Slider

ദൈവകല്പിതം

0
ദൈവകല്പിതം
ഇടവഴിയിലൂടെ രാധ ഓടുകയായിരുന്നു. എട്ടു മണിക്കുള്ള ബസ് കിട്ടിയാലേ അവൾക്കു നേരത്തിനു തുണിക്കടയിൽ എത്താൻ പറ്റു .ടൗണിലുള്ള ഒരു ടെക്സ്റ്റൈസിൽ ജോലിക്കാരിയാണ് അവൾ .ഇടവഴി അവസാനിക്കുന്നിടത്തുള്ള ആ ചെറിയ വീട്ടിലേക്കു അവൾ നടക്കുന്നതിനിടെ നോക്കി .സാധാരണ ഈ സമയത്തു ഒരു ചെറിയ സ്റ്റീൽപാത്രവുമായി ഒരാൾ ആ വീട്ടിലേക്കു കയറുന്നുണ്ടാവും. അയാളെ നോക്കിയാണ് രാധ ബസിൻറെ സമയം കണക്കാക്കുക .അയാളെ കാണാത്തദിവസം അവൾക്കു എട്ടുമണിയുടെ ബസ് കിട്ടാറുമില്ല .കാരണം അന്ന് അവൾ വൈകിട്ടുണ്ടാവും .ഇന്നും വീടിൻറെ മുന്നിൽ ആരും ഇല്ല .'ഈശ്വര ഇന്നും സമയം വൈകിയിരിക്കുന്നു' .അവൾ പേടിയോടെ മനസ്സിലോർത്തു .വേഗം നടന്നു റോഡിലെത്തിയതും അവൾക്കു സമാധാനമായി .ബസ് വരുന്നതേയുള്ളു .അവൾ ബസ്സിൽ കയറി. രണ്ടുപേരുടെ നടുവിലായി അവൾക്കു ഒരു സീറ്റു കിട്ടി .ഈയിടെയായി അമ്മയുടെ കണ്ണിന് കാഴ്ച കുറഞ്ഞുവരികയാണ്.നല്ല തലവേദനയും ഉണ്ട് .അതുകൊണ്ടുതന്നെ വീട്ടിലെ പണികൾ മുഴുവൻ തീർത്തിട്ടുവേണം തുണിക്കടയിലേക്കു പോവാൻ .വൈദ്യരുടെ മരുന്നുകൊണ്ടൊന്നും അമ്മയുടെ അസുഖത്തിന് ഒരു മാറ്റവുമില്ല .ഈ ഓണത്തിന് ബോണസ്‌ കിട്ടിയാൽ എന്തായാലും ഒരു ഡോക്ടറെ കാണിക്കണം. രാധ മനസ്സിലോർത്തു .അച്ഛൻ മരിച്ചുപോയ രാധക്ക്, ബന്ധു എന്നു പറയാൻ ഒരമ്മാവൻ മാത്രമാണുള്ളത് .'സ്വന്തം കുടുംബത്തെ നോക്കാനുള്ള കഷ്ടപ്പാട് ഉണ്ടായിട്ടും, അവൻ കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ നമ്മളെ കാണാൻ വരുന്നത് തന്നെ ഭാഗ്യം 'എന്നാണ് രാധയുടെ അമ്മ പറയാറ് .
എന്നാലും അമ്മാവൻ വന്നാൽ പോവുന്നതുവരെ അമ്മ പറയുക രാധയുടെ വിവാഹകാര്യമായിരിക്കും .'എൻറെ കണ്ണടഞ്ഞാൽ പിന്നെ എന്താവും എൻറെ കുട്ടിയുടെ സ്ഥിതി.'അതായിരുന്നു അമ്മയുടെ വലിയ ദുഃഖം .ഒന്നുരണ്ടു ആലോചനകൾ അമ്മാവൻ കൊണ്ടുവന്നെങ്കിലും ഒന്നും ശരിയായില്ല .ഈ മൂന്നു സെൻറ്റിലുള്ള പഴയവീടും ഏതുസമയവും നിന്നുപോവാൻ പാകത്തിലുള്ള തുണിക്കടയിലെ ജോലിയുമല്ലേ രാധക്കുള്ളു .തുണിക്കടയിൽ എത്തിയതുമുതൽ രാധ ജോലിത്തിരക്കിലായിരുന്നു .വൈകുന്നേരം ബസ്സിറങ്ങി നടക്കുമ്പോഴും അവൾക്കു വീട്ടിലെത്താൻ ധൃതി ആയിരുന്നു കാരണം ചെന്നിട്ടുവേണം അമ്മയുടെ കണ്ണിൽ മരുന്നു ഒഴിച്ചുകൊടുക്കാൻ.പിറ്റേദിവസം ഇടവഴി കഴിഞ്ഞു അവൾ റോഡിലേക്കു നടക്കുമ്പോഴായിരുന്നു ആരോ അവളെ വിളിക്കുന്നതുപോലെ തോന്നിയത് .അവൾ തിരിഞ്ഞുനോക്കി .രാവിലെ എന്നും സ്റ്റീൽപാത്രവുമായി കാണുന്ന അയാൾ അവളുടെ നേർക്ക് പരിഭ്രമത്തോടെ ഓടിവരുന്നു.അവളുടെ അടുത്തു എത്തുന്നതിനു മുൻപ് തന്നെ അയാൾ പറയാൻതുടങ്ങി.'എൻറെ അമ്മക്ക് രണ്ടു ദിവസമായി പനി തുടങ്ങിയിട്ട്. വൈദ്യരെ കാണിച്ചിരുന്നു. പക്ഷേ പെട്ടെന്നു പനി കൂടി .ഇപ്പോൾ വിളിച്ചിട്ട് മിണ്ടുന്നുമില്ല കണ്ണുംതുറക്കുന്നില്ല. ഞാൻ ഒരു ഓട്ടോ വിളിച്ചിട്ടു വരുന്നതുവരെ ഒന്നു അമ്മയുടെ അടുത്ത് നിൽക്കാമോ ?'പെട്ടെന്നു അവൾക്കു ഒന്നും പറയാൻ കഴിഞ്ഞില്ല .അവളുടെ മറുപടിക്കു കാത്തുനിൽക്കാതെ അയാൾ റോഡിലേക്കു ഓടി .ഒരു നിമിഷം എന്തോ ഓർത്തു നിന്നശേഷം രാധ കല്ലുഒതുക്കുകൾ കയറി. ആ വീട്ടിലേക്കു ഓടി .ഉമ്മറത്തുനിന്നും അവൾ അകത്തേക്കു കയറി .അവളുടെ അമ്മയുടെ അതേ പ്രായത്തിലുള്ള ഒരമ്മ കട്ടിലിൽ കണ്ണുകൾ അടച്ചുകിടക്കുന്നു.അവൾ മെല്ലെ തൊട്ടുനോക്കി .പൊള്ളുന്നചൂട് .മുഖത്തും നെറ്റിയിലും പതുക്കെ കൈവിരലുകളോടിച്ചു .പക്ഷേ ആ അമ്മ ഒന്നും അറിയുന്നുണ്ടായിരുന്നില്ല .എന്തു ചെയ്യണമെന്നറിയാതെ രാധ നിൽക്കുമ്പോൾ അയാൾ വീട്ടിനുള്ളിലേക്ക് ഓടി വന്നു .'ഓട്ടോ റോഡിൽ നിൽക്കുന്നുണ്ട് .നിങ്ങൾ അമ്മയെ ഓട്ടോയിലേക്കു കയറ്റാൻ ഒന്നു സഹായിക്കുമോ.'അവളോട്‌ ചോദിച്ചു .അവർ രണ്ടുപേരും കൂടെ അമ്മയെ ഓട്ടോയിലേക്കു കയറ്റി .ഇനി ഇപ്പോൾ തുണിക്കടയിലേക്കു പോവാൻ പറ്റില്ല നേരം വളരെ വൈകിയിരിക്കുന്നു .അവൾ ഓർത്തു.'ഞാൻ കൂടെ വരണോ ?'അവൾ അയാളോട് ചോദിച്ചു .ആ ചോദ്യം പ്രതീക്ഷിച്ചതുപോലെ അയാൾ പറഞ്ഞു,' വിഷമമാവില്ലെങ്കിൽ ഒന്ന് വരുമോ ?സ്ത്രീകൾ കൂടെ ഉണ്ടാവുന്നത് നല്ലതായിരുന്നു' .അവൾ അവരുടെ കൂടെ ഓട്ടോയിൽ കയറി .ആശുപത്രിയിൽ എത്തി ഡോക്ടർ പരിശോധിച്ചു. പേടിക്കാൻ ഒന്നുല്ല .'ഇതു ഇപ്പോൾ ഉണ്ടാവുന്ന ഒരുതരം വൈറൽ ഫീവർ ആണ് ' ഡോക്ടർ പറഞ്ഞു. മരുന്നും ഗുളികയും വാങ്ങാൻ എഴുതി .ക്ഷിണത്തിനു ഡ്രിപ്പ് കൊടുക്കാനും പറഞ്ഞു .അപ്പോഴാണ് അയാൾക്കു ഒരു സമാധാനമായത് എന്ന് രാധക്ക് തോന്നി .അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ആ അമ്മ കണ്ണു തുറന്നു .അയാൾ വാങ്ങിക്കൊണ്ടുവന്ന പൊടിയരിക്കഞ്ഞി ആ അമ്മക്ക് കോരിക്കൊടുത്തിട്ടാണ് രാധ വീട്ടിലേക്കു മടങ്ങിയത്‌ .വീട്ടിലെത്തി അവൾ അമ്മയോട് എല്ലാ കാര്യങ്ങളും പറഞ്ഞു .'ഇന്നത്തെ ശമ്പളം പോയമ്മേ' അവൾ വിഷമത്തോടെ പറഞ്ഞപ്പോൾ ,അമ്മ സമാധാനിപ്പിച്ചു .സാരമില്ല മോളെ നീ ചെയ്തത് ഒരു വലിയ കാര്യമാണ് .ദൈവം അതു കാണാതിരിക്കില്ല .
പിറ്റേ ദിവസം പതിവിലും നേരത്തെയാണ് രാധ തുണിക്കടയിലേക്കു പോയത് .പറയാതെ ലീവ് എടുത്തതിനു മാനേജരുടെ ചീത്ത ഉറപ്പായിരിക്കും .പക്ഷേ ഭാഗ്യത്തിന് അന്ന് മാനേജർ ലീവായിരുന്നു .വൈകുന്നേരം തിരിച്ചുവരുമ്പോൾ ആയിരുന്നു അവൾ അയാളെ കണ്ടത് .എന്തെങ്കിലും അവൾ ചോദിക്കുന്നതിൻറെ മുൻപ് അയാൾ പറഞ്ഞു .'ഇന്നലെ ഉച്ചക്ക് ശേഷം അമ്മയെ ഡിസ്ചാർജ് ചെയ്തു .ഇപ്പോൾ കുഴപ്പമൊന്നുല്ല .ഒരു പാടു നന്ദി ഉണ്ട് കേട്ടോ .പേര് പോലും ചോദിച്ചില്ല '.അയാൾ അങ്ങിനെ പറഞ്ഞപ്പോൾ രാധ ചിരിച്ചതേ ഉള്ളു .വീട്ടിലേക്കു കയറി അമ്മയെ കണ്ടിട്ട് പോവാം.അയാൾ ക്ഷണിച്ചു. ഇന്ന് ഒരു പാട് വൈകി, നാളെ നേരത്തെ വരാം രാധ നടന്നുകൊണ്ടാണ് പറഞ്ഞത് .വീട്ടിലെത്തി കണ്ണിൽ മരുന്നു ഒഴിക്കുമ്പോഴായിരുന്നു അവർ ആശുപത്രിയിൽ നിന്നു വന്നകാര്യം രാധ അമ്മയോട് പറഞ്ഞത് .ആ അമ്മയെ ഒന്നു കയറികാണാത്തതിൽ അമ്മ അവളെ കുറ്റപ്പെടുത്തി .പിറ്റേദിവസം അവൾ ഇടവഴിയിൽനിന്നും റോഡിലേക്കു കയറുമ്പോൾ അയാൾ സ്റ്റീൽപാത്രവുമായി കല്ലുതുക്കുകൾ കയറുന്നുണ്ടായിരുന്നു .അവളെ കണ്ടപ്പോൾ പരിചയത്തോടെ ചിരിച്ചു ''സൊസൈറ്റിയിൽ പാല് വാങ്ങാൻ പോയതാ .എനിക്കും അമ്മക്കും ചായക്കുള്ള പാൽ എന്നും ഞാൻ പോയി വാങ്ങും ."അയാൾ അങ്ങിനെ പറഞ്ഞപ്പോൾ രാധ ഒന്നും പറഞ്ഞില്ല. പക്ഷേ, ഇതു ഞാൻ എന്നും കാണാറുള്ളതല്ലെ എന്നു ചിരിയോടെ മനസ്സിലോർത്തു .അന്ന് വൈകിട്ടു തുണിക്കടയിൽ നിന്നു വരുന്ന വഴി ആ അമ്മയെ കാണാൻ രാധ അയാളുടെ വീട്ടിൽ കയറി .അപ്പോൾ അയാൾ ആ വീട്ടിൽ ഉണ്ടായിരുന്നില്ല .അമ്മ അവളോട് ഒരു പാടു സ്നേഹത്തോടെ സംസാരിച്ചു .കൃഷ്ണൻറെ അമ്പലത്തിൻറെ അടുത്താണ് വീട് എന്നു പറഞ്ഞപ്പോൾ അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു .'അന്നു എനിക്കു വയ്യാണ്ടായപ്പോൾ മോൻ ഒരു തുളസിമാല ആ അമ്പലത്തിലേക്കു നേർന്നിട്ടുണ്ട്. അതിനുവേണ്ടി വരുമ്പോൾ ഞങ്ങൾ മോളുടെ വീട്ടിലും വരാം. അമ്മയെയും ഒന്ന് കാണാമല്ലോ' .രാധ അതു കേട്ടു വെറുതെ ചിരിച്ചു .അന്നു ഞായറാഴ്ച ആയിരുന്നു.തുണിക്കട ലീവ് ആയതുകൊണ്ട് ,വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കുകയായിരുന്നു രാധ .പടിക്കൽ ഒരു ഓട്ടോ വന്ന ശബ്ദം കേട്ടാണ് അവൾ നോക്കിയത്.ആ അമ്മയും മോനും ഓട്ടോയിൽ നിന്നു ഇറങ്ങുന്നത് രാധ കണ്ടു .അവൾ അകത്തേക്കു പോയി അമ്മയോട് പറഞ്ഞു. അമ്മ പതുക്കെ പുറത്തേക്ക് വന്നു .ഉമ്മറത്തേക്കു കയറിയപാടേ ആ അമ്മ തന്റെ അമ്മയോട് ചിരപരിചിതയെ പോലെ സംസാരിക്കുന്നതു.അവൾ അതിശയത്തോടെ നോക്കിനിന്നു .അയാൾ അവർ സംസാരിക്കുന്നതു കേട്ടു ഇരിക്കുകയായിരുന്നു.ഞങ്ങളും നിങ്ങളെ പോലെ തന്നെ .പ്രത്യേകിച്ച് ആരുമില്ല.ഞാനും മോനും മാത്രം.രാജീവൻ എന്നാണ് ഇവന്റെ പേര്. ടൗണിലെ ഒരു പലചരക്കുകടയിൽ കണക്കെഴുത്താണ് ജോലി.എൻറെ കാലം കഴിഞ്ഞാൽ ആരാ ഇവന് ഉള്ളത് ?വരുന്ന ധനു മാസത്തിൽമുപ്പത്തിനാല് തികയും. അതൊന്നും ഓർത്താൽ ഒരെത്തുംപിടിയും കിട്ടാറില്ല. അതിഥികൾക്കു കൊടുക്കാനായി ബിസ്ക്കറ്റും കദളിപ്പഴവും എടുത്തുവെക്കുകയായിരുന്നു അടുക്കളയിൽ രാധ അപ്പോൾ .ഇന്നലെ ഇതു വാങ്ങാൻ തോന്നിയത് നന്നായി.
ഇല്ലെങ്കിൽ ഒന്നും ഉണ്ടാവുമായിരുന്നില്ല കൊടുക്കാൻ, അവൾ ഓർത്തു.അമ്മക്ക് കുടിക്കാനായി വാങ്ങുന്ന പാലിൽനിന്നു കുറച്ചെടുത്തു ചായയിലേക്കു ഒഴിക്കാൻ തുടങ്ങുമ്പോൾ ആ അമ്മയുടെ സ്വരം വീണ്ടും അവളുടെ കാതിലെത്തി.'ഞാൻ പറയുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത് രാധയുടെ അമ്മ.മോളെ കണ്ടപ്പോഴേ ഈ ഒരു ആഗ്രഹം എനിക്കു തോന്നി.മോൾക്കും ഇരുപത്തിഒൻപതു വയസ്സ് തുടങ്ങി എന്നു അല്ലേ പറഞ്ഞത്. ഞങ്ങൾക്ക് ബന്ധുക്കൾ ആരുമില്ല. രാധമോൾക്കും അമ്മാവൻ മാത്രം ആണല്ലോ ഉള്ളത്. നിങ്ങൾക്ക് രണ്ടുപേർക്കും സമ്മതമാണെങ്കിൽ ഇവരുടെ വിവാഹം നമുക്കു നടത്തിക്കൂടേ.' ആ അമ്മയുടെ വാക്കുകൾ കേട്ടു രാധയുടെ അമ്മക്ക് ഒന്നും പറയാൻ സാധിച്ചില്ല. സന്തോഷം കൊണ്ടവർ പൊട്ടിക്കരഞ്ഞു.രാധയുടെ കണ്ണുകളും നനഞ്ഞിരുന്നു. കുറച്ചുനേരം കഴിഞ്ഞു ചായയുമായി വന്ന രാധയോട് ആ അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു .'മോളെ ഞങ്ങൾ നിങ്ങളുടെ വിവാഹം ഉറപ്പിക്കാൻ പോവുകയാ .ഇവന് ഇഷ്ടക്കേട് ഒന്നുല്ല .മോൾക്ക് എന്താ അഭിപ്രായം .'അവൾ താഴേക്കു നോക്കി പുഞ്ചിരിച്ചതേ ഉള്ളു .പിന്നെ അതേ പുഞ്ചിരിയോടെ ചായ അയാളുടെ നേരേ നീട്ടി .ചായ വാങ്ങിക്കൊണ്ടു അയാൾ ചോദിച്ചു .'എന്താപേര് ?'.അതുകേട്ട് പൊട്ടിച്ചിരിച്ചുപോയ അമ്മമാർക്കൊപ്പം രാധയും ചിരിച്ചുപോയി .ചായ കുടിച്ചുകൊണ്ടു ആ അമ്മ പറഞ്ഞു .'കേട്ടോ രാധയുടെഅമ്മേ എനിക്ക് പനി വന്നതും ഇവൻ ഇവളെ കണ്ടതും നമ്മൾ ഈ വിവാഹം തീരുമാനിച്ചതും ഒക്കെ ദൈവകല്പിതം തന്നെ ആണ് .നമുക്കു ആർഭാടങ്ങൾ ഒന്നും വേണ്ട അടുത്ത ഞായറാഴ്ച ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ചു ഇവരുടെ വിവാഹം.ഒരു നിർബന്ധം മാത്രം ഉണ്ടെനിക്ക് .വിവാഹത്തിന് ശേഷം രാധയുടെ അമ്മ ഞങ്ങളുടെ കൂടെ വന്നു താമസിക്കണം. നമ്മൾക്കു ടൗണിലുള്ള ഏതെങ്കിലും നല്ല ഒരു ഡോക്ടറെ കാണിച്ചു കാഴ്ച തിരിച്ചുവരുത്തണം.ഇതിനു എതിര് ഒന്നും പറയരുത്.'കുറച്ചു നേരം കൂടി സംസാരിച്ചിട്ടാണ് അവർ പോയത്.
അങ്ങിനെ ഞായറാഴ്ച ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ വെച്ചു രാജീവനും രാധയും വിവാഹിതരായി.അവരുടെ നിർബദ്ധം പോലെ രാധയുടെ അമ്മ അവർക്കൊപ്പം പോയി.
പിറ്റേ ദിവസം പാല് വാങ്ങാൻ ഇറങ്ങിയ രാജീവൻറെ കയ്യിൽ വലിയൊരു സ്റ്റീൽപാത്രമായിരുന്നു .കാരണം ഇനി മുതൽ നാലുപേർക്ക് ചായ ഉണ്ടാക്കാനുള്ള പാല് വേണമല്ലോ .

jalaja
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo