
രണ്ടാഴ്ച മുൻപ്, വിഷുവിന്റെ പിറ്റേന്നാണ് എനിക്കാ വാട്ട്സ്ആപ്പ് കാൾ വന്നത്. പരിചയമില്ലാത്ത നമ്പർ ആയിരുന്നു. കാൾ എടുത്തതെ 'എടി ലിൻസി, ഇത് സിനി തോമസാ ...നീ എവിടെയാ' എന്നു ചോദിച്ചു സംസാരിച്ചു തുടങ്ങി (പേര് ശരിക്കുള്ളതല്ല). ആൾ ആകെ പരിഭ്രമത്തിലാണ് എന്ന് സ്വരം കേട്ടപ്പോൾ തന്നെ മനസ്സിലായി. സിനി എന്റെ സഹപാഠി ആയിരുന്നു. വർഷങ്ങൾക്കു ശേഷം സ്കൂൾ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നും നമ്പർ തപ്പിയെടുത്തു വിളിക്കുകയാണ്.
"യു കെ യിലാ...എന്താടി" ഞാൻ ചോദിച്ചു . സത്യമായിട്ടും കാശു കടം ചോദിക്കാനാണെന്നാണ് ഞാൻ കരുതിയത്. പ്രവാസികളെ സാധാരണ വിളിക്കാത്തവർ വിളിച്ചാൽ അതിനർത്ഥം അവർക്കെന്തോ കാശിന്റെ അത്യാവശ്യം ഉണ്ടെന്നാണ്. നമ്മളിതെത്ര കണ്ടിരിക്കുന്നു. 'പെട്ടല്ലോ ദൈവമേ' എന്ന് മനസ്സിൽ വിചാരിച്ച് ഞാൻ ചോദിച്ചു "എന്താ സിനി പ്രശ്‌നം ?"
അവൾ പണ്ടു പത്താം ക്ലാസ്സിൽ പറഞ്ഞു നിർത്തിയതിന്റെ ബാക്കി പോലെ ഒരകൽച്ചയുമില്ലാതെ എന്നാൽ കരയുന്നതു പോലുള്ള സ്വരത്തിൽ പറഞ്ഞു തുടങ്ങി. അവളുടെ വാക്കുകളിലൂടെ....
അവൾ പണ്ടു പത്താം ക്ലാസ്സിൽ പറഞ്ഞു നിർത്തിയതിന്റെ ബാക്കി പോലെ ഒരകൽച്ചയുമില്ലാതെ എന്നാൽ കരയുന്നതു പോലുള്ള സ്വരത്തിൽ പറഞ്ഞു തുടങ്ങി. അവളുടെ വാക്കുകളിലൂടെ....
"എടീ എനിക്ക് കുറച്ചു നാൾ മുൻപ് എഫ് ബി യിൽ ഒരു ഒരു സായിപ്പിന്റെ ഫ്രണ്ട് റിക്വസ്റ്റ് വന്നു. ഒരു ജാക്ക് ഡൊണാൾഡ്, കാർഡിഫിൽ നിന്ന്. നീ മ്യൂച്ചൽ ഫ്രണ്ട് അല്ലെങ്കിലും നിന്റെ ഫ്രണ്ട്സ് ആരെങ്കിലും ആയിരിക്കുമെന്നോർത്തു ഞാനത് ആക്‌സപ്റ് ചെയ്തു. ഒരു നല്ല മനുഷ്യൻ. വാട്ട്സാപ്പിൽ മിക്കവാറും വിളിക്കുമായിരുന്നു. അയാളുടെ ഫാമിലിയുടെ ഫോട്ടോസ് ഒക്കെ അയച്ചു തന്നു. അയാളുടെ ഭാര്യ കാൻസർ വന്നു മരിച്ചുപോയെന്നാ പറഞ്ഞത്. ഒരു മോളുണ്ട്. ചെറിയ കുട്ടി. ഞാനും പിള്ളേരുടേം എന്റേം ഫോട്ടോസ് ഒക്കെ അയച്ചു കൊടുത്തു.
ഇന്ത്യയിലുള്ള അയാളുടെ ഒരേയൊരു ഫ്രണ്ട് ഞാനാണെന്നും എനിക്കൊരു സമ്മാനം വാങ്ങിത്തരണമെന്നുണ്ടെന്നും ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് തന്നാൽ സമ്മാനത്തിനുള്ള പണം അയക്കാമെന്നും പറഞ്ഞ് അയാൾ കഴിഞ്ഞ ദിവസം വിളിച്ചു. ഞാൻ പേടിച്ചിട്ട് കൊടുത്തില്ല.
പിന്നെ അയാൾ പറഞ്ഞു അഡ്രെസ്സ് കൊടുത്താൽ മതി, സമ്മാനം അയച്ചുതരാമെന്ന്. ചുമ്മാ കിട്ടുന്ന സമ്മാനമല്ലെന്നോർത്ത് ഞാൻ അഡ്രെസ്സ് കൊടുത്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് എംബസ്സീന്ന് ഫോൺ വന്നു. സമ്മാനം വന്നു കിടപ്പുണ്ട്. വിലപിടിപ്പുള്ള സമ്മാനമാണ്. കസ്റ്റംസ് ക്ലിയറെൻസിനു വേണ്ടി മുപ്പതിനായിരം രൂപ അടയ്ക്കണം എന്ന് പറഞ്ഞു കൊണ്ട്.
കാശു കൊടുക്കണമെന്നു പറഞ്ഞപ്പോൾ ആ സമ്മാനം വേണ്ട എന്നു ഞാൻ തീരുമാനിച്ചു. അപ്പോൾ വീണ്ടും അതിൽ വിലപിടിപ്പുള്ള ജുവല്ലറി ആണ്. പണമടച്ചില്ലെങ്കിൽ അതു നഷ്ടപ്പെട്ടുപോകും എന്ന് അയാൾ വിളിച്ചു പറഞ്ഞു. എന്റെ കയ്യിൽ അത്രയും പണമില്ല എന്നു പറഞ്ഞ് ഞാൻ കാൾ കട്ട് ചെയ്തു. അപ്പോൾ എംബസ്സിയിൽ നിന്ന് വീണ്ടും വിളിച്ച് പണം എത്രയും പെട്ടെന്ന് അടയ്ക്കണം എന്ന് പറഞ്ഞു. അത് ഒരു പെണ്ണായിരുന്നു. ഹിന്ദിയിലാണ് സംസാരിച്ചത്.
പിറ്റേന്ന് അയാൾ ഇന്ത്യയിലെത്തിയെന്നും പണം അടയ്ക്കാത്തതിനാൽ പോലീസ് അറസ്റ്റ് ചെയ്‌തെന്നും എത്രയും പെട്ടെന്ന് പണം അടയ്ക്കണമെന്നും പറഞ്ഞ് കുറെ ഫോട്ടോസ് അയച്ചു തന്നു. എങ്കിൽ പിന്നെ ആ ജുവല്ലറി വിറ്റ് പണം കൊടുത്തുകൂടെ എന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ ഒച്ചവയ്ക്കുകയും കരയുകയും ഒക്കെ ചെയ്തു.
പിറ്റേന്ന് വീണ്ടും എംബസ്സിയിൽ നിന്ന് വിളിച്ചു. പണം അടച്ചില്ലെങ്കിൽ എന്റെ ഡീറ്റെയിൽസ് പൊലീസിന് കൊടുക്കുമെന്നും അറസ്റ്റ് ചെയ്യിപ്പിക്കുമെന്നും പറഞ്ഞു. എനിക്ക് പേടിയാകുന്നെടീ. ഞാൻ ഉറങ്ങിയിട്ട് ദിവസങ്ങളായി. ഹസ്ബന്റ് എങ്ങാനും അറിഞ്ഞാൽ എന്നെ കൊന്നുകളയും. ഞനെന്താ ചെയ്യേണ്ടത്? പണം അടയ്ക്കണോ? അതു നീ അറിയുന്ന ആളാണോ?"
ഇത്രയും ഡീറ്റെയിലിസും കൊടുത്ത്, ഇത് ഇവിടെ വരെ എത്തുന്നതിനു മുൻപ് ഈ ചോദ്യം ചോദിക്കാമായിരുന്നു എന്ന് ഞാൻ മനസ്സിൽ വിചാരിച്ചെങ്കിലും ചോദിച്ചില്ല. അവൾ അയാളുടെ കുറെ ഫോട്ടോസും മൊബൈൽ , ഓഫീസ്സ്, എംബസ്സി നമ്പറുകളും എനിക്കയച്ചു തന്നു. ഫോട്ടോസ് മിക്കതും ഫാമിലി പിക്ചർസ് ആയിരുന്നു. അതുകൊണ്ടു തന്നെ അത് അയാളായിരിക്കില്ല, ആരുടെയെങ്കിലും ഫ് ബി യിൽ നിന്നും അടിച്ചുമാറ്റിയതായിരിക്കും എന്നു ഞാൻ പറഞ്ഞപ്പോൾ അവൾ പറഞ്ഞു
"അല്ലടീ, അത് ശരിക്കും അയാൾ തന്നെയാ, ഞാൻ വീഡിയോ കോളിൽ കണ്ടിട്ടുണ്ട്."
"അല്ലടീ, അത് ശരിക്കും അയാൾ തന്നെയാ, ഞാൻ വീഡിയോ കോളിൽ കണ്ടിട്ടുണ്ട്."
ഫാമിലി ഫോട്ടോസ് കാട്ടി ഭാര്യ മരിച്ചു പോയതാണെന്നു പറഞ്ഞ് സഹതാപം പിടിച്ചു പറ്റി പണം തട്ടാനുള്ള ഗാങ് ആണിതെന്നും തന്നിട്ടുള്ള നമ്പറുകളൊക്കെ മൊബൈൽ നമ്പറുകളാണെന്നും ഞാൻ മനസ്സിലാക്കി. ഏഴെട്ടു വർഷങ്ങൾക്കു മുൻപ് എന്റെ ഹസ്ബന്റിന്റെ ഒരു സുഹൃത്ത് ഇതേ കാര്യം ചോദിക്കാൻ അദ്ദേഹത്തെ വിളിച്ചിരുന്നു. അന്ന് പുള്ളിയെ ട്രാപ് ചെയ്തത് ഒരു മദാമ്മ ആയിരുന്നു.
അവളോട് അയാളെ ഫ് ബി യിലും വാട്ട്സാപ്പിലും ബ്ലോക്ക് ചെയ്യാനും ഇനി വിളിച്ചാൽ പൊലീസിന് ഈ നമ്പറുകൾ കൊടുത്തിട്ടുണ്ട്. അവർ കോണ്ടാക്റ്റ് ചെയ്തോളും എന്നു പറയാനും ഞാൻ പറഞ്ഞു. 'ബ്ലോക്ക് ചെയ്തു, ആരും പിന്നെ വിളിച്ചില്ല, താങ്ക് യു വെരി മച്ച് ' എന്ന് ഇന്നലെ മെസ്സേജ് വന്നു. എല്ലാം ശുഭം.
ഇനി ചേച്ചിമാരോടും അനിയത്തിമാരോടും ഒരു ചോദ്യം. ഭർത്താവറിയാതെ ഒരു പരിചയവുമില്ലാത്ത ഒരാൾക്ക് വാട്ട്സ്ആപ്പ് നമ്പർ കൊടുത്ത്, ദിവസവും വീഡിയോ കാൾ വിളിച്ച്, ഫോട്ടോസും അഡ്രെസ്സും കൊടുത്ത്, സമ്മാനം നോക്കിയിരിക്കുമ്പോൾ നിങ്ങൾക്ക് ഒന്നും തോന്നാറില്ലേ? കല്യാണം കഴിഞ്ഞ് രണ്ടും മൂന്നും മക്കളുള്ള നമ്മളോട് ഒരു മുൻപരിചയവുമില്ലാത്ത ഒരാൾ സ്നേഹം കാണിക്കുമ്പോൾ അത് പെങ്ങളായി കണ്ട് സംരക്ഷിക്കാനോ കല്യാണം കഴിച്ച് കൂടെ താമസിപ്പിക്കാനോ അല്ലെന്നും എന്തെങ്കിലും സ്വാർത്ഥലാഭം പ്രതീക്ഷിച്ചാണെന്നും മനസ്സിലാക്കാനുള്ള ബോധം ഇനി എന്നുണ്ടാകാനാണ്? എന്നും എങ്ങനെയെങ്കിലുമൊക്കെ വഞ്ചിക്കപ്പെടുന്നവരുടെ കഥകളാണ് പത്രത്തിലും സോഷ്യൽ മീഡിയയിലും കാണുന്നത്. എന്നിട്ടും എന്താണ് നമ്മൾ ഇങ്ങനെ?
ഈ ചോദ്യം അവളോട് ചോദിച്ച എനിക്ക് കിട്ടിയ മറുപടി
"സായിപ്പല്ലേ, പറ്റിക്കില്ലെന്നു വിചാരിച്ചു."
ഗുണപാഠം: 'അറിയാത്ത കുഞ്ഞിനു ചൊറിയുമ്പോൾ അറിയും'
ലിൻസി വർക്കി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക