പിറ്റേന്ന് ദേവി കോളേജിൽ ഇന്റർവെൽ സമയത്ത് ഒരു റെക്കോർഡ് ബുക്കുമായി സ്റ്റാഫ്‌റൂമിൽ മിനി മിസ്സിനെ കാണാൻ ചെന്നു.
"മിസ് എനിക്ക് കുറച്ച് ക്വസ്ട്യൻസ് ഉണ്ട്.ഒന്ന് ക്ലിയർ ചെയ്ത് തരാമോ?"ദേവി മിനി മിസ്സിന് നേരെ റെക്കോർഡ് നീട്ടി ചോദിച്ചു.
"അതിനെന്താടോ..ഏത് പോർഷനാ ഡൌട്ട് ?"മിസ് ചോദിച്ചു.
ദേവി റെക്കോർഡുമായി ടീച്ചറുടെ അടുത്തേക്ക് നീങ്ങി നിന്നു.അവൾ റെക്കോർഡ് തുറന്ന് അത് നോക്കുകയാണെന്ന വ്യാജേന മിനി മിസ്സിനോട് പതിയെ സംസാരിച്ചു.
"മിസ് വൈകിട്ട് കോളേജ് വിടുമ്പൊ ക്യാന്റീന്റെ സൈഡിലായി ഒന്ന് കാത്തുനിൽക്കാമോ?കുറച്ച് കാര്യം സംസാരിക്കാനുണ്ട്.പേർസണൽ ആണ്.."മറ്റു ടീച്ചർമാർ കേൾക്കാതെ ദേവി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
മിനി മിസ് അവളെ ഒന്ന് നോക്കി.എന്നിട്ട് റെക്കോർഡ് ബുക്കിലേക്ക് നോക്കി പതിയെ ശരി എന്ന രീതിയിൽ തലയാട്ടി.
തിരികെ ക്ലാസ്സിൽ ചെല്ലുമ്പോൾ രാഖി ഡെസ്കിൽ മുഖം വെച്ച് കിടക്കുകയായിരുന്നു. ഇന്റർവെൽ ആയത് കൊണ്ട് മിക്ക കുട്ടികളും ക്ലാസ്സിന് വെളിയിലായിരുന്നു.
"നീ ഇങ്ങനെ ചത്തെ ചതഞ്ഞെ എന്നും പറഞ്ഞ് ഇരിക്കാതെ.സംശയം ഇല്ലാത്തവർക്കും കൂടി സംശയം തോന്നും നിന്റെ ഇരുപ്പ് കണ്ടാൽ."ദേവി ശബ്ദം താഴ്ത്തി ദേഷ്യപ്പെട്ടു.
"പിന്നെ ഞാൻ എന്താടി ചെയ്യേണ്ടത്?അയാൾ പറഞ്ഞപോലെ ഞാൻ അവിടെ ചെന്നാൽ അയാളുടെ ഇഷ്ടത്തിന് വഴങ്ങിക്കൊടുക്കേണ്ടി വരും.ഇല്ലായെന്നുണ്ടെങ്കിൽ എന്റെ ഫോട്ടോസ് മുഴുവൻ ഈ ലോകം കാണും . പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? "രാഖിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"ഇത് കോളേജ് ആണ്..കിടന്ന് മോങ്ങാതെ.ഞാൻ പറഞ്ഞല്ലോ ഞാൻ എന്തെങ്കിലും വഴി കണ്ടുപിടിച്ചോളാം.നീ അതോർത്ത് വിഷമിക്കാതെ.കണ്ണ് തുടയ്ക്ക്."ദേവി അവളെ സമാധാനിപ്പിച്ചു.
വൈകിട്ട് കോളേജ് വിട്ടപ്പോ ദേവി രാഖിയെ ഹോസ്റ്റലിലേക്ക് പറഞ്ഞ് വിട്ടു.നേരത്തെ പറഞ്ഞത് പോലെ മിനി മിസ് ക്യാന്റീനിന്റെ സൈഡിൽ അവളെ കാത്ത് നിൽപ്പുണ്ടായിരുന്നു.
"എന്താ ദേവി?എന്തോ പറയാനുണ്ടെന്ന് പറഞ്ഞത്?തന്റെ മുഖം കണ്ടിട്ട് എന്തോ പന്തികേടുണ്ടല്ലോ.."മിനി മിസ് ആകാംഷയോടെ കാര്യം തിരക്കി.
"മിസ് ഞാൻ മിസ്സിനോട് പറയാൻ പോവുന്ന കാര്യം രഹസ്യമായിരിക്കണം.ഒരു കാരണ വശാലും ഇവിടെ മറ്റാരും അറിയരുത്."ദേവി പറഞ്ഞു.
"ഇല്ലടോ താൻ ധൈര്യമായിട്ട് പറഞ്ഞോളു.."മിനി മിസ് പറഞ്ഞു.
ദേവി രാഖിയുടെ കാര്യം അവരോട് പറഞ്ഞു.
"ശേ എന്തൊരു മണ്ടത്തരമാ ആ കുട്ടി കാണിച്ചത്..ദിവസവും എന്തെല്ലാം വാർത്തകൾ നമ്മൾ കേൾക്കുകയും കാണുകയും ചെയ്യുന്നു..ഒരു കടയിൽ ചെന്ന് അവിടുത്തെ ഫിറ്റിങ് റൂമിൽ പോയ് ഡ്രസ്സ് മാറുമ്പോൾ പോലും നമ്മൾ നൂറ് പ്രാവശ്യം ചിന്തിക്കണം.എന്തെല്ലാം ചതിക്കുഴികൾ എവിടെയൊക്കെയാ ഒളിഞ്ഞിരിക്കുന്നതെന്ന് നമുക്ക് പറയാനാവില്ലല്ലോ.നമ്മളെ നമ്മൾ തന്നെയല്ലേ സൂക്ഷിക്കേണ്ടത്.ഇത് വല്ലാത്തൊരു കുടുക്കായി പോയല്ലോ.."മിനി മിസ് പറഞ്ഞു.
"അവൾക്കങ്ങനെ ഒരു അബദ്ധം പറ്റിപ്പോയി മിസ്..ഞാൻ മിസ്സിനോട് ഇതേപ്പറ്റി പറയാൻ കാരണം മിസ്സിന്റെ ഹസ്ബൻഡ് സത്യരാജ് സാർ ഇവിടുത്തെ എസ്.ഐ അല്ലെ?സാറിനോട് ഒന്ന് പറയാമോ ഞങ്ങളെ ഒന്ന് ഹെൽപ് ചെയ്യാൻ?"ദേവി ചോദിച്ചത് കേട്ട് മിനി മിസ്സിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.
"അതിനെന്താ ദേവി.ഒരു കാര്യം ചെയ്യ്.താൻ എന്റെ കൂടെ വീട്ടിലേക്ക് വാ.സത്യേട്ടൻ അവിടെ ഉണ്ട്.നേരിട്ട് സംസാരിച്ചോളു."മിനി മിസ് പറഞ്ഞു.ദേവി മിനി മിസ്സിന്റെ കൂടെ അവരുടെ വീട്ടിലേക്ക് പോയി.മിനി മിസ് സത്യരാജിനോട് കാര്യങ്ങളെല്ലാം വിശദീകരിച്ചു.
"ഈ ഫോട്ടോ സ്റ്റുഡിയോയുടെ പേര് എന്താന്നാ പറഞ്ഞത്?"സത്യരാജ് ചോദിച്ചു.
"ഷൺമുഖം സ്റ്റുഡിയൊ.ഉദയൻ എന്നൊരാളാ അത് നടത്തുന്നത്. കോളേജിനടുത്ത് തന്നെ പൂട്ടിക്കിടക്കുന്ന ഒരു ഫാക്ടറി ഉണ്ട്.അംബാ മിൽസ്.ഈ തിങ്കളാഴ്ച്ച അവിടെ ചെല്ലണം എന്നാ ഉദയൻ രാഖിയോട് പറഞ്ഞിരിക്കുന്നത് ഇല്ലെങ്കിൽ അയാളുടെ കൈയിലുള്ള ഫോട്ടോസ് അയാൾ ഇന്റർനെറ്റിൽ കൊടുക്കുമെന്ന്."ദേവി പറഞ്ഞു.
"ഇവനെ പോലുള്ളവരെ പിടിച്ച് ജയിലിലടയ്ക്കണം സത്യേട്ടാ.നിങ്ങടെ സ്റ്റേഷനിൽ തെളിയാത്ത കേസ് വല്ലതും ഉണ്ടെങ്കിൽ എല്ലാം അവന്റെ തലയിൽ കെട്ടി വെയ്ക്കണം."മിനി മിസ് ദേഷ്യത്തോടെ പറഞ്ഞു.
" ചിലപ്പോ രാഖി ആയിരിക്കില്ല അയാളുടെ ചതിയിൽ വീഴുന്ന ആദ്യത്തെ പെൺകുട്ടി.കോളേജിനടുത്തുള്ള ഫോട്ടോ സ്റ്റുഡിയോ ആയത്കൊണ്ട് അവിടെ പഠിക്കുന്ന മിക്ക പെൺകുട്ടികളും ഫോട്ടോ എടുക്കാൻ അവിടെ കേറിയിട്ടുണ്ടാവുമല്ലോ.ഈ ഉദയൻ അവരെയും അതേപോലെ ഭീഷണിപ്പെടുത്തി റേപ്പ് ചെയ്തിട്ടുണ്ടാവും..പിന്നെ മാനക്കേട് ഭയന്നാവും ആരും റിപ്പോർട്ട് ചെയ്യാത്തത് .എന്തായാലും ദേവി എന്നെ കോൺടാക്ട് ചെയ്യാനുള്ള മനസ്സും ധൈര്യവും കാണിച്ചത് വളരെ നല്ല കാര്യമാണ് .അയാൾക്ക് തക്കതായ ശിക്ഷ മേടിച്ച് കൊടുക്കണം.ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം."സത്യരാജ് ദേവിയോട് തന്റെ പ്ലാൻ വിശദീകരിച്ചു.
ഉദയൻ പറഞ്ഞതുപോലെ തിങ്കളാഴ്ച്ച വൈകിട്ട് രാഖി പൂട്ടിക്കിടക്കുന്ന അംബാ മിൽസിലേക്ക് പോകുന്നു.സത്യരാജും ദേവിയും അവളുടെ പിന്നാലെ ഉണ്ടാവും.അവർ അവിടെ എവിടെയെങ്കിലും ഒളിച്ചിരിക്കും.പിന്നെ ഉദയന്റെ കൈയിൽ രാഖിയുടെ ഫോട്ടോസ് ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം അയാളെ പിടികൂടും.ഇതായിരുന്നു സത്യരാജിന്റെ പ്ലാൻ.ദേവി മിനി മിസ്സിനോടും സത്യരാജിനോടും നന്ദി പറഞ്ഞ് തിരികെ ഹോസ്റ്റലിൽ പോയി.
രാഖി അവളെ കാത്ത് അവിടെ അക്ഷമയോടെ നിൽപ്പുണ്ടായിരുന്നു .
"നീ എവിടെയാ പോയത്?"രാഖി ചോദിച്ചു.
ദേവി മിനി മിസ്സിനോട് സംസാരിച്ചതും അവരുടെ വീട്ടിൽ പോയി സത്യരാജിനെ കണ്ടതും അയാളുടെ പ്ലാനും ദേവി രാഖിയെ പറഞ്ഞ് കേൾപ്പിച്ചു.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രാഖിക്ക് ചെറിയ ആശ്വാസം തോന്നി.
"ഇപ്പൊ കുറച്ചെങ്കിലും ആശ്വാസം ആയോ?"ദേവി ചോദിച്ചു.
"ആയി..എന്നാലും എന്തോ പേടിയാവുന്നെടി..എന്തോ ആപത്ത് വരാൻ പോകുന്നത് പോലെ.."രാഖി വിഷമത്തോടെ പറഞ്ഞു.
"നിന്നോട് പറഞ്ഞിട്ട് കാര്യമില്ല.ഞാൻ കുളിച്ചിട്ട് വരാം."
ദേവി തോർത്തെടുത്ത് കുളിക്കാൻ കയറി.
രാഖി കുറച്ച് നേരം കട്ടിലിൽ എന്തോ ആലോചിച്ചിരുന്നു.അവൾ അലക്സിനെ വിളിച്ചു.
"എന്താടി ഈ നേരത്ത്?രാത്രി കിടക്കുന്നതിന് മുൻപ് അല്ലെ വിളിക്കാറുള്ളത്."അലക്സ് ചോദിച്ചു.
"എന്നാ നാട്ടിൽ പോവുന്നത്?ടിക്കറ്റ് ബുക്ക് ചെയ്തൊ?"രാഖി ചോദിച്ചു.
"റോബിൻ ബുക്ക് ചെയ്തു.ഞങ്ങൾ വെള്ളിയാഴ്ച്ച വൈകിട്ട് പോവും.വൺ വീക്ക് കഴിഞ്ഞേ തിരികെ വരു."അലക്സ് പറഞ്ഞു.രാഖി ഒന്നും മിണ്ടിയില്ല.
"എന്താടി ഒരാഴ്ച്ച എന്നെ കാണാതിരിക്കുന്നതിലുള്ള സങ്കടമാണോ?ഞാൻ പെട്ടെന്നിങ്ങ് വരും പെണ്ണേ.പപ്പയുടെ കാര്യം ആയത് കൊണ്ടാ..ചെല്ലണമെന്നൊന്നും പപ്പ പറഞ്ഞില്ല.പക്ഷെ ആ ഓർഫനേജിന്റെ ന്യൂസ് അറിഞ്ഞ് ഞാൻ വിളിച്ചപ്പോ മമ്മിയാ പറഞ്ഞെ പപ്പ ആകെ മൂഡ് ഓഫ് ആണ് ഞാൻ അങ്ങോട്ട് ചെന്നാ ഒരു സമാധാനമുണ്ടാകുമെന്ന്..പിന്നെ പപ്പക്ക് ഒരു സർപ്രൈസ് കൊടുത്തേക്കാം എന്ന് ഞാനും വെച്ചു."അലക്സ് ചിരിച്ചുകൊണ്ട് പറഞ്ഞു.പക്ഷെ രാഖിയുടെ കണ്ണുകൾ നിറഞ്ഞുവന്നു.
"ഞാൻ പിന്നെ വിളിക്കാം..ദേവി വന്നു."കരഞ്ഞുപോയേക്കുമോ എന്ന് ഭയന്ന് അവൾ കള്ളം പറഞ്ഞ് പെട്ടെന്ന് തന്നെ ഫോൺ വെച്ചു..തിരികെ കട്ടിലിൽ ചെന്നിരുന്ന് ദേവി കേൾക്കാതെ ശബ്ദമില്ലാതെ കരഞ്ഞു.
പിറ്റേന്ന് അലക്സ് പതിവുപോലെ കോളേജിൽ രാഖിയോട് സംസാരിച്ച് നിൽക്കുകയായിരുന്നു.
"എന്താ രാഖി നിന്റെ മുഖത്ത് ഒരു സങ്കടം?നീ ഒട്ടും ഹാപ്പി അല്ലല്ലോ..ഞാൻ അറിയാത്ത എന്തെങ്കിലും പ്രോബ്ലം ഉണ്ടോ നിനക്ക് ?"അലക്സ് ചോദിച്ചു.
രാഖി ഒന്നും മിണ്ടിയില്ല.അവളുടെ കണ്ണുകൾ നിറഞ്ഞുവന്നു.
"അലക്സ് ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ? ഇങ്ങോട്ടൊന്നും ചോദിക്കരുത്.എന്നോട് പിണങ്ങുകയുമരുത് "രാഖി പറഞ്ഞു.
"നീ കാര്യം പറയ്.എന്നിട്ട് ആലോചിക്കാം."അലക്സ് പറഞ്ഞു.
"എന്നോട് വേറൊന്നും ചോദിക്കില്ല ഇതിന്റെ പേരിൽ പിണങ്ങില്ല എന്ന് എനിക്ക് വാക്ക് തന്നാലേ ഞാൻ പറയുകയുള്ളൂ."രാഖി നിർബന്ധം പിടിച്ചു.
"ഓഹ് ഇവളുടെ ഒരു കാര്യം.എന്ത് കുരിശാണോ എന്തോ.ശരി അങ്ങോട്ടൊന്നും ചോദിക്കില്ല പിണങ്ങത്തുമില്ല..ഇനി കാര്യം പറയ്."അലക്സ് പറഞ്ഞു.
"നാളത്തെ കാര്യം നമ്മുക്ക് ആർക്കും പ്രവചിക്കാൻ പറ്റില്ലലോ..ആർക്കെന്താ സംഭവിക്കുക എന്ന്..അതുകൊണ്ട്.."രാഖി പറയാൻ മടിച്ചു.
"അതുകൊണ്ട്..?"അലക്സ് ചോദിച്ചു.
"അതുകൊണ്ട്..എനിക്കെന്തെങ്കിലും സംഭവിച്ചാൽ..ഞാൻ ഇല്ലാതായാൽ..അലക്സ് എന്ത് ചെയ്യും?"രാഖി ചോദിച്ചു.
"നീ എന്തൊക്കെയാ ചോദിക്കുന്നത്?നിനക്ക് വട്ടായോ?"അലക്സ് അവളെ കളിയാക്കി.
"കളിയാക്കല്ലേ പ്ളീസ്..ഞാൻ ചോദിച്ചതിന് ഉത്തരം പറയ്.."രാഖി പറഞ്ഞു.
"ഇതെന്ത് ചോദ്യമാ രാഖി..അങ്ങനെ ആണെങ്കിൽ ഞാൻ ആണ് ആദ്യം ഇല്ലാതാവുന്നതെങ്കിലോ?നീ എന്ത് ചെയ്യും?"അലക്സ് തിരിച്ച് ചോദിച്ചു.
"അങ്ങോട്ടും ഇങ്ങോട്ടും ചോദ്യം ചോദിച്ച് കളിക്കാനുള്ള സമയമല്ല ഇത്.ക്ലാസ് ഇപ്പൊ തുടങ്ങും.എനിക്ക് പോകണം.അതിന് മുൻപ് ഞാൻ ചോദിച്ചതിനുള്ള ആൻസർ പറയ്.ഞാൻ ഇല്ലാതായാൽ അലക്സ് എന്ത് ചെയ്യും?"രാഖി വീണ്ടും ചോദിച്ചു.
"നീ ഇങ്ങനൊക്കെ ചോദിച്ചാൽ..എനിക്കറിയില്ല രാഖി..അങ്ങനൊന്നും ചിന്തിക്കുന്നതെ എനിക്കിഷ്ടമല്ല.."അലക്സ് പറഞ്ഞു.
"എങ്കിൽ അങ്ങനൊരു സാഹചര്യം വന്നാൽ ഒരു കാര്യം ചെയ്യുമോ?"രാഖി ചോദിച്ചു.എന്താണെന്ന അർത്ഥത്തിൽ അലക്സ് രാഖിയെ നോക്കി.
"ഞാൻ ഇല്ലാതായാൽ അലക്സ്..അലക്സ് എന്റെ ദേവിയെ കല്യാണം കഴിക്കുമോ?"രാഖി ചോദിച്ചത് കേട്ട് അലക്സ് കണ്ണും മിഴിച്ച് അവളെ കുറച്ച് നേരം നോക്കി നിന്നു .
"നീ എന്ത് ഭ്രാന്താ രാഖി ഈ പറയുന്നത്?"അലക്സിന്റെ ശബ്ദമുയർന്നു .
"ഭ്രാന്തല്ല..ഞാൻ വളരെ സീരിയസ് ആയിട്ടാ ചോദിക്കുന്നത്.അവൾ..അവള് പാവമാ അലക്സ്.അവൾക്ക് സ്വന്തമെന്ന് പറയാൻ ഈ ഭൂമിയിൽ വേറെ ആരുമില്ല..നീ അവളെ പൊന്നുപോലെ നോക്കുമെന്ന് എനിക്കറിയാം.ഒന്ന് സമ്മതിക്ക് അലക്സ്.."രാഖിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"നിന്റെ കരണം നോക്കി ഒറ്റ ഒരെണ്ണം വെച്ചുതന്നാലുണ്ടല്ലൊ..നീ എന്തൊക്കെയാ സംസാരിക്കുന്നതെന്ന് നിനക്ക് വല്ല ബോധവുമുണ്ടോ?അങ്ങനെ ആണെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ?ഞാൻ ഇല്ലാതായാൽ നീ എന്റെ റോബിന്റെ പെണ്ണായിക്കോളാമോ?അതിന് സമ്മതമാണെങ്കിൽ ഞാൻ ഇതിനും റെഡി."അലക്സ് അവളോട് ദേഷ്യപ്പെട്ടു .രാഖി അവന്റെ മുൻപിലിരുന്ന് പൊട്ടിക്കരഞ്ഞു.
"എന്താ മോളെ?എന്താ നിനക്ക് പറ്റിയത്?നിന്റെ മനസ്സിൽ എന്തൊക്കെയോ ഉണ്ട്..നീ കാര്യം പറയ്.എന്തിനും ഞാൻ ഉണ്ടല്ലോ നിന്റെ കൂടെ.."അലക്സ് അവളുടെ അടുത്ത് ചെന്നിരുന്ന് അവളെ സമാധാനിപ്പിച്ചു.
"തൽക്കാലം എന്നോടൊന്നും ചോദിക്കരുത്.ഞാൻ പിന്നെ ഒരു ദിവസം എല്ലാം പറയാം.പക്ഷെ ഞാൻ പറഞ്ഞത് പോലെ ഞാൻ ഇല്ലാതായാൽ നീ എന്റെ ദേവിയെ സ്വീകരിക്കുമോ അലക്സ്?"രാഖി കണ്ണീരോടെ ചോദിച്ചു.അവൻ ഒന്നും മിണ്ടിയില്ല.കുറച്ച് നേരം കൂടി സംസാരിച്ചിരുന്നിട്ട് അവൾ എഴുന്നേറ്റു.
"നീ തൽക്കാലം ക്ലാസ്സിലേക്ക് ചെല്ല്..പിന്നീട് കാണാം."അലക്സ് പറഞ്ഞു.
പിന്നീട് അലക്സ് റോബിന്റെ കൂടെ നാട്ടിലേക്ക് പോയി.തിങ്കളാഴ്ച്ച വൈകിട്ട് രാഖി ഉദയൻ പറഞ്ഞതുപോലെ അംബാ മിൽസിലേക്ക് പോവാൻ തയ്യാറായി.കൂട്ടിന് ദേവിയും.
"എന്റെ കൈയും കാലും വിറയ്ക്കുന്നെടി..എന്റെ തലകറങ്ങുന്നു."രാഖി പേടിയോടെ പറഞ്ഞു.
"നീ ഒന്ന് കൊണ്ടും ടെൻഷൻ അടിക്കേണ്ട.സത്യരാജ് സാർ നമ്മടെ കൂടെ ഉണ്ടല്ലോ.ഇന്ന് അവന്റെ അവസാനം ആയിരിക്കും.ധൈര്യമായിട്ടിരിക്ക്.
"ദേവി അവളെ ആശ്വസിപ്പിച്ചു.
"ടി..ഈ പോക്കിന് എനിക്കെന്തെങ്കിലും പറ്റുവാണെങ്കിൽ നീ എന്റെ അലക്സിനെ ഉപേക്ഷിക്കല്ലേ..അവനെ ഒറ്റയ്ക്കാക്കരുതേ.."രാഖിയുടെ കണ്ണുകൾ നിറഞ്ഞു.
"ഓഹ് നാടകം കളിക്കാതെ ഒന്നിറങ്ങ് പെണ്ണെ.."ദേവിക്ക് ദേഷ്യം വന്നു.
"നാടകം അല്ല..ഞാൻ തിരിച്ചുവരത്തില്ലെന്ന് എന്റെ മനസ്സ് പറയുന്നെടി മോളെ.."രാഖി കരഞ്ഞുതുടങ്ങി.
"എടി നീ ഒറ്റയ്ക്കല്ലലോ..ഞാനില്ലേ നിന്റെ കൂടെ..എന്ത് വന്നാലും നമ്മൾ ഒരുമിച്ച് നേരിടും.."ദേവി രാഖിയുടെ കൈയിൽ മുറുകെ പിടിച്ചു.
തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills
By: Anjana Ravi USA
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക