'എട്ടാ, വീട് വെള്ള പൂശാന്‍ ആളെത്തീട്ടുണ്ട്, ഏട്ടന്‍ വേഗം വന്നില്ലെങ്കില്‍ ഏട്ടന്‍റെ കട്ടിലിന്‍റെ ചോട്ടിലുള്ള ഭാണ്ഡ കെട്ടെല്ലാം കൂടി ഞാന്‍ പുറത്തേക്കിട്ട് കത്തിക്കും'
അനിയത്തി ഫോണിലൂടെ പറഞ്ഞത് കേട്ടപ്പോള്‍ കലുങ്കിന്‍റെ മുകളില്‍ കുത്തിയിരിക്കുകയായിരുന്ന ഞാന്‍ ചാടിയെണീറ്റു .
'എന്‍റെ മുറിയിലെ എന്തെങ്കിലും സാധനത്തില്‍ തൊട്ടാല്‍ അന്ന് നിന്‍റെ അന്ത്യമാണെടി' എന്നും പറഞ്ഞ് ഫോണ്‍ കട്ടാക്കി ഞാന്‍ വീട്ടിലേക്കോടി.
അച്ഛന്‍റെ മുറിയിലെ കട്ടിലും, അലമാരയും, പഴയ ഇരുമ്പ് പെട്ടിയും, അടുക്കളയിലെ മേശയും, പത്ര കെട്ടും, പുല്‍പ്പായയും പണിക്കാര് പുറത്തേക്കെടുത്ത് വച്ചിട്ടുണ്ട്.
എന്നെ കണ്ടതും പണിക്കാരന്‍ ശിവദാസേട്ടന്‍ പറഞ്ഞു, നിന്‍റെ മുറിയിലത്തെ സാധനമൊക്കെ വേഗമൊന്ന് മാറ്റി തന്നാല്‍ പണി അവിടുന്നങ്ങട്ട് തുടങ്ങാമായിരുന്നെന്ന് .
ഞാന്‍ മുറിയിലേക്ക് കയറുമ്പോള്‍ അനിയത്തി ഒരു ചൂലും പിടിച്ച് തൂത്തു വാരാന്‍ തയ്യാറായി നില്‍പ്പുണ്ടായിരുന്നു.
എന്നെ കണ്ടതും 'ഹും' എന്ന് പറഞ്ഞവള്‍ മുഖം തിരിച്ചു.
അവളുടെ തലമണ്ടക്കിട്ടൊന്ന് കൊട്ടാന്‍ കൈ തരിച്ചെങ്കിലും പണിക്കാര് നോക്കി നില്‍ക്കുന്നത് കൊണ്ട് ഞാനത് ചെയ്തില്ല.
മുറിയിലേക്ക് കടന്ന് വാതിലടച്ച് ഞാന്‍ കട്ടിലിനടിയിലേക്ക് തലയിട്ടു.
എന്‍റെ ബാല്ല്യവും കൗമാരവും അവിടെ രണ്ട് സഞ്ചികളില്‍ ഭദ്രമായി ഇരിപ്പുണ്ടായിരുന്നു....!
വാത്സല്ല്യത്തോടെ രണ്ട് സഞ്ചിയും പുറത്തേക്ക് വലിച്ചെടുത്തു ഞാനെണീറ്റ് വാതില്‍ തുറന്നു.
മുറിക്കുള്ളില്‍ ഞാനെന്തെടുക്കുകയാണെന്ന ആകാംഷയില്‍ അമ്മയും, അനിയത്തിയും, പണിക്കാരും പുറത്ത് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
സഞ്ചിയുമായി എന്നെ കണ്ടതും അമ്മ ഒരു ചോദ്യം, കത്തിക്കാനാണല്ലേ, നന്നായി,ഞാനത് പറയാനിരുന്നതാ,നീയതാ വിറകുപുരയിലേക്കിട്ടേക്ക് എന്ന്.
എന്‍റെ നെഞ്ചൊന്ന് പിടഞ്ഞു.
വേദനയോടെ ഞാന്‍ ചോദിച്ചു,
'നിങ്ങള്‍ക്കാര്‍ക്കും ഒരു നുള്ളു പോലും ആ സാധനം ഇല്ലേ ' എന്ന് .
എല്ലാവരും നിശബ്ദരായി .
അമ്മ ആകാംഷയോടെ എന്‍റെ കണ്ണിലേക്ക് നോക്കി ചോദിച്ചു ,
'എന്ത് സാധനം' ?
'നൊസ്റ്റാള്‍ജിയ' എന്ന് ഞാന്‍ തല താഴ്ത്തി മെല്ലെ പറഞ്ഞു .
പറഞ്ഞത് മനസ്സിലാവാതെ അമ്മ ഒന്നൂടെ ഉറക്കെ ചോദിച്ചു, എന്ത് സാധനം ന്നാ പറഞ്ഞത് ?
'നൊസ്റ്റാള്‍ജിയ' എന്ന് ഞാന്‍ തലയുയര്‍ത്തി നാല് ദിക്കും നടുങ്ങുമാറ് പറഞ്ഞു.
അമ്മയും പണിക്കാരും അന്തം വിട്ട് എന്നെ നോക്കിയപ്പോള്‍ അനിയത്തീടെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു.
അമ്മയുടെ കണ്ണ് നിറഞ്ഞു. താഴത്തും തലയിലും വെക്കാതെ നോക്കിയ ചെക്കനിപ്പോ പറയണത് കേട്ടില്ലേന്നും പറഞ്ഞ് അമ്മ സാരിതലപ്പ് കൊണ്ട് മൂക്ക് ചീറ്റി തുടച്ചു.
ഇങ്ങനെയൊന്നും ഒരു അമ്മമാരോടും പറയരുത് മക്കളെ എന്ന ഭാവത്തില്‍ ശിവദാസേട്ടന്‍ എന്നെ നോക്കി.
ഇതെല്ലാം കണ്ട് ചിരിയടക്കാന്‍ പാടുപെട്ട അനിയത്തിക്ക് മുന്നിലൂടെ ഞാന്‍ മുറ്റത്തേക്കിറങ്ങി.
എന്‍റെ ഇടത്തെ കയ്യില്‍ ബാല്ല്യത്തിന്‍റെ സഞ്ചിയും വലത്തേ കയ്യില്‍ കൗമാരത്തിന്‍റെ സഞ്ചിയും ഭദ്രമായിരുന്നു.
നേരെ പടിഞ്ഞാറെ അതിരിലെ വയല്‍വരമ്പത്തുള്ള മൂവാണ്ടന്‍ മാവിന്‍റെ ചോട്ടിലേക്ക് നടന്നു.
അവിടെ കുത്തിയിരുന്നു. വയലില്‍ നിന്ന് ഇളം കാറ്റ് വീശുന്നുണ്ടായിരുന്നു. കണ്ണെത്താ ദൂരത്തോളം നീണ്ടു കിടന്ന വയലായിരുന്നു . മണ്ണിട്ട് തൂര്‍ത്ത് ഈ കാണുന്ന ചെറിയൊരു ഭാഗം മാത്രം ബാക്കിയായി.
ചിന്തകളിങ്ങനെ പുറകിലേക്ക് പോയപ്പോഴാണ് ബാല്ല്യത്തിന്‍റെ സഞ്ചിയില്‍ നിന്ന് രണ്ട് കൂറകള്‍ പുറത്തേക്കിറങ്ങി ഓടുന്നത് കണ്ടത്.
ഞാനെന്‍റെ ബാല്ല്യത്തെ മടിയിലേക്കെടുത്തു. ഓരോന്നായി പുറത്തെടുത്ത് തുറന്ന് നോക്കി.
ബാലരമയും, പൂമ്പാറ്റയും, ബാല മംഗളവും, അമര്‍ചിത്ര കഥയും, ബോബനും മോളിയും....!
കുട്ടൂസനും ഡാകിനിയും എന്നെ നോക്കി പരിചയ ഭാവം കാണിച്ചു. കയ്യില്‍ ആ പഴയ കുപ്പിയുണ്ട്.
മുത്തുവും വിക്രമനും ഗൗരവത്തില്‍ തന്നെ.
മായാവിയെ ഞാന്‍ നോക്കിയില്ല. പണ്ടേ എനിക്കിഷ്ടമല്ല ഓനെ.
ലുട്ടാപ്പിയും, നമ്പോലനും, ശിക്കാരി, ശംഭുവും, മോട്ടു മുയലും, ബോബനും മോളിയും, പട്ടികുട്ടിയും, ലോലനും എന്‍റെ മുന്നിലൂടെ നടന്ന് പോയി.
എന്‍റെ മനസ്സ് വീര്‍പ്പുമുട്ടി. ഞാന്‍ വീട്ടിലേക്ക് നോക്കി . അനിയത്തി മൊബൈലില്‍ കുത്തി ഇരിക്കുകയാണ്.
ഇവള്‍ക്കെന്തേ ഒരു നുള്ള് നൊസ്റ്റാള്‍ജിയ ഇല്ലാതെ പോയതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. പണ്ട് ബാലരമക്കും, പൂമ്പാറ്റക്കും വേണ്ടി എന്നോട് വഴക്കിടാറുള്ള അവളിന്ന് ഇതെല്ലാം കത്തിക്കാന്‍ പോയല്ലോ എന്നോര്‍ത്തപ്പോള്‍ എന്‍റെ നെഞ്ച് പിടഞ്ഞു.
ഞാന്‍ വയലിലേക്ക് നോക്കി. ഞാന്‍ മാത്രമെന്താ ഇങ്ങനെ ആയിപ്പോയത് എന്ന് എനിക്കറിയില്ലായിരുന്നു.
വയലും, കുളവും, കാടും, കായലും, കിളികളും, ഓലമേഞ്ഞ ചായകടയും, ഓടിട്ട വീടും, ഊഞ്ഞാലും, കുട്ടിപ്പുരയും, മാവും, പ്ലാവും അണ്ണാറകണ്ണനും, വേലി കെട്ടി തിരിക്കാത്ത പറമ്പുകളും, പരദൂഷണം പറയുന്ന നാണി തള്ളയും, കുശുമ്പും സ്നേഹവുമുള്ള സാധാരണ മനുഷ്യരുമെല്ലാം എന്ത് കൊണ്ട് എന്‍റെ കണ്ണിലെ ഏറ്റവും സുന്ദരമായ കാഴ്ച്ചകളായെന്ന് എനിക്കറിയില്ലായിരുന്നു.
പെട്ടെന്നാണ് ആ ചോദ്യം ഞാന്‍ കേട്ടത്, എന്താ മോനേ ഇവിടെ ഇരിക്കണേന്ന്.
ശങ്കരേട്ടനായിരുന്നു അത്. കയ്യിലൊരു തൂമ്പയുമായി ഈ തൊണ്ണൂറാം വയസ്സിലും വയലിലേക്കിറങ്ങണ ശങ്കരേട്ടനെ കണ്ടതും ഞാന്‍ എണീറ്റ് നിന്ന് പറഞ്ഞു, ഒന്നുമില്ല ശങ്കരേട്ടാന്ന്.
ഈ ഭൂമിയിലെ അമൂല്ല്യമായ പൈതൃകത്തിന്‍റെ അവസാന കണ്ണികളിലൊരാളായ ശങ്കരേട്ടന്‍റെ രൂപം കണ്ണില്‍ നിന്ന് മറയണത് വരെ ഞാന്‍ നോക്കി നിന്നു.
ശങ്കരേട്ടനൊക്കെ ഈ ഭൂമിയില്‍ നിന്ന് പോയാല്‍ പിന്നെ ഈ ഭൂമി എന്തിന് കൊള്ളാം എന്ന ആശങ്ക എന്നിലേക്ക് വന്നതും മനസ്സ് വല്ലാതെ വീര്‍പ്പുമുട്ടി.
നഷ്ടബോധത്തിന്‍റെ വേദനയും ആശങ്കയുമായി ഞാനിരുന്നു .
ആ സമയം കൗമാരത്തിന്‍റെ സഞ്ചിയിലേക്ക് എന്‍റെ കണ്ണുടക്കി .
ആവേശത്തോടെ കൗമാരത്തെ ഞാനെന്‍റെ മടിയില്‍ വച്ചു . ഉള്ളിലുള്ളത് ഓരോന്നായി പുറത്തെടുത്തു .
നാനയും, വെള്ളിനക്ഷത്രവും, സിനിമാ മംഗളവും, രാഷ്ട്രദീപിക സിനിമയും, സ്പോര്‍ട്സ് മാസികയും, ഇന്‍ഡ്യാ ടുഡെയും ....!
നാനയുടേയും, വെള്ളി നക്ഷത്രത്തിന്‍റേയും, നടു പേജിലിരുന്ന് രംഭയും, നഗ്മയും എന്നെ നോക്കി കണ്ണിറുക്കി കാണിച്ചപ്പോള്‍ സിനിമാ മംഗളത്തിന്‍റെ അവസാന പേജിലിരുന്ന് ബാബിലോണ ചുണ്ടത്ത് വിരല്‍ വച്ചെന്നെ നോക്കി .
മാതൃഭൂമി സ്പോര്‍ട്സ് മാസികയിലിരുന്ന് സച്ചിനും, ദ്രാവിഡും, ലാറയും ബാറ്റുയര്‍ത്തി എന്നെ അഭിവാദ്യം ചെയ്തു .
കാള്‍ ലൂയിസും, സെര്‍ജി ബുബ്കയും, ജോയും, നദിയാ കൊമനേച്ചിയും, ചിലാവര്‍ട്ടും എന്നെ മറന്നിട്ടില്ലായിരുന്നു .
ഹോക്കി സ്റ്റിക്കുമായി ധന്‍രാജ് പിള്ളയുടെ മുഖത്ത് അപ്പോഴും നിരാശ തന്നെയായിരുന്നു .
ഓരോ മുഖങ്ങളും ഞാനിങ്ങനെ ഓര്‍ത്തെടുക്കുമ്പോഴാണ് അനിയത്തി മുറ്റത്തൂന്ന് വിളിച്ച് പറഞ്ഞത് , ഏട്ടന്‍റെ മുറിയിലെ പണി കഴിഞ്ഞ് ട്ടോന്ന് .
കുട്ടികളെ ഒക്കത്ത് വച്ച് നടക്കണത് പോലെ രണ്ട് സഞ്ചിയുമെടുത്ത് ഞാന്‍ വീട്ടിലേക്ക് നടന്നു .
പുറത്തേക്കെടുത്തിട്ട എന്‍റെ മുറിയിലെ കട്ടില് പണിക്കാര് തിരിച്ച് കൊണ്ട് വക്കുന്നുണ്ടായിരുന്നു .
മുറ്റത്ത് ഞാനെത്തിയപ്പോഴാണ് ശിവദാസേട്ടന്‍ അമ്മയോട് ചോദിച്ചത് , മോള്‍ടെ കല്ല്യാണമൊന്നും നോക്കുന്നില്ലേന്ന് .
' അവള് പറയണത് ഈ പഴയ വീട്ടില്‍ വച്ചോള്‍ക്ക് കല്ല്യാണം വേണ്ടെന്നാണ് , പുതുക്കി പണിയണത് എപ്പോഴാണോ അപ്പോ മതീന്നാ '
അമ്മ പറയണത് കേട്ടപ്പോള്‍ ഒരു ചെറു പുഞ്ചിരിയാലെ അവള്‍ വന്ന് അമ്മയുടെ സാരി തുമ്പ് പിടിച്ച് നാണത്തോടെ ഞൊറിയിട്ട് കളിച്ചു .
' വീട് പൊളിക്കുമ്പോ എന്‍റെ മുറി അവിടെ വച്ചിട്ട് പൊളിച്ചാ മതി '
വേദന ഉള്ളിലൊതുക്കി കനത്ത ശബ്ദത്താല്‍ ഞാനിത് പറഞ്ഞപ്പോള്‍ എല്ലാരും എന്നെ തന്നെ നോക്കി .
' അത് മാത്രമായിട്ട് അവിടെ നിര്‍ത്തുന്നത് പുതിയ വീടിനൊരു ലക്ഷണക്കേടാണേട്ടാ '
അനിയത്തി പറഞ്ഞത് കേട്ടപ്പോള്‍ നെറ്റി ചുളിച്ച് ഞാനവളെ നോക്കി . പിന്നെ അമ്മയെ നോക്കി . രണ്ട് പേരേയും മാറി മാറി നോക്കി .
പണ്ട് എല്ലുന്തി, നടു വളഞ്ഞ്, ഗ്രഹിണി പിടിച്ച് വീടിന്‍റെ മൂലയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിച്ചിരുന്ന എന്‍റെ മുന്നിലേക്കാണ് വെളുത്തു തുടുത്ത ഇവളെ അമ്മ പ്രസവിച്ചിട്ടത് .
ഇന്നേവരെ എന്നെ ഒന്ന് നോക്കാത്തവര്‍ പോലും ഇവളെ എടുക്കുന്നു , ഉമ്മ വക്കുന്നു , തൊട്ടിലാട്ടുന്നു .
ഇവള്‍ക്ക് കാതു കുത്തലിന് സ്വര്‍ണ്ണ കമ്മല് , നൂലു കെട്ടിന് സ്വര്‍ണ്ണത്തിന്‍റെ അരഞ്ഞാണം . എനിക്ക് കിട്ടാറുള്ളത് വിരക്കുള്ള ഗുളികയും....!
അന്ന് തുടങ്ങിയതാണ് എന്‍റെ ലക്ഷണക്കേട് .
എന്നാലും ഒരു ദിവസം ഇവളെ കണ്ടില്ലെങ്കില്‍ വല്ലാത്തൊരു വെപ്രാളമാണ് . പക്ഷെ ആ കാര്യം ഞാനവളോട് ഇതുവരെ പറഞ്ഞിട്ടില്ല . പറഞ്ഞാല്‍ ഓള് അഹങ്കരിക്കും .
എങ്കിലും കല്ല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്‍റെ കയ്യും പിടിച്ച് അവളീ പടിയിറങ്ങി പോകുമ്പോള്‍ ആരും കാണാതെ ഇതു വരെ ഉള്ളിലൊളിപ്പിച്ച് വച്ച എന്‍റെ സ്നേഹമെല്ലാം കൂടി എനിക്ക് വലിച്ച് വാരി പുറത്തിടണം . അന്നെനിക്ക് കുറെ കരയണം .
പക്ഷെ അത് വരെ ഈ കീടത്തിന്‍റെ മുന്നില്‍ തോറ്റു കൊടുക്കാന്‍ പാടില്ലെന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു .
സഞ്ചിയുമായി ഞാന്‍ മുറിക്കുള്ളിലേക്ക് നടന്നു . നിലത്തിരുന്നു. എന്‍റെ ബാല്ല്യകൗമാരങ്ങളെ വാത്സല്ല്യ പൂര്‍വ്വം ഞാന്‍ കട്ടിലിനടിയിലേക്ക് നീക്കി വച്ചു .
വാതിലടച്ച് കട്ടിലില്‍ മോന്തായം നോക്കി കിടന്നു . കണ്ണിലേക്കൊരു ചെറു വെളിച്ചം അടിച്ചപ്പോഴാണ് കണ്ടത്, മേല്‍ക്കൂരയിലെ രണ്ട് ഓടുകള്‍ക്കിടയിലൊരു വിള്ളല്‍ .
എണീറ്റ് ഒരു തോര്‍ത്ത് മുണ്ട് തലയില്‍ കെട്ടി മുറ്റത്തേക്കിറങ്ങി തെങ്ങോലയില്‍ നിന്ന് ഒരു ചീളിലയെടുത്ത് അടുപ്പത്ത് കൊണ്ട് പോയി വാട്ടി ആ വിടവുള്ള രണ്ട് ഓടിന്‍റെ ഇടയിലേക്ക് തിരുകി കയറ്റുമ്പോള്‍ നൊസ്റ്റാള്‍ജിയയെന്ന ലഹരിയുടെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്നു ഞാന്‍ ....!
ആ ലഹരിയില്‍ അങ്ങനെ ഇരിക്കുമ്പോഴാണ് അനിയത്തി വിളിച്ചത് , ഏട്ടാന്ന് .
ലഹരിയെ തണുപ്പിച്ച അവളുടെ വിളി എനിക്കത്ര രസിച്ചില്ല .
' എന്താണ്ടി ' എന്ന് ഞാന്‍ ഈര്‍ഷ്യയോടെ ചോദിച്ചു .
'ഏട്ടന്‍റെ ജിയോ സിം ഇടണ ഫോണ്‍ ഞാനൊന്നെടുത്തിട്ടുണ്ടേ' എന്നവള്‍ പറയണത് കേട്ടപ്പോള്‍ എന്‍റെ സകല നിയന്ത്രണവും പോയി .
'നിന്നോട് ഞാന്‍ പലവട്ടം പറഞ്ഞിട്ടില്ലേടി എന്‍റെ ഫോണെടുക്കരുതെന്ന് ' എന്നും പറഞ്ഞ് ചാടിയവളുടെ മുടിയില്‍ പിടിച്ചതെനിക്കോര്‍മ്മയുണ്ട് .
പിന്നെ സ്ഥലകാല ബോധം വരുമ്പോള്‍ ഞാനെന്‍റെ കട്ടിലിനടിയിലാണ്.....!
തോളത്ത് അവളുടെ നാല് പല്ലിന്‍റെ പാടും നടുപ്പുറത്ത് തലങ്ങും വിലങ്ങും നഖം വച്ച് മാന്തിയതിന്‍റെ നീറ്റലുമായി ഞാന്‍ കമിഴ്ന്ന് കിടക്കുകയാണ് .
മെല്ലെ ഞാന്‍ കട്ടിലിന്‍റെ അടിയില്‍ നിന്ന് തല വെളിയിലേക്കിട്ട് നോക്കി .
'ധൈര്യമുണ്ടെങ്കില്‍ ഇറങ്ങി വാടാ പേടിതൊണ്ടാ'
എന്നവള്‍ അലറി വിളിക്കുന്നുണ്ടായിരുന്നു .
മുടിയഴിച്ചിട്ട് വിരലുകള്‍ കൂര്‍പ്പിച്ച് വച്ച് ചുവന്ന കണ്ണാലെ എന്നെ വാതില്‍ പടിയില്‍ കാത്തു നില്‍ക്കുന്ന അവളെ കണ്ടപ്പോള്‍ സംഹാരരുദ്രയെ പോലെ തോന്നിച്ചു .
'ഒരു നൊസ്റ്റാള്‍ജിയക്കാരന്‍ വന്നിരിക്കുന്നു ' എന്ന് പറഞ്ഞവള്‍ പരിഹസിക്കുന്നുണ്ടായിരുന്നു.
ഞാന്‍ വേഗം തല കട്ടിലിനടിയിലേക്ക് തന്നെ വലിച്ചു .
പിന്നെ മെല്ലെ ഒന്ന് കൂടി പുറത്തേക്ക് തലയിട്ട് നോക്കി . വിശ്വസിക്കാനായില്ല . കണ്ണ് തിരുമ്മി രണ്ടാമത് ഒരു വട്ടം കൂടി നോക്കി. ഞെട്ടിപ്പോയി...!
അവളുടെ സ്ഥാനത്ത് ക്വാറി മാഫിയക്കാരും, മണല്‍ മാഫിയക്കാരും, വനം മാഫിയക്കാരും,ഭൂമാഫിയക്കാരും നിന്ന് എന്നെ നോക്കി അട്ടഹസിക്കുകയായിരുന്നു ... !
നിസ്സഹായനായി ഞാന്‍ തല വീണ്ടും കട്ടിലിനടിയിലേക്ക് വലിച്ചു .
ഇരു കയ്യാലെ എന്‍റെ ബാല്ല്യ കൗമാരങ്ങളെ നെഞ്ചിലോട്ട് വലിച്ചടുപ്പിച്ച് ഞാന്‍ മുഖം ചേര്‍ത്ത് മന്ത്രിച്ചു ,
'നൊസ്റ്റാള്‍ജിയ, നൊസ്റ്റാള്‍ജിയ,എന്‍റെ മാത്രം നൊസ്റ്റാള്‍ജിയ , ആര്‍ക്കും വിട്ടു കൊടുക്കില്ല ഞാനിതിനെ , ഇതെന്‍റെ സ്വര്‍ഗ്ഗമാണ് , ജീവനാണ്, ജീവിതമാണ് '
magesh

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക