നാട്ടുകാർ എന്ത് വിചാരിക്കും?
ഉമാ രാജീവ്
ഉമാ രാജീവ്
പ്രസവത്തിനായി ലേബർ റൂമിലേക്ക് കൊണ്ടുപോകുമ്പോൾ ട്രോളിയിൽ കിടന്നുകൊണ്ട് ജാനകിയമ്മ തന്റെ പ്രിയതമനെ തന്നെ ശ്രദ്ധിച്ചുകൊണ്ട് കിടന്നു, വേദന കൂടിക്കൂടി വരുന്നുണ്ടെങ്കിലും ഒരു മൂളൽ പോലും ഉണ്ടാക്കാതെയാണ് ആശുപത്രി വരെ എത്തിയത്. ആ സമയം രാമൻ നായരുടെ ചുണ്ടുകൾ ആർക്കും കേൾക്കാനാവാത്ത വിധത്തിൽ എന്തോ പറഞ്ഞുകൊണ്ടിരുന്നു.
'കുഞ്ഞു പേടിക്കാതെ, ആസ്പത്രിയിൽ എത്തിക്കാൻ സാധിച്ചല്ലോ, നമ്മുടെ രാജം കൊച്ചാണ് ഇവിടത്തെ ഡോക്ടർ, ആ കൊച്ച് നോക്കിക്കോളും എല്ലാം' അങ്ങേതിലെ നാണിയമ്മ രാമൻ നായരോട് പറയുന്നതും കേട്ടാണ് ജാനകിയമ്മ ലേബർ മുറിയിലേക്ക് കടന്നത്.
'എടീ ജാനുവേ, ഒന്നിങ്ങോട്ടു വന്നേ, ദാണ്ടെ നമ്മുടെ പരമു വന്നിരിക്കുന്നു' അമ്മയുടെ നീട്ടിയുള്ള വിളി കേട്ടാണ് അയലത്തെ കുട്ടികളുമായി പാണ്ടി കളിച്ചുകൊണ്ടിരുന്ന ജാനകി വീട്ടിലേക്ക് ഓടിയെത്തിയത്.
അടുക്കള വഴി കയറി വീട്ടിന്റെ മുൻവശത്തോട്ടു ചെന്നപ്പോൾ പരമു മാമൻ കാപ്പി കുടിക്കുകയാണ്, തന്നെ കണ്ടതും മുൻവശത്തെ വികടമായ പല്ലുകൾ കാട്ടി പരമു മാമൻ ചിരിച്ചു.
'ഞാൻ എന്തിനാണ് വന്നിരിക്കുന്നതെന്ന് അറിയാമോ ജാനൂ? നെനക്കൊരു വലിയ സമ്മാനവുമായാ ഞാൻ വന്നേക്കണത്. നിന്നെ നമ്മുടെ തെക്കേതിലെ ശിവന്റെ അമ്പലത്തില് കഴിഞ്ഞ പ്രാവശ്യത്തെ ഉത്സവത്തിനു കണ്ടത് മുതൽ എന്നെ ഒരാള് വിടാതെ കൂടിയിരിക്കുകയാ. ആളുടെ പേര് രാമൻ നായർ. വലിയ കാശുകാരനാ, ഇഷ്ടം പോലെ പാടവും പറമ്പും ഒക്കെ സ്വന്തമായിട്ടുണ്ട്, ചോദിക്കാനും പറയാനുമാണെങ്കിൽ അയാൾക്ക് പ്രത്യേകിച്ച് ആരുമില്ല, അമ്മയുണ്ടായിരുന്നത് രണ്ടു കൊല്ലം മുമ്പ് കാശിക്കെന്നും പറഞ്ഞ് പോയതാ, മടക്കയാത്രയില്ലാ എന്ന് അന്നേ പറഞ്ഞിരുന്നു, എല്ലാം മോന്റെ പേരിൽ എഴുതിവച്ചിട്ടാ അവര് പോയത്'
പരമു മാമൻ രാമൻ നായരുടെ സമ്പത്തിനെക്കുറിച്ച് വർണിച്ചുകൊണ്ടേയിരുന്നു.
അമ്മയ്ക്കും അച്ഛനും പരശു മാമൻ പറഞ്ഞ കാര്യങ്ങൾ നന്നേ ബോധിച്ചു.
അല്ലേലും സ്വന്തം വാചകക്കസർത്തു കൊണ്ട് ആൾക്കാരെ വശത്താക്കാൻ പരമു മാമനുള്ള കഴിവ് ഈ ദേശത്തു ആർക്കും തന്നെയില്ല, ഈ ദേശത്തെ ഒരേ ഒരു ദല്ലാളാണ് പരമു മാമൻ, എല്ലാവരും അയാളെ പരമു മാമൻ എന്നാണു വിളിച്ചിരുന്നത്. ജാനകി അവരുടെ ബാക്കിയുള്ള സംഭാഷണങ്ങൾക്ക് കാതോർത്തു കൊണ്ടിരുന്നു.
'അതേ, പരമു, ഈ രാമൻ നായർ വലിയ കാശുകാരനല്ലേ, ഞങ്ങടെ കയ്യില് ആ കൊച്ചന് കൊടുക്കാൻ തക്കവണ്ണം സ്ത്രീധനമൊന്നും ഇല്ല, ഞങ്ങള് കൃഷി ചെയ്തു ജീവിക്കുന്ന സാധാരണക്കാരാ, നെനക്കറിയാല്ലോ' അത് അച്ഛന്റെ വകയാണ്.
'എന്റെ കേശവേട്ടാ, അതിന് നിങ്ങളോടാരാ പൊന്നും പണ്ടവും ചോദിച്ചേ? ഇങ്ങടെ മോളെ നാലാളറിയെ ആ കയ്യിലേക്കൊന്നു കൈപിടിച്ചു കൊടുത്താൽ മാത്രം മതി'
'കേട്ടോ ജാനകിയേ, ഞാൻ നോക്കിയപ്പോൾ വേറെ ഒരു കാര്യോം കൂടിയുണ്ട് ഇതിൽ. നിന്റെ പേര് ജാനകി, നിന്നെപ്പറ്റി എന്നോട് പറഞ്ഞ അയാളുടെ പേരോ രാമൻ നായർ, സാക്ഷാൽ സീതാദേവീം ശ്രീരാമനും പോലെ', പിന്നെ ചെറുക്കൻ നല്ല വാചകക്കസർത്തുള്ളവനാ, അല്ല, അതങ്ങനെത്തന്നെയല്ലേ വേണ്ടത്?' പറഞ്ഞുകൊണ്ട് പരമു മാമൻ നിർത്താതെ ചിരിച്ചു, ചിരിയിൽ അച്ഛനും അമ്മയും കൂടി ചേർന്നപ്പോൾ കൂട്ടച്ചിരിയായി.
ഇപ്പൊ ഇപ്പൊ ജാനകിക്കും ചെറുതായി നാണം വന്നുതുടങ്ങിയിരുന്നു.
'പരമു, എന്തായാലും വരണ ബുധനാഴ്ച നീയ്യ് ചെറുക്കനെയും കൂട്ടി ഇങ്ങട് വാ. അപ്പൊ നമുക്ക് ബാക്കി തീരുമാനിക്കാം' ഞങ്ങളുടെ പറമ്പിൽ കായ്ച്ച തേൻ വരിക്ക ചക്ക ഇറുത്തത് പരമു മാമന് കഴിക്കാനായി അമ്മ കൊണ്ട് വച്ചിട്ടുണ്ടായിരുന്നു, അച്ഛന്റെ വാക്കുകൾ കേട്ടതും മാമൻ ഉത്തരം പറയാനായി തന്റെ വായിൽ കുത്തിനിറച്ച ചക്കപ്പഴങ്ങൾ ഇറക്കാൻ പാടുപെടുകയായിരുന്നു.
മാമന്റെ കണ്ണുകൾ പുറത്തോട്ടു തള്ളുന്നത് കണ്ടപ്പോൾ കഥകളിലൊക്കെ കേട്ടിട്ടുള്ള തുറിച്ച കണ്ണുകളുള്ള രാക്ഷസനെയാണ് ജാനകിക്ക് ഓർമ്മ വന്നത്.
' ഓഹ്, ആയിക്കോട്ടെ, ഞാൻ ബുധനാഴ്ച തന്നെ ചെക്കനേയും കൂട്ടി വരാം, ചേച്ചിയേ, ഒരു ചെറിയ വാഴയിലകഷണം കിട്ടുവോ? നല്ല രുചിയുള്ള ചക്ക, നമ്മടെ പെമ്പ്രന്നോത്തിക്ക് കൊടുക്കാനാ'
അമ്മ വാഴയില കൊണ്ട് കൊടുത്തു, പരമു മാമൻ അത് പൊതിഞ്ഞു കൊണ്ടുപോകുന്നത്കണ്ടപ്പോൾ കൊതി സഹിക്കാൻ വയ്യാതെ ജാനകി അടുക്കളയിൽ ചെന്ന് ഒരു ചക്കപ്പഴം എടുത്ത് കഴിച്ചു.
അമ്മ വാഴയില കൊണ്ട് കൊടുത്തു, പരമു മാമൻ അത് പൊതിഞ്ഞു കൊണ്ടുപോകുന്നത്കണ്ടപ്പോൾ കൊതി സഹിക്കാൻ വയ്യാതെ ജാനകി അടുക്കളയിൽ ചെന്ന് ഒരു ചക്കപ്പഴം എടുത്ത് കഴിച്ചു.
പിന്നീടുള്ള കാര്യങ്ങളൊക്കെ തകൃതിയായിത്തന്നെ നടന്നു. ചെക്കനും അകന്ന ബന്ധത്തിലുള്ള ഒരു അമ്മാവനും ഒക്കെയായി വന്നു പെണ്ണുകാണൽ ചടങ്ങ് ഭംഗിയാക്കി, തീയതിയും നിശ്ചയിച്ചിട്ടാണ് പോയത്.
അങ്ങനെ ജാനകിയുടെയും രാമൻ നായരുടെയും വിവാഹം കഴിഞ്ഞു.
ആദ്യരാതിയിൽ ജാനകി മുറിയിലേക്ക് ചെല്ലുമ്പോൾ എന്തോ പിറുപിറുത്തുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന രാമൻ നായരെയാണ് കണ്ടത്.
ജാനകിയെക്കണ്ടതും വായിൽ ചവച്ചുകൊണ്ടിരുന്ന വെറ്റിലക്കൂട്ട് ജനാല വഴി പുറത്തേക്ക് തുപ്പിയിട്ട് ചുവന്ന കറയുള്ള ചുണ്ടുകളോടെ രാമൻ നായർ ചിരിച്ചു.
ജാനകിയെ അടുത്ത് പിടിച്ചിരുത്തി പറഞ്ഞു 'ജാനകിയേ, നെന്നെ അന്ന് ആ പൂരത്തിന് കണ്ടപ്പോൾ മുതൽ എനിക്ക് ഉറക്കം തീരെ വന്നിട്ടില്ല, അതാ ഞാൻ പിടിച്ച കയ്യോടെ ആ പരമുവിനെ അങ്ങോട്ടയച്ചത്. ഇനി മുതൽ നീയാണ് ഈ വീട്ടിലെ കാര്യസ്ഥ, അതുകൊണ്ടു തന്നെ നിന്റെ നടപ്പും നീയണിയുന്ന ആഭരണങ്ങളും അതുപോലെയുള്ളതായിരിക്കണം, അല്ലേൽ നാട്ടുകാരെന്താ വിചാരിക്ക്യ?'
ആ നിമിഷം ജാനകിക്ക് തന്റെ മുന്നിൽ നിൽക്കുന്നത് സാക്ഷാൽ ഭഗവാൻ ശ്രീരാമനാണോ എന്ന് തോന്നിപ്പോയി, രാമൻനായരെ കിരീടമൊക്കെ വച്ച ഒരു രൂപത്തിൽ സങ്കല്പിച്ചു നോക്കി ജാനകി. ഭഗവാനേ, ആ പരമു മാമന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, പരമുവിനെയും മനസ്സിൽ ഒരു മാലാഖയുടെ രൂപത്തിലാണ് ജാനകി കണ്ടത്, പരമു ചിരിക്കുമ്പോൾ ആ വികടമായ പല്ലുകൾ മാമന് ഭംഗി കൂട്ടുന്നതായും അവൾക്ക് തോന്നി.
ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഏതു കാര്യത്തിനും നാട്ടുകാർ എന്തുവിചാരിക്കും എന്നുള്ള രാമൻ നായരുടെ ചിന്ത ആദ്യമൊക്കെ മതിപ്പുളവാക്കിയെങ്കിലും പിന്നെ പിന്നെ ജാനകിക്ക് അരോചകമാകാൻ തുടങ്ങി.
എപ്പോഴും ചുണ്ടുകൾക്ക് കാര്യമായ വിശ്രമം കൊടുക്കാതിരിക്കാൻ രാമൻ നായർ ശ്രദ്ധിച്ചിരുന്നു. ഏതു കാര്യത്തിലും അഭിപ്രായങ്ങൾ പറഞ്ഞിരുന്ന രാമൻ നായർ സ്വതവേ ഒരു ബുദ്ധിമാൻ എന്നാണ് ധരിച്ചിരുന്നത്.
ആ ദേശത്തെ കാശിനു കുറവുണ്ടായിരുന്ന എല്ലാവരും അത് സമ്മതിച്ചുകൊടുക്കുകയും ചെയ്തിരുന്നു.
പക്ഷെ, ഏതു നേരവുമുള്ള എല്ലാത്തിലുമുള്ള കുറ്റം പറച്ചിലും, സ്ഥാനത്തും അസ്ഥാനത്തും ഉള്ള ആ ചിരിയും ജാനകിയിൽ വെറുപ്പാണ് ഉളവാക്കിയത്. രാമൻ നായരുടെ അമ്മയുടെ ഒരു ചിത്രം വീട്ടിൽ ഉണ്ടായിരുന്നു. ഒരു ദിവസം ആരും കാണാതെ ആ ചിത്രത്തിൽ നോക്കി ജാനകി പതുക്കെ ചോദിച്ചു "അമ്മേ, നിങ്ങള് മകന്റെ ഈ എപ്പോഴുമുള്ള മുറുമുറുപ്പ് സഹിക്കാൻ കഴിയാതെ രക്ഷപ്പെട്ടതാണോ".
ഒരു പ്രാവശ്യം ഒരു നൂലുകെട്ടിന് ജാനകിയേയും കൂട്ടി പോയ രാമൻ നായർ അവിടെയുണ്ടായിരുന്ന ഒരാളോട് സ്വകാര്യമായി പറയുന്നത് ജാനകി കേൾക്കാനിടയായി.
'എന്റെ വാമഭാഗത്തിന് വീട്ടിലെ കാര്യം തീരെ കഷ്ടാണ്, പിന്നെ എന്റെ കൂടെ വന്നിട്ടാ ഓള് മൂന്നു നേരോം അരിയാഹാരം കഴിച്ചുതുടങ്ങിയെ, ഞാൻ അന്ന് പൂരത്തിന് കണ്ടപ്പോ എല്ലും തോലുമായുള്ളൊരു കോലമായിരുന്നു ഇത്? നമ്മുടെ നാട്ടില് ഒരു കുട്ടി അതും കല്യാണപ്രായം തികഞ്ഞു നിൽക്കണ കുട്ടി, അതിനെ ഇങ്ങനെ കണ്ടപ്പോ ഇക്ക് സഹിച്ചില്ല, അതാ ഞാനതിനെ ഇങ്ങു വേളി കഴിച്ചു കൊണ്ടുപോന്നെ! നമ്മളൊക്കെ ഇവിടുള്ളപ്പോൾ ഈ ഒരു ത്യാഗമെങ്കിലും ചെയ്യണ്ടേ? അല്ലെങ്കിൽ നാട്ടുകാർ എന്താ വിചാരിക്കുക നമ്മളെക്കുറിച്ച്'
ഇതൊക്കെ കേട്ട ജാനകി നിറഞ്ഞ കണ്ണുകൾ തുടയ്ക്കാൻ നന്നേ പ്രയാസപ്പെട്ടു. കൂടുതൽ കേൾക്കാൻ ശേഷിയില്ലാത്തതിനാൽ ജാനകി കുറച്ചുമാറി ഒരു കസേരയിൽ ചെന്നിരുന്നു.
കുറച്ചുകഴിഞ്ഞപ്പോൾ രാമൻ നായർ അങ്ങോട്ട് വന്നു. 'ജാനകിയേ' എന്നുള്ള നീട്ടിയുള്ള വിളി കേട്ട് നിറകണ്ണുകളോടെ ജാനകി നോക്കി.
"ഹായ്, നീയെന്തിനാ കരയണേ, എന്തേലും കുഴപ്പം ഉണ്ടോ? എന്തായാലും കണ്ണ് തുടയ്ക്ക്, വീട്ടിൽ ചെന്നിട്ട് നമുക്ക് സംസാരിക്കാം, നാട്ടുകാര് കണ്ടാൽ എന്താ വിചാരിക്കുക"
പോകുന്ന വഴിയിൽ 'എനിക്കെന്റെ വീട് വരെ പോണം' എന്ന് മാത്രം പറഞ്ഞു ജാനകി.
രാമൻ നായർ തന്നെ വീട്ടിൽ കൊണ്ടുചെന്നാക്കി, അവരെ കണ്ടതും അച്ഛൻ ഓടി വന്നു ഉമ്മറത്തെ കസേര ഒന്നുകൂടി തുടച്ച് മരുമകനെ സൽക്കരിച്ചു.
'ജാനകിക്ക് രണ്ടു ദിവസം ഇവിടെ നിൽക്കണമെന്ന്, ഞാൻ മറ്റന്നാൾ ഇങ്ങട് വരാം' അതും പറഞ്ഞ് രാമൻ നായർ ഇറങ്ങി.
ജാനകി താൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾ അമ്മയോടും അച്ഛനോടും പറഞ്ഞു. പക്ഷെ അവർ അത് കാര്യമായി എടുത്തതേ ഇല്ല, മാത്രമല്ല മകളെ ഉപദേശിക്കുകയും ചെയ്തു.
'ആ മോൻ പറഞ്ഞത് സത്യമല്ലേ, നിനക്കിപ്പോ അവിടെ ഒന്നിനും ഒരു കുറവുമില്ലല്ലോ, അത് നിന്നെക്കാണുമ്പോൾ അറിയാനും ഉണ്ട്, ചിലർ അങ്ങനെയാ, നമ്മള് ചിലതൊക്കെ കണ്ടില്ല കേട്ടില്ല എന്നും പറഞ്ഞു ഇരുന്നാൽ നമുക്ക് തന്നെയാ നല്ലത്.'
ആരോടും പറഞ്ഞിട്ട് ഒരു ഫലമില്ലെന്നു ജാനകിക്ക് മനസ്സിലായി. വീട്ടിൽ വന്ന അന്ന് തന്നെ ഒരു ഛർദിയും തലകറക്കവുമൊക്കെ അനുഭവപ്പെട്ടിരുന്നു ജാനകിക്ക്.
പിന്നീട് മനസ്സിലായി താൻ ഒരു അമ്മയാകാൻ പോകുന്നു. അവൾ ആ സന്തോഷവാർത്ത ആദ്യം രാമൻ നായരെ തന്നെ അറിയിച്ചു. രാമൻ നായർ പറഞ്ഞു "ഈ ജനിക്കുന്ന കുഞ്ഞിന്റെ എല്ലാ ചടങ്ങുകളും നമുക്ക് ഭംഗിയായി നടത്തണം, അല്ലേൽ നാട്ടുകാർ എന്താ വിചാരിക്കുക?'
വീട്ടിൽ വച്ച് പ്രസവ വേദന തുടങ്ങി ഒന്ന് ചെറുതായി മുരടനാക്കാൻ തുടങ്ങിയപ്പോൾ തന്നെ വന്നു രാമൻ നായരുടെ വക " വെറുതെ ഒച്ചയുണ്ടാക്കേണ്ട, ഇങ്ങനെ കിടന്നു വിളിച്ചാൽ നാട്ടുകാർ എന്താ വിചാരിക്കുക"
ലേബർ റൂമിൽ കിടന്നു പ്രസവിച്ച ജാനകി കുഞ്ഞിന്റെ കരച്ചിൽ കേട്ട നിമിഷം തന്നെ ഭഗവാനോട് പ്രാർത്ഥിച്ചു ' ഇവനെങ്കിലും നാട്ടുകാർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ ജീവിക്കണേ'.
കുഞ്ഞിന്റെ വൃത്തിയാക്കി പുറത്തുകൊണ്ടുവന്നു രാമൻ നായരുടെ കയ്യിൽ കൊടുത്ത ശേഷം രാജം ഡോക്ടർ പറഞ്ഞു ' കൊച്ചു രാമനാണ്'.
ജാനകി ആഗ്രഹിച്ചതുപോലെ തന്നെ കൊച്ചു രാമൻ ഒരു കാര്യത്തിലും നാട്ടുകാരെ പേടിക്കാതെ വളർന്നു വന്നു.
അപ്പോഴേക്കും രാമൻ നായർക്ക് വയസ്സായി എഴുന്നേൽക്കാൻ പോലും, കഴിയാതെ മരണത്തെയും കാത്തു കിടക്കുകയാണ്, നോക്കുമ്പോൾ മകൻ പറമ്പിലെ മൂവാണ്ടൻ മാവ് വെട്ടിയിടുകയാണ്, ഇതെന്തിനാപ്പൊ? രാമൻ നായർ കിടന്ന കിടപ്പിൽ മകനെ അടുത്ത് വിളിച്ചു ചോദിച്ചു.
കൊച്ചു രാമൻ പറഞ്ഞു " അച്ഛാ, അച്ഛൻ വല്ലതും പെട്ടെന്ന് മരിച്ചുപോയാൽ ദഹിപ്പിക്കാനുള്ള വിറകൊക്കെ ഒരുക്കി വക്കണ്ടേ? അല്ലേൽ നാട്ടുകാർ എന്താ വിചാരിക്കുക!
uma

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക