Slider

** കൊച്ചിയില്‍ നിന്ന് വന്ന സ്വപ്നം **

0
** കൊച്ചിയില്‍ നിന്ന് വന്ന സ്വപ്നം **
"ഇക്കാ...ഇന്നലെ ഞാൻ ഇക്കയെ സ്വപ്നം കണ്ടു "
വല്ലപ്പോഴും എന്റെ കഥകളൊക്കെ വായിക്കുന്ന ഒരു ഫേസ് ബുക്ക് സുഹൃത്തിന്റെ മെസ്സേജ് (പുരുഷൻ - ജസ്റ്റ് റിമെംബേർ ദാറ്റ് )
ശ്ശൊ..കെട്ട്യോൾ വരെ പറയാത്ത കാര്യം..അല്ലെങ്കിലും ഞാൻ എന്ന എഴുത്തുകാരന്റെ വില അവൾക്കെന്തറിയാം...
ഞാൻ വിടർന്നു ചിരിക്കുന്ന ഒരു സ്റ്റിക്കർ സമ്മാനമായി അയച്ചു.
"എവിടെ വെച്ചാ നീ എന്നെ കണ്ടത് ?"
"ലുലു മാളിൽ നിങ്ങൾ നിൽക്കുന്നതായ്"
"ഇത്രയും ആൾക്കാരുടെ ഇടയിൽ നിനക്കെങ്ങനെ എന്നെ മനസ്സിലായി..നമ്മൾ കണ്ടിട്ടില്ലാലോ ?"
"എന്റെ ഇക്കാ....ആയിരം ആളുകളുടെ ഇടയിലും ഇക്കയുടെ മുഖം ഞാൻ തിരിച്ചറിയും.. ഇക്കയുടെ കഥപോലെ മനോഹരമല്ലേ അത് ! "
എന്റെ പ്രൊഫൈൽ ചിത്രം സൂം ചെയ്ത് ഞാനൊന്നു കൂടി നോക്കി. ശരിയാണല്ലോ ..എനിക്കെന്താ എന്നെപ്പറ്റി ഒരു മതിപ്പില്ലാത്തത് !
പെണ്ണാകാത്തത് ഭാഗ്യം.. അവനെ ഇനി കണ്ടാൽ ഉമ്മ വെച്ചു കൊല്ലണം
ഏതെങ്കിലും കഥക്ക് അവാർഡ് വാങ്ങിക്കാൻ പോകുന്നതായിരിക്കുമോ അവൻ കണ്ടത് ?! ഈ തണുത്ത വെളുപ്പാന്‍ കാലത്തും ഞാന്‍ എരിപൊരി കൊണ്ടു.
"എന്താ സ്വപനത്തിൽ കണ്ടതെന്ന് പറഞ്ഞില്ല "
"അതാണ് പറയാൻ പോകുന്നത്... ഇക്കയുടെ നല്ല മനസ്സ്, കരുണ , സ്നേഹം എല്ലാം വിളിച്ചു പറയുന്ന ഒരു സ്വപ്നം തന്നെ "
ഞാൻ മുടിഞ്ഞ സ്നേഹം പറയുന്ന പത്തു പന്ത്രണ്ട് സ്റ്റിക്കർ അങ്ങോട്ടേക്ക് പായിച്ചു. (കെട്ട്യോൾക്ക് ഇതിനുള്ള ഭാഗ്യം ഇതുവരെ കിട്ടിയിട്ടില്ല.. അവൾക്കത് വേണം...വിവരം കെട്ടവള്‍ )
"ഹ.ഹ.. നീ പറയൂ"
" നിങ്ങൾ ലുലു മാളിൽ കയ്യിൽ ഒരു കവറുമായി എന്നെ കാത്തു നിൽക്കുന്നു. ചിരിക്കുന്ന അഞ്ചു സ്റ്റിക്കർ വീണ്ടും ഞാൻ വിരലുകളിൽ തൂക്കിയെടുത്ത് അവന് എറിഞ്ഞു കൊടുത്തു
“എന്നിട്ട് ?”
"5000 രൂപ അടങ്ങിയ ഒരു മനോഹര കവര്‍... സ്നേഹപൂർവ്വം അതെനിക്കായി ഇക്ക സമ്മാനിക്കുന്നു "
ഇത്രയും സമയം അടക്കിവെച്ചിരുന്ന ശ്വാസം ഒരു ദീർഘ നിശ്വാസമായി എന്നിൽ നിന്ന് പുറത്തു വന്നു.
" ഇതൊരു സത്യമായ സ്വപ്നം തന്നെയാ ഇക്ക...കാരണം ഞാൻ ഇന്നലെ മുതലേ കാശിനു വേണ്ടി ബുദ്ധിമുട്ടുകയായിരുന്നു...നമുക്ക് ഈ സ്വപ്‍നം സാക്ഷാൽക്കരിച്ചേ മതിയാവൂ.. "
ഞാൻ അവനു അയച്ചുകൊടുത്ത സ്മൈലികൾ ചിരിച്ചു ചിരിച്ചു തളർന്നു തിരിച്ചെന്നെ നോക്കാൻ തുടങ്ങി.
"അതേയ്......(പേര് തന്നെ വിളിച്ചു) .. ഞാനും എത്ര നാളായി ആഗ്രഹിക്കുന്നു ഒന്ന് നിന്നെ നേരിൽ കാണാൻ.. പക്ഷെ എങ്ങിനെ കാണും ... ഞാൻ ദുബായിൽ അല്ലെ ?
"ങേ ...നിങ്ങളുടെ ഫേസ് ബുക്ക് ഇൻഫോയിൽ " Lives in Kochi " എന്നാണല്ലോ. “ - അവന്‍റെ നെടുവീര്‍പ്പ് ഞാന്‍ ദുബായില്‍ കേട്ടു.
"ഫേസ് ബുക്ക് ...കുന്തം ..അത് പലതും പറയും മോനെ"
അവന്റെ അവസാനത്തെ വാചകം വളരെ സ്നേഹപൂര്‍വ്വം ഇങ്ങിനെയായിരുന്നു:
"എഴുത്തുകാരൻ പോലും...കള്ളൻ ...രാവിലെ മുതലേ കൊച്ചിയിലുള്ള എഴുത്തുകാരെ തിരഞ്ഞു തിരഞ്ഞു നിന്നെപ്പോലത്തെ പരട്ടയെയാണല്ലോ കിട്ടിയത്..അയ്യായിരം രൂപ ഇല്ലാത്ത മാക്രി... ഞാന്‍ നിന്നെ ബ്ലോക്കുന്നു “
ഞാൻ ഒന്നുകൂടി എന്റെ പ്രൊഫൈൽ ചിത്രം നോക്കി.. കണ്ണട ഇല്ലാതെ തന്നെ എനിക്കിപ്പോൾ എല്ലാം വ്യക്തമായി കാണാൻ പറ്റുന്നുണ്ട്.
(ഹാരിസ്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo