Slider

ആകാശത്തിലെ കാവൽ നക്ഷത്രങ്ങൾ:

0

ആകാശത്തിലെ കാവൽ നക്ഷത്രങ്ങൾ:
-------------------------------------------------------------------
എട്ടാം ക്ലാസ്സിൽ മൂന്നാമത്തെ പീരീഡ്, മലയാളം B.
ക്ലാസ് തുടങ്ങി പകുതിയായപ്പോൾ വാതിലിൽ പ്യൂണിന്റെ മുഖം പ്രത്യക്ഷപ്പെട്ടു.
മാഷ് പഠിപ്പിക്കൽ നിറുത്തി, കുറിപ്പ് വാങ്ങി നോക്കിയ ശേഷം രവിയെ നോക്കി. പിന്നെ സാവകാശം പറഞ്ഞു . " രവി, തന്നോട് ഹെഡ് മാഷ്ടെ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞിരിക്കുന്നു”
രവിയെ ഇടയ്ക്കിടയ്ക്ക് ഓഫീസിലേക്കു വിളിക്കാറുണ്ട് - സ്കോളർഷിപ് പരീക്ഷ, അല്ലെങ്കിൽ സയൻസ് എക്സിബിഷൻ എന്നിങ്ങനെ കാര്യങ്ങൾക്കായി. അത് കൊണ്ട് അവനു പ്രത്യേകിച്ചൊന്നും തോന്നിയില്ല.
എണീക്കാൻ ഒരുങ്ങുമ്പോൾ, പെട്ടെന്ന് അദ്ദേഹം വീണ്ടും പറഞ്ഞു ,
" പിന്നെ, .. താൻ ബാഗും പുസ്തകങ്ങളും കൂടെ എടുത്തോളൂ".
ബാഗും പുസ്തകങ്ങളും ?! രവി ഒന്ന് സംശയിച്ചു മാഷെ നോക്കി. പിന്നെ, ഒന്നും പറയാതെ അനുസരിച്ചു. ചിന്താകുലനായി ഓഫീസിലേക്ക് നടന്നു.
ഹെഡ് മാഷെ എല്ലാവർക്കും ഒരൽപ്പം ഭയമാണ്. ഉള്ള കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന പ്രകൃതി. "ആ, താൻ ഇരിക്ക് . തന്റെ അനിയത്തിയും ഇപ്പൊ വരും. വീട്ടിലേക്കു ചെല്ലാൻ പറഞ്ഞു ആൾ വന്നിരുന്നു. പേടിക്കാനൊന്നുമില്ല കേട്ടോ ". തടിച്ച കണ്ണടയ്ക്കുള്ളിലൂടെ സൂക്ഷിച്ചു നോക്കി സ്വതസിദ്ധമായ ഗാംഭീര്യം വിടാതെ, എന്നാൽ സമാധാനിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു,
രവിയുടെ മനസ്സൊന്നാളി. “ വീട്ടിൽ കുഴപ്പം വല്ലതും ? ഏയ് ഇല്ല. ” അവൻ സ്വയം ആശ്വസിച്ചു.
അനിയത്തി വന്നതും , രവി അവളെയും കൂട്ടി നടന്നു. ഗേറ്റിനരികിൽ ചെന്ന് തിരിഞ്ഞു നോക്കിയപ്പോൾ, ഹെഡ് മാഷും പ്യൂണും വേറെ ഒന്ന് രണ്ട് പേരും അവരെത്തന്നെ നോക്കി നിൽപ്പുണ്ട്.
അറിയാതെ കണ്ണുകൾ ക്ലാസിനു, നേർക്ക് നീണ്ടു. അവിടെ , മാഷ് ക്ലാസിനു പുറത്തു ഇങ്ങോട്ടു നോക്കി നിൽക്കുന്നത് ശ്രദ്ധിച്ചില്ലെന്നു വരുത്തി മുൻപോട്ടു തന്നെ നടന്നു.
" കുഞ്ഞേട്ടാ, എന്താ നമ്മളെ വീട്ടിലേക്ക് ..",
"ഏയ്, ഒന്നുമില്ല ..നീ മിണ്ടാതെ നടക്ക്", അവളെ മുഴുമിപ്പിക്കാൻ അനുവദിക്കാതെ രവി പറഞ്ഞു.
വീട്ടിലേക്കു ഉദ്ദേശം ഒന്നര കിലോമീറ്റർ നടക്കണം.
കപ്പേള കഴിഞ്ഞാൽ വഴി അല്പം വളവാണ്.
മെയിൻ റോഡിൽ ചെന്ന് ഇടത്തോട്ട് തിരിഞ്ഞു പുത്തൻതോടിനു കുറുകെയുള്ള പാലം കടന്നു അവർ അങ്ങാടിയിലെത്തി. സാധാരണ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്കു വരുമ്പോൾ ഉള്ള തിരക്ക് അങ്ങാടിയിൽ കണ്ടില്ല. കാർ സ്റ്റാൻഡ് കാലിയാണ്.
കാക്കപ്പേട്ടന്റെ പച്ചക്കറിക്കടയിലും , ഗംഗാധരേട്ടന്റെ റേഷൻ കടയിലും പേരിനു പോലും ആരുമില്ല എന്ന് രവി ശ്രദ്ധിച്ചു.. ശങ്കരനാരായണേട്ടന്റെ ആയുർവേദ മരുന്നുകടയിൽ ആൾ പത്രവും നോക്കി ഇരിപ്പുണ്ട്.പത്രത്തിൽ നിന്നും അറിയാതെ ഉയർന്ന ദൃഷ്ടികൾ, പിന്നെ അവരിൽ തറഞ്ഞു നിന്നു. എന്തോ ചോദിയ്ക്കാൻ വന്നത് ഇടയ്ക്കു നിറുത്തി, പിന്നെ ഒന്നും മിണ്ടാതെ അവരെയും നോക്കി ഇരുന്നു.
ഒരു 'കെ.കെ.മേനോൻ' ബസ് പടിഞ്ഞാറോട്ടു പാഞ്ഞു പോയി. തൃപ്രയാർക്കാണ്. പച്ച നിറത്തിലുള്ള പെയിന്റ് അടിച്ച , ഒരു മാതിരി പ്രധാന റൂട്ടുകളിൽ എല്ലാം സർവീസ് നടത്തുന്ന കെ.കെ.മേനോൻ ബസുകൾ റോഡിലെ സ്ഥിര സാന്നിധ്യമാണ്.
വെയില് ഒന്ന് മങ്ങി , കുറച്ചു കഴിഞ്ഞു വീണ്ടും തെളിഞ്ഞു. കാർമേഘങ്ങൾ അവിടവിടെ ഉരുണ്ട് കൂടി.
അവർ അല്പം കൂടെ നടന്ന്, ഹാജ്ജ്യാരുടെ വീടും കടന്നു വലതു ഭാഗത്തു തെക്കോട്ടു തിരിഞ്ഞു പോകുന്ന ഇടവഴിയിലേക്ക് കയറി. ടാറിടാത്ത , കല്ലുകളും കുഴികളും ഉള്ള ഒരു ചെമ്മൺ പാത. ഇനി കയറ്റ മാണ്. ഒരു നാലഞ്ചു വീട് കടന്നാൽ ഇടതു ഭാഗത്തു രവിയുടെ വീടായി.
വേലപ്പനും കാർത്തുവും എതിരെ വന്നു. വല്ലാത്തൊരു വിഷമം മുഖത്ത് വരുത്തി ഒന്നും പറയാതെ രവിയെ കടന്നു പോയി.
വഴിയുടെ രണ്ട് വശത്തുള്ള വീടുകളിലെ എന്തൊക്കെയോ പണികളിൽ ഏർപ്പെട്ടിരുന്ന വീട്ടമ്മമാർ . രവിയേയും സഹോദരിയെയും കണ്ടതും , പണി നിറുത്തി സഹതാപത്തോടെ നോക്കി ക്കൊണ്ടു നിൽക്കുന്നത് അവൻ കണ്ടില്ലെന്നു നടിച്ചു. കുറച്ചു നടന്നു പിന്നിലേക്കൊന്നു കണ്ണ് വെട്ടിച്ചു നോക്കിയപ്പോൾ മൂക്കത്തു വിരൽ വെച്ച് അവർ തമ്മിൽ സംസാരിക്കുന്നതും കണ്ടു.
" ഇല്ല , അങ്ങിനെ വരില്ല ", രവി വീണ്ടും മനസ്സിൽ പറഞ്ഞു.
എങ്കിലും വീടിനോടടുക്കും തോറും കാലുകൾക്കു അറിയാതെ വേഗത കൂടുന്നത വനറിഞ്ഞു.
എത്തുന്നതിനു മുൻപേ കണ്ടു മുറ്റത്തു ചെറിയൊരാൾക്കൂട്ടം.
പടിഞ്ഞാറേ വീട്ടിലും ഉണ്ട്, മൂന്ന് നാലു പേർ.
വേലിയ്ക്കു സമീപം കമ്പിപ്പാലയിന്മേൽ ചുറ്റി പ്പടർന്ന് ഉയരത്തിൽ വിടർന്നു നിൽക്കുന്ന കോളാമ്പിപ്പൂക്കളോ, മുറ്റത്തെ ഗന്ധരാജനോ രവിയുടെ കണ്ണിൽ പെട്ടില്ല..
ആർക്കും മുഖം കൊടുക്കാതെ ഇറയത്തേക്കോടി കയറി, വെമ്പലോടെ അകത്തേക്ക് നോക്കി.
ഇല്ല , അവിടെ കട്ടിലിൽ ആരുമില്ല.
“അപ്പോൾ പിന്നെ”?
" അവര് എത്തിയിട്ടില്ല മോനേ ", ഉള്ളിൽ നിന്ന് രവിയുടെ അമ്മായിയുടെ ഇടറിയ ശബ്ദം.
അതവന്റെ മനസ്സിൽ ആശ്വാസം പകർന്നു.
ഭയപ്പെട്ടത് ഇനിയും സംഭവിച്ചിരിക്കില്ല, എന്നല്ലേ അതിനർത്ഥം ?
രവിയുടെ ചേട്ടനും, താഴെയുള്ള കുട്ടികളും, അമ്മായിയും അയൽവക്കത്തെ കുറച്ചു സ്ത്രീകളും അകത്തുണ്ട്. ആരും ഒന്നും പറഞ്ഞില്ല. വിളറിയ മുഖങ്ങളിൽ ആകാംക്ഷയും പേറി ഒന്നും പറയാനില്ലാതെ അവർ നിന്നു.
നിശ്ശബ്ദത തളം കെട്ടിയ നീണ്ട നിമിഷങ്ങൾ അകത്തളത്തു വെറുങ്ങലിച്ചു നിന്നു ! ഇടയ്ക്കു ചില ദീർഘനിശ്വാസങ്ങൾ മാത്രം ഉയർന്നു കേട്ടു.
രവി ജനാലയിൽക്കൂടെ വെളിയിലേക്കു നോക്കി.
അടുത്ത് പുറത്തെ വീടുകളിലെ ഗൃഹനാഥന്മാരും , കുറച്ചു ബന്ധുക്കളും ശബ്ദം താഴ്ത്തി സംസാരിച്ചു കൊണ്ട് നിൽപ്പുണ്ട്. എല്ലാം പരിചിത മുഖങ്ങൾ.
പുറത്തു വെയിലും കാര്മേഘങ്ങളും മാറി മാറി മത്സരിച്ചു കളിക്കുകയാണോ? ഇടയ്ക്കു മഴയുടെ ലക്ഷണം, അത് പിന്നെ വെയിലിനു വഴി മാറിക്കൊടുക്കുന്നു. വീണ്ടും ഇരുണ്ട് കൂടുന്നു.
അവൻ പതിയെ ഇറയത്തു ഒരു സ്റ്റൂളിൽ വന്നിരുന്നു.
ആരോ മുറ്റത്തേക്ക് കേറി വന്നു. " എന്തായീന്നൊരു പിടീം ഇല്ല. റോഡിലും അങ്ങാടീലും ഒക്കെ , കഴിഞ്ഞൂന്നും ഇല്ല്യാന്നും സംസാരംണ്ട്" .
പറച്ചിലിനിടയിൽ ഇറയത്തു രവിയെക്കണ്ടപ്പോൾ ആൾ ശബ്ദം താഴ്ത്തി.
അവനതു കേൾക്കാത്ത മട്ടിൽ അശോകമരത്തിലേക്ക് നോക്കി.
വീണ്ടും മൗനം കനത്തു.
ഒന്നുമറിയാതെയുള്ള കാത്തിരിപ്പിന്റെ വേദന ഇപ്പോൾ മനസ്സിനെ കുത്തി നോവിപ്പിക്കാൻ തുടങ്ങിയപ്പോൾ, രവി കഴിഞ്ഞ ദിനങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു.
മൂന്ന് ദിവസം മുൻപാണ് സർക്കാർ ആശുപത്രിയിൽ വെച്ച് താൻ, പ്രധാന ഡോക്ടറോട് പൊട്ടി ത്തെറിച്ചത്.
ഒരു ഡോക്ടർ, വര്ഷങ്ങളായി മാറാരോഗവുമായി മല്ലടിച്ചു പ്രതീക്ഷയറ്റു കിടക്കുന്ന രോഗിയുടെ മുൻപിൽ വെച്ചു, വിവേകശൂന്യമായ രീതിയിൽ ഇനിയും എന്തിനാണ് ഈ സർക്കാർ ആശുപത്രിയിൽ വന്നു കിടക്കുന്നതെന്നു മുഖത്ത് നോക്കി ചോദിക്കുമെന്ന് സ്വപ്നത്തിൽ വിചാരിച്ചതല്ല. കിടക്കയിലെ മുഖ ത്തേക്ക് അറിയാതെ നോക്കിപ്പോയി. ആ ദയനീയത കണ്ട് നിയന്ത്രണം വിട്ടു. ഡോക്ടറോട് ഉച്ചത്തിൽ തട്ടിക്കയറി. ഡോക്ടറും പതിമൂന്നു കാരനായ ഒരു കുട്ടിയിൽ നിന്ന് അത്തരം ഒരു പ്രതികരണം പ്രതീക്ഷിച്ചിരിക്കില്ല.. വിളറി വെളുത്തു പോയി.
കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിൽ അത്തരം ഒരനുഭവം ആദ്യമായിരുന്നു.
ഉടനെ ഡിസ്ചാർജ് ചെയ്തു കൊണ്ട് പോന്നു.
ഇപ്പോഴും അവനു വിശ്വസിക്കാനാവുന്നില്ല
പിന്നീട് വിവരം അറിഞ്ഞു സഹായത്തിനു വീട്ടിലെത്തിയ മുതിർന്ന ബന്ധുക്കൾ, ഏക പ്രതീക്ഷയായ അമല ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുകയായിരുന്നു.
കുട്ടികളായതു കൊണ്ട് തന്നെയോ ചേട്ടനെയോ കൊണ്ട് പോയില്ല.
ചെറിയൊരു കാറ്റ് വീശി. അശോകമരത്തിലെ ഇലകൾ ചെറുതായൊന്നിളകി.
ഒരു കാറിന്റെ ശബ്ദം കേട്ടപോലെ. !
അത് അടുത്ത് വന്നു.
രവി ചിന്തയിൽ നിന്നുണർന്നു.
മുറ്റത്തു നിന്നിരുന്നവർ ഒന്നിളകി .അകത്തുള്ളവർ ഇറയത്തേക്കോടി വന്നു നോക്കി നിൽപ്പായി.
അതിയായ ഉൽക്കണ്ഠയോടെ എല്ലാ കണ്ണുകളും കാറിലേക്കായി.
കാറിൽ നിന്ന് രണ്ട് ബന്ധുക്കൾ ആദ്യം ഇറങ്ങി.
ചുറ്റുമുള്ളവരുടെ സഹായത്തോടെ രവിയുടെ അച്ഛനെ പുറത്തേക്കെടുത്തു.
ആ അവസ്ഥയിലും, തളർന്ന കണ്ണുകൾ തുറന്നു അച്ഛൻ ഒന്ന് നോക്കി, വരണ്ട ചുണ്ടിൽ ഒരു ചിരി വരുത്താൻ ശ്രമിച്ചു.
" ഈശ്വരാ കാത്തു. അച്ഛൻ മരിച്ചിട്ടില്ല " , വീർപ്പടക്കി നിന്ന രവിയും ചേട്ടനും ഒന്നിച്ചു പറഞ്ഞു!!!
ഒരു പാട് തൊണ്ടകൾ ഒരേ സ്വരത്തിൽ അതേറ്റു പറഞ്ഞു. മനസ്സുകൾ ആശ്വാസം കൊണ്ടു.
പിന്നാലെ, കലങ്ങിയ കണ്ണുകളോടെ രവിയുടെ 'അമ്മ ഇറങ്ങി വന്നു.
അകത്തു കട്ടിലിൽ കൊണ്ട് കിടത്തിയ അച്ഛന്റെ ചുറ്റും എല്ലാവരും വട്ടമിട്ടു നിന്നു.
അവർക്കിടയിൽ, പകച്ച കണ്ണുകളോടെ ഇമ പൂട്ടാതെ നോക്കി നിന്നു, ആറു കുട്ടികൾ.
ആശ്വാസമോ, ഉത്കണ്ഠയോ മുന്നിട്ടു നിൽക്കുന്നതെന്ന് അറിയാത്ത നിമിഷങ്ങൾ,വീണ്ടും ദീർഘ നിശ്വാസങ്ങൾക്കു വഴിമാറി.
അച്ഛൻ ഒന്ന് ചുമച്ചു, പിന്നെ ചില ഭാവ വ്യത്യാസങ്ങൾ പ്രകടിപ്പിച്ചു.
ആരോ ഒരാൾ അമ്മയോട് വെള്ളം കൊടുക്കാൻ പറഞ്ഞു.
ഇറ്റിറ്റായി വെള്ളം ഇറക്കുന്നതിനിടക്ക് ആ കണ്ണുകൾ ചുറ്റും ആരെയോ തിരയുന്നുണ്ടായിരുന്നു. ചുറ്റിക്കറങ്ങി അത് രവിയുടെ ചേട്ടന്റെ മുഖത്ത് വന്നു നിന്നു. ആ നോട്ടം കണ്ട് സഹിക്കാനാകാതെ അവന്റെ ചേട്ടൻ നിറകണ്ണുകളോടെ മറ്റെവിടേക്കോ ദൃഷ്ടികൾ പായിച്ചു,
വിതുമ്പി നിന്നു.
പിന്നെ അത് രവിയിൽ എത്തി തറഞ്ഞു നിന്നു. നിശ്ശബ്ദമായി ആ മിഴികൾ അവന്റെ കണ്ണുകളുമായി ഒത്തിരി കാര്യങ്ങൾ സംസാരിച്ചു.ഒരു പാട് വികാരങ്ങൾ അച്ഛന്റെ മുഖത്തു മിന്നിമായുന്നതു അവൻ കണ്ട് നിന്നു.
ദുഖവും,യാചനയും, പ്രതീക്ഷയും, അനുഗ്രഹവും യാത്ര ചോദിക്കലും എല്ലാം കലർന്ന നോട്ടം !
ക്രമേണ ആ നോട്ടത്തിനു വല്ലാത്ത തിളക്കം വരുന്നതായി അവന് തോന്നി. ആ കണ്ണുകൾ രവിയുടെ ഹൃദയത്തിന്റെ ഉള്ളിന്റെ ഉൾത്തടങ്ങളിലേക്കു സഞ്ചരിച്ചു. അവനു മാർഗദർശനം നൽകാനെന്നോണം അവിടെ സ്ഥിരപ്രതിഷ്ടമായി.
ഒപ്പം, രണ്ട് പ്രകാശ സ്ഫുരണങ്ങൾ ആകാശത്തേക്കുയർന്നു!
അവർക്കു കാവൽ നക്ഷത്രങ്ങളായി അവിടെ നില കൊണ്ടു.
അടുത്ത നിമിഷത്തിൽ അച്ഛന്റെ വായിൽ നിന്ന് വെള്ളം പുറത്തേക്കൊഴുകി.
'അമ്മ ഒരു കരച്ചിലോടെ വശത്തേക്ക് മറിഞ്ഞു !!!
രവി കരഞ്ഞില്ല ! വികാരങ്ങൾക്കപ്പുറത്തുള്ള
ഏതോ ഒരവസ്ഥയിൽ ആയിരുന്നു അവന്റെ മനസ്സ് അപ്പോൾ.
കാലം അവിടെ മരവിച്ചു നിന്നു !
***** ****** ****** ***** ****** ****** ****** **** **** **** *****
ആ കാവൽ നക്ഷത്രങ്ങളെ സാക്ഷിയാക്കി ,
പതിനാറു വയസ്സ് മാത്രം പ്രായമുള്ള രവിയുടെ ചേട്ടൻ കുടുംബ ഭാരം മൊത്തം തലയിലേറ്റി.
ഹൃദയത്തിൽ പ്രതിഷ്ഠിച്ച അച്ഛന്റെ ഉൾക്കണ്ണുകളെ സാക്ഷിയാക്കി , രവി പഠനം തുടർന്നു.സാധിക്കുമ്പോഴൊക്കെ ചേട്ടന് കൈത്താങ്ങായി.
കഷ്ടപാടുകളിൽ, വേദനയുടെ നാളുകളിൽ , ഒരമ്മയും ആറു കുട്ടികളുമടങ്ങുന്ന കുടുംബത്തിന് വഴികാട്ടിയായി ആ നക്ഷത്രങ്ങൾ പ്രകാശിച്ചു നിന്നു. അവർക്കു കരുത്തേകി, നേർവഴിക്കു നയിച്ചു.
ഇന്നും, മൂന്നു ദശാബ്ദങ്ങൾക്കിപ്പുറവും, അതെ തിളക്കത്തോടെ അവ ആകാശത്തുള്ളത് രവിയുടെ ചേട്ടൻ കാണുന്നു. തന്റെ ഉള്ളിന്റെയുള്ളിൽ അവയുടെ സാന്നിധ്യം, രവിയും !
.** ** ** ** ** ** ** ********** ***** ***** ***** ***** ***** *****

Rajeevan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo