നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചന്ദനംപെറ്റ പെണ്ണ് - Part 10


ലക്ഷ്മിയമ്മ പോയിക്കഴിഞ്ഞ് കുറേ നേരം കഴിഞ്ഞപ്പോൾ ഗോമതി രാജമ്മയുടെ മുറിയിൽ ചെന്നു അപ്പോൾ അവൾ കട്ടിലിൽ ഇരുന്നു തനിക്കു കിട്ടിയ ഫോട്ടോകൾ എല്ലാം മാറി മാറി നോക്കുന്നുണ്ട് അതിൽ നിന്നും ഒരു ഫോട്ടോ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു കരയുന്നു. താനടുത്ത് വന്നതൊന്നും അവൾ അറിഞ്ഞിട്ടില്ലെന്ന് ഗോമതിക്കു മനസ്സിലായി.
"രാജേ... ഒരെണ്ണം ഇങ്ങുതന്നെ ഞാനൊന്ന് കാണട്ടേ അവളെ നേരിട്ടു ഞാനും കണ്ടിട്ടില്ലെടീ.."
ഞെട്ടിപ്പിടഞ്ഞവൾ തിരിഞ്ഞു നോക്കി വേഗം തന്റെ കണ്ണുകൾ തുടച്ചുകൊണ്ട് ഗോമതിക്കുനേരെ ഫോട്ടോ നീട്ടി.
" മിടുക്കിയാണല്ലേ നമ്മടെ മോൾ.. സുന്ദരിക്കുട്ടി...അല്ലേ രാജേ.? "
" അതേ ഗോമേച്ചീ.. അവള് സുന്ദരിയാ"
"ഏതായാലും നിന്റത്രോം സുന്ദരിയൊന്നുമല്ല.. "
അത് കേട്ടിട്ടും അവളിൽ യാതൊരു ഭാവമാറ്റവും ഉണ്ടായില്ല മൗനം പാലിച്ചു. പിന്നേയും അവൾ എന്തെക്കെയോ പറഞ്ഞു എത്ര പറഞ്ഞിട്ടും അവൾക്കു മതിയായില്ല ജീവിതത്തിൽ അവൾ ഏറ്റവും സന്തോഷിച്ച ദിവസം ഇന്നാണെന്ന്
ഗോമതിക്കു തോന്നി.
രാഘവന്റെ നില ദിനംതോറും വഷളായിക്കൊണ്ടിരുന്നു. ഒരു ദിവസം രാവിലെ രാഘവൻ ദൂരയാത്രയ്ക്കു പോകാൻ തയ്യാറായി.
"ഗോമൂ.. ഞാനൊന്ന് ബൈരക്കുപ്പവരെ പോയേച്ചും വരാം നീയെന്റെ ചെറിയ സഞ്ചീല് ആധാർ കാർഡും ഒരു തോർത്തും കൊറച്ചു പഞ്ഞീം കൊറച്ചു വെള്ളത്തുണീം വെച്ചേര് "
"എന്തിനാ ഈ വയ്യാണ്ടിരിക്കുമ്പോ അങ്ങോട്ട് പോണേ എന്തെങ്കിലും സമ്പവിച്ചാ ഞാനറ്യോ?"
"അതിനാടീ ആധാർ കാർഡ് അതു നോക്കി ഇവിടെ ആരേലും വിവരമറിയിക്കും പിന്നെന്തിനാ നീ പേടിക്കുന്നേ?"
"എങ്കി ഞാനും വരാം അല്ലെങ്കി രാവേട്ടനെ ഒറ്റക്കു വിട്ടിട്ട് ഇവിടിരുന്നാല് തിരിച്ചു വരുന്നവരെ എനിക്കൊരു മനസമാതാനമൊണ്ടാകൂല അതോണ്ട് ഞാനും വരാം കൂടെ "
" എന്നാ നമ്മക്ക് ഒരിമിച്ച് പോകാം "
രാഘവൻ അതു സമ്മതിച്ചു
ഗോമതി വേഗം തന്നെ ഉടുത്തൊരുങ്ങി വന്നു.
“ഡീ.. രാജേ ഞങ്ങളൊന്ന് പൊറത്തുപോകാ ബൈരക്കുപ്പേല് നീ നല്ലത് നടക്കാൻ പ്രാർത്ഥിച്ചേക്ക്ട്ടോ "
രാജമ്മയോടു വിളിച്ചു പറഞ്ഞ് രണ്ടുപേരും ബസ്സ്റ്റോപ്പിലേക്ക് നടന്നു.
പെരിക്കല്ലൂർ കടവിൽ ബസ്സിറങ്ങുമ്പോൾ പത്തുമണി കഴിഞ്ഞിരുന്നു. തോണിയിൽ കയറി ബൈരക്കുപ്പയിൽ എത്തിയപ്പോൾ ഗോമതി ചോദിച്ചു
" എന്നെ പഴയ ആമ്പൽക്കൊളത്തിനടുത്തു കൊണ്ടോകുവോ രാവേട്ടാ.? എനിക്കാസ്ഥലോം അമ്പലോം ചന്ദനമരച്ചോടും എല്ലാങ്കാണണം ഇനി നമ്മളൊരുമിച്ച് ഒരു യാത്രയൊണ്ടായില്ലെങ്കിലോ? ന്റെ രാവേട്ടന്റേം രാജേടേം ധർമ്മസങ്കടം തൊടങ്ങ്യേടത്തൂന്ന് എനിക്കു രാവേട്ട്നെ കെട്ടിപ്പിടിച്ചാശ്വസിപ്പിക്കണം ഇന്നതിനായില്ലേപ്പിന്നെ എനിക്കീ ജന്മത്തിൽ അതിന് കഴിയ്വോ..? "
രാഘവൻ ആ അവസ്ഥയിലും പൊട്ടിച്ചിരിച്ചു. അവർ റോഡിലെത്തി. പി. പി സ്റ്റോർ എന്ന് ഇംഗീഷിലും മലയാളത്തിലും കന്നഡയിലുമുള്ള ബോർഡു കണ്ടപ്പോൾ രാഘവൻ ഗോമതിയോടു പറഞ്ഞു.
"ഇതേ കടേന്നാണ് അന്ന് ഞാൻ ബ്ലേഡും കാപ്പിപ്പൊടിയും വാങ്ങീത് പക്ഷേ അന്നീതേപോലത്തെ വാർക്ക കെട്ടിടമല്ല ഓടിട്ട കെട്ടിടമാ.. നമ്മടെ സാധരണ ഓടല്ലെടി ഗോമൂ 'റ' പോലേയൊണ്ട് നീളത്തില് കണ്ടാലും മതി നെരനെരയായി തീവണ്ടി പോലത്തെ ദാ.. നോക്ക്യേ.. അവിടെയൊണ്ടായിരുന്ന ചായക്കടേന്നാണ് പലഹാരം വാങ്ങിത് അന്നതിന്റടുത്ത് ഒരു ചാരായക്കടയായിരുന്നു. ചായക്കടക്കാരനെ മൊയ്തുക്കാന്നാണ് വിളിച്ചിരുന്നത് വേറൊരു രസോണ്ട് അയാക്ക് ഒറ്റ ചെവിയേ ഒളളൂ അതിപ്പോഴും എനിക്ക് നല്ലോർമ്മയാെണ്ട് .. ഞാൻ അവടെ പലഹാരം വാങ്ങാൻ നിന്നപ്പോൾ കൊറേപ്പേരു വന്നാരുന്നു മൊയ്തുക്കാ... ഒരു സ്ട്രോങ് ചായ താന്നു പറയുമ്പോൾ മൊയ്തുക്ക വിളിച്ചു പറയുമായിരുന്നു... സൂപ്പീ.. ഹൊര് ഹോങ് ച്യായെട്.... സൂപ്പി അയാടെ മകനാ..... അയാളു പറയുന്നത്കേട്ട് ആരേലും ചിരിച്ചാപ്പിന്നെ തെറിയുടെ പൂരമാ.."
റോഡിന്റെ ഇടതു വശത്തായി നിരന്നു നില്ക്കുന്ന ചെറിയ കെട്ടിടങ്ങളിലേക്ക് വിരൽചൂണ്ടി.
അന്നത്തെ ആ കാഴ്ച്ചകളുടെ ഓർമ്മയിൽ രാഘവന് ചിരിവന്നു. മുന്നോട്ടു നടക്കുമ്പോൾ കുട്ടികളെപ്പോലേ പെരുമാറുന്ന ഭർത്താവിനെ കണ്ട അവളുടെ മനസ്സുനീറി ദൈവമേ ഈ സന്തോഷം എത്ര നാൾ? പക്ഷേ അയാളുടെ ദീർഘായൂസിന് വേണ്ടി അവൾ പ്രാർത്ഥിച്ചില്ല പകരം ശാന്തമായ മരണം കൊടുക്കണമെന്നായിരുന്നു അപ്പോൾ ഗോമതിയുടെ പ്രാർത്ഥന.
അവർ സ്ക്കൂളിന്റ അടുത്ത് എത്തിയപ്പോൾ രാഘവൻ അവളെ പിടിച്ചു നിറുത്തി.
"ഗോമൂ.. അന്ന് ഇത്ര വെല്യതൊന്നുമല്ല എൽ പി സ്ക്കൂളായിരുന്നെടി ഇപ്പോ ഹൈസ്ക്കൂളാക്കീ"
സ്ക്കൂളിന്റെ ഗേറ്റിൽ പിടിച്ചു കുറച്ചു നേരം അയാൾ കണ്ണടച്ചു നിന്നു.
"എന്താ രാവേട്ടാ.. ആലോജിക്കണെ ഇനി ഈ പ്രായത്തില് സ്ക്കൂളിപ്പടിക്കാമ്പോണോ?"
"അതല്ലെടി ഗോമൂ പണ്ട് ഞാങ്കേട്ട ആ പാട്ടെങ്ങാനും കേക്കാമ്പറ്റ്വോന്ന് നോക്കീതാ "
"ഇനീങ്കൊറേപ്പോണോ രാവേട്ടാ
ആമ്പൽക്കൊളത്തിലെത്താൻ..? "
"ഇല്ലെടി കഷ്ടിച്ച് ഒരു കിലോമീറ്ററൊണ്ടാകൂന്നാ തോന്നുന്നേ ദേ ആ വളവ് തിരിഞ്ഞാപ്പിന്നെ അമ്പലമെത്തും അവടെന്നൊരു വളവും കഴിഞ്ഞാപ്പിന്നെ ബൈരക്കുപ്പ പഞ്ചായത്തോഫീസാ... അന്നീ പഞ്ചായത്തോഫീസ് ഇവിടെയല്ല വേറേ എവിടെയെങ്ങാണ്ടായിരുന്നു. അവിടെന്നു കൊറച്ചു മുന്നോട്ടു നടന്നാ മതി മൈസൂർ റോഡെത്തും പുതിയ റോഡെന്നാണ് പറയുന്നേ.. നീയൊന്ന് വലിഞ്ഞു നടക്ക് "
രാഘവൻ മുന്നോട്ടു വിരൽ ചൂണ്ടിക്കാണിച്ചു.
അമ്പലത്തിന്റെ അടുത്തെത്തിയപ്പോൾ അയാൾ നിന്നു.
" വേണ്ട രാവേട്ടാ.. ഇപ്പോ പോകണ്ടങ്ങാേട്ട് ആമ്പൽക്കൊളം ആദ്യങ്കാണാം ."
ഒന്നും പറയാതെ അവർ മുന്നോട്ടു നടന്നു.
" ദേ ഇവ്ടെയാണ് ഞങ്ങള് ബെസ്സെറങ്ങീത് ആ എറക്കത്തിനടുത്ത് കാണുന്ന കലുങ്കില്ലേ അതിന്റെ മോളിലാ ഞാനന്നിരുന്നേ. സൈഡിലോടെ താഴേക്കിറങ്ങാൻ വഴിയൊണ്ട് "
അയാൾ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് അവർ നടന്നു.
ആമ്പൽക്കുളത്തിൽ വെള്ളം കുറവായിരുന്നു. ആമ്പലും. പകരം ചെളിയും ചെളിയിൽ ഇറങ്ങിക്കിടക്കുന്ന പോത്തുകളും. രാഘവൻ രാജമ്മയെ കിടത്തിയ സ്ഥലം ഭാര്യയ്ക്കു കാണിച്ചു കൊടുത്തു.
" അന്ന് ഇങ്ങോട്ടേക്കു വരാൻ പേടി തോന്നൂടി ഗോമൂ എന്തോരം തേക്ക് മരങ്ങളാന്നറിയാവോ? പിന്നെ പൊന്തയും കമ്യൂണിസ്റ്റ് പച്ചയും നെറഞ്ഞ് ഇരുട്ടുപിടിച്ചപോലേ തോന്നും കാട്ടുപന്നികളൊത്തിരിയൊണ്ടാകും കൂട്ടങ്കൂട്ടമായി"
ആമ്പൽക്കുളത്തിനരുകിലേക്ക് നടന്നിറങ്ങുമ്പോൾ പണ്ട് രാഘവൻ പറഞ്ഞ കാര്യങ്ങൾ അവളുടെ മനസ്സിൽ ചിത്രങ്ങളായി തെളിഞ്ഞു. പ്രസവവേദനകൊണ്ട് അലറിക്കരയുന്ന ഗർഭിണിയായ മകളും കരച്ചിലിന്റെയൊച്ച പുറത്തു കേൾക്കാതിരിക്കാൻ അവളുടെ വായ പൊത്തിപ്പിടിച്ചിരിക്കുന്ന ഒരമ്മയും.
"വാ.. ഗോമ്വേ നമ്മക്കു പോകാം നേരം കൊറേയായില്ലേ ഇവിടെ നിക്കാൻ തൊടങ്ങീട് ഇനീം താമസിച്ചാൽ ഞാനുദ്ദേശിച്ച കാര്യം നടക്കില്ല നമ്മക്ക് വേഗം പോകാം."
രാഘവൻ ഭാര്യയെ ചിന്തകളിൽ നിന്നും ഉണർത്തി.
റോഡിൽ കയറിയപ്പോൾ അയാൾ കലുങ്കിൽ ഇരുന്നു.
"ഇരുപത്താറ് വർഷം മുമ്പ് രണ്ടു മൂന്നു മണിക്കൂർ ചങ്കുപൊട്ടിയിരുന്നതാ ഇതിന്റെ മോളിൽ ഇവടെ. ആ വേദനേം വെഷമോം ഇന്നും തീർന്നട്ടില്ല ഇനിയൊട്ടു തീരാനും പോണില്ലെന്നു പറയമ്പറ്റൂല.. പക്ഷേ ഒന്നൊറപ്പാ ഇന്നല്ലാതെ ഇനിയൊന്നൂടെ ഇരിക്കാൻ ഞാനുണ്ടാവില്ല അല്ലേ ഗോമൂ"
എന്താണ് പറയേണ്ടതെന്ന് അറിയാതെ ഗോമതി രാഘവന്റെ അടുത്തിരുന്നു പിന്നെ അയാളെ നെഞ്ചോടു ചേർത്തു.
"സാരമില്ല രാവേട്ടാ.. നമ്മക്കു പോവാം "
ഗോമതി ഭർത്താവിന്റെ കൈയ്യിൽ പിടിച്ചു നടന്നു.
അമ്പലത്തിന്റെ അടുത്തെത്തിയപ്പോൾ രാഘവൻ പറഞ്ഞു.
"ഗോമൂ.. ദാ ഇവിടെ നിന്നാ ഞാമ്പറഞ്ഞേ ആ കൊച്ചിനെ കാലേപ്പിടിച്ചടിച്ചു കൊല്ലൂന്ന് സത്യായ്ട്ടും രാജേനേ പേടിപ്പിക്കാമ്പറഞ്ഞതാ ഇച്ചിരിയില്ലാത്തൊരു മാലാഖക്കുഞ്ഞിനെ കൊല്ലാൻ ആർക്കെങ്കിലും കഴ്യോ?അത്രക്കും ദുഷ്ടനാണോ നിന്റെ രാവേട്ടൻ?
അതോണ്ടാന്നാ തോന്നണെനമ്മക്കു രണ്ടാക്കും ഒരു കൊഴപ്പോം ഇല്ലാഞ്ഞിട്ടും നമ്മക്കൊര് കുഞ്ഞിക്കാല് കാണാൻ കഴ്യാതെ പോയേ.. കുഞ്ഞുങ്ങളെല്ലാം ഈശ്വരന്മാരാന്നല്ലേ പറയുന്നേ?"
"സാരാേല്യ രാവേട്ടാ അതുനമ്മടെ വിധിയല്ലേ.? വാ..നമ്മക്കൊന്നു തൊഴുതു പ്രാർത്ഥിക്കാം ദേ ഇവടെ മഹേശ്വരനാ പ്രതിഷ്ഠ ചെയ്ത തെറ്റിന് മാപ്പു പറഞ്ഞ് പ്രാർത്ഥിച്ചാ ഭഗവാൻ കേക്കാതിരിക്കില്ല"
"ഇല്ല ഗോമൂ.. ഇവിടെയാദ്യം വന്നപ്പോ തൊഴാനും പ്രാർത്ഥിക്കാനും എനിക്കു കഴിഞ്ഞില്ല അവസാനം വന്നപ്പോഴും അങ്ങനെ തന്ന്യാട്ടേ.."
ഗോമതി അമ്പലനടയിൽ തൊഴുതു പ്രാർത്ഥിച്ചു.
ചന്ദനമരത്തിന്റെ ചുവട്ടിൽ എത്തിയപ്പോൾ അവിടെ മുട്ടുകുത്തി നിന്ന് ഹൃദയംപൊട്ടി കരയുന്ന ഭർത്താവിനെ അവൾ ആശ്വസിപ്പിച്ചില്ല കരയട്ടേ കണ്ണീരൊഴുക്കിയെങ്കിലും കുറച്ച് ആശ്വാസം കിട്ടട്ടേ ഇത്രയും കാലം മനസ്സിൽ ചുമന്നു നടന്ന ദു:ഖത്തിന് ഒരു അവസാനം ഉണ്ടാകട്ടേ അവർ അമ്പലത്തിന്റെ തിരുനടയിലേക്ക് തിരിച്ചു വന്നു മനസ്സുരുകി പ്രാർത്ഥിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ഗോമതി ചന്ദനച്ചുവട്ടിൽ അനങ്ങാതിരിക്കുന്ന ഭർത്താവിനെ വിളിച്ചു.
"രാവേട്ടാ നമുക്ക് പോകാം "
"ഗോമൂ ഇപ്പോ എനിക്കൊര് ധൈര്യം തോന്നുന്നൊണ്ടെടി ഞാൻ വന്ന കാര്യം നടക്കൂന്ന് മനസ്സു പറയുന്നൊണ്ട് അതിനൊള്ള ശക്തിക്കു വേണ്ടി നീയൊന്നൂടി പ്രാർത്ഥിക്കെടി "
ചിരിച്ചു കൊണ്ട് അങ്ങനെ പറയുമ്പോൾ രാഘവന്റെ കണ്ണിൽ നിന്നും കണ്ണീരല്ല രക്തമാണ് ഇറ്റുന്നതെന്ന് ഗോമതിക്കു തോന്നി സകല നിയന്ത്രണങ്ങളും വിട്ടുപോയ അവൾ ചുണ്ടുകൾ കടിച്ചു പിടിച്ച് തന്റെ സങ്കടം ഒതുക്കി പിന്നെ
ഓടിച്ചെന്ന് അയാളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.
"ഞാനിത്രേം നേരം അതു തന്ന്യാ ചെയ്തേ എന്റെ രാവേട്ടന് അതിനു കഴ്യും ഇനി നമ്മക്കിവടെ നിക്കണ്ട പോകാം"
അവർ ബൈരക്കുപ്പയിലേക്കു നടന്നു.
സ്ക്കൂളിന് അടുത്തെത്തിയപ്പോൾ കുട്ടികളുടെ ഉറക്കെയുള്ള പാട്ടുകേട്ടു

ഏതോ ഒരു ടീച്ചർ ചൊല്ലി കൊടുക്കുന്നത് കുട്ടികൾ ഏറ്റുപാടുന്നു.പെട്ടന്ന് രാഘവൻ സഡൻ ബ്രേക്ക് ഇട്ടതുപോലേ നിന്നു.
അതേ പാട്ട് അതേ ഈണം ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ആ വരികൾ തന്നെ.
"ഗോമൂ നീ കേക്കുന്നില്ലേ ആ പാട്ട് പണ്ട് കൊച്ചിനെ ഉപേക്ഷിച്ചിട്ടു ഇങ്ങോട്ടോടി വരുമ്പോ ഇതേ പാട്ടാരുന്നെടീ... ഞാൻ കേട്ടത് "
ഗോമതി ആ പാട്ട് ശ്രദ്ധിച്ചു.
"ആര മൊലയനു കുടിയലമ്മ?
ആര ബളിയലി മലഗലമ്മ?
ആര സേരി ബദുക്കലമ്മ?
ആരു നനഗെ ഹിതവരൂ? "
"അല്ല ഇതിന്റെ അർത്ഥമെന്താണ് രാവേട്ടാ പറഞ്ഞു താ അല്ലാതെ അറിയാമേലാത്ത ഭാഷ കേട്ടാൽ എനിക്കെന്തു മനസ്സിലാക്കാനാ "
"ഓ നിനക്ക് എന്നേപ്പോലേ കന്നഡ അറിയില്ലല്ലോ.? പക്ഷേ ഇതിന്റെ അർത്ഥം ലക്ഷ്മിയമ്മയ്ക്കന്ന് പറഞ്ഞു കൊടുത്തത് നീ മറന്നോ..? എന്നാലും കേട്ടോ "
അയാൾ ആ വരികളുടെ അർത്ഥം ഭാര്യയ്ക്കു പറഞ്ഞു കൊടുത്തു.
"ആരുടെ മുലയാണമ്മേ കുടിക്കേണ്ടത്?
ആരുടെ അടുത്താണമ്മേ കിടക്കേണ്ടത്?
ആരുടെ കൂടെയാണമ്മേ ജീവിക്കേണ്ടത്?
ആരാണ് എന്നെ സഹായിക്കുക?
ഇനി നീ പറഗോമൂ ആ പാട്ടുകേട്ടപ്പോയെന്റെ മനസ്സിതോന്നീതെന്താ?"
അവൾ ഒന്നും മിണ്ടാതെ നടന്നു.
ബൈരക്കുപ്പയിലെത്തിയപ്പോൾ രാഘവൻ പറഞ്ഞു
" ആ കാണുന്ന ശ്രീദേവി ഹെയർ സ്റ്റൈൽസ് എന്ന ബോർഡില്ലേ.. അതാണ് നാണുവേട്ടന്റെ കട ഗോമ്വേ.. നീ താഴെ തോണക്കടവിലേക്ക് പൊയ്ക്കോ ഞാമ്പാേയി നാണുവേട്ടനെ കണ്ടിട്ട് വേഗംവരാം"
അയാൾ നാണുവേട്ടന്റെ കടയിലേക്കു കയറിയ ശേഷം അവർ തോണിക്കടവിലേക്കു നടന്നെങ്കിലും അധികം നടക്കാൻ മനസ്സനുവദിക്കാത്തതു കൊണ്ട് തിരിച്ചു വന്നു നാണുവേട്ടന്റെ കടയുടെ അരികിൽ ഭർത്താവു കാണാതെ മാറിനിന്നു. പെട്ടന്ന് ഒരു അടക്കിപ്പിടിച്ച നിലവിളി കേട്ട് ഗോമതി അങ്ങോട്ട് നോക്കി. ഒരു മനുഷ്യൻ റോഡിലേക്കു വീണ ഒച്ചയാണ് കേട്ടത്.വീണിടത്തു നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചിട്ടും വീണ്ടും നിലത്തു വീണ അയാളുടെ രൂപം കണ്ട അവർ നിലവിളിച്ചു കൊണ്ട് അങ്ങോട്ടു കുതിച്ചു. അത് രാഘവനായിരുന്നു. ഓടിയെത്തിയപ്പോൾ കടയിൽ നിന്നും ഇറങ്ങി വന്ന രണ്ടു ചെറുപ്പക്കാർ തന്റെ ഭർത്താവിനെ ചവിട്ടുന്നതാണ് കണ്ടത്.
"അയ്യോ.. വേണ്ടാ....ന്റെ രാവേട്ടനെ തല്ലല്ലേ .... "
അലറിക്കരഞ്ഞുകൊണ്ട് ഗോമതി തന്റെ ഭർത്താവിന്റെ മുകളിലേക്കു വീണു ഒരു ചവിട്ട് തന്റെ അരക്കെട്ടിൽ കൊണ്ടത് അവരറിഞ്ഞു. ഗോമതി ഒരു ചെറുപ്പക്കാരന്റെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞു.
" ചവിട്ടല്ലേ മോനേ വയ്യാത്താളാ.. ഒന്നും ചെയ്യല്ലേ…?”
"അനിക്കുട്ടാ..ചന്ദ്രാ.. ഒന്നും ചെയ്യല്ലേടാ.."
കടയിൽ നിന്നും ഇറങ്ങി വന്ന നാണുവേട്ടൻ അവരെ പിടിച്ചു വലിച്ചു കടയുടെ അകത്തേക്ക് കൊണ്ടുപോയി.
"ഭ്ഫാ പരട്ടക്കെളവാ വേഗം പൊയ്ക്കോ.. ഇനി ഞങ്ങടെ കണ്മുന്നിൽ കണ്ടുപോയേക്കരുത് കണ്ടാൽ ചവിട്ടിക്കൂട്ടി കബനിപ്പൊഴേതാത്തും "
ചന്ദ്രകുമാർ വീണ്ടും ചവിട്ടാൻ കാലുയർത്തി. അപ്പോൾ
തന്റെ ഭർത്താവിനു കവചമായി നിന്നുകൊണ്ട് ഗോമതി അവന്റെ നേരെ കൈകൂപ്പി യാചിച്ചു..
"മോനേ ഷെമിക്ക്.. എന്നെയാേർത്തെങ്കിലും ''
അവർ ഭർത്താവിനെ താങ്ങി പിടിച്ചെഴുന്നേല്പിച്ചു.
രാഘവന്റെ മൂക്കിൽ നിന്നും വായിൽ നിന്നും ഷർട്ടിലേക്ക് രക്തമൊഴുകി വീണുകൊണ്ടിരുന്നു. മരണ വേദനയാണെങ്കിലും അയാൾ കരഞ്ഞില്ല അവരുടെ നേരേ നോക്കി കൈയ്കൾ കൂപ്പി ചിരിച്ചതേയുള്ളു കാര്യമെന്തെന്ന് അറിയാതെ ഒരുപാടു പേർ അവർക്കു ചുറ്റും കൂടി.
ഗോമതി തന്റെ കൈയ്യിലെ സഞ്ചിയിൽ കരുതിയ പഴയ തുണികൊണ്ട് ഭർത്താവിന്റെ മുഖത്തെ രക്തം തുടച്ചു വൃത്തിയാക്കി. അയാളുടെ ഷർട്ട് ഊരിയെടുത്ത് തന്റെ അരയിൽ സാരിയുടെ ഇടയ്ക്ക് കുത്തിവച്ചു. പിന്നീട് രാഘവനെ അവൾ കടത്തിണ്ണയിൽ ചാരിയിരുത്തി സഞ്ചിയിൽ കരുതിയ പഞ്ഞിയെടുത്ത് ഭർത്താവിന്റെ മുഖം ഒന്നൂടി തുടച്ചു വൃത്തിയാക്കി. രക്തം പുരണ്ട ഷർട്ടിനു പകരം സഞ്ചിയിൽ നിന്നും വേറൊന്ന് എടുത്ത് ധരിപ്പിച്ചു. സഞ്ചിയിൽ കരുതിയിരുന്ന കുപ്പിയിലെ വെള്ളം രാഘവന്റെ വായിൽ ഒഴിച്ചു കൊടുത്തു. എന്നിട്ട് നാണുവേട്ടന്റെ കടയ്ക്കുള്ളിലേക്ക് കയറി.
"നാണുവേട്ടനെയൊന്നു കാണാൻ വന്നതാ ഞങ്ങൾ ഇതെന്റെ ഭർത്താവാ രാഘവൻ കൂടിപ്പോയാ ഒരു മാസം മാത്രേ ജീവിച്ചിരിക്കൂന്നാ ഡോക്ടർമാർ പറഞ്ഞേക്കുന്നേ അതിനു മുമ്പേ നിങ്ങളെക്കണ്ട് അന്ത്യാവിലാഷം സാധിക്കാൻ വന്നതാ അതിങ്ങനെയായതിൽ സന്തോഷോണ്ട് എന്നാലും ഞങ്ങക്കൊരു സങ്കടോമില്ല.. തിരിച്ചു പോക്വാ ഇനി തമ്മിക്കാണാമ്പറ്റ്വോന്നറിയില്ല.. പോട്ടേ.. എന്റെ രാവേട്ടന്റെടുത്തെന്ന് എന്തെങ്കിലും തെറ്റുപറ്റിയെങ്കില് നിങ്ങള് ക്ഷമിക്കണം ഞങ്ങടെ മനസ്സില് ദൈവങ്ങൾക്കൊപ്പാ നിങ്ങടെയൊക്കെ സ്ഥാനം "
അവർ രണ്ടുപേരും അവരെ നോക്കി കൈകൂപ്പി. തോണിക്കടവിലേക്കു നടന്നു പോകുന്ന അവരോട്
എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ നാണുവേട്ടനും മക്കളും സ്തംഭിച്ചു നിന്നു .
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 
വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot