നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അംബാ മിൽസ് - Part 5



പിന്നീട് അലക്സിനെ കണ്ടപ്പോൾ  രാഖി ഓർഫനേജിന്റെ കാര്യം അന്വേഷിച്ചു.
"എന്താ ശരിക്കും സംഭവിച്ചതെന്ന് അറിഞ്ഞോ?ഗിരിധർ സാർ നടത്തുന്ന ഓർഫനേജിന്  ആരാ തീ വെച്ചത്?"രാഖി അലക്സിനോട് ചോദിച്ചു.
"അറിയില്ല..പുള്ളി വലിയ ആളല്ലേ....ശത്രുക്കൾക്ക് പഞ്ഞം കാണില്ലല്ലോ.."അലക്സ് പറഞ്ഞു.
"എന്നാലും കുറെ പിഞ്ചുകുഞ്ഞുങ്ങളെ ജീവനോടെ ചുട്ടെരിച്ചിട്ട് ഇവന്മാർ എന്ത് നേടാനാ..ദ്രോഹികൾ.."രാഖി വെറുപ്പോടെ പറഞ്ഞു.
"ചോദിക്കാനും പറയാനും ആരും ഇല്ലാത്തവർ അല്ലെ..ആർക്കെന്ത് നഷ്ടം..ഇതിന്റെ പേരിൽ രണ്ടു മൂന്ന് ദിവസം ഭയങ്കര കോലാഹലമായിരിക്കും..അത് കഴിഞ്ഞ് എല്ലാം എല്ലാരും മറക്കും പിന്നെ എല്ലാം പഴയത് പോലെ തന്നെ."അലക്സ് പറഞ്ഞു.
"അലക്സിന്റെ പപ്പ എന്ത് പറഞ്ഞു?പപ്പയുടെ കമ്പനി അല്ലെ ആ ഓർഫനേജ് ഉണ്ടാക്കിയത്.."രാഖി ചോദിച്ചു.
"പപ്പ ഭയങ്കര അപ്സെറ്റാ.."അലക്സ് പറഞ്ഞു.
"അവിടെ ദേവിയും ഇതിന്റെ ഷോക്കിലാ..അവൾക്ക്  ആ പിള്ളേരെ ജീവനായിരുന്നു.ഒഴിവ് സമയം കിട്ടുമ്പോ അവൾ അവിടെ തന്നെ ആയിരുന്നു മദറിന്റേം പിള്ളേരുടേം  കൂടെ.."രാഖി  വിഷമത്തോടെ പറഞ്ഞു.
"ആഹ് ഞാൻ അവളെ കാണാറുണ്ടായിരുന്നു  ഇടയ്ക്ക് അവിടെ വെച്ച്.."അലക്സ് പറഞ്ഞു.
"അതെ അവൾക്കീ വക ലൈൻ സെറ്റ് അപ്പ് എന്തെങ്കിലും ഉണ്ടോ?"അലക്സ് ചോദിച്ചു.
"അറിഞ്ഞിട്ട് എന്തിനാ ? എന്നെ ഉപേക്ഷിച്ച് അങ്ങോട്ടെങ്ങാനും പോവാനാനാണോ?"രാഖി ചിരിച്ചുകൊണ്ട് ചോദിച്ചു.
"എന്റെ പൊന്നെ ഒന്നാന്തരമൊരു കുരിശ് ഇപ്പൊ തന്നെ എന്റെ തലയിലുണ്ട്..ഇനി വേറൊരെണ്ണത്തിനേം കൂടെ ചുമക്കാൻ വയ്യ.ചുമ്മാ ചോദിച്ചതാണെ .."അലക്സ് പറഞ്ഞത് കേട്ട് രാഖി അവനെ ഇടിച്ചു..അപ്പോഴാണ് റോബിൻ അത് വഴി വന്നത്.
"ടാ നാട്ടിലേക്ക് പോവാൻ ബസിന്  ടിക്കറ്റ് ബുക്ക് ചെയ്യണ്ടേ?"റോബിൻ ചോദിച്ചു.
"ആഹ് ടാ വേണം.ഞാൻ ഇപ്പൊ വരാം.നീ അങ്ങോട്ട് വിട്ടോ.."അലക്സ് പറഞ്ഞു.
"നാട്ടിൽ പോവാണോ?എന്ത് പറ്റി?"രാഖി ചോദിച്ചു.
"ഞാൻ പറഞ്ഞില്ലേ പപ്പയുടെ കാര്യം.ഈ ന്യൂസ് കേട്ടതിൽ പിന്നെ പപ്പ നല്ല വിഷമത്തിലാ.. ഞാൻ കുറച്ച് ദിവസം നാട്ടിൽ പോയി നിൽക്കാൻ  പോവാ പപ്പേടെ കൂടെ..ഞാൻ ഉണ്ടെങ്കിൽ പപ്പ ഒന്ന് ഉഷാറാവും.."അലക്സ് പറഞ്ഞു.
"അപ്പൊ എന്നാ തിരികെ?"രാഖി വിഷമത്തോടെ  ചോദിച്ചു.
"ഞാൻ പെട്ടെന്ന് ഇങ്ങ് വരും കൊച്ചെ..നീ വിഷമിക്കാതെ.ഈ പോക്കിൽ  പപ്പയോട് നമ്മടെ കാര്യം കൂടി പറഞ്ഞ് സെറ്റ് ആക്കിയെച്ചും ഞാൻ ഇങ്ങ് വരാം.."അലക്സ് പറഞ്ഞു.
അലക്സ് പറഞ്ഞത് കേട്ട് രാഖി ചിരിച്ചു..
കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ദേവി ഹോസ്റ്റൽ മുറിയിൽ വരുമ്പോൾ രാഖി കട്ടിലിൽ കമിഴ്ന്ന് കിടക്കുകയായിരുന്നു.
"വയറ്‌ വേദന മാറിയില്ലെടി?മിനി  മിസ് ചോദിച്ചു നീ എന്താ വരാഞ്ഞേ എന്ന്.."ദേവി രാഖിയുടെ അടുത്ത് കട്ടിലിൽ ഇരുന്നുകൊണ്ട് ചോദിച്ചു.
രാഖി ഒന്നും മിണ്ടിയില്ല.അവൾ ഏങ്ങലടിക്കുകായാണെന്ന് ദേവിക്ക് മനസ്സിലായി..
"നീ ഇങ്ങോട്ടൊന്ന് തിരിഞ്ഞു കിടന്നേ..  നീ കരയുവാണോ?"ദേവി ചോദിച്ചു.രാഖി അനങ്ങിയില്ല.
ദേവി അവളെ ബലമായി പിടിച്ച് തിരിച്ച് കിടത്തി.
രാഖിയുടെ കണ്ണുകൾ കരഞ്ഞ് വീർത്തിരുന്നു!
"എന്താടി?എന്തിനാ നീ  കരയുന്നത്? കാര്യം പറയ് .."ദേവി വെപ്രാളത്തോടെ ചോദിച്ചു.
രാഖി ഒന്നും മിണ്ടിയില്ല.
അവൾ കരഞ്ഞുകൊണ്ടെ  ഇരുന്നു.
"മോളെ നീ കാര്യം പറയ്..എന്താ ഉണ്ടായത്?മേട്രൺ നിന്റെം അലക്‌സിന്റേം കാര്യം അറിഞ്ഞോ?അവര് നിന്നെ വഴക്ക് പറഞ്ഞോ?"ദേവി ചോദിച്ചു.
രാഖി  അല്ലെന്ന് തലയാട്ടി.
"പിന്നെ? വീട്ടിൽ ആരെങ്കിലും അറിഞ്ഞോ?എന്തെങ്കിലും പ്രശ്നം ഉണ്ടായോ?"ദേവി ചോദിച്ചു.
"ഇല്ല.."രാഖി കരച്ചിലിനിടയിൽ പറഞ്ഞു.
"പിന്നെ..നീ..നീ പ്രെഗ്നന്റ് ആണോ?"ദേവി രാഖിയുടെ മുഖം പിടിച്ച് തന്റെ നേരെ തിരിച്ചുകൊണ്ടു ചോദിച്ചു.
"അല്ല.."രാഖി പറഞ്ഞു.അത് കേട്ടപ്പോ ദേവിക്ക് കുറച്ച് സമാധാനമായി..
"പിന്നെ എന്താടി..എന്തിനാ നീ കരയുന്നത്?"ദേവി ശബ്ദമുയർത്തി ചോദിച്ചു.
"എനിക്ക്..എനിക്കൊരബദ്ധം പറ്റിയെടി.."രാഖി  എഴുന്നേറ്റ് കരഞ്ഞുകൊണ്ട് ദേവിയെ കെട്ടിപ്പിടിച്ചു..*********
"എന്താ ആലോചിക്കുന്നത്?"അലക്സിന്റെ ശബ്ദമാണ് ദേവിയെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്.
"ഒന്നുമില്ല.."ദേവി പറഞ്ഞു.
"ദേവി ജീവനോടെ ഉണ്ടാവുമെന്ന് ഞാൻ കരുതിയില്ല.ഞങ്ങളാരും കരുതിയില്ല..അന്നത്തെ സംഭവത്തിന് ശേഷം ദേവിയെ പിന്നീട് ആരും കണ്ടിരുന്നില്ലല്ലോ..എവിടെയായിരുന്നു ഇത്രയും വർഷം ?എന്തിനായിരുന്നു അങ്ങനെ ഒരു ഒളിച്ചോട്ടം?"അലക്സ് ചോദിച്ചതുകേട്ട് ദേവി ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു.
"അലക്സ് എത്ര ദിവസമായി ഇവിടെ വന്നിട്ടെന്ന് നിശ്ചയമുണ്ടോ?"ദേവി ചോദിച്ചു.
"എനിക്കറിയില്ല ദേവി..ഇത് ഏത് മാസമാണെന്നോ ഏത് ദിവസമാണെന്നോ ഇപ്പൊ സമയം എന്തായി എന്നോ എനിക്കൊരു നിശ്ചയവുമില്ല.."അലക്സ് പറഞ്ഞു.
"അലക്സിന്റെ വീട്ടിൽ ആരും അന്വേഷിക്കില്ലേ?"ദേവി ചോദിച്ചു.
"എന്റെ സ്വഭാവം അവർക്ക് നന്നായിട്ടറിയാം..ഒരു യാത്ര തിരിച്ചാൽ പിന്നെ തിരിച്ചെത്തുന്നത് വരെ ഞാൻ അങ്ങനെ ആരെയും വിളിയും പറച്ചിലുമില്ല..അതുകൊണ്ട് ആരും സംശയിക്കില്ല.."അലക്സ് പറഞ്ഞു.
"എന്തായാലും വ്യക്തമായ പ്ലാനിങ്ങോടെയാണ് അവർ എല്ലാം ചെയ്തിരിക്കുന്നത്..മെക്സിക്കോയിൽ നിന്നും ആരും അറിയാതെ എന്നെ ഇവിടെ കടത്തി കൊണ്ടുവരിക..അതെങ്ങനെ ആണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല..ഇവിടെ എനിക്ക് ഒരു മെന്റൽ ഷോക്ക് തരാൻ ആയിരിക്കണം   ഞാൻ ഈ ലോകത്ത് ഏറ്റവും ഭയക്കുന്ന ജീവിയുടെ  കൂടെ അവർ എന്നെ ഒരു മുറിക്കുള്ളിൽ ഇട്ടത്.. അതുപോലെ അലക്സിന്റെ യാത്രയുടെ  ഡീറ്റെയിൽസ് മനസ്സിലാക്കി അലക്സിനെ കിഡ്നാപ്പ് ചെയ്യുക..അവർ ആരാ ശരിക്കും.."ദേവി ഒന്നും പിടികിട്ടാതെ ചോദിച്ചു.
"ഒരു പക്ഷെ..രാഖിയുടെ റിലേറ്റീവ്സ് ആരെങ്കിലും ആണോ?"അലക്സ് ചോദിച്ചു.
"അറിയില്ല.."ദേവി പറഞ്ഞു.
"അലക്സിന് വിശക്കുന്നില്ലേ?ഈ ബ്രഡ് തരട്ടെ?"ദേവി ചോദിച്ചു.
"എന്റെ കൈ കെട്ടിയിട്ടിരിക്കുകയല്ലേ.."അലക്സ് പറഞ്ഞു.ദേവി ഒന്നും മിണ്ടാതെ ബ്രഡ് എടുത്ത് അവന്റെ അടുത്ത് ചെന്നിരുന്നു.അവൾ വാരി കൊടുത്ത ബ്രഡ് അവൻ ആർത്തിയോടെ കഴിച്ചു.അവളുടെ ഓർമ്മകൾ പിന്നെയും പിറകോട്ട് പോയി.*******
"മോളെ നീ കാര്യം പറയ്..എന്താ ഉണ്ടായത്?മേട്രൺ നിന്റെം അലക്‌സിന്റേം കാര്യം അറിഞ്ഞോ?അവര് നിന്നെ വഴക്ക് പറഞ്ഞോ?"ദേവി ചോദിച്ചു.
രാഖി  അല്ലെന്ന് തലയാട്ടി.
"പിന്നെ? വീട്ടിൽ ആരെങ്കിലും അറിഞ്ഞോ?എന്തെങ്കിലും പ്രശ്നം ഉണ്ടായോ?"ദേവി ചോദിച്ചു.
"ഇല്ല.."രാഖി കരച്ചിലിനിടയിൽ പറഞ്ഞു.
"പിന്നെ..നീ..നീ പ്രെഗ്നന്റ് ആണോ?"ദേവി രാഖിയുടെ മുഖം പിടിച്ച് തന്റെ നേരെ തിരിച്ചുകൊണ്ടു ചോദിച്ചു.
"അല്ല.."രാഖി പറഞ്ഞു.അത് കേട്ടപ്പോ ദേവിക്ക് കുറച്ച് സമാധാനമായി..
"പിന്നെ എന്താടി..എന്തിനാ നീ കരയുന്നത്?"ദേവി ശബ്ദമുയർത്തി ചോദിച്ചു.
"എനിക്ക്..എനിക്കൊരബദ്ധം പറ്റിയെടി.."രാഖി എഴുന്നേറ്റ്  കരഞ്ഞുകൊണ്ട് ദേവിയെ കെട്ടിപ്പിടിച്ചു.
"എന്തബദ്ധം?"ദേവി രാഖിയെ തന്നിൽ നിന്നും അടർത്തിമാറ്റി.
രാഖി തലയിണക്കടിയിൽ നിന്നും ഒരു കവർ എടുത്ത് ദേവിയുടെ നേരെ നീട്ടി.ദേവി ആ കവർ തുറന്ന് നോക്കിയതും തലയ്ക്കകത്ത് ഒരു സ്ഫോടനം നടന്നു! അവൾ അറിയാതെ   കട്ടിലിൽ നിന്നും എഴുന്നേറ്റു!
'ഇത്..ഇത് എങ്ങനെ..എവിടെവെച്ച്?എന്താ സംഭവിച്ചത്?"ദേവി വിശ്വാസം വരാതെ രാഖിയെ നോക്കി.രാഖി ഒരു കുറ്റവാളിയെ പോലെ മുഖം കുനിച്ചിരുന്നു.
"നീ കാര്യം പറയ്.ഇത് എങ്ങനെ സംഭവിച്ചു.ഇത് ഒറിജിനൽ ആണോ?അതോ പറ്റിക്കാൻ വേണ്ടി ആരെങ്കിലും?"ദേവി വെപ്രാളത്തോടെ ചോദിച്ചു.
"എന്നെ വഴക്ക് പറയല്ലേ മോളെ..നീ  എന്നെ തള്ളിപ്പറഞ്ഞാൽ ഞാൻ തകർന്നുപോവും.."രാഖി കരഞ്ഞുകൊണ്ട് അവളുടെ നേരെ കൈകൂപ്പി..
"മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാതെ നീ കാര്യം പറയെടി.."ദേവിക്ക് ദേഷ്യം വന്നു.
"ഒരു സിനിമയ്ക്ക് വേണ്ടിയുള്ള ഓഡിഷനിലേക്ക്  ഫോട്ടോ അയക്കാൻ നിന്നോട് പറയാതെ കോളേജിനടുത്തുള്ള ആ ഫോട്ടോ ബൂത്തിൽ പോയി.നീ അറിയാതിരിക്കാൻ മാറാനുള്ള സാരിയും ബ്ലൗസും ഒക്കെ എന്റെ ബാഗിലാക്കിയാ  ഞാൻ കൊണ്ടുപോയത്.നീ അറിഞ്ഞാൽ വഴക്ക് പറയുമെന്ന് എനിക്കറിയാമായിരുന്നു.അവിടെ  ചെന്ന് അവിടുത്തെ ചേഞ്ചിങ് റൂമിൽ പോയി ഡ്രസ്സ് മാറുന്നതിനിടയ്ക്കാ ഈ ഫോട്ടോസ് എല്ലാം..അവിടെ ഒളി കാമറ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു മോളെ.."രാഖി പൊട്ടിക്കരഞ്ഞു.
ദേവി ഒരു നിമിഷം ഒന്നും മിണ്ടിയില്ല.പിന്നെ രാഖിയുടെ അടുത്തേക്ക് പാഞ്ഞ് ചെന്ന് കട്ടിലിൽ ഇരിക്കുന്ന അവളെ തലങ്ങും വിലങ്ങും തല്ലി! രാഖി ഒന്നും മിണ്ടാതെ കരഞ്ഞുകൊണ്ട് അതെല്ലാം ഏറ്റു വാങ്ങി.
"നിന്നോട് ഞാൻ ഒരായിരം തവണ പറഞ്ഞിട്ടുണ്ട് വേണ്ടാത്ത പണിക്കൊന്നും പോവരുത് പോവരുത് എന്ന്..എത്ര തവണ നിന്റെ കാലുപിടിച്ച്  പറഞ്ഞിരിക്കുന്നു ഇതെല്ലം ഉപേക്ഷിച്ച് മരിയാദയ്ക്കിരുന്ന് പഠിക്കാൻ?സ്വപ്നലോകത്തുകൂടി നടന്നാൽ ഒരിക്കൽ കാലിടറി വീഴേണ്ടി വരുമെന്ന് പറഞ്ഞതല്ലേ ഞാൻ ..ഇപ്പൊ എന്തായി?മാഗസീനിലെ കവർ പിക് ,അതുവഴി പരസ്യങ്ങളിലെ മോഡൽ,പിന്നെ സിനിമ കുന്തം ..കുറച്ച് നിമിഷത്തെ അശ്രദ്ധ  കൊണ്ട് നിനക്കിപ്പോ നിന്റെ ജീവിതം തന്നെ നഷ്ടമായില്ലേ?അനുഭവിക്ക്..എല്ലാം സ്വയം വരുത്തി വെച്ചതല്ലേ.."ദേവി തലയിൽ കൈ വെച്ച് പറഞ്ഞു.എന്നിട്ട് അവിടെ ചെയറിൽ ചെന്നിരുന്നു..അവളും കരയുകയായിരുന്നു.
കുറച്ച് നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല.
"ആരാ ഈ ഫോട്ടോസ് അയച്ചത്?എന്താ ഇപ്പൊ അവരുടെ ഡിമാൻഡ്?" കുറച്ച് കഴിഞ്ഞ് ദേവി ചോദിച്ചു.
"ആ കടയുടെ ഓണർ തന്നെയാ അവിടെ ഫോട്ടോ എടുക്കാൻ നിൽക്കുന്നത്.. അയാളുടെ പേര് ഉദയൻ..മലയാളിയാ.അങ്ങേരാ ഇതയച്ചത്..അങ്ങേര് പറയുന്ന സ്ഥലത്തേക്ക് ഞാൻ ചെല്ലണം.. നാളെ തന്നെ അയാളോട് സമ്മതം അറിയിക്കണമെന്ന്..ഇല്ലെങ്കിൽ അയാൾ ആ ഫോട്ടോസ് ഇന്റർനെറ്റിൽ കൊടുക്കും.. അയാളുടെ ഇഷ്ടത്തിന് വഴങ്ങിക്കൊടുത്താൽ അയാൾ ആ ഫോട്ടോസ് തിരികെ നൽകാം എന്ന് പറഞ്ഞു."രാഖി പറഞ്ഞു.നാണക്കേട് കാരണം അവൾ ദേവിയുടെ മുഖത്ത് നോക്കാൻ പാടുപെട്ടു.
"എവിടെ ചെല്ലാനാ പറഞ്ഞത് ?എപ്പോ?"ദേവി ചോദിച്ചു.
" കോളേജിനടുത്തുള്ള  പൂട്ടിക്കിടക്കുന്ന ആ ഫാക്ടറി ഇല്ലേ? അംബാ മിൽസ്.. തിങ്കളാഴ്ച്ച  വൈകിട്ട് അവിടെ ചെല്ലണം .അയാൾ അവിടെ കാത്ത് നിൽക്കും  "രാഖി പറഞ്ഞു.
"തിങ്കളാഴ്ച്ച ഹർത്താൽ അല്ലെ?"ദേവി ചോദിച്ചു.
"അതുകൊണ്ട് തന്നെയാ ആ ദിവസം അയാൾ തിരഞ്ഞെടുത്തത്..അവിടെങ്ങും ആരും കാണില്ലല്ലോ.."രാഖി പറഞ്ഞു.
"അലക്സിനോട് പറഞ്ഞോ?"ദേവി ചോദിച്ചു.
"ഇല്ല..അറിഞ്ഞാൽ എന്നെ കൊന്നുകളയും..നിന്നെപ്പോലെ തന്നെ അലക്‌സും ഇതിന്റെ പേരിൽ എന്നെ ഒരുപാട് വിലക്കിയിട്ടുള്ളതാണ്.."രാഖി കരഞ്ഞുകൊണ്ട് പറഞ്ഞു.
"അറിയട്ടെ..എല്ലാരും അറിയട്ടെ..അഹങ്കാരം കാണിച്ച് ഓരോന്ന് വരുത്തി വെച്ചിട്ട്  ഇപ്പൊ ഇരുന്ന് മോങ്ങിയാൽ  പോരാ..പ്രേമമാണ് തേങ്ങയാണ് എന്നൊക്കെ പറഞ്ഞ് നടക്കുന്നുണ്ടല്ലോ..അവസരങ്ങൾ ഒരുപാടുണ്ടായിട്ടും നീ സമ്മതിക്കുമെന്ന് അറിയാമെങ്കിൽ പോലും അലക്സ് ഇന്നേ വരെ നിന്നെ വേണ്ടാത്ത ഒരു നോട്ടം കൊണ്ടുപോലും കളങ്കപ്പെടുത്തിയിട്ടില്ലെന്ന്  നീ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്..  അങ്ങനെ ഉള്ള ഒരാളെ കിട്ടണമെങ്കിൽ തപസ്സിരിക്കണം..അതുപോലൊരാളെ   നീ  അർഹിക്കുന്നില്ല രാഖി.."ദേവി ദേഷ്യത്തോടെ പറഞ്ഞു.ദേവിയുടെ മനസ്സിലെ  വേദനയും സങ്കടവുമാണ് ദേഷ്യമായി പുറത്തുവരുന്നതെന്ന് രാഖിക്ക് അറിയാമായിരുന്നു.
രാഖി പതിയെ ദേവിയുടെ അടുത്തേക്ക് ചെന്നു.ദേവി ഇരിക്കുന്ന ചെയറിന്റെ  സൈഡിലായി മുട്ടുകുത്തി അവൾ നിലത്തിരുന്നു.
"നീ പറഞ്ഞത് ശരിയാ മോളെ..ഞാൻ അവനെ അർഹിക്കുന്നില്ല..തന്നിഷ്ട്ടക്കാരിയും  അഹങ്കാരിയുമായ എന്നെപ്പോലൊരുത്തി അല്ല അവന് വേണ്ടത്..നീ.. നിനക്ക് തന്നേക്കട്ടെ ഞാൻ അവനെ..?"രാഖി ചോദിച്ചതുകേട്ട് ദേവി അമ്പരപ്പോടെ അവളെ നോക്കി.
"നീ എന്താ ഈ പറയുന്നത്?"ദേവിക്ക് ദേഷ്യം വന്നു.
"ഒളിക്കാൻ നോക്കണ്ട..എനിക്കറിയാം നിനക്ക് അലക്സിനെ ഒരുപാടിഷ്ടമാണെന്ന്!" രാഖി പറഞ്ഞതുകേട്ട് ദേവി ചെയറിൽ നിന്നെഴുന്നേറ്റ് ജനലിന്റടുത്തേക്ക് മാറിനിന്നു.
"നീ എന്ത് ഭ്രാന്താ  ഈ പറയുന്നത്?"ദേവി അവളുടെ മുഖത്ത് നോക്കാതെ ചോദിച്ചു.
"ഒഴിഞ്ഞു മാറാൻ നോക്കണ്ട..എനിക്കറിയാം..നിന്റെ ഡയറി കള്ളം പറയില്ലല്ലോ.."രാഖി പറഞ്ഞു. കുറ്റം പിടിക്കപ്പെട്ടവളേ പോലെ ദേവി തലതാഴ്ത്തി.രാഖി അവിടുന്ന് എഴുന്നേറ്റ് ദേവിയുടെ അടുത്തേക്ക്  ചെന്നു.
"റാഗിംഗിനിടയിൽ തന്നെ രക്ഷിച്ച ആളോട്  നിനക്ക് തോന്നിയ ആരാധന.പിന്നീടുള്ള ദിവസങ്ങളിൽ അയാളെ നേരിൽ കാണുമ്പോളൊക്കെ മനസ്സിൽ തോന്നിയ പറയാനാവാത്ത വികാരത്തിന്റെ പേര് പ്രണയം ആണെന്ന് മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നു.അയാൾ നിന്റെ ബെസ്ററ്  ഫ്രണ്ടായ എന്നെ  പ്രണയിക്കുന്നു എന്ന് അറിഞ്ഞപ്പോൾ , ഞാനും അലക്സിനെ തിരിച്ച് സ്‌നേഹിക്കുന്നുണ്ടെന്ന് നീ  മനസ്സിലാക്കിയപ്പോൾ   എനിക്ക് വേണ്ടി നീ നിന്റെ ആഗ്രഹങ്ങളെ കുഴിച്ചുമൂടി. പക്ഷെ  ഞാൻ ഇതൊക്കെ അറിഞ്ഞത്  അടുത്തിടെ ആണെന്ന് മാത്രം.അബദ്ധത്തിൽ നിന്റെ ഡയറി നോക്കിയപ്പോഴാണ് ആരോടും പറയാതെ നീ മനസ്സിൽ കൊണ്ടുനടന്ന ആ ഇഷ്ടം ഞാൻ അറിഞ്ഞത് ..എന്നോടൊരു വാക്ക് പറയാമായിരുന്നില്ലേ?ഞാൻ ഒഴിഞ്ഞ് തരുമായിരുന്നല്ലോ..നിന്നോളം ഒന്നും എനിക്ക് പ്രിയപ്പെട്ടതല്ല എന്ന് നിനക്ക് അറിയാമായിരുന്നില്ലേ?"രാഖി ചോദിച്ചത് കേട്ട് ദേവി കരഞ്ഞുപോയി.
"ഇനിയും വൈകിയിട്ടില്ല..നിങ്ങളുടെ എല്ലാം വാക്ക് ധിക്കരിച്ച് എടുത്തുചാടിയതിന്റെ ശിക്ഷ എനിക്ക് കിട്ടി.നീ ഇത് അലക്സിനോട് പറയണം.
അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ പറയാം.അതോടൊപ്പം ആരെയുമറിക്കിയതെ  നീ മനസ്സിൽ കുഴിച്ചുമൂടിയ ഇഷ്ടത്തെ പറ്റിയും.നിങ്ങൾ..നിങ്ങളാണ് ഒന്നിക്കേണ്ടിയത്.."രാഖി പറഞ്ഞു.
"കൂടുതൽ സിനിമ ഡയലോഗ് അടിക്കാതെ.."ദേവി കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
"തൽക്കാലം  നീ ഈ കാര്യം..അതായത് ഈ ഫോട്ടോസിന്റെ കാര്യം അലക്സിനെ അറിയിക്കേണ്ട..നമ്മുക്ക് വഴിയുണ്ടാക്കാം.."ദേവി പറഞ്ഞു.
"എങ്ങനെ?"രാഖി ചോദിച്ചു.
"നീ അയാളോട് പറഞ്ഞേക്ക്.പറഞ്ഞ സമയത്ത് തന്നെ അവിടെ വന്നേക്കാമെന്ന്.."ദേവി പറഞ്ഞു.
"നീ എന്താ ഈ പറയുന്നത്?എന്ത് വിശ്വസിച്ചാ ഞാൻ അങ്ങോട്ട് പോവുന്നത്?നിന്റെ മനസ്സിൽ എന്തെങ്കിലും പ്ലാൻ ഉണ്ടോ?"രാഖി ചോദിച്ചു.
"അതൊന്നും തൽക്കാലം നീ അറിയണ്ട.എനിക്ക് ആലോചിക്കാൻ കുറച്ച് സമയം താ.നാളെ നീ ചെന്ന് പറഞ്ഞേക്ക് അയാൾ പറഞ്ഞ സ്ഥലത്ത് പറഞ്ഞ സമയത്ത് വരാമെന്ന്."ദേവി പറഞ്ഞതുകേട്ട് രാഖി  മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.
"ഞാൻ പറഞ്ഞ കാര്യം ആലോചിക്കുന്നോ?അലക്സ്?"രാഖി വീണ്ടും ചോദിച്ചു.
"നീ പറഞ്ഞത് ശരിയാ..അലക്സിനെ എനിക്ക് ഇഷ്ടമായിരുന്നു..പക്ഷെ നിന്നെ വിഷമിപ്പിച്ചിട്ട് എനിക്കൊന്നും വേണ്ട മോളെ.നിന്റച്ചായനെ നീ തന്നെ എടുത്തോ.."ദേവി പറഞ്ഞു.
"അടുത്ത ജന്മം നിനക്ക് വിട്ട് തന്നേക്കണം എന്നാണോ?"രാഖി ചോദിച്ചു.
"അയ്യോ ഈ ജന്മം തന്നെ എങ്ങനെയെങ്കിലും ഒന്ന് കഴിഞ്ഞ് കിട്ടിയാൽ മതിയെന്നും പറഞ്ഞാ ഞാൻ ഇരിക്കുന്നത്.ഇനിയൊരു ജന്മം ഈ ഭൂമിയിൽ എനിക്ക് വേണ്ടെന്റെ പൊന്നെ.."ദേവി ചിരിച്ചുകൊണ്ട് പറഞ്ഞു.രാഖിയും അത് കേട്ട് ചിരിച്ചു.പക്ഷെ ദേവിയുടെ മനസ്സ് നീറുകയായിരുന്നു...
പിറ്റേന്ന് രാഖി ദേവി പറഞ്ഞത് പോലെ ഫോട്ടോ സ്റ്റുഡിയോയിൽ കയറി ഉദയനോട്  അയാൾ പറഞ്ഞ സ്ഥലത്ത് പറഞ്ഞ സമയത്ത് വരാമെന്ന് അറിയിച്ചു.
തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot