Slider

കൂടുമ്പോൾ ഇമ്പമുള്ളത്.

0
Image may contain: 2 people

മേസ്തിരിയുടെ കയ്യിൽ നിന്ന് തന്റെ അന്നത്തെ കൂലിവാങ്ങി ,കക്ഷത്തിൽ തൻെറ കവറും തിരുകി ,പണിനടന്നുകൊണ്ടിരിക്കുന്ന ആ ബഹുനിലകെട്ടിടത്തിൻ്റെ പടവുകൾ ഇറങ്ങി സുദേവൻ നടന്നു. നല്ല ക്ഷീണവും,തളർച്ചയും ഉണ്ട്. ഇന്ന് നല്ല കത്തുന്ന വെയിലായിരുന്നു.
ബസിറങ്ങി വീട്ടിലേക്കുള്ള സാധനങ്ങൾ അടങ്ങിയ കവറുകൾ കൈയിൽ തൂക്കി അയാൾ നടന്നു.
ഉമ്മറത്ത് സന്ധ്യാദീപം തെളിഞ്ഞു കത്തുന്നുണ്ട്.അതിനടുത്തിരുന്ന് മക്കൾ നാമംചൊല്ലുന്നത് കേൾക്കാം.അവർക്കരികിലായി കൈകൾ കൂപ്പി നിശബ്ദമായി അമ്മയും ഇരിപ്പുണ്ട്.ചാരുകസേരയിൽ അച്ഛൻ വഴിയിലേക്ക് കണ്ണും നട്ട് ഇരിപ്പുണ്ട്.
അയാളെ കണ്ടതും മക്കൾ പ്രാർത്ഥന ഉരുവിട്ട്കൊണ്ട് പുഞ്ചിരി തൂകി.
ഒന്ന് മുരടനക്കി കൊണ്ട്
"ഭാമേ...സുദേവനെത്തീ..ട്ടോ"എന്ന് അച്ഛൻ അകത്തേക്ക് നോക്കി സന്തോഷത്തോടെ വിളിച്ചു പറഞ്ഞു.
"അച്ഛാ.. എന്താ ഇന്ന് കൊണ്ടോന്നേക്കണേ..."
"ദാ എല്ലാർക്കും അമ്മ എടുത്തു തരും"
അവിടേക്ക് വന്ന ഭാമക്ക് നേരെ അയാൾ കവറുകൾ നീട്ടി.
ഭാമ അയാളുടെ കണ്ണിലേ തിളക്കത്തിലേക്ക് തൻെറ കണ്ണിലെ തിളക്കം നീട്ടി പുഞ്ചിരിച്ചുകൊണ്ട് അവ വാങ്ങി.
തന്റെ മുട്ടുകാലിൽ കൈതാങ്ങികൊണ്ട് പതിയെ എഴുന്നേറ്റു നിലവിളക്കുമെടുത്ത് അമ്മ അകത്തേക്ക് നടന്നു.
കുളികഴിഞ്ഞ് സുദേവൻ എത്തിയതും ഭാമ കട്ടൻചായയും,ഗ്ലാസുകളുമായി വന്ന് അവ ഉമ്മറത്തെ തിണ്ണയിൽ വെച്ചു.
എന്നിട്ട് ഒരു പ്ലേറ്റിലേക്ക് അയാൾ കൊണ്ടുവന്ന പൊതിയിലെ പലഹാരങ്ങൾ നിരത്തി.
"ഹായ് എനിക്ക് പരിപ്പുവടമതീ..."ഉണ്ണികുട്ടൻ പറഞ്ഞു.
"ഏട്ടാ നിക്കും പരിപ്പ്വട മതീ..."അമ്മുകുട്ടിക്കും അത് തന്നെ മതി.
"പല്ലില്ലാത്ത അപ്പൂപ്പനും,അമ്മുമ്മക്കും..പഴംപൊരീ.."
ഉണ്ണികുട്ടൻ ഓരോന്ന് അവർക്കായി നൽകി.
"അച്ഛാ.. ഇനി ഇതിൽ ഒന്നേയുള്ളല്ലോ...."
അമ്മുകുട്ടി പ്ലേറ്റിലേക്ക് നോക്കി വിഷണ്ണയായി നിന്നു.
സുദേവൻ പുഞ്ചിരിച്ചു.എന്നിട്ട് ആ ഒരെണ്ണം എടുത്തു.
"അതേയ്..ദാ...ഇങ്ങനെ എടുത്തു മുറിച്ചു പകുതിയാക്കണം..ഇപ്പൊ അമ്മക്കും,അച്ഛനും. ആയല്ലോ.."സുദേവൻ മുറിച്ച കഷ്ണം ഭാമക്ക്നേരെ നീട്ടി. ം
"എനിക്ക് അറിയാലോ..ആ ഒരു പരിപ്പ്വടേടെ പൈസാ... പണകുടുക്കേലിടാൻ...എന്നും അച്ഛൻ അമ്മക്ക് കൊടുക്കുവാന്ന്..."അമ്മുകുട്ടിയുടെ പ്രസ്താവന കേട്ടതും എല്ലാവരും ചിരിച്ചു.
"ഇന്നാ..മോളേ...ഇതീന്നൂടെ എടുക്ക്..."അമ്മ അപ്പോഴേക്കും അൽപം മുറിച്ചു നീട്ടി കഴിഞ്ഞു.
"വേണ്ടമ്മേ...അമ്മ കഴിച്ചാട്ടേ..."
"വാങ്ങിക്കെടീ...അമ്മ തരുന്നതല്ലേ.."
"ഈ..ദേവേട്ടൻ..."
അതും പറഞ്ഞു ഭാമ അത് വാങ്ങി സുദേവന് കൊടുത്തു. സുദേവൻ അതിൽനിന്നും അൽപം ഭാമക്കായി നൽകി.
"അമ്മേ എനിക്ക് ഇനിം പരിപ്പുവടവേണം..."അമ്മുകുട്ടി ചിണുങ്ങി.
"ആഹാ...ഇതും കഴിച്ചു നിന്നാമതിയോ..രാത്രി ചോറുണ്ണണ്ടേ...രണ്ടാളും പോയിരുന്നു പഠിച്ചേ.."
***********************************
റേഡിയോ യിൽനിന്നും ഒഴുകി എത്തുന്ന ഗാനവും കേട്ട് കിടക്കവേ..മുറിയിലേക്ക് തന്നെ തഴുകിവന്ന വാസനസോപ്പിൻ്റെ ഗന്ധം തേടി സുദേവൻ വാതിലിന് നേരെ നോക്കി.
ഭാമ വാതിലിൻ്റെ കൊളുത്തിടുന്നു.
കുളികഴിഞ്ഞു തണുത്ത തൻെറ കൈകൾ അവൾ അയാളുടെ നെഞ്ചിൽ ചേർത്തു.
നനഞ്ഞ മുടിയിഴകൾ അയാളുടെ കൈതണ്ടയിൽ അമർന്നു.
"മക്കൾ ഉറങ്ങിയോ..."
"ഉം..."
"അച്ഛനും, അമ്മയും..."
"ഉം...."
അയാൾ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ അധരം ചേർത്തു.
അന്നത്തെ പകലിലെ കത്തുന്ന വെയിലിലെ ചൂടിനാൽ ഉതിർന്ന ക്ഷീണവും,തളർച്ചയും..അയാളിൽനിന്നും..അവളിലേക്ക് ഒഴുകിയിറങ്ങി.
റേഡിയോയിൽനിന്ന് മനോഹരമായൊരു ഗാനത്തിന്റെ ഈരടികളും ഒഴുകി കൊണ്ടിരുന്നു.
ലീബബിജു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo