പടിപ്പുരയെത്തും മുന്‍പേ ചിത്രഗുപ്തന്‍ ആജ്ഞാപിച്ചു
ദേ അങ്ങോട്ട് നോക്ക്, നിന്‍റെ വീട്ടുമുറ്റത്തൊരുക്കിയ പന്തലില്‍ നീ ഉപേക്ഷിച്ചുവന്ന ദേഹമാണ് വെള്ളപുതച്ചു കിടത്തിയിരിക്കുന്നത്,
അയാള്‍ നോക്കുമ്പോള്‍ മുറ്റം നിറയെ തരക്കേടില്ലാത്ത ആള്‍ക്കൂട്ടം, തെക്കേവശത്തു പതിവില്ലാത്ത ഒരു വെളിച്ചം, അവിടെ തടിവെട്ടുകാരന്‍ തങ്കപ്പന്‍ മാവ് കീറി വിറകാക്കുന്നുണ്ട്,
ഒരോട്ടോ വന്നു പടിക്കലെത്തിയതും "അച്ഛന്‍ ഞങ്ങളേയിട്ടേച്ചു പോയോ"ന്നും പറഞ്ഞ് ഓടിക്കിതച്ചു ചെന്ന് തന്‍റെ നെഞ്ചിലേക്കു ചരിഞ്ഞു തലതല്ലിക്കരയുന്ന മൂത്ത മകളുടെ കോമഡിഷോയാണ് മികച്ച പ്രകടനമായി വിലയിരുത്തിയത്.... അടഞ്ഞിരിക്കുന്ന വായിലേക്ക് അരി കുത്തി നിറച്ചും തള്ളവിരലുകള്‍ കൂട്ടിക്കെട്ടിയ കാല്‍പ്പാദത്തില്‍ തൊട്ടു വണങ്ങിയും മക്കള്‍ എന്തൊക്കയോ കാട്ടിക്കൂട്ടുന്നുണ്ട്. അവര്‍ അവരുടെ കടമ ചെയ്യുകയാണ് .
ജീവിച്ചിരുന്നപ്പോള്‍ വല്ലപ്പോഴുമെങ്കിലും ഒന്നു വന്നുകാണാന്‍ സമയമില്ലാതിരുന്നവരാണ്, എല്ലാ തിരക്കും ഇന്നത്തേക്ക് മാറ്റി വെച്ചതില്‍ അത്ഭുതം തോന്നാതിരുന്നില്ല
അനുഭവിക്കാന്‍ യോഗമില്ലാതിരുന്ന സ്നേഹം ഊഷ്മളമായ യാത്രയയപ്പിലൂടെ ആസ്വദിക്കാന്‍ തത്സമയസംപ്രേക്ഷണമൊരുക്കിയ ചിത്രഗുപ്തനോട് നന്ദി അറിയിച്ച് പുതിയ ലോകത്തിന്‍റെ പടി കടന്നു ചെല്ലുമ്പോൾ സീനിയോരിറ്റി കിട്ടിയ പ്രിയതമ ചെറു പുഞ്ചിരിയോടെ തന്നെയുംകാത്ത് നില്‍ക്കുന്നു
വീട്ടുമുറ്റത്തരങ്ങേറുന്ന നാടകം കാണിക്കാന്‍ വിരല് ചൂണ്ടിയപ്പോളേക്ക് പ്രിയതമ അയാളെ അകത്തേക്ക് ആനയിച്ചുകൊണ്ട് പറഞ്ഞു
"സാരമില്ല മനുഷ്യാ, നിങ്ങളൊന്നു ക്ഷമിക്ക്...... നമ്മുടെ മക്കളല്ലേ"
Santhosh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക