Slider

നിന്നെയും തേടി **************** ഭാഗം :- 8

0
നിന്നെയും തേടി
****************
ഭാഗം :- 8
ആശുപത്രിയിൽ നിന്നും പോന്നതിനു ശേഷം ഒരു തവണ കാവേരി കുഞ്ഞിനേക്കാണാൻ ശ്രീദേവിയുടെ വീട്ടിൽപ്പോയി. പക്ഷെ ചെന്നപ്പോൾ അയല്പക്കക്കാർ പറഞ്ഞു അവർ കുടുംബവീട്ടിലേക്ക് പോയെന്ന്.. അവൾ കുടുംബവീട്ടിൽ പോയിട്ടില്ല.. അതുകൊണ്ട് സ്ഥലം അറിയില്ല.... അടുത്താഴ്ച്ച അവർ തിരിച്ചവരും എന്ന അറിവിൽ അവൾ ഹോസ്റ്റലിലേക്ക് തിരികെപ്പോയി.. കുഞ്ഞിനെ ഒന്നു കണ്ടാൽ മാത്രം മതിയായിരുന്നു അവൾക്ക്.. അടുത്ത ആഴ്ച വന്നപ്പോൾ അവൾ അറിഞ്ഞു അവർ കുഞ്ഞിനെയും കൊണ്ട് തിരികെ ലണ്ടനിൽ പോയ വിവരം..
മറ്റൊരു മാർഗവുമില്ലാതെ അവൾ ഡൽഹിയിലേക്കുള്ള തീവണ്ടിയിൽ കയറി.. സ്കൂളിൽ ഒന്നാം ക്ലാസ്സിലുള്ള കുട്ടികളുടെ ചുമതല ആയിരുന്നു അവൾക്ക്.. ആദ്യം കൂടെ മറ്റൊരു മലയാളി ടീച്ചറും ഉണ്ടായിരുന്നു.. ഭാഷ ഒക്കെ ഒരുവിധം പടിച്ചുവന്നപ്പോൾ അവൾ ഒറ്റക്ക് തന്നെ ക്ലാസ് കൈകാര്യം ചെയ്യാൻ തുടങ്ങി.
ഉടമസ്ഥൻ മലയാളിയായതുകൊണ്ട് ആ സ്കൂളിൽ കൂടുതലും ജീവനക്കാർ മലയാളികളായിരുന്നു.. അതിൽ ഹെഡ്മാസ്റ്റർ വർഗീസ് സാറും ഭാര്യ മോളി ടീച്ചറും അവളുമായി നന്നായി അടുത്തു. അവരോടു മാത്രം പൂർവകാല കഥകൾ അവൾ പറഞ്ഞു...
ആയിടക്കാണ് സ്കൂളിൽ പുതിയ ഒരു ക്ലർക്ക് ജോലിക്ക് വന്നത്.. ജോസഫ്.. സുമുഖൻ.. രസികൻ.. എല്ലാവരോടും പെട്ടെന്ന് കൂട്ടുകൂടുന്നവൻ.. സൽസ്വഭാവി.. കൂടെ താമസിക്കുന്ന മറ്റ് അധ്യാപകർക്ക് അയാളെപ്പറ്റി പറയുമ്പോൾ നൂറുനാവാണ്. വെള്ളമടിയില്ല .. പുകവലിയില്ല.. മറ്റുള്ളവരെ സഹായിക്കാൻ മുൻപന്തിയിൽ .. എല്ലാവരുമായും നല്ല സൗഹൃദം...
പക്ഷെ കാവേരി എന്തുകൊണ്ടോ അയാളോട് അടുത്തില്ല.. അയാളോടെന്നല്ല ആരോടും... പക്ഷെ ജോസഫ് കാവേരിയെ എന്നും ശ്രദ്ധിക്കുമായിരുന്നു. സ്വയം നിർമിച്ച ചട്ടക്കൂടിൽ ഒതുങ്ങി ജീവിക്കുന്ന ഒരു പാവം പെണ്ണ്.. അയാൾ മറ്റ് അധ്യാപകരോട് തിരക്കി..
‘ആ പെണ്ണിന് ഭയങ്കര ജാടയാ.. ഹെഡ്മാസ്റ്ററും ഭാര്യയുമായിട്ടെ കൂട്ടുകൂടൂ .’ കൂട്ടത്തിൽ കുശുമ്പത്തിയായ നീന പറഞ്ഞു
‘വെറുതെയാ ജോസഫേ.. ജാടയൊന്നുമല്ല.. പാവമാ.. കുറച്ചു കാശുള്ളിടത്തെയാണെന്നു തോന്നുന്നു.. ഇടക്കിടെ അമ്പലങ്ങളിലും പള്ളിയിലുമൊക്കെ അന്നദാനം നടത്തും.. പിന്നെ തെരുവുകളിലെ കുട്ടികൾക്ക് മിക്കപ്പോഴും ആഹാരം വാങ്ങിക്കൊടുക്കും.. ഇതൊക്കെ ഞാൻ കാണുന്നതാ കേട്ടോ.. ഇടക്ക് അമ്പലത്തിൽ ഞാനും കൂടെപ്പോകാറുണ്ട്.. പഴ്സണലായി ഒന്നും പറയാറില്ല.. എന്തായാലും കുട്ടികൾക്കൊക്കെ അവളെ ജീവനാ.. അവളുടെ ക്ലാസ്സിലെ കുട്ടികൾ മിടുക്കരാ.. ‘ അരുന്ധതി ടീച്ചർ പറഞ്ഞു..
‘എങ്ങനെയെങ്കിലും അവളെപ്പറ്റി കൂടുതൽ അറിയണം.. കണ്ടനാൾ മുതൽ തുടങ്ങിയതാ നെഞ്ചിലൊരു പിടപ്പ്.. അതിപ്പോൾ കണ്ടാലും ഉണ്ട്..’
‘എന്താ ജോസഫേ.. ഒരാലോചന’ നീന ചോദിച്ചു.
‘ഏയ്.. എന്താലോചിക്കാൻ നീന ടീച്ചറെ..’
അവർ ഓരോരോ കഥകൾ പറഞ്ഞു നടന്നു..
*******
അങ്ങനെ ഒരു ദിവസം സ്കൂളിൽ നിന്നും എല്ലാവരും കൂടി ടൂർ പോകാൻ തീരുമാനിച്ചു.. കാവേരിക്ക് പോകാൻ താൽപര്യമില്ലായിരുന്നു.. അവൾ ഒഴിഞ്ഞുമാറി. പക്ഷെ പോകേണ്ട ദിവസം ആയപ്പോൾ ഒരു ടീച്ചറിന് സുഖമില്ലാതായി.. അതുകൊണ്ട് കാവേരിക്ക് വീണ്ടും ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല.. അവൾ മനസ്സില്ലാ മനസ്സോടെ എല്ലാവരുടേം കൂടിപ്പോയി..
എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു.. കാവേരി മാത്രം ഒറ്റപ്പെട്ട് കുട്ടികളുടെ കാര്യം നോക്കി നിന്നു. ജോസഫ് ഒരുപാട് തവണ അവളോട് സംസാരിക്കാൻ ചെന്നെങ്കിലും ഫലമുണ്ടായില്ല..
പക്ഷെ ദൈവ നിശ്ചയം മറ്റൊന്നായിരുന്നു.. കാവേരി ബാത്‌റൂമിൽ തെന്നിവീണു.. കാലിന് സ്‌പ്രൈൻ ഉള്ളതുകൊണ്ട് നടക്കേണ്ട എന്നായിരുന്നു ഡോക്ടറുടെ നിർദേശം.. എല്ലാവരും കുട്ടികളുടെ കൂടെ പോകാൻ അവൾ നിർബന്ധിച്ചെങ്കിലും ഒറ്റക്ക് കിടക്കേണ്ട എന്ന നിർദ്ദേശത്തോടെ ജോസഫ് അവളുടെ കൂട്ടിനു നിന്നു.. ഹെഡ്മാസ്റ്ററും കൂട്ടരും അതു ശരിവച്ചു.. കുറച്ചെങ്കിലും സംസാരിക്കാമെന്ന ദുരുദ്ദേശവും അവനില്ലാതിരുന്നില്ല..
കുറെ നേരം കാവേരിയുടെ കട്ടിലിനടുത്ത് ഇരുന്നെങ്കിലും അവൾ ഒന്നും സംസാരിക്കാൻ കൂട്ടാക്കിയില്ല.. അവസാനം ജോസഫ് തന്നെ തുടക്കമിട്ടു..
‘കാവേരിടീച്ചേറെന്താ ഒന്നും മിണ്ടാത്തെ’
‘ഇപ്പൊ ഞാൻ എന്ത് മിണ്ടാനാ.. കാലിൽ വേദനയുണ്ട്’
‘ഇപ്പോഴല്ല.. കുട്ടികളും വർഗീസ് സാറും ടീച്ചറും അല്ലാതെ മറ്റാരോടും സംസാരിച്ചു കാണുന്നില്ല.. അതെന്താന്നാ ചോദിച്ചെ. എപ്പോഴും ഒരു വിഷാദ മൂകഭാവം..’
‘അങ്ങാനൊന്നുമില്ല.. ഞാൻ ആവശ്യത്തിന് സംസാരിക്കാറുണ്ടല്ലോ’
‘അതല്ലല്ലോ.. നമ്മൾ ഒരു സ്ഥാപനത്തിൽ ഒന്നിച്ചു ജോലി ചെയ്യുന്നവർ അല്ലെ.. അപ്പൊ എല്ലാരുമായും കൂട്ടുകൂടുന്നതിൽ എന്താ തെറ്റ്.. ‘
‘അങ്ങനെ ഒരു തെറ്റുമില്ല.. പക്ഷെ എനിക്ക് അങ്ങനെ സംസാരിക്കാൻ താൽപര്യമില്ല.. അതുകൊണ്ടാ’
‘അപ്പൊ ഞാനും സംസാരിക്കണ്ടാന്ന്.. ഓക്കെ.. ഞാൻ ഇനി മിണ്ടുന്നില്ല’
‘അങ്ങനല്ല.. ജോസഫ് സംസാരിച്ചോളൂ.. എനിക്ക് കേട്ടുകൊണ്ടിരിക്കാൻ ഇഷ്ടമാ..’
അവർ കുറെ നേരം സംസാരിച്ചു.. അവർ എന്നു പറഞ്ഞാൽ ജോസഫ്.. കാവേരി നല്ലൊരു കേൾവിക്കാരിയായി.. എന്തൊക്കെയോ സംസാരിച്ചു.. സംസാരിച്ചു സംസാരിച്ച് അവർ തമ്മിൽ നല്ല കൂട്ടായി...
എല്ലാവരും തിരികെ വന്നു. അങ്ങനെ കുറേശെ കുറേശ്ശെയായി കാവേരി എല്ലാവരോടും അടുത്തു പെരുമാറാൻ തുടങ്ങി.. പക്ഷെ വ്യക്തിപരമായ ഒന്നും ആരുമായും അവൾ പങ്കിട്ടിരുന്നില്ല..
ജോസഫും കാവേരിയും തമ്മിൽ ദൃഢമായ ഒരു സൗഹൃദം ഉടലെടുത്തു.. സ്വാഭാവികമായും മറ്റുള്ളവർ അവരെ ചേർത്ത് കഥകളുണ്ടാക്കി പറയാൻ തുടങ്ങി.. അങ്ങനെ അവരുടെ ചെവിയിലും അതെത്തി.. കാവേരി ജോസഫിനോട് അധികം മിണ്ടതെയായി.. എപ്പോൾ കണ്ടാലും ഒഴിഞ്ഞുമാറാൻ തുടങ്ങി..
അന്നുമുതൽ രണ്ടുപേർക്കും എന്തൊക്കെയോ നഷ്ടമായ പ്രതീതി ആയിരുന്നു.. ജോസഫ് സംസാരിക്കാൻ ശ്രമിക്കുമെങ്കിലും കാവേരി ഒഴിഞ്ഞു മാറി.. ഒരിക്കൽ ക്ഷേത്രത്തിൽ പോയ കാവേരിയേക്കാത്ത് ജോസഫ് പുറത്തുണ്ടായിരുന്നു.. കാവേരി ഇറങ്ങി വന്നപ്പോൾ ജോസഫിനെക്കണ്ട് മുഖം കൊടുക്കാതെ വേഗം നടന്നു.. ജോസഫ് അവളെ വിളിച്ചു
‘കാവേരി... ഒന്നു നിക്കുമോ’
കാവേരിക്ക് നിൽക്കാതിരിക്കാനായില്ല.. പിടിച്ചു നിർത്തിയത് പോലെ അവൾ നിന്നു..
‘കാവേരി ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ താൻ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ.. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.. വല്ലവരും വല്ലതും പറയുന്നതിന് ഞാൻ എന്തുപിഴച്ചു.. താൻ മിണ്ടാതിരിക്കുമ്പോൾ എനിക്ക് എന്തോപോലെ.. ‘
‘അത്.. ജോസഫ് എല്ലാവരും ഓരോന്നു പറയുമ്പോൾ.. ‘
‘ഞാൻ ഒരു കാര്യം പറഞ്ഞാൽ കാവേരി തെറ്റുധരിക്കുമോ..’
‘എന്താ.. പറയ്’
‘ഞാൻ തന്നെ വിവാഹം ചെയ്തോട്ടെ..’
കാവേരി ആ ചോദ്യം പ്രതീക്ഷിച്ചില്ല.. കണ്ണുനിറച്ച് അവൾ ജോസഫിനെ നോക്കി..
‘അത്.. ഞാൻ.. എനിക്ക്.. ജോസഫ്’
‘നന്നായി ആലോചിച്ച ശേഷം ഒരു തീരുമാനം പറഞ്ഞാൽ മതി...’
‘ജോസഫ്.. എനിക്ക്‌ തന്നോട് ഇഷ്ടക്കുറവൊന്നുമില്ല.. പക്ഷെ... തനിക്ക് എന്നെപ്പറ്റി എന്തറിയാം... ഞാൻ എല്ലാം പറയാം... അതിനുശേഷം താൻ തന്നെ ആലോചിക്ക്.. എന്നെ തനിക്ക് വേണോ വേണ്ടയോ എന്ന്..’
‘എനിക്കൊന്നും അറിയണമെന്നില്ല.. താൻ എങ്ങനെയാണോ.. അങ്ങനെ ഞാൻ സ്വീകരിക്കും തന്നെ.. തന്റെ ഇഷ്ടം മാത്രം നോക്കിയാൽ മതി എനിക്ക്.. ‘
‘അങ്ങനെയല്ല ജോസഫ്.. എനിക്ക് പറയാനുള്ളത് താൻ കേൾക്കണം.. ഇന്ന് വൈകിട്ട് സ്കൂൾ കഴിഞ്ഞ് താൻ പാർക്കിൽ വരണം.. ഞാൻ അവിടെക്കാണും..’
********
കാവേരി എല്ലാം തുറന്നു പറഞ്ഞതിനുശേഷം കുറച്ചു നേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല.. ജോസഫിന്റെ മുഖം വിളറിയിരുന്നു..
‘ഇപ്പോഴും തനിക്ക് എന്നെ കല്യാണം കഴിക്കണമെന്നുണ്ടോ.. ഒന്നു പ്രസവിച്ച എന്നെ.. ഗർഭപാത്രം വാടകക്ക് നൽകി ആ പൈസ കൊണ്ട് ജീവിക്കുന്ന എന്നെ.. തെരുവ് സർക്കസ്സുകാരന്റെ മകളായ എന്നെ.. അനാഥയായ ഈ എന്നെ തന്നെ ഇപ്പോഴും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ.. ഇല്ലെന്നെനിക്കറിയാം.. അതുകൊണ്ടാണ് ഞാൻ വലിയ ആശയൊന്നും തരാതിരുന്നത്..’
‘ഇപ്പൊ എനിക്ക് തന്നെ കെട്ടാൻ ആഗ്രഹമില്ലെന്ന് ആരാ പറഞ്ഞേ.. ഞാൻ പറഞ്ഞല്ലോ എങ്ങാനൊക്കെയായാലും തന്നെ മാത്രം മതിയെനിക്ക്..’
‘വിശ്വസിക്കാമോ എനിക്ക്..’
‘നൂറു ശതമാനം... എന്റെ ഇഷ്ടമാണ് വീട്ടുകാരുടെയും ഇഷ്ടം... പിന്നെ തന്റെ ഏറ്റവും വലിയ ആഗ്രഹമെന്താ..’
‘എനിക്ക്... എന്റെ അനിയനെ കണ്ടെത്തണം.. എന്റെ കയ്യിലുള്ള പൈസ കൊണ്ട് അനാഥ ജന്മങ്ങൾക്ക് സഹായം എത്തിക്കണം..’
ജോസഫ് ഒന്നു മൂളി
പിന്നീട് അവർ ശരിക്കു പ്രേമിച്ചു നടന്നു.. അവർ ഒരുപാട് അടുത്തു മനസ്സുകൊണ്ടു മാത്രം.. കാവേരി തന്റെ കയ്യിലുള്ള പൈസയും ബാങ്കിലുള്ള പൈസയും ജോസഫ് ഓരോ ആവശ്യങ്ങൾ പറയുന്നതനുസരിച്ച് കൊടുത്തുകൊണ്ടിരുന്നു....
അങ്ങനെയൊരു ദിവസം വീട്ടിൽ പറയുന്നതിന് വേണ്ടി ജോസഫ് ലീവ് എടുത്ത് നാട്ടിൽ പോകാനൊരുങ്ങി.. കണ്ണീരോടെയും പ്രാർത്ഥനയോടെയും കാവേരി അവനെ യാത്രയാക്കി..
നാട്ടിൽ ചെന്ന് ഒരാഴ്ച്ചയോളം ജോസഫിന്റെ ഫോൺ വന്നുകൊണ്ടിരുന്നു.. പിന്നീട് അത് കുറഞ്ഞു കുറഞ്ഞു വന്നു.. തിരക്കാണെന്ന ന്യായവും.. പിന്നീട് ഒരു നാൾ ആ ഫോൺ ഓഫായി..
വർഗീസ് സാറിന് അവരുടെ ബന്ധത്തെപ്പറ്റി അറിയാമായിരുന്നു.. അയാൾ ജോസഫിന്റെ ഫയൽ നോക്കി ഒരു നമ്പർ അവൾക്ക് പറഞ്ഞുകൊടുത്തു.. അവൾ അതിൽ വിളിച്ചു.. ആദ്യപ്രാവശ്യം അത് റിങ് ചെയ്തു.. ആരും എടുത്തില്ല.. രണ്ടാമത്തെ പ്രാവശ്യം ആരോ ഫോൺ എടുത്തു.. ജോസഫിന്റെ ശബ്ദമല്ല..
‘ഹ.. ഹ..ഹലോ... ജോസഫിന്റെ നമ്പർ ആണോ..’
‘അല്ലല്ലോ... ഇത് ജോസഫിന്റെ നമ്പർ അല്ല.. നിങ്ങൾക്ക് നമ്പർ മാറി... ‘
ഫോൺ കട്ടായി... ഇനിയെന്ത് എന്നറിയാതെ അവൾ നിന്നു..
‘ അതേ ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു.. അയാൾ ഓഫീസിൽ പോലും നമ്പർ മാറ്റിയാണ് കൊടുത്തത്.. അപ്പൊ.. അറിഞ്ഞുകൊണ്ട് എന്നെ വഞ്ചിക്കുകയായിരുന്നു.. എന്റെ പൈസയും മുഴുവൻ എടുത്തു.. അയാൾ അറിഞ്ഞുകൊണ്ട് എന്നെ.. ആരോരും ഇല്ലാത്ത എന്നെ വഞ്ചിച്ചു.. ഇനി ജീവിച്ചിരുന്നിട്ട് എന്തു കാര്യം ആരോരും തുണയില്ലാതെ.. മരിക്കണം...’
ഇങ്ങനെയുള്ള ചിന്തകൾ മനസ്സിൽകൂടി പൊയ്ക്കൊണ്ടിരുന്നു.. പെട്ടെന്ന് ഒരു കൈ അവളുടെ തോളിൽ പതിഞ്ഞു.. ഹെഡ്മാസ്റ്ററായിരുന്നു..
‘മോളെ.. എനിക്ക് മനസ്സിലാകും എല്ലാം.. ഇപ്പൊ നിന്റെ ചിന്ത എന്താണെന്നും എനിക്കറിയാം.. ഇതൊക്കെ മറക്ക്.. നിന്റെ മനസ്സിൽ ഒരു വലിയ ലക്ഷ്യമില്ലേ.. നിന്റെ കൂടിപ്പിറപ്പ്.. അവനെക്കണ്ടെത്താൻ നോക്ക്.. ഞാൻ ഉണ്ട് നിന്റെ കൂടെ.. നിന്റെ മനസ്സൊന്നു ശാന്തമാകട്ടെ. .. ഒരു യാത്ര നല്ലതാ.. മലപ്പുറത്തേക്കുള്ള വണ്ടിയിലല്ലേ അവൻ പോയത്... അവിടെ എന്റെ അറിവിൽ ഒരു അനാഥാശ്രമമുണ്ട്. കന്യാസ്ത്രീകൾ നടത്തുന്നത്.. അവിടെ അവനുണ്ടെങ്കിലോ.. . നമുക്ക് അങ്ങോട്ടേക്ക് ഒരു യാത്രപോകാം .. ഞാനും ടീച്ചറും പിന്നെ കാവേരിമോളും.. മക്കളില്ലാത്ത ഞങ്ങൾക്ക് വയസ്സാം കാലത്ത് കിട്ടിയ ഞങ്ങടെ മോൾ.. ‘
അവൾ പുഞ്ചിരിച്ചു.. പ്രതീക്ഷയുടെ ഒരു നറുതിരി വെളിച്ചം ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നു..
***********
ഈ സമയം മലപ്പുറത്ത് ഒരു വീട്ടിൽ ഫോണിൽ റോങ്ങ് നമ്പറിൽ നിന്നു വന്ന ശബ്ദം പരിചിതമാണല്ലോ എന്ന ചിന്തയിൽ വലയുകയായിരുന്നു അൻവർ..
(തുടരും)
ദീപാ ഷാജൻ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo