Slider

നിയോഗം.... part -1

0
നിയോഗം.... part -1
***********
മഞ്ഞിനെ കീറിമുറിച്ചു ബുള്ളറ്റ് മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ജാക്കറ്റ് ഇട്ടിട്ടും ദേഹമൊട്ടാകെ തണുപ്പ് വല്ലാതെ കുത്തി കയറുന്നുണ്ട്. ഈ നേരത്ത് ആ കുന്നിൻ മുകളിലേക്ക് ഉള്ള യാത്ര ഒഴിവാക്കാൻ അരുണാചലം പറഞ്ഞതാണ്. പക്ഷെ മഞ്ഞു പുതച്ചു കിടക്കുന്ന വഴിയിലൂടെ ആ കുന്നിലേക്ക് ബുള്ളറ്റിൽ പോവുക എന്നത് ഒരു വലിയ മോഹമായിരുന്നു. അതാണ് ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നത്.
എല്ലാ വർഷവും ഉള്ള രണ്ട് മാസത്തെ ലീവിന് നാട് ചുറ്റി കാണുക എന്നതായിരുന്നു എന്റെ എക്കാലത്തെയും ശീലം. കുടുംബം എന്നത് സ്വപ്നമായും ഉണ്ടായിരുന്ന രക്തബന്ധങ്ങൾ ഓർമ്മകളായി നെഞ്ചിനെ മുറിവേല്പിക്കാൻ ആയപ്പോഴേക്കും താൻ ഒരു ഒറ്റയാൻ ആയിരുന്നു.
ഒറ്റയാൻ, ചങ്ക് ചങ്ങാതി ശേഖർ ആയിരുന്നു ആ വിളിപ്പേര് തനിക്ക് ചാർത്തി തന്നത്. ഓർമ്മകൾ കനം പേറി മനസ്സ് മരവിക്കുമ്പോൾ ഒറ്റയ്ക്ക് എന്നു തോന്നുന്നിടത് ഒരു 'ഒറ്റയാൻ' ജനിക്കുന്നു.
ഇപ്രാവശ്യത്തെ യാത്ര അങ്ങനെ ഊട്ടിയിലേക്ക് ആക്കി. ഊട്ടി സജസ്റ്റ് ചെയ്തത് ശേഖർ തന്നെ ആയിരുന്നു. ഊട്ടി എങ്കിൽ ഊട്ടി പക്ഷെ യാത്രക്കാർ തിങ്ങി നിറഞ്ഞ, ബഹളം ഉള്ള, സിനിമയിലും മറ്റും കണ്ടു മടുത്ത ഊട്ടിയെ കാണാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഊട്ടിയുടെ ഉൾനാട്ടിലേക്ക് യാത്ര നീണ്ടത്. ആ ഒരു തിരചലിൽ ആയിരുന്നു അരുണാചലത്തെ കിട്ടിയത്. കട്ട രജനി ഫാൻ. പോകും വരെ കൂടെകൂടുന്നോ എന്ന ചോദ്യത്തിൽ ആള് വീണു. അങ്ങനെ കഴിഞ്ഞ ഒരു മാസമായി നിഴൽപോലെ അവനും ഉണ്ട് കൂടെ. താമസം ശേഖറിന്റെ ബന്ധുവിന്റെ കോട്ടജിലും. അങ്ങനെ ഒരു ഊരു തെണ്ടലിനിടയിലാണ് ഇങ്ങനെ ഒരു കുന്നും അതിന്റെ മുകളിൽ നിന്നാൽ കാണുന്ന നേർത്ത സൂര്യോദയവും പച്ചപ്പും മലമേടുകളും ഒക്കെ ഉള്ള കാഴ്ചയുടെ കൊതിപ്പിക്കുന്ന വിവരണം കിട്ടിയത്.
ഓർമ്മകളിൽ നിന്നുള്ള കരകയറലിൽ കണ്ടത് മുന്നിൽ കോടമഞ്ഞു ഇറങ്ങി വരുന്നതാണ്. പെട്ടെന്ന് വണ്ടി ബ്രേക്ക് ഇട്ട് നിർത്തി വഴിയോരത്ത് മാറി ഇരുന്നു. കോടമഞ്ഞു ദേഹം മൂടി പിന്നെ കുന്നിറങ്ങി താഴെ മരക്കൂട്ടങ്ങളിൽ തട്ടി തഴുകി മാഞ്ഞു പോയി. എന്റെ ഏകാന്തതകളും ഇങ്ങനെ മാഞ്ഞു പോയെങ്കിൽ. എവിടെ മായാൻ. മരണം കൊണ്ട് മാത്രം ഉത്തരം കിട്ടുന്ന ചില ചോദ്യവും ഉണ്ടാവും ഭൂമിയിൽ..
മഞ്ഞു ഇറങ്ങി വഴി തെളിഞ്ഞപ്പോൾ പെട്ടെന്ന് തന്നെ വണ്ടി സ്റ്റാർട്ട് ആക്കി വീണ്ടും കുന്നിൻ മുകളിലേക്ക്. യാത്രകൾ ഇപ്പൊ ഹരമായി. കാഴ്ചകളിൽ മനസ്സിനെ പറത്തി വിട്ട് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക്. ലൈക്ക് എ ഫ്രീ ബേർഡ്.
വഴി ശരിക്കും കുണ്ടും കുഴിയും നിറഞ്ഞതാണ്. മുന്നോട്ട് പോകവേ ആയിരുന്നു ഒരാൾ മുന്നിൽ ആയി നടന്നു പോവുന്നത് കണ്ടത്. തലയിൽ ഭാരം തോന്നിപ്പിക്കുന്ന ചാക്ക് കെട്ട്.
"ചേട്ടാ കൊണ്ടു വിടണേൽ വണ്ടിയിലേക്ക് കയറിക്കോ"
അയാൾ ഒന്ന് മുഖത്തേക്ക് നോക്കി മുന്നോട്ട് നടക്കാൻ തുടങ്ങി
"ചേട്ടാ നല്ല മഞ്ഞാണ്. ഈ ചാക്കും ചുമന്ന് നടക്കണ്ടാലോ. പോവേണ്ട ഇടം പറയൂ. ഞാൻ കൊണ്ടു ചെന്നെത്തിക്കാം.
എന്റെ നിർബന്ധം അയാളെ ശരിക്കും അസ്വസ്ഥമാക്കിയ പോലെ തോന്നി.
ഊട്ടിയിൽ വന്നു അവിടെയുള്ള നാട്ടുകാരനോട് മലയാളത്തിൽ സംസാരിച്ച എന്നെ തല്ലണം അതും ആലോചിച്ചു വീണ്ടും ബുള്ളറ്റ് അയാൾക്കരികിലേക്ക് നിർത്തി അറിയാവുന്ന തമിഴിൽ സഹായിക്കട്ടെ ചോദിച്ചു
അയാൾ കുറച്ചു നീരസത്തോടെ എന്നെ നോക്കി. എന്റെ തമിഴ് അയാൾക്ക് ഒട്ടും പിടിച്ചില്ല എന്നു ആ നോട്ടത്തിൽ മനസിലായി.
പിന്നെ ഒന്നും പറയാതെ ആ ചാക്ക് കെട്ട് വണ്ടിയുടെ പിന്നിൽ വെച്ചു.
"രണ്ട് വളവു കഴിഞ്ഞു ഒരു കയറ്റമുണ്ട്. കയറ്റത്തിൽ ഇടത് ഭാഗത്ത് വലിയ ഒരു മരമുണ്ട്.അതിന്റെ ചോട്ടിൽ വെച്ചാൽ മതി."
"അത് ശരി, അപ്പൊ ചേട്ടൻ മലയാളി ആയിരുന്നോ..എന്നിട്ടാണോ ഇങ്ങനെ?
എന്നിട്ടും അയാൾ മറുത്തൊന്നും പറഞ്ഞില്ല. അയാളിൽ നിന്നും ആ മൗനമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ട എന്ന് തോന്നിയപ്പോൾ ഞാൻ വീണ്ടും വണ്ടി മുന്നോട്ടേക്ക് എടുത്തു.
ആ ഭാരമുള്ള ചാക്ക്കെട്ടും കൊണ്ട് കുത്തനെയുള്ള കയറ്റം കയറൽ പ്രയാസമുള്ളതായിരുന്നു. ബുദ്ധിമുട്ടിയാണെങ്കിലും അയാൾ പറഞ്ഞിടത്ത് കൊണ്ടിറക്കി വെച്ചു.
അയാൾ ആ കയറ്റം കയറി വരാൻ ഇനിയുമേറെ നേരം വേണ്ടി വരും. ഈ കുത്തനെയുള്ള കയറ്റം അത്രയും വേഗത്തിൽ കയറി വരാൻ അയാൾക്കാവില്ല. കാരണം കാണുമ്പോൾ അത്ര വലിയ ആരോഗ്യവാനല്ല അയാൾ. ഏകദേശം അറുപത് അറുപത്തഞ്ചു വയസ്സുണ്ടാവും. ഈ കാട്ടു പ്രദേശത്തെ ജീവിതമാകാം അയാളെ അതിലേറെ പ്രായം തോന്നിപ്പിക്കുന്നുണ്ട്. വൃദ്ധനാകാതെ വൃദ്ധനായ ഒരാളെ പോലെ.
അയാൾ വരും വരെ ആ വലിയ മരത്തിന്റെ വേര് തടിയിൽ ഇരിക്കുക തന്നെ. വണ്ടി വഴിയിൽ നിന്നും അല്പം ഉള്ളിലേക്ക് കയറ്റി നിർത്തി ആ മരച്ചുവട്ടിൽ ഇരിപ്പുറപ്പിച്ചു. ചുറ്റുമൊന്നു കണ്ണോടിക്കുമ്പോൾ പേരറിയാ ചെടികൾ ചുറ്റും തഴച്ചു വളർന്നു നിൽക്കുന്നു. അതിൽ ഇന്നോളം കണ്ടിട്ടില്ലാത്ത പലതരം പൂക്കളും. കുന്നിൻ മുകളിലേക്ക് നോക്കിയപ്പോൾ കാഴ്ച്ച അവ്യക്തം. കാടിന്റെ ഇരുൾ ഭീതിതം തന്നെ. പലതരം പക്ഷികളുടെ ശബ്ദം. കുയിലുകൾ മറുപാട്ടു കേൾക്കാൻ കൊതിക്കുന്നു എന്നു തോന്നിപ്പോകും പോലെ കൂകി കൊണ്ടേ ഇരിക്കുന്നു. മെല്ലെ ആ താളത്തിൽ ചൂളമടിച്ചപ്പോൾ ദൂരെ കുയിലിനും വാശി കയറി. രസകരം. ചുണ്ടിൽ കുറുമ്പിന്റെ ചിരി പടരുമ്പോൾ ചൂളമടിക്കൊപ്പം മനസ്സ് ഓർമ്മകളെ വാരിക്കൂട്ടി മുന്നിലേക്ക് കുടഞ്ഞിട്ടു.
തുടരും....
✍️സിനി ശ്രീജിത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo