
മഞ്ഞിൻ തണുപ്പിൽ പൊതിഞ്ഞ കാറ്റ്, തുറന്നിട്ട ജനലഴികൾക്കിടയിലൂടെ ആ മുറിയിലേക്ക് കടന്ന് വന്നു. ഏറെ നേരമായി നിശ്ചലമായി കിടക്കുകയും, എണ്ണത്തിൽ പെരുകുകയും ചെയ്ത്കൊണ്ടിരുന്ന ചുരുട്ടിയ കടലാസ് കഷണങ്ങൾ ആ കാറ്റിൽ ഒരു വശത്തേക്ക് ഒഴുകി നീങ്ങി...
ഏറെ നേരമായി അയാൾ ആ മേശക്ക് മുൻപിൽ തലകുനിച്ച് ഇരിക്കുകയാണ്. മഷി നിറച്ച പേനയും വരയിടാത്ത വെളുത്ത കടലാസും അയാളിൽ നിന്നും എന്തൊക്കെയോ പ്രതീക്ഷിച്ചുകൊണ്ടിരുന്നു. ഇടം കൈകൊണ്ടയാൾ തന്റെ തന്നെ മുടിയിൽ വിരലോടിച്ചു. നെറ്റിയിൽ തഴുകി. കണ്ണുകൾ അടച്ചു. ഇല്ല. അക്ഷരങ്ങൾ അയാളെ തേടി വരുന്നില്ല. അക്ഷരങ്ങൾക്ക് പുറകെ സഞ്ചരിക്കാൻ ശ്രമിക്കും തോറും അവ അയാളിൽ നിന്നും ഓടിയൊളിക്കുകയാണ്. വല്ലാത്ത നിരാശയിൽ അയാൾ കസാരയിലേക്ക് ചാഞ്ഞ് കണ്ണുകളടച്ചിരുന്നു.
ആ മുറിയിലെ നിശബ്ദതയെ കീറിമുറിക്കാൻ പ്രകൃതിയുടെ സംഗീതമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. സ്വന്തം ശ്വാസഗതിയുടെ താളവും ആസ്വദിച്ച് അയാൾ ഏറെ നേരം അങ്ങനെ ഇരുന്നു. അതിനു ഭംഗം വന്നത് വല്ലാത്ത ദാഹം തോന്നിയപ്പോഴാണ് . മെല്ലെ എഴുന്നേറ്റ് അയാൾ കൂജ കൈയിലെടുത്തു. ഒഴിഞ്ഞ കൂജ അയാളിൽ അല്പം ഈർഷ്യ ജനിപ്പിച്ചു.
"കല്യാണിയമ്മേ..."
ആ വിളി രണ്ടു തവണ ആവർത്തിച്ചപ്പോഴാണ് എഴുപതിനടുത്തെത്തിയ പാവം വൃദ്ധ ആ വിളി കേട്ടത്. ധൃതിയിൽ അവർ ഓടിയെത്തി.
"ഇത്തിരി വെള്ളം വേണം."
അവരുടെ മുഖത്തേക്ക് നോക്കാതെ അയാൾ പറഞ്ഞു. അകത്ത് കടന്ന് കൂജയെടുക്കുന്നതിനിടയിൽ അവർ ചുരുട്ടിക്കൂട്ടിയ കടലാസ് കഷണങ്ങളിൽ കണ്ണോടിച്ചു. ഒരു ദീർഘനിശ്വാസത്തോടെ അവർ പുറത്ത് കടന്നു.
കല്യാണിയമ്മ കൊണ്ട് വന്ന വെള്ളം അയാൾ ആർത്തിയോടെ കുടിച്ചു. അക്ഷരങ്ങൾക്കായുള്ള ദാഹം അയാൾ ജലപാനത്തിലൂടെ തീർക്കുകയായിരുന്നുവോ?
"വല്ലതും കഴിക്കണം മോനെ... ഈ ഇരുപ്പ് ഇരുന്നാൽ..."
വാത്സല്യത്തോടെയുള്ള ആ വാക്കുകൾക്ക് ഒരു പുഞ്ചിരി മാത്രം അയാൾ മറുപടിയായി നൽകി. പിന്നെയും ഏറെ നേരം കഴിഞ്ഞ് എന്തോ ഓർത്തിട്ടെന്നപോലെ ഞെട്ടിയെഴുന്നേറ്റു. പുറത്തേക്ക് കടന്ന് അടഞ്ഞു കിടന്നിരുന്ന മറ്റൊരു മുറിയുടെ സാക്ഷ വലിച്ചു തുറന്നു. ഒരു ഞരക്കത്തോടെ ആ വാതിൽ മലർക്കെ തുറന്നു.
സൂര്യപ്രകാശം അകത്ത് കടന്ന ഉടൻ ആദ്യം തെളിഞ്ഞത് അച്ഛന്റെ ചിത്രമാണ്. ഓർമ്മകളിലെവിടെയോ 'രമേശാ...' എന്ന വിളിയും.
ആ മുറിക്കുള്ളിലെ പൊടി പിടിച്ച കട്ടിലും, മേശയും, കസേരയും പിന്നെ കുറെയേറെ പുസ്തകങ്ങങ്ങൾ നിറഞ്ഞ ഒരു ചില്ലലമാരയും അയാളെ എതിരേറ്റു. കൊളുത്ത് നീക്കി ആ ചില്ലലമാരയുടെ വാതിൽ തുറന്ന് പുസ്തകങ്ങൾക്ക് മുൻപിൽ മടക്കി വച്ച ഒരു കണ്ണട അയാൾ കൈയിലെടുത്തു. അത് നെഞ്ചോട് ചേർത്ത് അൽപ്പനേരം കണ്ണുകളടച്ചു നിന്നു.
അച്ഛന്റെ ആത്മാവിന്റെ സാമീപ്യം അകത്തേക്കെടുത്ത ശ്വാസത്തിന്റെ ഗന്ധത്തിൽ ഉണ്ടായിരുന്നു. അതയാൾക്ക് വല്ലാത്ത ആശ്വാസം നൽകി. മുറി പൂട്ടി പുറത്തേക്കിറങ്ങിയ അയാൾ നേരെ നടന്നത് ഊണുമുറിയിലേക്കാണ്. കല്ല്യാണിയമ്മ തയ്യാറാക്കിയ വിഭവങ്ങളത്രയും തന്നെ കാത്തിരിക്കുന്നത് പോലെ തോന്നി. അവരുടെ കൈപ്പുണ്യം നിറഞ്ഞ കൈകൾ കൊണ്ട് തന്നെ അത് വിളമ്പി, വയർ നിറയെ കഴിച്ച് അയാൾ മുറ്റത്തേക്കിറങ്ങി.
കാർമേഘം ഇരുൾമൂടിയ ആകാശവും, മഴയെ ക്ഷണിക്കുന്ന കുളിരാർന്ന കാറ്റും, അവയിലാടുന്ന ചെടികളും എല്ലാം അയാളിൽ ഒരു പുത്തനുണർവുണ്ടാക്കി. ഏറെ നാളത്തെ മടുപ്പാണ് അയാളോട് യാത്ര പറഞ്ഞു പോകുന്നത്. ഇരുളിന്റെ മറ നീക്കി പുതിയൊരു പകൽ അയാളിൽ തെളിഞ്ഞത് പോലെ തോന്നി.
എഴുത്തുകാരനായ അയാൾക്ക് ഏറെ സന്തോഷം നൽകിയിരുന്നത് ഇടയ്ക്കിടെ തേടി വന്നിരുന്ന ചില കത്തുകളായിരുന്നു. അതയച്ചിരുന്ന, കാണാമറയത്തെ ആ ആളിനോട് അയാൾക്ക് വല്ലാത്ത അടുപ്പവും, പ്രണയവും ഒക്കെ ഉണ്ടായിരുന്നു. ഇടക്കെപ്പോഴോ നിന്നുപോയ ആ കത്തുകളും , അതിന്റെ കാരണവും തേടി യാത്രയാകും വരെയും അയാളുടെ ജീവിതം സാധാരണ ഗതിയിലായിരുന്നു. ആ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയത് ഇനിയൊരിക്കലും തേടി വരാത്ത ആ കയ്യക്ഷരങ്ങളുടെ വേദന നിറഞ്ഞ ഓർമ്മകൾ പേറിയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ അയാൾ ഏകനായിരുന്നു. അക്ഷരങ്ങൾ പോലും തനിച്ചാക്കിയ ഒരുവന്റെ ദുഃഖം അനുഭവിച്ചറിയുകയായിരുന്നു അയാൾ.
അവിടെ നിന്നുമാണ് ഈ പുലരിയിലേക്ക് അയാൾ ഇറങ്ങിയെത്തിയത്. ഏറെ നേരം പടിപ്പുരയിലൂടെ പുറത്തേയ്ക്ക് നോക്കിയിരുന്നു അയാൾ. പടിപ്പുരയ്ക്കപ്പുറം പച്ചപ്പട്ടണിഞ്ഞ വയലും അതിന്റെ വരമ്പുകളിൽ വെളുത്ത ഒരു കൈലേസു പോലെ കൊറ്റികളും എല്ലാം അയാൾക്ക് പുതിയ കാഴ്ചകളായി തോന്നി. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അയാൾ എഴുന്നേറ്റ് തിരികെ മുറിയിലേക്ക് പോയി.
തുറന്നിട്ട ജാലകത്തിലൂടെ വരുന്ന തണുത്ത മന്ദമാരുതന്റെ തലോടലേറ്റ് ഒരു ദീർഘനിശ്വാസത്തിനു ശേഷം, മഷിപ്പേനയുടെ മുനമ്പുകൊണ്ട് ആ വെളുത്ത കടലാസ്സിൽ അയാൾ ആദ്യത്തെ വരിയെഴുതി.
"ഇനിയും വരാത്ത അതിഥികൾ"
-ശാമിനി ഗിരീഷ്-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക