Slider

ഞാൻ ഗംഗ തീരത്തു കൂടി നടന്നു....

0

മൂക്കിൽ നിന്നും ആദ്യം രക്തം വന്നപ്പോൾ സീരിയസ് ആയി എടുത്തില്ല. മേലുവേദന തോന്നിയപ്പോൾ കരുതി വ്യായാമം ഒന്നും ഇല്ലാത്തത് കൊണ്ടാകുമെന്ന്,, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ എത്തിയപ്പോഴാണ് അറിഞ്ഞത് തലച്ചോറിലെ കോശങ്ങൾ നശിച്ചു കൊണ്ടിരിക്കുവാണെന്ന്.
ആശുപത്രി വാസം ആകെ ബോറടിപ്പിച്ചു. ആരോടും മിണ്ടാൻ പോലും വയ്യാതായി. രോഗിയെ കാണാൻ വന്ന ബന്ധുജനങ്ങളുടെ ആശ്വാസവാക്കുകൾ മരണഭീതി കൂട്ടുകയാണ് ചെയ്തത്. ബാത്‌റൂമിൽ പോകുമ്പോൾ അടുത്ത ബെഡുകളിൽ കിടക്കുന്നവരെ കാണാറുണ്ട്. അവരിൽ ചിലർ ഓരോ ദിവസം കഴിയുംതോറും വേദനയുടെ ഈ ലോകത്ത് നിന്നും പോകുന്നതും ഞാൻ അറിഞ്ഞു. 
കല്യാണം പോലും കഴിക്കാതെ മരിക്കേണ്ടി വരുമോ എന്ന് ഓർത്തു ഞാൻ അറിയാതെ ചിരിച്ചു പോയി. കണ്ണ് തുറന്നപ്പോൾ ഇൻജെക്ഷൻ എടുക്കാൻ വന്ന നേഴ്സ് ചേട്ടൻ അടുത്തുണ്ട്, എന്താ ചിരിക്കൂന്നേ എന്ന ചോദ്യത്തിന് ഞാൻ തിരിച്ചു ചോദിച്ചത് ആ ചേട്ടന്റെ പേര് ആയിരുന്നു. പേര് പറയാൻ പാടില്ല എന്ന് ആ ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ തിരിച്ചു പറഞ്ഞത് എന്നാൽ ഞാൻ ഉണ്ണി ചേട്ടൻ എന്ന് വിളിക്കാം എന്നായിരുന്നു.
അതിൽ പിന്നെ എന്റെ നോർത്ത് ഇന്ത്യൻ ഡോക്ടർ മായങ്ക് സാറിന് ഒഴികെ ബാക്കി എല്ലാ നഴ്‌സുമാർക്കും ഞാൻ ഓരോ പേരിട്ടു. അങ്ങനെ ഓരോ ദിവസവും കുക്കു ചേച്ചിയും മാളു ചേച്ചിയും ലെച്ചിയും ചക്കിയും കുട്ടൻ ചേട്ടനും കണ്ണനും എന്നെ കുത്തി നോവിച്ചു. ക്രൂരനായ മായങ്ക് ഡോക്ടർ എന്റെ ഓപ്പറേഷൻ തീയതി തീരുമാനിച്ച വിവരം എന്നെ അറിയിച്ചത് കണ്ണനാണ്. ഓപ്പറേഷൻ വിജയിക്കുമോ എന്ന ചോദ്യത്തിന് പത്ത് ശതമാനം വിജയസാധ്യത ഉണ്ട് എന്നാണ് കണ്ണൻ പറഞ്ഞത്. അപ്പോഴും ഞാൻ ചിരിച്ചു. അനിയനെ ഞാൻ വിളിച്ച് എന്റെ മൊബൈലും എടിഎം കാർഡും തിരികെ വാങ്ങിപ്പിച്ചു. എന്റെ ചികിത്സ എന്നും പറഞ്ഞു എന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന പൈസ മുഴുവൻ തീർത്തു എന്നാണ് വിചാരിച്ചതെങ്കിലും ഒരു മുപ്പതിനായിരം രൂപ അതിൽ ബാക്കി ഉണ്ടായിരുന്നു.
അന്ന് രാത്രി ഞാൻ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരെ ഉപേക്ഷിച്ചു ഞാൻ ആ ആശുപത്രിയിൽ നിന്നും പുറത്തു ചാടി.തമ്പാനൂരിൽ എത്തിയ എനിക്ക് ആദ്യം കിട്ടിയത് കെ എസ് ആർ റ്റി സിയുടെ കണ്ണൂരിലേക്കുള്ള മിന്നൽ ബസായിരുന്നു. പിറ്റേന്ന് വെളുപ്പിനെ കണ്ണൂരിൽ എത്തി. അമ്മയെ ഫോണിൽ വിളിച്ചു തിരികെ വീട്ടിൽ പോകാൻ പറഞ്ഞു, ഞാൻ കുറച്ച് നാൾ കഴിഞ്ഞു ഞാൻ വീട്ടിൽ എത്താം എന്ന് പറഞ്ഞു. അമ്മയുടെ നിർബന്ധം കേട്ടില്ല എന്ന് നടിച്ചു. പല നമ്പറിൽ നിന്നും വന്ന കാളുകൾ ഞാൻ എടുത്തില്ല. 
കണ്ണൂരിൽ നിന്നും ട്രെയിനിൽ മംഗലാപുരവും അവിടെ നിന്നും ബസിൽ മൂകാംബികയിലും ഞാൻ എത്തി. കുടജാദ്രിയിലേക്കുള്ള യാത്ര മനസ്സിൽ ഒരിക്കലും മായാതെ ഇപ്പോഴും ഉണ്ട്. തിരിച്ചു മംഗലാപുരം എത്തിയപ്പോൾ മുരുഡേശ്വറിലേക്കുള്ള ബസ് കണ്ടു. കൂടുതൽ ആലോചിക്കാൻ നിൽക്കാതെ ചാടി കയറി. മുരുഡേശ്വർ വല്ലാത്ത ഒരു അനുഭവം ആയിരുന്നു. അവിടെ നിന്നെടുത്ത ഫോട്ടോസ് അനിയന് അയച്ചു കൊടുക്കാൻ വാട്സാപ്പിൽ കയറിയപ്പോൾ അറിയാത്ത പല നമ്പറിൽ നിന്നും മെസ്സേജുകൾ കണ്ടു. എല്ലാം വായിച്ചു. കുക്കു ചേച്ചിയും മാളു ചേച്ചിയും ലെച്ചിയും ചക്കിയും കുട്ടൻ ചേട്ടനും കണ്ണനും എന്നെ തിരിച്ചു വരാൻ പറഞ്ഞു മെസ്സേജ് അയച്ചിരിക്കുന്നു. ഞാൻ അവരെ ചേർത്ത് ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. അതുവരെയുള്ള എന്റെ യാത്രയെ പറ്റി പറഞ്ഞു. ഇപ്പോൾ വേദനയുണ്ടോ എന്ന ലെച്ചിയുടെ ചേദ്യം കേട്ടപ്പോഴാണ് വേദന മറന്ന കാര്യം ഞാൻ ഓർത്തത്. മുരുഡേശ്വറിൽ നിന്നും വാരാണസിയിലേക്ക് പോകുന്ന ആൾ ഇന്ത്യ പെർമിറ്റ് കണ്ടയ്നറിൽ ഞാനും കയറി. 
കാശി..
മന്ത്രമുഖരിതവും ധൂപമുഖരിതവുമായ ഗംഗ തീരം. ദീപങ്ങളോടും പൂക്കളോടും ഒപ്പം ശവങ്ങളും ഒഴുകി നടക്കുന്ന ഗംഗ. പുനർജ്ജന്മം തടയാൻ കഴിവുള്ള അഘോരിയുടെ അനുഗ്രഹത്തിനായി ഗംഗാതീരത്ത് ചിത ഒരുക്കുന്നത് കണ്ടപ്പോൾ ഞാൻ എന്റെ മരണവും മുന്നിൽ കണ്ടു. അനാഥനായി ഇവിടെ ഒരു ചിതയിൽ കത്തി തീരുകയോ അല്ലെങ്കിൽ ഗംഗയിൽ ഒഴുകി നടക്കേണ്ടി വരുമോ എന്ന ഭയം എന്നിൽ ഉണ്ടായി. വിധി എനിക്ക് വേണ്ടി എന്താണ് കാത്തുവച്ചിരിക്കുന്നത് എന്നോർത്ത് ഞാൻ ഭയന്നു. എന്തായാലും വിധിയെ നേരിടാൻ ഞാൻ തയ്യാറായി. പേഴ്സിൽ, ഒരു പേപ്പറിൽ,, നാട്ടിലെ വിലാസവും ഫോൺ നമ്പറും, ഞാൻ മരിച്ചാൽ എന്റെ മൃതദേഹം നാട്ടിൽ എത്തിക്കണമെന്നും അതിനു ചിലവായ പണം നാട്ടിൽ നിന്നും നൽകുമെന്നും, ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതി ഞാൻ വച്ചു. നാട്ടിൽ എത്തിക്കുമെങ്കിൽ എത്തിക്കട്ടെ, ഇല്ലെങ്കിൽ വേണ്ട.. ദൈവ വിധി എന്താണോ അത് നടക്കട്ടെ എന്ന് കരുതി, ഞാൻ ഗംഗ തീരത്തു കൂടി നടന്നു.... 
സരൽ ഇടവ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo