നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓം ശാന്തി കഥ

ഓം ശാന്തി
കഥ
ഷാപ്പിലെത്തിയ അയ്യപ്പനെ നോക്കി കേശവന്‍ നായരും കള്ളുമോന്തിക്കൊണ്ടിരിക്കുന്ന കേശവന്‍ നായരെ നോക്കി അയ്യപ്പനും 'ഇതെന്തു കാഴ്ച' എന്ന് അത്ഭുതപ്പെട്ടു..കണ്ണൊന്നു തിരുമ്മിയുണര്‍ത്തി കേശവന്‍ നായര്‍ ഉറപ്പു വരുത്തി- -ആള് ആയ്യപ്പന്‍ തന്നെ.
''എന്താ, അയ്യപ്പാ, നെന്റെ കേസും കൂട്ടോം ഒക്കെ കഴിഞ്ഞോ ?''അത്ഭുതം ഒന്നടങ്ങിയപ്പോള്‍ അയ്യപ്പനെ അടുത്തുപിടിച്ചിരുത്തിക്കൊണ്ട് നായര്‍ ചോദിച്ചു. '' നീയ്യ് ആരാണ്ടടൊക്കെ കാലുവെട്ടീംന്നും കെെയ്യുവെട്ടീന്നും ഇപ്പൊ ഒളിവിലാണന്നും ഒക്കകേട്ടൂലോ ?''
''അതൊക്കെ തീര്‍ന്ന കാര്യം നായരുകേട്ടില്യേ ?'' ഒരു കുപ്പിയും അച്ചാറും ഓര്‍ഡര്‍ ചെയ്ത് അയ്യപ്പന്‍ കേശവന്‍ നായരെ മുട്ടിയിരുന്നു.
''ഞാന്‍ കാലുവെട്ടിയ ആ ചെക്കന്റെ കുടുംബം കണ്ടപ്പോ എനിക്ക് ചങ്കു പൊട്ടിപ്പോയി. കാര്യം പാര്‍ട്ടിക്കാരു പറഞ്ഞിട്ടാ ചെയ്തതെങ്കിലും കഷ്ടായിപ്പോയി. കുറെ ദിവസം ഞാന്‍ കാട്ടിലും മലയിടുക്കുകളിലും മനഃസമാധാനമില്ലാതെ അലഞ്ഞു. ഒടുവില്‍ ഇന്നലെ കാലത്ത് ഞാന്‍ ആ ചെക്കന്റെ പാര്‍ട്ടി ആപ്പീസില്‍ പോയി മാപ്പിരന്നു. അവരുടെ പാര്‍ട്ടിയില്‍ അംഗത്വം എടുത്തു.പശ്ചാത്തപിച്ചു . പഴേ പാര്‍ട്ടീടെ കൊള്ളരുതായ്മകളെപ്പറ്റി ഒരു പ്രസ്താവനേം ഇറക്കി.
ഇനിയുള്ള കാര്യങ്ങള് കാലുപോയ്യേ ചെക്കന്റെ പാര്‍ട്ടിക്കാരു നോക്കീക്കോളും. സമാധാനായി.''
ആദ്യത്തെ ഇറക്ക് കള്ള് വലിച്ചുകുടിച്ച് ചിറിവടിച്ച് അയ്യപ്പന്‍ കേശവന്‍ നായരുടെ അരികിലേയ്ക്ക് ഒന്നുകൂടി ചേര്‍ന്നിരുന്നു .
''അല്ലാ നായരേ,നിങ്ങടെ കൊളസ്ട്രോള്‍ ദണ്ണം ഇത്ര വേഗം മാറിയോ ?നിങ്ങളോട് ഡോക്ടറ് എത്രവട്ടം പറഞ്ഞതാ കുടിക്കരുത് ന്ന് !''
''ഹ,ഹ, അപ്പൊ നീയോന്നും അറിഞ്ഞില്യേ അയ്യപ്പാ ?''''കേശവന്‍ നായര്‍ ആവേശഭരിതനായി.''കൊളൊസ്ട്രോള് ഒരു ദണ്ണല്ലാന്നല്ലെ ഇപ്പോ അമേരിക്കലെ മെഡിക്കല്‍ അസ്സോസിയേഷന്‍ ഔദ്യോഗികായിട്ട് പറയണത്? കൊളസ്ട്രോള് കൂടുന്നത് ആരോഗ്യത്തിന് നല്ലതാന്ന് അവരുടെ ഗവ.ഷണം തെളിയിച്ചില്യേ ?
ഹൗ, എന്തൊരാശ്വാസം! ഇത്രകാലം ഉപ്പും മുളകും കൂട്ടാതെ ഉണ്ടതും ഓടിയതും വ്യായാമം ചെയ്തതൊക്കെ വെറുതെ ആയി. പണച്ചെലവ് വേറേം .
ഇപ്പൊ എനിക്ക് നല്ല സുഖായി. ഒരു ദണ്ണോല്യാ.അതോന്ന് ആഘോഷക്കണ്ടെ ? നീയിരിക്ക് അയ്യപ്പാ !''
''ഹ,ഹ,ഹ,ഹ '' ഗ്ലാസുകള്‍ കൂട്ടിമുട്ടിച്ച് ചിയേര്‍സ് പറഞ്ഞ് അവര്‍ ഒന്നിച്ചാര്‍ത്തു ചിരിച്ചു.

Paduthol

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot