Slider

... കഥ പറയുന്ന ചിത്രങ്ങൾ....

0
..... കഥ പറയുന്ന ചിത്രങ്ങൾ....
തിരക്കേറിയ റോഡിന്റെ നടപ്പാതയിലെ തണൽ മരച്ചുവട്ടിലാണ് അയാൾ ഇരുന്നിരുന്നത്.
നിലത്തെ മിനുസമായ തറയിൽ വിരിച്ചിട്ടിരുന്ന നിരവധി വർണ്ണചിത്രങ്ങൾക്കു മുന്നിൽ വഴിയാത്രക്കാരെ മാറി മാറി നോക്കി അയാൾ എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു. വണ്ടി കാത്തു നിന്ന കാൽനടക്കാരുടെ അക്ഷമയുടെ മുഖങ്ങളിലേക്കു നെറ്റിയിൽ വീണു കിടക്കുന്ന മുടിയൊതുക്കി അയാൾ പുഞ്ചിരിയോടെ , പ്രതീക്ഷയോടെ മാറി മാറി നോക്കി. ചിലർ അയാളുടെ ആ ചിത്രങ്ങൾക്കു മുമ്പിൽ നിന്നു. ചിലർ വെറുതെ ചിത്രങ്ങൾ മറിച്ചു നോക്കി .മറ്റു ചിലർ സ്വപ്ന ലോകത്തിലെന്നവണം ഒന്നുമറിയാതെ നടന്നു മറഞ്ഞു.
എന്തു തരം ചിത്രങ്ങളാവും അത്? അറിയാനുള്ള ആകാംക്ഷ കൂടിയപ്പോൾ റോഡ് മുറിച്ചു കടന്നു ഞാനയാളുടെ അടുത്തേക്കു നടന്നു.
ഇപ്പോൾ അയാൾ പറയുന്നതു വ്യക്തമായി കേട്ടു.
കഥ പറയുന്ന ചിത്രങ്ങൾ.. വെറും ഇരുപതു രൂപാ മാത്രം...
വിരിച്ചിട്ടിരുന്ന ആ ചിത്രങ്ങളിലേക്കു ഞാൻ നോക്കി.
ശരിയാണ്... മനോഹരമായ ചിത്രങ്ങൾ..
കുളക്കരയിലെ പരുത്തി ചെടിയിലിരിക്കുന്ന ഒരു പൊൻമാൻ.. വെൺമേഘങ്ങൾ പോലെ പഞ്ഞി ചിതറിയ ശിഖരങ്ങൾ.. മനോഹരമായ ഒരുചിത്രം.അതിനടുത്തായി പുഴക്കടവിലെ കടവു തോണിയുടെ മറ്റൊരു ചിത്രം..
കുണുങ്ങി വരുന്ന കടവു തോണി ഓർമ്മയിൽ വന്നു..
പാത്രത്തിന്റെ അടിത്തട്ടിലെ ഇത്തിരി വെള്ളം കിട്ടുവാനായി കല്ലുകൾ പെറുക്കിയിടുന്ന കഥ പറയുന്ന കാക്കയുടെ ചിത്രമായിരുന്നു ഏറ്റവും മുകളിൽ.
ഒരു യുവതിയോടൊപ്പം വന്ന കൊച്ചു കുട്ടി വിടർന്ന കണ്ണുകളോടെ അവന്റെ അമ്മയുടെ മുഖത്തേയ്ക്കു നോക്കി. ആ അമ്മ പുഞ്ചിരിയോടെ തലയാട്ടി.
ആ കുട്ടി ആവേശത്തോടെ കാക്കയുടെ കഥകൾ പറയുന്ന ചിത്രങ്ങൾക്കു താഴെ മറിച്ചു നോക്കി.
പല പല ചിത്രങ്ങൾ.. കാടിന്റെ അകകാഴ്ചകൾ. പൂക്കളുകൾ നിറഞ്ഞ തോട്ടങ്ങൾ.തടാകത്തിലിറങ്ങിയ ആനക്കൂട്ടങ്ങൾ. കടുവകൾ ,സിംഹങ്ങൾ. മലനിരകളിൽ നിന്നും ഒഴുകി വരുന്ന വെള്ളച്ചാട്ടങ്ങൾ. വാഴയില ചൂടി മഴ നനയാതെ നടക്കുന്ന ഒരു കുട്ടിയുടെ ചിത്രം.
മോനേതു ചിത്രമാ വേണ്ടത്? പറയൂ.
അവൻ പറന്നു പോകുന്ന കിളികളുടെ ചിത്രമെടുത്തു പറഞ്ഞു.
അമ്മേ.. ഇതു മതി..
അവർ നടന്നകലുമ്പോൾ അയാൾ പിന്നേയും ഉറക്കെ വിളിച്ചു പറഞ്ഞു.. വരൂ കഥ പറയുന്ന ചിത്രങ്ങൾ വെറും ഇരുപതു രൂപാ മാത്രം..
നീല ഷർട്ടിട്ട കഷണ്ടി കയറിയ തലയുള്ള ആ മദ്ധ്യവയസ്കൻ കടവുതോണിയുടെ ചിത്രത്തിനു താഴെ തിരയുന്നു.
അതാ പച്ച പാടങ്ങളുടെ മനോഹരമായ ഒരു ചിത്രം. മലനിരകൾക്കിടയിൽ ഉദിച്ചു വരുന്ന സൂര്യന്റെ മറ്റൊരു ചിത്രം.. വയലുഴുന്ന കാളയുടേയും കർഷകന്റേയും വേറൊരു ചിത്രം..
ഉഴവുചാൽ വെള്ളം നുണയുമ്പോൾ അടിയേറ്റു തൊലി ചുളിച്ചു കുഴയുന്ന കാലിൽ നടക്കുന്ന ഒരു മിണ്ടാപ്രാണിയുടെ കണ്ണുകൾ എന്റെ പഴയ ഓർമ്മകളിൽ നിന്നും തലപൊക്കുന്നു..
ഞാൻ ആകാശത്തേയ്ക്കു നോക്കി. ആകാശവും ചിത്രങ്ങൾ വരയ്ക്കുന്നു. മേഘപാളികൾക്കിടയിൽ
മുടി പാറി, മിഴികൾ കുഴിഞ്ഞ ഒരു തെരുവുകുട്ടിയുടെ രൂപം. അവനരുകിൽ
ഒരു കണ്ണിൽ നിന്നും കണ്ണീരുതിരുന്ന ഒരു യുവതിയുടെ ചിത്രം..
ഞാനാ ചിത്രങ്ങൾക്കു മുന്നിലിരുന്നു. പഞ്ഞികൾ ചിതറിയ ചിത്രങ്ങൾക്കു താഴെ അതാ..
ശവശരീങ്ങളിലേക്കു നോക്കുന്ന കഴുകന്റെ കണ്ണുകൾ. അരുതേ എന്നു വിലക്കുന്ന ഒരു പെണ്ണിന്റെ നേർത്ത കരങ്ങൾ..
എന്നെ ഓർമ്മയിൽ നിന്നുണർത്തി കൊണ്ടു അയാൾ പിന്നേയും വിളിച്ചു പറഞ്ഞു.
കഥ പറയുന്ന ചിത്രങ്ങൾ... വെറും ഇരുപതു രൂപയ്ക്ക്..
നീല ഷർട്ടിട്ട മദ്ധ്യവയസ്കൻ തലയുയർത്തി അയാളെ നോക്കി..
എന്താ സർ ഏതു ചിത്രമാണു വേണ്ടത്?
നീല ഷർട്ടുകാരന്റെ ശബ്ദം പതറിയിരുന്നു..
ഇൻഡ്യയുടെ നമ്മുടെ രാജ്യത്തിന്റെ .....?
അമ്പലങ്ങളുടേയും പള്ളികളുടേയും മസ്ജിദിന്റേയും ചിത്രങ്ങൾക്കു താഴെ നിറം മങ്ങിയ ഇൻഡ്യയുടെ ഭൂപടം. മഞ്ഞ നിറത്തിലെ ആ പഴയ ചിത്രം പുതിയൊരു കഥ പറയുന്നു.
അയാൾ പിന്നേയും ഉറക്കെ വിളിച്ചു പറഞ്ഞു.
കഥ പറയുന്ന ചിത്രങ്ങൾ... വരൂ വെറും ഇരുപതു രൂപയ്ക്ക്..
ഞാൻ തിരിഞ്ഞു നോക്കി..
ആരും കാണാതെ നഗരചത്വരങ്ങളിലെ വടികുത്തിപ്പിടിച്ചു നിൽക്കുന്ന അർദ്ധനഗ്നനായ ആ മഹാത്മാവിന്റെ പ്രതിമയിൽ അസ്തമയന സൂര്യന്റെ കിരണങ്ങൾ വീണു കിടന്നിരുന്നു. അതിനുമപ്പുറെ വലിയൊരു മരത്തിലേയ്ക്കു ചേക്കേറുന്ന പക്ഷിക്കൂട്ടങ്ങൾ.
ഞാനെഴുന്നേറ്റു.. ആ നീല ഷർട്ടുക്കാരൻ വീണ്ടുമെന്തോ തിരയുകയാണ്.
വല്ലാത്ത തളർച്ച തോന്നി. തൊണ്ട വരണ്ടിരിക്കുന്നു. ആൾക്കൂട്ടങ്ങളുടെ ആരവങ്ങൾക്കിടയിലേക്കു തിരികെ നടക്കുമ്പോൾ അറിയാതെ കണ്ണുകൾ വീണ്ടും ആ പ്രതിമയിലുടക്കി .
.എന്തൊക്കെയോ പറയാൻ തോന്നിയപ്പോൾ സ്വയം നിയന്ത്രിച്ചു.
.പിന്നെ ആരും കേൾക്കാതെ പതിയെ പറഞ്ഞു..
മഹാത്മാവേ... പൊറുക്കണം..
...പ്രേം...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo