നമ്മുടെ നാട്ടിലെ ജാതി വ്യവസ്ഥയ്ക്ക് കാരണമായ പന്തീരുകുലത്തിന്റെ മാതാവ്. താൻ നൊന്ത് പ്രസവിച്ച പന്ത്രണ്ട് കുഞ്ഞുങ്ങളെയും കാട്ടിൽ ഉപേക്ഷിക്കേണ്ടി വന്ന അമ്മ. ഭർത്താവായ പണ്ഡിത ശ്രേഷ്ടൻ വരരുചിയുടെ വാക്കുകൾ ശിരസ്സാ വഹിച്ച ആ അമ്മയുടെ ദുഃഖം നമ്മൾ പലപ്പോഴും കാണാതെ പോയിട്ടുണ്ട്. അത് ഐതിഹ്യം.
ഇത് ആ അമ്മയുടെ കഥയാണ്. പഞ്ചമിയുടെ കഥ.
പഞ്ചമി പെറ്റ പന്തീരുകുലം
______________________________
______________________________
ക്രിസ്തു വർഷം 353, മാർച്ച് 15
********************************
********************************
വയ്യ..ഇനിയൊരടി പോലും നടക്കാൻ വയ്യ. പഞ്ചമി തളർന്നു ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു. ഇതിപ്പോ ഒമ്പത് മാസം ആയിരിക്കുന്നു. ഇനി ഏത് സമയവും അതുണ്ടാകാം.
അവളുടെ വിയർപ്പ് നിറഞ്ഞ മുഖത്തേക്ക് വരരുചി ചോദ്യ ഭാവത്തിൽ നോക്കി.
" നിക്ക്..ഇനിയൊട്ടും നടക്കാനാവില്ല..നമുക്കിനി ഇന്ന് ഇവിടെ വിശ്രമിച്ചാലോ.? "
പഞ്ചമി വരരുചിയുടെ മുഖത്തു നോക്കാതെ ചോദിച്ചു.
" ആട്ടെ..ഇന്നിനി ഇവിടെ കൂടാം.."
വരരുചി തന്റെ ചുമലിലെ ഭാണ്ഡം അഴിച്ചു താഴെ വച്ചു. പഞ്ചമിയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു.
" സുഖക്കേട് വല്ലതും തോന്ന്യാച്ചാ പറേണെ ന്റെ പറയീ.."
വരരുചി സ്നേഹത്തോടെ പഞ്ചമിയെ നോക്കി പറഞ്ഞു.
പഞ്ചമി പുഛം കലർന്ന ഒരു പുഞ്ചിരിയിൽ വരരുചിക്ക് മറുപടി കൊടുത്തു.
വേളി കഴിഞ്ഞു കൂടെ കൂട്ടിയിട്ട് പത്തു പന്ത്രണ്ട് വർഷം കഴിഞ്ഞു. ഇപ്പോഴും ലോകപ്രശസ്തനായ പണ്ഡിതശ്രേഷ്ഠൻ വരരുചിക്ക് സ്വന്തം ഭാര്യയുടെ പേര് പറയാൻ മടി. പകരം ജാതിപ്പേര് 'പറയി' .
എത്ര ജ്ഞാനം ഉണ്ടായിട്ടും എന്താ കാര്യം മനുഷ്യനെ തിരിച്ചറിയാനുള്ള ജ്ഞാനം മാത്രം വിക്രമാദിത്യ ചക്രവർത്തിയുടെ നവരത്ന ശ്രേഷ്ഠന് ഇല്ലാതായി പോയി.
എത്ര ജ്ഞാനം ഉണ്ടായിട്ടും എന്താ കാര്യം മനുഷ്യനെ തിരിച്ചറിയാനുള്ള ജ്ഞാനം മാത്രം വിക്രമാദിത്യ ചക്രവർത്തിയുടെ നവരത്ന ശ്രേഷ്ഠന് ഇല്ലാതായി പോയി.
" ഇതിപ്പോ ഉടനെയുണ്ടാവോ പറയി..ഉവ്വോ..എന്റെ ഗണന പ്രകാരം രണ്ട് വാരം കഴിഞ്ഞേ ണ്ടാവൂ."
വരരുചി ഉത്‌ഖണ്ഠയോടെ പഞ്ചമിയെ നോക്കി.
" അറിയില്ല അങ്ങുന്നെ..പക്ഷെ നല്ല ക്ഷീണംണ്ട്. വയറ്റിനുള്ളിൽ ഒരു ആന്തൽ. എന്റെ മനസ് പറേണത് ഇന്നോ നാളെയോ കാണുംന്നാ.
പഞ്ചമി നിറവയർ തടവി കൊണ്ട് പറഞ്ഞു.
" അമ്മേ മഹാമായെ നീ തന്നെ തുണ."
വരരുചി തന്റെ ഭാണ്ഡക്കെട്ടിൽ തല വച്ച് കിടന്നു. പഞ്ചമിയുടെ മനസ്സ് അപ്പോൾ തിരിച്ചറിവിന്റെ നൂറായിരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയായിരുന്നു.
ഒരു സ്ത്രീയെന്ന നിലയിൽ ഒരമ്മയെന്ന നിലയിൽ ഒരു മനുഷ്യനെന്ന നിലയിൽ അവൾ അവളെ തന്നെ തിരിച്ചറിയുകയായിരുന്നു.
കടന്നു വന്ന കാലങ്ങളിൽ വഴികളിൽ അവൾ ഉപേക്ഷിച്ച പേറ്റു നോവിന്റെ വില അറിയുകയായിരുന്നു.
ഇനിയും വയ്യ..ജനനം കൊണ്ട് അവളിൽ അടിച്ചേൽപ്പിച്ച ലിംഗ പരവും ജാതി പരവുമായ ഒറ്റപ്പെടലുകൾക്ക് ഒരു അന്ത്യം കണ്ടത്തിയേ തീരൂ. തല കുമ്പിട്ട് ഇനിയും വരരുചി തിട്ടൂരത്തെ അനുസരിക്കാൻ വയ്യ.
" ഈ കുഞ്ഞിനെ എനിക്ക് പ്രസവിക്കണം..എനിക്ക് വളർത്തണം. ജനിച്ചു വീഴുന്ന പൊന്നോമനയുടെ ചുണ്ടിൽ ജീവന്റെ അമൃതായ മുലപ്പാൽ ഇറ്റിക്കണം.
ഇതെന്റെ അവകാശമാണ്..ഒരമ്മയുടെ അവകാശം..ഒരു സ്ത്രീയുടെ അവകാശം..
ഇതിന്റെ പേരിൽ വരരുചിയുടെ തണൽ നഷ്ടപ്പെട്ടലും ശരി. ഈ തീരുമാനത്തിൽ നിന്ന് പുറകോട്ടില്ല."
ഇതെന്റെ അവകാശമാണ്..ഒരമ്മയുടെ അവകാശം..ഒരു സ്ത്രീയുടെ അവകാശം..
ഇതിന്റെ പേരിൽ വരരുചിയുടെ തണൽ നഷ്ടപ്പെട്ടലും ശരി. ഈ തീരുമാനത്തിൽ നിന്ന് പുറകോട്ടില്ല."
അവളുടെ ഉള്ളിൽ നിന്ന് ആരോ ഉറക്കെ പറയുന്നത് അവൾക്ക് കേൾക്കാമായിരുന്നു.
ദൈവ തുല്യനായി കാണുന്ന പ്രിയ പതിയുടെ വാക്കുകൾ ലംഘിക്കാൻ അവൾ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു.
രാത്രിയുടെ കരിമ്പടം അഴിഞ്ഞു വീഴാറായി. പ്രഭാത രശ്മികൾ ഭൂമിയെ ചുംബിച്ചുണർത്തി.
" ആകാശം ഇടിഞ്ഞു വീണാലും , ഭൂമി രണ്ടായി പിളർന്നാലും , മഹാപ്രളയം വന്നാലും ജനിക്കാൻ പോകുന്ന എന്റെ കുഞ്ഞിനെ ഞാൻ നരിക്കും നായകൾക്കും കൊടുക്കില്ല. അതിനെ ഞാൻ തന്നെ വളർത്തും. "
പഞ്ചമി ഉരുവിട്ട് കൊണ്ടേയിരുന്നു.
വരരുചിയുടെ ബുദ്ധി സാമാർഥ്യത്തെ വളരെ ലളിതമായി തോൽപ്പിച്ച , എല്ലാ വേദങ്ങളും ഉപനിഷത്തുകളും പഠിച്ച വരരുചിയോളം പാണ്ഡിത്യമുള്ള പഞ്ചമി തന്റെ പന്ത്രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കാൻ തയ്യാറായി.
കിഴക്കേ ചക്രവാളത്തിൽ ചുവന്ന സൂര്യൻ ഉദിച്ചു. പഞ്ചമിയുടെ മനസ്സിലും ഇപ്പോൾ നിറം ചുവപ്പാണ്. പ്രതിഷേധത്തിന്റെ ആത്മാഭിമാനത്തിന്റെ ചുവപ്പ്.
" ഞാൻ ഞാനാണ്..ഇതെന്റെ കുഞ്ഞാണ്.."
പേറ്റു നോവിന്റെ അവസാന അലകളും അവസാനിച്ചു.
ഒരു അലറി കരച്ചിലോടെ ഒരു രക്ത സൂര്യൻ പിറന്നു.
അവൾ അത്യാർത്തിയോടെ തന്റെ കുഞ്ഞിനെ കൈകളിലേക്ക് വാരിയെടുത്തു.
" പറയി...കഴിഞ്ഞോ? "
കുറ്റിക്കാടിനു അപ്പുറം നിന്ന് വരരുചി വിളിച്ചു ചോദിച്ചു.
മുലക്കണ്ണ് ചോർന്ന് അവശതയിൽ കിടന്ന പഞ്ചമി കുഞ്ഞിന്റെ വായിലേക്ക് മുല ചേർത്തു വച്ചു. ശബ്ദം പുറത്തു വരാൻ പാടില്ല. ഒരമ്മയുടെ നിസ്സഹായത. അവളുടെ കണ്ണിൽ നിന്നും സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കണ്ണീർ പൊഴിഞ്ഞു.
" ഉണ്ണിയോ..ഉണ്ണിക്കിടാത്തിയോ..? ആരാ വന്നേക്ക്ണെ..ശബ്ദമൊന്നും കേക്കണില്ല്യല്ലോ..? "
വരരുചി ജിജ്ഞാസയോടെ വീണ്ടും ചോദിച്ചു.
" ആൺകുട്ടിയാ..കിഴക്കിലെ ചുവന്ന സൂര്യന്റെ തേജസ്സുള്ള ഒരുണ്ണി പിറന്നിരിക്ക്ണ്.."
പഞ്ചമി സന്തോഷത്തോടെ പറഞ്ഞു.
"മഹാ മായ കാത്തു...ദൈവത്താര് ഗണമാ ഉണ്ണിക്ക്..മാളോര് വിളക്ക് കൊളുത്തി പൂവിട്ട് പൂജിക്കും. സുകൃതം ചെയ്തവരാ നമ്മൾ. "
വരരുചി സന്തോഷത്തോടെ പറഞ്ഞു.
പഞ്ചമിയപ്പോൾ ഒരമ്മയുടെ നിർവൃതിയിൽ കുഞ്ഞിന് മുലകൾ മാറി മാറി ഊട്ടുകയായിരുന്നു.
" പറയീ...ഉണ്ണിക്ക് വായുണ്ടോ..? "
തന്റെ പൊന്നോമനയുടെ വിധി കൽപ്പിക്കുന്ന ചോദ്യം പഞ്ചമിയെ ഉണർത്തി. തന്നെ കഴിഞ്ഞ പതിനൊന്നു തവണയും ഒരമ്മ അല്ലാതാക്കി തീർത്ത ചോദ്യം...ഇക്കഴിഞ്ഞ കാലമത്രയും തന്നെ കൂട്ടിലടച്ച ചോദ്യം...ഒരായിരം തവണ ദു:സ്വപ്‌നങ്ങൾ കാണിച്ചു തന്ന ചോദ്യം.. ഇനിയും ഈ ചോദ്യത്തിന് മുന്നിൽ തലകുനിക്കാൻ പാടില്ല. തല ഉയർത്തി തന്നെ ഉത്തരം നൽകണം.
താൻ ഒരു സ്ത്രീയാണെന്നു അമ്മയാണെന്നു മാളോരെ എല്ലാരേം അറിയിക്കണം. എന്റെ മകനാണെന്നു അഭിമാനത്തോടെ എനിക്കിവനെ ഉയർത്തി കാണിക്കണം.
" ഉണ്ട്.. എന്റെ ഉണ്ണിക്ക് വായുണ്ട്..അവനു വായുണ്ട്.. "
അവൾ ഒരു ഭ്രാന്തിയെ പോലെ വിളിച്ചു പറഞ്ഞു. അവളുടെ ശബ്ദത്തിൽ എട്ടു ദിക്കുകളും പ്രകമ്പനം കൊണ്ടു. തല ഉയർത്തി ചുവന്നു കലങ്ങിയ കണ്ണുകളോടെ അവൾ തന്റെ ചോരക്കുഞ്ഞിനെ വരരുചിയുടെ നേർക്ക് ഉയർത്തി വീണ്ടും വീണ്ടും വിളിച്ചു പറഞ്ഞു.
" എന്റെ ഉണ്ണിക്ക് വായുണ്ട്..അവൻ എന്റെ മുല വലിച്ചു കുടിക്കയാണ്..ഞാനിവനെ ഉപേക്ഷിക്കില്ല..എനിക്ക് വളർത്തണം എന്റെ പൊന്നോമനയെ..ഏത് ഇന്ദ്രൻ വന്നാലും ചന്ദ്രഹാസം മുഴക്കി ഏത് അസുരൻ വന്നാലും നരിക്കും നായയ്ക്കും കൊടുക്കാതെ എന്റെ കുഞ്ഞിനെ ഞാൻ വളർത്തും..."
ദാരികനെ കൊന്ന ഭദ്രകാളിയെ പോലെ പഞ്ചമി നിന്നാടി.
ഒരു നിമിഷം പകച്ചു പോയ വരരുചി തന്റെ ഭാണ്ഡത്തിൽ നിന്നും ഒരു ചുരിക വലിച്ചെടുത്തു. പ്രഭാത രശ്മികളിൽ സ്വർണ്ണം പോലെ തിളങ്ങിയ ചുരിക പഞ്ചമിയുടെ പെറ്റോഴിഞ്ഞ വയറ്റിൽ കുത്തിയിറക്കി. അവളുടെ കൈകളിൽ നിന്നൂർന്ന കുഞ്ഞിനെ കൈക്കുളിലാക്കി വരരുചി കുഞ്ഞിന്റെ കണ്ണുകളിലേക്ക് നോക്കി. പഞ്ചമിയുടെ അതേ തീക്കണ്ണുകൾ.
കുഞ്ഞിന്റെ കരച്ചിൽ കാറ്റിൽ അലിയും മുൻപ് പഞ്ചമിയുടെ വയറ്റിൽ നിന്നും ഊരിയ ചുരിക കുഞ്ഞിന്റെ കഴുത്തിന് നേരെ നീണ്ടു. കരച്ചിലിന്റെ നേർത്ത കണിക പോലും പുറത്തു വരാതെ ആ പിഞ്ചു കുഞ്ഞു തലയറ്റു താഴെ വീണു.
" പെണ്ണ് ആണിനെ എതിർത്തു സംസാരിക്കാനോ..അതും പണ്ഡിത ശ്രേഷ്ഠനായ നമ്മോട്..അത്രയ്ക്കയോ അഹങ്കാരം...പാപം മഹാ പാപം..
പാപത്തിന്റെ ശമ്പളം മരണമാണ്..
അമ്മേ മഹാമായേ..ഈ രണ്ടു ബലികളും സ്വീകരിക്കേണമേ..!"
പാപത്തിന്റെ ശമ്പളം മരണമാണ്..
അമ്മേ മഹാമായേ..ഈ രണ്ടു ബലികളും സ്വീകരിക്കേണമേ..!"
*************************
പിൻകുറിപ്പ്: ചരിത്രവും ഐതിഹ്യങ്ങളും എന്നും പുരുഷ നിർമ്മിതങ്ങളാണല്ലോ?
Vishnu MC

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക