരി അമ്മേ... "
ആ അമ്മ അകത്തേയ്ക്ക് പോയി.. പുറമേ നോക്കിയാൽ ഒരു വീട്‌ അങ്ങനെയേ തോന്നൂ... കോൺക്രീറ്റ് കല്ലുകൾ പാകാത്ത മുറ്റത്ത് അധികം ഉയരമില്ലാത്ത ഒരു മാവ് പടർന്നു പന്തലിച്ചു നിൽക്കുന്നുണ്ട്. അതിന് ചുറ്റും കല്ലുകളിലും തടിയിലും തീർത്ത ഇരിപ്പിടങ്ങളും ഉണ്ട്. മുറ്റം നിറയെ പല തരത്തിലും വർണ്ണത്തിലുമുള്ള ചെടികൾ പൂത്തുലഞ്ഞുനിൽക്കുന്നുണ്ട്. വിശാലമായ മുറ്റത്ത്‌ ഒരു ഭാഗത്തായി ഒരു കുഞ്ഞുകുളവും ആ കുളത്തിൽ ആമ്പൽ ചെടികൾ പടർന്നു കിടക്കുന്നുണ്ട്.
മനോഹരമായി പെയിന്റ് ചെയ്ത പല വർണ്ണത്തിലുള്ള ചില്ലുകുപ്പികളിൽ വള്ളി ചെടികൾ ആ പൂമുഖമാകെ പടർന്നു കിടപ്പുണ്ട്.. ഷൂസുകളിൽ പോലും ചെടികൾ വളർത്തിയിരുന്നു. ചുമരുകളിൽ ഉണ്ണിക്കണ്ണന്റെ മനോഹരമായ ചിത്രവും ഗ്ലാസ്‌ പെയിന്റിങ്ങുകളും ഒക്കെ വെച്ച് മനോഹരമാക്കിയിരിക്കുന്നു.. മൊത്തത്തിൽ കുറേ നാളുകൾക്ക് ശേഷം മനസ്സിന് കുളിർമ നൽകുന്ന ഒരു സ്ഥലത്ത് എത്തിയപോലെ മനസ്സിന് ഒരു സന്തോഷം തോന്നി. മോൻ കുളം കാണണം എന്ന് വാശിപിടിച്ചപ്പോൾ ഞങ്ങൾ അവനെയും കൊണ്ട് അതിനടുത്തേയ്ക്ക് പോയി. പല നിറത്തിലുള്ള മീനുകൾ ഉള്ള ആ ചെറിയ കുളത്തിൽ അവൻ കുഞ്ഞികൈകൾ ഇട്ട് അനക്കിയപ്പോൾ അവയെല്ലാം ഓടി വന്ന് അവന്റെ കുഞ്ഞിളം കൈ ചുംബിക്കുന്നുണ്ടായിരുന്നു.
"ടീ.... കുഞ്ഞിപ്പാറൂ..."
സൃഷ്ടിയുടെ വിളി കേട്ടാണ് ഞാൻ നോക്കിയത്...
അവൾ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. ജീവിതയാത്രയിൽ എങ്ങോ പിരിയേണ്ടിവന്ന രണ്ട് പ്രിയ സുഹൃത്തുക്കൾ ആയിരുന്നു ഞങ്ങൾ...
"എടി... നീ ആളാകെ അങ്ങ് മാറിയല്ലോ... കണ്ടാൽ മനസ്സിലാകാത്ത രീതിയിൽ മാറി നീ.. ഇത് എന്താ ഇതൊക്കെ... കുഞ്ഞിപ്പാറൂ കുഞ്ഞിപാത്തു ആയല്ലോ... ബിരിയാണി ഒക്കെ കഴിച്ചു ഗുണ്ട്മണി ആയിട്ടുണ്ട് തീപ്പെട്ടിക്കൊള്ളി.. "
അവൾ അങ്ങനെയാണ് ഒരു കിലുക്കാംപെട്ടി... അങ്ങോട്ട്‌ സംസാരിക്കാൻ നമുക്ക് ഇടം തരികയേ ഇല്ല..
"ഇതാരാ... ഇക്കയുടെ ഉമ്മയാണോ... കുഞ്ഞു അൽഅമീൻ തന്നെ ആണുട്ടോ... പിന്നെ നിനക്ക് സുഖമല്ലേ... "
"സുഖം... നീ ഇങ്ങനെ നോൺസ്റ്റോപ്പ്‌ ആയി സംസാരിച്ചാൽ ഞാൻ എങ്ങനെ പറയും.. ഒരു മാറ്റവുമില്ല നിനക്ക്.. "
"സോറി... ടി.. നീ പറ.. നിന്റെ വിശേഷങ്ങൾ."
"ഉം... ഇത് ഇക്കയുടെ ഉമ്മ.. ഇപ്പൊ എന്റെയും... ഇത് നമ്മുടെ സൂപ്പർ ഹീറോ..."
"എന്തായാലും നീ ഹാപ്പി ആണല്ലോ അത് അറിഞ്ഞാൽ മതി എനിക്ക്.." അവൾ പറഞ്ഞു..
"ഉം... വളരെ ഹാപ്പി... നിന്നെ കണ്ടപ്പോൾ ഡബിൾ ഹാപ്പി... പിന്നെ നിന്റെ കണവൻ എവിടെ?..."
"ആൾ ഇപ്പൊ ഇവിടെ ഇല്ല... ബിസിനെസ്സ് ആവശ്യത്തിനായി പെട്ടെന്ന് ദുബൈക്ക് പോകേണ്ടിവന്നു.. "
"പിന്നെ..... എങ്ങനെ കണ്ടുപിടിച്ചു എന്റെ നമ്പർ..".
"കുറേ വലഞ്ഞു മോളെ... സോഷ്യൽ മീഡിയ കൊണ്ട് ഇങ്ങനെയും കുറേ ഉപകാരങ്ങൾ ഉണ്ട് മോളെ... അവസാനം ബിൻസിയെ കണ്ട്‌ പിടിച്ചിട്ടാ നിന്റെ നമ്പർ കിട്ടിയേ.."
"നീ ആള് കൊള്ളാല്ലോ... "
"ഞാൻ പണ്ടേ പുലി അല്ലേ.... ല്ലേ... "
എന്റെ മറുപടി കേട്ട് ഉമ്മയും സൃഷ്ടിയും ചിരിച്ചു..
"വരൂ ഉമ്മാ..അകത്തേയ്ക്ക് ഇരിക്കാം.."
അവൾ മോനെ കൈയ്യിൽ എടുത്ത് അകത്തേയ്ക്ക് നടന്നു.. ഞാനും ഉമ്മയും അവൾക്ക് പുറകെ അകത്തേയ്ക്ക് കയറി..
"സൃഷ്ടി... ഇനി നിന്റെ വിശേഷങ്ങൾ എന്തൊക്കെയാ.."
"എനിക്ക് എല്ലാം നല്ല വിശേഷങ്ങൾ തന്നെ. അനാഥാലയത്തിൽ വെച്ചാണ്‌ ഞാനും റോഷനും ആദ്യം കാണുന്നത്.. റോഷന്റെ അപ്പനും അമ്മയും ഒരു അപകടത്തിൽ മരണപ്പെട്ടിരുന്നു. അവരുടെ ഓർമ്മ ദിവസം അനാഥാലയത്തിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകുന്നതിനായാണ് റോഷനും ഫ്രണ്ട്സും വന്നത്. അങ്ങനെയാണ് പരിചയപ്പെടുന്നതും വിവാഹത്തിൽ എത്തുന്നതും.. "
"നീ പറഞ്ഞു തണലിനെ പറ്റി അറിഞ്ഞപ്പോൾ വരണം കാണണം എന്ന് തോന്നി അതാണ് ഞാൻ പെട്ടെന്ന് തന്നെ വന്നത്.. "
"അതെ... നമ്മൾ ഓരോരുത്തരും കാണണം മനസ്സിലാക്കണം... "
"റോഷൻ എങ്ങനെ സപ്പോർട്ട് ആണോടീ ഇതിനൊക്കെ... "
"പിന്നെ ഇതിന്റെ നെടും തൂൺ റോഷനാണ്... എന്റെയും... "
"നിന്നെ ഇത്ര ഹാപ്പി ആയി കാണുന്നത് ഇത് ആദ്യമാണ്.. "
"ഇപ്പോൾ ഞാൻ ഹാപ്പി ആണടീ.. അനാഥ എന്ന് കുറേ കളിയാക്കിയതല്ലേ എല്ലാപേരും.. ഇപ്പൊ എനിക്ക് അങ്ങനെ ഒരു വിഷമവും ഇല്ല.. എന്നെ മനസ്സിലാക്കുന്ന ഒരു ഭർത്താവും സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന കുറേ അമ്മമാരും അച്ഛന്മാരും ഒക്കെ ഉണ്ട് എനിക്ക്.. "
"റോഷൻ ഒറ്റ ആളാണ്. സഹോദരങ്ങൾ ആരുമില്ല.. അപ്പന്റെയും അമ്മയുടെയും മരണശേഷം തീർത്തും ഒറ്റപ്പെടുകയായിരുന്നു. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന കുടുംബമായതിനാൽ ആദ്യം കുറേ കുടുംബക്കാർ ഒക്കെ ഉണ്ടായിരുന്നു.. കുറേ ഒക്കെ കിട്ടിക്കഴിഞ്ഞു ഞങ്ങൾ ഇങ്ങനെ ഒരു പ്ലാൻ തുടങ്ങിയപ്പോഴേ ഓരോരുത്തരായി അകലാൻ തുടങ്ങി.."
"ഇനി ഒന്നും കിട്ടില്ലല്ലോ എന്ന് തോന്നിക്കാണും... "
ഞാൻ പറഞ്ഞു..
"അതെ... അത് തന്നെ കാരണം.. ഇടയ്ക്ക് വെച്ച് നിർത്തിയ പഠനം തുടരാൻ റോഷൻ നിർബന്ധിച്ചപ്പോളാണ് വീണ്ടും പഠിക്കാൻ പോയത്‌.. അങ്ങനെ ഒരു ദിവസം പഠിച്ചിട്ട് വന്ന സമയം എന്റെ കൂടെ ഒരു അമ്മയുമുണ്ടായിരുന്നു.. ബസ് സ്റ്റാൻഡിൽ ഒന്നും അറിയാതെ നിന്ന് വിഷമിക്കുകയായിരുന്നു ആ അമ്മ... മകൻ അമ്മയെയും കൊണ്ട് ബസ്സിൽ കയറിയിട്ട് എപ്പോഴോ ഇറങ്ങി പോയിരുന്നു. തിരിച്ചു വീട്ടിൽ കൊണ്ടാക്കാൻ അഡ്രസ്സ് ചോദിച്ചപ്പോൾ അത് പോലും ആ അമ്മയ്ക്ക് അറിയില്ലായിരുന്നു.. അങ്ങനെ ആണ് ആ അമ്മയെയും കൂട്ടി വീട്ടിലേയ്ക്ക് വന്നത്.."
"പോലീസ് സ്റ്റേഷനിൽ അറിയിക്കാനും ആ അമ്മ സമ്മതിച്ചില്ല.. അങ്ങനെ ഞങ്ങളുടെ കൂടെ നിർത്തി ആരോരുമില്ലാത്ത ഞങ്ങൾക്ക് അമ്മയായി മാറി.. "
"മോളെ ഇവർക്ക് കുടിക്കാൻ ചായ എടുക്കട്ടെ... "
"ദാ വന്നല്ലോ ലക്ഷ്മി കുട്ടിയമ്മ... ഇതാണ് ഞാൻ പറഞ്ഞ ആൾ... "
ഞാൻ ആ അമ്മയെ നോക്കി ചിരിച്ചു...
"ഇപ്പോ ഒന്നും വേണ്ടമ്മേ... രാത്രി നല്ല വിശാലമായി കഴിച്ചിട്ടേ ഞാൻ പോകുന്നുള്ളൂ... "
"എങ്കിൽ ശരി അങ്ങനെ ആകട്ടെ... "
ഇതും പറഞ്ഞു ആ അമ്മ ചിരിച്ചു കൊണ്ട് അകത്തേയ്ക്ക് കയറിപ്പോയി...
"ഇപ്പൊ ഇവിടെ എത്ര പേരുണ്ട് മോളെ... "
ഉമ്മ ചോദിച്ചു...
"പതിനേഴ് പേർ ഉണ്ട് ഉമ്മാ.... എല്ലാരേയും എനിക്കും റോഷനും വഴിയിൽ നിന്നും കിട്ടിയതാ.. ആരോരുമില്ലാത്തവർ.."
"മോളെ.. ഇങ്ങനെ ഒന്നുമറിയാത്തവരെ നമ്മൾ കൂടെ താമസിപ്പിച്ചാൽ അത് പ്രശ്നമാകില്ലേ.. "
"ഇല്ല അമ്മേ... ഇത് ഒരു സ്ഥാപനം ആയി രജിസ്റ്റർ ചെയ്തിട്ടുണ്ട്... നിയമങ്ങൾ എല്ലാം പാലിച്ച് കൊണ്ടാണ് ഞങ്ങൾ ഇത് നടത്തുന്നത്... ഒരു പക്ഷെ ആരോരുമില്ലാത്തവർക്ക് എല്ലാപേരെയും കിട്ടാൻ ദൈവം കാണിച്ചു തന്ന വഴി ആയിരിക്കും ഇത്... "
"എങ്ങനെ മാനേജ് ചെയ്യുന്നു നീ ഇതൊക്കെ... "
ഞാൻ അവളോട്‌ ചോദിച്ചു..
"ആളുകൾ കൂടി വന്നപ്പോൾ ആദ്യത്തെ വീട്‌ സൗകര്യം ഇല്ലാത്തതായി തോന്നിയപ്പോഴാണ് ഈ വീട്‌ പണിയുന്ന കാര്യം തീരുമാനിച്ചത്.. ചിലർ വാശിക്കാർ ആണ്.. ചിലർ പെട്ടെന്ന് ദേഷ്യം പിടിക്കുന്നവർ... ചിലർ പെട്ടെന്ന് സങ്കടപ്പെടും...ചിലർ പെട്ടെന്ന് പിണങ്ങുന്നവർ.. അങ്ങനെ പല തരത്തിൽ ഉള്ളവർ.. പക്ഷെ പെട്ടെന്ന് തന്നെ എല്ലാ പ്രശ്നങ്ങൾ തീർന്ന് എല്ലാരും ഒന്നാകുകയും ചെയ്യും.. പ്രായത്തിന്റെ പ്രശ്നങ്ങൾ ആണ് ഇതെല്ലാം.. പിന്നെ ഡയബെറ്റിസ്, ബിപി തുടങ്ങിയ രോഗങ്ങളുടെ ഫലവും... എല്ലാർക്കും ഞാൻ മകളാണ്... റോഷൻ മകനും... "
"പിന്നെ ഡോക്ടർ വിവേകും ഭാര്യ ഡോക്ടർ ചിത്രയും ഇവർ രണ്ട് പേരും നമ്മുടെ കട്ട സപ്പോർട്ട് ആണ്.. ഇതിനടുത്ത് തന്നെയാണ് അവരുടെ വീടും... ദൈവസഹായം കൊണ്ട് എല്ലാം നല്ല രീതിയിൽ പോകുന്നെടി.. അച്ഛനമ്മമാരെ പലരും ഇങ്ങോട്ട് കൊണ്ട് വരുന്നുണ്ട്.. പക്ഷെ അങ്ങനെ ഉള്ള ആരെയും ഞങ്ങൾ ഇവിടെ ഇതുവരെ എടുത്തിട്ടില്ല... "
" അതൊക്കെ പോട്ടെ എവിടെ നിന്റെ അമ്മമാരും അച്ഛന്മാരും ഒക്കെ... "
"വാ... എല്ലാരും പുറകിൽ തൊടിയിൽ ആയിരിക്കും.. വൈകിട്ട് കൃഷി സമയം ആണ്.. "
അവൾ ഞങ്ങളെയും വിളിച്ചു തൊടിയിലേയ്ക്ക് നടന്നു..
തൊടി സത്യത്തിൽ ഒരു വയലായി മാറിയിരുന്നു. തക്കാളി, വെണ്ടയ്ക്ക, കപ്പ, പടവലം, പയർ, ചീര എന്ന് വേണ്ട എല്ലാ പച്ചക്കറികളും വിളഞ്ഞു നിൽക്കുന്ന ഒരു തൊടി.. ആ കാഴ്ച കണ്ട്‌ തുറന്ന എന്റെ കണ്ണും വായും അടയ്ക്കാൻ കഴിയാതെ ഞാൻ നിന്നു.. ചിലർ കൃഷികൾ നനയ്ക്കുന്നു. ചിലർ തടം എടുക്കുന്നു. ചിലർ വിളഞ്ഞവ പറിയ്ക്കുന്നു..
"അതെ എന്തായി..."
അവൾ അവരോടായി ചോദിച്ചു...
ഞങ്ങളെ കണ്ടതും ഓരോരുത്തരായി ഞങ്ങൾക്ക് അരികിലേക്ക് വന്നു..
"ഇതാരാ കുഞ്ഞോളെ... "
"ഇത് എന്റെ കൂട്ടുകാരി ആണ്... ഇത് അവളുടെ ഭർത്താവിന്റെ ഉമ്മ... ഇത് അവളുടെ മകൻ... "
എല്ലാ പേരും മോനെ ഒരുപാട് കൊഞ്ചിക്കുന്നുണ്ട്.. ഒരാൾ മാത്രം മോനെ കണ്ടതും പുറകിലേക്ക് പോയി മുഖം കുനിച്ചിരുന്നു. ഞാൻ ആ അമ്മയ്ക്ക് അരികിലേക്ക് ചെന്നു..
"എന്താ അമ്മേ ഒറ്റയ്ക്ക് ഇരിക്കുന്നെ... "
"ഹേയ്... ഒന്നുമില്ല... "
"അമ്മ കരയുവാണോ... "
"ഇല്ല കുഞ്ഞേ.. "
"ഇല്ല.. അമ്മ എന്തിനാ കരഞ്ഞേ... നമ്മൾ വന്നത് ഇഷ്ടപ്പെട്ടില്ലേ... "
"അയ്യോ എന്റെ കുഞ്ഞേ അങ്ങനെ ഒന്നും പറയല്ലേ... "
"പിന്നെ എന്താണെന്ന് പറയൂ... "
"അത്... ആ കുഞ്ഞുമോന്റെ മുഖം കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല കുഞ്ഞേ... എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു പേരക്കുട്ടി... പക്ഷെ ഒന്ന് എടുക്കാനോ മുത്തം കൊടുക്കാനോ പോലും മോനും മരുമോളും സമ്മതിക്കത്തില്ല.. ഒരു ദിവസം ഞാൻ കഴിച്ചു കൊണ്ടിരുന്നപ്പോൾ ഒരു ഉരുള ചോറ് അവന്റെ വായിൽ വെച്ചു കൊടുത്തതിനാണ് മോനും മരുമോളും കൂടെ എന്നെ തല്ലി ചതച്ച് മൂന്ന് ദിവസം ഭക്ഷണം പോലും തരാതെ മുറിക്കുള്ളിൽ പൂട്ടി ഇട്ടത്."
എന്റെ കണ്ണുകൾ നിറഞ്ഞെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ തിരിഞ്ഞു നടന്നു.. മോനെയും എടുത്ത് വീണ്ടും ആ അമ്മയ്ക്ക് അരികിലേക്ക് ചെന്നിട്ട് മോനെ ആ അമ്മയുടെ മടിയിൽ ഇരുത്തി..
"ഇന്ന് മോന് അമ്മ വേണം ഭക്ഷണം കൊടുക്കാൻ.."
ആ അമ്മ അവനെ കുറേ മുത്തം വെച്ചു.. അവൻ എന്റെ കൈയ്യിൽ വരണമെന്ന് വാശി പിടിച്ചപ്പോൾ മീൻ കാണിച്ചു തരാമെന്നും പറഞ്ഞു അവനെയും കൊണ്ട് ആ അമ്മ മുറ്റത്തേയ്ക്ക് പോയി.. ആ അമ്മയുടെ അപ്പോഴത്തെ സന്തോഷം പറഞ്ഞറിയിക്കാവുന്നതിനേക്കാളും അപ്പുറമായിരുന്നു.
എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി.
"ടീ.. എന്താ പറ്റിയെ... "
സൃഷ്ടി ആയിരുന്നു..
"ഹേയ് ഒന്നുമില്ലടി... കുഞ്ഞിന് ഒരുരുള ചോറ് കൊടുത്തതിന് അമ്മയെ തല്ലി പട്ടിണിക്ക് ഇടുക എന്ന് പറഞ്ഞാൽ... ഓർക്കാൻ കൂടി വയ്യ... "
"ഓർക്കണം... ഇത് മാത്രമല്ല ഇവിടെ ഉള്ള ഓരോരുത്തർക്കും ഓരോ കഥകൾ ഉണ്ടെടി... നമ്മൾ അതിശയിച്ചുപോകും ഓരോന്ന് കേൾക്കുമ്പോൾ..
"സ്വത്തിന് വേണ്ടി അമ്മയെ കൊല്ലാൻ നോക്കിയ മക്കൾ.. അമ്മ മുറ്റത്ത് മുറുക്കി തുപ്പുന്നത് കൊണ്ട് ചുണ്ട് പൊള്ളിച്ച മക്കൾ.. രാത്രി അമ്മയുടെ ചുമ കാരണം ഉറങ്ങാൻ പറ്റുന്നില്ല എന്ന് പറഞ്ഞു അമ്മയുടെ കൈ കെട്ടി വായിൽ പ്ലാസ്റ്റർ ഒട്ടിച്ച മക്കൾ.. ഭാര്യയെ അച്ഛൻ കയറിപ്പിടിച്ചെന്നു പറഞ്ഞു കൈ തല്ലി ഒടിച്ച് വീട്ടിൽ നിന്ന് പുറത്താക്കിയ മകൻ.. പേരകുട്ടിയെ ഉമ്മ വെച്ചതിനു പട്ടിണിയ്ക്ക് ഇട്ട മക്കൾ... "
"മതി സൃഷ്ടി... മതി... കേൾക്കണ്ട..."
ഞാൻ എന്റെ ചെവികൾ പൊത്തി..
"ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയുമോ മാതാപിതാക്കളോട് മക്കൾക്ക്.."
"മൃഗത്തേക്കാൾ ക്രൂര മനസ്സുള്ളവർക്ക് ഇതല്ല ഇതിനപ്പുറവും ചെയ്യാൻ കഴിയും... ചിലരുടെ ദേഹത്തെ പാടുകൾ കണ്ടാൽ സഹിക്കില്ല.."
"ഈ മക്കളെ ഒക്കെ പോലീസിൽ ഏൽപ്പിക്കണം.. "
"അതല്ലേ അതിലും വലിയ രസം... ആർക്കും പരാതി ഇല്ല.. മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹം ഒരിക്കലുമില്ല കുറയില്ലല്ലോ... "
"പിന്നെ എന്താടി.. മക്കൾക്ക് മാതാപിതാക്കളോട് ഇങ്ങനെ കാണിക്കാൻ തോന്നുന്നത്... "
"ആ... ആർക്കറിയാം... നീ വാ നമുക്ക് അകത്തേയ്ക്ക് പോകാം... "
നമ്മൾ അകത്തേയ്ക്ക് ചെന്നപ്പോൾ ഉമ്മയും മോനും അവരുമായൊക്കെ നല്ല കൂട്ടായി കഴിഞ്ഞിരുന്നു.. മോനെ കൊതിതീരെ എല്ലാരും ലാളിക്കുന്നുണ്ടായിരുന്നു..
"ഇനി നിങ്ങൾ പോകുമ്പോഴാണ് ഒരു സങ്കടക്കടൽ ഇരമ്പുന്നത്.. "
"അതെന്താടി... "
"മോനെ പിരിയുമ്പോൾ എല്ലാർക്കും വിഷമം ആയിരിക്കും... "
"ഉം.. അത് ശരിയാ... "
"മോൾക്ക് ചായ എടുക്കാം.. "
ഒരു അമ്മ എഴുനേറ്റ് ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു.
"വേണ്ട.. ഇന്ന് എല്ലാർക്കും റെസ്റ്റ്... ഇന്നത്തെ ഭക്ഷണം ഞാൻ തയ്യാറാക്കും.. നല്ല ചിക്കൻ ബിരിയാണി.. "
"യ്യൊ... ടി വേണ്ടാട്ടോ.. രാത്രി ഹെവി ഫുഡ് പറ്റില്ലാട്ടോ... " സൃഷ്ടി എതിർത്തു...
"ഒരു ദിവസം കഴിച്ചെന്നു പറഞ്ഞു ഒന്നും സംഭവിക്കാൻ പോകുന്നില്ല...നീ സാധനങ്ങൾ എല്ലാം ഉണ്ടോ എന്ന് നോക്കിയേ... ഇല്ലെങ്കിൽ വാ പുറത്ത് പോയി ചിക്കനും ബാക്കി സാധനങ്ങളും വാങ്ങിക്കാം.. "
" ചിക്കൻ ഇല്ല വാങ്ങിച്ചാലേ പറ്റൂ... "
"എങ്കിൽ വാ നമുക്ക് പുറത്ത് പോയി വാങ്ങിക്കാം.. "
ബിരിയാണി ഒക്കെ വെച്ച് രാത്രി അവരോട് ഇരുന്ന് ഭക്ഷണം ഒക്കെ കഴിച്ച് ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.. യാത്ര പറയാൻ പോലും കഴിയാതെ പലരും വിങ്ങുന്നുണ്ടായിരുന്നു. മോനെ ലാളിച്ചു പലർക്കും കൊതി തീരുന്നില്ലായിരുന്നു..
"ഇനി സൃഷ്ടി മാത്രമല്ലാട്ടോ നിങ്ങൾക്ക് മകളായി.. ഞാനും ഉണ്ടാകും... "എന്ന് പറഞ്ഞു ആ പടിയിറങ്ങി
കണ്ണ് നിറയാതെ അവിടെ നിന്ന് ഇറങ്ങാൻ കഴിയുന്നില്ലായിരുന്നു.. സൃഷ്ടി ഞങ്ങളോടൊപ്പം ഗേറ്റ് വരെ വന്നു.
"ടി.. ഇടയ്ക്ക് ഒക്കെ വരണേ... "
"വരും... ഇടയ്ക്ക് അല്ല പറ്റുമ്പോഴൊക്കെ വരും... " ഞാൻ അവളോട് പറഞ്ഞു.
ഉമ്മ അവളെ കെട്ടിപ്പിടിച്ചു നെറുകയിൽ ഒരു മുത്തം കൊടുത്തു..
"നന്നായി വരും മോളെ... നല്ലത് മാത്രമേ വരൂ... പടച്ചോന്റെ അനുഗ്രഹം എന്നുമുണ്ടാകും... "
അവളും ഉമ്മയും കരയുന്നുണ്ടായിരുന്നു..
"ഈ ഉമ്മയും ഉണ്ട് കേട്ടൊ ഇനി മോൾക്ക്.. "
ഉമ്മ കണ്ണുനീർ തുടച്ചുകൊണ്ട് കാറിനടുത്തേക്ക് നടന്നു.
"ടി പോട്ടെ... "
"ഉം.. പോയിട്ട് വാടി.. "
ഒരിക്കൽ കൂടി ഞാൻ ആ ഗേറ്റിൽ എഴുതിയിരിക്കുന്ന തണൽ എന്ന വാക്കിൽ ഞാൻ വിരലോടിച്ചു...
"ശരിക്കും നീ ഒരു തണലാടീ...ആരോരുമില്ലാത്തവർക്ക് ആശ്രയത്തിന്റെ തണൽ... "
അവളെ കെട്ടി പിടിക്കുമ്പോൾ ആ നെഞ്ചിൽ സന്തോഷത്തിന്റെ പെരുമ്പറ മുഴങ്ങുന്നത് എനിക്ക് കേൾക്കാമായിരുന്നു...
***************************************
സൃഷ്ടി.... അവൾ എനിക്ക് ഒരു പാഠമായിരുന്നു... എപ്പോഴെങ്കിലും ഒക്കെ വളരെ ചെറിയ കാര്യങ്ങൾക്ക് ചെറിയ ചില പിണക്കങ്ങൾ ചില വഴക്കുകൾ എനിക്കും ഉമ്മയ്ക്കും ഇടയിൽ സംഭവിക്കുമായിരുന്നു.. ആ ഗേറ്റ് കടന്നിറങ്ങുമ്പോൾ ആ മാതാപിതാക്കളുടെ സങ്കടങ്ങൾ കണ്ട് കഴിഞ്ഞപ്പോൾ ഒരായിരം വട്ടം മനസ്സുകൊണ്ട് ഞാൻ ഉമ്മയോട് മാപ്പ് പറഞ്ഞിരുന്നു.. കാറിൽ കയറുന്നതിന് മുൻപ് ഉമ്മയെ കെട്ടിപ്പിടിച്ചു ആ കവിളിൽ മുത്തം വെച്ച് മാപ്പ് പറഞ്ഞപ്പോഴാണ് മനസ്സ് ഒന്ന് തണുത്തത്..
മാതാപിതാക്കൾ ആണ് നമ്മുടെ സ്വത്ത്.. അവരുടെ കാൽ പാദത്തിൽ ആണ് സ്വർഗം.. മാതാപിതാക്കളെ വിഷമിപ്പിച്ചിട്ട് എന്ത് പുണ്യകർമം ചെയ്തിട്ടും ഫലം ഇല്ല എന്ന് നമ്മൾ മനസ്സിലാക്കണം.. ദിവസത്തിൽ ഒരു നേരം ഒരു അഞ്ചു മിനിറ്റ് അവരുമായി സംസാരിക്കണം.. പോട്ടെ അമ്മ കഴിച്ചോ... അച്ഛൻ ഗുളിക കഴിച്ചോ... കുഴമ്പ് തീരാറായെങ്കിൽ പറയണേ... എന്നൊക്കെ ഒന്ന് പറഞ്ഞാൽ മതി... അത്രയൊക്കെ അവർ ആഗ്രഹിക്കുന്നുള്ളൂ... ഒരു പരിഗണന അത്ര മാത്രം.. നമ്മൾ നമ്മുടെ മാതാപിതാക്കളോട് കാണിക്കുന്നതായിരിക്കും നാളെ നമ്മുടെ മക്കൾ നമുക്ക് നേരെ കാണിക്കുന്നത്.. കാലചക്രം കറങ്ങിക്കൊണ്ടേയിരിക്കും മറക്കരുത്....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo