നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മിന്നാമിന്നി പോലൊരു പെണ്ണ്


**********************
നാളെയാണ് വരലക്ഷ്മി മേനോന്‍ വരുന്നത്.നാളെ ഉച്ചക്ക് അവര്‍ ദുബായ് എയര്‍പോര്‍ട്ടില്‍ എത്തും.
ഓര്‍ത്ത്‌കിടന്നിട്ടു പ്രിയയ്ക്ക് ഉറക്കം വരുന്നില്ല.
“അവര്‍ക്ക് എന്റെ കുക്കിംഗ് ഒക്കെ ഇഷ്ടപ്പെടുമോ ?” പ്രിയ ആത്മഗതം നടത്തി.
“എന്റെ പ്രിയേ നീയൊന്നുറങ്ങ് .നിന്റെ ഫുഡ് കഴിക്കാന്‍ അല്ലല്ലോ അവര്‍ ദുബായ്ക്ക് വരുന്നത്.”അടുത്തു കിടന്ന രാജീവ് ചെറുതായി ദേഷ്യപ്പെട്ടു.
“എന്നാലും അവര്‍ അക്കാദമി അവാര്‍ഡ് ഒക്കെ കിട്ടിയ വലിയ എഴുത്തുകാരിയല്ലേ .രാജീവേട്ടാ....” അവള്‍ ദുര്‍ബലമായ ശബ്ദത്തില്‍ ചോദിച്ചു.
“അതിനിപ്പോ എന്താ..ഹോ..അവളുടെയൊരു വരലക്ഷ്മിയുമുണ്ട്...ഒരു സാഹിത്യവുമുണ്ട്.”അയാള്‍ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു കിടന്നു.
എം.എ മലയാളം വരെ പഠിച്ചതാണ് പ്രിയ.ബി.എയ്ക്ക് വരലക്ഷ്മിയുടെ “ മുല്ലപ്പൂക്കള്‍ സ്വപ്നം കണ്ട പെണ്കുട്ടി” എന്ന നോവല്‍ അവള്‍ക്ക് പഠിക്കാനുണ്ടായിരുന്നു.എം.എയ്ക്ക് “താമര പോലൊരു ഹൃദയം “എന്ന കഥാ സമാഹാരത്തിലെ ചില കഥകളും.
പ്രിയ കഥകള്‍ എഴുതും.പക്ഷേ രാജീവുമായുള്ള വിവാഹം കഴിഞ്ഞതിനുശേഷം എഴുത്തൊക്കെ വളരെ ചുരുങ്ങി.
അവളുടെ മനസ്സില്‍ ദൈവത്തിന്റെ സ്ഥാനമാണ് വരലക്ഷ്മി മേനോന്‍ എന്ന എഴുത്തുകാരിക്ക്.അവളുടെ ജീവിതത്തില്‍ ഒരു റോള്‍ മോഡല്‍ ഉണ്ടെങ്കില്‍ അത് എഴുത്തുകാരിയായ വരലക്ഷ്മി മേനോനാണ്.
ആര്‍ക്കാണ് അവരുടെ നായികമാരെ മറക്കാന്‍ സാധിക്കുക?പ്രിയക്ക് ഒരിക്കലും സാധിക്കില്ല.
ഇലത്താളം എന്ന കഥയില്‍ മായ എന്നൊരു നായികയുണ്ട്.അവള്‍ അനിയത്തിയെ വിവാഹം കഴിപ്പിക്കാന്‍ , അധ്വാനിക്കുകയാണ്.ഒടുവില്‍..താന്‍ രഹസ്യമായി ഇഷ്ടപെടുന്നയാളും അനിയത്തിയും പ്രണയത്തിലാണ് എന്നറിഞ്ഞു തകരുന്ന മായ.പക്ഷേ കണ്ണീര്‍ പുറത്തു കാണിക്കാതെ താന്‍ ചോരനീരാക്കി ഉണ്ടാക്കിയ സ്വര്‍ണ്ണവും പണവും അവള്‍ അനിയത്തിക്ക് നല്‍കുന്നു.മായയെ ഓര്‍ക്കുമ്പോള്‍ത്തന്നെ കണ്ണ് നിറയും.
ഇരുണ്ട അകത്തളങ്ങളില്‍ പിഞ്ഞിത്തുടങ്ങിയ പാവാടയും ,നിറം മങ്ങിയ പൊട്ടുമായി കണ്ണീരണിഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികള്‍ വരലക്ഷമിയുടെ കഥയിലെ സ്ഥിര സാന്നിധ്യങ്ങളാണ്.സല്‍ഗുണസമ്പന്നകളായ ,ലാളിത്യവും ,എളിമയും,ഗുണഗണങ്ങളാക്കിയ യുവതികള്‍ വരലക്ഷ്മിയുടെ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നു.സ്ഫടികം പോലെ നന്മയുള്ള നായികമാര്‍.
വരലക്ഷ്മിമേനോന്‍ ദുബായിലെ ചില സാഹിത്യ സമ്മേളനങ്ങള്‍ക്ക് വരികയാണ്.ചില മലയാളി സംഘടനകള്‍ അവരെ ഇങ്ങോട്ട് ക്ഷണിച്ചിരിക്കുന്നു.അതിലൊരു സംഘടനയുടെ ഭാരവാഹികളില്‍ ഒരാളാണ് പ്രിയ. വരലക്ഷ്മിയെ പ്രിയ ഇതിനു മുന്‍പ് കണ്ടിട്ടില്ല.അവരുടെ ചില ടി.വി അഭിമുഖങ്ങള്‍ അല്ലാതെ..അവളുടെ സ്വപ്ന എഴുത്തുകാരിയെ നേരിട്ട് കാണുക.അവര്‍ക്കൊപ്പം ഒരു ദിവസം ചെലവഴിക്കുക. അവരുടെ കയ്യൊപ്പുളള്ള ഏറ്റവും പുതിയ പുസ്തകം സ്വന്തമാക്കുക.പ്രിയക്ക് എങ്ങിനെ ഉറക്കം വരാതിരിക്കും.
പിറ്റേന്ന് എയര്‍പോര്‍ട്ടില്‍ പ്രിയ വരലക്ഷ്മിയെ കാത്തുനിന്നു.അറുപതു വയസ്സ് അടുത്തുള്ള വെളുത്തു നല്ല വണ്ണമുള്ള സ്ത്രീ.നെറ്റിയില്‍ വലിയ ചുവന്ന പൊട്ട്.തിളങ്ങുന്ന പട്ടുസാരി.
“ആര്‍ യൂ പ്രിയ ?” അവരുടെ പേരെഴുതിയ ബോര്‍ഡുമായി നില്‍ക്കുന്നത് കണ്ടപ്പോഴേ വരലക്ഷ്മി ചോദിച്ചു.
“അതെ മേഡം.നമ്മുക്ക് ആദ്യം എന്റെ ഫ്ലാറ്റിലേക്ക് പോകാം.ലഞ്ച് കഴിഞ്ഞു വൈകുന്നേരം മീറ്റിങ്ങിനു പോകാം.” പ്രിയ പറഞ്ഞു.അവര്‍ തലയാട്ടി.പെട്ടികള്‍ കാറിന്റെ ഡിക്കിയില്‍ വച്ചതിനുശേഷം പ്രിയ കാര്‍ ഫ്ലാറ്റിലേക്ക് വിട്ടു.
“ഇത് പ്രിയയുടെ കാറാണോ?” വരലക്ഷ്മി ചോദിച്ചു.
“അതെ മേഡം.”അവള്‍ പറഞ്ഞു.
“ഇപ്പോള്‍ ഇത്തരം ചെറിയ വണ്ടികളില്‍ കയറിയിട്ട് കുറെനാളായി.നാട്ടില്‍ ഞങ്ങള്‍ക്ക് ഒരു ബി.എം വബ്ല്യൂ എക്സ് വണ്‍ ഉണ്ട്.ഇറ്റ്‌ ഈസ് മോര്‍ കംഫര്‍ട്ടബിള്‍.” വരലക്ഷ്മി പറഞ്ഞു.അത് കേട്ടതും പ്രിയയുടെ മനസ്സിടിഞ്ഞു.ഈ ചെറിയ കാര്‍വാങ്ങാന്‍ തന്നെ രാജീവേട്ടന്‍ ഒരുപാട് കഷ്ടപെട്ടു.
“പ്രിയ എഴുതാറുണ്ടോ ?” വീണ്ടും ചോദ്യം.
“ചെറുതായി.പക്ഷേ...”ആ വാചകം മുഴുമ്മിപ്പുക്കുന്നതിനു മുന്‍പ് അടുത്ത ചോദ്യം വന്നു.
“പബ്ലിഷ് ചെയ്തിട്ടുണ്ടോ ?”
“ഇല്ല.കാരണം..”ആ വാചകവും മുഴുമിച്ചില്ല.
“അയ്യേ..പബ്ലിഷ് ചെയ്തിട്ടില്ലേ...പിന്നെങ്ങനാ എഴുത്തുകാരിയാകുന്നെ ?” അവര്‍ ചിരിച്ചു.പ്രിയയുടെ നാവടഞ്ഞു.താന്‍ എഴുത്തുകാരിയല്ല ഒരു പാവം വായനക്കാരി മാത്രമാണ്.
“പ്രിയക്കറിയാമോ ഇന്ന് പ്രകാശനം ചെയ്യുന്ന “മിന്നാമിന്നി പോലൊരു പെണ്ണ് “ എന്ന നോവല്‍ പബ്ലിഷ് ചെയ്യാന്‍ ഒരുപാട് പ്രസാധകര്‍ മത്സരിച്ചു.മലയാളത്തിലെ വേറൊരു വനിതാ എഴുത്തുകാരിക്കും അത്ര ഡിമാന്റില്ല.”
അഭിമാനത്തോടെ വരലക്ഷ്മി അറിയിച്ചു.പ്രിയ പാവയെപ്പോലെ തലയാട്ടി.
വണ്ടി ഫ്ലാറ്റിനു മുന്‍പില്‍ എത്തി.ഫ്ലാറ്റ് തുറന്നു അകത്തു കയറിയതും അവര്‍ ചുറ്റും നോക്കി.അവരുടെ മുഖം ഇരുളുന്നത് കണ്ടു.
“പുവര്‍ ഫര്‍ണിഷിംഗ് പ്രിയ...കുറച്ചു ലക്സ്വറി സോഫയൊക്കെ വാങ്ങി ഇടാന്‍ മേലാരുന്നോ?ഇവിടുത്തെ ഷോപ്പിംഗ് ഫെസ്റ്റിവലിനു ഒക്കെ പോകുന്നില്ലേ..?” അവര്‍ ചോദിച്ചു.
“അത് പിന്നെ..കുറച്ചു ഫിനാന്‍ഷ്യല്‍ പ്രോബ്ലംസ്...”അവള്‍ പറയാന്‍ ശ്രമിച്ചു.
ഭാഗ്യം രാജീവും കുട്ടികളും ഫ്ലാറ്റില്‍ ഇല്ല.രാജീവ് ജോലിക്ക് പോയി.കുട്ടികള്‍ സ്കൂളിലും.
“മേഡം കുളിച്ചു ഡ്രസ് മാറി വരുമ്പോള്‍ ഞാന്‍ ഊണ് എടുത്തു വയ്ക്കാം.” പ്രിയ മുറി തുറന്നു കാണിച്ചുകൊണ്ട് പറഞ്ഞു.
അവള്‍ ഊണ് എടുത്തു വച്ചിട്ടും വരലക്ഷ്മി വന്നില്ല.ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അവര്‍ പുറത്തു വന്നത്.
“പ്രിയ,വെരി സോറി.എനിക്കൊരുപാട് സമയം വേണം കുളിക്കാന്‍.ഹസ് ഇപ്പോഴും പറയും ഐ ലുക്ക് ലൈക്ക് നര്‍ഗീസ്...ആ ലുക്ക് മെയിന്റെയിന്‍ ചെയ്യണ്ടേ...”അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവള്‍ വരലക്ഷ്മിയുടെ മുഖം ശ്രദ്ധിച്ചു.മുഖത്തെ മാംസം തൂങ്ങിത്തുടങ്ങിയിരിക്കുന്നു.പ്രായത്തിന്റെ കുണ്ടും കുഴികളും നിറഞ്ഞ മുഖം അവര്‍ മേക്കപ്പ് കൊണ്ട് മറയ്ക്കുകയാണ്.
“പ്രിയേ ,ഇതെന്താ നോണ്‍ വെജ് ഒന്നുമില്ലേ..” അവര്‍ ചോദിച്ചു.
“ഞാന്‍ വിചാരിച്ചു മേഡം വെജ് ആയിരിക്കും കൂടുതല്‍ പ്രിഫര്‍ ചെയ്യുകയെന്ന്...ചിക്കന്‍ ഉണ്ട്.ഇതാ...”അവള്‍ പാത്രം നീക്കി വച്ചു.
“അയ്യേ..എനിക്കി വെജ് തീരെ ഇഷ്ടമല്ല. “കോഴിക്കാല്‍ കടിച്ചു കുടഞ്ഞുകൊണ്ട് വരലക്ഷ്മി പറഞ്ഞു.അപ്പോള്‍ പ്രിയ വരലക്ഷ്മിയുടെ “അവളൊരു താരക” എന്ന കഥയിലെ പാവക്കാ തീയലും ,വഴുതനങാ മെഴുക്കുപുരട്ടിയും ഉണ്ടാക്കുന്ന മിനിമോള്‍ എന്ന നായികയെക്കുറിച്ച് ആലോചിച്ചു.
“പ്രിയയുടെ ഹസിനു എന്താണ് ജോലി.?”വരലക്ഷ്മി ചോദിച്ചു
.
“ഇവിടെ ഒരു എക്സ്പോര്‍ട്ടിംഗ് കമ്പനിയില്‍ അക്കൌണ്ടന്റ് ആണ്..”അവള്‍ പറഞ്ഞു.
“ഓ..എന്റെ മോളും മരുമോനും ലാസ്റ്റ് ഇയര്‍ ഇവിടെയായിരുന്നു.രാഹുലിന് സ്വന്തമായി ഒരു കമ്പനിയുണ്ട് ..ഇപ്പോള്‍ അവര്‍ ഗ്രീസിലാണ്.” അവര്‍ പറയുന്നു.
അവള്‍ തലയാട്ടി.
“എനിക്കിപ്പോ ദുബായില്‍ വരാന്‍ ഒന്നും വലിയ താല്പര്യം ഇല്ലാരുന്നു.പക്ഷേ നിങ്ങള്‍ടെ സംഘടനയിലെ പണിക്കര്‍ എന്നെ കുറെ കംപെല്‍ ചെയ്തു.അക്കാദമി അവാര്‍ഡ് ഉള്ള സംസാരിക്കാനറിയാവുന്ന വനിതാ എഴുത്തുകാര്‍ വേറെ ഇല്ലെന്നാ പണിക്കരുടെ അഭിപ്രായം.” ചോറിന്റെ വലിയ ഉരുളുകള്‍ വിഴുങ്ങുന്നതിനിടയില്‍ അവര്‍ പറഞ്ഞു.
ഊണ് കഴിഞ്ഞു പാത്രങ്ങളുമായി പ്രിയ അടുക്കളയിലേക്ക് പോകുന്ന കണ്ടു വരലക്ഷ്മി പറഞ്ഞു.
“വേലക്കാരെ ഒക്കെ വയ്ക്കാന്‍ ഫിനാന്‍സ് പ്രോബ്ലം ആയിരിക്കുമല്ലേ..നാട്ടില്‍ എനിക്ക് നാല് പേരുണ്ട് സര്‍വന്റ്സ്..അടുക്കളയില്‍ കയറിയാല്‍ എനിക്ക് ഓക്കാനം വരും.ഐ കാണ്ട് കുക്ക് ആന്‍ഡ് വാഷ്....”വരലക്ഷ്മി പറഞ്ഞു.
പ്രിയ ഒരു ചിരി മുഖത്ത് തേച്ചിട്ട് അടുക്കളയിലേക്ക് മുങ്ങി.വരലക്ഷ്മിയുടെ ശ്രദ്ധ ടി.വിയിലെ സീരിയലിലേക്കായി.തിളങ്ങുന്ന പട്ടുസാരിയുടുത്ത ,കഴുത്തിലും കാതിലും നിറയെ സ്വര്‍ണ്ണ ആഭരണങ്ങള്‍ അണിഞ്ഞ അമ്മായിയമ്മയും മരുമകളും അടുക്കളയില്‍നിന്ന് കൊണ്ട് നടക്കുന്ന ഒരു വാക്കുതര്‍ക്കമാണ് ടി.വിയില്‍ കാണിക്കുന്നത്.
“ഈ ഫ്ലാറ്റില്‍ ഇങ്ങനെ ജോലിക്ക് ഒക്കെ പോകാതെ ഇരുന്നാല്‍ ബോറടിക്കില്ലേ.?”അടുക്കളയില്‍നിന്ന് വന്ന പ്രിയയോട്‌ ടി.വിയില്‍ നിന്ന് കണ്ണെടുക്കാതെ അവര്‍ അന്വേഷിച്ചു.
“അല്ല മാഡം,ഇവിടെ തന്നെ കുറെ പണികള്‍ ഉണ്ട്...”പ്രിയക്ക് അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.അപ്പോഴേക്കും വരലക്ഷ്മി പറഞ്ഞുതുടങ്ങി.
“പ്രിയയുടെ പ്രായത്തില്‍ എനിക്ക് എത്ര കാമുകന്‍മാര്‍ ഉണ്ടായിരുന്നുവെന്നോ ...ഈ വനിതാ എഴുത്തുകാരോട് എല്ലാവര്‍ക്കും പ്രത്യേക ഒരു ആകര്‍ഷണമാ...മാത്രമല്ല ബ്യൂട്ടിയും ഇന്റലിജന്‍സും ടാലന്റും ഒക്കെ കൂടിച്ചേര്‍ന്ന ഒരു റെയര്‍ പഴ്സ്നാലിറ്റിയാണ് ഞാന്‍ എന്നാ ഗോപന്‍ വരെ എന്നെക്കുറിച്ച് പറഞ്ഞോണ്ട് ഇരുന്നത്..ഗോപനെ അറിയില്ലേ..ഫെയിമസ് റൈറ്റര്‍ ..അയാള്‍ക്ക് ഒരു നോട്ടമുണ്ടാരുന്നു.ബട്ട് ഐ അവോയിഡിറ്റ്...പക്ഷേ പല ലിറ്ററച്ചര്‍ സര്‍ക്കിളുകളിലും ഞങ്ങളെക്കുറിച്ച് ഗോസിപ്പ് ഉണ്ടാരുന്നു.”വരലക്ഷ്മി,അവരുടെ തടിച്ച തോളുകള്‍ കുലുക്കി കുണുങ്ങി ചിരിച്ചു.
പ്രിയ വേഗം വസ്ത്രം മാറി ,വരലക്ഷ്മിക്കൊപ്പം മീറ്റിംഗ് സ്ഥലത്തേക്ക് പോയി.വലിയ ഒരു സദസ്സായിരുന്നു അത്.വേദിയില്‍ വരല്ക്ഷ്മിക്കൊപ്പം പ്രിയയും ഇരുന്നു.വരലക്ഷ്മിയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനം.പിന്നെ ഏതൊക്കെയോ അവാര്‍ഡ് ദാനം.കള്‍ച്ചറല്‍ പ്രോഗ്രാംസ്...
വരലക്ഷ്മിയുടെ പ്രസംഗം കേട്ടിട്ട് അവള്‍ അന്തിച്ചു പോയി.അത് വരെ അവള്‍ കണ്ട വരലക്ഷ്മിയായിരുന്നില്ല അത്.പ്രൌഡയായ എഴുത്തുകാരിയുടെ ഉജ്ജ്വലമായ വാക്കുകള്‍..അത് കേട്ട് മയങ്ങിയിരിക്കുന്ന സദസ്സ്
പ്രസംഗം കഴിഞ്ഞു വരലക്ഷ്മി അവളുടെ അടുത്തു വന്നിരുന്നു.
“എങ്ങിനെയുണ്ടായിരുന്നു...”വരലക്ഷ്മി ചോദിച്ചു.
“ഗംഭീരമായിരുന്നു മേഡം’
’..
അവരുടെ മുഖം തെളിഞ്ഞു.അവര്‍ പ്രിയയുടെ ചെവിയില്‍ ഒരു രഹസ്യം പറഞ്ഞു.
“മുന്‍പിലിരുന്ന ആണുങ്ങള്‍ മുഴുവന്‍ എന്നെ കൊതിയോടെ നോക്കുകാരുന്നു.പക്ഷേ അവരുടെ ഭാര്യമാര്‍ അത് ശ്രദ്ധിച്ചില്ല..കാരണം അറിയാമോ പ്രിയയ്ക്ക് ?”
അവള്‍ ഇല്ലെന്നു തലയാട്ടി.
“പെണ്ണുങ്ങള്‍ എന്റെ ഈ പുതിയ ഡയമണ്ട് നെക്ലേസ് നോക്കിയിരിക്കുകയായിരുന്നു..അസൂയയോടെ..”
അവരുടെ പുതിയ പുസ്തകം “മിന്നാമിന്നി പോലൊരു പെണ്ണ് “ എന്ന നോവലിന്റെ കോപ്പി പ്രിയക്ക് ഒപ്പിട്ടു നല്‍കുന്നതിനിടയില്‍ ,തന്റെ നെഞ്ചിലേക്ക് വീണുകിടക്കുന്ന വിലപിടിച്ച മാല ചൂണ്ടിക്കാട്ടി കള്ളച്ചിരിയോടെ വരലക്ഷ്മി പറഞ്ഞു.
അന്ന് വൈകുന്നേരം രാജീവ് ഫ്ലാറ്റില്‍ വന്നയുടനെ പ്രിയ അയാളോട് ചോദിച്ചു.
“രാജീവേട്ടന്‍ ,ഓഫീസിലെ ഡസ്ക് ടോപ്പ് സിസ്റ്റത്തിന്റെ മൗസ് പാഡ് പോയെന്നു പറയുന്ന കേട്ടല്ലോ.പുതിയത് വേണോ?”
കണ്ണ് മിഴിച്ചു നില്‍കുന്ന അയാളുടെ കയ്യിലേക്ക് പ്രിയ ,വരലക്ഷ്മിയുടെ പുതിയ നോവല്‍ “മിന്നാമിന്നി പോലൊരു പെണ്ണ് “ എന്ന പുസ്തകം നല്‍കി.
“ഇത് മതി..മൗസ് പാഡിനു ബെസ്റ്റാ..” പ്രിയ നെടുവീര്‍പ്പോടെ പറഞ്ഞു.
(അവസാനിച്ചു)

ANish Francis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot