Slider

കറുമ്പിയാട്

1
Image may contain: 1 person, eyeglasses, beard, closeup and outdoor

കൊളായിക്കൽ വീട്ടിലെ
വടക്കിനിപ്പുറത്ത്
കറുമ്പിയാട് പെറുമ്പോൾ
നടുമുറിയിൽ
ഉപ്പൂപ്പ സക്കറാത്തിലായിരുന്നു.
ആടു പെറ്റത്
ഉപ്പൂപ്പയറിഞ്ഞില്ല.
ഗൃഹനാഥൻ പിരിഞ്ഞത്
കറുമ്പിയും
മരണം കാണാൻ
നടുമുറിയിലേക്കും
കുഞ്ഞാടിനെക്കാണാൻ
വടക്കിനിപ്പുറത്തേക്കും
കുട്ടികൾ
പാഞ്ഞുകൊണ്ടേയിരുന്നു.
കറുമ്പിയുടെ കരച്ചിലൊച്ചകൾ
ഇടമുറിയാതെ നീണ്ടപ്പോഴേ
കാരണവന്മാർ പറഞ്ഞുവത്രെ
അത് പേറ്റ് നോവല്ലെന്നും
മൗത്തിൻ്റെ മണമറിഞ്ഞതാണെന്നും.
ചോരയുടെ , മറുപിള്ളയുടെ
മുശടുവാടകൾ
കാറ്റിൽ കുതിർന്ന്
പരക്കും മുന്നേ
നടുമുറിയിൽ
കുന്തിരിക്കവും ചന്ദനത്തിരിയും
ഗന്ധം പരത്തി
പുകഞ്ഞു കൊണ്ടേയിരുന്നു.
ഉമ്മറത്തിരുന്ന് മോല്യാരുട്ടികൾ
ഈണത്തിൽ ഓതിയതിൽപ്പിന്നെ
കറുമ്പി കരഞ്ഞില്ല
കുട്ടികൾ പാഞ്ഞില്ല.
മയ്യിത്തു കട്ടിലിൽ
വെള്ളയിൽ പൊതിഞ്ഞ്
ഉപ്പൂപ്പയെ കൊണ്ടുപോകുമ്പോൾ
രണ്ടിളം കിടാങ്ങൾ
ജനിച്ചപ്പോഴേ
മരണം കണ്ട കൗതുകത്തോടെ
നോക്കുന്നുണ്ടായിരുന്നു.
കറുമ്പിക്കുണ്ടായത്
ഉപ്പൂപ്പയുടെ
താടിനരയേക്കാൾ
വെളുത്ത നിറമുള്ള
ഒരു കുറുമ്പനും
കുറുമ്പിയുമായിരുന്നു.
കുടമണി കഴുത്തിൽ കെട്ടിയ
കുഞ്ഞാടുമക്കൾ
പുരയിലെല്ലായിടത്തും
ഒച്ചയിട്ടോടി നടക്കും.
നടുമുറിയിലെ
ഉപ്പൂപ്പയുടെ കട്ടിലിനടിയിൽ
ഒളിച്ചുകളിക്കുമ്പോൾ
ഉമ്മൂമ്മ ഓടിയെത്തി
പുന്നാരിച്ച് വിലക്കും
"ഇവടെ പാത്തരുതേ ".....ന്ന്.
കറുമ്പിയുടെ
പാലൊഴിച്ച ചായ
കുടിക്കുമ്പോൾ
പ്രിയതമനെ ഓർത്ത്
ഉമ്മൂമ്മ ഇടയ്ക്കിടെ
നെടുവീർപ്പിടും.
ഉപ്പൂപ്പയുടെ ഒന്നാമാണ്ടിന്
കറുമ്പിയെ അറുത്ത്
രുചികളായ് നിരത്തി
ഞങ്ങളെല്ലാം
മൗലീദോതി.
അന്നന്തിക്ക് ഉമ്മറത്തിരുന്ന്
ഉമ്മൂമ്മ വ്യസനത്തോടെ
പറഞ്ഞിരുന്നു
"ൻ്റോൻ പോയ അന്നന്നെ
ജും പോയല്ലോ....ൻ്റെ കറുമ്പിയേ..ന്ന്".
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo