നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Sandram - Part 8

Part 8
പിറ്റേന്ന് പ്രഭാതം.
സകല പത്രങ്ങളിലും ചാനലുകളിലും അതു തന്നെയായിരുന്നു പ്രധാന വാർത്ത.
വൻ ക്വട്ടേഷൻ സഘം പിടിയിൽ...
കേരളം നടുക്കിയ മയക്കു മരുന്നു വേട്ട ...
മുപ്പതോളം തെളിയാ കേസുകളിലെ പ്രതികൾ പിടിയിൽ
ചാനലുകളിൽ തലക്കെട്ടുകളിങ്ങനെ മാറി മാറി നില്ക്കുകയാണ്.
“സ്കൂളുകളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തി വന്നിരുന്ന വൻ റാക്കറ്റിന്റെ കേരളത്തിലെ ഡീലർമാരാണ് പിടിയിലായതെന്നു കരുതുന്നു. ഇന്നലെ രാത്രി വിദേശത്തു നിന്നുമെത്തിയ ഒരു ഫോൺ കോളിലാണ് പ്രതികളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ കൈമാറിയതെന്നാണ് പോലീസ് ഭാഷ്യം. ആരാണ് ഫോൺ ചെയ്തതെന്ന് ഇപ്പൊഴും ട്രെയ്സ് ചെയ്യാനായിട്ടില്ല എന്ന് അന്വേഷണത്തിനു നേതൃത്വം കൊടുത്ത ടൗൺ എസ് ഐ മാത്യൂസ് തരകൻ മാധ്യമങ്ങളോട് പറഞ്ഞു.”
ബെന്നി ടീ വീ ഓഫ് ചെയ്തു.
“നീ ചെയ്തത് ബൈബിൾ പ്രകാരം തെറ്റാണു മോനെ.” അടുത്തിരുന്ന പാസ്റ്റർ അബ്രഹാം സംസാരിച്ചു തുടങ്ങി. “നമ്മളൊരാളെ ഒറ്റിക്കൊടുക്കുന്നതിനു മുൻപ് ചിന്തിക്കണമായിരുന്നു. നിങ്ങളിൽ പാപമില്ലാത്തവൻ കല്ലെറിയട്ടെ എന്നല്ലേ ... ”
“അങ്ങനെയല്ല പാസ്റ്റർ... ഞാൻ നന്നായി ആലോചിച്ചു തന്നെയാണ് ഇൻസ്പെക്ടറെ വിളിച്ചത്. കാരണം, നമ്മൾ ആയിരിക്കുന്ന രാജ്യത്തെ നിയമ വ്യവസ്ഥക്കു കീഴ്പ്പെട്ടിരിക്കാനും ബൈബിളിൽ പറയുന്നില്ലേ ? ഇൻഡ്യൻ നിയമ പ്രകാരം, ഒരു പൗരൻ ചെയ്യേണ്ടതു തന്നെയാണ് ഞാൻ ചെയ്തത്. എന്റെ അറിവിൽ ഒരു കുറ്റ കൃത്യം നടക്കാനിരിക്കുകയാണെങ്കിൽ അത് അധികാരികളെ അറിയിച്ചിരിക്കേണ്ട ചുമതല ഉണ്ടെനിക്ക്.“
” പക്ഷേ അതുകൊണ്ടിപ്പൊ എന്തായി ? സ്വന്തം ജീവനാണ് നീ അപകടത്തിലാക്കിയത്.“
” ഹ ഹ ഹ .... കൊള്ളാം. പാസ്റ്റർക്ക് പ്രസംഗം മാത്രേ ഉള്ളോ ? വിശ്വാസമില്ലേ ? ഞാൻ അപകടത്തിൽ പെട്ടാൽ ദൈവം കയ്യും കെട്ടി നോക്കിയിരിക്കുമെന്നാണോ ?“
പാസ്റ്റർക്ക് മറുപടി ഉണ്ടായിരുന്നില്ല. അയാൾ അവന്റെ തലയിൽ വാൽസല്യത്തോടെ തടവി.
“ഞാൻ നമ്മടെ എസ് ഐയെ ഒന്നു വിളിക്കട്ടെ. തിരക്കായിരിക്കും എന്നാലും...” അവൻ ഫോണെടുത്ത് മാത്യൂസിന്റെ നംബർ ഡയൽ ചെയ്തു.
“ഹലോ...”
“ആ...ബെന്നി. ഞാൻ രാവിലെ തന്നെ വിളിക്കാൻ തുടങ്ങിയതാ . പക്ഷേ ഇന്നലെ എന്നോട് പറഞ്ഞില്ലേ അതുകൊണ്ടാ പിന്നെ... താനിന്നലെ പറഞ്ഞ ആ കഷായം നല്ല എഫക്റ്റാരുന്നു. രാത്രി സുഖമായി ഉറങ്ങി.“
”ആഹാ...“ ബെന്നിയുടെ മുഖത്തൊരു ചിരി വിടർന്നു. ”സാർ കഷ്ടപ്പെട്ട് കോഡു ഭാഷയൊന്നും എടുക്കണ്ട. അവന്മാർക്ക് മനസ്സിലായി ഞാൻ തന്നെയാ ഒറ്റിയതെന്ന്.“
”വാട്ട്!“
”ഇന്നലെ രാത്രി തന്നെ എനിക്കൊരു കോൾ വന്നു. 24 മണിക്കൂറിനുള്ളിൽ എന്നെ പൂശിക്കളയുമെന്ന്.“
”എന്നട്ടെന്താടോ താനെന്നെ വിളിക്കാണ്ടിരുന്നേ ? - ജീപ്പെടുക്ക് - “എസ് ഐ അടുത്തു നിന്ന പോലീസുകാരനോടു പറഞ്ഞു.
”അയ്യോ! സാറങ്ങനെ ഓടിപ്പെടഞ്ഞ് വരണ്ട കാര്യോന്നുമില്ല.എനിക്ക് വധ ഭീക്ഷണികൾ ഇഷ്ടം പോലെ വരുന്നതാ. ഒരെടക്ക് ഡൈലി മൂന്നും നാലും പേരൊക്കെ വിളിച്ച് ഭീക്ഷണിപ്പെടുത്തുമായിരുന്നു. “
”ഞാൻ പറയുന്ന കേൾക്ക്. തന്നെ ഞാൻ ഇപ്പൊത്തന്നെ എന്തെങ്കിലും പെറ്റിയടിച്ച് കസ്റ്റടിയിലെടുത്ത് അകത്തിടാം. പിന്നെ നമുക്ക് ഒരു ദിവസമുണ്ട്. മജിസ്റ്റ്രേറ്റുമായൊക്കെ ആലോചിച്ച് പ്രൊട്ടക്ഷനുള്ള വഴിയുണ്ടാക്കാം.“
”ഒന്നും വേണ്ട സാർ! ഞാനെങ്ങോട്ടുമില്ല. ഇപ്പൊ ഞാൻ ചത്താലൊണ്ടല്ലോ... ഒരു വിശുദ്ധനായിട്ടു ചാകാം. നല്ല ക്ളിയർ കോൺഷ്യൻസിൽ എനിക്കങ്ങോട്ട് ചെല്ലാം. പിന്നെ... എന്റെ സമയമായെന്ന് ഒടേതമ്പുരാൻ തീരുമാനിച്ചാൽ പിന്നെ സാറല്ല ആരു വിചാരിച്ചാ പോലും ...“
”ബെന്നി..എനിക്കിവിടെ നൂറു കൂട്ടം തെരക്കാ... അതിന്റെടക്ക് നിന്റെയീ മറ്റേ വർത്താനം കേൾക്കാൻ എനിക്ക് സമയമില്ല. ഞാൻ പറയുന്നതനുസരിച്ചാൽ നിനക്കു കൊള്ളാം. ബുദ്ധിയുദിക്കുമ്പോ നീ വിളിക്ക്.“ മാത്യൂസ് ദേഷ്യത്തോടെ ഫോൺ കട്ടു ചെയ്തു.
മാത്യൂസിന് നിന്നു തിരിയാൻ കൂടി സമയമുണ്ടായിരുന്നില്ല. ബെന്നിയായതുകൊണ്ടു മാത്രമാണയാൾ ഫോണെടുത്തത്. പക്ഷേ ആ സംസാരം കഴിഞ്ഞതോടു കൂടി അയാൾക്ക് ടെൻഷനായി. ബെന്നിക്ക് ഭീക്ഷണിയുണ്ടെങ്കിൽ റോബിയേയും ഒന്നു വിളിച്ച് കരുതിയിരിക്കാൻ പറയണം. ഇന്ന് റോബി ഡിസ്ചാർജ്ജാകാനിരിക്കുകയാണ്.
അയാൾ നീനയുടെ നംബർ ഡയൽ ചെയ്തു.
“ഹെലോ നീന...”
“സർ... ഞാൻ കുറേയായി വിളിക്കുന്നു...”
“ഒന്നും പറയണ്ട... ഭയങ്കര തെരക്കാ. നീനക്കൂഹിക്കാമല്ലോ. റോബി എന്ത്യേ ?”
“റോബി അടുത്തിരിപ്പുണ്ട്. കാറിലാ. ഡിസ്ചാർജ്ജായി. എന്റെ വീട്ടിലോട്ട് പോകാന്നു പറഞ്ഞതാ, റോബി സമ്മതിക്കുന്നില്ല.”
“അവൻ പറഞ്ഞതല്ലേ ശരി. റോബി അവന്റെ വീട്ടിലോട്ട് തന്നെ പോട്ടെ. ഒന്നിച്ച് താമസിക്കാൻ ധൃതിയായോ ? കല്യാണം കഴിക്കാണ്ടൊക്കെ ഒരുമിച്ചു താമസിക്കാനാണു ഭാവമെങ്കി രണ്ടെണ്ണത്തിനേം ഞാൻ അകത്താക്കും. പറഞ്ഞേക്കാം.” മാത്യൂസ് ചിരിച്ചു. “അവനു ഫോൺ കൊടുത്തേ.”
“ഹലോ...” റോബിയുടെ ക്ഷീണിച്ച സ്വരം.
“ഡാ, നിനക്കിനീം പ്രൊട്ടക്ഷൻ ഇച്ചിരി പാടാ. ഇവിടെ ഒള്ള പോലീസുകാരു തന്നെ മതിയാവാത്ത അവസ്ഥയാ.”
“ഇനിയിപ്പൊ എന്തിനാ പ്രൊട്ടക്ഷൻ ? അവന്മാരകത്തായില്ലേ ?”
“പക്ഷേ അവരുടെ ആളുകളൊക്കെ ഇപ്പൊഴും വെളിയിൽ കാണുമല്ലോ. നീ എന്തായാലും ഒന്നു സൂക്ഷിക്കണം. വീട്ടിൽ ചെന്നാൽ സദാ സമയവും വാതിൽ ലോക്ക്ഡ് ആയിരിക്കണം. എന്തുണ്ടായാലും വിളിക്കാൻ പാകത്തിന് ഒരു ഫോൺ എപ്പൊഴും അടുത്തു വെക്കണം. പിന്നെ... നിന്റെയാ പട്ടിയില്ലേ ? അതിനെ അങ്ങ് അഴിച്ചു വിട്ടിട്ട് ഗേറ്റ് ലോക്കു ചെയ്തേരേ.“
”നീ ചുമ്മാ പേടിപ്പിക്കല്ലേടാ...“
”ഞാൻ രാത്രി വരാം. ഇന്നേ വരാനൊക്കൂ. നാളെ മുതൽ രണ്ടു ദിവസം ബാംഗ്ലൂരിലായിരിക്കും. ഇവന്മാരേം കൊണ്ട്.“
”വരുമ്പൊ കുടിക്കാൻ എന്തേലും കൊണ്ടോരണം. ആകെ ഡ്രൈയാ.“
”ശരിയാ... നിന്റെ ഡോക്ടറ് പ്രത്യേകം പറഞ്ഞാരുന്നു നീ ഡ്രൈയ്യാകാതെ നോക്കണമെന്ന്. വെച്ചട്ടു പോവാൻ നോക്കടാ! ചെന്ന പാടെ ഒരു ഫോൺ സംഘടിപ്പിക്ക്. എന്നിട്ടെനിക്കൊരു മിസ്സ് കോൾ വിട്ടേരേ. ഓക്കേ ? ഇനി ഇന്നത്തെ ദിവസം വിളിക്കരുത്. രാത്രി കാണാം.“
മാത്യൂസ് ഫോൺ വെച്ചു.
അപ്പോഴതാ, മുരുകേഷ് കയറി വരുന്നു. മാത്യൂസ് ആ കേസ് മറന്നേ പോയിരുന്നു.
“ബിസിയായിപ്പോയെടോ... താനറിഞ്ഞില്ലേ ? ”
“അതൊന്നും പ്രച്ചനമില്ല സർ. കൺഗ്രാചുലേഷൻസ്! “അയാൾ മാത്യൂസിന്റെ കൈ പിടിച്ചു കുലുക്കി. “… ഒരു ന്യൂസുണ്ട്.”
“എന്തു പറ്റി ?”
“നമ്മടെ ലാബ് വന്ത് ഓഫീഷ്യൽ ആയി റിപ്പോർട്ട് തരില്ലാന്നു പറഞ്ചു.”
“അതെന്താ ?”
“അവർക്ക് കൺക്ലൂസീവ് ആയിട്ട് പ്രൂവ് ചെയ്യാനുള്ള സംവിധാനമില്ല. എന്തായാലും ആ റമ്മിൽ പോയ്സൺ ഉണ്ടാരുന്നു. പക്ഷേ എന്ത് പോയ്സൺ... എന്ത് കെമിക്കൽ ന്നൊന്നും അവർക്ക് പ്രൂവ് ചെയ്യാൻ പറ്റില്ല. വേറേ എന്തെങ്കിലും വഴിയിൽ കേസ് നടത്തണ്ടി വരും സർ. അവർക്ക് കണ്ടു പിടിക്കാൻ പറ്റൂല്ല. നമ്മുടെ ലാബല്ലേ സർ. ഇത്രെയൊക്കെ പ്രതീക്ഷിച്ചാ മതി.”
“അപ്പ ഇന്നലത്തെ നമ്മടെ എക്സർസൈസ് എല്ലാം വേസ്റ്റായി.”
“അങ്ങനെ പറയാൻ പറ്റില്ല. ഞങ്ങൾ ഇന്നലെ അന്വേഷിച്ചു. അവിടെ റൂമിലു മെയിനായിട്ട് കണ്ട ഒരു ഫിന്ഗർ പ്രിന്റ് നമ്മൾ ട്രെയ്സ് ചെയ്തിട്ടുണ്ട്. ഒരു മി. ജഗ് ജീവൻ രാജ്. ചോട്ടാ രാജ് എന്നു വിളിക്കും. അവരുടെ വീട്ടിലെ ജോലിക്കാരൻ. ബീഹാറിയാ. ആ വീട്ടില് നെറയെ അവന്റെ പ്രിന്റുകളുണ്ട്. ആധാർ കാർഡ് കിട്ടിയാരുന്നു. അതിലെ ഫിന്ഗർ പ്രിന്റ് വെച്ചാരുന്നു ട്രെയ്സിങ്ങ്. എന്നിട്ട് ഞാനിന്നലെ ആ വീട്ടിലെ അമ്മാവുമായി സംസാരിച്ചപ്പൊളാണ് അറിഞ്ഞത്. ഇന്നലെ രാവിലെ അവൻ അവന്റെ നാട്ടിലേക്ക് തിരിച്ചു പോയത്രെ.”
“ഉവ്വ്... ഞാനതറിഞ്ഞിരുന്നു. അതാണ് അവന്റെ പേപ്പറുകളൊക്കെ നോക്കിയെടുക്കാൻ പറഞ്ഞത്.”
“എനക്കെന്തോ അവൻ പെട്ടെന്ന് സ്ഥലം വിട്ടതിൽ സംശയമുണ്ട്. അന്വേഷണത്തിന് ആളു വരുന്നുണ്ടെന്നു കേട്ടതും സ്ഥലം വിടണമെങ്കിൽ... എന്തോ ചുറ്റിക്കളിയുണ്ട്. അവന്റെ കമ്പ്ലീറ്റ് ഡീറ്റയിൽസ് ഇന്നലെ എടുത്തിട്ടുണ്ട്. അതു വെച്ച് ബീഹാർ പോലീസുമായി ബന്ധപ്പെട്ട്...”
“ചെയ്യണം... പക്ഷേ ഇപ്പൊ ഒന്നിനും സമയമില്ല. ഞാനൊന്ന് ബാംഗ്ലൂർ പോയി തിരിച്ചു വന്നോട്ടെ. എന്നിട്ട് നമുക്ക് പ്രൊസീഡ് ചെയ്യാം.”
“ഫോറൻസിക്കിന് ഇനി പ്രൊസീഡ് ചെയ്യാനായിട്ട് ഒന്നുമില്ല സർ. ഞങ്ങളിന്നലെ ആ വീടു മൊത്തം അരിച്ചു പെറുക്കി.”
“ഗുഡ് ജോബ് മുരുകേഷ്. എല്ലാം കൂടി ഒന്ന് പേപ്പറിലാക്കി ഫയൽ ചെയ്തേക്കൂ. ആർമിക്കയച്ചു കൊടുക്കാനുള്ളതാണ്. നമ്മുടെ എല്ലാ ആക്റ്റിവിറ്റീസിന്റെയും റിപ്പോർട്ട് അവർക്കയച്ചുകൊടുക്കണമെന്നാണ് ഓർഡർ.”
“ഓക്കെ സർ.” മുരുകേഷ് ഇറങ്ങി.
മാത്യൂസിന് അന്നത്തെ ദിവസം അങ്ങനെ സംഭവബഹുലമായി കടന്നു പോയി.
***** ***** ***** ***** ***** ***** ***** *****
6:00 PM
നീന രാത്രിയിലേക്കുള്ള ഭക്ഷണമെല്ലാം എടുത്തു വെച്ച് റോബിയോട് യാത്ര പറഞ്ഞു.
“വാതിൽ ലോക്ക് ചെയ്യണം. പട്ടിയെ അഴിച്ച് വിടാൻ എന്നെക്കൊണ്ട് പറ്റില്ല. അതെന്നെ കൊല്ലും. റോബി തന്നെ ചെയ്താൽ മതി. വീൽ ചെയറുണ്ടല്ലൊ. ”
“നീ പോ കൊച്ചെ. മാത്യൂസിനു ചുമ്മാ ഓരോ പ്രാന്താ. ”
“റോബി... ” നീന തിരിഞ്ഞു നിന്നു. “ഒരു ഷോക്കു കൂടി താങ്ങാൻ എന്നെക്കൊണ്ടാവില്ല. എന്റെ സമനില തെറ്റിപ്പോകും. പ്ലീസ്... ഇനിയെങ്കിലും സൂക്ഷിച്ച്...”
അവൻപതിയെ വീൽ ചെയറുരുട്ടി അവൾക്കരികിലെത്തി.
“ഒന്നും സംഭവിക്കില്ല മോളൂ. നീ ധൈര്യമായിട്ടു പോ. ” അവനവളുടെ കൈ കടന്നെടുത്ത് ചുണ്ടോടു ചേർക്കാനാഞ്ഞു.
“അയ്യട! ” അവൾ കൈ വലിച്ചു കളഞ്ഞു. “ഒരു 15 ദിവസം കൂടി ഒന്നു വെയ്റ്റ് ചെയ്യ് മോൻ.”
“15 ദിവസം കഴിഞ്ഞ് കല്യാണം നടക്കുവോ ? വീൽ ചെയറിലിരുന്ന് താലികെട്ടേണ്ടി വരും.”
“എനിക്കു തിരക്കില്ല. നമ്മൾ ആരെയും ഒഫീഷ്യലായിട്ട് ക്ഷണിച്ചു തുടങ്ങിയിട്ടില്ല. വേണെങ്കി...”
“അമ്പടി! ഒരു രക്ഷയുമില്ല മോളൂ... ഇതീ കൂടുതൽ ക്ഷമിച്ചിരിക്കാൻ എന്നെക്കൊണ്ട് പറ്റത്തില്ല.! ഇതിപ്പൊ എത്ര കാലമായി ? വല്ല നിവൃത്തിയുമുണ്ടെങ്കിൽ നാളെത്തന്നെ കെട്ടണമെന്നോർത്തിരിക്കുവാ ഞാൻ.” റോബി ചിരിച്ചു.
നീനയും ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നടന്നു.
അവൾ ഇറങ്ങിയതും റോബി വാതിലടച്ചു തഴുതിട്ടു.
നല്ല കാലാവസ്ഥ. അവൻ ബെഡ് റൂമിന്റെ ജനലുകൾ മലർക്കെ തുറന്നിട്ടു.
മഴ ചാറുന്നുണ്ട്.
നേരത്തെ കഴിച്ചിരുന്ന പെയിൻ കില്ലർ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു.
ഉറക്കം വരുന്നുണ്ട് ചെറുതായിട്ട്. അവൻ ബദ്ധപ്പെട്ട് ബെഡിലേക്കിറങ്ങി ചാഞ്ഞു കിടന്ന് ടീ വീ ഓൺ ചെയ്തു.
അനിമൽ പ്ലാനെറ്റ്.
ഒരു പുള്ളിപ്പുലിയുടെ മുഖമാണ് സ്ക്രീനിൽ.
റോബി സൂക്ഷിച്ചു നോക്കി.
അത് ടീവിക്കകത്താണോ പുറത്താണോ ?
തന്റെ ടീവിക്ക് ഇത്രയും ക്ലാരിറ്റി ഉണ്ടായിരുന്നോ ? റോബിക്ക് ഓർമ്മ കിട്ടിയില്ല. എന്തോ ഒരു പ്രശ്നമുണ്ടല്ലോ.
അയാൾ അടുത്തിരുന്ന ടേബിളിൽ നിന്ന് കുറച്ച് വെള്ളമെടുത്ത് കണ്ണുകളിൽ തളിച്ചു.
“ഓ... പെയിൻ കില്ലറിന്റെ എഫക്റ്റായിരിക്കും. ” അവൻ മനസ്സിലോർത്തു.
പെട്ടെന്ന് …
സ്വീകരണമുറിയിൽ ഒരനക്കം . എന്തോ തട്ടി മറിഞ്ഞ് വീണ പോലെ.
റോബി ചാടിയെണീറ്റു.
അപകടം! ആരോ വീടിനുള്ളിലുണ്ട്!
“ആരടാ അത് ?” അവന്റെ സ്വരം ചിലമ്പിച്ചിരുന്നു. തൊണ്ട വരണ്ടു പോകുന്ന പോലെ .
മറുപടി ഒന്നും കിട്ടാതായപ്പോൾ റോബി പതിയെ വീൽ ചെയറിലേക്ക് ഊർന്നിറങ്ങി.
“ഹൂ ഈസ് ദെയർ ??” വീണ്ടും ഉറക്കെ വിളിച്ചു ചോദിച്ചു കൊണ്ട് അവൻ ഹാളിലേക്ക് ചെന്നു .
ഭയന്നിരുന്നിട്ട് കാര്യമില്ലെന്നവനറിയാം .
ആരുമില്ല സഹായത്തിന്. എഴുന്നേറ്റ് നില്ക്കാൻ പോലും ശേഷിയില്ല. എന്തു സംഭവിച്ചാലും അനുഭവിക്കുകയേ നിവൃത്തിയുള്ളൂ.
ഹാളിലേക്കിറങ്ങി ചെന്ന റോബി അമ്പരന്നു.
അല്പ്പം മുൻപ് നീന ഭംഗിയായി അടുക്കി വെച്ചിരുന്ന കുറേ പുസ്തകങ്ങൾ എല്ലാം നിലത്തു ചിതറിക്കിടക്കുന്നു.
റോബിയുടെ കണ്ണുകൾ ചുറ്റും പരതി. ഇതെങ്ങനെ ? ഇനി വല്ല പൂച്ചയോ മറ്റോ ?
പെട്ടെന്ന് എന്തോ കത്തിക്കരിയുന്ന മണം അവന്റെ മൂക്കിലടിച്ചു.
അവിടെ - കോഫീ ടേബിളിനു മുകളിൽ ഒരു ഫോട്ടോ ഫ്രെയിം വെച്ചിരുന്നു. റോബിയും നീനയും ഒരുമിച്ചു നില്ക്കുന്ന ഒരു ചിത്രം. എന്ഗേജ്മെന്റ് സമയത്ത് മാത്യൂസ് എടുത്തതാണാ ഫോട്ടോ.
നടുക്കത്തോടെയാണ് റോബി അതു കണ്ടത്.
ആ ഫോട്ടോയിൽ നിന്നും നൂലു പോലെ പുകയുയരുന്നു !
“വാട്ട് ദ ഹെൽ!” അവനാകെ സ്തംഭിച്ചു പോയിരുന്നു. എന്തൊക്കെയാണ് നടക്കുന്നത് ?
അവൻ വിറയലോടെ ആ ടേബിളിനരികിലേക്ക് വീൽ ചെയർ ഉരുട്ടി.
ആ ഫോട്ടോ കയ്യിലെടുത്ത് നോക്കിയതും ഭയന്ന് വിറങ്ങലിച്ചു പോയി അവൻ.
ആ ഫോട്ടോയിൽ അവന്റെ മുഖം മാത്രം കത്തിക്കരിഞ്ഞ് ഇല്ലാതായിരിക്കുന്നു!
അപ്പോഴും അതിൽ നിന്ന് പുകയുയരുന്നുണ്ടായിരുന്നു.
അവൻ വിരലുകൾകൊണ്ടമർത്തി തീ കെട്ടുവെന്നുറപ്പു വരുത്തി.
ഇതെന്തു മറിമായമാണിത് ? അവനൊന്നും മനസ്സിലായില്ല.
പെട്ടെന്ന് ഫോണടിച്ചു.
അവിചാരിതമായി ആ ശബ്ദം കേട്ടപ്പോൾ റോബി ഞെട്ടിപ്പോയി!
സോഫകൾക്കിടയിൽ ഒരു കൊച്ചു ടേബിളിലാണ് ഫോൺ വെച്ചിരുന്നത്.
“ഹലോ ?”
“റോബി ?” ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടു. വളരെ ദൂരെ നിന്ന് സംസാരിക്കുന്ന പോലെ. അവൾ പറഞ്ഞ ഓരോ അക്ഷരങ്ങളും പലയാവർത്തി പ്രതിദ്ധ്വനിച്ചു. ഒടുവിലത് അവന്റെ ചെവിയിൽ ഒരു മൂളൽ മാത്രമായി മുഴങ്ങി.
“ആരാ ? എന്തു വേണം ? ”
“നീ..ചാ....ക...ണം...നിന്നെ എനിക്ക്...” തുടർന്ന് പറഞ്ഞത് പ്രതിധ്വനികളിൽ മുങ്ങിപ്പോയി.
“വാട്ട് ?? എന്താ പറഞ്ഞത് ? ക്ലിയറായില്ല...” റോബി ഫോൺ കുറേ കൂടെ അടുത്തു പിടിച്ചു.
അപ്പുറത്തു നിന്നും ഒരു ഞെരക്കം മാത്രമേ കേൾക്കാനുള്ളൂ ഇപ്പോൾ.
“ഹൂ ദ ഹെൽ ആർ യൂ ?!” റോബി അലറി .
ഫോൺ കട്ടായി.
അവൻ റിസീവറും കയ്യിൽ പിടിച്ച് അന്തം വിട്ട് നിന്നു.
ആ നിമിഷം ബെഡ് റൂമിൽ നിന്നും ഉച്ചത്തിൽ ഒരു ഇരപ്പു കേട്ടു തുടങ്ങി. ടീവിയിൽ നിന്നാണ്. കേബിൾ കട്ടായ പോലെ. പക്ഷേ ആ ശബ്ദം വളരെ വിചിത്രമായി തോന്നി. പഴയ ടീ വീ സെറ്റുകളിൽ സിഗ്നൽ പോകുമ്പോൾ കേൾക്കുന്ന ശബ്ദം.
അവൻ തിടുക്കത്തിൽ ബെഡ് റൂമിലേക്ക് ചെന്നു.
ടീവീയിൽ ഇപ്പോൾ ഗ്രെയിൻസ് മാത്രം.
തന്റെ ടീവീയിൽ ഇങ്ങനൊരു പ്രതിഭാസം ആദ്യമായാണ് കാണുന്നതെന്ന് അവനോർത്തു. സാധാരണ സിഗ്നൽ ഇല്ലാതെ വരുമ്പോൾ ടീ വീ സ്ക്രീൻ ബ്ലൂ കളറിലേക്ക് മാറുകയാണ് ചെയ്യാറ്. പക്ഷേ ഇത്... പഴയ കാലത്തെ ടീ വീ സെറ്റുകളെപ്പോലെ നിറയെ ഗ്രെയിൻസ്. ഒപ്പം ഉച്ചത്തിലുള്ള ആ ഇരപ്പ് ശബ്ദവും.
അവൻ റിമോട്ട് എടുത്ത് ചാനൽ മാറ്റാൻ ശ്രമിച്ചു. എന്നാൽ അതുകൊണ്ടൊന്നും യാതൊരു ഫലവും കണ്ടില്ല. സ്ക്രീൻ കറുപ്പും വെളുപ്പും പൊട്ടുകളായി അങ്ങനെ തന്നെ നിന്നു.
കുറേ ശ്രമിച്ചിട്ടും ശരിയാകുന്ന ലക്ഷണം കാണാതെ വന്നപ്പോൾ അവൻ നിസ്സഹായനായി സ്ക്രീനിലേക്കു തന്നെ നോക്കി ആ വീൽ ചെയറിൽ ഇരുന്നു. “എന്തൊക്കെയാ ഇവിടെ നടക്കുന്നത് ?”
അപ്പോൾ...
പതിയെ സ്ക്രീനിൽ എന്തോ ഒരു രൂപം തെളിയുന്നുണ്ടെന്നവനു തോന്നി.
പക്ഷേ ഗ്രെയിൻസ് കാരണം ഒന്നും വ്യക്തമാകുന്നില്ല. ഒരു പെൺകുട്ടിയുടെ മുഖമാണോ ? ആരോ എവിടെയോ ഇരുന്ന് റ്റ്യൂൺ ചെയ്ത് ക്ലിയറാക്കാൻ ശ്രമിക്കുന്ന പോലെ തോന്നി. ചിത്രം കുറേശ്ശേ തെളിയുമ്പോഴെല്ലാം ശബ്ദത്തിലും വ്യത്യാസമുണ്ടായിരുന്നു. ആരോ സംസാരിക്കുന്ന പോലെ. പക്ഷേ ഒന്നും വ്യക്തമായി മനസ്സിലാക്കാനാകുന്നില്ല.വൈറ്റ് നോയ്സ് മാത്രം.
കുറച്ചു സമയം അതങ്ങനെ തുടർന്നു. ഒടുവിൽ എല്ലാം നിലച്ചു. ടീവീ ബ്ലൂ സ്ക്രീനായി.
പരിപൂർണ്ണ നിശബ്ദത.
റോബി ശ്വാസമടക്കിപ്പിടിച്ച് നില്ക്കുകയാണ്.
പെട്ടെന്ന്!
സ്ക്രീനിൽ ഒരു മിന്നൽ പോലെ. ഒപ്പം ടീവിക്കു പുറകിലായി എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം. അടുത്ത നിമിഷം ആ ടീവിക്കു പുറകിൽ നിന്ന് തീയാളിപ്പടർന്നു ! അവിടമാകെ പ്ലാസ്റ്റിക്ക് കത്തുന്ന മണം വ്യാപിച്ചു.
റോബി സ്തംഭിച്ചു പോയി!
ഇത്രയൊക്കെ സംഭവിച്ചിട്ടും സ്ക്രീൻ പക്ഷേ അപ്പോഴും ഓഫായിരുന്നില്ല ! ഒപ്പം സ്പീക്കറുകളിൽ നിന്ന് കാതു തുളക്കും വിധം ഒരു വിസിൽ ശബ്ദം പുറപ്പെടാനും തുടങ്ങി.
അപ്പോൾ പുറത്ത് പട്ടി ഉച്ചത്തിൽ ഓരിയിടാൻ തുടങ്ങി. എന്തോ കണ്ട് ഭയന്ന പോലെ.
അതോടെ റോബി സ്ഥലകാല ബോധം വീണ്ടെടുത്തു.
തീ ആളിപ്പടരുകയാണ്. ടീ വി സ്റ്റാൻഡ് മുഴുവനും ഇപ്പോൾ നിന്നു കത്തുകയാണ്!
അപകടം മനസ്സിലാക്കിയ റോബി ബെഡിൽ നിന്നും ഒരു വലിയ കമ്പിളിപ്പുതപ്പ് വലിച്ചെടുത്ത് ടീവിക്കു നേരേ തിരിഞ്ഞു.
അപ്പോൾ
നടുക്കത്തോടെ അവനാ കാഴ്ച്ച കണ്ടു.
സ്ക്രീനിൽ നിറഞ്ഞ് മൂന്നക്ഷരങ്ങൾ!
‘DIE’
(തുടരും)

Biju & Alex

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot