Slider

ഇത്താത്താടെ ഒളിച്ചോട്ടം

0

ഇത്താത്താടെ ഒളിച്ചോട്ടം
**********
അന്നൊരു ഞാറാഴച രാവിലെ സമയം ഒരു ആറു ആറര ആയിക്കാണും സുഖായി മൂടിപ്പുതച്ചു കിടക്കുന്ന എന്റെ ഇറക്കം കെടുത്തുന്ന ഒച്ചപ്പാട് കേട്ടാണ് കണ്ണ് തുറന്നതു ..പതിവിലും കൂടുതലുള്ള ഓച്ചിം വിളീം എന്തോ കാര്യായിട് സംഭവിച്ചിട്ടുണ്ടെന്ന് എന്നെ തോന്നിപ്പിച്ചു. നല്ലൊരു ഉറക്കം മുറിഞ്ഞ ഹാങ്ങോവറിൽ കുറച്ചു നേരം അങ്ങനെ കിടന്നപ്പോഴാണ് അനിയത്തി കുട്ടി പ്രത്യകിച്ചു ഒരു ഭാവഭേദവുമില്ലാതെ "മ്മളെ ഫൗസി ഇത്താത്ത ഒളിച്ചോടി "എന്ന് വന്നു പറഞ്ഞത് ,
പടച്ചോനെ ..ന്നൊരു വിളീം വിളിച്ചു ചാടി എണീറ്റ് ഞാൻ പുറത്തേക്കു പാഞ്ഞു
പുറത്തു കോലായിലെ ബെഞ്ചിൽ ഉമ്മ പ്രാകും തെറിയും സമം ചേർത്ത് കരയുന്നുണ്ട് ,മുറ്റത്തു ഉപ്പ ഒരു നിശ്ചിത അളവിൽ അങ്ങോട്ടും ഇങ്ങോട്ടും വേഗത്തിൽ നടക്കുന്നു..
വല്ലാത്ത പെണ്ണ്. ഓൾക് ആ കട്ടൻ ചായ ഒന്ന് തിളപ്പിച്ചു വച്ചിട്ട് പോയ്കൂടാർന്നോ .. കട്ടൻചായ കുടിക്കാനെന്നോണം അടുക്കളയിൽ പോയി ചായ കാലം തുറന്നു നോക്കി ശശിയായി തിരിച്ചു വരുന്ന വല്ലുമ്മ ദേഷ്യത്തിലും നിരാശയിലും പിറു പിറുത്തു കൊണ്ട് കൊലയിലേക്കു വന്നു.
 ഉപ്പ നടത്തം നിർത്തി കണ്ണുരുട്ടി വല്ലുമ്മനെ നോക്കി ..
ഇത്താത്ത ഒളിച്ചോടിയത് വിശ്വാസം വരാതെ അന്തം വിട്ടു നിൽക്കുന്ന എന്റെ മുമ്പിലേക്ക് അനിയത്തികുട്ടി ഒരു പേപ്പർ നീട്ടി ..
"എല്ലാരും അറിയാൻ
ഞാൻ പോവുന്നു. ഇന്നെ നല്ലോണം സ്നേഹിക്കുന്ന ആളുടെ കൂടെ
ഉപ്പയോട്‌ പറഞ്ഞാൽ ഉപ്പ സമ്മയ്ക്കില്ല എന്നുറപ്പുള്ളതുകൊണ്ടാണ് എനിക്ക് പോകേണ്ടി വന്നത് ഉപ്പാക്ക് ഇന്നെ ഒരു ഗള്ഫുകാരന് കെട്ടിച്ചുകൊടുക്കാനല്ലേ പൂതി ഇങ്ങള് ആരും വിഷമിക്കണ്ട ഓല് ഇന്നെ പൊന്നുപോലെ നോക്കും എന്ന് പറഞ്ഞിട്ടുണ്ട് .."
നല്ല വടിവൊത്ത അക്ഷരങ്ങളാൽ ഇത്താത്ത എഴുതിയ ആ നാലു വാരി കത്ത് എന്റെ കയ്യിൽ കിടന്നു വിറച്ചു ..പടച്ചോനെ ഇഞ്ഞി ഞാൻ അങ്ങാടിക്കങ്ങനെ ഇറങ്ങും ചെങ്ങായിമാരെ മുഖത്തു എങ്ങനെ നോക്കും ..തല കറങ്ങുന്നതു പോലെ തോന്നി ഉമ്മ ഇരിക്കുന്ന ബെഞ്ചിന്റെ ഒരു സൈഡിൽ ഒന്ന് ഇരിക്കാൻ കുനിഞ്ഞതും പോ.. ഇബ്‌ലീസേ..നാട്ടാർ അറിയുന്നിന്റെ മുമ്പേ ഓളെ പോയി പിടിച്ചോണ്ട് വാ ..ഉമ്മ എന്നെ കോലായിൽ നിന്നും ആട്ടി പുറത്താക്കി
ഉമ്മാന്റെ ആക്രോശം കേട്ട് ആദ്യം നടന്നത് ഉപ്പയാണ് ഉപ്പാന്റെ പിറകെ ഞാനും വച്ചുപിടിച്ചു തൊടിയിൽ പശുവിനെ തെറ്റിക്കുന്ന അയൽവാസിയായ വാസുവേട്ടൻ ഞങ്ങളെ സംശയത്തോടെ നോക്കിയെങ്കിലും ഭാഗ്യത്തിന് ഒന്നും ചോയിച്ചില്ല ,അയൽവാസികൾക്ക് ചെറിയ ഒരു വാസന കിട്ടിയാൽ അത്ഈ മലപ്പുറം അങ്ങാടി മൊത്തം പരക്കാൻ സെസെന്റുകൾ മതി എന്നറിയുന്ന ഉമ്മ ആദ്യത്തെ ആ പ്രാകി കരച്ചിലിന്റെ വോളിയം കുറച്ചു തേങ്ങലിൽ ഒതുക്കിയിരുന്നു .
അടുത്ത കവലയിലും കടകളിലും ഒക്കെ ഞങ്ങൾ എത്തി നോക്കി നടന്നു മലപ്പറം ടൌൺ വരെ എത്തി, വരുന്ന വഴിക്കു ആരും പ്രത്യേകിച്ചൊന്നും ഞങ്ങളെ നോക്കി പറയത്തൊണ്ടു ഫൗസിത്താത്ത പോയത് ആരും കണ്ടിട്ടില്ലെന്നു ഞങ്ങൾക്കു ബോധ്യായി
 ടൗണിലെ ബസ്റ്റോപ്പിൽ പണിക്കു പോകാനൊരുങ്ങി നിൽക്കുന്ന ബംഗാളികളും രണ്ടു മൂന്ന്നാട്ടുകാരും മാത്രേ ഉണ്ടായിരുന്നുള്ളു ആർക്കും മുഖം കൊടുക്കാതെ ഞങ്ങൾ നേരെ KSRTC സ്റ്റാൻഡിലേക്ക് ചെന്നു രാവിലെ ആയതോണ്ട് അധികം യാത്രക്കാരൊന്നും സ്റ്റാൻഡിൽ ഉണ്ടായിരുന്നില്ല നിർത്തിയിട്ട ഒരു ബസിൽ തിരഞ്ഞു ഇറങ്ങവേ ബസ്റ്റാന്റ് കെട്ടിടത്തിലെ ഇരിപ്പിടത്തിൽ ബാഗും മടിയിൽ വച്ച് ഇരിക്കുന്ന ഇത്താത്താനെ ഞാൻ കണ്ടു "ഉപ്പാ.. അതാ ഫൗസി ഇത്താത്ത .."സന്തോഷം കൊണ്ട് ഞാൻ പരിസരബോധമില്ലാതെ വിളിച്ചു കൂവി.., ഉപ്പ മുണ്ടും മടക്കി കുത്തി നേരെ പോയി ഫൗസിതാത്താന്റെ ബാഗു പിടിച്ചു വാങ്ങി നടക്കെടീ എന്നാക്രോശിച്ചു ഇത്താത്ത എന്നെ നോക്കി ഒരു വളിച്ച ചിരിയും ചിരിച്ചു മുമ്പേ നടന്നു
പരസ്പരം സംസാരിക്കാതെ ഓട്ടോയിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണ് "ഇന്നാ ലില്ലാഹി വ ഇന്ന ഇലാഹി റാജിഊൻ കാക്കേങ്ങൾ അബ്ദു ഹാജി ഇന്നലെ രാത്രി മരണപെട്ടു പോയ വിവരം എല്ലാ നാട്ടുകാരെയും വ്യസനത്തോടെ അറിയിച്ചു കൊള്ളുന്നു" എന്നൊരു അനോൺസ് ജീപ്പ് ഞങ്ങൾക്കെതിരെ കടന്നു പോയത് .."വെറുതെ അല്ല ഓല് വരാഞ്ഞേ" ആ ശബ്ദം ചെവി കൂർപ്പിച്ചു കേട്ടുകൊണ്ട് ഇത്താത്ത പതുക്കെ പറഞ്ഞത് ഞാൻ കേട്ടു പടച്ചോനെ .. അബ്ദു ഹജ്ജിന്റെ പേരക്കുട്ടി പലചരക്കു കട നടത്തുന്ന സമീർ എനിക്ക് ഇത്താത്താന്റെ ആളെ പെട്ടന്ന് പിടിത്തം കിട്ടി , പലചരക്കു കടയിൽ ഞാനും ഇത്തയും ഒരുമിച്ചു പോവുമ്പോ ..ചിലപ്പോഴൊക്കെ ഇത്താത്ത ഒരു മുഴു പേപ്പറും സമീറിന് കൊടുക്കാറുണ്ട് അത് അപ്പൊ സാധനത്തിന്റെ ലിസ്റ്റ് ആയിരുന്നില്ലേ ..? കടയിൽ ആളിലെത്തുമ്പോ പരിപ്പ് ഇവിടെ ഇല്ല തക്കാളി ഇവിടത്തെ നല്ലതല്ല എന്നൊക്കെ പറഞ്ഞു അപ്പുറത്തെ കടേൽ പോയി വാങ്ങി വരാൻ പറഞ്ഞു എന്നെ നൈസായിട്ടു ഒഴിവാക്കിയിരുന്നതും ഓന്റെ കടയിൽ ഇല്ലാത്ത മഞ്ച് ഇത്താത്തക് ഫ്രീ ആയി കൊടുത്തിരുന്നതും ഞാൻ ഓർത്തു .. ഓട്ടോയിൽ നടുവിൽ ഇരിക്കുന്ന ഞാൻ അരികിൽ ഇരിക്കുന്ന ഇത്താത്താനെ ദേഷ്യത്തോടെ ഒന്ന് ഇറുക്കി ..,
പിന്നീട് ഇരു വീട്ടിലും ചെറിയ പുകച്ചിലുകളൊക്കെ ഉണ്ടായെങ്കിലും മൂന്നാമത്തെ മാസം അവരെ നിക്കാഹ് നടന്നു ..
കാലം ഇത്രയൊക്കെയായിട്ടും ഞാൻ ഇതുവരെ അളിയൻ ഇക്കാന്റെ മുഖത്തേക്ക് വല്ലാതെഅങ്ങട് നോക്കാറില്ല ഒന്നും ഉണ്ടായിട്ടല്ല .. മുഖത്തോടു
 മുഖം നോക്കിയാൽ ഞങ്ങൾ രണ്ടു പേരും ഒരുപോലെ ചിരിക്കും ,
by nabeel
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo