Slider

#Sandram Part 15

#Sandram Part 15

Part 15
*****************************************************************
കഥയെഴുതാൻ എന്നെ കാര്യമായിട്ട് സഹായിക്കുന്ന ഒല്ലൂർ പോലീസ് സ്റ്റേഷനിലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത പോലീസ് സുഹൃത്തിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. ഡ്യൂട്ടിക്കിടയിൽ ഫെയ്സ്ബുക്ക് നോക്കി പണി മേടിക്കരുതെന്നഭ്യർഥിക്കുന്നു.
*****************************************************************
എസ് പീ ഓഫീസ്. പിറ്റേന്നു രാവിലെ 10.30
“എന്താണുണ്ടായിരിക്കുന്നതെന്ന് നമുക്കൊരു ധാരണയുമായിട്ടില്ല. ബാംഗ്ലൂരിൽ കോരമംഗല എന്ന സ്ഥലത്തു വെച്ചാണ് അവൻ ലൂസായിരിക്കുന്നത്.” എസ് പീ സംസാരിച്ചു തുടങ്ങി. റെജി കേസുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ സ്റ്റേഷനുകളിലെയും ചുമതലപ്പെട്ടവർ സ്ഥലത്തു ഹാജരായിരുന്നു.
നിങ്ങളിൽ പലർക്കും റെജി എന്നവനെക്കുറിച്ച് വേണ്ടത്ര ധാരണയില്ല എന്നെനിക്കറിയാം. മിസ്റ്റർ മാത്യൂസ് ആണ് കേസിലെ അറസ്റ്റിങ്ങ് ഓഫീസർ. സീ ഐ ചന്ദ്രദാസും ആ സമയത്ത് കൂടെയുണ്ടായിരുന്നു. റെജിയേപ്പറ്റിയുള്ള ഒരു ബ്രീഫ് ഹിസ്റ്ററി അവർ തരും. ഇനി...
ഇൻഡ്യയിലെ മിക്ക സംസ്ഥാനങ്ങളിലും അവനു കേസുകളുണ്ട്. ഒരു 2 വർഷത്തെ തെളിവെടുപ്പെങ്കിലും കഴിഞ്ഞെങ്കിലേ അവനെ നേരാം വണ്ണം പ്രോസിക്യൂട്ട് ചെയ്യാനൊക്കൂ. അതായിരുന്നു നമ്മുടെ മുൻപിലെ ഏറ്റവും വലിയ വെല്ലുവിളി. പക്ഷേ അതിനേക്കാളുപരി എന്നെ അമ്പരപ്പിക്കുന്ന വേറൊരു വിഷയമുണ്ട്,
കേവലം മുപ്പതു വയസ്സിനുള്ളിൽ എങ്ങനെ ഒരു മനുഷ്യന് ഇത്രയധികം കുറ്റകൃത്യങ്ങൾ നടത്താനാകും ? എത്രയോ പ്രാവശ്യം അവൻ പോലീസ് പിടിയിലായി ? എങ്ങനെ അവൻ കണ്ടിന്യുവസായി പോലീസിനെ വെട്ടിച്ചു രക്ഷപ്പെടുന്നു ? കൊലപാതകമടക്കം എത്ര കേസുകളാണ് ഈ ചെറു പ്രായത്തിൽ അവൻ സമ്പാദിച്ചത് !!
അതുകൊണ്ട് ഞാൻ ഒരു സജഷൻ പറയാൻ പോകുകയാണ്.അതുകേട്ട് എന്നെ ജഡ്ജ് ചെയ്യുന്നതിനു മുൻപ് നിങ്ങൾ അവന്റെ ഹിസ്റ്ററി ഒന്നു വായിച്ചു നോക്കണം. പ്ലീസ്.
നമുക്കെല്ലാവർക്കും റെജിസ്റ്റേർഡ് ഗവണ്മെന്റ് ആയുധങ്ങളുണ്ട്. അതുപയോഗിക്കാനുള്ള അധികാരവുമുണ്ട്. പക്ഷേ റെഗുലേഷൻസ് ഉണ്ടെന്നു മാത്രം. അല്ലേ ?“
എല്ലാവരും തലയാട്ടി.
”സോ, ഇനിയൊരു തവണ നിങ്ങളാരെങ്കിലും ഈ റെജി എന്ന മൃഗത്തെ ഒരിക്കൽ കൂടി നേരിൽ കാണുകയാണെങ്കിൽ...ജസ്റ്റ് ഷൂട്ട് ഹിം! മുട്ടിനു കീഴിലല്ല...ജസ്റ്റ് മെയ്ക്ക് ഷുവർ ദാറ്റ് ബാസ്റ്റാർഡ് ഈസ് ഡെഡ്!“
പോലീസുകാർ പരസ്പരം നോക്കി.
”ഞാൻ വീണ്ടും പറയുന്നു. പോലീസ് തോക്കായിരിക്കണമെന്നു മാത്രമേയുള്ളൂ. യൂ ഹാവ് ദ അതോറിറ്റി റ്റു ടെയ്ക്ക് ഹിസ് ലൈഫ്! എനിക്കാകെ വേണ്ടത് ഒരു റിപ്പോർട്ട് മാത്രം. ജസ്റ്റ് ഫോർ ഫോർമാലിറ്റി. ഓക്കേ
അവൻ തീർച്ചയായിട്ടും വരും. അതിൽ സംശയിക്കുകയേ വേണ്ട. തക്കം പാർത്തിരുന്ന് പ്രതികാരം ചെയ്യുന്നതാണവന്റെ രീതി. കേസ് ഫയൽ വായിച്ചാൽ മനസ്സിലാകും. ഓർക്കണം, സ്വന്തം ചേട്ടനെ കൊല്ലാനാണവൻ അവസാനമായിട്ട് കേരളത്തിൽ വന്നത്. അതും വർഷങ്ങൾ നീണ്ട ആസൂത്രണങ്ങൾക്കു ശേഷം. ഉടനെ ഇല്ലെങ്കിലും, അവൻ എന്നെങ്കിലുമൊരിക്കൽ വീണ്ടും വരും. എസ് ഐ മാത്യൂസ്, സീ ഐ ചന്ദ്രൻ, മി. റോബി, പിന്നെ മാത്യൂസിന്റെ ഇൻഫോർമർ. ഇത്രയും പേരെ വകവരുത്താനായിട്ട് എന്തായാലും അവൻ വരും.വീ ഹാവ് റ്റു ബി പ്രെപ്പയേർഡ്!”
“ആ ഇൻഫോർമർ ആരാണെന്ന് മറച്ചു വെക്കണ്ട യാതൊരാവശ്യവുമില്ല സർ. ” ഒരുദ്യോഗസ്ഥൻ എഴുന്നേറ്റു. “ഈ നാട്ടിലെല്ലാവർക്കുമറിയാം അത് മി. ബെന്നിയാണെന്ന്. ഏതോ ചാനലിൽ വരെ വന്നിരുന്നു ഈയടുത്ത്.”
“റിയലി ?” എസ് പീ ഞെട്ടിയതു പോലെ തോന്നി.
“അവനു വേണമെങ്കിൽ നമുക്കൊരു ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്താനാകും. ” പോലീസുകാർ ചിരിച്ചു. “ അവനിപ്പോ വല്യ പുള്ളിയാ. പതിനായിരക്കണക്കിനാളുകളാ അവന്റെ പ്രോഗ്രാമുകൾക്ക് വന്നു കൂടുന്നത്. ‘വിടുതൽ ശുശ്രൂഷകളാണ്’ അവന്റെ സ്പെഷ്യാലിറ്റി.”
“അതെന്തുമായ്ക്കോട്ടെ. വീ ഹാവ് റ്റു പ്രൊട്ടക്റ്റ് ഹിം.” എസ് പീ ക്ക് ആ തമാശ അത്ര രസിച്ചില്ല.
അത്രയും സമയം മിണ്ടാതിരുന്ന മാത്യൂസ് എഴുന്നേറ്റു.
“മി. ബെന്നി ഒരിക്കലും പ്രൊട്ടക്ഷനു സമ്മതിക്കില്ല. ഞാൻ മുൻപും ശ്രമിച്ചിട്ടുണ്ട്.”
“അവന്റെ സമ്മതം ആർക്കു വേണം ? കൂടുതൽ സംസാരിക്കുകയാണെങ്കിൽ കസ്റ്റഡിയിലെടുത്ത് അകത്തിടണം. പോലീസ് പ്രോട്ടക്ഷൻ നിരസിക്കുന്നതും കുറ്റകരമാണ്.”
“സർ!”
“പിന്നെ, ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ, മാത്യൂസ് ഈ കേസിൽ നിന്നും മാറി നില്ക്കണം. നിന്നെയും എനിക്കു പ്രൊട്ടക്റ്റ് ചെയ്തേ ഒക്കൂ.”
“സർ??”
“എതിർത്തൊന്നും പറയണ്ട. തനിക്കൊരു ട്രാൻസ്ഫർ വിത് പ്രൊമോഷനു ഞാൻ റെക്കമൻഡ് ചെയ്തിട്ടുണ്ട്.”
“താങ്ക് യൂ സർ. ബട്ട്, അറ്റ് ലീസ്റ്റ് മി. റോബിയുടെ പ്രൊട്ടക്ഷനെങ്കിലും എനിക്ക് നേരിട്ടു ഡീൽ ചെയ്യണം. ബിക്കോസ്...”
“എനിക്കറിയാം. അയാൾ തന്റെ അടുത്ത സുഹൃത്താണ്. പക്ഷേ, പോലീസ് വർക്കിൽ സുഹൃത്തുക്കൾക്കൊന്നും പ്രയോരിറ്റി ഇല്ല മാത്യൂസ്. അതു ഞാൻ പ്രത്യേകം പറയണ്ട കാര്യമില്ലല്ലോ.”
മാത്യൂസ് മറുപടിയൊന്നും പറയാതെ കസേരയിൽ ഇരുന്നു.
“സോ... ഡോണ്ട് ഫോർഗെറ്റ്! ഷൂട്ട് അറ്റ് സൈറ്റ്!! ആ നരാധമൻ ഇനി ജീവിച്ചിരിക്കാൻ യോഗ്യനല്ല!
താങ്ക് യൂ. മീറ്റിങ്ങ് ഡിസ്മിസ്സ്ഡ്!”
പുറത്തേക്കിറങ്ങിയ മാത്യൂസ് ആദ്യം തിരഞ്ഞത് നിതിനെയാണ്. സബ് ഇൻസ്പെക്ടർ നിതിൻ ബാലകൃഷ്ണൻ. അയാൾ ജീപ്പിലേക്കു കയറാനൊരുങ്ങുകയായിരുന്നു.
“നിതിൻ!” മാത്യൂസ് പുറകേ ഓടിയെത്തി.
“ഓ! മത്തായിച്ചനോട് പ്രത്യേകം ഒരു താങ്ക്സ് പറയാൻ വിട്ടു. നല്ല ബെസ്റ്റ് പണിയല്ലേ പണിഞ്ഞു തന്നത്.”
“നിന്റെ സ്റ്റേഷനിലും റെജിക്കു കേസുണ്ടോ ?”
“പിന്നില്ലാണ്ട് ? അവനു കേസില്ലാത്ത സ്റ്റേഷനുണ്ടോ ? സൂപ്പർസ്റ്റാറല്ലേ അവൻ !”
“പിടിക്കുമ്പോ ഞാനറിഞ്ഞില്ലല്ലോ ഇവൻ ഇത്രെം വല്യ പുള്ളിയാണെന്ന്.”
“അതു കള, ആ എസ് പീ മൊതാലാളീടെ വർത്താനം കേട്ട്ട്ടെനിക്കു ചൊറിഞ്ഞു വന്നു. വെടി വെച്ചോളാൻ! വെച്ചു നോക്ക്. അപ്പൊ അറിയാം. ജീവിതകാലം മുഴുവൻ പിന്നെ അതിന്റെ പുറകേ തൂങ്ങണ്ടി വരും.
ഞാൻ ചുമ്മാ ആകാശത്തോട്ടൊന്നു വെടി വെച്ചതാ പണ്ട്. അതിന്റെ പണിഷ്മന്റായിട്ടാ എന്നെ ആ കാട്ടു മുക്കിലേക്ക് ട്രാൻസ്ഫർ ചെയ്തത്. അയാൾക്ക് മോളീന്നേതാണ്ട് പ്രെഷറുണ്ട്. റെജി ജീവിച്ചിരുന്നാൽ ചെലപ്പൊ ചെലരുടെയൊക്കെ കസേര തെറിക്കും. അതിന്റെയാ.”
അതു ശരിയായിരിക്കുമെന്ന് മാത്യൂസിനും തോന്നിയിരുന്നു.
“ഇങ്ങു വന്നേ... എനിക്കേ...നിന്റൊരു ഹെല്പ്പു വേണം. “മാത്യൂസ്, അവനെ പിടിച്ചു മാറ്റി നിർത്തി. “നിന്നെ വിളിക്കാൻ തുടങ്ങുവാരുന്നു ഞാൻ രാവിലെ തന്നെ. ഇവിടെ കാണുമെന്നെനിക്കറിയില്ലല്ലോ.”
“നീ കാര്യം പറ.”
“നിന്റെ സ്റ്റേഷനിലെ ഒരു പഴയ കേസ് തപ്പിയെടുക്കണം.”
“എന്നാ സൂക്കേടിന് ?”
“ഒരു നാലുകൊല്ലം മുൻപത്തെ ഒരു മർഡർ കേസാ. സാന്ദ്ര എന്നൊരു പെൺകുട്ടി. ഒപ്പം അതിന്റെ ഫാദറും.”
“നാലു കൊല്ലോ!” നിതിൻ അമ്പരന്നു “ യൂണിഫോമിട്ടു നിക്കുവാ. അല്ലെങ്കി ഞാൻ നല്ല പുളിച്ച തെറി പറഞ്ഞേനേ. ഞാൻ ഒരു ട്രാൻസ്ഫറിനപേക്ഷിച്ച് ഏതാണ്ട് ഓക്കെയായി ഇരിക്കണ സമയമാ. കൂത്താട്ടുകുളത്തേക്ക്.”
“നീ പൊക്കോ. പോകുന്നേനു മുൻപ് ഇതൊന്നു നോക്കിക്കൂടേ ? സാന്ദ്ര. എസ് ഇൽ തുടങ്ങുന്ന ഫയലൊക്കെ ഒന്നു തപ്പാൻ പറഞ്ഞാ പോരേ ?”
നിതിൻ പൊട്ടിച്ചിരിച്ചു.
“നീയെന്റെ സ്റ്റേഷനിലൊന്ന് വന്നു നോക്ക്. ഒരു വാടക വീട്ടിലാ. അവടെ ഫയലിങ്ങ് സിസ്റ്റമൊന്നുമില്ല. ഞങ്ങടെ ഫയലൊക്കെ ഒരു മൂലക്കു കൂട്ടിയിട്ടിരിക്കുവാ. പുതിയ കേസു വല്ലതുമാണെങ്കി പറ. നോക്കാം. ഈ നാലു കൊല്ലം മുൻപത്തെ കേസൊക്കെ ... നടക്കുന്ന കാര്യമല്ല മത്തായി ” അവൻ തിരിഞ്ഞു നടന്നു.
“ഡാ! ആ കേസിലു ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുന്നത് ഒരു മിസ്റ്റർ ശങ്കരൻ നമ്പൂതിരിയാണ്. നിരപരാധിയാണയാൾ! എന്തെങ്കിലും ചെയ്തില്ലെങ്കിൽ ജീവപര്യന്തം പാവം അകത്തു കിടക്കേണ്ടി വരും. ഇപ്പൊത്തന്നെ നാലുകൊല്ലമായി .” മാത്യൂസ് പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു.
നിതിൻ നിന്നു. പിന്നെ പതിയെ തിരിഞ്ഞ് നടന്ന് വീണ്ടും മാത്യൂസിനരികിലെത്തി.
“പട്ടി തെണ്ടീ! പഠിച്ചോണ്ടിരുന്ന കാലത്തേ നീയെനിക്കു സ്വസ്ഥത തരില്ലാരുന്നു.” പല്ലുകടിച്ചു പിടിച്ചാണവന്റെ സംസാരം. “പറ! പണ്ടാരമടങ്ങ്! എന്തു കേസാ ഇത് ? നിനക്കെങ്ങനെ അറിയാം അയാൾ നിരപരാധിയാണെന്ന് ?”
“നിനക്കങ്ങനെ ഇട്ടട്ടു പോകാൻ പറ്റില്ലെന്നെനിക്കറിയില്ലേ. ” മാത്യൂസ് ചിരിച്ചു. “ഞാനും വരാം നിന്റെ കൂടെ വേണെങ്കിൽ. നമുക്കൊന്നിച്ചു തപ്പാം.”
“വേണ്ട...നീ തപ്പിയേടത്തോളം മതി. തൃപ്തിയായി . നീ ഈ കേസെന്താന്നു പറ.”
“അതു ഞാൻ പിന്നെ പറയാം... ഇങ്ങനൊരു കേസ് ശരിക്കും ഉണ്ടെങ്കിൽ... ഇന്നു രാത്രി ഞാൻ നിന്റെ വീട്ടിലേക്കു വരും. രണ്ടെണ്ണം വീശിയിട്ടിരുന്നു പറഞ്ഞാലേ നിനക്കു മനസ്സിലാകൂ. ഇപ്പൊ ഞാൻ കൂടുതൽ ഡീറ്റയിൽസ് പറയാൻ നിന്നാ, മിക്കവാറും നിന്റെ കണ്ട്രോളു പോകും.”
“ബെസ്റ്റ്!! അപ്പൊ ഇങ്ങനൊരു കേസുണ്ടോ ന്നു പോലും നിനക്കറിയില്ല !! ”
“എക്സാക്റ്റ്ലി! അപ്പൊ ശരി. കാണാം. എനിക്കു പോയിട്ട് ഒരിത്തിരി പണിയുണ്ട്.”
“ഒണ്ടാകുമല്ലോ... നിനക്കു പോയിട്ടു ധാരാളം പണി കാണും. ഞാനൊക്കെയാണല്ലോ ഒരു പണീമില്ലാതെ ചൊറീം കുത്തിയിരിക്കുന്നത്. അഹങ്കരിക്കണ്ടടാ... റെജി വരുന്നുണ്ട് മോനേ! മിക്കവാറും നിന്നെ ഓള്രെഡി സ്കെച്ചു ചെയ്തു കാണും. അതു കണ്ടിട്ടേ ഞാനിവിടുന്നു പോകൂ.”
“പോട മറ്റവനേ!” മാത്യൂസ്സ് തിരിഞ്ഞ് തന്റെ ജീപ്പിലേക്കു നടന്നു.
നിതിൻ തമാശ പറഞ്ഞതായിരുന്നെങ്കിലും, തിരിച്ചുള്ള യാത്രയിൽ, മാത്യൂസിനു തന്റെ മക്കളുടെ മുഖമായിരുന്നു മനസ്സു നിറയെ. എന്തപകടം പിടിച്ച ജോലിയാണ് തന്റേതെന്ന ചിന്ത ഈയിടെയായിട്ട് അയാളെ വല്ലാതെ അലട്ടാൻ തുടങ്ങിയിരുന്നു.
എങ്കിലും ഇപ്പൊത്തന്നെ ആരെങ്കിലും വിളിച്ച് റെജിയുടെ എന്തെങ്കിലും ഇൻഫർമേഷൻ തന്നാൽ താൻ ചാടിപ്പുറപ്പെടുമെന്നും അയാൾക്കറിയാം.
***** ***** ***** ***** ***** ***** ***** *****
അന്നാമ്മ ചെറിയാൻ ഒരു സാധു സ്ത്രീയായിരുന്നു.
കേണലിന്റെ മരണത്തിനു ശേഷം അവർ തികച്ചും നിസ്സഹായയായ പോലെ തോന്നിപ്പിച്ചു.
നീനയും റോബിയും ഒരുമിച്ചതിനു ശേഷം അവർ എന്തുകൊണ്ടോ എല്ലാമുപേക്ഷിച്ച് ഒരു ആത്മീയ വനവാസത്തിനു തയ്യാറെടുക്കുകയായിരുന്നു. അതിനായിട്ടാണ് അവർ ജോസച്ചനെ പോയി കണ്ടതും, തുടർന്നുള്ള തന്റെ ജീവിതം സ്നേഹ വീട്ടിലേക്കു മാറ്റുകയാണെന്നറിയിച്ചതും.
ജോസച്ചനത് വളരെ സന്തോഷമായിരുന്നു. എന്നാൽ, നീനയുടെയും റോബിയുടെയും അഭിപ്രായം അറിയാതെ ഒരു തീരുമാനമെടുക്കാൻ അദ്ദേഹം തയ്യാറായില്ല.
അവർ മലേഷ്യൻ യാത്രയിലായിരുന്ന സമയത്ത് അന്നാമ്മ സകല സ്വത്തുക്കളും നീനയുടെ പേരിലേക്കു മാറ്റാനുള്ള ഏർപ്പാടുകൾ ചെയ്തു വെച്ചു. കേണലിന് എത്രമാത്രം സ്വത്തുക്കളായിരുന്നു എന്നത് പോലും അവർക്കറിയില്ലായിരുന്നു എന്നതാണ് സത്യം. മൂന്നാർ, വയനാട് പ്രദേശങ്ങളിൽ അനേകം ഏക്കറുകൾ വരുന്ന ചായത്തോട്ടങ്ങളും റിസോർട്ടുകളും സ്വന്തമായിട്ടുണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാൽ ഇതൊന്നും കുടുംബത്തെ അറിയിച്ചിരുന്നില്ല. ഒരു വലിയ ഫയൽ നിറയെ വിവിധ പ്രോപ്പർട്ടികളുടെ രേഖകളുമായി ആ അമ്മ ആധാരമെഴുത്തു കേന്ദ്രങ്ങളിൽ കയറിയിറങ്ങി.
എന്തൊക്കെ ഉണ്ടാക്കിയിട്ടും, ഒരൊറ്റ നിമിഷം കൊണ്ട് ഒക്കെ ഉപേക്ഷിച്ച് പോകേണ്ടി വന്ന കേണൽ ചെറിയാൻ, എത്ര വലിയൊരു വിഡ്ഢിയായിരുന്നു എന്നവർ ചിന്തിച്ചു. ഭാര്യയും മകളുമൊന്നും ഒരുക്കലും അദ്ദേഹത്തിനൊരു വിഷയമേ ആയിരുന്നില്ല.
ഒടുവിൽ, വിദഗ്ധരുടെ അഭിപ്രായ പ്രകാരം, സ്വത്തുക്കളെല്ലാം ഇഷ്ടദാനം നടത്താമെന്നു തീരുമാനിച്ച്, എല്ലാം നീനയുടെ പേരിലേക്കാക്കി അവർ . അന്നു വൈകിട്ട് റോബി ജോലി കഴിഞ്ഞെത്തുന്നതും പ്രതീക്ഷിച്ച് കാത്തിരുന്നു.
മക്കൾ എന്തൊക്കെ പറഞ്ഞാലും, ഇനി തന്റെ ജീവിതം സ്നേഹവീട്ടിലെ കുഞ്ഞുങ്ങളോടൊപ്പമായിരിക്കും. അന്ത്യം വരെ. അവർ തീരുമാനിച്ചുറപ്പിച്ചിരുന്നു.
***** ***** ***** ***** ***** ***** ***** *****
വൈകിട്ട് തന്റെ ക്ലാസ്സ് കഴിഞ്ഞതും നീന നേരേ പോയത് സ്നേഹവീട്ടിലേക്കായിരുന്നു. എന്തു കൊണ്ടോ അവിടെ ചെന്നാൽ, ജോസച്ചനെ കണ്ടാൽ, തന്റെ ടെൻഷൻ ഒക്കെ ഒരല്പ്പം കുറയുമെന്നവൾക്കു തോന്നി. തലേന്നത്തെ വിമാന യാത്രയിൽ അവളനുഭവിച്ച സംഘർഷം ചെറുതൊന്നുമായിരുന്നില്ല. തങ്ങളെ ഇല്ലാതാക്കാനായി കൂടെ കൂടിയിരിക്കുന്ന ആ ശക്തി തക്കം പാർത്തിരിക്കുകയാണെന്നവൾക്കു തോന്നി. ബെറ്റി കൊടുത്ത ആ വിത്തായിരിക്കണം തങ്ങളെ രക്ഷപ്പെടുത്തിയത്. പക്ഷേ, അതും ഇപ്പോൾ കൈമോശം വന്നിരിക്കുന്നു. എയർപോർട്ടിൽ വെച്ച് അത് കസ്റ്റംസ് അധികൃതർ പിടിച്ചു വാങ്ങി.
അങ്ങനെ സ്നേഹവീട്ടിൽ അവളെത്തിയതും പുറകിലൂടെ ആരോ ഓടിയെത്തുന്ന ശബ്ദം കേട്ടവൾ ഞെട്ടിത്തിരിഞ്ഞു.
“ആന്റീ!!” സൂസിമോൾ അവളെ ഇറുക്കെ കെട്ടിപ്പിടിച്ചു. “ഇനി ആന്റീനെ കാണാൻ പറ്റൂല്ലാന്നാ ഞാൻ വിചാരിച്ചെ!”
“അച്ചോടാ...” നീന അവൾക്കു മുൻപിൽ മുട്ടു കുത്തി നിന്നു. “അതെന്താ മോളു അങ്ങനെ പറഞ്ഞേ ? മോളൂനെയൊക്കെ ഇട്ടിട്ട് ആന്റി എങ്ങോട്ടു പോകാൻ ?”
അവൾ മറുപടി ഒന്നും പറയാതെ നീനയെ കെട്ടിപ്പിടിച്ചു നിന്നു. കിതക്കുന്നുണ്ടായിരുന്നു കുഞ്ഞ്.
“ബാ...നമുക്കേ, ജോസച്ചന്റടുത്തേക്കു പൂവാം.” നീന അവളുടെ പിടി വിടുവിക്കാൻ ശ്രമിച്ചു.
“ഇനി ഞാൻ ആന്റീനെ വിടൂല്ല...ആന്റി ഇനി എങ്ങോട്ടും പോണ്ട!” അവൾ പിടി വിടുന്നില്ല.
നീന അമ്പരന്നു. മോളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.
“ഹാവൂ!! സമാധാനായി!” ജോസച്ചൻ അങ്ങോട്ടു വന്നു. എന്റെ മോളൊന്നെണീറ്റല്ലോ. “രണ്ടുമൂന്നു ദിവസായിട്ട് കുഞ്ഞ് ബെഡ്ഡിൽ തന്നെയാരുന്നു. എപ്പോഴും കരച്ചിൽ. ഞങ്ങളാകെ ഭയന്നു പോയി.” അച്ചൻ അവളുടെ മുടിയിൽ തലോടി.
“ഈ ആന്റീനെ നമുക്കിവിടെ നിർത്താം!” അവൾ വളരെ ഗൗരവത്തിലായിരുന്നു അതാവശ്യപ്പെട്ടത്. സ്വതവേ ഉള്ള ആ കൊഞ്ചൽ നഷ്ടപ്പെട്ടിരിക്കുന്നു.
“മോക്കു പക്ഷേ, ആന്റീനെ മാത്രല്ലേ ഇഷ്ടള്ളൂ. അങ്കിളിനെ കണ്ടാൽ ഓടിക്കളയുമല്ലോ.” നീനയുടെ മുഖത്തൊരു കുസൃതിച്ചിരി വിടർന്നു.
“ആന്റി മാത്രം മതി. ആന്റി ഇനി ഇവിടെ നിന്നാ മതി. ഇല്ലെങ്കി...” അവൾ നിർത്തി. വളരെ ആവേശത്തിലാണ് സംസാരം. ഓരോന്നു പറഞ്ഞു കഴിയുമ്പോഴും കിതക്കുന്നുണ്ട് സൂസി. വല്ലാത്തൊരു ഭയമുണ്ടവളുടെ മുഖത്ത്.
“സൂസിക്കുട്ടി... ആന്റീനെ വിട്. അച്ചന് ആന്റിയോട് കുറേ പറയാനുണ്ട്. റോബിയങ്കിളിന്റെ വീട്ടിൽ ഒരു നല്ല പട്ടിക്കുട്ടനുണ്ട്. നമുക്ക് തരാന്നു പറഞ്ഞിരിക്കുവാ. മോൾക്ക് ഭയങ്കര ഇഷ്ടാവും.”
“എനിച്ചു വേണ്ട ആ പട്ടീനെ! ” അവൾ മുഖം വെട്ടിത്തിരിച്ചു നടന്നു പോയി.
“ആഹാ, റോബി ഇവിടെ വന്നാരുന്നോ ?” നീന അതറിഞ്ഞിരുന്നില്ല.
“ഉവ്വ്! രാവിലെ തന്നെ വന്നു. ഞങ്ങളു കുറേ നേരം സംസാരിച്ചിരുന്നു. എന്നാലുമെന്റെ കൊച്ചേ ആ റെജീടെ കാര്യം ആരും എന്നോടു പറഞ്ഞില്ലല്ലോ. അവനാണോ റോബി മോനെ കൊല്ലാൻ നോക്ക്യേ ? ചങ്കു തകർന്നു പോയി എന്റെ. എന്തു കാര്യായിട്ട് വളത്തീതാ ഞാൻ രണ്ടിനേം.”
“റെജി ജെയിലു ചാടിയത്രേ. ഇന്നലെ.”
“ഉവ്വ്! റോബി പറഞ്ഞു. അവനോട് ഒത്തിരി സൂക്ഷിക്കണമെന്നു പറയണം കേട്ടോ. കാര്യം പോലീസുകാരു ചങ്ങാതിമാരൊക്കെയുണ്ട്. പക്ഷേ, റെജി ഒരു വല്ലാത്തവനാ. മേലുകീഴു നോട്ടമില്ല.”
“ബ്രൂട്ട്സിനെ ഇവിടെ കൊണ്ടെ നിർത്താൻ പോവാണോ ?” റോബിയുടെ പട്ടിയെയാണവൾ ഉദ്ദേശിച്ചത്.
“അതേ. പക്ഷേ, നിന്നോട് ചോദിച്ചിട്ടു ചെയ്താൽ മതിയെന്നു ഞാൻ പറഞ്ഞു.”
“എനിക്കു പട്ടികളോടൊന്നും യാതൊരടുപ്പവുമില്ലച്ചോ. പപ്പാക്കുമുണ്ട് രണ്ടെണ്ണം. ഇപ്പൊ നോക്കുന്നത് റോബിയാ. എനിക്കു പേടിയാ. ഒക്കെ വല്യ സൈസൊള്ള ഇനമാ. പരിചയമില്ലാത്തവരെ കണ്ടാൽ കടിച്ചു കീറിക്കളയും. ഇവിടെ കൊണ്ടന്നാലും, നല്ലൊരു കൂടുണ്ടാക്കി ഇട്ടോണം. പിള്ളേരൊക്കെ ഉള്ളതല്ലേ.“
”അതു ഞാനേറ്റു. എനിക്ക് മൃഗങ്ങൾ ജീവനാ.“ അച്ചൻ ചിരിച്ചു. ”മനുഷ്യരേക്കാൾ എന്തുകൊണ്ടും ഭേദമാ.“
അത്രയും സംസാരിച്ചപ്പോഴേക്കും, നീനയുടെ മനസ്സു തണുത്തിരുന്നു. ജോസച്ചൻ ഒരു ദൈവദൂതനാണെന്നു തോന്നി അവൾക്ക്. നന്മ മാത്രമേയുള്ളൂ ആ മനസ്സിൽ.
***** ***** ***** ***** ***** ***** ***** *****
മൂന്നു മാസങ്ങൾക്കു ശേഷം ഒരിക്കലും പ്രതീക്ഷിക്കാതെയാണ് മാത്യൂസിന് നിതിന്റെ കോൾ വന്നത്. അയാൾ ആ കേസ് മറന്ന പോലെയായിരുന്നു. നിതിൻ അന്വേഷിച്ചിട്ട് അങ്ങനൊരു കേസ് ഫയൽ കണ്ടില്ലെന്നാണ് അന്ന് പറഞ്ഞത്. അതുകൊണ്ട് സാന്ദ്ര ജിൻസിയുടെ ഉപബോധമനസ്സിലെ വെറുമൊരു തോന്നൽ മാത്രമായിരുന്നു എന്നയാൾ അനുമാനിച്ചു. വെറുതേ കുറേ ചിന്തിച്ചു കൂട്ടിയതു മാത്രം മിച്ചം.
പക്ഷേ ഫോണിൽ നിതിന്റെ നംബർ തെളിഞ്ഞതും മാത്യൂസിന്റെ മനസ്സിൽ വീണ്ടും സാന്ദ്ര കടന്നു വന്നു.
“മത്തായി!”
“നീയിതുവരെ ട്രാൻഫറായില്ലെഡേ ?”
“ഡാ...സാന്ദ്രേടെ ഫയലു കിട്ടിയിട്ടുണ്ട്!” വളരെ ഗൗരവത്തിലായിരുന്നു നിതിൻ.
“വാട്ട്!! അപ്പൊ നീ ഇന്നാളു പറഞ്ഞത് ?”
“ഞാൻ ക്ലോസായ ഫയൽസ് ആണു നോക്കിയത്. നീ പറഞ്ഞത് ആളെ അറസ്റ്റു ചെയ്ത് ശിക്ഷ വിധിച്ചെന്നല്ലേ ? പക്ഷേ ഫയൽ ഇപ്പൊഴും ഓപ്പണാ... ഡോർമന്റായിട്ടു കിടക്കുവാരുന്നു. അന്വേഷണം നിർത്തി വെച്ച നിലയിൽ.”
“ഓ! അതെന്തു പറ്റി ? ഇനിയെന്താ ബാക്കിയുള്ളത് ?”
“ആ പെൺകുട്ടി - സാന്ദ്ര - മരിക്കുന്നതിനു തൊട്ടു മുൻപ് പ്രസവിച്ചിരുന്നു എന്നാണ് പോസ്റ്റ്മോർട്ടത്തിൽ. പക്ഷേ ആ കുഞ്ഞിനെ ഇതുവരെയും കിട്ടിയിട്ടില്ല.”
മാത്യൂസിന് തന്റെ ശരീരത്തിലാകമാനം ഒരു തരിപ്പു പോലെ തോന്നി. ജിൻസിയിലൂടെ സാന്ദ്ര പറഞ്ഞ ഓരോ കാര്യങ്ങളും അയാളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു.
ദൈവമേ! അപ്പൊ അതെല്ലാം സത്യമായിരുന്നോ??!!
“ഞാൻ ഫയലു വേണെങ്കി നിനക്കയച്ചു തരാം.” നിതിൻ തുടർന്നു “ ആകെ അഞ്ചാറു പേജേ ഉള്ളൂ. പിന്നെ പോസ്റ്റു മോർട്ടം റിപ്പോർട്ടും. എഫ് ഐ ആർ വെച്ചാ അറസ്റ്റൊക്കെ ചെയ്തിരിക്കുന്നത്. അതല്ലാതെ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല. കാരണം, കൃത്യം ചെയ്തെന്നു പറയുന്ന മി. ശങ്കരൻ നമ്പൂതിരി, ഇതിനു മുൻപും അച്ഛനെയും പെങ്ങളെയും ക്രൂരമായി മർദ്ദിച്ചിട്ടുള്ളതായി ഹിസ്റ്ററിയുണ്ട്. പിന്നെ കക്ഷി നന്നായി യൂസ് ചെയ്യുമായിരുന്നു. ബ്രെയിൻ ഡാമേജായിട്ടുണ്ട്. 24 അവേഴ്സ് ചെയിനിലായിരിക്കണമെന്നാണ് ഡോക്ടർ റെക്കമൻഡ് ചെയ്തിരിക്കുന്നത്. ------- ജെയിലിലുണ്ട്. രണ്ടു മൂന്നു കൊല്ലം മുൻപ് പോലീസിന്റെ ഒരു ബിഹേവേറിയൽ ടീം അയാളെ പോയി കാണാനും പഠിക്കാനുമൊക്കെ ശ്രമിച്ചിരുന്നതാ. പക്ഷേ ആ ഡോക്ടർ - ഒരു മി. കുരുവിള - സമ്മതിച്ചില്ല. അയാൾ ഇപ്പൊ റിട്ടയേഡ് ആണത്രേ. ഇനി എന്താ വേണ്ടേന്നു നീ പറ. ഞാനൊരു വല്ലാത്ത പ്രശ്നത്തിലാ.”
ജിൻസി പറഞ്ഞ ഓരോ കാര്യങ്ങളും അവസാന ഡീറ്റയിൽ വരെ കൃത്യമായിരുന്നെന്നു മാത്യൂസ് തിരിച്ചറിഞ്ഞു. ആ ഡോക്ടറുടെ പേരു വരെ.
“നിനക്കെന്താ പ്രശ്നം ? ” മാത്യൂസ് ചോദിച്ചു.
“ഞാൻ അടുത്തമാസം കൂത്താട്ടുകുളം സ്റ്റേഷനിൽ ജോയിൻ ചെയ്യാനിരിക്കുവാ. ഭാര്യേം പിള്ളേരേമൊക്കെ കേറ്റി വിട്ടു. മോനെ അവിടെ സ്കൂളിൽ ചേർത്തു. അതിന്റെടക്കാ നീയിപ്പൊ ഇതു കുത്തിപ്പൊക്കിയത്...” ഫോണിലായിരുനെങ്കിലും അവന്റെ വിഷണ്ണ ഭാവം മാത്യൂസിനു മനസ്സിലായി.
“നീ പൊയ്ക്കോടാ... ഞാൻ ഇത് എന്റേതായ രീതിയിൽ അന്വേഷിച്ചോളാം.”
“നിനക്കവടെയിരുന്നോണ്ടെന്തു ചെയ്യാനൊക്കും ? നീ ഡീറ്റയിൽസ് പറ. എന്തായാലും, ജീവിതകാലം മുഴുവൻ ഒരാൾ ചെയിനിൽ കിടക്കുന്നതൊക്കെ വെച്ചു നോക്കുമ്പോ എന്റെ ട്രാൻസ്ഫർ ഒന്നും ഒരു വിഷയമാക്കണ്ട. അയാൾ ഇന്നസെന്റാണെങ്കി ഞാനിനി എങ്ങനെ കൂത്താട്ടുകുളത്തു ചെന്ന് സമാധാനമായിരിക്കും ?”
മാത്യൂസിന് നിതിനോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി.
“നമ്മളു രണ്ടും കണക്കാടാ.” ആത്മഗതം പോലെയാണ് മാത്യൂസ് മറുപടി പറഞ്ഞത് “മുടിഞ്ഞ ആത്മാർത്ഥതയാ. അവസാനം നോക്കിക്കോ ഗതി പിടിക്കൂല്ല! ഞാനെന്തായാലും ഇന്നു രാത്രി നിന്റെ വീട്ടിലേക്കു വരാം. ഇതൊരു സ്റ്റ്രെയ്റ്റ് ഫോർവേഡ് കേസല്ല. മരിച്ചു പോയ സാന്ദ്ര തന്നെ ഇറങ്ങി പുറപ്പെട്ടിരിക്കുവാ ആങ്ങളയെ രക്ഷിക്കാൻ!!”
“ങേ ?”
“രാത്രി കാണാം.” മാത്യൂസ് ഫോൺ വെച്ചു.
***** ***** ***** ***** ***** ***** ***** *****
മലേഷ്യൻ യാത്ര കഴിഞ്ഞ് മൂന്നു മാസമായിരിക്കുന്നു.
നീന സദാ സമയവും നിരാശയായിരുന്നു.ഈയിടെയായി റോബിയുടെ പെരുമാറ്റം അവളെ വല്ലാതെ വേദനിപ്പിക്കുന്നു. എന്തൊക്കെ സംസാരിച്ചാലും അതൊരു വാഗ്വാദത്തിലാണവസാനിക്കുക.
അമ്മ അവരെ ഉപേക്ഷിച്ച് സ്നേഹവീട്ടിലേക്കു താമസം മാറിയിരിക്കുന്നു. റോബി അതിന്റെ പേരിൽ വീട്ടിൽ പ്രശ്നമുണ്ടാക്കാത്ത ദിവസങ്ങളില്ല. താൻ ആ സ്ഥലം സ്നേഹവീടിനു ദാനം ചെയ്തത് എതിർത്തതാണ് അമ്മയെ ചൊടിപ്പിച്ചതെന്നാണവൻ കരുതിയിരിക്കുന്നത്. എന്നാൽ അതു സംബന്ധിച്ച് അവന്റെ യാതൊരു വാദങ്ങളും അമ്മ സ്വീകരിച്ചില്ല. അവർ ഒടുവിൽ ഇത്രമാത്രം പറഞ്ഞു.
“എന്റെ മോൾ എന്തൊക്കെ അനുഭവിച്ചിട്ടുണ്ടെന്ന് റോബിക്ക് യാതൊരറിവുമില്ല. ഇനിയുള്ള കാലമെങ്കിലും അവൾ സന്തോഷത്തോടെയിരിക്കണം. അതു മാത്രം മതി എനിക്ക്. എന്റെ യാതൊരു കാര്യവും ഇനി നിങ്ങൾ അന്വേഷിക്കണ്ട!”
പകൽ സാധനങ്ങളുമായി പോകുന്നത് അയല്ക്കാർ കണ്ട് പ്രശ്നമാകണ്ട എന്നു കരുതി രാത്രി തന്നെ അവർ സ്ഥലം വിട്ടു.
റോബിക്ക് വല്ലാത്ത ദേഷ്യമായിരുന്നു പിന്നീട്.
“എനിക്ക് തന്തേം തള്ളേം വാഴില്ല. എന്റെ ഗതികേടാ അത്!” അവൻ പറഞ്ഞു കൊണ്ടേയിരുന്നു. “ഞാൻ ആരോടെങ്കിലും എന്തെങ്കിലും ദ്രോഹം ചെയ്തതായിട്ട് നിനക്കറിയുമോ ? എന്നിട്ടും.”
പക്ഷേ അതിനേക്കാൾ വലിയൊരു പ്രശ്നം കൂടി ഉടലെടുക്കുന്നത് അവൾ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.
എത്ര ശ്രമിച്ചിട്ടും അവർക്ക് ...
“നമുക്കൊരു ഡോക്ടറെ കണ്ടാലോ റോബി ?”
“ഇത്ര പെട്ടെന്നോ ? അറ്റ് ലീസ്റ്റ് ഒരു കൊല്ലമെങ്കിലും കഴിയട്ടെ നീന! അല്ലെങ്കി അവരു നമ്മളെ കളിയാക്കും.”
“എന്തോ പ്രശ്നമുണ്ട് റോബി. എനിക്കുറപ്പാ. “
”പിന്നേ! നിനക്കെല്ലാം ഒറപ്പാ! എനിക്കൊരു കൊഴപ്പോമില്ല. അങ്ങനൊരു ടെൻഷനേ ഇല്ലെനിക്ക്. നിനക്കു വേണെങ്കി പോയി ചെക്കു ചെയ്തോ.“
”റോബിക്കെങ്ങനാ ഉറപ്പ് ? മുൻപു പിള്ളേരുണ്ടായിട്ടുണ്ടോ ?“ അവൾക്കും ദേഷ്യം വന്നു.
“എന്തിനാ നീനാ നീ എപ്പോഴും എന്നെയിങ്ങനെ ശല്യപ്പെടുത്തുന്നേ ? എപ്പൊഴും ഉടക്കുണ്ടാക്കാൻ വരുന്നെ ? എന്തിനാ കുറേ പിള്ളേരുണ്ടായിട്ട് ? നീയതാലൊചിച്ചിട്ടുണ്ടോ ? നമ്മുടെയൊക്കെ കാർന്നോന്മാർക്ക് നമ്മളുണ്ടായിട്ട് വല്ല പ്രയോജനോം ഉണ്ടായോ ?”
“അതെയോ ? പിന്നെന്തിനാ റോബി ഈ കിടന്നു കഷ്ടപ്പെടുന്നേ ? ആർക്കു വേണ്ടിയാ ? കഴിഞ്ഞാഴ്ച്ചയും വാങ്ങിയില്ലേ കുറേ പ്രോപ്പർട്ടി ?”
“നിന്റപ്പനും ഒട്ടും മോശമല്ലാരുന്നല്ലോ! അങ്ങേരു വാങ്ങിക്കൂട്ടിയതോ ?”
“അതു തന്നെയാ എന്റെ പോയിന്റ്. എന്റപ്പൻ വാങ്ങിക്കൂട്ടിയിട്ട് അവസാനം എന്തു കൊണ്ടു പോയി ? ആറടിയും ഒരു കഷണം മാർബിളും. ഇതൊക്കെത്തന്നെയാ റോബി എല്ലാരുടേം അവസാനം. പിള്ളേരുണ്ടായാൽ അറ്റ് ലീസ്റ്റ് ഈ സമ്പാദിച്ചു കൂട്ടുന്നതിനൊക്കെ ഒരു ജസ്റ്റിഫിക്കേഷനുണ്ട്. ഞാനെന്തായാലും, നാളെത്തന്നെ ഡോ. ചാന്ദ്നി യെ കാണാൻ പോകുന്നു. അപ്പോയിന്റ്മെന്റെടുത്തിട്ടുണ്ട്.”
“ബെസ്റ്റ്! ലേഡി ഡോക്റ്ററാണെങ്കി ഞാൻ തീരെ വരുന്നില്ല. എനിക്കു വയ്യ കണ്ട പെണ്ണുങ്ങടെ മുൻപിൽ തുണിയഴിച്ചിട്ടു കിടക്കാൻ.”
“പിന്നെ! ചെല്ലുമ്പൊ തന്നെ അവരു തുണിയഴിപ്പിച്ചല്ലേ പരിശോധിക്കുന്നത്! റോബിക്ക് വേണെങ്കി വന്നാ മതി. ഞാനെന്തായാലും പോവാ.” അവൾ കലിയോടെ മുറിയിൽ കടന്നു വാതിൽ വലിച്ചടച്ചു.
പിറ്റേന്നു രാവിലെ 10 മണിക്കു തന്നെ നീന ഡോ. ചാന്ദ്നിയുടെ ഓഫീസിലെത്തി. നീനയുടെ ഒപ്പം പഠിക്കുന്ന ദീപ്തിയുടെ അമ്മയാണ് ഡോക്ടർ. വർഷങ്ങളായിട്ടുള്ള പരിചയം.
ഡോക്ടർ അവൾക്കു വേണ്ടി ഒരു സ്പെഷ്യൽ സെഷൻ തന്നെ ഒരുക്കിയിരുന്നു.
“റോബി വരാതെ ഞാനെങ്ങനെയാ കുട്ടീ പ്രൊസീഡു ചെയ്യുന്നേ ? ” ഡോക്റ്റർ സ്വത സിദ്ധമായ പുഞ്ചിരിയോടു കൂടി അവളെ സ്വീകരിച്ചിരുത്തി. “ഞാൻ തല്ക്കാലം നീനയെ ഒന്നു പരിശോധിക്കാം. ബ്ലഡൊക്കെ എടുത്ത് ടെസ്റ്റിനയക്കാം. പിന്നെ, വൈകിട്ട് റോബിയെ വന്നൊന്നു കാണാം. എന്താ ?”
“റോബി പറയുന്നത് 3-4 മാസമല്ലേ ആയുള്ളൂ എന്നാണ്. ഒരു കൊല്ലമെങ്കിലും ട്രൈ ചെയ്തിട്ട് മതിയെന്നാണ്...”
“എല്ലാരും ചെയ്യുന്ന മിസ്റ്റേക്കാ അത്. ഈ വക കാര്യങ്ങളൊക്കെ അധികം വൈകിയാൽ കൂടുതൽ കോമ്പ്ലിക്കേറ്റഡ് ആയിക്കൊണ്ടിരിക്കും... നീന ബെഡിലേക്കു കിടക്കൂ. ” ഡോക്ടർ അവളെ പിടിച്ചെഴുന്നേല്പ്പിച്ചു.
നീന മലർന്നു കിടന്നു കണ്ണടച്ചു. “ആന്റി ഇതു പോലെ റോബിയേം പരിശോധിക്കുവോന്നാ അയാൾടെ പേടി.” അവൾ പുഞ്ചിരിച്ചു.
ഡോക്ടർക്കും ചിരി വന്നു. “ഒരു ചെറിയ വേദനയുണ്ടാകും കേട്ടോ. 2 സെക്കൻഡു നേരത്തേക്ക്.” എന്തൊക്കെയോ ഉപകരണങ്ങളുമായി ഡോക്ടർ പരിശോധന തുടങ്ങി.
വേദനിച്ചപ്പോഴൊക്കെ നീന കണ്ണുകൾ ഇറുക്കിയടച്ചു കടിച്ചു പിടിച്ചു കിടന്നു. ഒടുവിൽ എല്ലാം അവസാനിപ്പിച്ച് ഡോക്ടർ നിവർന്നപ്പോൾ നീന ഞെട്ടി.
ഡോക്ടറുടെ മുഖം വിളറിയിരിക്കുന്നു! വല്ലാതെ ഭയന്ന ഭാവം! മുഖമാകെ വിയർത്തു കുളിച്ചിട്ടുണ്ട്!
“എന്തു പറ്റി ആന്റി ?” അവളും ഭയന്നു പോയിരുന്നു.
“നീന! ഒരു കാര്യം ചോദിക്കട്ടെ മോളേ ? സത്യം പറയണം!”
“എന്താ ആന്റീ ? എന്താണെങ്കിലും ചോദിക്ക്. എന്നെ ഇങ്ങനെ പേടിപ്പിക്കല്ലെ ആന്റി!” അവൾ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു
“നീന...” ഡോക്ടറുടെ മുഖത്ത് സങ്കടവും സഹതാപവും ഭയവുമെല്ലാം ഇടകലർന്ന് ഒരു വല്ലാത്ത ഭാവം...“ ഹാവ് യൂ എവർ ബീൻ റേപ്പ്ഡ് ? നിന്നെ ആരെങ്കിലും ? ചെറുപ്പത്തിലെങ്ങാൻ ??”
നടുങ്ങിപ്പോയി നീന!
(തുടരും...)

Alex and Biju
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo