Slider

കുടുംബം

0
കുടുംബം
ഉമാരാജീവ്‌
അനു, എണീക്ക് നീ എന്താ ഇന്ന് സ്‌കൂളിൽ പോകുന്നില്ലേ, വെളുപ്പാൻകാലത്ത് അടുക്കളയിൽ കയറിയതാ, ഒന്ന് നേരത്തെ എണീറ്റ് വന്നു സഹായിച്ചാലെന്താ? പോത്ത് പോലെ കിടന്നുറങ്ങുകയാ പെണ്ണ്. കുറച്ചു വർഷം കഴിയുമ്പോൾ അന്യവീട്ടിലേക്ക് കേറിചെല്ലേണ്ടതാ...
അമ്മയുടെ സ്ഥിരം പല്ലവി കേട്ടാണ് അനു കണ്ണ് തുറന്നത്. 'ഓഹ്, അമ്മേ, ഒന്ന് നിർത്തുന്നുണ്ടോ? എനിക്കൊന്നും വേണ്ട ഇന്ന് സ്‌കൂളിലേക്ക്,'
'ഹയ്യട, ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിവച്ചതേ ചവറ്റുകുട്ടയിലേക്കെടുത്തു കളയാനല്ല, മര്യാദയ്ക്ക് കൊണ്ടുപോയ്ക്കോണം പറഞ്ഞേക്കാം'
'ഹഹ, അപ്പോ എന്റെ അമ്മയ്ക്ക് എന്നോട് കാണിച്ചത് കപടദേഷ്യമായിരുന്നു അല്ലേ, എന്റമ്മേ, അമ്മയല്ലേ പറഞ്ഞത്, ഞാൻ കുറച്ചു വർഷം കഴിഞ്ഞാൽ വേറൊരു വീട്ടിലേക്ക് കയറിച്ചെല്ലേണ്ട പെണ്ണാണെന്ന്, നോക്കിക്കോ ഞാൻ അമ്മയെപ്പോലെ ഇങ്ങനെ എല്ലാ ജോലിയും ഒന്നിച്ചു ചെയ്യുകയൊന്നുമില്ല, പകുതി ഞാൻ ചെയ്‌താൽ ബാക്കി എന്റെ കെട്ടിയോൻ ചെയ്യും, അല്ലേൽ അമ്മായിയമ്മ'
'ഉവ്വുവ്വ്, പോ പോയി കുളിച്ചിട്ടു വാ' അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
അനു റെഡിയായി വന്നപ്പോൾ അമ്മ ചൂടോടെ ദോശ കൊണ്ടുകൊടുത്തു, അവൾ പറഞ്ഞു, 'അമ്മെ ഞാൻ കഴിക്കുന്നതിനനുസരിച്ച് അമ്മ ഓരോന്നായി ചൂടോടെ ചുട്ടുതന്നാൽ മതി'
അവൾ ആ ദോശയും എടുത്തുകൊണ്ടു സോഫയിൽ ചെന്നിരുന്നു ടിവി ഓൺ ചെയ്ത് പാട്ടും കണ്ടുകൊണ്ട് കഴിച്ചു,
'അതെ, അച്ഛന് നമ്മുടെ നാട്ടിലുള്ള വസ്തു വിൽക്കുന്നതുമായി ബന്ധപ്പെട്ട് ആരെയോ കാണാനുണ്ടെന്നും പറഞ്ഞ് രാവിലെ ഇറങ്ങി, അതുകൊണ്ട് മോള് ഇന്ന് ബസിൽ പോകാൻ പറഞ്ഞു, ദാ ആ മേശയുടെ മേൽ കാശ് വച്ചിട്ടുണ്ട്.'
'ഹയ്യോ, എങ്കിൽ വേഗം ഇറങ്ങാം.'..
'കൂയ്, ഇതെന്താ ദിവാസ്വപ്നം കാണുകയാണോ?' ദിവ്യയുടെ ആ ചോദ്യമാണ് അനുവിനെ ഉണർത്തിയത്.
'ഏയ് ഞാൻ വെറുതെ, ചെറിയൊരു പനി പോലെ, അപ്പോൾ ഒരു ഗുളികയും കഴിച്ച് എന്തോ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു'
ദിവ്യ അനുവിനെ തൊട്ടുനോക്കി.' എടീ, ഇതാണോ ചെറിയ പനി, നല്ല ചൂടുണ്ട്, നീ ഇന്ന് ലീവെടുക്ക്, എന്നിട്ട് വീട്ടിൽ പോയി റസ്റ്റ് എടുക്ക്'
'കൊള്ളാം, നിനക്ക് തോന്നുന്നുണ്ടോ ദിവ്യേ, നമുക്കൊക്കെ വീട്ടിൽ പോയാൽ റസ്റ്റ് കിട്ടുമെന്ന്, അതിലും ഭേദം ഓഫിസാ.' 'അതും ശരിയാ..ഇവിടെയാണേൽ ഒന്നുമില്ലേലും കറച്ചുനേരം മേശമേലെങ്കിലും ചാഞ്ഞു കിടക്കാം'.
വൈകുന്നേരമായപ്പോഴേക്കും അനുവിന് ഒരു ഉഷാറ് തോന്നി, ദേഹമൊക്ക ഒന്ന് വിയർത്തു, പനി വിട്ടു പോയി എന്ന് തോന്നി.
അവളെ വിളിക്കാൻ ഗോപൻ എത്തി. കാറിൽ കയറി കുറച്ചുദൂരം ചെന്നപ്പോൾ ഗോപൻ പറഞ്ഞു 'അനു,എനിക്കിന്ന് വൈകുന്നേരം ഒരു ചാനലിൽ ചർച്ചയ്ക്ക് പങ്കെടുക്കേണ്ടതുണ്ട്, വരാൻ വൈകും, ഞാൻ ഭക്ഷണം പുറത്തുനിന്നും കഴിച്ചോളാം'. അവൾക്ക് വളരെ സന്തോഷം തോന്നി, ഹാവൂ, ഇന്നെങ്കിലും അടുക്കളയിൽ നിന്നും ഒരു വിമോചനം കിട്ടുമല്ലോ, പിള്ളേർക്കുള്ളത് ഇന്നൊരു ദിവസം വീടിന്റടുത്തുള്ള വെജിറ്റേറിയൻ ഹോട്ടലിൽ നിന്നും വാങ്ങാം അവൾ വിചാരിച്ചു.
വീട്ടിലെത്തിയതും പതിവ് കാഴ്ചകൾ തന്നെയാണ് അവളെ വരവേറ്റത്, സോഫയിൽ അഴിച്ചിട്ടിരിക്കുന്ന കുട്ടികളുടെ യൂണിഫോമും, ഗോപന്റെ തലേദിവസത്തെ ഷർട്ടും പാന്റ്സും, അടുക്കളയിലാണെങ്കിൽ രാവിലെ ധൃതിയിൽ താൻ കഴുകാൻ മറന്നുപോയ ദോശമാവ് വച്ചിരുന്ന പാത്രം.
ഗോപൻ ഇടയ്ക്ക് വീട്ടിൽ വന്നിട്ടുണ്ട്, അവൾക്കത് മനസ്സിലായി, കാരണം ചോറ് വച്ചിരിക്കുന്ന പാത്രം തെർമൽ കുക്കറിൽ നിന്ന് പുറത്തെടുത്ത് വച്ചിരിക്കുന്നു.
അവൾ ഒരു ദീർഘ നിശ്വാസമെടുത്ത് നേരെ തന്റെ അടുത്ത ജോലിസ്ഥലത്തേക്ക് കടന്നു. അവളെ കണ്ടതും കിച്ചുവും മിന്നുവും ഓടി വന്നു.
കിച്ചു മൂന്നാം ക്ലാസ്സിലും മിന്നു എൽകെജിയിലുമാണ്. കുട്ടികളെ സ്കൂളിൽ കൊണ്ടാക്കുന്നതും വിളിച്ചുകൊണ്ടുവരുന്നതും ഗോപനാണ്. ഗോപൻ ഒരു സാമൂഹ്യ പ്രവർത്തകനാണ്. സ്വന്തമായി ഒരു രണ്ടു കടമുറികൾ ഉള്ളത് വാടകയ്ക്ക് കൊടുത്തിരിക്കുന്നു.
അവൾ വീട് തൂത്തുവാരി, വിളക്ക് കത്തിച്ചു, കുട്ടികൾ രണ്ടുപേരും നാമം ജപിച്ചു, അവർക്ക് കുറച്ചുനേരം പാഠങ്ങൾ പഠിപ്പിച്ചുകൊടുത്തശേഷം അവർക്ക് അവൾ ആഹാരം കൊടുത്തു, രണ്ടുപേരും കളിക്കാൻ തുടങ്ങി.
മുഷിഞ്ഞ വസ്ത്രങ്ങൾ എടുത്ത് വാഷിങ് മെഷീനിൽ കൊണ്ടിട്ടശേഷം പൈപ്പ് തുറന്നു വിടുമ്പോൾ അവളുടെ ഫോൺ ശബ്ദിച്ചു, നോക്കുമ്പോൾ ദിവ്യയാണ്. ഇവളെന്താ ഈ നേരത്ത് എന്ന് വിചാരിച്ച് അവൾ ഫോൺ ഓൺ ചെയ്തു.
'ഹലോ, അനു, നീ ആ വാർത്താചാനൽ ഒന്ന് ഇട്ടുനോക്കിക്കെ, ഒരു തമാശ കാണാം' അവൾ പറഞ്ഞു..
അപ്പോഴാണ് ഗോപൻ ചർച്ചയ്ക്കു പോകുമെന്ന് പറഞ്ഞിരുന്ന കാര്യം അവൾക്ക് ഓർമ്മ വന്നത്. അവൾ പൈപ്പ് അടച്ചിട്ട് നേരെ ചെന്ന് ടിവി ഓൺ ചെയ്തു.
പൊരിഞ്ഞ ചർച്ച നടക്കുകയാണ്. സ്ത്രീസ്വാതന്ത്ര്യമാണ് വിഷയം.
അവതാരകൻ ചോദിക്കുന്നു; " മിസ്റ്റർ ഗോപൻ, ഇക്കാലത്ത് സ്ത്രീകളും പുരുഷന്മാരെപ്പോലെത്തന്നെ പണിയെടുക്കുന്നവരാണ്, അല്ലെങ്കിൽ അവരെക്കാൾ കൂടുതൽ എന്നിരുന്നാലും ഇപ്പോഴും സ്ത്രീകൾ അവഗണിക്കപ്പെടുന്നു എന്ന് പറയുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടോ? ഇപ്പോഴും ഏകദേശം മലയാളികളുടെ അടുക്കളകൾ അവിടെയുള്ള സ്ത്രീകൾക്ക് മാത്രമുള്ളതാണ് എന്ന് പറയുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?
ഗോപൻ: ജിഷ്ണു, തീർച്ചയായും ശരിയാണ്, ഞാൻ അതിനോട് നൂറുശതമാനവും യോജിക്കുന്നു, സ്ത്രീകൾ നമ്മളെപ്പോലെയല്ല, അവർ സ്നേഹം കൂടുതൽ ആഗ്രഹിക്കുന്നു, അവർ ഏറ്റവും വില കൊടുക്കുന്നതും സ്നേഹത്തിനാണ്, ഒരു സാധാരണ മലയാളി ഭർത്താവ് പുറത്തിറങ്ങിക്കഴിഞ്ഞാൽ ഭാര്യയോട് സ്നേഹം പ്രകടിപ്പിക്കാൻ മടി കാണിക്കുന്നവനാണ്, ഒരു സിനിമ കാണാൻ പോയാൽ, സീറ്റിൽ ഇരിക്കുമ്പോൾ ഭാര്യ അവന്റെ തോളിൽ തല ചായ്ച്ചാൽ പോലും അവനു അത് ഇറിറ്റേഷൻ ഉണ്ടാക്കുന്നു, കാണുന്നവർ എന്ത് വിചാരിക്കും എന്നതാണ് അവന്റെ ഭാവം? പക്ഷെ, വീട്ടിൽ എത്തിയാൽ, കിടപ്പറയിൽ മാത്രം അവനു സ്നേഹം, ഇതെന്ത് വിരോധാഭാസമാണ്! മാത്രമല്ല, ജിഷ്ണു പറഞ്ഞതുപോലെ അടുക്കള സ്ത്രീകൾക്ക് മാത്രമുള്ളതാണ് എന്നും ഞാൻ വിശ്വസിക്കുന്നില്ല, പ്രത്യേകിച്ചും ഇക്കാലത്ത് സ്ത്രീകൾ മാനസികമായും ശാരീരികമായും ഒരുപാട് സ്‌ട്രെയിൻ എടുക്കുന്നുണ്ട്, അപ്പോൾ എല്ലാ ജോലിയും ഭർത്താവ് അവളെ സഹായിക്കുന്നു എന്ന് തോന്നുമ്പോൾ അവൾക്കുണ്ടാകുന്ന ആ സന്തോഷം അത് നമ്മൾ വാങ്ങി നൽകുന്ന വില പിടിപ്പുള്ള സമ്മാനത്തെക്കാൾ നൂറിരട്ടി ഗുണം ചെയ്യും.
അവതാരകൻ: ഓക്കേ, ഗോപൻ താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്, ഞാനും അതിനോട് നൂറുശതമാനം യോജിക്കുന്നു, ചർച്ച അവസാനിക്കുന്നില്ല, ഒരു ചെറിയ ഇടവേള...
അനു അതിശയത്തോടെയാണ് ആ ചർച്ച കണ്ടത്. അവൾ ആലോചിച്ചു, ഇടയ്ക്കൊരു ദിവസം തിയേറ്ററിൽ സിനിമ കാണാൻ പോയപ്പോൾ തനിക്കൊരു മോഹം തോന്നി, ഗോപന്റെ തോളിൽ തല ചായ്ച്ചു കിടക്കാൻ, താനതിനു ഒരുങ്ങിയപ്പോൾ ഗോപന്റെ പ്രതികരണം എന്തായിരുന്നു!.. നിനക്ക് നാണമില്ലേ, ആൾക്കാർ കണ്ടാൽ എന്ത് വിചാരിക്കും എന്നൊക്കെയാണ് പറഞ്ഞത്, പൊതുവെ പുറത്തുപോകുമ്പോൾ താൻ കുട്ടികളെയും കൊണ്ട് പുറകിലും ഗോപൻ ഫ്രീയായി മുൻപിലും നടന്നുപോകാറാണ് പതിവ്. എന്തോ, കുട്ടികൾ തന്റെ മാത്രം ഉത്തരവാദിത്വമാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.
അതുപോലെതന്നെ അടുക്കള സ്ത്രീകൾക്ക് മാത്രമുള്ളതല്ല പോലും, പുരുഷനും കൂടി സഹായിക്കണമെന്ന്..! ആഹാരം കഴിച്ച പ്ലേറ്റ് അടുക്കളയിലെ സിങ്കിൽ കൊണ്ടിടാൻ മടിക്കുന്നയാളാണ് ഇങ്ങനെ ഘോരഘോരം പ്രസംഗിക്കുന്നത്. പലപ്രാവശ്യം താൻ സന്തോഷത്തോടെ ഓഫീസിലെ വിശേഷങ്ങൾ പറയാൻ ചെല്ലുമ്പോൾ വെറുതെ തല മാത്രം ആട്ടുകയും ശ്രദ്ധ മുഴുവനും ടിവിയിൽ അർപ്പിച്ച്, ഇടയ്‌ക്ക് മിണ്ടാതിരിക്ക് എന്ന് പറയുമ്പോൾ ഉണ്ടാകുന്ന അവഗണന, അത് എത്ര പ്രാവശ്യം അനുഭവിച്ചിരിക്കുന്നു, ഇതൊന്നും പോരാഞ്ഞ് വീട്ടിലെ ജോലികളെല്ലാം തന്റെ ഉത്തരവാദിത്വമാണെന്നും അത് പറഞ്ഞോടുനടക്കേണ്ട ആവശ്യമില്ലെന്നുമുള്ള വാക്കുകൾ, ഇതൊക്കെ എത്ര മുറിവേൽപ്പിച്ചിരിക്കുന്നു.
ഇപ്പോൾ ടിവിയിൽ എല്ലാം തലകുത്തനെ പറയുന്നു, പലപ്പോഴും പിരിയലിനെക്കുറിച്ച് മനസ്സിൽ വിചാരിച്ചിരുന്നു, പക്ഷെ, വഴക്കിടാൻ എളുപ്പമാണ്, വഴക്കിട്ട് എങ്ങോട്ടു പോകും, അച്ഛനും അമ്മയും ജീവിച്ചിരുന്നപ്പോൾ അവരെ വേദനിപ്പിക്കരുത് എന്ന് കരുതി എല്ലാം സഹിച്ചു, അത് കഴിഞ്ഞ് തന്റെ പേരിലുള്ള സ്ഥലം വിറ്റ് ഗോപൻ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടപ്പോൾ തനിക്കും മക്കൾക്കും വേണ്ടിയാണല്ലോ എന്നോർത്ത് സമാധാനിച്ചു.
പല കുടുംബങ്ങളും കുടുംബങ്ങളായി നിലനിൽക്കാൻ കാരണം അവിടത്തെ കുഞ്ഞുങ്ങളാണ്. തന്റെ സഹപ്രവർത്തകർ തന്നെ എത്രയോ പ്രാവശ്യം പറഞ്ഞിരിക്കുന്നു, കുഞ്ഞിനെ ഓർത്താണ് ഇങ്ങനെ ജീവിക്കുന്നത്, അല്ലെങ്കിൽ എന്നെ രണ്ടുപേരും രണ്ടു പാത്രമായേനെ എന്ന്.
ഇപ്പോഴും വീട്ടുസാധനങ്ങൾ വാങ്ങിത്തരുന്നതിലോ, പുറത്തോട്ടു കൊണ്ടുപോകുന്നതിലോ ഒന്നും ഒരു കുറവുമില്ല, പക്ഷെ അപ്പോഴൊക്കെ താനെന്തോ ഒരു ത്യാഗം ചെയ്യുന്നു എന്ന ആ ഭാവം, അതാണ് സഹിക്കാൻ പറ്റാത്തത്.
ഇടയ്ക്കെപ്പോഴോ അവൾ ഉറങ്ങിപ്പോയി, കോളിംഗ് ബെൽ ശബ്ദം കേട്ട് വാതിൽ തുറന്നു. 'ചർച്ച നന്നായിരുന്നു കേട്ടോ' അവൾ പറഞ്ഞു.
'ആഹ് ശരി, നീ എന്റെ ഷർട്ട് അലക്കിയോ?' ഗോപൻ ചോദിച്ചു. 'ഹയ്യോ ഇല്ല, ഞാൻ ആ ചർച്ച കണ്ടുകൊണ്ടിരുന്ന് ഉറങ്ങിപ്പോയി.'
'ഓഹ്, അല്ലെങ്കിലും നിങ്ങൾ പെണ്ണുങ്ങൾ എല്ലാവരും ഇങ്ങനെത്തന്നെയാണ്, ഞങ്ങൾ എന്തുപറഞ്ഞാലും അനുസരിക്കരുത്, നിന്റെ ഡ്രസ്സ് ഒക്കെ നനയ്ക്കാൻ സമയം കിട്ടാറുണ്ട്, എന്റെതിനു മാത്രം ഇല്ല'
'ഗോപേട്ടാ, മതി, ഞാൻ ഇപ്പോൾത്തന്നെ നനച്ചിടാം' എന്നും പറഞ്ഞ് അവൾ അകത്തേക്ക് പോയി.
രണ്ടുദിവസം കഴിഞ്ഞപ്പോൾ റസിഡൻസിന്റെ സെക്രട്ടറി വന്നു, ഏയ്, ഗോപാ, നമ്മൾ എല്ലാ റസിഡൻസുകാരെയും പങ്കെടുപ്പിച്ച് ഒരു പാചകമത്സരം നടത്തിയിരുന്നില്ലേ, അതിൽ അനുവിനാണ് ഫസ്റ്റ് കിട്ടിയിരിക്കുന്നത്, ഇത് നമുക്ക് അഭിമാനം നൽകുന്നതാണ്, ഇന്ന് വൈകുന്നേരമാണ് സമ്മാനദാനച്ചടങ്ങ്. മറക്കല്ലേ'.
അനു ഓഫീസിൽ ആയിരുന്ന സമയത്തായിരുന്നു സെക്രട്ടറി വന്നത്, ഗോപൻ അത് അനുവിനെ അറിയിച്ചു.
വൈകുന്നേരം ആയപ്പോൾ അവിടെയടുത്തുള്ള ഹാളിൽ എല്ലാവരും ഒത്തുകൂടി, പ്രധാന അതിഥിയായി അവിടത്തെ കൗൺസിലർ ആണ് പങ്കെടുത്തത്. പ്രസംഗത്തിന്റെ അവസാനം അവർ ചോദിച്ചു ' മിസ്റ്റർ ഗോപൻ, താങ്കൾ ഈ സന്തോഷവേളയിൽ വൈഫിനു എന്ത് സമ്മാനമാണ് കൊടുക്കാൻ ആഗ്രഹിക്കുന്നത്?' ഗോപൻ പറഞ്ഞു 'അവൾ ചോദിക്കുന്നതെന്തോ, അത്'.
അനു, താങ്കൾ പറയു എന്താണ് താങ്കൾക്ക് വേണ്ടത്?
അവൾ എഴുന്നേറ്റ് ചെന്ന് അയാളുടെ ചെവിയിലായി പറഞ്ഞു, 'പരസ്പര ബഹുമാനവും കപടമല്ലാത്ത സ്നേഹവും'. പറഞ്ഞിട്ട് അവൾ തിരികെ സീറ്റിൽ വന്നിരുന്നു,
മിസ്റ്റർ ഗോപൻ, എന്താണ് വൈഫ് ചെവിയിൽ പറഞ്ഞത്? ഞങ്ങളും കൂടി ഒന്ന് അറിഞ്ഞോട്ടെ, എന്താ അനു ആവശ്യപ്പെട്ടതെന്ന്.
അത്, അവൾക്ക് വയനാട്ടിലേക്ക് ഒരു യാത്ര പോകണമെന്നാണ് പറഞ്ഞത്!.. അത് ഈ വരുന്ന വെക്കേഷനിൽ തന്നെ ഞാൻ സാധിച്ചു കൊടുക്കുന്നതാണ്.
എല്ലാവരും കയ്യടിച്ചു, അവൾ മാത്രം കുനിഞ്ഞിരുന്ന് ചിരിച്ചു.
പരിപാടി കഴിഞ്ഞ് എല്ലാവരും വീടുകളിലേക്ക് മടങ്ങുകയാണ്, അവൾ ഗോപനെ അന്വേഷിച്ചു, നോക്കുമ്പോൾ ഗോപൻ കാറിൽ ഉണ്ടായിരുന്നു. ഒരക്ഷരം മിണ്ടുന്നില്ല, അവളും ഒന്നും മിണ്ടാതെ മക്കളെ രണ്ടുപേരെയും പിൻസീറ്റിൽ ഇരുത്തി അവൾ മുൻപിൽ ഇരുന്നു. ഗോപന്റെ മുഖത്തെ പൊട്ടിവന്ന ദേഷ്യം അവൾക്ക് കാണാമായിരുന്നു.
'അനു' ഗോപന്റെ വിളി കേട്ട് അവൾ മുഖത്തോട്ടു നോക്കിയപ്പോൾ തന്നെ പെട്ടെന്ന് സെക്രട്ടറി കാറിന്റെ അടുത്ത് വന്നു,' ഗോപാ, അപ്പൊ എന്നാ, വായനാട്ടിലോട്ട്'. അനു, യു ആർ സോ ലക്കി'.
അവൾ മനസ്സിൽ പറഞ്ഞു'ഉവ്വുവ്വ്, സത്യം പറഞ്ഞാൽ സിനിമയിലുള്ളവരെക്കാളും ഏറ്റവും നല്ല അഭിനേതാക്കൾ ജീവിതത്തിൽ നാം എന്നും കാണുന്നവരാണ്.

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo