നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കമ്പാർട്ട്മെൻറ്സ്


ഒരു കഥ സൊല്ലട്ടുമാ, അതുക്ക് മുന്നേ കഥയ്ക്ക് ഒരു പേര് വേണമാ. കമ്പാർട്ട്മെന്റ് എന്ന പേര് നല്ലായിരുക്ക്. എങ്കിൽ അതു തന്നെ ആകട്ടെ തലക്കെട്ട്.
അപ്പോൾ കഥയ്ക്ക് പേരായി,
ഇനി കഥ വേണം, കഥാപാത്രങ്ങൾ വേണം, അവർക്ക് കഥയും ആയും, തലക്കെട്ടും ആയി എന്തെങ്കിലും ബന്ധം വേണം. ഇവ തമ്മിൽ ബന്ധം ഇല്ലെങ്കിലും കഥയാവില്ലേ. അത് അറിയില്ല.
എന്നാൽ ആദ്യത്തെ കഥാപാത്രത്തെ പറ്റി ചിന്തിയ്ക്കാം. കമ്പാർട്ട്മെന്റ് എന്നു പറയുന്നതു കൊണ്ട് ഇതൊരു ട്രെയിൻ യാത്രയുടെ കഥയാകണം എന്ന് നിർബ്ബന്ധം ഒന്നുമില്ലല്ലോ. എന്നാലും റെയിൽവേ ആയിട്ട് ഒരു ബന്ധത്തിൽ നിന്ന് തുടങ്ങാം. നമ്മൾ ആദ്യം കാണാൻ തുടങ്ങുന്നത് സാമുവൽ എന്ന സ്റ്റേഷൻ മാസ്റ്ററെയാണ്. ഇദ്ദേഹത്തിന് റിട്ടയർ ആകാൻ ഇനി അഞ്ചു വർഷം കൂടി ബാക്കിയുണ്ട്. അതിപ്പോൾ ഇവിടെ പറയേണ്ട ഒരാവശ്യവും ഇല്ല.
എന്നാലും സാമുവലിന്റെ പ്രായത്തെ പറ്റിയുള്ള ധാരണയെ സൂചിപ്പിക്കുവാൻ വേണ്ടിയുള്ള ഒരു നമ്പർ മാത്രം. പക്ഷെ സാമുവലിനെ കണ്ടാൽ പ്രായം തോന്നിക്കുകയില്ല, ഇനിയും നരയ്ക്കാത്ത തിങ്ങിനിറഞ്ഞ മുടി, കട്ടി മീശ പിന്നെയുള്ളത് കണ്ണടയാണ്, അതാണെങ്കിൽ ഉള്ള പൗരുഷം അല്പം കൂടെ കൂട്ടി എന്നു പറയാം. നല്ല വെളുത്ത നിറം, ആരോഗ്യമുള്ള കിളരമുള്ള ശരീരം.
ഇപ്പോൾ സമയം രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിട്ടുണ്ട്. ഏതായാലും അദ്ദേഹം ഉറങ്ങിയിട്ടില്ല. പുറത്തേയ്ക്ക് നോക്കി നിൽക്കുകയാണ്, ജനലിൽ കൂടെ പുറത്തേയ്ക്ക് നോക്കുമ്പോൾ അന്ധകാരത്തിൽ കുളിച്ചു നിൽക്കുന്ന രാത്രി. നിലാവില്ല, നക്ഷത്രമില്ല. എന്തിന് ഒരില പോലും അറങ്ങുന്നില്ല, ചെറു കാറ്റു പോലും വീശുന്നില്ല. എന്തെല്ലാമോ ചിന്തിച്ച് ആകെ മാനസികമായി അസ്വസ്ഥനായ സാമുവൽ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു. പുറത്തേയ്ക്ക് ഇറങ്ങുന്നതിന് മുമ്പ് അടുത്ത കട്ടിലിൽ ഉറങ്ങിക്കിടക്കുന്ന വെറോണിക്കയെ സീറോബൾബിൻ്റെ മഞ്ഞ വെളിച്ചത്തിൽ ഒന്ന് പാളി നോക്കി. പാവം ശാന്തമായി ഉറങ്ങുകയാണ്.
വെറോണിക്ക, പത്തു പന്ത്രണ്ടു വർഷങ്ങളായി സുഖമില്ലാതെ തളർന്നു കിടക്കുന്ന ഭാര്യ, . ഒരേ ഒരു മകൻ സെബാൻ പത്തിൽ പഠിച്ചു കൊണ്ടിരുന്ന സമയം, രാവിലെ അവൻ്റെ യൂണിഫോം കഴുകി ഇട്ടിരിക്കുന്നതു എടുക്കാൻ ടെറസിൽ കയറിയിട്ട് താഴോട്ടിറങ്ങിയപ്പോൾ കാലു തെറ്റി താഴോട്ട് വീണതാണ്. അന്ന് തൊട്ട് ഇന്നേവരേ എത്ര ചികിത്സിച്ചിട്ടും പാവം കിടന്നകിടപ്പ് തന്നേയാണ്. ആകെ കൃഷ്ണമണികൾ മാത്രമേ ചലിപ്പിക്കാനാവുകയുള്ളൂ. സാമൂവൽ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ആയി ജോലി നോക്കുന്നതിനാലും, മകൻ
അന്ന് പത്തിൽ പഠിച്ചിരുന്ന സമയം ആയതു കൊണ്ടും
വെറോണിക്കയെ നോക്കാൻ അന്നു മുതൽ ഒരു ഹോം നഴ്സിനെ വച്ചിരുന്നു. അവർ ആയിരുന്നു ശോശാമ്മ, കഴിഞ്ഞ പത്തു വർഷം ആയി ശോശാമ്മയായിരുന്നു വെറോണിക്കയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. ഭക്ഷണം ഉണ്ടാക്കിയിരുന്നതും, എല്ലാവരുടേയും വസ്ത്രങ്ങൾ വൃത്തിയാക്കിയിരുന്നതും അവർ തന്നേയായിരുന്നു.
ശോശാമ്മ ആവശ്യത്തിനു മാത്രമേ സംസാരിച്ചിരുന്നുള്ളു. അല്ലെങ്കിൽ തമ്മിൽ തമ്മിലുള്ള സംസാരത്തിൻ്റെ ആവശ്യവും ഈ വീട്ടിൽ കുറവായിരുന്നല്ലോ. മിക്കവാറും ആരും തമ്മിൽ പൊതുവായി സംസാരിക്കാനുള്ള കാര്യങ്ങൾ ഒന്നും ഇവിടെ സാധാരണ ഉണ്ടാകാറില്ല. സാമുവലും, സെബാനും തമ്മിൽ കാണൽ തന്നേ കുറവാണ് പിന്നെന്തു സംസാരം. എങ്കിലും സമയം ഉള്ളപ്പോളെല്ലാം സെബാൻ വെറോണിക്കയുടെ അടുത്തുവന്നിരിക്കുകയും അവർ കണ്ണുകൾ കൊണ്ട് എന്തെല്ലാമോ ആശയവിനിമയങ്ങൾ നടത്താറുമുണ്ട്. സാമുവൽ വരുന്ന നേരമാകുമ്പോൾ സെബാൻ അവൻ്റെ മുറിയിലേക്ക് പോകുകയും ചെയും.
ആദ്യമെല്ലാം സാമുവൽ വെറോണിക്കയും, സെബാനും ആയി സംസാരിക്കുമായിരുന്നു പിന്നെപിന്നെ അതും തീർന്നു. ശോശാമ്മ ഭക്ഷണം എടുത്തു വയ്ക്കട്ടെ എന്നു ചോദിക്കുമ്പോൾ ഉള്ള ഒരു മൂളൽ മാത്രമേ അയാളിൽ നിന്ന് കഴിഞ്ഞ കുറെ നാളുകൾ ഉണ്ടാകാറുള്ളു.
തീരുന്ന വീട്ടു സാധനങ്ങളുടെയും മരുന്നിൻ്റേയും ചീട്ട് ഭക്ഷണമേശയിൽ വച്ചിട്ടുണ്ടാകുന്നതിനനുസരിച്ച് അവ കൃത്യമായി വാങ്ങിക്കൊണ്ടു വരാറുണ്ട്, അതോടെ തീർന്നു വീടുമായുള്ള ഉത്തരവാദിത്വം -
അതാണ് നേരത്തെ പറഞ്ഞത് അവർ എല്ലാം ഓരോ കമ്പാർട്ട്മെൻ്റിലാണ് എന്ന്, ഓ അങ്ങിനെ പറഞ്ഞില്ലല്ലേ. അല്ലെങ്കിൽ തന്നേ പറഞ്ഞിട്ട് എന്തിനാണ്, ഇതെല്ലാം പറയാതറിയുന്നതല്ലേ ഒരു രസം. അവരെയീ സാങ്കല്പിക ട്രെയിൻയാത്രയിൽ തമ്മിൽ പരസ്പരം ബന്ധിപ്പിക്കാൻ ഒരു ടി ടിആർ പോലുമില്ലാത്ത വിരസയാത്ര.
കഴിഞ്ഞദിവസം ശോശാമ്മ തന്നേയാണ് പറഞ്ഞത് അവർക്ക് വയ്യാതായി തുടങ്ങി, അതിനാൽ ഇനി പഴയ പോലെ ജോലിയ്ക്ക് വരാനാവില്ല അതിനാൽ മറ്റാരേ എങ്കിലും ജോലിയ്ക്ക് വച്ചോളാൻ പറഞ്ഞ് അവർ യാത്ര പറഞ്ഞ് പോയി.
അങ്ങിനെയാണ് സുന്ദരിയായ സുമലതയെ പോലുള്ള ക്ലാര എന്ന ഹോം നേഴ്സ് ഇന്ന് രാവിലെ ചാർജെടുത്തത്. എന്തോ ക്ലാര കടന്നു വന്ന നേരം ഒരു ചാറ്റൽ മഴയും ഉണ്ടായിരുന്നു എന്നതും സത്യമാണ്.
ക്ലാരയുടെ സാമീപ്യത്തിന് ചന്ദനഗന്ധമുള്ളൊരു കുളിർക്കാറ്റിൻ്റെ അലയൊലി അയാളിൽ സൃഷ്ടിക്കാൻ കഴിഞ്ഞു. ഉച്ചയ്ക്ക് സ്നേഹത്തോടെ കഴിയ്ക്ക് അച്ചായ എന്നു പറഞ്ഞ് വിളമ്പിക്കൊടുത്ത ആഹാരത്തിൻ്റെ രുചിയും, മണവും അയാളിൽ ഉറങ്ങികിടന്ന വിശപ്പിനെ ഉണർത്തി. കുറെ നാളായി സംസാരിക്കാതിരുന്നപ്പോൾ ഉണ്ടായ വാല്മീകത്തിൻ്റെ കോട്ടകൾ അപ്പോൾ പൊട്ടിത്തകരുകയായിരുന്നു.
പൊട്ടിയ കോട്ടകൾ എല്ലാം അവിടെ കിടക്കട്ടെ നമുക്ക് ഇനി അല്പം സെബാനെ പറ്റിയുള്ള കാര്യങ്ങൾ തിരക്കാം.
എന്നാലും സാമുവൽ മുറി തുറന്ന് പുറത്തേക്ക് ഇറങ്ങി എങ്ങോട്ടാണ് പോയതെന്ന് പറയാതെങ്ങിനെയാണ് മുന്നോട്ടു പോകുന്നത്. അദ്ദേഹം ക്ലാരയുടെ മുറി ലക്ഷ്യമാക്കി മാർജ്ജാര പാദങ്ങളോടെ അടിവച്ചടിവച്ച് മുന്നോട്ട്........
അയ്യോ സെബാൻ്റെ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയില്ല, ഇപ്പോൾ ഐറ്റി കമ്പനിയിൽ ജോലി ചെയ്യുന്ന സത്സ്വഭാവിയായ ഒരു ചെറുപ്പക്കാരൻ. പണ്ടെ അന്തർമുഖനായിരുന്നു. കഴിഞ്ഞ ഇടയ്ക്കുണ്ടായ ഒരു പ്രേമപരാജയത്തോടെ അവൻ്റെ അന്തർമുഖത്വം കൂടി. ഐറിൻ എന്ന പച്ച പരിഷ്കാരിയായ അവൻ്റെ കാമുകി അവനെ തേച്ചിട്ടു പോയതൊന്നുമല്ല. വിവാഹത്തിൻ്റെ കാര്യം പറഞ്ഞപ്പോൾ അവൾ അവനോട് പറഞ്ഞു സുഖമില്ലാതെ കിടക്കുന്ന അമ്മയുള്ള വീട്ടിൽ നമ്മുടെ വിവാഹനന്തര ജീവിതം തീർത്തും സന്തോഷപ്രദമാകില്ല അതിനാൽ അവരെ ഉപേക്ഷിച്ചിട്ട് നമുക്ക് ജോലി സ്ഥലത്തിനടുത്ത് വീടെടുത്ത് താമസം അങ്ങോട്ട് മാറ്റാം.
അത് കേട്ട ഉടനെ അവൻ ഉപേക്ഷിച്ചു, അമ്മയെ അല്ല കാമുകിയേ. അതോടെ സെബാനും ആരോടും മിണ്ടാതെ അവൻ്റെ മുറിയിലേക്ക് ഒതുങ്ങികൂടി.
പക്ഷെ ഇന്ന് രാവിലെ മുതൽ
സെബാനേ എന്നു വിളിച്ച് അവനെ മോട്ടിവേറ്റ് ചെയ്ത് കൊണ്ടിരുന്ന ക്ലാര സത്യത്തിൽ അവൻ്റെയും ഉറക്കം കെടുത്തി. അവൻ്റെ ഉള്ളിലും ക്ലാരയോട് പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളുടെ ഭണ്ഡാരങ്ങൾ മൂടി തുറന്നു കിടന്നു. സെബാനും പയ്യെ വാതിൽ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി. അവൻ്റെ ലക്ഷ്യവും ക്ലാരയുടെ മുറി തന്നേ.
അവർ രണ്ടു പേരും യാത്ര തുടരട്ടെ അതിനിടയിൽ നമുക്ക് ക്ലാരയെ പറ്റി അല്പം പറയാം. അന്നമ്മയുടേയും ചാക്കോയുടേയും ഏക മകൾ, ഏതിരുട്ടിലും പ്രകാശം പരത്തുന്ന ചെത്തിമിനുക്കിയെടുത്ത രത്നം, ആരിലും അരമണിക്കൂറിനകം പോസിറ്റീവ് എനർജി പ്രകാശനം ചെയ്യിപ്പിക്കുന്ന അപൂർവ്വ വ്യക്തിത്വം. ഉയരങ്ങൾ പറന്നുയരാനായി
കർമ്മനിരതയായിരുന്ന അവൾക്ക് എല്ലാവിധ പ്രോത്സാഹനമായി നിന്നിരുന്ന സ്നേഹനിധിയായ പിതാവ്. മോളുടെ നല്ല സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഓട്ടോയുമായി ഓടി നടന്ന ചാക്കോയ്ക്ക് ഒരപകടത്തിൽ
സാരമായി പരിക്കേറ്റു. ഡിഗ്രി പഠനത്തിനു ശേഷം മുന്നോട്ടുള്ള പഠനവും വീട്ടു ചെലവുകളും ചോദ്യചിഹ്നമായപ്പോഴാണ് ക്ലാര ഹോംനേഴ്സിൻ്റെ കുപ്പായം അണിഞ്ഞത്.
സാമുവൽ ക്ലാരയുടെ മുറിയുടെ വാതുക്കൽ എത്തി
മുട്ടിവിളിയ്ക്കാനായി കൈയ്യുയർത്തിയ നേരത്തു തന്നെയാണ് സെബാൻ ക്ലാരയുടെ മുറിയുടെ പുറകിലെ ജനലിങ്കൽ എത്തി ക്ലാരയെ വിളിയ്ക്കാൻ തയ്യാറെടുത്തതും.
ഹലോ വിളി കേട്ട് സാമുവലും സെബാനും ചെവിയോർത്തു.
"അന്നമ്മച്ചീ"
ഉറക്കം വരാതെ കിടന്ന അന്നയുടെ ശബ്ദത്തിലെ വേവലാതി തിരിച്ചറിഞ്ഞ ക്ലാരയുടെ മറുപടി.
എനിക്ക് പരമസുഖമാണമ്മച്ചി. ആദ്യമായി നമ്മുടെ വീട്ടിൽ നിന്ന് സ്ഥലം മാറി കിടന്നിട്ട് ഉറക്കം വരാഞ്ഞിട്ട് വിളിച്ചതാണമ്മച്ചി. നമ്മുടെ അപ്പനെപ്പോലെ സ്നേഹനിധിയായ സാമുവൽ അച്ചായൻ, കണ്ണുകളിൽ കരുണ നിറത്തൊരമ്മച്ചി. ഇതുവരേ ലഭിക്കാതിരുന്ന ഒരു സഹോദരൻ്റെ കരുതലോടെ സ്നേഹിക്കാൻ
സെബാൻ, എൻ്റെ ഭാഗ്യമാണമ്മേ ഇതുപോലൊരു വീട്ടിൽ ജോലി കിട്ടിയത്. പറയത്തക്ക കട്ടിപ്പണിയൊന്നുമില്ല, ബാക്കി കിട്ടുന്ന സമയത്ത് എനിക്ക് ഓപ്പൺ യൂണിവേഴ്സിറ്റിയിലൂടെ ഉപരി പഠനവും നടത്താം. ആഴ്ചയിൽ ഒരിയ്ക്കൽ ഒരു ദിവസം അവധി ഉള്ളപ്പോൾ നിങ്ങളെ കാണാനും വരാം.
അപ്പച്ചൻ ഉറങ്ങിയോ?
അപ്പച്ചനെ അന്വേഷിച്ചതായി പറയണം. എന്നാൽ ഉറങ്ങിക്കോ. വേണമെങ്കിൽ പൊന്നുമോർക്ക് ഒരു പൊന്നുമ്മ തന്നേക്ക്.
കേട്ടു നിന്ന സാമുവലിൻ്റേയും, സെബാൻ്റെയും ശിരസ്സുകൾ കുറ്റബോധം കൊണ്ട് തെല്ലിട കുനിഞ്ഞു, കണ്ണുകൾ സജലങ്ങളായി, എങ്ങിനെ തിരിച്ച് റൂമിലെത്തിയതെന്ന് അവർക്കറിയില്ല.
അന്നത്തെ സംഭവം എല്ലാം കഴിഞ്ഞിട്ട് ഏകദേശം ഇപ്പോൾ ഏകദേശം ആറു മാസം ആയി. നമ്മൾ പല കമ്പാർട്ട്മെൻ്റിലായി ചിതറിയിട്ടിരുന്ന കുറെ കഥാപാത്രങ്ങൾക്ക് എന്തു വിശേഷങ്ങൾ എന്നെല്ലാം തിരക്കി യാത്ര അവസാനിപ്പിക്കാം. അതല്ലേ അതിൻ്റെ ഒരു മര്യാദ.
സാമുവൽ വാളണ്ടിയർ റിട്ടയർമെൻ്റ് എടുത്ത് വീട്ടിൽ കൂടി, പഴയ പോലെയല്ലയീ വീടിപ്പോൾ, ഇപ്പോൾ ഇതൊരു സ്നേഹക്കൂടാണ്. കളിയും, ചിരിയും, പാട്ടും, ബഹളവും നിറഞ്ഞ കളി വീട്. സെബാനും, ക്ലാരയും തമ്മിലുള്ള വിവാഹം നടന്നു.
ക്ലാര റെഗുലർ കോളേജിൽ പഠിയ്ക്കാൻ ചേർന്നു. ചാക്കോയുടെ പരിക്കുകൾ ഭേദമായി. ഇപ്പോൾ ഓട്ടോ ഓടിയ്ക്കുന്നുണ്ട്. ആഴ്ചയിൽ ഒരിയ്ക്കൽ ചാക്കോയും അന്നമ്മയും കൂടെ ഇങ്ങോട്ട് വരാറുണ്ട്. എല്ലാവരും ചേർന്ന് ഒച്ചയും ബഹളവും എല്ലാം ആകുന്നോൾ വെറോണിക്കയുടെ കണ്ണുകളിൽ കൂടെയും ഒരു പുതു തിളക്കം കാണാം. തിളക്കം മാത്രമല്ല വെറോണിക്കയുടെ വിരലുകൾ ഇപ്പോൾ ചെറുതായി ചലിക്കുന്നുണ്ട്, വലതുകൈ ഒരു ദിവസം കൈമുട്ടുവരെ ഉയർത്താനും പറ്റി.

By PS Anilkumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot