Slider

ആദ്യപ്രണയം

0

ആദ്യപ്രണയം
എല്ലാവർക്കുമുണ്ടാകും ഒരു പ്രണയമെങ്കിലും, പ്രണയം അനുഭവിക്കാത്തവർ മനുഷ്യരാണോ ?? അല്ല... തുറന്നു പറഞ്ഞ പ്രണയങ്ങളും പറയാതെ ഉള്ളിലടക്കി കൊഴിഞ്ഞുപോയ പ്രണയങ്ങളും, പൂത്തതും തളിർത്തതും, കായ്‌ വന്നതുംഎന്നുവേണ്ട പ്രണയങ്ങൾ പലതരം
ഞാൻ പറയുന്നത് എന്റെ പ്രണയമാണ്..
ഞാനെന്ന് പറഞ്ഞാൽ.... അല്ലെങ്കിൽ ഒരു പേരിലെന്തിരിക്കുന്നു, ഞാൻ ഞാനായി തന്നെയിരിക്കാം... എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം, എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രണയം.
ടീനേജ്, പെൺകുട്ടികൾ ഏറ്റവും പേടിക്കേണ്ട പ്രായം, വീട്ടിലെ അച്ഛനന്മാരുടെ ചങ്കിടിപ്പ് കൂടുന്ന സമയം, കയ്യിലിരിപ്പ് നന്നായില്ലായെങ്കിൽ ആങ്ങളമാരുടേം അമ്മാവന്മാരുടേം എന്നുവേണ്ട സകല ആൾക്കാരുടേം കൈ പഞ്ചായത്ത് സ്ഥലത്ത് കേറുന്നപോലെ നട്ടപ്പുറം കേറുന്ന പ്രായം. വീട്ടിലെ കാർക്കശ്യം കൊണ്ട് ഒരിക്കലും ഒരു പ്രണയത്തിൽ വീഴില്ലായെന്നു ഉറപ്പിച്ചു നടന്നിരുന്ന പ്രായം.
അങ്ങനെയിരിക്കെയാണ് വടക്കേലെ അമ്മായി മരിക്കുന്നത്, അമ്മായിയുടെ മുഖത്തേക്ക് നോക്കി വിങ്ങി വിങ്ങി കരഞ്ഞുകൊണ്ട് ഇരുന്ന എന്റെ മുൻപിലേക്ക് ഒരു ഇളംനീല ഷർട്ടുമിട്ട് ഒരു രാജകുമാരൻ, ആദ്യമെന്റെ കണ്ണുകളുടക്കിയത് ആ വിടർന്ന കണ്ണുകളിലാണ്, അമ്മായിയുടെ മുഖത്തേക്ക് നോക്കി കരഞ്ഞുകൊണ്ട് ഇരുന്ന എന്റെ കണ്ണുകളിൽ പൂത്തിരി കത്താൻ തുടങ്ങി, എന്തോ ഒരു വികാരവിഷോഭം എന്റെ അന്തരാത്മാവിൽനിന്ന്, വീണ്ടും വീണ്ടും നോക്കാനൊരു വെമ്പൽ, സാഹചര്യം അത്ര പന്തിയല്ലാത്തതുകൊണ്ട് അന്തരാത്മാവിനെ ആശ്വസിപ്പിച്ചു ഞാൻ വീണ്ടും കരച്ചിൽ യജ്ഞത്തിലേക്ക്.
അടക്കവും ചാത്തവും പുലകുളിയുമൊക്കെ കഴിഞ്ഞു, ഇതിന്റെയിടക്ക് ആ രാജകുമാരൻ പലവട്ടം എന്റെ കണ്ണുകൾക്ക് കുളിർമയായി കടന്നുപോയി.
ആരാ ?, എന്താ ?,എവിടുത്തെയാ ?, എന്നൊക്കെയറിയാനുള്ള ഒരു തന്ത്രപ്പാട്. അവസാനം ബന്ധങ്ങളൊക്കെ അറിഞ്ഞു കണ്ടുപിടിച്ചു. വകയിൽ ഒരു അമ്മായിയുടെ കുഞ്ഞമ്മയുടെ നാത്തൂന്റെ ഏതോ ഒരു ബന്ധം, എങ്ങനേലുമാകട്ടെ എനിക്ക് മിണ്ടിയേ പറ്റൂ. ഒരു പെണ്ണായ ഞാൻ ഇടിച്ചു കേറുന്നത് മോശമല്ലേ ?? എന്താ ഒരു വഴി ??
പ്രണയത്തെ പുച്ഛിച്ചു പറഞ്ഞിരുന്ന ഞാനിപ്പോ പ്രണയ മഴയിൽ കുളിച്ചു നിൽക്കുകയാണ്.
ഹോ ഇങ്ങനെയും ഒരു പ്രണയമുണ്ടോ ?
അഴകിയ രാവണൻ ആ സമയത്ത് ഇറങ്ങിയിരുന്നെങ്കിൽ ഞാൻ "പ്രണയമണി തൂവൽ കൊഴിയും പവിഴ മഴ "പാടി നിലാവത്തു അഴിച്ചു വിട്ട കോഴിയെപോലെ ഇങ്ങനെ നടന്നേനേം, അതെങ്ങനാ നമുക്കൊരവശ്യം വരുമ്പോൾ ആരും ഒരു വരിപോലും എഴുതില്ലല്ലോ.
എന്തായാലും രണ്ടും കല്പിച്ചു ഞാൻ പറയാൻ തീരുമാനിച്ചു,
അങ്ങനെ എന്റെ രാജകുമാരന്റെ മുൻപിലേക്ക് ഞാൻ പോവുകയാണ്..
കാലുംപൊക്കി ഓടി പാഞ്ഞു നടക്കുന്നയെനിക്ക് നാണം എന്നൊരു ഫീലിംഗ്സ് മുഖത്ത് വരുന്നതേയില്ല, എത്ര ശ്രമിച്ചിട്ടും ഇല്ലാത്ത ആ സാധനം ഉണ്ടാക്കാനൊട്ടു പറ്റുന്നുമില്ല
പകുതി വഴിയെത്തിയപ്പോ അതാ വരുന്നു എന്റെ ഉണ്ടക്കണ്ണൻ രാജാകുമാരൻ.
എന്റെയടുത്തു സൈക്കിൾ നിർത്തി ആദ്യത്തെ ക്യശലാന്വേഷങ്ങൾക് ശേഷം പറഞ്ഞു
" എനിക്കൊരു കാര്യം പറയാനുണ്ട്, നല്ലപോലെ ആലോചിച്ചു മറുപടി പറയണം "
കർത്താവേ വൈദ്യനും കമ്പോണ്ടറും ഞാനും എല്ലാം ഉദേശിച്ചത്‌ ഒരേ കുപ്പിയിലെ പാൽ ആയിരിക്കണേയെന്നു മനസ്സിൽ പ്രാർത്ഥിച്ചു ഞാൻ നിന്നു.
എന്റെ രാജകുമാരൻ പതിയെ എന്നോട് പറഞ്ഞു
" ഇയാളെ എനിക്കിഷ്ടമാണ്, പക്ഷേ നമ്മൾ ഒരേ പ്രായം ആയതുകൊണ്ട് ഇയാളെ കെട്ടിക്കുന്ന സമയത്ത് എനിക്ക് ജോലിയൊക്കെ ആയി ഇയാളെ കെട്ടാൻ പറ്റുമോന്നു എനിക്കറിയില്ല "
"ങ്ങേ, ഇത് എന്നാ കോ...... പ്രണയമാണ് ?"
അപ്പോളും രാജകുമാരൻ തുടരുകയാണ്
" വീട്ടുകാർ സമ്മതിച്ചാൽ വിവാഹം കഴിക്കാം, ഇല്ലായെങ്കിൽ നല്ല കൂട്ടുകാരായി മുൻപോട്ടു പോകാം "
" ഹാ പഷ്ട്, എത്ര നല്ല പ്രണയം, അതും ആദ്യത്തെ പ്രൊപ്പോസലിൽ തന്നെ ഇങ്ങനെ പറയണം "
" നാളെ മറുപടി പറഞ്ഞാൽ മതി "
"ഓ ആയിക്കോട്ടെ "
വീട്ടിൽ ചെന്നു, കഴിക്കാൻ പറ്റുന്നില്ല, കിടക്കാൻ പറ്റുന്നില്ല, ഇരിക്കാൻ പറ്റുന്നില്ല, വയറ്റിലോട്ടു ഒന്നും പോകാനും പറ്റുന്നില്ല, വയറ്റിന്നൊട്ടു പോകുന്നുമില്ല, എന്തൊരു മനപ്രിങ്ങ്യസം.
എന്തായാലും പ്രണയിക്കാൻ തീരുമാനിച്ചു...
അങ്ങനെയാ പ്രണയം പതിയെ വേരുപിടിച്ചു, പൂത്തു. വീട്ടുകാർ സമ്മതിച്ചാൽ കെട്ടും എന്ന് പറഞ്ഞവർ ഇണപിരിയാ കുരുവികളായി.
അങ്ങനെ വർഷങ്ങൾ കടന്നുപോയി.. രാജകുമാരന്റെ വീട്ടിലെ മകളായി ഞാൻ.
എന്റെ പഠനം തീരാൻ കാത്തിരുന്നു എന്റെ വീട്ടിൽ പറയാൻ, പക്ഷേ അപ്പോളേക്കും എല്ലാം കലക്കാൻ ചില പാരകൾ ഉണ്ടായിരുന്നു, അമ്പലത്തിലും ആൽത്തറയിലുമുള്ള ഞങ്ങളുടെ സംസാരം കണ്ടുപിടിക്കപെട്ടു.
വളരെ സ്നേഹത്തോടെ, ഒന്നും അറിയാത്തവരെ പോലെ എന്റെ വീട്ടുകാർ എന്നെ ഹോസ്റ്റലിൽ നിന്ന് വിളിപ്പിച്ചു.
കാര്യങ്ങളൊക്കെ ചോദിച്ചു, പിടിച്ചു നിൽക്കാൻ ഒരു വഴിയുമില്ല, എല്ലാം അറിഞ്ഞിരിക്കുന്നു
" വീട്ടുകാരെ വേണോ അതോ ഇന്നലെ കണ്ട ആളെ വേണോ ??"
ഇന്നലെ കണ്ട ആളെ മതിന്നു പറഞ്ഞ എന്നെ ഇന്നത്തെ ഭാഷയിൽ പഞ്ഞിക്കിട്ടു എന്ന് പറയാം
മൗനവൃതം, നിരാഹാരം ഒക്കെ കിടന്നു, എവിടെ ??
അവസാനം എന്നായിന്നു മനസിലായല്ലോ സുർത്തുക്കളെ,
ഏതൊരു പെണ്ണിന്റെ അവസ്ഥ പോലെ..
ങ്ങാ..അത് തന്നെ .. കെട്ടിച്ചുവിട്ടു..
ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ.. ഞാൻ തേപ്പുകാരിയായി, ചതിച്ചിയും വഞ്ചകിയും ദുഷ്ടയുമായി..
എന്നെപോലെ അവസ്ഥകൊണ്ട് തേപ്പുകാർ എന്നീപേരു സ്വീകരിക്കേണ്ടി വന്നാ ഒരുപാട് പേരുണ്ട്, അറിയാതെ ഒരുപാട് പട്ടം കിട്ടിയവർ
ഇപ്പോഴും മനസിന്റെ ഒരു കോണിൽ, മാറാലകളൊക്കെ മാറ്റി നോക്കുമ്പോൾ, ആദ്യ പ്രണയം, അതിന്റെ മധുരം, സുഖമുള്ളൊരോർമയാണ്.
എന്നാ ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ
കൊച്ചിന്റെ അച്ഛെനിപ്പോ വരും, പോലീസിലാണ്, ഈ ഓർമയിൽ ഇനി ഇരുന്നാൽ, കുറച്ചു ദിവസത്തേക്ക് ഓർക്കാനുള്ളത് അങ്ങേര് എന്റെ മുതുകത്തു തരും.. അപ്പോ ഈ "ഞാൻ " അങ്ങട് പോവാണ്...

Sheenu 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo