Slider

::മച്ചിപ്പെണ്ണ്:: - Part1


::മച്ചിപ്പെണ്ണ്::
ഒരു നീണ്ട കഥ.
~ ~ ~ ~ ~ ~ ~ ~ ~ ~ ~
പതിമൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് ശ്രീനിയും അമ്മുവും വിവാഹിതരായത്. രണ്ട് വീടുകളിലെയും സംഭവബഹുലമായ നിമിഷങ്ങൾക്ക് ശേഷം അവിടെ വിവാഹത്തിന്റെ ആഘോഷ നാളുകൾ പിറന്നു.
കല്യാണം കഴിച്ചിട്ട് ഏതാണ്ട് രണ്ട് വർഷത്തോളമായി. ശ്രീനിയ്ക്ക് ജോലി ദുബായിൽ ആയതു കൊണ്ട് ആദ്യത്തെ ആറു മാസം അവർ അങ്ങോട്ടുമിങ്ങോട്ടുമൊക്കെയായി ജീവിതം അടിച്ചു പൊളിച്ചു. ആറു മാസത്തിനിടയിൽ രണ്ട് പ്രവിശ്യം വിസിറ്റിംഗിന് അമ്മു ദുബായിലേക്ക് വന്നു പോയി.
അമ്മു ഒരു ഇടത്തരം കുടുംബത്തിലെ കുട്ടിയായത് കൊണ്ടും പ്രതീക്ഷിച്ച സ്ത്രീധനം കിട്ടാഞ്ഞതുകൊണ്ടും അവളെ വേദനിപ്പിക്കാൻ കിട്ടുന്ന ഒരവസരവും ശ്രീനിയുടെ വീട്ടുകാർ പാഴാക്കിയിരുന്നില്ല.
"ഹോ അങ്ങോട്ടുമിങ്ങോട്ടുമുള്ള പോകും വരവും മാത്രമേ കാണുന്നുള്ളൂ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. മാസം കുറേയായി ഉണ്ടാവാനാണേൽ ഉണ്ടായെനേ. ഇതിപ്പോ മച്ചിയാണോ ആവോ ''
കുത്തലുകൾ പല വഴിയിൽ നിന്നും വന്നു തുടങ്ങി. ഇനിയും നാട്ടിൽ നിർത്തുന്നത് ശരിയാവില്ലെന്ന് മനസിലാക്കിയിട്ടാണ് അന്നവൾക്ക് പെർമനന്റ് വിസയെടുക്കുന്നത്.
ദുബായ് അവർക്ക് സ്വർഗ്ഗമായിരുന്നു.അവർ ഓരോ നിമിഷവും ആസ്വാദിച്ചു ജീവിച്ചു. മാസങ്ങൾ കടന്നു പോയി. അമ്മുവിന് വിശേഷം ഒന്നുമുണ്ടായില്ല. നാട്ടിലേക്ക് വിളിയ്ക്കുമ്പോഴെല്ലാം അറിയണം.
- വിശേഷം ഒന്നുമില്ലെ. ഡോക്ടർമാരെ വല്ലതും പോയി കാണണം. ഉണ്ടാവില്ലെൽ പിന്നെ ഞങ്ങൾ കാത്തിരിയ്ക്കേണ്ടല്ലോ.
കുറ്റം പറയാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ജന്മങ്ങൾ.
ആ ഇടയ്ക്കാണ് അമ്മുവിന് ശക്തമായ വയറുവേദനയുണ്ടായത്. ആദ്യം ശ്രദ്ദിച്ചില്ല. പിറ്റേന്ന് ശരീരം കുഴഞ്ഞ് വീണപ്പോഴാണ്. എടുത്ത് ഹോസ്പിറ്റലിൽ കൊണ്ട് പോയത്.
ഡോക്ടറോട് കാര്യം പറഞ്ഞു. ഡോക്ടർ പരിശോധനയ്ക്ക് ശേഷം പറഞ്ഞു. ട്യൂബൽ പ്രഗ്നൻസിയാണ് എത്രയും വേഗം അബോർഷൻ ചെയ്യണം ഇല്ലേൽ അമ്മയുടേയും കുഞ്ഞിന്റെയും ജീവനു തന്നെ അപത്താണ്.
എന്തൊക്കെയാണ് പറഞ്ഞതെന്ന് കൂടി മനസിലായില്ല. കുറേ പേപ്പറുകൾ കൊണ്ട് വന്നു ഒപ്പിട്ട് കൊടുക്കാൻ പറഞ്ഞു കൊടുത്തു.
ഒന്ന് മനസിലായി അവൾ പ്രഗ്നന്റ് ആയിരുന്നു. ആ കുഞ്ഞിനെ കൊന്നുകളയാനുള്ള സമ്മതപത്രത്തിലാണ് ഒപ്പിട്ട് നൽകിയത്.
അങ്ങനെ ഒന്ന് തെളിഞ്ഞു എന്റെ അമ്മു മച്ചിയല്ല.
പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ വല്ലാത്ത ഒരു താളം തെറ്റൽ തോന്നി തുടങ്ങി. അമ്മുവിൽ പഴയ കളി ചിരികൾ മാഞ്ഞു. അവൾ ഒരുപാട് മാറി തുടങ്ങി.
- ''അമ്മൂട്ടി എന്താ നിനക്ക് പറ്റിയേ. നമ്മുടെ ജീവിതത്തിൽ നമ്മളറിയാത്തെ ഒരാഥിതി വന്നു. വന്നപ്പോലെ തിരിച്ചുപോയി. അത്രേയുള്ളൂ. അതൊക്കെ മറക്ക്‌ മോളെ. എനിക്ക് എന്റെ പഴയ അമ്മൂട്ടിയെ തിരിച്ച് വേണം.''
പരിശ്രമങ്ങൾക്കൊടുവിൽ അവളിൽ പഴയ കുസൃതിയും പ്രസരിപ്പും അവൻ തിരികെക്കൊണ്ടുവന്നു.
അപ്പോഴെക്കും നാട്ടിൽ കുടുംബക്കാർ ചേർന്നവൾക്കൊരു പേരു നൽകി.
''ശ്രീനിയുടെ മച്ചിപ്പെണ്ണ് "
അവൾ നാട്ടിലേക്ക് വിളിച്ച് കഴിഞ്ഞാൽ പിന്നെ മൂഡ്ഓഫ് ആണ്. അങ്ങനെ നാട്ടിലേക്കുള്ള വിളി അവസാനിച്ചു. അവൾക്ക് പറ്റിയതൊന്നും നാട്ടിലറിയിച്ചില്ല.
നാളുകൾ പിന്നെയും കഴിഞ്ഞു. പെട്ടെന്നൊരു സംശയം ഉള്ളിലുതിച്ചു. അവളത് ശ്രീനിയോട് പറഞ്ഞു. ആദ്യം കേട്ടപ്പോ ഒരു ഞെട്ടലാണുണ്ടായത്. ആദ്യ അനുഭവത്തിന്റെ ഭീകരത ഇത് വരെ മാറിയിട്ടില്ല. എന്തായാലും ഡോക്ടറെ കണ്ട് കളയാം സംശയം വെച്ചൊണ്ടിരിയ്ക്കേണ്ട.
പിറ്റേന്ന് തന്നെ ഡോക്ടറെ കണ്ടു.
- ''അതെ നിങ്ങളുടെ സംശയം ശരിയാണ് . പക്ഷേ എത്രത്തോളം സെയ്ഫ് ആണെന്ന് അറിയില്ല. ആദ്യം ബ്ലെഡ് ഒന്ന് ടെസ്റ്റ് ചെയ്യണം. എന്നിട്ട് പറയാം. "
നെഞ്ചിൻ കൂടിലൊരു വലിയ പാറക്കല്ലെടുത്തു വച്ചത് പോലെ തോന്നി. അമ്മുവിന്റെ ടെൻഷൻ അവളുടെ മുഖത്ത് വളരെ വ്യക്തമായി കാണാമായിരുന്നു. അവളുടെ അടുത്ത് ചെന്ന് അരികിലേക്ക് ചേർത്ത് പിടിച്ചു. അവളുടെ ചങ്ക് പിടയ്ക്കുന്ന ശബ്ദം കേട്ടുകൊണ്ടിരുന്നു.
അര മണിക്കൂർ അരവർഷം പോലെ തോന്നിച്ചു. റിസൾട്ട് വന്നു ഡോക്ടറിന്റെ മുറിയിലേക്ക് ചെല്ലാൻ നഴ്സ് പറഞ്ഞു. എടുത്തു വയ്ക്കുന്ന ഓരോ കാലടികൾക്കും വല്ലാത്തൊരു കനമുണ്ടായിരുന്നു.
"കൗണ്ട് എല്ലാം നോർമലാണ് . സാധാരണ ഗതിയിൽ ഇപ്പോൾ കുഞ്ഞ് യൂട്രസിൽ എത്തണം. നമ്മുക്കൊരു സ്കാൻ കൂടി നോക്കാം."
- '' കുഞ്ഞ് യൂട്രസിൽ എത്തിയിട്ടില്ല നമ്മുക്ക് രണ്ട് ദിവസം കൂടി ഒന്നു വെയിറ്റ് ചെയ്യാം. ചിലപ്പോൾ നല്ലത് സംഭവിച്ചാല്ലോ."
ഡോക്ടറിന്റെ വാക്കുകൾ അല്പമെങ്കിലും ആശ്വാസം നൽകിയത് ശ്രീനിയെ മാത്രമായിരുന്നു. അമ്മു വീണ്ടും നിരാശയുടെ ലോകത്തേക്ക് കൂപ്പുക്കുത്തി വീണു. അവളിലെ മൗനം വല്ലാത്തെ ഭയപ്പെടുത്തുന്നതായിരുന്നു.
പിറ്റേന്ന് ഡ്യൂട്ടിയ്ക്ക് പോയപ്പോൾ ശ്രീനി അമ്മുവിനെയും കൂടെ കൂട്ടി. ഒറ്റയ്ക്ക് വിട് പോകാനവൻ ഭയപ്പെട്ടു.
യാത്രയിൽ മുഴുവനും യൂ ടൂബിൽ ട്യൂബൽ പ്രഗ്നൻസിയെപ്പറ്റി കണ്ടു കൊണ്ടേയിരുന്നു.
അവളിലെ മൗനം കൂടി കൂടി വന്നു. പിറ്റേന്നതെ സ്കാനിൽ കുഞ്ഞ് യൂട്രസിൽ എത്തിയെന്ന തിരിച്ചറിവ് ശ്രീനിയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു. സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു .
പക്ഷേ അമ്മുവിൽ യാതൊരു വിധ ചലനങ്ങളും ഉണ്ടായില്ല. അവളുടെ സ്വഭാവത്തിലെ മാറ്റം ഡോക്ടർ ശ്രദ്ദിക്കുകയും ചെയ്തു.
- "ശ്രീനി അമ്മുവിന് എന്താണ് സംഭവിച്ചത്.''
- " അത് ഇത് അറിഞ്ഞത് മുതൽ അവളിങ്ങനെയാണ്. എല്ലാറ്റിനും മൗനം മാത്രമാണുത്തരം. അവളിപ്പോഴും ആ ലോകത്താണ് ഞാൻ വീട്ടിൽ ചെന്ന് അവളോട് സംസാരിച്ചോളാം."
- ''ഹേയ് നോ. ഈ സന്തോഷ വാർത്ത അമ്മുവിന്റെ മൗനം മറ്റേടത് അല്ലേ "
ഡോക്ടർ അമ്മുവിന്റെ അരികിൽ എത്തി അവളുടെ തോളിൽ തട്ടി വിളിച്ചു.
- "അമ്മു ഞാൻ പറഞ്ഞതമ്മു കേട്ടോ ''
ഓർമ്മകളിൽ നിന്ന് ഞെട്ടിയുണർന്നപ്പോലെ അവൾ പറഞ്ഞു.
- "ശരിയാ ഞാൻ മച്ചി പെണ്ണാ മച്ചി പെണ്ണ്. "
ശ്രീനി ഒന്ന് ഞെട്ടി.
- "മോളെ നമ്മുടെ കുഞ്ഞ് സെയ്ഫ് ആണ്. നീയൊരു അമ്മയായി ''
അപ്പോഴും അവൾ പറഞ്ഞു
- " ആ കുഞ്ഞും പോയി ഇനി കുഞ്ഞേയില്ല. ഞാൻ മച്ചിയാ മച്ചിപ്പെണ്ണ് "
(തുടരും)
:: സുമിത യദു::
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo