Slider

ഞാൻ നിന്നെ സ്നേഹിച്ചിരുന്നു

1
തീവണ്ടിയുടെ ഒഴിഞ്ഞ ബോഗിയിൽ ഞാൻ മാത്രമേയുള്ളൂ..പെട്ടെന്നാണ് അയാൾ കടന്നു വന്നത്..ഒരു നിമിഷം ശങ്കിച്ച് നിന്ന്..എനിക്കെതിരെയുള്ള സീറ്റിൽ ഇരുന്നു..ആകെയൊരു വെപ്രാളം പിടിച്ച അമേരിക്കൻ ലുക്ക്‌..എന്റെ പ്രായം വരും..ലാപ്ടോപ് ഓൺ ചെയ്തു...ജോലിയിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്നു. ഇടയ്ക്കു ഫോണിൽ ആരോടോ സംസാരിച്ചു..പിന്നെ പുറത്തേക്കു നോക്കി എന്തോ പിറുപിറുത്തു..
ഞാൻ അയാളെ ശ്രദ്ധിച്ചു നോക്കി..ഈ മുഖം ഞാനെവിടെയോ..പെട്ടെന്നാണതു കണ്ടത്..വലത്തേ കൈമുട്ടിൽ ഒരു കാക്കപ്പുള്ളി..ഓർമ്മകളിൽ എവിടെ..എവിടെ..അതെ.. അഞ്ചാം ക്ലാസ്.
അഞ്ചാം ക്ലാസിന്റെ ആദ്യ ദിനം..അലച്ചു പെയ്യുന്ന കർക്കിടക മഴയിൽ നനഞ്ഞൊട്ടി എന്റെ അടുത്തു വിറച്ചു വന്നിരുന്ന ഒരു കുഞ്ഞു മുഖം..ഭയത്തോടെ എന്നെ നോക്കി ചോദിച്ചു..
"ഇംഗ്ലീഷ് ഒക്കെ അറിയാമോ.."
എന്നിലെ ജോസ് പ്രകാശ് ഉണർന്നു..വികലമായി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.."യെസ്..ഐ നോ ഇറ്റ്‌ വെരി വെൽ"
ബഹുമാനത്തോടെ എന്നെ നോക്കി അവൻ പറഞ്ഞു..
"എനിക്ക് ഇംഗ്ലീഷ് അറിയില്ല..ആകെ പേടിയാ..മലയാളം മീഡിയമായിരുന്നു."
"അത് സാരമില്ല..കുറച്ചു ദിവസങ്ങൾക്കു ശേഷം ശരിയായിക്കൊള്ളും.." ഞാനവനെ ആശ്വസിപ്പിച്ചു..
ജോസഫ് ചാക്കോ..കൈമടക്കിൽ ഒരു കാക്കപ്പുള്ളി. അതായിരുന്നു അവന്റെ പ്രധാന ആകർഷണം..ഇയാൾ അവനാണോ..എന്റെ പ്രിയ ബാല്യകാല സുഹൃത്ത്‌..ഞാൻ മെല്ലെ മുന്നോട്ടാഞ്ഞു ചോദിച്ചു..
"ജോസഫ് ചാക്കോ..?"
പെട്ടെന്നയാൾ മുഖമുയർത്തി..
"യെസ്.."
"പുള്ളീസേ..ഇത് ഞാനാടാ..മോൻസി..പണ്ടത്തെ അഞ്ചാം ക്ലാസ്.."
അവനെന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്നു..പിന്നെ എന്നെ നോക്കി മെല്ലെ ചിരിച്ചു കൊണ്ട് പറഞ്ഞു.
"യെസ്..ഐ ഡു റിമെംബർ..എന്ത് ചെയ്യുന്നു ഇപ്പോൾ..?"
തികച്ചും ഔപചാരികതയുടെ ഭാവം..ഇവനെന്ത് പറ്റി..
"എടാ നീ ശരിക്കും ഓർക്കുന്നുണ്ടോ എന്നെ..? നീ ഇപ്പോൾ എവിടെ..?"
മുഖത്ത് അറിയാതെ വന്നണഞ്ഞ നീരസഭാവം മറച്ചു പിടിക്കാൻ ശ്രമിച്ചു കൊണ്ട് അവൻ പറഞ്ഞു..
"ഐ ആം ഇൻ സ്റ്റെയ്റ്റസ് നൗ..സെറ്റിൽഡ് ദെയർ..ഷെയർ കൻസൽട്ടൻസി..ഇന്നലെയാണ് വന്നത്..ഒരു മീറ്റിംഗ് ഉണ്ട്..പ്ലീസ്..വൺ മിനിട്ട്.."
ഫോണിൽ തിരക്കിട്ട് ആരോടോ സംസാരിച്ചു അവൻ എന്നെ നോക്കി..
"ബിസിയാണ്..അല്പ്പം ജോലി.."
ഞാൻ അവിശ്വാസത്തോടെ അവനെ നോക്കി..പിന്നെ മെല്ലെ തലയാട്ടി..
ഞാൻ പുറത്തേക്കു നോക്കിയിരുന്നു..അപമാനത്തിന്റെ പാട നേർത്ത ദുർഗന്ധം പരത്തി എന്നെ പൊതിയുന്ന പോലെ..
ആറാം ക്ലാസ്സ്..ഞാനിനിയും ഹരിക്കാനും ഗുണിക്കാനും പഠിച്ചിട്ടില്ല..
അവനെന്നെ കണക്കു പഠിപ്പിക്കുകയാണ്..
"എടാ..ഞാൻ നിനക്ക് രണ്ടു കപ്പലണ്ടി മുട്ടായി തരുന്നു.."
"ങേ..താ.." ഞാൻ കൈ നീട്ടി..
"എടാ അതല്ല..നീ സങ്കല്പ്പിക്ക്..രണ്ടു കപ്പലണ്ടി മുട്ടായി...അതിലൊന്ന് നീ തിന്ന്..ബാക്കി നിന്റെ കൈയ്യിൽ എത്ര മുട്ടായി..?"
"ബാക്കി ഉണ്ടാവില്ല.."
"അതെന്താ..?"
"അതും ഞാൻ തിന്നും.."
ഞാനവനെ കൊതിയോടെ നോക്കി..അവനെന്നെ ദയനീയമായും..
"പോട്ടെ..ഞാൻ ഞാൻ നിനക്ക് മൂന്ന് ഏത്തപ്പഴം തന്നൂന്ന് വിചാരിക്ക്‌.."
"വീട്ടിലൊണ്ടായതാണോ..?"
അവനെന്നെ രൂക്ഷമായി നോക്കി..ഭാഗ്യത്തിന് ബെല്ലടിച്ചു..അവൻ അലൂമിനിയം പെട്ടിയിൽ പുസ്തകം വാരിയിട്ട് ഇറങ്ങിയോടി..പിറ്റേന്ന് കണ്ടപ്പോൾ ഞാൻ ചോദിച്ചു..
"നീ കൊണ്ടുവന്നിട്ടുണ്ടോ..?"
"എന്ത്..?"
"ഏത്തപ്പഴം"
"ചോറിനു കൊണ്ടുവന്ന മൊട്ട പുഴുങ്ങിയതൊണ്ട്..വേണേ എടുത്തു തിന്നോ. നമുക്ക് നിന്റെ കറി കൂട്ടി ഉണ്ണാം".
ഡെസ്ക്കിൽ കമഴ്ന്നു കിടന്നു മുട്ട പുഴുങ്ങിയത് തിന്നു കൊണ്ട് ഞാൻ ആലോചിച്ചു..ഈ കോഴിയൊക്കെ എത്ര കഷ്ട്ടപെട്ടായിരിക്കും മുട്ടയിടുന്നേ..
ഒരു പതിനൊന്നു മണിയായപ്പോ..കരടി കണക്കു പഠിപ്പിച്ചു കൊണ്ട് നില്ക്കുന്നു..ഞാൻ ബെഞ്ചിന്റെ മുകളിലും..അപ്പോൾ പുള്ളീസിനെ ഓഫീസിലേക്ക് വിളിപ്പിച്ചു..തിരികെ കരഞ്ഞു കൊണ്ടോടി വന്ന് അവൻ പറഞ്ഞു..
"സാറേ..ഞങ്ങടെ വല്യമ്മച്ചി മരിച്ചു പോയി..അപ്പച്ചൻ കൊണ്ടുപോകാൻ വന്നിട്ടുണ്ട്.." അലൂമിനിയം പെട്ടിയും തൂക്കി അപ്പന്റെ ഒപ്പം ഗ്രൌണ്ടിനു കുറുകെ നടന്നോടി വഴിയുടെ അങ്ങേ തലയ്ക്കൽ അവൻ മറഞ്ഞു..
എനിക്ക് ജീവിതത്തിൽ ആദ്യമായി പുള്ളീസിനോട് അസൂയ തോന്നി..വല്യമ്മച്ചി മരിച്ചാലെന്താ..അവനു വീട്ടില് പോകാൻ പറ്റിയല്ലോ..ഇനി രണ്ടു ദിവസം സ്ക്കൂളിൽ വരുകയും വേണ്ട..
എന്റെ വല്യമ്മച്ചിയും മരിച്ചിരുന്നേൽ..എനിക്കും വീട്ടിൽ പോകാരുന്നു..ഗ്രൌണ്ട് മുറിച്ചു കടന്നു അമ്മച്ചിയെങ്ങാനും വരുന്നുണ്ടോ..ഞാൻ വെറുതേ പുറത്തേക്കു നോക്കി നിന്നു..
പിന്നീട് ഏഴാം ക്ലാസ് പാസ്സായ പുള്ളീസ് മലബാറിന് പോയി..പുളിങ്കുന്നിലെ സ്ഥലമൊക്കെ വിട്ട്..
"ആർ യു സ്ലീപ്പിങ്ങ്.."?
"ങേ" ഞാൻ കണ്ണ് തുറന്നു അവനെ നോക്കി..
"ഉറങ്ങിപ്പോയോ" വികലമായ മലയാളത്തിൽ അവൻ ചോദിച്ചു..
"ഇല്ല..ഞാൻ വെറുതെ പഴയ കാര്യങ്ങൾ ഓർത്തുപോയി"
"പഴയ കാര്യങ്ങൾ..? യു മീൻ ഓൾഡ്‌ സ്കൂൾ ഡെയ്സ്..? ഗോൺ വിത്ത്‌ ദി വിൻഡ്..ഞാൻ അതൊന്നും ഓർക്കാറില്ല..നോ ടൈം ടു..സീ മൈ ലൈഫ്..ബിസി മൊമെന്റ്സ്..ടൈം ഈസ്‌ പ്രിഷ്യസ് ..കാഷ്..ഡോളെറ്സ്..
കാഷ് മെക്ക്സ് ലൈഫ്..കാഷ് ഈസ്‌ ലൈഫ്.."
എനിക്ക് മടുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു..ഞാൻ വീണ്ടും കണ്ണുകൾ ചേർത്തടച്ചു..
എറണാകുളം നോർത്ത് അടുക്കുന്നു..ബാഗ്‌ ഒതുക്കി അവൻ ഇറങ്ങാൻ ഒരുങ്ങുന്നു..ഞാനവനെ കണ്ണെടുക്കാതെ നോക്കിയിരുന്നു..കാണെക്കാണെ അവന്റെ ലാപ്ടോപ് അലൂമിനിയം പെട്ടിയായി..പിന്നെ കറുപ്പും വെളുപ്പും യൂണിഫോം ധരിച്ച്..മുടിയാകെ എണ്ണയിൽ മുക്കി പരിഭ്രമത്തോടെ തല കുമ്പിട്ടിരിക്കുന്ന ഒരു കൊച്ചു കുട്ടിയായി..എന്റെ പുള്ളീസ്..
മനോഹരമായി പ്രിന്റ്‌ ചെയ്ത ബിസിനെസ് കാർഡ്‌ എനിക്ക് നേരെ നീട്ടി അവൻ പറഞ്ഞു..
"കോണ്ടാക്റ്റ് മി വെൻ ഫ്രീ"
പ്ലാറ്റ്ഫൊമിലെ തിരക്കിലേക്ക് ഊളിയിട്ട്..ഒരുപാട് അപരിചിത മുഖങ്ങളിലൊന്നായി അവൻ മറഞ്ഞു..
തീവണ്ടി വീണ്ടും ചലിക്കുകയാണ്..കണ്ണുകളെ വിറപ്പിച്ചു കൊണ്ടൊരു ചൂടുകാറ്റ് എന്നെ ഉഴിഞ്ഞകന്നു..വിറയ്ക്കുന്ന കൈകളിരിക്കുന്ന ബിസിനസ് കാർഡിലേക്ക് ഞാൻ നോക്കിയിരുന്നു..
അവ്യക്തമായി ചെവിയിൽ മുഴങ്ങുന്ന ശബ്ദം..
"കോണ്ടാക്റ്റ് മി വെൻ ഫ്രീ"
ഞാനാ ബിസിനെസ് കാർഡ് മെല്ലെ കീറി..ഒരു നൂറു തുണ്ടായി..പിന്നെ കാറ്റിനെ വകഞ്ഞു കുതിക്കുന്ന തീവണ്ടിയുടെ തുരുമ്പിച്ച ജനാലയിലൂടെ പുറത്തേക്കു പറപ്പിച്ചു വിട്ടു..
അല്ലെങ്കിൽ തന്നെ പ്രിയ പുള്ളീസേ..നിന്നെ ഓർക്കാൻ... എനിക്കെന്തിന് ഒരു ബിസിനെസ് കാർഡ്..നീ ദേ ..ഇവിടെയുണ്ട്...എന്റെ ചങ്കില്...ചാകുവോളം..
ഒരു ......സുന്ദരമായ ബാല്യത്തിലെ മനോഹരമായൊരു എട് അവസാനിക്കുകയാണ്....
ഒരു കാലത്ത് കൈ പിടിച്ചവർ..ചേർന്ന് നടന്നവർ..സ്വപ്‌നങ്ങൾ പങ്കു വച്ചവർ..നമ്മളൊക്കെ എങ്ങനെയാണ് അകലാൻ ശീലിച്ചത്..?
അറിയില്ല എനിക്ക്..ഒന്നു മാത്രം അറിയാം..ഞാൻ നിന്നെ സ്നേഹിച്ചിരുന്നു..ഒരുപാട് സ്നേഹിച്ചിരുന്നു..

Moncy
1
( Hide )
  1. എവിടെയൊക്കെയോ ഒരു നൊസ്റ്റാൾജിയ.....
    നന്ദി.....

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo