Slider

വീടെവിടെയാണെന്നതിന്റെ ഉത്തരമെന്താണ് ?

0
Image may contain: 2 people, people smiling, selfie and closeup



നിങ്ങൾ വീട് വിട്ടിറങ്ങിയിട്ടുണ്ട്.
എന്നാൽ വീട് നിങ്ങളെ വിട്ടിറങ്ങുമ്പോൾ
നിങ്ങളെന്ത് ചെയ്യും.
ഇത്രയും നാൾ
സ്വന്തമെന്ന് കരുതിയതുകൊണ്ട് മാത്രം
നൽകാതെവെച്ച സ്നേഹം,
നിർത്തലാക്കപ്പെട്ട നാണയം പോലെ വെറുതെയാവുന്നത് നിങ്ങളറിയും.
ഒരുപാട് വീടുകളില്ലാത്ത നിങ്ങൾക്ക്
ഇതുവരെ നോക്കിയിട്ടില്ലാത്ത ദിക്കിൽ നിന്ന്
എന്തോ ഒന്ന് കാണാതായപോലെ തോന്നും
പിന്നീടുള്ള സഞ്ചാരങ്ങളിൽ,
തിരികെ എങ്ങോട്ട് വന്നു കയറുമെന്ന്
പെട്ടന്നൊരു ചിന്തയുണ്ടാവും.
നിങ്ങളുടെ ചുറ്റുമുണ്ടായിരുന്ന,
എന്നും ഉണ്ടാവുമെന്ന് കരുതിയ,
ധൈര്യത്തിന്റെ അതിർത്തിയല്ലേ
സുരക്ഷയുടെ ബോധമല്ലേ കാണാതായത്
വീടിനകത്തെ ഇരുട്ടിന്
പുറത്തെ ഇരുട്ടിന്റെ ഭാവമായിരുന്നില്ല എന്ന്
ഈ പുതിയ രാത്രികളിൽ നിങ്ങൾക്ക് മനസ്സിലാവുന്നുണ്ട്
നിങ്ങൾ വെയിലും മഞ്ഞും നിലാവും കൊള്ളുന്നത്
സഹിക്കാനാവാതെ
വീട് തിരികെവരുമെന്ന്
നിങ്ങൾ കൊതിക്കുന്നുണ്ട്.
ഓർമയിലാദ്യമായി,
സ്വന്തം വീടെവിടെയാവാമെന്ന
വിചിത്ര ചിന്തയും നിങ്ങളിൽ വന്നുചേരുന്നു.
കാണാതായതിന്റെ
തെളിവുകൾപോലുമില്ലാതെ കാണാതായതിനെ
എങ്ങനെ കണ്ടെത്തുമെന്നോർത്തിരിക്കാനെങ്കിലും
ഒരു വീടില്ലല്ലോ എന്ന്.
നിങ്ങളില്ലാത്ത നേരങ്ങളിൽ
വീടനുഭവിച്ച ഏകാന്തതയും അറിയാനാവുന്നുണ്ട് അല്ലേ ?
സാവധാനം എല്ലാം മറക്കുമെങ്കിലും
ഏതോ ഒരു പ്രതീക്ഷയുടെ പുറത്ത്,
വീടിന്റെ ഒളിച്ചുവെച്ച താക്കോൽക്കൂട്ടത്തെ
കളയാതെ നിങ്ങൾ സൂക്ഷിച്ചുവെക്കില്ലേ ?
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo