Slider

#Sandram Part 16

0
#Sandram Part 16
Part 16
******************************************************
പാമ്പ് പഴുതാര തേൾ വർഗ്ഗത്തെ പേടിയുള്ളവർ അവസാന ഭാഗത്ത് സൂക്ഷിച്ചു വായിക്കണമെന്നഭ്യർത്ഥിക്കുന്നു. അവിടെ ഒരല്പ്പം പിശകാണ്‌. 
******************************************************
ഡോ. ചാന്ദ്നിയുടെ ഓഫീസ്. 11:00 AM
നീന കരയാൻ തുടങ്ങിയിട്ട് മിനുട്ടുകളായി. ആശ്വസിപ്പിക്കാനായി ഡോക്ടർ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. മുഖം കാല്മുട്ടുകളിലമർത്തി ഏങ്ങി ഏങ്ങി കരയുകയാണാ പെൺകുട്ടി.
ഒടുവിൽ നിവൃത്തിയില്ലാതെ ഡോക്ടർ തന്റെ മകളെ - ദീപ്തിയെ - വിളിച്ചു വരുത്താമെന്നു തീരുമാനിച്ചു. നീനയുടെ ഏറ്റവുമടുത്ത കൂട്ടുകാരിയാണവൾ.
“വേണ്ടാന്റി!” നീന പെട്ടെന്നു മുഖമുയർത്തി. “ അവളെ അറിയിക്കണ്ട! വേറെ ആരെയും അറിയിക്കണ്ട!”
ഡോക്ടർ ഫോൺ താഴെ വെച്ച് നീനക്കരികിലേക്കു ചെന്നു.
“ആന്റീ...” നീന അവരെ ഇറുകെ കെട്ടിപ്പിടിച്ചു. “ഒരിക്കലും എനിക്കൊരമ്മയാവാൻ പറ്റില്ലേ ഇനി ?”
“ആരാ എന്റെ മോളോടീ കൊടും ചതി ചെയ്തത് ? ആന്റിയോട് പറ... ആരായാലും നമുക്കവനെ വെറുതെ വിടരുത്!
നീനയുടെ മുഖം മാറിയിരുന്നു. മരവിപ്പു മാത്രമാണിപ്പോൾ. ”ഞാൻ പേടിച്ചിരുന്നതാ ഇത്. ഒത്തിരി കാലമായിട്ട്. ആരോടും പറയാനാവാതെ ഞാനിങ്ങനെ ഉരുകുകയായിരുന്നു.“
”ആന്റിയോട് പറയാല്ലോ. മോളെന്തു പറഞ്ഞാലും അതൊക്കെ സ്ട്രിക്റ്റ്ലി കോൺഫിഡൻഷ്യൽ ആയിരിക്കും.“
”അതിലെനിക്കു പേടിയില്ല ആന്റി. പക്ഷേ ഒരിക്കലും എനിക്കിനി ? ഒരു മാർഗ്ഗോമില്ലേ ആന്റി ?“
”മോളൂട്ടി...എത്ര വയസ്സിലായിരുന്നു ഇതുണ്ടായത് ?“
”14-15 വയസ്സിൽ. ഞങ്ങൾ പപ്പേടെ കൂടെ ഡെറാഡൂണിലായിരുന്ന സമയത്ത്...“
“അതാണു മോളേ പ്രശ്നം. അത്ര ചെറുപ്പമായിരുന്ന കൊണ്ട് ഇന്റേണലായിട്ട് ഇറിവേഴ്സബിൾ ഡാമേജുണ്ടായി. പുറത്തേക്കറിയില്ല. പക്ഷേ അകത്ത്...യൂ ഹാവ് സീരിയസ് ഇഷ്യൂസ്.”
“പക്ഷേ എനിക്ക് ബ്ലീഡിംഗോ അതു പോലുള്ള യാതൊരു പ്രശ്നങ്ങളോ ഉണ്ടായിട്ടില ഇതുവരെ.”
“അതൊക്കെ ആ സമയത്തുണ്ടായിക്കാണും. ഇപ്പൊ ഇത്രേം കാലമായില്ലേ. മോൾ ആന്റിയോട് പറ. എന്താ ഉണ്ടായേ ?”
“ആന്റി... ഐ വാസ് ഡ്രഗ്ഗ്ഡ്. എനിക്ക് ജ്യൂസിൽ എന്തോ കലക്കി തന്നാണവർ എന്നെ... ആരാന്നു പോലും അറിയില്ലെനിക്ക്. പപ്പേടെ മേലുദ്യോഗസ്ഥന്മാരായിരുന്നു എന്നറിയാം. എനിക്ക് ബോധം വന്നതു തന്നെ 3-4 ദിവസങ്ങൾക്കു ശേഷമാണ്.”
“ആരാ മോളെ അവർടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയത് ?”
“എന്റെ പപ്പ!” അവൾ വിങ്ങിപ്പൊട്ടി “ഞാൻ മാത്രല്ല. ഇതേ അനുഭവമുണ്ടായിട്ടുള്ള വേറേ പെൺകുട്ടികളുണ്ട്. താഴെ റാങ്കുകളിലുള്ളവരുടെ പെണ്മക്കളെയും, ചെറുപ്പക്കാരികൾ ഭാര്യമാരെയുമൊക്കെ... തിരഞ്ഞു പിടിച്ച് അവർ...”
“മോൾടെ പപ്പ പക്ഷേ കേണൽ ആയിരുന്നില്ലേ ?”
“അന്ന് പപ്പ വെറുമൊരു മേജർ മാത്രമായിരുന്നു. അവരൊക്കെ പറയുന്നതനുസരിച്ച് എന്തും ചെയ്യാൻ തയ്യാറായിരുന്നു പപ്പ.”
“അപ്പൊ പപ്പ അറിഞ്ഞോണ്ടാന്നാണോ മോളു പറയുന്നേ ?” ഡോക്ടറുടെ മുഖത്ത് വെറുപ്പു പടർന്നു.
“അതെനിക്കറിയില്ല ആന്റി. എന്താ നടന്നതെന്നു പോലും എനിക്കു മനസ്സിലായിരുന്നില്ല. സത്യം പറഞ്ഞാൽ എനിക്കൊന്നും ഓർമ്മ കൂടിയേ ഉണ്ടായിരുന്നില്ല. ഇന്ന് ആന്റി അതു ചോദിക്കും വരെ.”
“ഉം...” ഡോക്ടർ ചിന്തയിലാണ്ടു. “റിപ്രസ്സ്ഡ് മെമ്മറീസ് എന്നു പറയും. ചെറുപ്പത്തിലെ സെക്ഷ്വൽ അബ്യൂസ് ഒക്കെ നമ്മുടെ ഉപബോധ മനസ്സ് മനപ്പൂർവ്വം മറക്കും. ഒരു തരം ഡിഫൻസ് മെക്കാനിസമാണ്. അല്ലെങ്കിൽ പിന്നീടുള്ള ജീവിതം ചിലപ്പൊ അസാധ്യമായിപ്പോകും.”
“അതൊക്കെ അറിയാം ആന്റി. എന്നാലും ഇടക്കിടക്ക് ഇതൊക്കെ ഉറക്കത്തിൽ പേടി സ്വപ്നം പോലെ വരാറുണ്ടായിരുന്നു.”
“നമുക്കവരെ കണ്ടെത്തി നിയമത്തിനു മുൻപിൽ കൊണ്ടു വരണം മോളേ. ഒരിക്കലും ഇതു നമ്മൾ വിട്ടു കളയരുത്. ഭാവിയിൽ മോളെപ്പോലുള്ള അനേകം കുഞ്ഞുങ്ങളെ ഒരു പക്ഷേ...”
“ഞാനൊന്നിനുമില്ലാ ആന്റി. ” അവൾ എഴുന്നേറ്റു നിന്നു ഡ്രസ്സ് ഒക്കെ നേരെയിട്ടു. “പപ്പാ ഉണ്ടായിരുന്നെങ്കിൽ ഞാനിപ്പൊത്തന്നെ പോയി ചോദിച്ചേനേ. മുൻപ് എനിക്ക് പപ്പാടെ നേരെ നില്ക്കാൻ പോലും ധൈര്യമുണ്ടായിരുന്നില്ല. പക്ഷേ ഇനി...എന്റെ ജീവിതം പോയില്ലേ ആന്റീ...” വീണ്ടും അവൾ വിങ്ങിപ്പൊട്ടി.
“ഞാനിന്നു രാത്രി വീട്ടിൽ വരുന്നുണ്ട്. അമ്മയെ ഒന്നു കാണണം എനിക്ക്.”
“അയ്യൊ! വേണ്ടാന്റി.” അവൾ ഞെട്ടിയതു പോലെ തോന്നി. “ആ പാവത്തിന് ഇതൊന്നുമറിയില്ല. വെറുതേ...”
“അമ്മക്കറിയില്ല എന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല മോളേ.മോൾക്ക് ഇത്രയും വല്യൊരു അത്യാഹിതമുണ്ടായിട്ട് അമ്മയറിഞ്ഞില്ലെങ്കിൽ പിന്നെ ആരറിയാനാണ് ? ഞാനെന്തായാലും അന്നാമ്മയെ വന്നു കാണുന്നുണ്ട്.”
“അമ്മ ഇപ്പൊ ഞങ്ങടെ കൂടെയല്ല താമസം.”
“ഓ... അതു ഞാനോർത്തില്ല. ശരി. ഞാൻ സ്നേഹവീട്ടിലേക്കു പോകാം. എനിക്കിതു വിട്ടുകളയാനൊക്കില്ല കുട്ടി. എന്റെ ദീപ്തീടെ പ്രായമല്ലേ നിനക്കും ?”
നീന ഒന്നും മിണ്ടാതെ ആ മുറി വിട്ടിറങ്ങി.
***** ***** ***** ***** ***** ***** ***** *****
തലേന്നു രാത്രി 10.30 PM എസ് ഐ നിതിന്റെ വീട്ടിൽ
മാത്യൂസ് മദ്യമൊഴിച്ചു കൊടുത്തതല്ലാതെ ഒരു തുള്ളി പോലും കഴിച്ചില്ല. സാന്ദ്രയുടെ കഥ പറയുമ്പോൾ തനിക്ക് പൂർണ്ണ ബോധമുണ്ടായിരിക്കണമെന്നയാൾക്കു നിർബന്ധമുണ്ടായിരുന്നു.
നിതിൻ തന്റെ സ്ഥിരം ക്വോട്ട കഴിച്ച് നിശബ്ദനായി ഒരു മൂലയിലേക്കു മാറിയിരുന്ന് ചിന്തയിലാണ്. ഏതു നിമിഷവും മാത്യൂസ് ഒരു ബോംബു പൊട്ടിക്കും എന്നയാൾക്കറിയാമായിരുന്നു. കാരണം, സാന്ദ്ര വധക്കേസ് തിരിച്ചും മറിച്ചും പരിശോധിച്ചിട്ടും അയാൾക്ക് ശങ്കു നിരപരാധിയാണെന്ന് തെളിയിക്കാനായി ഒരു തുമ്പും കിട്ടിയിരുന്നില്ല. എന്നാൽ മാത്യൂസിന്റെ കയ്യിൽ എന്തോ കാര്യമായ തെളിവുണ്ടെന്നയാൾക്കറിയാം. വെറുതേ അയാളിവിടെ വന്നിരിക്കില്ല ഈ രാത്രിക്ക്.
“സോ...” അവസാനം മാത്യൂസ് സംസാരം തുടങ്ങി . “ ഇതു കേട്ടു കഴിഞ്ഞാൽ, നീയെങ്ങനെ പ്രതികരിക്കുമെന്നെനിക്കറിയില്ല. പക്ഷേ പ്ലീസ്... ഒരു ഓപ്പൺ മൈൻഡോടു കൂടി മാത്രം കേൾക്കാമെങ്കിൽ മാത്രമേ ഞാൻ മിനക്കെട്ടിട്ടു ഫലമുള്ളൂ.”
“നീയെന്താടാ ഒരു മാതിരി പ്രേത കഥ പറയാൻ പോകുന്ന പോലെ ?”
“അതാണ്!! ” മാത്യൂസ് ചിരിച്ചു. “അക്ഷരാർത്ഥത്തിൽ ഇതൊരു പ്രേതകഥ തന്നെയാണ്. ”
“പറ പന്നീ. രാത്രിയായി. കെടന്നൊറങ്ങണ്ടേ ?”
“ഓക്കെ... സംഭവം തുടങ്ങിയത് ഏതാണ്ട് 7 മാസങ്ങൾക്കു മുൻപാണ്...അന്നൊരു ഞായറാഴ്ച്ച, ഞാനും ഫാമിലിയും കൂടി പള്ളിയിൽ പോകാമെന്നു തീരുമാനിച്ചു. “
”ബെസ്റ്റ്! എന്നിട്ട് ?“
തുടർന്ന് അന്നു ബെന്നിയുടെ പള്ളിയിൽ നടന്ന സംഭവങ്ങളും, അതിനു ശേഷം ജിൻസിയുടെ ഹിപ്നോട്ടിക്ക് സെഷനും സാന്ദ്രയുടെ കഥയും എല്ലാം വളരെ വിശദമായി മാത്യൂസ് നിതിനുമായി പങ്കുവെച്ചു. യാതൊരു ഡീറ്റയിലും നഷ്ടപ്പെടാതെ ഒരു മണിക്കൂറോളമെടുത്ത് എല്ലാം പറഞ്ഞവസാനിപ്പിച്ചപ്പോളേക്കും മാത്യൂസ് വിയർത്തു കുളിച്ചിരുന്നു.
”എന്താ നീ ഒന്നും മിണ്ടാതിരിക്കുനത് ?“ മാത്യൂസ് നിതിന്റെ വികാര ശൂന്യമായ മുഖത്തേക്കു നോക്കി.
“ഒരെണ്ണം കൂടി ഒഴിച്ചേ.” അവൻ ഗ്ലാസ്സ് നീട്ടി.
മാത്യൂസ് ഒഴിച്ചു കൊടുത്ത മദ്യം ഒറ്റവലിക്കു കുടിച്ചു തീർത്ത നിതിൻ വളരെ ഗൗരവത്തിൽ ഒരു ചോദ്യം ചോദിച്ചു.
“ഇപ്പൊ, എന്റെ സ്ഥാനത്തു നീയായിരുന്നെങ്കിൽ , നീ ഇതെങ്ങനെ കൈകാര്യം ചെയ്തേനേ ?”
മാത്യൂസിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.
“നിന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ, തീർച്ചയായും ഞാൻ നിന്നെ അവിശ്വസിക്കില്ല. കാര്യം നീയൊരു ചെറ്റയാണെങ്കിലും, ഇങ്ങനൊരു കാര്യവും പറഞ്ഞ് പാതിരാത്രിക്ക് വന്നിരിക്കണമെങ്കിൽ ഇതൊരു വെറും കഥയായിരിക്കില്ല എന്നു തന്നെ ഞാൻ കരുതും.”
“എന്റെ ഇപ്പൊഴത്തെ പ്രശ്നങ്ങളൊക്കെ അറിഞ്ഞോണ്ടിരുന്നിട്ട് നീ എന്തായാലും എന്നെ ചുറ്റിക്കില്ലെന്ന് എനിക്കുമറിയാം. പിന്നെ, ഞാൻ നിന്നെപ്പോലല്ല. എനിക്കീ പ്രേതങ്ങളിലൊക്കെ അല്പ്പസ്വല്പ്പം വിശ്വാസവുമുണ്ട്. നമുക്കു നാളെത്തന്നെ പ്രൊസീഡ് ചെയ്യാം. ആദ്യം തന്നെ ആ ഡോക്ടറെ ചെന്നു കാണാം. കുരുവിളയെ. അയാളെ ഞാൻ ഇന്നലെത്തന്നെ തപ്പിയെടുത്താരുന്നു. അങ്ങേരെക്കൊണ്ട് നമുക്ക് ഒരിക്കൽ കൂടി ശങ്കൂനെ ഒന്നു പരിശോധിപ്പിക്കാം. അറ്റ് ലീസ്റ്റ് ആ ചെയിനിൽ നിന്നെങ്കിലും അഴിച്ചു വിട്ടാൽ അത്രയുമായില്ലേ. പൂർണ്ണമായിട്ടൊരു റിലീസ് എന്തായാലും സാധിക്കുമെന്നെനിക്കു തോന്നുന്നില്ല. കാരണം വളരെ വയലന്റ് ബിഹേവിയർ ആണ് ശങ്കുവിന്.”
“ഒഫ് കോഴ്സ്! താങ്ക്സ് ഡാ!” മാത്യൂസ് എഴുന്നേറ്റ് നിതിന്റെ തോളിൽ തട്ടി. “വേറാരെങ്കിലുമായിരുന്നെങ്കിൽ എനിക്കിത്ര ഫ്രീഡം ഉണ്ടാകുമായിരുന്നില്ല.കൃത്യ സമയത്ത് ഒരു ദൈവ ദൂതനെപ്പോലെ പ്രത്യക്ഷപ്പെട്ടതാണു നീ. സ്ഥലം എസ് ഐ ആയിട്ട്. സോ, എനിക്കു തോന്നുന്നു ഇതൊക്കെ ...”
“വിധിയായിരിക്കുമെന്ന്. അല്ലേ ?” നിതിൻ പൊട്ടിച്ചിരിച്ചു. “നിന്റെ വായിൽ നിന്ന് ഇങ്ങനത്തെ എന്തെങ്കിലും കേട്ടിട്ട് ചത്താൽ മതിയെന്നോർത്തിരിക്കുവാരുന്നു ഞാൻ.”
“അപ്പോ ശരി. ഞാൻ പോട്ടെ. ഒത്തിരി വൈകി.” മാത്യൂസ് വാതില്ക്കലേക്കു തിരിഞ്ഞു. “നാളെ രാവിലെ നമുക്കൊന്നിച്ചു പോകാം.ഒഫീഷ്യൽ കപ്പാസിറ്റിയിൽ തന്നെ പോകാം. ഡോക്ടർ ചെലപ്പൊ മൊട കാണിച്ചാലോ ?”
“നീ ഇന്നു പോകുവാണോ ? ഞാൻ ഒറ്റക്കാഡേ! ആ പെണ്ണു വല്ലോം വന്ന് എന്റെ കാലേപ്പിടിച്ചു വലിക്കും. നിന്റെ സാന്ദ്ര!”
“ഹ ഹ ഹ ! ആ ഒരു കാര്യത്തിൽ ഈ പ്രേതം ഡീസന്റാ. ഇതങ്ങനെ കഥകളിലും സിനിമയിലുമൊന്നും കണ്ടിട്ടു ള്ള ഇനം പ്രേതമല്ല. എനിക്കു തോന്നുന്നത് ആ കുഞ്ഞിനെ കണ്ടുപിടിച്ച് കൊടുത്താൽ അത് പ്രതികാരം പോലും ചെയ്യാതെ സ്ഥലം വിട്ടോളുമെന്നാണ്.”
“എന്തായാലും ഭയങ്കര ഇന്ററസ്റ്റിങ്ങ് കേസാണ്. ആ കൊച്ചിനെ എതായാലും കണ്ടുപിടിക്കണം. ഞാൻ ട്രാൻസ്ഫർ പോസ്റ്റ്പോൺ ചെയ്യുന്നുണ്ടെങ്കിൽ എന്തെങ്കിലും പ്രയോജനം വേണമല്ലോ.”
മാത്യൂസ് പുറത്തേക്കിറങ്ങി . “നാളെ രാവിലെ നല്ല തിരക്കായിരിക്കും. ഉച്ച കഴിഞ്ഞു കാണാം.”
പിറ്റേന്നു വൈകിട്ട് 4 മണിക്ക് മാത്യൂസും നിതിനും രണ്ട് പോലീസുകാരോടൊപ്പം ഡോ. കുരുവിളയുടെ വീട്ടിലെത്തി.
“കൊള്ളാല്ലോ സെറ്റപ്പ്!” ജീപ്പിൽ നിന്നിറങ്ങിയ മാത്യൂസ് പരിസരം വീക്ഷിച്ചു. “നീ അപ്പോയ്ന്റ്മെന്റ് എടുത്താരുന്നോ ?”
“അതിനാരെങ്കിലും ഫോണെടുത്തിട്ടു വേണ്ടേ ? ഞാൻ രാവിലെ മുതൽ ട്രൈ ചെയ്യുവാരുന്നു.” നിതിൻ കോളിങ്ങ് ബെല്ലമർത്തി.
ആ സമയം അകത്ത് ഡോ. കുരുവിള തിരക്കിലായിരുന്നു. തന്റെ ചെറുപ്പക്കാരിയായ സെർവന്റിനോടൊപ്പം ഏതോ ഇംഗ്ലീഷ് പടത്തിൽ ലയിച്ചിരിക്കുകയാണ്. ആ വീട്ടിൽ ആകെ അവർ രണ്ടു പേരുമാണ് താമസം. ഭാര്യ ഉപേക്ഷിച്ചു പോയിട്ട് 12 വർഷങ്ങളായി. മക്കളില്ല. റിട്ടയറായതിനു ശേഷം, അദ്ദേഹം കാര്യമായി വെളിയിലിറങ്ങാറേയില്ല.
“ആരാന്നു നോക്ക്യേ എൽസി.” ഡോക്ടർ വേലക്കാരിയോടാജ്ഞാപിച്ചു.
പുറത്തേക്കെത്തി നോക്കിയ അവൾ പേടിച്ച് തിരിഞ്ഞോടി. “ഒരു വണ്ടി പോലീസ്!!”
“അതിന് നീയെന്തിനാ പേടിക്കുന്നേ ? നീ പോയി ആ ബത്ത്ടബ്ബിൽ കുറച്ചു വെള്ളമൊക്കെ പിടിച്ച് സെറ്റാക്കി വെക്ക്. ഞാൻ നോക്കീട്ടു വരാം.” ഒരു കള്ളച്ചിരിയോടെ അയാൾ വാതില്ക്കലേക്കു നടന്നു.
“ആരാ ? എന്താ സംഭവം ?” വാതിൽ മുഴുവനും തുറക്കാതെ അയാൾ തല പുറത്തേക്കിട്ടുകൊണ്ട് ചോദിച്ചു.
“ഡോക്ടർ! ഞാൻ നിതിൻ. സ്ഥലം എസ് ഐ ആണ്. ഇത് ...”
“അയാളെ എനിക്കറിയാം.. എന്താ ? വിഷയം പറയൂ .”
“ഞങ്ങളകത്തേക്കു വരട്ടെ സർ ? ഒരു കേസിന്റെ കാര്യം സംസാരിക്കാനുണ്ടായിരുന്നു.”
“ആദ്യം നിങ്ങളു കാര്യം പറയൂ. അകത്തേക്കു കേറ്റിയിരുത്തണോ സല്ക്കരിക്കണോന്നൊക്കെ എന്നിട്ടു ഞാൻ തീരുമാനിച്ചോളാം.” മറുപടി രൂക്ഷമായിരുന്നു.
ആ ഒറ്റ മറുപടിയിൽ തന്നെ വന്നതു വെറുതെയായി എന്ന് അവർക്കു രണ്ടു പേർക്കും മനസ്സിലായി.
“ഡോക്റ്റർ...” നിതിന്റെ ശബ്ദം പതറി. കടിച്ചു കീറാനെന്ന വണ്ണമാണ് ഡോക്ടറുടെ നില്പ്പ്. “കുറേ പഴയൊരു കേസാണ്. ഡോക്ടർ ലൈഫ് ഇമ്പ്രിസണ്മെന്റ് റെക്കമൻഡ് ചെയ്ത ഒരു പയ്യനു വേണ്ടിയിട്ടാണ്. ഒരു മി. ശങ്കരൻ നമ്പൂതിരി.”
“ഉവ്വ. എനിക്കോർമ്മയുണ്ട്. ഡ്രഗ്സ് കഴിച്ച് ബോധമില്ലാതെ പെങ്ങളെ റേപ്പ് ചെയ്ത...?”
“അല്ല സർ... ഇത് ഡ്രഗ് കേസു തന്നെ. പക്ഷേ അയാൾ അച്ഛനെയും പെങ്ങളെയും കൊലപ്പെടുത്തി എന്നാണ് കേസ്. “
“ഒക്കെ കണക്കാടോ. ഞാൻ ഡീൽ ചെയ്ത എല്ലാ കേസും ഇതൊക്കെത്തന്നെ. ഇപ്പൊ എന്താ വിഷയം ?”
“സർ - ഇതിപ്പൊ നാലു വർഷം മുൻപു നടന്ന കേസാണ്. ഇപ്പൊഴും അന്വേഷണം നടക്കുന്നു. ഈയടുത്ത് ഞങ്ങൾക്കൊരു ഇൻഫൊർമേഷൻ കിട്ടിയിട്ടുണ്ട്. അതു പ്രകാരം ... “
”ആ പയ്യൻ നിരപരാധി ആയിരിക്കുമല്ലേ ? വണ്ടർഫുൾ! . ഞാനിതെത്ര കാണുന്നതാ.“
”അതല്ല സർ... ഇത് റിയലായിട്ടും...“
”ആയിക്കോട്ടെഡോ.“ ഡോക്ടർ അവരെ ഒന്നും തുടരാൻ സമ്മതിക്കുന്നില്ല. ”നിങ്ങൾ അന്വേഷിച്ചോ. പുതിയ സസ്പെക്റ്റ്സ് വരട്ടെ. അറസ്റ്റുണ്ടാകട്ടെ. പഴയ പ്രതി റിലീസാകട്ടെ.അതിന് ഞാനെന്താ വേണ്ടേ ?“
”സർ...“ മാത്യൂസ് ഇടപെട്ടു ”സംഭവമെന്താന്നു വെച്ചാൽ...“
”അതേ - കൂടുതൽ വിശദീകരിക്കുന്നില്ല ഞാൻ. എനിക്കു വേറേ പണിയുണ്ട്. ഈ ശങ്കരൻ എന്നവനെ എനിക്കോർമ്മയുണ്ട്. വളരെ ഡെയ്ഞ്ചറസ് ആണവൻ. പുറത്തു വിട്ടാൽ സൊസൈറ്റിക്കാപത്താണ്. അതുകൊണ്ടാണ് ഞാൻ അവനെ ചെയിനിലിടാൻ റെക്കമന്റ് ചെയ്തത്. അതിപ്പൊ അവൻ കൊല ചെയ്താലും ഇല്ലെങ്കിലും അവൻ അപകടകാരി തന്നെ. നിങ്ങൾക്കിനി ഒരു സെക്കൻഡ് ഒപ്പീനിയൻ വേണമെങ്കിൽ ധൈര്യമായിട്ട് കേസ് ഒന്നൂടി റീയോപ്പൺ ചെയ്തോളൂ. എന്തൊ വേണെങ്കി ആയിക്കോളൂ... എന്നെ ബുദ്ധിമുട്ടിക്കരുത്. ഞാൻ റിട്ടയറായി. ഈ വട്ടന്മാരുടെ കൂടെയുള്ള ജീവിതം ഞാൻ നിർത്തി. ഗുഡ് ബൈ!“
“സർ! കേസ് ഓൾറെഡി ഓപ്പണാണ്. ഇനിയും ഞങ്ങൾ എല്ലാം ആദ്യം മുതൽ തുടങ്ങുന്നതിനേക്കാൾ എത്രയോ ഭേദമാണ് ഡോക്ടർ ഒന്ന് ജസ്റ്റ് വന്ന് ഒരു ഇവാല്യുവേഷൻ നടത്തുകയാണെങ്കിൽ... ഒരു മനുഷ്യന്റെ ജീവിതമല്ലേ ഡോക്ടർ. ഇപ്പൊത്തന്നെ 4 വർഷം കഴിഞ്ഞിരിക്കുന്നു.”
അയാൾ വാതിൽ കൊട്ടിയടച്ചു.
”പോകുമ്പോ ഗെയ്റ്റ് ലോക്ക് ചെയ്തിട്ടു പോണം.“ ഉള്ളിൽ നിന്ന് അയാളുടെ പരുക്കൻ ശബ്ദം വീണ്ടും കേട്ടു.
നിതിൻ തിരിഞ്ഞു നോക്കിയപ്പോൾ മാത്യൂസ് ചിരിച്ചു കൊണ്ടു നില്ക്കുകയണ്. പക്ഷേ നിതിന്റെ മുഖം മുറുകിയിരുന്നു.
“ഈ നായിന്റെ മോനൊരു പണി കൊടുക്കാതെ ഞാൻ ഇനി എങ്ങോട്ടുമില്ല! ഇപ്പളാണ് ഈ കേസ് ഉഷാറായത്!”
“ലീഗലി...അയാളു പറഞ്ഞതിലും കാര്യമുണ്ട്...” മാത്യൂസ് അവനെ തണുപ്പിക്കാൻ ശ്രമിച്ചു.
“ലീഗലി.. അവന്റമ്മേടെ... തിരിച്ചു ചെന്ന പാടെ ഒരു വാറണ്ടുണ്ടാക്കണം. വീടിനകത്തോടെ ഒരു പെൺകൊച്ച് നടക്കുന്ന കണ്ടാരുന്നോ ? അവനു മക്കളുമില്ല ഭാര്യേമില്ല. ഇമ്മോറൽ ട്രാഫിക്കാ. പൊക്കും ഞാൻ പന്നീനെ! ഈ റോട്ടീക്കോടെ ഷഡ്ഡിപ്പൊറത്തു നടത്തും. വണ്ടിയെടുക്ക്!” നിതിൻ പൊതുവേ സമാധാന പ്രിയനാണെങ്കിലും, ഇത്തരം അനുഭവങ്ങളുണ്ടായാൽ ഓർത്തു വെച്ച് പ്രതികാരം ചെയ്യുന്നവനാണെന്ന് മാത്യൂസ് കേട്ടിട്ടുണ്ട്. ആ എടുത്തു ചാട്ടം കാരണമാണ് ഇപ്പൊ ഈ കാട്ടുമുക്കിലേക്കു ട്രാൻസ്ഫർ കിട്ടിയിരിക്കുന്നത്.
“നീ വന്നേ... വെറുതേ സീനുണ്ടാക്കാതെ. എങ്ങനേലും അയാളെ ഒന്നു ചാക്കിട്ട് നമുക്കൊരു തീരുമാനമുണ്ടാക്കണം. നാളെ ഞാനൊറ്റക്കു വരാം.” മാത്യൂസ് അവന്റെ കൈ പിടിച്ച് ജീപ്പിലേക്കു കയറ്റി.
“ഇനി എന്തായാലും ഈ കേസിനൊരു തീരുമാനമായിട്ടേ ഞാൻ ഈ സ്റ്റേഷൻ വിടൂ. ” ആ ജീപ്പ് തിരിഞ്ഞോടി തുടങ്ങിയപ്പോഴേക്കും നിതിൻ തീരുമാനമെടുത്തിരുന്നു.
തിരിച്ചു ഹാളിൽ ചെന്ന ഡോ. കുരുവിള അമ്പരന്നു. “നീയെന്തിനാ എന്റെ എൽസി ഈ ലൈറ്റൊക്കെ ഓഫാക്കി ഇരുട്ടത്തിരിക്കുന്നത് ?”
അയാൾ തപ്പിത്തടഞ്ഞ് ലൈറ്റ് ഓണാക്കി തിരിഞ്ഞതും തന്റെ തൊട്ടു മുൻപിൽ ആ സ്ത്രീരൂപം കണ്ട് ഞെട്ടി!
ഒരു ദാവണിക്കാരി പെൺകുട്ടി!
“ആരാ നീ ?” അയാൾ ചോദിക്കാൻ തുടങ്ങിയപ്പോളേക്കും അവളുടെ വിരലുകൾ അയാളുടെ ചുണ്ടിൽ അമർന്നു.
“ഡോക്ടർ പോയി കുളിക്കൂ... വെള്ളം ചൂടാറും.”
“എൽസി!!” ഡോക്റ്റർ അമ്പരന്നു പോയി. “ഞാൻ കരുതി വേറേതോ പെണ്ണായിരിക്കുമെന്ന്. നീയെന്താ പെട്ടെന്ന് വേഷമൊക്കെ മാറി...ആകെ വേറൊരു ഗെറ്റപ്പ്!!”
“ഉം” അവളുടെ നോട്ടം ആകെ മാറിയിരിക്കുന്നു. പുഞ്ചിരിക്കുന്നെങ്കിലും ഭയാനകമായി തോന്നിച്ചു ആ മുഖം.
“നീയും കൂടെ വാ. എന്റെ കഴുത്തൊക്കെ ഒന്നു മസ്സാജ് ചെയ്യണം. ഒരു വല്ലാത്ത വേദന പോലെ. കെടപ്പു ശരിയായില്ല ഇന്നലെ. അതിന്റെയാ.” അയാൾ അവളെ നോക്കി ഒരു വിടല ചിരി ചിരിച്ചു.
“ഞാൻ വരാം...ഡോക്ടർ ചെല്ല്. ഞാൻ ചില കാര്യങ്ങളൊക്കെ പഠിച്ചു വരുന്നതേയുള്ളൂ. എന്തായാലും എനിക്കിഷ്ടപ്പെട്ടു. ”
“ങേ ? എന്തിഷ്ടപ്പെട്ടൂന്ന് ?”
“ആ പോലീസുകാരെ ഒഴിവാക്കി വിട്ടില്ലേ ? അതെനിക്കിഷ്ടപ്പെട്ടൂന്ന് പറഞ്ഞതാ. ഡോക്ടർ വേഗം ചെല്ല്. വെള്ളം ചൂടാറും.”
“അവന്മാർക്ക് ഇതു തന്നെ പണി. ഞാനിതെത്ര കണ്ടതാ മോളേ. ഓരോരുത്തന്മാരു കണ്ണിക്കണ്ട മരുന്നൊക്കെ കുത്തിക്കേറ്റി അമ്മേം പെങ്ങളേം തിരിച്ചറിയാതെ ഓരോന്നു ചെയ്തു വെക്കും. ഒരൊറ്റയെണ്ണത്തിനെ ഞാൻ വെളിയിൽ വിടൂല്ല! എന്റെ കയ്യിൽ വന്നു പെട്ടോ, അവ്ന്റെയൊക്കെ കാര്യം പോക്കാ.”
“പക്ഷേ അവർക്കൊക്കെ നേരെയാകാൻ ഒരവസരം കൊടുക്കണ്ടേ ? അതല്ലേ ഡോക്ടർമാരുടെ ഉത്തരവാദിത്തം ?” എൽസിയുടെ ചോദ്യത്തിന് വല്ലാത്ത മൂർച്ചയുണ്ടായിരുന്നു.
“കൊള്ളാല്ലോ... ഞാഞ്ഞൂലു പത്തി വിടർത്തുന്നോ ? ആളും തരവുമൊക്കെ നോക്കി വർത്താനം പറഞ്ഞോ മോളേ. അതാ നിനക്കു നല്ലത്....“
“എനിക്കറിയാം ഞാനാരോടാ സംസാരിക്കുന്നതെന്ന്. പക്ഷേ സാറിനറിയില്ല സാറിപ്പൊ ആരോടാ സംസാരിക്കുന്നതെന്ന്...” അവളുടെ മുഖത്തൊരു വല്ലാത്ത ചിരി പടർന്നു. “ചെന്നു കുളിക്ക്! ഞാനും വരുന്നുണ്ട്!”
നടക്കുന്നതിനിടക്ക് ഡോക്ടർ ഒന്നു കൂടി തിരിഞ്ഞു നോക്കി.
അവൾ അവിടെത്തന്നെ നില്ക്കുകയാണ്. ദാവണിയിൽ അവൾ ഒരു കൊച്ചു പെൺകുട്ടിയെപ്പോലെ തോന്നിച്ചു. എങ്കിലും മുഖത്ത് വീഴുന്ന പ്രകാശത്തിന്റെയാണോ എന്തോ ഇടക്കിടക്ക് മറ്റൊരു മുഖച്ഛായ പോലെ... ആ ചിരിയാണ് ഡോക്ടറെ ആകെ ചിന്തിപ്പിച്ചു കളഞ്ഞത്. ഒരു വല്ലാത്ത ചിരി.
“കൊള്ളാം...” അയാൾ ചുണ്ടു കടിച്ചു കൊണ്ട് ബാത്ത് റൂമിലേക്കു കയറി.
ബാത്ത് ടബ്ബിൽ ഇളം ചൂടുവെള്ളം നിറച്ചിരിക്കുന്നു. കുരുവിള തന്റെ ഡ്രസ്സ് ഊരി മാറ്റി അടിവസ്ത്രത്തോടെ ആ വെള്ളത്തിലേക്ക് പതിയെ ഊർന്നിറങ്ങി.
“ആഹ!” അയാൾക്കിഷ്ടപ്പെട്ടു. കഴുത്തൊപ്പം വെള്ളത്തിൽ മണിക്കൂറുകളോളം കിടക്കുന്നത് അയാൾക്ക് ശീലമായിരുന്നു.
പതിയെ കണ്ണുകളടച്ച് എൽസി വരാനായി - അവൾ വാതിൽ തുറക്കുന്ന ശബ്ദത്തിനായി - കാതോർത്തു കിടന്നു അയാൾ.
അധികം വൈകിയില്ല, വാതിൽ പതിയെ തുറക്കപ്പെട്ടു.
“കണ്ണു തുറക്കല്ലേ...” അവളുടെ സ്വരം കാറ്റു പോലെ തോന്നിച്ചു. “ഞാൻ പറഞ്ഞിട്ട് തുറന്നാ മതി...കള്ളൻ!”
കുരുവിള ചിന്തിക്കുകയായിരുന്നു. “ഈ പെണ്ണിനിതെന്തു പറ്റി ? ഇവൾ ഇത്രയും റൊമാന്റിക് ആയിരുന്നോ ?”
എന്തായാലും അയാൾ അവളെ അനുസരിക്കാൻ തന്നെ തീരുമാനിച്ചു.
അങ്ങനെ കണ്ണടച്ചു കിടന്നപ്പോൾ...
പതിയെ തന്റെ ഇടതു ചെവിക്കു പുറകിലായി അവളുടെ സ്പർശം ...വല്ലാതെ ഇഷ്ടപ്പെട്ടു അയാൾക്ക്.
പതിയെ ആ സ്പർശം അയാളുടെ കഴുത്തിനു പുറകിലേക്കിറങ്ങിയപ്പോൾ അയാൾ ഇക്കിളിയോടെ അവളുടെ കയ്യിൽ പിടിക്കാനാഞ്ഞു.
“ങ്ഹേ!!” അയാളുടെ ശരീരത്തിലൂടെ ഒരു മിന്നല്പ്പിണർ കടന്നു പോയ പോലെ. അതവളുടെ കയ്യല്ല!! മറ്റെന്തോ...
കയ്യിൽ തടഞ്ഞ ആ വസ്തു വലിച്ചെടുത്ത് അയാൾ കണ്ണു തുറന്നു.
ഒരു കൂറ്റൻ പഴുതാര!!! അതയാളുടെ കൈപ്പിടിയിലിരുന്ന് പുളയുകയാണ്!!
അയാൾ ഒരലർച്ചയോടെ അതിനെ വലിച്ചെറിഞ്ഞു.
അപ്പോൾ പുറകിൽ നിന്ന് എൽസി അയാളുടെ തോളിൽ കയ്യിട്ട് ബാത്ത് ടബ്ബിനരികിൽ ഇരുന്നു.
“ഡോക്ടർ അങ്ങോട്ടു നോക്ക്യേ ...” അവൾ കൈ ചൂണ്ടി.
ഒന്നേ നോക്കിയുള്ളൂ അയാൾ... അലർച്ചയോടെ ചാടിയെഴുന്നേല്ക്കാൻ ശ്രമിച്ചു. അവൾ തള്ള വിരൽ അയാളുടെ തൊണ്ടക്കുഴിയിൽ അമർത്തി.
ബാത്ത് ടബ്ബിന്റെ വക്കിലൂടെ ഒന്നിനു പുറകേ ഒന്നായി അസംഖ്യം പഴുതാരകൾ അയാളെ സമീപിച്ചു കൊണ്ടിരിക്കുകയാണ്.
“അനങ്ങരുത്! ഒരു ചെറിയ ചലനം മതി അതെല്ലാം കൂടി നിന്നെ ... ” അവൾ പല്ലു കടിച്ചു.
അയാൾ വിറളി പൂണ്ട് മുകളിലേക്കു നോക്കി. ഹൃദയം നിലക്കുന്ന പോലെ തോന്നി അയാൾക്ക്.
മുകളിൽ ഷവറിൽ നിന്നും തൂങ്ങിയാടുകയാണ് ഒരു കരി മൂർഖൻ! പത്തി വിടർത്തി അതങ്ങനെ അയാളുടെ തിരുനെറ്റി ലക്ഷ്യമാക്കി താണിറങ്ങി വരികയാണ്.
“ആ...ആരാണു നീ ? എന്താ ഇതൊക്കെ ? ” അയാൾ വിക്കി.
“ശ്ശ് ശ്ശ്... ” അവൾ അയാളെ തുടരാൻ അനുവദിച്ചില്ല. “നീ ഇതു കണ്ടോ ? ” അവൾ തന്റെ മാറിൽ കയ്യമർത്തി. വിരലുകൾക്കിടയിലൂടെ ചീറ്റിയൊഴുകിയ ചുടുരക്തം അയാളുടെ മുഖത്തേക്കു തെറിച്ചു. “ഇതാണ്... എന്റെ ഹൃദയം പൊട്ടിയൊഴുകുന്ന ഈ ചോര ... എത്ര കുടിച്ചാലും നിനക്കൊന്നും മതിയാവില്ല നായേ!” അവൾ കരയുകയായിരുന്നു.
“ഞാനെന്തു ചെയ്തിട്ടാ ??” അയാളുടെ മുഖം ദയനീയമായിരുന്നു. “ആരാ നീ ?”
“നീയൊന്നും ചെയ്തില്ല! അതാണു നീ ചെയ്ത തെറ്റ്! നിന്റെ ഒരൊപ്പ് കിട്ടിയാൽ രക്ഷപ്പെടുമായിരുന്ന എന്റെ അനിയനെ നീ... ” അവൾ ഒന്നു വിതുമ്പി “കുടിക്കടാ എന്റെ ചോര! എൽസി അവന്റെ മുഖം തന്റെ മാറിലേക്കമർത്തി! ” നിനക്കറിയുവോ ? എന്റെ ജീവനെടുത്ത മുറിവാ ഇത്. പക്ഷേ ചങ്കിലൂടെ ആ കത്തി കുത്തിയിറക്കിയത് എന്റെ ശങ്കുവായിരുന്നില്ല. പക്ഷേ നിനക്കതൊന്നും അന്വേഷിക്കണ്ട കാര്യമില്ലല്ലോ. അല്ലേ ?“
ശ്വാസം മുട്ടി പിടയുകയായിരുന്നു അയാൾ. രണ്ടാളുടെ ബലമായിരുന്നു അവൾക്ക്.
ഒടുവിൽ അവൾ അയാളെ സ്വതന്ത്രനാക്കി ശക്തിയോടെ പുറകോട്ടു തള്ളി.
ആ ആഘാതത്തിൽ ടബ്ബിലെ വെള്ളം കവിഞ്ഞൊഴുകി. വക്കിലൂടെ ഇഴഞ്ഞ് വന്നുകൊണ്ടിരുന്ന പഴുതാരകൾ വെള്ളത്തിലേക്കു വീണു. നൂറു കണക്കിനുണ്ടായിരുന്നു അവ.
”എന്തു വേണെങ്കി ചെയ്യാം ഞാൻ...“ അയാൾ ചുമച്ചപ്പോൾ അവളുടെ രക്തം വായിലൂടെയും മൂക്കിലൂടെയും പുറത്തേക്കു വന്നു.
“ഒരവസരം കൂടി നിനക്കു കിട്ടിയിരുന്നെങ്കിൽ... അല്ലേ ?”
അപ്പോൾ,തലക്കു മുകളിൽ നിന്നൊരു ശബ്ദം കേട്ടു.
അടുത്ത നിമിഷം ആ പാമ്പ് അയാളുടെ തോളിലേക്കു വീണു. അലറിക്കൊണ്ട് ചാടിയെണീക്കാൻ ശ്രമിച്ചപ്പോഴേക്കും അത് അയാളുടെ കഴുത്തിൽ മൂന്നു ചുറ്റുകൾ തീർത്തിരുന്നു. വിരിച്ച പത്തിയുമായി അതയാളുടെ മുഖത്തിനഭിമുഖമായി നിന്നു.
അപ്പോഴേക്കും, അയാളുടെ തുടകളിലൂടെ അനേകം പഴുതാരക്കാലുകൾ അരിച്ചരിച്ച് മുകളിലേക്ക് നീങ്ങാൻ തുടങ്ങിയിരുന്നു.
“വേദന !! എനിക്കു നന്നായി മനസ്സിലാകും വേദന എന്താണെന്ന്. കാരണം ഞാനനുഭവിച്ചത്രയും വേദന ഈ ലോകത്ത് വേറാരെങ്കിലും അറിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. ഈ ലോകം വിട്ടു പോകുന്നതിനു മുൻപ് അതിന്റെ ഒരംശമെങ്കിലും നീ അനുഭവിക്കണം. ”
“ഞാൻ മരിച്ചാൽ പിന്നെ...” അയാൾ എന്തോ പറയാൻ തുടങ്ങുകയാണെന്നു കണ്ട അവൾ പാമ്പിന്റെ പത്തിയിൽ തലോടി.
“എന്താ നീ പറഞ്ഞത് ?”
പാമ്പ് ചുറ്റ് അയച്ചിരുന്നു “ഞാൻ മരിച്ചാൽ പിന്നെ ഒരിക്കലും നിന്റെ അനിയൻ പുറം ലോകം കാണില്ല. എന്നെ വെറുതെ വിടുകയാണെങ്കിൽ... ഐ വിൽ ഹെല്പ് യൂ... ഞാൻ ആ പോലീസു കാരെ വിളിച്ച് എന്നെക്കൊണ്ട് കഴിയും വിധത്തിൽ...അവനെ റിലീസ് ചെയ്യാനൊന്നും എനിക്ക് അതോറിറ്റി ഇല്ല. പക്ഷേ ഫേവറബിൾ ആയൊരു റിപ്പോർട്ട് ഉണ്ടാക്കാം ഞാൻ. എന്തു വേണെങ്കി ചെയ്യാം... പ്ലീസ്...എന്നെ കൊല്ലരുത്...”
“ശരി!” ഒരു ദീർഘനിശ്വാസത്തോടെയാണവൾ തുടർന്നത്. “എങ്കിൽ... എനിക്കു നീയൊരുറപ്പു തരണം.”
“എന്തു വേണെങ്കിലും...” അയാൾ ഭീതിയോടെ തന്റെ വയറിലൂടെ അരിച്ചു കയറുന്ന പഴുതാരകളെ നോക്കി.
“മാത്യൂസും നിതിനും ഉത്തരവാദിത്തമുള്ള രണ്ടുദ്യോഗസ്ഥരാണ്. നിന്നെപ്പോലല്ല. അവർക്കീ കേസന്വേഷിക്കണ്ട യാതൊരാവശ്യവുമില്ല. എന്നിട്ടും ...” അവൾ നിർത്തി “ ഇനി മേലിൽ അവർക്കെന്തെങ്കിലും ബുദ്ധിമുട്ട് നിന്നെക്കൊണ്ടുണ്ടായാൽ!“
“ഒരിക്കലുമില്ല! ഐ പ്രോമിസ്!” അയാൾ കൈ കൂപ്പി.
അവൾ മനോഹരമായി പുഞ്ചിരിച്ചു കൊണ്ടെഴുന്നേറ്റു.
“സാന്ദ്ര പലതും പുതിയതായി പഠിച്ച ദിവസമാണിന്ന്... എന്നെക്കൊണ്ടെന്തൊക്കെ ചെയ്യാനാകുമെന്നൊരു ധാരണ കിട്ടിയതിപ്പോഴാണ്.”
നാളെ!! നാളെ ഞാൻ വീണ്ടും വരും...നീ മറക്കരുത്...കഥകളിൽ കാണുന്ന കുരിശു കണ്ടാൽ ഓടുന്ന - പാലമരത്തിൽ ആവാഹിക്കാൻ കഴിയുന്ന - പ്രേതമല്ല ഞാൻ...
ഞാൻ സാന്ദ്ര! എനിക്കു ചിലതു വേണം. അതു കിട്ടിയിട്ടേ പോകൂ! “
(തുടരും...)

Alex and biju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo