Slider

വേരുകള്‍ (ചെറുകഥ)

0
വേരുകള്‍ (ചെറുകഥ)
************************
ആ ഇടവഴി അവസാനിക്കുന്നത് അമ്മിണിയേടത്തിടെ വീടിന് മുന്നിലാണ്..... ഒരാള്‍ പൊക്കത്തിലുള്ള രണ്ട് മണ്ണ് കിളകള്‍ക്ക് നടുവിലൂടെ നീണ്ടുപോകുന്ന ആ ഒറ്റയടിപ്പാത മാത്രമാണ് ഇന്നും ആ ഗ്രാമത്തില്‍ വികസനത്തിന്‍റെ യന്ത്ര കൈകള്‍ കടന്ന് ചെല്ലാത്ത ഏക ഇടം..........
മുക്കുറ്റിയും, കീഴാര്‍നെല്ലിയും, വള്ളിത്തണ്ടും പിന്നെയും പേരറിയാത്ത മറ്റനേകം ചെറുസസ്യങ്ങള്‍ തിങ്ങി വളര്‍ന്ന ആ മണ്ണ് തിട്ടകള്‍ക്ക് അമ്മിണിയേടത്തിടെ റൗക്കേടെ നിറാ....., ഇളം പച്ച നിറം.
അമ്മിണിയേടത്തി നാട്ടില്‍ അടിച്ച്തളിക്കാരി അമ്മിണി, കറവക്കാരി അമ്മിണി, തെക്കേതിലെ അമ്മിണി, അങ്ങനെ പല പേരുകളിലും അറിയപ്പെട്ടു........
ഒരു വീടിന്‍റെയും ഉമ്മറത്ത് അമ്മിണിയേടത്തിയെ കാണാന്‍ കിട്ടില്ല്യാ...........! കല്ല്യാണ വീട്ടിന്‍റെയും, മരണ വീടിന്റെയും പിന്നാമ്പുറങ്ങളില്‍ അക്ഷീണം ജോലി ചെയ്യുന്ന അമ്മിണിയേടത്തിനെ കാണാം......
അമ്മണിയേടത്തിടവിടെ പൈക്കള്ണ്ട് ....... ഒരു മാസം മുമ്പാ കറുമ്പി പെറ്റെ..... ചാരനിറത്തില്‍ വെള്ളപ്പുള്ള്യോളുള്ള ഒരു കിടാവ്...... അതിനെ കാണാന്‍ മമ്പള്ളിയിലെ കുട്ട്യോള്ടെ കൂട്ടത്തില്‍ ദാസനും പോയിരുന്നു....... അതിന്‍റെ വിശേഷങ്ങള്‍ അമ്മയോട് പറയുകയായിരുന്നു ദാസന്‍.
''ഇനി ആ അസത്ത് അമ്മിണിടെ അട്ത്ത് പോയിന്ന് ഞാനറിഞ്ഞാ... മണ്ടയ്ക്ക് നല്ല കിഴ്ക്ക് വച്ചുതരും നിനക്ക്.....''
ദാസന്‍ കഞ്ഞികുടിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.......
''ന്നാലും അമ്മിണിയേടത്തിടെ കാര്യം പറേമ്പം മാത്രന്താ ഈ അമ്മയ്ക്ക് ഇത്ര ദേഷ്യം....''
'' അമ്മയ്ക്ക് മാത്രല്ലാ... വല്യമ്മയ്ക്കും, നാണു നായര്‍ക്കും അങ്ങനെ ഈ ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കുണ്ട്....''
ഒരിക്കല്‍ അതിന്‍റെ കാരണം ദാസന്‍ വെളുത്തേടത്തെ പെണ്ണിനോട് ചോദിച്ചു.
'' അവര് ചീത്ത സ്ത്രീയ...''
''ന്ന് വച്ചാ.........?''
''ചീത്ത വഴിക്ക് നടക്കണ ആള്........ ''
'' അതൊന്നും പറഞ്ഞാ കുട്ടിക്കിപ്പോ മനസ്സിലാവില്ല്യാ......'' ''മനസ്സിലാവണ ഒരു കാലം വരും......''
പെണ്ണ് പറഞ്ഞതൊന്നും ദാസന് മനസ്സിലായില്ല.... മച്ചിലെ ഭഗവതിക്ക് മുന്നില്‍ കത്തിച്ചു വെച്ച കെടാവിളക്ക് പോലെ ആ വാക്കുകള്‍ അവന്‍റെയുള്ളില്‍ നിറഞ്ഞ് കത്തി.......
പിന്നീട് എപ്പോഴാണ് അവന്‍ അമ്മിണിയേടത്തിയെക്കുറിച്ച് അറിയാന്‍ തുടങ്ങിയത്........? ഒര്‍മ്മയില്ല........!
''ആളുകളെ ആകര്‍ഷിക്കാന്‍ സുന്ദരിയായിരിക്കണ്ടേ........? ''
അമ്മിണിയേടത്തി ഒരു സുന്ദരിയായിരുന്നില്ല...
കറുപ്പിനോട് അടുത്തതും എന്നാല്‍ കറുപ്പല്ലാത്ത നിറം. കഴുത്തിന്റെ ഇടത് ഭാഗത്ത് ചെമ്പരത്തി ഇതളിന്‍റെ വലുപ്പത്തില്‍ ഒരു കാക്കപ്പുള്ളിയുണ്ട്... പശുവിന്‍റെ ആലയുടെയും, അരിഞ്ഞുവെച്ച പച്ചപ്പുല്ലിന്‍റെയും ഗന്ധമാണ് അമ്മിണിയേടത്തിക്ക്... അവരെക്കാള്‍ സുന്ദരികള്‍ അന്നാ ഗ്രാമത്തില്‍ ജീവിച്ചിരുന്നു.... എന്നാല്‍ ദാസന്‍റെ കണ്ണില്‍ അവര്‍ സുന്ദരിയാണ്... അവന്‍റെ അമ്മയെക്കാളും.....
അമ്മയുടെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ ദാസന്‍ അമ്മിണിയേടത്തിയെ കണ്ടു... അവര്‍ പുല്ലരിയുന്നതും നോക്കി ദാസന്‍ പാടവരമ്പത്ത് നിന്നു.... അമ്മിണിയേടത്തടെ പുല്ലരിയലിന് ഒരു താളമുണ്ട്... ആ താളത്തിനനുസരിച്ച് അവരുടെ കഴുത്തിലെ വെള്ളി ഏലസ്സിന്‍റെ ചാഞ്ചാട്ടം കണ്ടിരിക്കാന്‍ നല്ല ശേലാണ് .
അമ്മിണിയേടത്തിക്ക് എപ്പോഴും എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കണം... പുല്ലരിയുമ്പോ മാത്രമല്ലാ.... മുറ്റമടിക്കുമ്പോഴും, പാത്രം മോറുമ്പോഴും, തുണി അലക്കുമ്പോഴും അങ്ങനെ എല്ലായ്പ്പോഴും അവര്‍ എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരുന്നു.... ചിലപ്പോഴൊക്കെ അവരെ കുറിച്ചും......
വിവാഹം കഴിക്കാനും, കുഞ്ഞുങ്ങളെ പ്രസവിക്കാനും, ഗുരുവായൂരപ്പനെ തൊഴാനും, വടക്കുംനാഥന്റെ അമ്പലത്തില്‍ ഉത്സവം കൂടാനും, കണ്‍മഷിയും, വളയും വാങ്ങി ധരിക്കാനും അവര്‍ ആഗ്രഹിച്ചിരുന്നു....
'' ഒന്നും നടക്കില്ല്യ കുട്ട്യേ..........'' അമ്മിണിയേടത്തിക്ക് അതിനൊന്നുള്ള യോഗം ഈ ജന്മത്തി ദൈവം തന്നിട്ടില്ല്യാ....''
ഗ്രാമത്തില്‍ പ്രചരിച്ചുകൊണ്ടിരുന്ന അസഖ്യം യക്ഷി കഥകളുടെയും, കെട്ടുകഥകളുടെയും കുട്ടത്തില്‍ ഒന്ന് മാത്രമായിരുന്നു അമ്മിണിയേടത്തിയും, അവരുടെ ജീവിതവും..... എല്ലില്ലാതെ പോയ നാക്കുകളുടെ ഇര..... പരിഹാസത്തിന്റെയും, അവഗണനയുടെയും ഇടുങ്ങിയ ഒറ്റയടിപ്പാതയിലൂടെ ഏകയും നിരലംബയുമായി നടക്കേണ്ടിവന്നവള്‍.....
കുറുപ്പ് മാഷ് നീട്ടിയ ആധാരകെട്ടുകള്‍ ദാസന്‍ വാങ്ങി...
''നിനക്ക് തരാന്‍ എല്‍പ്പിച്ചതാ.....''
''ഞാന്‍ പറഞ്ഞതാ വേണ്ടാന്ന്.... അല്ലേലും നിനക്കെന്തിനാ..... ഈ കുഗ്രാമത്തില്‍ ആറ്
സെന്റ് സ്ഥലവും പൊളിഞ്ഞു വീഴാറായ ഈ വീടും....''
വായിലുള്ള മുറുക്കാന്‍ മുറ്റത്തേക്ക് നീട്ടിത്തുപ്പി അയള്‍ തുടര്‍ന്നു.....
''അങ്ങനെ കറവക്കാരി അമ്മിണിയും ചത്തു.....''
''മരണപ്പെട്ടവര്‍ക്കെല്ലാം സാക്ഷാത്്കരിക്കാന്‍ ബാക്കിയുള്ള ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടാവും അല്ലേ മാഷേ..?''
കുറുപ്പ് മാഷ് പല്ലിനിടയിലും കീഴ്ചുണ്ടിനടിയിലും പറ്റിപ്പിടിച്ച വെറ്റില അവശിഷ്ടങ്ങള്‍ നാവുകൊണ്ടെടുക്കാന്‍ മുഖം വക്രിച്ചു......
വക്കീല് പഠനത്തിന് മദ്രാസില്‍ പോകുന്നതിന്‍റെ അന്നാണ് ദാസന്‍ അമ്മിണിയേടത്തിയെ അവസാനമായി കണ്ടത്...അമ്പലത്തിന് മുന്നിലുള്ള വളവ് തിരിയുന്നത് വരെ അവര്‍ ദാസനെ നോക്കിനിന്നു.....
ചിലരെ സ്നേഹിക്കാനും പരിഗണിക്കാനും ഒരുപാട് അവസരങ്ങള്‍ അനാദിയായ കാലം നമുക്ക് തരും...... പിന്നീട് നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ച്
വൃഥാ ചിന്തിച്ച് പരിതപിക്കുവാനും ജീവിതത്തില്‍ ഒരേടുണ്ട്....
ജനനം മുതല്‍ മരണം വരെയുള്ള ജീവിത യാത്രയിലുടനീളം ഒരു വിരല്‍ സ്പര്‍ശം ആഗ്രഹിക്കുന്നവനാണ് മനുഷ്യന്‍ .... അച്ഛനായും, അമ്മയായും, സുഹൃത്തായും, പങ്കാളിയയും അങ്ങനെ പേരെടുത്ത് പറയുന്ന ബന്ധങ്ങള്‍ക്കിടയില്‍ അമ്മിണിയേടത്തിയെ പോലെ ചിലരും..... നമ്മുടെ വളര്‍ച്ചയ്ക്ക് ജലവും ലവണവും പ്രദാനം ചെയ്ത, നാം അറിയാതെപോയ നമ്മുടെ വേരുകള്‍.......
(ദിനേനന്‍ )

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo