Slider

മെയ്‌ 2ന്റെ ഓർമ്മയ്ക്ക്

0
Image may contain: 1 person

ഒരു അച്ഛനും മകളും തമ്മിലുള്ള സംഭാഷണമധ്യേ..
“അല്ല മോളെ നാളെയല്ലേ മുന്നിലെ വീട്ടിൽകൂടൽ നീ പോകുന്നില്ലേ?”
“നാളെ എനിക്ക്‌ സമയോണ്ടാകൂന്ന് തോന്നുന്നില്ല അച്ഛാ”
“ങേ ഇത്രയും ജാഡയോ”-ആത്മഗതം.
“ഏയ്‌ ഏതെങ്കിലും ഒരു ചെറിയ സമയം മാറ്റി വച്ച്‌ ഒന്ന് കേറിയിറങ്ങണപ്പാ, അയലോക്കത്ത്‌ പുതുതായി താമസിക്കാൻ വരുന്നയല്ലെ, ഇന്നല്ലെ വീട്ടുകാരെ ഒന്ന് പരിചയപ്പെടുന്നതും വീടൊക്കെ കാണാൻ പറ്റുന്നതും.
പോരാത്തതിനു നല്ല ചിക്കൻ ബിരിയാണി ആണെന്നും പറയുന്നത്‌ കേട്ടു"..( ഇതിൽ വീഴും ഉറപ്പ്‌)
“ന്ത്‌ ബിരിയാണിയാന്ന് പറഞ്ഞിട്ടും കാര്യമില്ല, നാളെ രണ്ടാം തീയ്യതിയാണു. രാവിലന്നെ സ്കൂൾ പോണം”.
“ങേ ഇതെന്താപ്പാ നാളെ സ്കൂളിൽ”
“നാളെയാ പൊട്ടാ മെയ്‌ 2”
ആരേലും കേട്ടോ, ഇല്ല ആരും കേട്ടിട്ടില്ല.
“ന്താപ്പാ മെയ്‌ 2 നു?”
“അച്ഛാ നാളെയാണു മെയ്‌ 2, സ്കൂൾ പരീക്ഷേന്റെ റിസൽട്ട്‌, ഞാൻ ആകെ ടെൻഷനിലാണു”.
മെയ്‌ 2 റിസൽട്ട്‌ ദിവസമാണു എന്നത്‌ സാധാരണ നാട്ടിൻപുറങ്ങളിലെ അമ്മമാർ പോലും മറന്നിരിക്കുന്നു. അല്ലെങ്കിൽ പഴയ ആ പ്രത്യേകത ഇന്നാ ദിവസത്തിനില്ലെന്ന് തോന്നുന്നു. കാരണം പത്താം ക്ലാസ്സിനു മുന്നെ ഒരു കുട്ടിയും സ്കൂളുകളിൽ തോൽക്കുന്നില്ല, അല്ലെങ്കിൽ തോൽപ്പിക്കപ്പെടുന്നില്ല എന്നത്‌ തന്നെയാവും കാരണം.
ജാള്യം പുറത്ത്‌ കാട്ടാതെ- “ഇഞ്ഞി അധികം ടെൻഷനടിക്കണ്ട , എന്റെ മോൾ സൂപ്പറായി ജയിക്കും".
“നാളെ മാറ്റിപ്പറയല്ലേ അച്ഛാ” ന്നും പറഞ്ഞ്‌ കുലുങ്ങി ചിരിച്ച്‌ കൊണ്ട്‌ ഫോൺ കൈമാറി അവൾ പോയി.
കൈമാറിയ ഫോണിലൂടെയുള്ള ശബ്ദം കേൾക്കാതെ അതിലും വേഗതയിൽ ഞാനെന്റെ മെയ്‌ 1 ലേക്ക്‌ ഊളിയിട്ടു.
രണ്ട്‌ മൂന്ന് ദിവസം മുന്നെ തുടങ്ങും കാലത്തെ കുളിയും അച്ഛമ്മ വച്ചിരിക്കുന്ന ദൈവത്തിന്റെ ഫോട്ടോക്ക്‌ മുന്നിലെ ഭസ്മത്തട്ടിൽ നിന്ന് നെറ്റിയിൽ കുറി വരക്കലും, ആവശ്യസാധ്യത്തിനായുള്ള പ്രാർത്ഥനകളും കുഞ്ഞു കൈക്കൂലി പ്രഖ്യാപനങ്ങളും ഒക്കെ.
മെയ്‌ 2 നു കാലത്ത്‌ എണീറ്റ്‌ പതിവിനു മുന്നെ കുളിയും കഴിഞ്ഞ്‌ ഭക്തിപൂർവ്വം പ്രാർത്ഥിച്ച്‌ ഭസ്മവും തൊട്ട്‌ കാത്തിരിക്കും.
കൂട്ടുകാരുമൊത്ത്‌ ഇടവഴിയും പള്ളിത്തോടും കടന്ന് സ്കൂൾ മുറ്റത്തെത്തുമ്പൊളേക്കും ഒരു വല്ലാത്ത ആധി പിടികൂടിക്കാണും. പിടക്കുന്ന നെഞ്ചുമായി തുറന്നിട്ട ജാലകവാതിലിനു മുന്നിലെ തിക്കിലും തിരക്കിലും പെട്ട്‌, കുറേ നേരം പരതിയിട്ടും ബ്ലാക്ക്‌ ബോർഡിൽ പേരില്ലാത്തതിൽ വിഷമിച്ച്‌ വീണ്ടും ഒന്ന് കൂടി തിരിഞ്ഞ്‌ നോക്കുന്നവരുടെയും, ആദ്യനോട്ടത്തിൽ തന്നെ തന്റെ പേർ കണ്ടതിന്റെ അഹങ്കാരത്തിൽ ബഹളത്തോടെ ആഹ്ലാദപ്പെടുന്നവരുടെയും ഇടയിൽ വെള്ളപ്പേപ്പറിൽ കുനുകുനെ എഴുതിയ തന്റെ പേർ ഉണ്ടെന്ന് രണ്ടോ മൂന്നോ വട്ടം ഉറപ്പ്‌ വരുത്തി തിരിഞ്ഞ്‌ സ്കൂൾ മുറ്റത്തെത്തുമ്പൊ വലിയ കാശുകാരുടെ മക്കൾ ജയിച്ചതിന്റെ സന്തോഷത്തിൽ കിട്ടിയ മുട്ടായികൾ ട്രൗസറിന്റെ കീശയിലേക്ക്‌ തള്ളി അതിൽ നിന്ന് താൻ ജയിച്ച വകയിൽ തനിക്കിഷ്ടപ്പെട്ട കൂട്ടുകാർക്ക്‌ മാത്രം മുട്ടായി നൽകി ഏറെ സന്തോഷത്തോടെ വീട്ടിലേക്ക്‌ മടങ്ങി വരവെയാണു മോളുടെ വാട്ട്സപ്പ്‌ വോയിസ്‌ മെസ്സേജ്‌ വന്നത്‌.
“അച്ഛാ ഞാൻ ജയിച്ചിനു കേട്ടാ, സ്കൂളിലൊന്നും പോയില്ല, അമ്മ മാഷെ വിളിച്ച്‌ ചോദിച്ചതാ”
“ കൺഗ്രാറ്റ്‌സ്‌ മോളെ, അച്ഛൻ അന്നേരെ പറഞ്ഞിട്ടില്ലേ ന്റെ മോൾ ഫസ്റ്റ്‌ക്ലാസ്സിൽ ജയിക്കൂന്ന്”
“എന്തിനു കണ്ട്രാറ്റ്സ്‌, ഇതെന്താ പ്ലസ്‌ റ്റുവാറ്റാ, രണ്ടാം ക്ലാസ്സിലെല്ലം എല്ലാ കുട്ടികളും ജയിക്കും, ഞമ്മൾ വീട്ട്‌കൂടലിനു പോകുന്നാട്ടാ”..
ചമ്മീന്ന് കണ്ടാൽ പറയില്ലെങ്കിലും,"ജയിച്ചവർക്കും തോറ്റു പോയവരുണ്ടെങ്കിൽ അവർക്കും എല്ലാ നന്മകളും ആശംസിച്ച്‌ കൊണ്ട്"
‌ ഇത്തിരി ചമ്മലോടെ ഞാൻ നിർത്തി.
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo