നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു കുഞ്ഞ് ആന കഥ!!



"ഐഷ, ആദ്യം മ്മള് വലിയ 'റ' വരയ്ക്കണം. ന്നിട്ട് ദേ ഈ റാന്റെ അറ്റത്തു ഒരു കുനിപ്പു വരയ്ക്കണം. അതാണ് തുമ്പിക്കൈ" ദൃശ്യ പറഞ്ഞു.
ന്റെ കണ്ണുകൾ വിടർന്നു.ആഹാ, എത്ര എളുപ്പത്തിലാണ് തുമ്പിക്കൈ വരയ്ക്കാൻ പറ്റിയത്!
കണക്കു ടീച്ചർ അന്ന് വന്നിട്ടില്ല. ദൃശ്യയുടെ ചേച്ചി അവൾക്കു ആനയെ വരയ്ക്കാൻ പഠിപ്പിച്ചു കൊടുത്തത്, എനിക്ക് പറഞ്ഞു തരികയായിരുന്നു അവൾ. വരയിടാത്ത കണക്കു പുസ്തകത്തിന്റെ നടുക്കാം പേജിലാണ് വര. കീറിയെടുക്കാൻ എളുപ്പാണല്ലോ.
"പിന്നെ, ദേ, ഇവിടെ പിന്നില് വാല്. അതെങ്ങന്യാറിയോ.ആറ് മറിച്ചിടുന്ന പോലെ.ദേ, ഇങ്ങനെ.കണ്ടോ!
ഇനി കണ്ണ്. ഒരു കണ്ണ് വരച്ചാ മതിട്ടോ. ആനയുടെ ഒരു വശം മാത്രല്ലേ വരയ്ക്കുന്നത്. കണ്ണ് മനുഷ്യൻമാരുടെ പോലെ തന്നെ.
അടുത്തത് ചെവികൾ. മൂന്നു ന്ന് വലുതാക്കി എഴുതിയാൽ ചെവിയായി. അപ്പുറത്തെ ചെവി മൂന്ന് തിരിച്ചിട്ട പോലെ. പിന്നെ ദേ കൊമ്പ് രണ്ടെണ്ണം. പിന്നേ തൂണ് പോലെ കാലുകൾ നാലെണ്ണം.
ദൃശ്യ ആനയെ വരച്ചു തീർത്തതിന് ശേഷം എന്നെ നോക്കി.
"അപ്പോൾ നഖം വേണ്ടേ?", ഞാൻ ചോദിച്ചു.
"ശരിയാണല്ലോ. നഖം വേണ്ടേ.
അത് പക്ഷെ ചേച്ചി പറഞ്ഞില്ലല്ലോ!!" ദൃശ്യ മുകളിലേക്കു നോക്കി. ചൂണ്ടു വിരൽ കൊണ്ട് സ്വന്തം കവിളിൽ അഞ്ചാറ് തട്ടൽ.
ന്നിട്ട് പതുക്കെ പറഞ്ഞു, "ആനക്ക് നഖമില്ല!!"
"ഏയ്, പൂരത്തിന് പോയപ്പോൾ ഞാൻ കണ്ടിട്ടുണ്ട് ആനേടെ കാലില് നഖങ്ങൾ", ഞാൻ ഉറപ്പിച്ചു പറഞ്ഞു
"സത്യാണോ ?" ദൃശ്യക്ക് സംശയം.
"ഉം, സത്യായിട്ടും ഞാൻ കണ്ടതാ. മാത്രമല്ല, ആന പിങ്ക് കളർ ക്യൂട്ടെക്സ് ആണ് ഇട്ടിരുന്നത് !!"
ക്യൂട്ടക്സിന്റെ നിറം വരെ ഉറപ്പിച്ചു പറഞ്ഞതിനാൽ ദൃശ്യയ്ക്ക് ഞാൻ പറഞ്ഞത് വിശ്വാസമായി.
"ന്നാൽ ശരി, നഖം വരയ്ക്കാം", ദൃശ്യ ആനയുടെ നാലു കാലുകളിലും നഖങ്ങൾ വരച്ചു ചേർത്തു.
"ഹായ്, സൂപ്പറായിട്ടുണ്ട്." ഞാൻ അവൾ വരച്ച ആനയെ നോക്കി പറഞ്ഞു.
എന്നിട്ട് ന്റെ പുസ്തകത്തിലും അത് പോലെ ആനയെ വരയ്ക്കാനുള്ള ശ്രമം തുടങ്ങി. അങ്ങനെ ആ പീരിയഡ് അവസാനിച്ചപ്പോഴേക്കും എന്റെ പുസ്തകത്തിൽ അഞ്ചാറു പേജുകളിലായി തൃശ്ശൂർ പൂരത്തിനേക്കാൾ കേമമായി ആനകൾ നിരന്നു.
********************************************
കുറച്ചു നാളുകൾക്കു ശേഷം...
അന്ന് ഒരു ശനിയാഴ്ചയായിരുന്നു. ഉച്ച ഭക്ഷണം കഴിഞ്ഞ് വീട്ടിലെ മുതിർന്നവർ മയങ്ങുന്ന സമയം.ആ സമയത്താണ് ന്റെ തൊടിയിൽ പോക്ക്, മരം കയറൽ,ഇത്യാദി വീട്ടുകാർ കണ്ടാൽ വഴക്ക് പറയുന്ന എല്ലാ ആചാരങ്ങളും ഞാൻ ധീരതയോടെ അനുഷ്ടിച്ചിരുന്നത്.
തൊടിയിൽ പോയി എലന്തപ്പഴം പെറുക്കി വീടിന്റെ വടക്കേ പുറത്തെത്തിയ ഞാൻ കണ്ടത്, വിശാലമായ ചുമർ. അതും രണ്ടീസം മുൻപ് നീലകുമ്മായമടിച്ച സുന്ദരമായ ചുമർ. എന്നിലെ കലാകാരി ഉണർന്നു.
ഉദയമാമൻ വാങ്ങി തന്ന കളർ ചോക്ക് പെട്ടിയെടുത്തു വച്ച് ഞാൻ നോക്കി. കറുത്ത നിറമില്ലല്ലോ. ഇനി എന്ത് ചെയ്യും.
യുറേക്ക !!! കണ്മഷി കൊണ്ട് വരയ്ക്കാം. ഒച്ചയുണ്ടാക്കാതെ മുറിയിൽ ചെന്ന്, കണ്മഷിചെപ്പെടുത്തു വടക്കേപ്പുറത്തെത്തി. ഒരുപാട് പ്രാവശ്യം വരച്ചു പരിശീലിച്ചതാണെങ്കിലും ഒരു ഉറപ്പിന് പുസ്തകവും റഫറൻസിനായി കയ്യിൽ പിടിച്ചു.
കയ്യെത്താവുന്നത്രയും ഉയരത്തിലുള്ള ആനയെ വരച്ചു. കണ്മഷിയിൽ വിരല് മുക്കിയാണ്‌ വര. അപ്പോഴാണ് മനസ്സിൽ ഒരു രൂപം തെളിഞ്ഞു വന്നത്. നെറ്റിപ്പട്ടം കെട്ടിയ ആന. ഹാ, ന്തു ഭംഗിയുണ്ടാവും !
മഞ്ഞ നിറത്തിലുള്ള ചോക്കെടുത്തു നെറ്റിപ്പട്ടം വരയ്ക്കാൻ നോക്കിയപ്പോൾ അതാ തെളിയുന്നു പച്ച നിറം !!!
ശ്ശെടാ,ഇതെന്താ ഇങ്ങനെ.. കുറച്ചു അപ്പുറത്തെ ഭാഗത്തായി ചുമരിൽ കാക്കിരി കൂക്കിരി വരച്ചു നോക്കി. നീല ചുമരിൽ പച്ച നിറം തന്നെ തെളിയുന്നു. ആ, പച്ചയെങ്കിൽ പച്ച. നെറ്റിപ്പട്ടം വരച്ചു. ഇനി ചുവന്ന പുള്ളികൾ വേണമല്ലോ. വീണ്ടും മനസ്സിൽ തെളിയുന്നു ആശയം ! അമ്മയുടെ ശിങ്കാർ ചാന്ത് പൊട്ട്.
ഒടുക്കം ചിത്രം വരച്ചു തീർത്തു.
കുറച്ചു പിന്നിലേക്ക് മാറി, ഞാൻ ആന ചിത്രം ആസ്വദിച്ചു കൊണ്ട് നിന്നു. അപ്പോഴാ ഓർത്തേ, ക്യൂട്ടക്സിട്ട നഖങ്ങൾ.അന്ന് ദൃശ്യയോട് തള്ളിയതാണെങ്കിലും പിങ്ക് നിറത്തിലുള്ള നഖങ്ങൾ കൂടി ഉണ്ടെങ്കിൽ ഒന്നൂടെ ചന്തം ഉണ്ടാവും ആനയെ കാണാൻ. ചെറിയമ്മയുടെ മേശ തുറന്ന് ക്യൂട്ടെക്സും എടുത്തു. കണ്മഷി കൊണ്ടുള്ള കറുത്ത ആന.പച്ച നെറ്റിപട്ടം,അതിൽ കുറേ ചുവന്ന ചാന്ത് പുള്ളികൾ. പിന്നെ പിങ്ക് നഖങ്ങൾ. ഹായ്, ഞാൻ എന്റെ ആനയെ നോക്കി സ്വയം മറന്നു നിന്നുപോയി.
പിന്നേ എല്ലാം പെട്ടന്നായിരുന്നു. പപ്പായ കമ്പെടുത്തു കുഴൽ വിളിയും, ബക്കറ്റിന്റെ പുറത്തുള്ള ചെണ്ട മേളവും!! അലുമിനിയം വട്ടകയിൽ മണ്ണ് നിറച്ചുള്ള നിറപറയും!!
ഉറങ്ങിക്കിടന്ന വീട്ടുകാർ, ഉച്ചപ്പൂരം കോടിയേറിയ ശബ്ദം കേട്ട്, പൂരം കാണാൻ വടക്കേപ്പുറത്തെത്തി.
എത്ര മനോഹരമായ ആചാരങ്ങൾ!!
അച്ഛഛൻ ആനന്ദബാഷ്പപൂരിതമായ നയനങ്ങൾ തുടച്ചു കൊണ്ട്, എന്നോട് വിനയപൂർവ്വം ചോദിച്ചു, "ഉണ്ണിക്കുട്ട്യേ, ഇതാരാ ഈ ചിത്രം വരച്ചത് ??"
കണ്മഷിയും ചാന്തും ക്യൂട്ടെക്സുമൊക്കെ പതിഞ്ഞ ന്റെ രണ്ടു കൈകളും മലർത്തി ഞാൻ നിഷ്കളങ്കമായി പറഞ്ഞു, "ഉണ്ണിക്കുട്ടിയല്ല അച്ഛച്ഛാ !!!!"
"എങ്കിൽ പിന്നെ വേറെ ആരാവും ?? "അച്ഛഛൻ ഒരു പ്രത്യേക താളത്തിൽ വീണ്ടും ചോദിച്ചു.
ഞാൻ പതുക്കെ അമ്മയുടെ ഒക്കത്തിരിക്കുന്ന അമ്മുവിനെ നോക്കി. ഏഴുമാസം പ്രായമായ അവൾ ആകെയുള്ള ഒറ്റ പല്ല് കാട്ടി ചിരിച്ചു."ചിലപ്പോൾ അമ്മൂട്ടിയാവും അച്ഛച്ഛാ!!"
"അസ്സലായിട്ടുണ്ട് ആന!! ന്താ തലയെടുപ്പ്.
ഉണ്ണിക്കുട്ടി വരച്ചൂന്നല്ലെ അച്ഛച്ഛൻ കരുതിയെ.
വൈകീട്ട് കടയിൽ നിന്നും മിട്ടായി വാങ്ങി തരാന്ന് കരുതി.ഇതിപ്പോൾ അമ്മൂട്ടിയല്ലേ വരച്ചത്. അവൾക്കാണെങ്കിൽ മിട്ടായി തിന്നാൻ പല്ലുമില്ല."
അച്ഛച്ഛൻ പറഞ്ഞത് കേട്ട് ചുറ്റുമുണ്ടായിരുന്നവരെല്ലാം ചിരിച്ചു. എന്നാൽ എനിക്ക് മാത്രം സങ്കടം വന്നു.
കഷ്ടപ്പെട്ട് വരച്ചിട്ട് !! ശ്ശെ, ഞാൻ തന്ന്യാ വരച്ചത് ന്ന് പറഞ്ഞ മതിയാരുന്നു.
അപ്പോഴേക്കും സഭ പിരിഞ്ഞു. ഞാനെന്റെ ആനയുടെ പുറത്ത് ചാരിയിരുന്നുകൊണ്ട് കണ്ണീർ വാർത്തു.
നീണ്ട രണ്ടു മിനിറ്റുകൾക്ക് ശേഷം, ഞാൻ പതുക്കെ എഴുന്നേറ്റു, ഇറയത്തു ചെന്നു. അച്ഛച്ഛൻ ചാരുകസേരയിലിരുന്ന് എന്തോ വായിക്കുകയാണ്.
"അതേ, അച്ഛച്ഛാ, അതില്ലേ, ഞാൻ ഒരു സത്യം പറയട്ടെ !! "
"ന്താ ഉണ്ണിക്കുട്ട്യേ, പറയൂ" അച്ഛച്ഛൻ പുഞ്ചിരിച്ചു.
"ഞാനാ വരച്ചേ, ആനേനെ!! അമ്മൂട്ടിയല്ല!! ക്ലാസ്സിലെ ദൃശ്യ പഠിപ്പിച്ചു തന്നതാ എനിക്ക്. ഞാൻ പതുക്കെ പറഞ്ഞു.
"പിന്നെന്തിനാ ഉണ്ണിക്കുട്ടി നുണ പറഞ്ഞത് ?" അച്ഛച്ഛൻ ചോദിച്ചു.
ഞാൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു.
"ഉണ്ണിക്കുട്ട്യേ, ഒരിക്കലും നുണ പറയരുത് ട്ടോ! ചെയ്തത് തെറ്റ് ആണെങ്കിലും അത് തുറന്ന് പറയാനുള്ള ധൈര്യം ഉണ്ടാവണം കേട്ടോ.
ഇല്ലെങ്കിൽ ഒരു നുണയെ സത്യമാക്കാൻ ഒത്തിരി നുണകൾ പറയേണ്ടി വരും!!
ഇനി ന്റെ ഉണ്ണിക്കുട്ടി നുണ പറയോ??"
"ഇല്ല അച്ഛച്ഛാ!! ഇനി ഒരിക്കലും പറയില്ല ട്ടോ നുണ!!", ഞാൻ പറഞ്ഞു.
"അതേ,എടോ, ഒരു കലം വെള്ളം ചൂടാക്കൂ ട്ടോ, ഈ കലാകാരിയെ വെളുപ്പിക്കാൻ ഇത്തിരി പാട്പെടും !!"
അച്ഛച്ഛൻ അടുക്കളഭാഗത്തേക്ക്‌ നോക്കി വിളിച്ചു പറഞ്ഞു !!
************************************
തിങ്കളാഴ്ച ക്ലാസ്സിൽ..
"ദൃശ്യേ, എനിക്കൊരു കാര്യം പറയാനുണ്ട്." ഞാൻ പറഞ്ഞു.
"ന്താ ഐഷ?"
"അതേ, ഞാനന്ന് പറഞ്ഞില്ലെ, ആന പിങ്ക് കളർ ക്യൂട്ടെക്സ് ഇട്ടിരുന്നു ന്ന്. അത് ഞാൻ വെറുതെ പറഞ്ഞതാ.പക്ഷെ ആനയ്ക്ക് നഖം ഉണ്ട്. അത് സത്യാ. ഞാൻ പ്രത്യേകഭാവത്തിൽ പറഞ്ഞു.
"അയ്യോ, ഇനീപ്പോ ന്താ ചെയ്യാ ?? ഇത് നോക്ക്യേ ? ദൃശ്യ പരിഭ്രമത്തോടെ പുസ്തകം തുറന്ന് കാണിച്ചു ! പിങ്ക് കളറടിച്ച നഖങ്ങൾ ഉള്ള അഞ്ചാറ് ആനകൾ!!"
*******************************************

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot