Slider

സുമയ്യായുടെ ഉമ്മ

0

സുമയ്യായുടെ ഉമ്മ
‌‌‌‌‌-‌‌‌---------------------‌‌‌
പഴയ പുസ്തകങ്ങള്‍ പൊടി തട്ടി വയ്ക്കുന്നിടക്കാണു 2008 ലെ യാത്രാ ഡയറി കണ്ണില്‍ തടഞ്ഞത്. സ്ഥിരമായി ഡയറി എഴുതാറില്ലെങ്കിലും, യാത്ര ചെയ്യുമ്പോഴുള്ള അനുഭവങ്ങള്‍ കുറിച്ച് വയ്ക്കാറുണ്ട്, യാത്ര ചെയ്ത തീയതി, കണ്ടുമുട്ടിയവര്‍, കൂടെ യാത്ര ചെയ്ത സുഹൃത്തുക്കള്‍, കടന്ന് പോയ എയര്‍പോര്‍ട്ടുകള്‍ , സഞ്ചരിച്ച വിമാനം അങ്ങനെ ചില കുറിപ്പുകള്‍.
രണ്ടായില്‍രത്തി എട്ട് ഇന്നേ ദിവസം യാത്ര ചെയ്തിരുന്നുവോ എന്ന് ഒരു കൗതുകത്തിനു മറിച്ചു നോക്കി. യാത്ര ചെയ്തിരിക്കുന്നു.തിരുവനന്തപുരം- ദുബായി- ഇസ്താംബൂള്‍- അല്‍മാട്ടി വഴി അത്തിറാവു. അനുഭവങ്ങളില്‍ ഒരു വരി മാത്രം.
സുമയ്യായുടെ ഉമ്മ??
രാത്രി മുഴുവന്‍ യാത്രയും പിന്നെ ദുബായി എയര്‍പോര്‍ട്ടിലെ നാലു മണിക്കൂറത്തെ കാത്തിരിപ്പും. എല്ലാം കൊണ്ടും നല്ല ക്ഷീണമുണ്ട്. ഇനിയും പത്ത് പന്ത്രണ്ട് മണിക്കൂര്‍ യാത്ര ചെയ്താലെ എത്തിപ്പെടേണ്ടിടത്ത് എത്തുള്ളു. അടുത്ത ഫ്ലൈറ്റില്‍ ഒരു ജനാലക്കരികിലുള്ള് സീറ്റ് ചോദിച്ചെങ്കിലും ബോര്‍‌ഡിംഗ് പാസ് തന്ന അറബി സുന്ദരി ചിരിച്ച് കൊണ്ട് പറഞ്ഞു,
സോറി സര്‍, ഇറ്റ്സ് നോട്ട് അവൈലബില്‍.
മധ്യഭാഗത്തുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ചു. വിന്‍ഡോയ്ക്കരികില്‍ ഒരു വെള്ളക്കാരന്‍ കട്ടിയുള്ള ഒരു പുസ്തകവും വായിച്ചിരിക്കുന്നു. അയാളെ ഒന്നു വിഷ് ചെയ്ത് ട്രാവലിങ്ങ് പില്ലോ ഊതി വീര്‍പ്പിച്ചു ഉറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങി.
ടൈറ്റ് ജീന്സും , ചെറിയ ഇറുകിയ ടീഷര്‍ട്ടും, ഹൈ ഹീല്‍ഡ് ചപ്പലും ചെമ്പിച്ച മുടിയുമുള്ള ഒരു വെളുത്ത സുന്ദരി അരികിലെത്തി അവളുടെ കയ്യിലിരുന്ന ബാഗ് ഓവര്‍ ഹെഡ് ലോക്കറില്‍ വയ്ക്കാന്‍ ശ്രമിക്കുന്നു. വളരെ ബുദ്ധിമുട്ടി ബാഗ് ഉള്ളിലേക്ക് തള്ളിവെയ്ക്കാന്‍ ശ്രമിക്കുന്നത് കണ്ട് ഒന്ന് സഹായിക്കാന്‍ എഴുന്നേറ്റ്, ലോക്കറിലുണ്ടായിരുന്ന മറ്റു ബാഗേജുകളെല്ലാം ഒതുക്കി അവളുടെ ബാഗിനും ഇടം കണ്ടെത്തി.
ചുമന്ന ചായം പുശിയ സുന്ദരമായ ചുണ്ടുകളില്‍ ഒരു വശ്യമായ ചിരി സമ്മാനിച്ചുകൊണ്ട് അവള്‍ പറഞ്ഞു,
താങ്ക്‌സ്.
ഒറ്റ നോട്ടത്തില്‍ ഒരു റഷ്യന്‍ പെണ്‍കുട്ടിയെ പോലെയുണ്ട്. ഇരുപത്തഞ്ചിനപ്പുറം പ്രായം വരില്ല. ദുബായിലും മറ്റും ഇപ്പോള്‍ ഒരുപാട് റഷ്യന്‍സ് ജോലിചെയ്യുന്നതായി കേട്ടിട്ടുണ്ട്. അങ്ങനെയാരെങ്കിലുമായിരിക്കുമെന്ന് മനസ്സില്‍ ഉറപ്പിച്ചു. ഏതായാലും ഒന്നു പരിചയപ്പെടാന്‍ തീരുമാനിച്ചു. ഇംഗ്ലീഷ് അറീയില്ലായെങ്കില്‍ അറീയാവുന്ന റഷ്യന്‍ ഭാഷ വച്ചു സംസാരിക്കണം. ടര്‍ക്കിഷ് എയര്‍ലെന്‍സ് പറന്നുയര്‍ന്നു. ആഹാരമൊക്കെ കൊടുത്ത് തീരുന്നത് വരെ എന്തായാലും ശരിക്കുറങ്ങാന്‍ സാധിക്കില്ല. അതു വരെ എന്തെങ്കിലും സംസാരിക്കാം. എയര്‍ ഹോസ്റ്റസ് കൊണ്ടൂവന്ന പത്രങ്ങളില്‍ നിന്നും അവള്‍ ഖലീജ് ടൈം‌സ് എടുത്ത് വായിക്കുന്നത് കണ്ടപ്പോള്‍ ഇംഗ്ലീഷ് വശമാണെന്ന് മനസ്സിലായി.
ഒന്നു വിഷ് ചെയ്തിട്ട് റഷ്യക്കാരിയാണൊ എന്ന് ചോദ്യത്തിന് അവള്‍ മറുപടി തന്നു,
അല്ല, റൊമാനിയന്‍.
അപ്പോള്‍ ഇസ്താംബൂളിലേക്ക് എന്തിനാ പോകുന്നെ?
അവിടെ നിന്ന് എനിക്ക് കണക്ഷന്‍ ഫ്ലൈറ്റ് ഉണ്ട്,
ദുബായിലെന്തു ചെയുന്നു?
ഇവിടെ ഭര്‍ത്താവിന്റെ കൂടെ.
എന്താ ഒറ്റക്ക് നാട്ടിലേക്ക് ? ഭര്‍ത്താവ് കൂടെ വരുന്നില്ലെ?
ആരും കുടെയില്ല, ഞാന്‍ ഒറ്റക്കാ ഇപ്പോള്‍. എന്നെന്നേക്കുമായി ഞാന്‍ ഈ നാട് വിട്ട് പോകുന്നു.
എന്നന്നേക്കുമായി? ആകാംക്ഷയോടെ ചോദിച്ചു.
അവള്‍ അതെ എന്ന് തലകുലുക്കി കാണിച്ചു. പിന്നെ കണ്ണുകളടച്ച് സീറ്റില്‍ ചാരിയിരുന്ന് എന്തോ ആലോചിച്ചു. ആ ഭാവത്തില്‍ നിന്നും എന്തൊക്കെയോ പ്രശ്നങ്ങളുള്ള ഒരു പെണ്ണാണ് തൊട്ടരികിലിരിക്കുന്നതെന്ന് മനസ്സിലായി. ഇനി ഒന്നും ചോദിക്കണ്ട എന്ന് തീരുമാനിച്ച് കണ്ണുകളടച്ച് സീറ്റിലേക്ക് ചാരി.
എയര്‍ ഹോസ്റ്റസ് ജ്യൂസും വെള്ളവുമായൊക്കെയെത്തി. ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് മേടിച്ചു കുടിച്ചു. അരികിലിരിക്കുന്ന റൊമാനിയക്കാരി ഒരു ഗ്ലാസ്സ് വെള്ളം മേടിച്ചു . അവളുടെ മുഖത്തേക്ക് നോക്കി. അല്പം മുന്പ് കടന്ന് വന്ന വിഷാദം മാറി ഇപ്പോള്‍ വീണ്ടും പ്രസന്നമായിരിക്കുന്നു. എങ്കിലും ഇനിയൊരു സംഭാഷണം ഒഴിവാക്കാന്‍ തീരുമാനിച്ചു.
വെള്ളം കുടിച്ച് കഴിഞ്ഞ് ഗ്ലാസ്സ് ഫുഡ് ട്രേയില്‍ വച്ചിട്ട് അവള്‍ ചോദിച്ചു,
ഇന്ത്യക്കാരനാണൊ?
അതെ?
എന്താ ജോലി? എവിടാ ജോലി?
ജോലിയും സ്ഥലവും പറഞ്ഞു.
ക്ഷമിക്കണം, ഞാന്‍ പേരു ചോദിക്കാന്‍ വിട്ട് പോയി.
സാരമില്ലായെന്ന് പറഞ്ഞിട്ട് പേര് പറഞ്ഞു. പകരമായി അവളുടെ പേര് ചോദിച്ചു.
എന്നെ സുമയ്യായുടെ ഉമ്മ എന്ന് വിളിച്ചോളു. അവള്‍ മറുപടിയെന്നോണം പറഞ്ഞു.
സുമയ്യ?
അതെ, എന്റെ മോളാ! , നിനക്കവളെ കാണണോ?
വേണമെന്ന അര്‍ത്ഥത്തില്‍ തലകുലുക്കി. അവള്‍ കയ്യിലിരുന്ന ചെറിയ ബാഗ് തുറന്ന് അതിനുള്ളിലെ പേഴ്സില്‍ വച്ചിരുന്ന മൂന്ന് വയസ്സുകാരി സുമയ്യായുടെ ചെറിയ ഫോട്ടോ കാണിച്ചുതന്നു.
ഫോട്ടോ കണ്ടുകഴിഞ്ഞപ്പോള്‍ അവളോട് ചോദിച്ചു, എവിടെയാ സുമയ്യ ഇപ്പോള്‍?
അവളുടെ ബാപ്പയുടെ കൂടെ,
സുമയ്യായെ കുടെ കൂട്ടാമായിരുന്നില്ലേ ഈ യാത്രയില്‍ ?
ആഗ്രഹമില്ലാഞ്ഞിട്ടല്ല, ആ ദുഷ്ടന്‍ തന്നില്ല. നിനക്കറിയോ, ഞാന്‍ വീട് വിട്ടിറങ്ങൂമ്പോള്‍ പോലും എന്റെ മോളെ ഒന്നു കാണാന്‍, അവളെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാന്‍, അവളോട് യാത്രപറയാന്‍ പോലും അയാള്‍ സമ്മതിച്ചില്ല.
അത്രയും പറഞ്ഞപ്പോഴേക്കും വീണ്ടൂം അവള്‍ കരഞ്ഞുപോയി. കണ്ണുകള്‍ തുടച്ചിട്ട് വീണ്ടൂം പറഞ്ഞു,
ഞാന്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ മുതല്‍ എന്റെ മോളെ കാണാനില്ല. അവന്‍ എന്റെ മോളെ എന്നില്‍ നിന്നും ഒളിപ്പിച്ച് വച്ചു. അവസാന നിമിഷം വരെ അവന്റെ കാല് പിടിച്ച് അപേക്ഷിച്ചു, ഒന്നു കണ്ടാല്‍ മതിയായിരുന്നു. എനിക്കറിയില്ല., ഇനി എന്റെ ജീവിതത്തില്‍ അവളെ കാണാന്‍ കഴിയുമോയെന്ന്.
അവള്‍ വീണ്ടും വിങ്ങിപ്പൊട്ടി.
വല്ലാത്തൊരവസ്ഥ. എന്തു ചെയ്യണമെന്നോ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയില്ല. നിറഞ്ഞ് വന്ന കണ്ണുകള്‍ അവള്‍ കാണാതെ തുടച്ചു.
അവളൊന്നാശ്വസിച്ചെന്ന് തോന്നിയപ്പോള്‍ ചോദിച്ചു,
എന്തിനാ നിങ്ങള്‍ പിരിയുന്നത്?
ഞാനല്ല. അവന് എന്നെ വേണ്ട! എത്ര കാലം സഹിക്കും. ഇനി നിന്നാല്‍ എന്നെ കൊല്ലും. ഇന്നലെ എന്നെ അടിച്ച് നിലത്തിട്ട് ബുട്ടിട്ട് എന്റെ കഴുത്തില്‍ അമര്‍ത്തി . ആരോ വന്നത് കൊണ്ട് എന്നെ കൊന്നില്ല. അല്ലെങ്കില്‍..
എന്താ കാരണമെന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ടോ?
അവനിപ്പോള്‍ വേറെ കല്യാണം കഴിക്കണം. ഞാന്‍ എതിര്‍ത്തു. പക്ഷെ എന്റെ എതിര്‍പ്പൊന്നും അവന്‍ കാര്യമാക്കുന്നില്ലായെന്ന് മനസ്സിലാക്കിയപ്പോള്‍, എന്റെ മോളോടൊത്ത് ജീവിക്കാനെങ്കിലും അനുവദിക്കാന്‍ അപേക്ഷിച്ചു. അവന്‍ സമ്മതിച്ചു.
പിന്നെ എന്താ? മോളോടോപ്പം അവിടെ ജീവിക്കാമായിരുന്നില്ലേ?
അവന്‍ കെട്ടാന്‍ പോകുന്ന പെണ്ണ് സമ്മതിക്കുന്നില്ല, എന്നെ ആ നാട്ടില്‍ തുടരാന്‍.
വിവാഹം കഴിഞ്ഞിട്ട് എത്ര വര്‍ഷമായി?
അഞ്ച് വര്‍ഷം. എന്റെ പതിനെട്ടാമത്തെ വയസ്സില്‍.
നിയമങ്ങളൊക്കെ കണിശമായി പാലിക്കുന്ന രാജ്യമല്ലെ? അങ്ങനെ എന്തെങ്കിലും നോക്കാമായിരുന്നില്ലെ?
അതിലൊന്നും കാര്യമില്ല. ഇവിടെയും നിയമം കാശുള്ളവര്‍ക്കാണു. വിശേഷിച്ചും ഇവിടത്തെ പൗരനാകുമ്പോള്‍.
അപ്പോള്‍. ഭര്‍ത്താവ് റൊമാനിയക്കാരനല്ലേ?
അല്ല. അയാള്‍ യു എ ഇ പൗരനാണ്.
നിങ്ങളുടെ കല്യാണം നടന്നത്?
അയാള്‍, റൊമാനിയയില്‍ പഠിക്കാന്‍ വന്നതായിരുന്നു. യൂണിവേഴ്സിറ്റയില്‍ നമ്മള്‍ ഒരുമിച്ചായിരുന്നു. അയാള്‍ അവസാന വര്‍ഷമായപ്പോള്‍ ഞാന്‍ ആദ്യവര്‍ഷം. എനിക്കെന്റെ വിദ്യാഭ്യാസം പോലും മുഴുപ്പിക്കാനായില്ല. അയാള്‍ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങിയ ഉടനെ എന്നെ വിവാഹം കഴിച്ചു ഇവിടെ കൊണ്ടുവന്നു.
അയാളുടെ വീട്ടിലാരുമില്ലെ? അവര്‍ക്കറിയില്ലെ ഇക്കാര്യങ്ങളെല്ലാം?
അയളുടെ ഉമ്മയുണ്ട്. വളരെ നല്ല സ്ത്രീ. പക്ഷെ അവര്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. പിന്നെയുള്ളത് അയാളുടെ താഴെ നാലു സഹോദരന്മാരാണ്. എല്ലാവരും ഇയാളെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.
ആരുടെയെങ്കിലും പറഞ്ഞ് നിയമ സഹായം തേടാമായിരുന്നില്ലേ?
അതിലൊന്നും ഒരു കാര്യവുമില്ല. അയാളിവിടത്തെ വലിയ ഒരു കാശുകാരനാണ്. ഇവിടത്തെ പോലിസും മറ്റുള്ളവരുമൊക്കെ അയാള്‍ടെ ഫ്രണ്ട്സാണ്. എനിക്കെന്നല്ല, ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. ഞാന്‍ സ്വമേധയാ ഈ രാജ്യം വിട്ട് പോയില്ലെങ്കില്‍ പോലീസിന്റെ സഹായത്തൊടെ എന്നെ അനാശാസ്യ പ്രവൃത്തിയുടെ പേരില്‍ ജയിലിലടക്കാനായിരുന്നു അയാളുടെ പ്ലാന്‍.
ഇതൊക്കെ നാട്ടില്‍-റൊമാനിയയില്‍ അറിയിച്ചിട്ടുണ്ടോ?
ഞാന്‍ അങ്ങൊട്ട് ചെല്ലുന്നുവെന്ന് മത്രം അവര്‍ക്കറിയാം. ഒരിക്കലും എനിക്കവരോട് ഒറ്റക്ക് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. അയളുടെ മുന്നില്‍ വച്ച് മാത്രമെ സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു, അതും മാസത്തില്‍ ഒന്നോ രണ്ടോ തവണ.
അവിടെ ചെന്നിട്ട് ഇനി എന്ത് ചെയ്യാന്‍ കഴിയും?
ഒന്നും ചെയ്യാന്‍ കഴിയില്ല. എനിക്കൊരു ജോലികിട്ടാനുള്ള വിദ്യാഭ്യാസം പോലും നേടിയില്ല. എനിക്കെന്റെ മോളെ തിരിച്ച് കിട്ടിയാല്‍ മാത്രം മതി.
ഇസ്താംബൂളിലിറങ്ങി യാത്ര പറഞ്ഞ് പിരിഞ്ഞു. കുറച്ച് നടന്നകന്നിട്ട് അവള്‍ തിരിച്ചു വന്നു ചോദിച്ചു
വിവാഹിതനാണൊ?
അതെ.
കുട്ടികള്‍?
ഉണ്ടെന്ന് തലകുലുക്കി.
ഒരിക്കലും ഭാര്യയെ പിരിയരുത്. വേദനിപ്പിക്കരുത്. അവര്‍ക്കത് താങ്ങാനാകില്ല.
മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെ നിറകണ്ണുകളോടെ അവരെ നോക്കി നിന്നു.
പിന്നേയും അവള്‍ പറഞ്ഞു,
എന്റെ മോളെ എനിക്ക് തിരിച്ച് കിട്ടാന്‍ വേണ്ടീ എപ്പോഴെങ്കിലും ഒന്ന് പ്രാര്‍‌ത്ഥിക്കണം.
അവള്‍ നടന്നകന്നു. കണ്ണില്‍ നിന്നും അകന്ന് ജനക്കൂട്ടത്തിലൂടെ ഒഴുകി മറഞ്ഞു.
ഞാന്‍ വീണ്ടും ഡയറിയിലെ ആ താളില്‍ നോക്കി. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്നെ എന്നെ മൂടിയ അസ്വസ്ഥത ഇന്നും അതേ തീവ്രതയില്‍. ഇന്നും ആ താളില്‍ ഒന്നും എഴുതി ചേര്‍ത്തില്ല. അക്ഷരങ്ങളേക്കാള്‍ മിഴിവോടെ സുമയ്യയുടെ ഉമ്മ ഒരു നൊമ്പരമായി എന്നും ഓര്‍മ്മയിലുണ്ടാകും.
----------------------------------------
അശോക് വാമദേവന്‍.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo