Slider

തെരുവ് (കഥ )

0

ഒരു ശനിയാഴ്ച.. സമയം രാത്രി 10 .30
തെരുവിലെ കടത്തിണ്ണയിൽ അച്യുതൻ മലർന്നു കിടന്നു.
തലയണയായി ചുരുട്ടി വെച്ചിരുന്ന മരകായുധങ്ങളൊന്നു കൂടെ അയാളെടുത്തു പരിശോധിച്ചു . അധികം സമയമില്ല. നാളത്തെ കോട്ടേ ഷൻ അയാളെ സംബന്ധിച്ച് വളരെ വിലയേറിയതാണ്. ഒരു രാഷ്ട്രീയ പ്രമുഖന്റെ തലയാണ് ലക്ഷ്യം. പിഴച്ചാൽ ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെടും. അല്ലെങ്കിൽ സ്വപ്നം കാണാൻ കഴിയാത്തത്ര ധനം.... അത് കിട്ടിയിട്ട് വേണം……
……
അയാൾ വലതു വശത്തേക്ക് നോക്കി... കുറച്ചു മാറി കല്യാണി ചെറിയ മുഖ കണ്ണാടിയിൽ നോക്കി പൗഡർ ഇടുന്നു.
ഇതുവരെ ആരോടും പറയാത്ത സ്വപ്നത്തിന്റെ ലഹരിയിൽ അച്യുതൻ കിടന്നു..നാളെ കഴിയട്ടെ, ഇനി കല്യാണിയെ ഈ തൊഴിലിനു വിടില്ല .
അനാഥനായ തന്റെ ജീവിതത്തിലേക്ക് കല്യാണി കടന്നു വരുമ്പോളുണ്ടാവുന്ന മാറ്റങ്ങൾ ആലോചിച്ചു അയാൾ കണ്ണുകളടച്ചു.
**
കല്യാണി കണ്ണാടിയിൽ മുഖം നോക്കി അധികമായ പൌഡർ സാരിത്തലപ്പ് കൊണ്ടമർത്തി തുടച്ചു. സെക്കന്റ് ഷോ കഴിയാറായി. പച്ച സാരിയുടെ തല, നേരെയാക്കി, സാരിക്ക് ഒട്ടും ചേരാത്ത ചുവന്ന ബ്ലൗസ് വലിച്ചിട്ട് കടത്തിണ്ണയിൽ നിന്നും അവളെഴുനേറ്റു . അടുത്ത് തറയിൽ കിടക്കുന്ന അമ്മയുടെ കൂർക്കം വലി നന്നായി കേൾക്കാം.. അവൾ അവരുടെ ദേഹത്ത് പുതച്ചിരുന്ന പഴയ സാരി കാലിലേക്ക് ശരിയാക്കിയിട്ട് യാത്ര ചോദിച്ചു –“അമ്മ നാൻ പോയിട്ട് വറെൻ “
കല്യാണി ഇടതു വശത്തേക്ക് നോക്കി.. അച്യുതൻ കിടക്കുന്നു.. അയാളുറങ്ങിയിട്ടില്ലെന്നു അവൾക്കറിയാം..
വലതു വശത്തു സീതമ്മയുടെ കുടുംബം..പാവം സീതാക്ക! അക്ക പോയതിനു ശേഷം ഇളയ കുട്ടിയുടെ കരച്ചിൽ നിന്നിട്ടേയില്ല..
ഒരു നെടുവീർപ്പോടെ, തൊണ്ട പൊട്ടി കരയുന്ന കുഞ്ഞിന്റെ കരച്ചിലിനിടയിലൂടെ, കല്യാണി നടന്നു..
***
“അഴകാതെ മുത്തേ” ...ഒരു വയസുകാരി അലമേലുവിനെ തോളിലേന്തി കല്യാണി പോവുന്നത് നോക്കി മുത്തുലക്ഷി താരാട്ടു പാടി..
“അപ്പ”-. അവൾ കൂനി കൂടി കിടക്കുന്ന മുരുകനെ വിളിച്ചു..ഒരു ചെറിയ ഞെരുക്കം മാത്രം..
“അപ്പ ഉടമ്പു ശരിയാവത?”- അയാളിൽ നിന്നും മറുപടിയൊന്നും കിട്ടിയില്ല.
അവളുടെ താഴെയുള്ള രണ്ടുകുട്ടികളും നല്ല ഉറക്കമാണ്.
കഴിഞ്ഞ ആഴ്ചയിലാണ് അവരുടെ 'അമ്മ സീതമ്മ പനി മൂർച്ഛിച്ചു മരിച്ചത്. ഇപ്പോൾ അപ്പാവുക്കും പനി .
പത്തു വയസുകാരി ലക്ഷ്മി ഉറക്കം തൂങ്ങിയാടുന്ന കണ്ണുകളമർത്തി തുടച്ചു വീണ്ടും പാടി-“അഴകാതെ മുത്തേ.. അഴകാതെ..”
**
പിറ്റേന്ന് -സമയം ഉച്ചക്ക് 1 .30
കല്യാണിയുടെ 'അമ്മ അടഞ്ഞു കിടക്കുന്ന കടയിൽ ചാരിയിരുന്ന് പിറുപിറുത്തു -“കല്യാണി നീ എങ്കൈ പോയി സത്തു തൊലഞ്ചു ?”
അവരുടെ വായില് നിന്നും മുറക്കാനോടൊപ്പം മുഴുത്ത തെറി പുറത്തേക്കു ചാടി..
പൈപ്പിൻ ചോട്ടിൽ കുടത്തിൽ വെള്ളം നിറച്ചു നിന്നിരുന്ന മണിക്കുട്ടൻ പറഞ്ഞു.. “തള്ളേ, അവൾക്കു പിന്നേം പണി കിട്ടി കാണും. കൈ നിറച്ചു കാശും കൊണ്ട് മോള് വരും. പിന്നെ ഒരാഴ്ച പോവണ്ടല്ലോ.” ഒരു വഷള ചിരി ചിരിച്ചു അയാൾ കുനിഞ്ഞു കുടമെടുത്തു വെള്ളം തലയിലൂടെ കമിഴ്ത്തി..
***
സമയം രാത്രി 10 .30
“അപ്പാ.. അപ്പാ” ലക്ഷ്മിയുടെ കരച്ചിലിന് മുന്നിൽ കീറ തുണിയിൽ പൊതിഞ്ഞു ജീവനറ്റ് മുരുകൻ കിടന്നു . അയാൾക്ക് ചുറ്റിലും ഈച്ചകൾ പറന്നു നടന്നു .ഈച്ചകളെ പറത്തിഓടിച്ചു ലക്ഷ്മിയുടെ ഇളയത്തുങ്ങൾ അപ്പാവിന്റെ അരികിലിരുന്നു..
ഒരു വയസുകാരി അലറി കരഞ്ഞു നിലത്തിഴഞ്ഞു.
***
“സഖാവിനെ കുത്തിയിട്ടു നീ രക്ഷപ്പെടാമെന്നു കരുതിയോ? നായിന്റെ മോനെ.. നിന്നെ ജീവനോടെ ഞങ്ങൾ കുഴിച്ചു മൂടും” തന്റെ ചുറ്റും വട്ടം കൂടി നിൽക്കുന്ന ആൾകൂട്ടത്തിൽ നിന്നും ആക്രോശങ്ങൾ!
അച്യുതൻ ചുറ്റും നോക്കി. രക്ഷപെടാൻ ഒരു വഴിയുമില്ല ....
അയാളുടെ കണ്ണുകളിൽ മരണഭയംനിഴലിച്ചു..
“കത്തിക്കെടാ ആ കഴുവേറിയെ”
അച്യുതന് ചുറ്റും പെട്രോൾ ഗന്ധം പരന്നു ..
ദൂരെ നിന്നും ജീപ്പിന്റെ ഇരമ്പൽ കേട്ടതും കൂട്ടത്തിൽ ഒരാൾ പറഞ്ഞു ..”ഓടിക്കോ പോലീസ് !”
ഉയർന്നു പൊങ്ങിയ തീ നാളങ്ങൾക്കടുത്തു ഒരു ജീപ്പ് വന്നു നിന്നു ..
കത്തിയമരുന്ന അച്യുതന്റെ നിലവിളികൾ നേർത്തു വന്നു
ജീപ്പിൽ നിന്നുമിറങ്ങിയ ഒരുവൻ പറഞ്ഞു- “ഭാഗ്യം നമ്മളുടെ കൂടെ . ഇവിടെയെങ്ങും ആരുമില്ല.. ചാക്ക് ഇവിടെ തന്നെ ഇട്ടേക്കാം “
തീ നാളങ്ങൾക്കിടയിലേക്കു അവർ വലിച്ചെറിഞ്ഞ ചാക്ക് കെട്ടിൽ നിന്നും പച്ച സാരിയുടെ തുമ്പു പുറത്തേക്കു നീണ്ടു കിടന്നു ...
**
സമയം വെളുപ്പിന് -1
കല്യാണിയുടെ 'അമ്മ പ്രാഞ്ചി പ്രാഞ്ചി വന്ന് കടത്തിണ്ണയിൽ തളർന്നുറങ്ങുന്ന കുട്ടികളുടെ അടുത്തേക്കിരുന്നു.. മുത്തുലക്ഷ്മിയുടെ മടിയിൽ നിന്നും കരയുന്ന അലമേലുവിനെ കൈയിലെടുത്തു അവർ പതിയെ പറഞ്ഞു –
“കല്യാണി, എൻ കൊഴന്തേ…. അമ്മാവെ വിട്ടു എങ്കൈ പോയിറിക്ക?”
തള്ളയുടെ ചുക്കി ചുളിഞ്ഞ മാറിടത്തിന്റെ ചൂടേറ്റ് അലമേലു ദിവസങ്ങൾക്കു ശേഷം ശാന്തയായി.*** Sani John
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo