Slider

സ്വർഗ്ഗത്തിലെ ഗോപാൽസ്വാമി. (യാത്രാവിവരണം)

0
Image may contain: 1 person, beard

*********************************
ഉച്ചയൂണ് കഴിഞ്ഞ്, വണ്ടിയെടുത്ത് സ്റ്റാന്റിലേക്ക് പോകാൻ വഴിയിലേക്കിറങ്ങിയപ്പോൾ സുഹൃത്തും അയൽവാസിയുമായ, കഴിഞ്ഞ ആഴ്ച വിദേശത്ത് നിന്നും ലീവിന് നാട്ടിലെത്തിയ
നിസാർ എനിക്കഭിമുഖമായി നടന്നു വരുന്നു...
"ങ്ങളെങ്ങോട്ടാ...?"
"വണ്ടീലേക്ക് "
"നമ്മളെങ്ങോട്ടെങ്കിലും പോയാലോ..?"
"എപ്പോ..?"
"ഇപ്പോ.. "
"ഹ്രസ്വം? ദീർഘം?"
"ഇപ്പോ വിട്ട് നാളെ രാത്രിയോടെ തിരിച്ചെത്തുന്ന തരത്തിൽ "
യാത്രയുടെ കാര്യമായതുകൊണ്ട് ഒരു നിമിഷം പോലും ആലോചിക്കാനില്ലായിരുന്നു. മറുപടി കൊടുത്തു.
"ഞാൻ റെഡി..."
അവൻ ജോലി തേടി വിദേശത്തേക്ക് പറക്കുന്നതിനു മുമ്പും പിന്നീട് ലീവിന് വരുമ്പോഴുമൊക്കെയും ഞങ്ങളൊരുമിച്ചൊരു യാത്ര പതിവാണ്.
ഏറെക്കുറെ എല്ലാ വിഷയങ്ങളിലും സമാന നിലപാടും ചിന്താഗതിക്കാരുമാണെന്നുള്ളതാണ് അതിനു പ്രധാന കാരണം.
"വേറെ ആരെങ്കിലും..?"
"ഒന്ന് മജീദുണ്ടാവും..."
അവന്റെ കാര്യത്തിൽ എനിക്ക് സംശയമേതുമില്ലായിരുന്നു. യാത്രയെന്ന് കേട്ടാൽ മുന്നും പിന്നും നോക്കാതെ ചാടിക്കേറുമെന്നുറപ്പ്. ഞങ്ങളുടെ യാത്രകളിലൊക്കെ അവനും പതിവാണ്.
ഞാനും കൂടെ ജോലി ചെയ്യുന്ന അവനും ഒരുമിച്ച് ധാരാളം ഫാമിലി യാത്രകളും നടത്തിയിട്ടുണ്ട്.
"ഒരാളും കൂടി നല്ലതായിരുന്നു ല്ലേ..."
"മനാഫ് നാട്ടിലുണ്ട് ഞാനൊന്ന് വിളിച്ച് നോക്കാം.. "
മനാഫ് നിലപാടിലും ചിന്താഗതിയിലും ഞങ്ങളോട് സമഭാവന പുലർത്തുന്നു. ചില യാത്രകളിലൊക്കെ ഞങ്ങളോട് കൂട്ടായിട്ടുമുണ്ട്.
വിളിച്ചപ്പോൾ ഏതോ ഷോപ്പ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തിരക്കിലായ അവന്റെ സങ്കടം "നവാസ്ക്കാ... ങ്ങള് ഇന്നലെ പറഞ്ഞിരുന്നെങ്കി ഈ തിരക്കൊക്കെ ഞാൻ മറ്റാരെയെങ്കിലും ഏൽപ്പിക്കുമായിരുന്നല്ലോ " എന്നായിരുന്നു.
ഇതേപോലുള്ള ഞങ്ങളുടെ യാത്രകളിലൊക്കെ സ്ഥിരമായിട്ടുണ്ടാവുന്ന മറ്റൊരു നിസാറുണ്ട്.ഇപ്പോൾ ജോലിയാർത്ഥം വിദേശത്തായത് ഞങ്ങൾക്ക് വല്ലാതെ മിസ് ചെയ്യുന്നു അവനെ.
ഒരോ യാത്രയും കഴിഞ്ഞ് അനുഭവങ്ങളും വിശേഷങ്ങളും ഓട്ടോ സ്റ്റാന്റിൽ നിന്നും കൂട്ടുകാരോട് പങ്കുവെക്കുമ്പോൾ നിങ്ങളുടെ അടുത്ത യാത്രയിലേക്ക് എന്നെയും ക്ഷണിക്കണേ എന്നു പറയുന്ന ഒരു കൂട്ടുകാരനുണ്ട്. ഒന്നു രണ്ടു വട്ടം അവനെ വിളിച്ചിരുന്നുവെങ്കിലും അന്നൊന്നും അവന് അവസരം ഒത്തില്ല.
എല്ലാമൊത്ത് ഒരു യാത്ര സാധ്യമല്ലെന്ന് അവനിതുവരെ മനസ്സിലായിട്ടില്ല. അവനെ ഒന്നു വിളിച്ചു നോക്കാമെന്ന് കരുതി.
അവന് അപ്പോഴും പ്രശ്നങ്ങൾ തന്നെ. പ്രശ്നങ്ങൾ തീർത്ത് അവനൊരു യാത്ര പോവാൻ കഴിയുമോ ആവോ..?സാമ്പത്തികമാണ് അവൻ മുന്നോട്ടുവച്ച പ്രധാന പ്രശ്നം. ഈയൊരവസരത്തിൽ ഒരു ടൂറു പോയെന്നറിഞ്ഞാൽ കുടുംബക്കാരും നാട്ടുകാരും എന്തെങ്കിലും വിചാരിക്കുമത്രെ.
ഇതേ പോലുള്ള യാത്രകൾക്ക് വലിയ പണം ചിലവാകുമെന്ന അവന്റെ തെറ്റിദ്ധാരണ മാറ്റാനും മറ്റും ഞാനൊന്നു ശ്രമിച്ചു നോക്കി. നമ്മൾ നാലുപേരുണ്ടെങ്കിൽ, കാറിന്റെ ഡീസലും റൂമും ഭക്ഷണവും അടക്കം വെറും
ആയിരം രൂപയിൽ ഒതുങ്ങാവുന്ന ഒരു യാത്രയാണ് ഇതെന്നും
പിന്നെ കുടുംബക്കാരുടെയും നാട്ടുകാരുടെയും ഇഷ്ടാനിഷ്ടങ്ങൾ നോക്കി മാത്രം ജീവിച്ചു തള്ളാനുള്ളതാണോ നമ്മുടെ വിലപ്പെട്ട ഈ ചെറിയ ജീവിതമെന്നും.
നിർബന്ധിച്ചതല്ല, അവന്റെ ആഗ്രഹം അറിവുള്ളതുകൊണ്ട് ഒന്നുണർത്തി എന്നു മാത്രം. പക്ഷേ അവന് ധൈര്യം വന്നില്ല.
മജീദിനെ വിളിച്ച് കാര്യം പറഞ്ഞു. ഇപ്പോ സമയം മൂന്ന് മണി നാലു മണിക്കു മുമ്പായി നമുക്ക് പുറപ്പെടണം. എങ്ങോട്ടാണെനോ എത്ര നാളേക്കാണെന്നോ പോലും ചോദ്യമുണ്ടായില്ല.ഞാൻ റെഡിയായി വീട്ടിലുണ്ടാവും എന്നായിരുന്നു ഉത്തരം.
ഓട്ടോയെടുത്ത് ഷെഡിൽ കയറ്റി വെച്ച് ഭാര്യയോട് വിവരം പറഞ്ഞു. ഞങ്ങൾ പരസ്പരം നന്നായി മനസ്സിലാക്കിയവരായിരുന്നതിനാൽ അവൾക്ക് എതിർപ്പൊന്നും പറയാനുണ്ടായിരുന്നില്ല.
ഒരു പാന്റ്സും ഷർട്ടും അയേൺ ചെയ്ത് ചില അത്യാവശ്യം വേണ്ടുന്ന സാധനങ്ങളും എടുത്ത് കൊച്ചുബാഗിൽ വെച്ച് റെഡിയായപ്പോഴേക്കും കാറുമായി നിസാറെത്തി.
മജീദിനെയും കയറ്റി, കാറിൽ നിന്നാണ് ഞങ്ങൾ യാത്ര പ്ലാൻ ചെയ്തത്.അതിനവർ എന്നെ ചുമതലപ്പെടുത്തുകയായിരുന്നു.
ഗൂഡല്ലൂരായിരുന്നു ആദ്യ ലക്ഷ്യം. നല്ല മഴയാതിനാൽ കാറ് വളരെ സാവധാനമാണ് ഓടിക്കൊണ്ടിരുന്നത്. രാത്രി ഒൻപതേ മുപ്പതോടെ ഞങ്ങൾ ഗൂഡല്ലൂരിൽ എത്തുമ്പോൾ അവിടെ ഒട്ടുമിക്ക കടകളും അടച്ചു കഴിഞ്ഞിരുന്നു. അൺസീസണും മഴയുമായിരിക്കും കാരണമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ഇവിടെ രാത്രി പത്തോടെ കടകളെല്ലാം അടയ്ക്കണമെന്ന് പോലീസ് നിയമമുണ്ടെന്ന് അന്വേഷണത്തിൽ മനസ്സിലായി.
തരക്കേടില്ലെന്നു തോന്നിയ ഒരു ഹോട്ടലിൽ കയറി രാത്രി ഭക്ഷണം കഴിച്ചു.
മൂന്നു പേർക്കും നന്നായി ബോധിച്ചു.
ആദ്യം കയറിയ ലോഡ്ജിൽ തന്നെ ചാർജ് ഒന്നു പേശിയുറപ്പിച്ച് ഞങ്ങൾ മുറി സ്വന്തമാക്കി. ഓരോരാളായി ബാത്ത് റൂമിൽ കയറി ഫ്രഷായി വന്നു. കട്ടിലുകൾ ചേർത്തിട്ട് മൂന്ന് പേർക്ക് കിടക്കാനുള്ള വിശാലമായ ബെഡ് സൗകര്യം വരുത്തി ഞങ്ങൾ ഉറങ്ങാൻ കിടന്നെങ്കിലും വിഷയങ്ങളും ചർച്ചകളും സംസാരം കാടുകളും മലകളും കയറി പ്രയാണം തുടങ്ങിയതിനാൽ പുലർച്ചെ മൂന്നിനാണ് ഉറക്കം ഞങ്ങളെത്തേടി ആലോഡ്ജ് മുറിയിലേക്കെത്തി നോക്കിയത്.
കൂട്ടുകാരോടൊത്തുള്ള യാത്രകളുടെ പ്രധാന ഗുണങ്ങളിലൊന്നാണ് ഈ വർത്തമാനം പറച്ചിൽ, മണിക്കൂറുകളോളമോ ദിവസങ്ങളോളമോ ഒരുമിച്ചു കിട്ടുന്ന സമയമാണ് ഇതിന് പ്രധാന കാരണം.
മൊബൈലിൽ തല പൂഴ്ത്തിയ മനുഷ്യൻ ഭാവി പരിണാമ ഘട്ടത്തിൽ പരസ്പരം സംസാരിക്കാത്ത ജീവിയായി മാറി പോകുമോ എന്ന് പോലും ചിലനേരങ്ങളിൽ തോന്നിപ്പോകാറുണ്ട്.
രണ്ട് മണിക്കൂർ മാത്രമുറങ്ങി, 5 മണിക്കെ ലാറം വച്ചുണർന്ന്, ഓരോരുത്തരായി പ്രഭാതകർമ്മങ്ങൾ കഴിച്ച് നേരത്തേ നിശ്ചയിച്ച പ്രകാരം ആറ് മണിക്ക് തന്നെ ഞങ്ങൾ റൂം വെക്കേറ്റ് ചെയ്ത് യാത്ര ആരംഭിച്ചു.
ഗൂഡല്ലൂർ മൈസൂർ റോഡിലെ തമിഴ് നാടിന്റെ മുതുമലെ നാഷണൽ പാർക്ക് വഴി കർണാടകയിൽ കടന്ന് ബന്ദിപ്പൂർ നാഷണൽ പാർക്ക് വഴി വനപാതയിലൂടെ ഒരു പുലർകാല യാത്ര.
മഴക്കാലമായതിനാൽ നല്ല പച്ചക്കാടാണ്. ഒരു വർഷം മുമ്പ് വേനലധിക്കാലത്ത് ഫാമിലിയോടൊത്ത് ഞാൻ ഈ വഴി ഒരു യാത്ര പോയതാണ്.അന്ന് "മസനഗുഡിയിൽ ഒരു രാത്രി" എന്ന ഒരു യാത്രാവിവരണം തയ്യാറാക്കുകയും ചെയ്തിരുന്നതിനാൽ ഈ ഭാഗം വിവരിക്കുന്നില്ല.
പുല്ലുമേഞ്ഞും കടന്നു പോകുന്ന വാഹനങ്ങളെ സാകൂതം വീക്ഷിച്ചു കൊണ്ടും റോഡിനിരുവശവും അങ്ങിങ്ങായിട്ടുള്ള മാൻകൂട്ടങ്ങളും ഒന്നു രണ്ട് കാട്ടുപോത്തിൻ കൂട്ടങ്ങളും ചില ഒറ്റ കൊമ്പൻമാരും നിസാറിന്റെ ക്യാമറയ്ക്ക് നല്ല ദൃശ്യവിരുന്നായി.
ബന്ദിപ്പൂർ നാഷണൽ പാർക്ക് പിന്നിട്ടിരിക്കുന്നു. ഇനി ഞങ്ങളുടെ യാത്രയുടെ പ്രധാന ലക്ഷ്യമായ ഹിമവത് ഗോപാൽസ്വാമി ബേട്ടയിലേക്ക്..
കർണാടകയിലെ ചാമരാജ നഗർ ജില്ലയിലെ ഗുണ്ടൽപേട്ട് താലൂക്കിലാണ് ഈ അമ്പലംസ്ഥിതി ചെയ്യുന്നത്, 700 വർഷം മുമ്പ് ചോല രാജവംശത്തിലെ ബല്ലാല രാജാവാണ് സമുദ്രനിരപ്പിൽ നിന്നും ആയിരത്തഞ്ഞൂറ് മീറ്ററിലധികം ഉയരമുള്ള മലമുകളിൽ ഈ ക്ഷേത്രം പണികഴിപ്പിച്ചത്, പിന്നീട് മൈസൂർ ഭരിച്ചിരുന്ന വോദയാസ് കുടുംബമാണ് അമ്പലം സംരക്ഷിച്ചു വന്നിരുന്നത്, ബന്ദിപ്പൂർ വനമേഖലയിലെ ഏറ്റവും ഉയരം കൂടിയ മലയാണിത്, വർഷത്തിലെ കൂടുതൽ കാലയളവിലും മഞ്ഞുമൂടിക്കിടക്കുന്നതു കൊണ്ട് ഹിമവത് എന്ന പേരു വന്നു.
ബന്ദിപ്പൂർ നേഷണൽ പാർക്കിൽ ഗുണ്ടിൽപേട്ട റോഡിൽ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ ശ്രീഹങ്കളയിലെത്തും അവിടെ നിന്ന് ഇടത്തോട്ട് തിരിയാം. ഗുണ്ടിൽപേട്ടയിൽ നിന്നാണ് വരുന്നതെങ്കിൽ ഗൂഡല്ലൂർ റോഡിൽ എട്ട് കിലോമീറ്റർ സഞ്ചരിച്ച് ശ്രീഹങ്കളയിൽ നിന്നും വലത്തോട്ട് തിരിയാം. അവിടെ റോഡിനു കുറുകെ പച്ച നിറത്തിൽ വലിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
ഞങ്ങൾ ശ്രീഹങ്കളയിൽ നിന്നും നാസ്ത,
പക്കാ കന്നഡ ഹോട്ടലിൽ കയറി ഇഡ്ഡലിയും സാമ്പാറും ഒരോപ്ലെയ്റ്റ് കുഷ്ക്കയും കഴിച്ച് വീണ്ടും കാറിൽ കയറി. കേരളം വിട്ടാലെവിടെയും കേരളാ ഭക്ഷണം തിരയുന്ന പതിവ് ഞങ്ങൾക്കില്ല.എത്തുന്ന നാടിന്റെ തനതായ രുചി അറിയുക എന്നതിനോടാണ് താൽപര്യം.
കൃഷിയിടത്തിനു നടുവിലൂടെ നീണ്ടുനിവർന്ന് കിടക്കുന്ന വീതി കുറഞ്ഞ കറുത്ത പാത.
റോഡിനിരുവശവും സൂര്യകാന്തിപ്പൂക്കൾ വിടർന്നു നിൽക്കുന്ന മഞ്ഞപ്പാടം. അങ്ങിങ്ങായി ചോളവും ചെട്ടികളും വിരിഞ്ഞ പാടങ്ങളും ഒരു സ്വർഗ്ഗ പാതയിലൂടെ യാത്ര ചെയ്യുന്ന ഫീലിങ്ങ്.
അങ്ങിങ്ങു നിർത്തി, പൂക്കൾ തീർത്ത വർണ്ണ പശ്ചാത്തലത്തിൽ ഞങ്ങളുടെ പല പോസുകളും ഭാവങ്ങളും കാമറയിലേക്ക് പകർത്തിക്കൊണ്ടിരുന്നു.
മലയുടെ താഴ്വാരത്തെത്തി, പാർക്കിങ്ങിനായി ഒരുക്കിയ ഗ്രൗണ്ടിലേക്ക് കാറുകയറ്റി. മലമുകളിലേക്ക് നമ്മുടെ വാഹനങ്ങൾ കടത്തിവിടില്ല. കർണാടക സ്റ്റേറ്റിന്റെ RTC യിലാണ് മലകയറ്റം.
ഒരാൾക്ക് 20 രൂപയാണ് ടിക്കറ്റ് നിരക്ക്. കാലത്ത് ഒൻപത് മുതൽ വൈകീട്ട് നാലു വരെയാണ് ബസ് സർവ്വീസ് നടത്തുന്നത്.
പ്ലാസ്റ്റിക്ക് കവറുകൾ ചെക്കിങ്ങ് ഗേറ്റിൽ തടയും. ബോട്ടിൽ വെള്ളം അനുവദനീയം.
ഞങ്ങൾ പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ബസ്സിലേക്ക് കയറി. പത്ത് മിനിട്ടിനു ശേഷം, സീറ്റുകളിൽ യാത്രക്കാർ ഫുള്ളായപ്പോൾ ബസ്സ് നീങ്ങിത്തുടങ്ങി.
കുത്തനയുള്ള കയറ്റം, ഒരു ഭാഗം താഴ്ചയിൽ കൃഷിയിടങ്ങളിൽ പൂക്കൾ തീർത്ത പല വർണ്ണപ്പരവതാനി. വണ്ടി മുന്നോട്ടോടവെ പ്രകൃതിയൊരുക്കിയ അത്ഭുതക്കാഴ്ചകൾ. ഒരു ഭാഗം വലിയ ഉരുളൻ കല്ലുകൾ നിറഞ്ഞ മലഞ്ചെരിവ്.
മറു ഭാഗം അഗാധമായ ഗർത്തങ്ങൾ.
കാടിന്റെ വന്യതയും മനോഹാരിതയും
ദൂരെ കൃഷിയിടവും അങ്ങിങ്ങായി ചില കെട്ടിടങ്ങളും.
നാലോ അഞ്ചോ കിലോമീറ്റർ ഓടി ബസ്സ് ചെന്നു നിന്നത് മൂടൽമഞ്ഞിനാൽ ദൂരക്കാഴ്ച മറയ്ക്കപ്പെട്ട ഒരു സമതലത്തിലാണ്.
ശക്തമായ കാറ്റിന്റെ മൂളക്കവും പാറി വരുന്ന ജലകണങ്ങളും,ബസ്സിൽ നിന്നിറങ്ങുമ്പോൾ കാറ്റും ചാറ്റൽ മഴയുമാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ,
മഞ്ഞു കാറ്റു വീശുന്ന, മനസ്സിനും ശരീരത്തിനും വല്ലാത്ത മാസ്മരികാനുഭൂതി നൽകുന്ന പ്രകൃതി തീർത്ത സ്വർഗ്ഗത്തിലേക്കായിരുന്നു ഞങ്ങൾ കാലെടുത്ത് വച്ചത് എന്നറിയുന്നത് ക്ഷേത്രത്തിന്റെ പടവുകൾ കയറുമ്പോഴാണ്.
പടവുകൾ കയറിയെത്തിയത്, കരിങ്കൽ സ്ലാവുകൾ പാകിയ ക്ഷേത്ര മുറ്റത്തേക്ക്. ക്ഷേത്രത്തിന്റെ നാല് ഭാഗമുറ്റവും കരിങ്കൽ സ്ലേവ് പാകി വൃത്തിയാക്കിയിട്ടുണ്ട്. പത്തോ പന്ത്രണ്ടോ അടി ഉയരം വരുന്ന,ചതുരാകൃതിയിലുള്ള ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതും കരിങ്കൽ സ്ലേവുകൾ കൊണ്ടു തന്നെയാണ്. മുകൾ ഭാഗത്ത് നാലു മൂലകളിലും ചില ചെറിയ ദൈവ ശിൽപങ്ങൾ സ്ഥാപിച്ചിരിക്കുന്നു.
മുമ്പ് കാട്ടിലിരുന്നു കൊണ്ട് നാട് വിറപ്പിച്ചിരുന്ന നമ്മുടെ കൊമ്പൻ മീശക്കാരൻ വീരപ്പൻ, ഗോപാൽ സ്വാമിയുടെ അനുഗ്രഹം തേടി ഇവിടെ എത്താറുണ്ടായിരുന്നുവത്രെ. അന്ന് ഇവിടെ പോലീസ് മൂപ്പർക്കായി പലവട്ടം വലവിരിച്ചെങ്കിലും കാടിന്റെ ഭൂമി ശാസ്ത്രമറിയുന്ന വീരപ്പൻ തന്ത്രപൂർവ്വം രക്ഷപ്പെട്ടു പോയി.
പറന്നു പോകുമോ എന്നു പേടിപ്പിക്കുന്ന രീതിയിൽ തണുതണുത്ത കാറ്റു വീശിക്കൊണ്ടിരുന്നു. ഞങ്ങളുടെ മുമ്പും പിമ്പും എത്തിപ്പെട്ട സഞ്ചാരികളെല്ലാം തന്നെ, ഞങ്ങളെപ്പോലെ നിനയ്ക്കാതെ സ്വർഗ്ഗം കിട്ടിയ അനുഭൂതിയിലായിരുന്നു. ഫാമിലിയായി വന്നവരുണ്ട്, കമിതാക്കളുണ്ട്, സുഹൃത്തുക്കളുണ്ട്....
അവർ കെട്ടിപ്പിടിക്കുന്നു. പല രീതിയിൽ ഫോട്ടോകൾക്ക് പോസ് ചെയ്യുന്നു, ചേർന്ന് നിന്ന് സെൽഫി പകർത്തുന്നു. ചിലർ രണ്ട് കൈകളും വശങ്ങളിലേക്ക് നിവർത്തി കാറ്റിന്റെ ദിശയിലേക്ക് തിരിഞ്ഞു നിന്ന് കാറ്റിനെയും തണുപ്പിനേഴും മനസ്സിലേക്കും ശരീരത്തിലേക്കും അവാഹിച്ചെടുക്കുന്നു.
അമ്പലമുറ്റത്തും, പരിസരങ്ങളിലും റോഡിലും അങ്ങിങ്ങായി കാണുന്ന പഴക്കമില്ലാത്ത ആനപ്പിണ്ഡങ്ങൾ ഇവിടം കാട്ടാനകളുടെ പ്രിയപ്പെട്ട ഒരു വിഹാര കേന്ദ്രമാണെന്ന അറിവ് തരുന്നു.
ഒരു മണിക്കൂറ് കഴിഞ്ഞപ്പോൾ കാറ്റിന് അൽപം ശക്തി കുറഞ്ഞു ഒരു ചാറ്റൽ മഴ.
പിന്നെ കോടമഞ്ഞ് മെല്ലെ നീങ്ങിത്തുടങ്ങി.
ദൂരക്കാഴ്ചകൾ കണ്ണിലെത്തി.നാല് ഭാഗവും കാടിനാൽ ചുറ്റപ്പെട്ടിരിക്കുന്നു. ദൂരെ വനത്തിൽ പാറക്കൂട്ടങ്ങൾ പോലെ ഒരു കാട്ടാനക്കൂട്ടം മേഞ്ഞു നടക്കുന്ന മങ്ങിയ സുന്ദരക്കാഴ്ചയും ഞങ്ങളെത്തേടിയെത്തി.
തണുത്ത് വിറച്ച് മരവിച്ചിരുന്നതിനാലും വയറ് വിശപ്പറിയിച്ചതിനാലും രണ്ട് മണിക്കൂറിനു ശേഷം ഞങ്ങൾ താഴ്വാരത്തേക്ക് പോകാനായി നിർത്തിയിട്ട ബസ്സിൽ കയറിയിരുന്നു. അപ്പോൾ നിറയെ യാത്രക്കാരെയുമായി മറ്റൊരു ബസ്സ് വന്നു നിന്നു.
താഴ്വാരത്ത് ചായയും ചൂടുള്ള വടകളും
മുളക് പുരട്ടിയ പപ്പായമാങ്ങയും ഇളനീരും കിട്ടുന്ന ചില തട്ട്കടളുണ്ട്.
ഒരോ കന്നഡ ചായയും പരിപ്പുവടയും അകത്താക്കി. വന്ന റോഡല്ലാതെ ഇടത്തോട്ട് തിരിഞ്ഞ് ഒരു വീതി കുറഞ്ഞ റോഡുണ്ട്. ആ വഴി പോയാൽ എവിടെയെത്തുമെന്ന് പോലീസുകാരനോട് തിരക്കി.
കാലിക്കറ്റ് റോഡിലേക്കുള്ള ഷോർട്ട്കാണെന്നും പക്ഷേ... പോകേണ്ട ടാറിങ്ങ് കുറച്ച് ദൂരമേയുള്ളു പിന്നീട് ചളിയും ചാലുകളും കുഴികളും നിറഞ്ഞ റോഡാണ്, വന്ന വഴി തന്നെയാണ് നല്ലതെന്നും പറഞ്ഞു.
പക്ഷേ ഞങ്ങളുടെ തീരുമാനം ആ റോഡ് തന്നെയായിരുന്നു.. പോകാവുന്നിടത്തു വരെ, അല്ലെങ്കിൽ തിരികെ വരാമല്ലോ എന്നായിരുന്നു ധൈര്യം.
കുറച്ച് ദൂരം ചെന്നപ്പോൾ ഒരു പേരാലിൻ മരം കമ്പുകളിൽ നിന്നും വേരുകൾ താഴ്ത്തി അരയേക്കറോളും വരുന്ന പറമ്പ് തന്റെ സാമ്രാജ്യമാക്കി മാറ്റിയ സുന്ദര ഇടം.
കാറ് നിർത്തി ഇറങ്ങിച്ചെന്ന് താഴ്ന്ന് കിടക്കുന്ന വേരുകളിൽ പിടിച്ച് ഊഞ്ഞാലാടിയും ഫോട്ടോ പിടിച്ചും അൽപ നേരം അർമാദിച്ചു.
സഞ്ചാരികളോ കർഷകരോ ഭക്ഷണം പാകം ചെയ്തു കഴിച്ചതിന്റെ അവശിഷ്ടങ്ങളായ അടുപ്പും വെണ്ണീറും വിറക് കൊള്ളികളും കാണാമായിരുന്നു.
മുന്നോട്ടു നീങ്ങവെ റോഡിന്റെ ശോചനീയാവസ്ഥ കാരണം തിരിച്ചുപോകാമെന്ന് നിസാറും മജീദും പറഞ്ഞെങ്കിലും ഡ്രൈവിംഗ് സീറ്റിലുള്ള എനിക്ക് തീരേ ബുദ്ധിമുട്ടുന്നിടം വരെ എന്ന ധൈര്യം തന്നെയായിരുന്നു.
ഗുണ്ടൽപേട്ടയിലും കൃഷിയിടങ്ങളിലും ഇതിനു മുമ്പും എത്തിയിരുന്നുവെങ്കിലും
പൂക്കൾ പരവതാനി വിരിച്ച സീസണിൽ ആദ്യമായിട്ടാണ് എത്തുന്നത്.
വളരെ സാവധാനം പരമാവധി ആസ്വദിച്ചു നീങ്ങിയ യാത്ര ഒരു ജനവാസ കേന്ദ്രത്തിലാണ് എത്തിപ്പെട്ടത്. മുന്നോട്ട് റോഡ് ടാറിട്ടതായി മാറിയിരിക്കുന്നു.
നാഗരികത തൊട്ടു തീണ്ടിയിട്ടില്ലാത്ത, ഇന്ത്യയുടെ ആത്മാവുറങ്ങുന്ന തനി കാർഷികഗ്രാമം.റോഡിൽ മേയാൻ പോകുന്ന ആട്ടിൻ പറ്റങ്ങളും പശുക്കളും..
നിറയെ അവകാഷ്ടിച്ച ചാണകം.
വണ്ടി നിർത്തി അവിടെയിറങ്ങി. ഞങ്ങളോട് ചിരിച്ച കർഷകന്റെ മുന്നിലേക്ക്നടന്നു.
കന്നഡയും തമിഴും മലയാളവും ചേർത്ത അവയൽ ഭാഷയിൽ കാർഷിക വിളകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചില ചോദ്യങ്ങളും സംശയങ്ങളും.
മൂന്ന് മാസം കൂടുമ്പോൾ വിളവെടുക്കുന്ന, ഓരോകാലാവസ്ഥക്കു മിണങ്ങുന്ന വിവിധ തരം വിളകളാണ് ഇവിടങ്ങളിൽ കൃഷി ചെയ്യുന്നതെന്ന് അറിയാൻ കഴിഞ്ഞു. ജീവിതത്തെക്കുറിച്ച്, കുഴപ്പമില്ലാതെ ജീവിക്കുന്നു എന്നായിരുന്നു ചിരിയോടെയുള്ള ഉത്തരം.
വിനോദത്തെക്കാളേറെ പഠനവും അറിവുമായിരുന്നു ഞങ്ങളുടെ ഓരോ യാത്രയുടെയും പ്രധാന ലക്ഷ്യം. കേരളത്തിലെ ഓരോരുത്തരും തങ്ങളുടെ കഴിവിനും പ്രാപ്തിക്കുമനുസൃതമായ യാത്രകൾ നടത്തണമെന്നാണ് എന്റെ ഭാഷ്യം.
യാത്രകൾ സങ്കുചിത മനസ്സുകളെ വിശാലമാക്കുന്നു. നമ്മുടേത് മാത്രമാണ് വലുതും മഹത്ത്വരവുമെന്ന മൂഡ വിശ്വാസം മാറ്റുന്നു. വ്യത്യസ്ത സംസ്കാരങ്ങളുടെയും ജീവിതങ്ങളുടെയും മഹത്വവും വലുപ്പവും മനസ്സിലാക്കിത്തരുന്നു.
എല്ലാ നാടും ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ, ദൈവത്തിന്റെ എന്നതിനോട് യോജിപ്പില്ല, പ്രകൃതിയുടെ സ്വന്തം നാടാണെന്ന തിരിച്ചറിവുണ്ടാകുന്നു.
അതിർത്തികളുടെ വേലിക്കെട്ടുകൾ ദ്രവിച്ചു തുടങ്ങുന്നു. മനുഷ്യരെല്ലാം സഹോദരങ്ങളാണെന്ന ബോധം ഉടലെടുക്കുന്നു.
മനുഷ്യനു മാത്രമായി പ്രത്യേകതയൊന്നുമില്ല, ഭൂമിയിലെ എല്ലാ ജിവികൾക്കുള്ള സ്ഥാനം മാത്രമേ പ്രകൃതിയുടെ കണ്ണിൽ നമുക്കുമുള്ളൂ
എന്ന മഹത്തായ വിശാലതയിലേക്ക് നമ്മൾ വളരുന്നു.
നമുക്കെന്തില്ല എന്ന പരാതി മാറിയിട്ട് എന്തുണ്ട്, ആ വിഭവങ്ങൾ എങ്ങിനെ സുസ്ഥിര വികസനത്തിന് വേണ്ടി ഉപയോഗിക്കാം എന്നുള്ള തരത്തിൽ നമുക്ക് പുതിയ വികസന കാഴ്ചപ്പാടുകൾ ഉരുത്തിരിയും. അങ്ങോട്ടുമിങ്ങോട്ടും രാഷ്ട്രീയവും മതവും പാരമ്പര്യവും ഒക്കെപ്പറഞ്ഞ് സമൂഹത്തെ വിഭജിക്കുന്നത് മാറി നമ്മിലെ മാറ്റങ്ങളെല്ലാം എത്രയോ നിസാരങ്ങളാണെന്നു നമ്മളറിയും. അപ്പോഴാണ് നാം സംസ്കാര സമ്പന്നരായ ഒരു ജനതയാകുന്നത്, ലോകത്തോടൊപ്പം നാം വളരുന്നത്.
കോഴിക്കോട് റോഡിലേക്ക് വണ്ടി കയറുമ്പോൾ വലതു ഭാഗത്ത് വിശാലമായ മാന്തോട്ടമാണ്. മാങ്ങ വിളവെടുക്കുന്ന കാലം. റോഡ് സൈഡിലിട്ട മേശമേൽ അടുക്കി വച്ച പഴുത്ത മാമ്പഴവുമായി കച്ചവടക്കാർ യാത്രക്കാരെ വിളിക്കുന്നു.
തോട്ടത്തിലേക്കും പ്രവേശനമുണ്ട്.ഞങ്ങൾ തോട്ടത്തിലേക്കു കയറി. മരത്തിൽ മല്ലികയെന്നു പേരുള്ള വലിയ മാങ്ങകൾ.
ഒരു മാങ്ങയ്ക്ക് അഞ്ഞൂറ് ഗ്രാമോ അതിലധികമോ തൂക്കം വരും. ജോലിക്കാർ മാവിൽ നിന്നും പഴുത്ത മാങ്ങകൾ മാത്രമാണ് ഇപ്പോൾ പറിച്ചെടുക്കുന്നത്. വലിയ ഒരു മാമ്പഴമെടുത്ത് തോട്ടക്കാരൻ കത്തിയെടുത്ത് ഞങ്ങൾക്കായി കട്ട് ചെയ്ത് തന്നു.
ആഹ, മധുവൂറും രുചി അപാരം. വില ചോദിച്ചു. കിലോ അറുപത്, അവസാനം അൻപത് രൂപാ നിരക്കിൽ 10 കിലോ മാമ്പഴം ഞങ്ങൾ സ്വന്തമാക്കി.
മടങ്ങുമ്പോൾ വീണ്ടും അവർ കട്ടു ചെയ്തു തന്ന മാമ്പഴത്തിന്റെ മധുരവും നാവിലേറ്റി ഞങ്ങൾ കാറിലേക്ക്.....
*********************************
ഷാനവാസ്, എൻ.കൊളത്തൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo