Slider

ഒരപ്പൂപ്പന്താടിയുടെ യാത്ര

0
ഒരപ്പൂപ്പന്താടിയുടെ യാത്ര
**************************
ശിവക്ഷേത്രത്തിൻെറ ചുറ്റുമതിലിനു പുറത്തെ എരിക്കിൻ ചെടിയിലെ കായയിൽ നിന്നും പൊട്ടിവീണ അപ്പൂപ്പൻതാടിയാണു ഞാൻ.ഇങ്ങനെ ഭാരമില്ലാതെ, കാറ്റിനെ പ്രണയിച്ച് പറന്നു നടക്കുന്നതിലെ രസമൊന്നു വേറെതന്നെയാണ്.എത്ര പറന്നു നടന്നാലും ചുറ്റുമുള്ള ഓരോരുത്തരേയും പോലെ ഈ ഭൂമിയിൽ എനിയ്ക്കുമൊരു കടമയുണ്ടല്ലോ ചെയ്തു തീർക്കാൻ.അതിലേയ്ക്കുള്ള യാത്രയിൽ ഞാൻ കണ്ട കാഴ്ചകൾ നിങ്ങളോടും പങ്കുവയ്ക്കാം.മനസ്സിലെ ചിന്തകളും ആകുലതകളും മാറ്റിവച്ച് എന്നോടൊപ്പം പോന്നോളൂ അല്പനേരം.ചുറ്റിനും നടക്കുന്ന ചില നല്ലതും ചീത്തയുമായ കാര്യങ്ങൾ കണ്ടു മടങ്ങാം.
അമ്മയോടൊപ്പം അമ്പലത്തിലേയ്ക്കു വരികയായിരുന്നൊരു ചെറിയകുട്ടിയാണ് ആദ്യമെന്നെ കണ്ടത്.
ദേ..നോക്ക്യേ അമ്മേ.
അതാണു കണ്ണാ അപ്പൂപ്പൻതാടി.
ആ കുഞ്ഞെന്നെ വേഗം കൈയ്യിലെടുത്തു.
എന്തൊരു ഭംഗ്യാ ല്ലേ...അമ്മേ
അവൻെറ കണ്ണിലെ കൗതുകവും ആ നിഷ്കളങ്കമായ കുഞ്ഞുമുഖവും എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.പക്ഷേ അമ്പലത്തിനകത്തേക്കു കയറിയപ്പോൾ അമ്മ അവനോടെന്നെ കളയാനാവശ്യപ്പെട്ടു.ഒരു ചിണുക്കത്തോടെ അവനെന്നെ കൈവിട്ടു.
ശ്രീകോവിലിൻെറ നടപ്പടിമേൽ കൃത്യം ഞാൻ ചെന്നു പതിച്ചു.ഭഗവാനെ എനിയ്ക്കും ഒരു നോക്കുകാണാൻ കഴിഞ്ഞു ആ കുഞ്ഞു കാരണം.പക്ഷേ അപ്പോഴേക്കും ചെറിയ തിരുമേനിയെന്നെ പുറത്തേയ്ക്കു കളഞ്ഞു.
എനിയ്ക്കും കൊതി തീരെ ഭഗവാനെ കാണാൻ അവകാശമില്ലേ ?
പുറത്തു പറന്നു നടക്കുന്നതിനിടയിലാണ് അമ്പലക്കുളത്തിൻെറ കൽപടവുകൾ കയറാൻ പ്രയാസപ്പെടുന്ന ഒരമ്മൂമ്മയെ കണ്ട് അവിടെ നിന്ന രണ്ടാൺകുട്ടികൾ ഓടിയെത്തി സഹായിക്കുന്ന കാഴ്ച.
നോക്കൂ.പുത്തൻതലമുറയിലും നന്മയുടെ കൈത്തിരിവെട്ടങ്ങളുണ്ടെന്ന ആശ്വാസകരമായ കാഴ്ച.
ആ കുട്ടികളുടെയും കൗതുകത്തിനുപാത്രമായ ഞാനെത്തിപ്പെട്ടത് ഒരു വീടിൻെറ മുറ്റത്തു നനഞ്ഞ തുണികൾ അയയിലിടുകയായിരുന്ന സുന്ദരിയായൊരു പെൺകുട്ടിയുടെ മുന്നിൽ.
''നിതാ,നീയെന്തെടുക്കുവാ.വന്നു ചായയെടുത്തു തന്നേ''
അകത്തു നിന്നുള്ള ശബ്ദം അടുത്തേക്കെത്തി.
നോക്കിയേ ഏട്ടാ..ഒരപ്പൂപ്പൻതാടി.
ടീ പൊട്ടിക്കാളീ.. നീയെന്താ ചെറിയ കുട്ട്യാ.
കുട്ടിത്തംമാറാത്ത ഒന്നിനെയാണല്ലോ ഈശ്വരാ..എനിക്ക് കിട്ടിയെ.
ഏട്ടാ, ചെറിയ കുട്ട്യോൾക്കുമാത്രേ അപ്പൂപ്പൻതാടിയോടിഷ്ടോള്ളോ.
എനിക്കേ ഈ അപ്പൂപ്പൻതാടിയും മയിൽപ്പീലിയും കുപ്പിവളത്തുണ്ടുകളും മഞ്ചാടീം മുല്ലപ്പൂവുമൊക്കെ കുട്ടിക്കാല ഓർമ്മകളാ.
ഏട്ടാ,എല്ലാർടെ ഉള്ളിലും കളിച്ചു മതിയാവാത്തൊരു ബാല്യം ഒളിച്ചു കിടക്കണുണ്ടാവും.
ഓഹ്! സമ്മതിച്ചു.വേഗം വന്നേ,എനിക്ക് പോകാൻ സമയമാകുന്നു.
ഒന്നു പുഞ്ചിരിച്ച് എന്നെ പറത്തിവിട്ട് നിതയും വീടിനകത്തേയ്ക്ക്.
കുറച്ചകലെ എത്തിയ ഞാനൊരു വീടിൻെറ മുന്നിലെ ബന്തിച്ചെടിയിൽ അവിടുത്തെ കാഴ്ച കണ്ടു മതിമറന്നിരുന്നു പോയി.മുറ്റത്ത് പലതരത്തിലുള്ള ചെടികൾ പൂത്തു നിൽക്കുന്നു.തൊടിയിലെ കിണറിനു കുറച്ചു മാറി ഒരു കുഞ്ഞുമാവ് നിറയെ മാങ്ങകൾ.കുറച്ചപ്പുറത്തായി ഒരു പേരമരം കായ്ച്ചു നിൽക്കുന്നുണ്ട്.പിന്നെയും പലതരം വൃക്ഷങ്ങൾ.മണ്ണിൽ നന്നായി അദ്ധ്വാനിക്കുന്ന ആരുടെയോ സാന്നിദ്ധ്യമറിയിക്കുന്ന കാഴ്ചകൾ.
'എട്യേ.ലീലാമ്മേ ഇച്ചിരി മോരും വെള്ളമിങ്ങെടുക്കെടീ.എന്തോരു ഉഷ്ണവാ.സഹിക്കാമ്മേല''.
''എന്തിനാ ഇത്രേം നേരോം പറമ്പിൽ നിന്നേ.വെയിലു മൂക്കുന്നേനു മുന്നേ വരാമ്പാടില്യേ''.
ഇച്ചരി പണീം കൂടെ ബാക്കിയുണ്ടായിരുന്നെടീ.കപ്പയൊക്കെ തുരപ്പൻ കൊണ്ടു പോകുവാ.കെണി വച്ചിട്ടൊന്നും ഒരു കാര്യോല്ല.മനുഷ്യമ്മാരേക്കാളും കൂടുതൽ അവറ്റോളല്ലേ ഇപ്പോ.
എന്താ ചെയ്യാ.എല്ലാരും മാലിന്യം വഴീ തള്ളുവല്ലേ.അതൊക്കെ തിന്ന് അവറ്റോളും പെറ്റു പെരുകുകാ.ലീലച്ചേടത്തീടെ മറുപടി.
പിന്നേ, അനുമോളും കുട്ട്യോളും വരുംന്നു വിളിച്ചു പറഞ്ഞിട്ടുണ്ട്.
എന്നാലേ നീയാ സഞ്ചിയിങ്ങെടുത്തോ ചന്തേലു നല്ല മീനുണ്ടേൽ വാങ്ങി വരാം.കപ്പയുണ്ടല്ലോ.അതും കൂട്ടി കഴിക്കാം.ഞാനൊന്നു വേഷം മാറി വരാം.
പുറത്തേക്കു വന്നപ്പോഴാണദ്ദേഹം എന്നെ കണ്ടത്‌.
നോക്ക്യേടീ, ഒരപ്പൂപ്പന്താടി.
ഇതെന്താ മനുഷ്യാ,അപ്പൂപ്പൻതാടി കണ്ടു രസിക്കേണ്ടൊരു പ്രായവേ.അതൊക്കെ കുട്ട്യോളെടുത്തു കളിച്ചോളും.പറഞ്ഞത് അങ്ങനെയാണെങ്കിലും ചേടത്തീടെ നോട്ടം എൻെറ നേർക്കായിരുന്നു.
നാരായണാ..നീയ്യെങ്ങടേക്കാ..ചോദ്യം മതിലിൻെറ അപ്രത്തെ വീട്ടിൽ നിന്നുമാണ്‌.
കുട്ട്യോളു വരണുണ്ട് ഖാദറേ.ചന്തേലു നല്ല മീനേതെങ്കിലും കിട്ടുവോന്നു നോക്കട്ടേ.
ന്നാ പോന്നോ..ഞാനും കടയിലേക്കാ.
ഗേറ്റിനു പുറത്തേക്കെത്തിയപ്പോഴാണ് അയൽക്കാരൻ എന്നെ കണ്ടത്.
അല്ലാ, ഇതെന്താ അൻെറ കൈയ്യില്.അപ്പൂപ്പന്താടിയാ.ഇജ്ജെന്താ കുഞ്ഞൂട്ട്യാ.
അതുകേട്ട് നാരായണേട്ടൻ പൊട്ടിച്ചിരിച്ചു.
കുട്ടിക്കാലത്ത് മ്മളൊക്കെ എന്തോരം കളിച്ചേക്കണൂ.ഇപ്പഴത്തേ കുട്ട്യോൾക്ക് ഇതു വല്ലോം കാണാങ്കിട്ടുവോ.അന്നൊക്കെ നാട്ടിലെ കാവിലും പറമ്പിലമൊക്കെ പറന്നു നടക്കുന്ന കാണാമിത്.ഇന്നു കാവെവിടെ കുളമെവിടെ.ഒന്നൂല്യ.
അതൊക്കെ ഒരു കാലമല്യോ ഖാദറേ.
കൈവെള്ളയിൽ എന്നേം പിടിച്ചായിരുന്നു പിന്നീടവരുടെ സംസാരം.
അനക്കോർമ്മേണ്ടോ നാരായണാ.ജോസഫും എൻെറ പെങ്ങളു മൈമുനേം അൻെറ പെങ്ങളും ഒക്കെ കൂടി കളിച്ചു മറിഞ്ഞ മ്മടെ കുട്ടിക്കാലം.
ചില ഓർമ്മകളുണ്ട്,നമ്മളെ വിട്ടുപോകാൻ മടിച്ച് ഹൃദയത്തിൽ അങ്ങനെ പറ്റിച്ചേർന്നു കിടക്കുന്നവ.അതൊക്കെ മരിക്കുവോളം മറക്കാമ്പറ്റുവോ ഖാദറേ.
കേശവേട്ടൻെറ പറമ്പിലെ മൂവാണ്ടൻ മാവിലെ മാങ്ങ എറിഞ്ഞിട്ട് ഉപ്പും മുളകും വെളിച്ചെണ്ണേം കൂട്ടി കഴിച്ചതിൻെറ രുചി ഇന്നും നാവീന്നു മാറീട്ടില്ല.ആ പറമ്പിലൊക്കെ എന്തോരം മഷിത്തണ്ടാ ഉണ്ടായിരുന്നേ.ആരും കാണാതെ അതെടുത്ത് പെങ്ങളുകുട്ട്യോൾക്ക് സ്ലേറ്റുമായ്ക്കാൻ കൊടുക്കുമ്പോഴും കുളത്തീന്ന് ആമ്പലും താമരയും കൊണ്ടോയ് കൊടുക്കുമ്പൊഴും അവർടെ സന്തോഷം കാണണം.
പറഞ്ഞു പറഞ്ഞ് അവരീ ലോകത്തേയല്ലാന്നു തോന്നി.
നാരായണാ,നിൻെറ അമ്മ കനലീ ചുട്ടുതരുന്ന കപ്പേം കാന്താരിച്ചമ്മന്തീം എന്തോരം കഴിച്ചതാ.ഇപ്പോ ആർക്കും അതൊന്നും വേണ്ട.ല്ലാർക്കും പുതിയ പുതിയ ആഹാരങ്ങൾ മതി.ഇന്നാള് മെഹറൂൻെറ എട്ടു വയസ്സുകാരി പറയ്യാ,അവക്കേതാണ്ട് കെ.എഫ്.സി.ചിക്കൻ മതീത്രേ.എന്തൊക്കെ തരം സാധനങ്ങളാ.കാലംപോയ പോക്കേ.
കുട്ട്യോളു ഇടയ്ക്ക് വരുമ്പോ പറയണത് ഞാനും കേട്ടിട്ട്ണ്ട് ഖാദറേ.പുതിയ തലമുറേടെ ഓരോ പരിഷ്കാരങ്ങളേ.
നിനക്കോർമ്മയുണ്ടോ,നമ്മളൊക്കെ കണ്ടത്തിലെ ചെളിയിൽ കളിച്ചു മറിയണേ.ഇന്ന് ആരേലും കുട്ട്യോളെ മണ്ണിൽ കളിക്കാനോ മഴ നനയാനോ സമ്മതിക്ക്യോ. പുഴക്കരേൽ ചൂണ്ടയിട്ടു കിട്ടണ മീൻ വീതംവച്ചെടുക്കാൻ എന്താ ബഹളം.ഇന്നാണേലോ,മൊബൈലീ ചുണ്ണാമ്പു തേച്ച് നിവരാത്ത തലയുമായി നടക്കണ കുട്ട്യോൾക്ക് തൊട്ടടുത്ത് താമസിക്കണോരേക്കൂടെ അറിയാത്ത അവസ്ഥ.
അന്നൊക്കെ ഉത്സവോം ക്രിസ്മസും പെരുന്നാളും ഒാണോമൊക്കെ ഇല്ലായ്മേം വല്ലായ്മേം മറന്ന് ഒരുമിച്ചാഘോഷിച്ചു.ഒരാൾടെ സന്തോഷോം ദുഖോമൊക്കെ എല്ലാരുടേം ആയിരുന്നു.ഇന്നു ചില മനുഷ്യരുടെ മനസ്സ് സ്വാർത്ഥതകൊണ്ടു ചുരുങ്ങി ചുരുങ്ങി കടുകുമണിയോളം ചെറുതായി.അവനവനിലേക്കു തന്നെ ഒതുങ്ങീന്നു പറയണതാവും നല്ലത്.
ങാ..കലികാലം,പറഞ്ഞിട്ടൊരു കാര്യോല്ല്യ നാരായണാ.
പണ്ട് മ്മള് സിനിമ കാണാൻ ആഗ്രഹം മൂത്ത് ഉമ്മേടെ അരിപ്പെട്ടീൽ ഒളിപ്പിച്ചിരുന്ന കാശ് കട്ടെടുത്ത് പോയപ്പോ ന്താ ണ്ടായേ?
മൂന്നമ്മമാരും ചേർന്ന് തെങ്ങിൽ കെട്ടിയിട്ടാ തല്ല്യേ.അന്നു മുഴുവനും പച്ചവെള്ളം കിട്ടിയില്ല്യാ.പക്ഷേ അതിനു ശേഷം ഒരിയ്ക്കലും കാശുകട്ടെടുത്ത് പോയിട്ടില്ല.കാശിൻെറ വില നല്ലോണം പഠിച്ചു.ഇന്നാണേൽ അച്ഛനമ്മമാരോ മാഷുമ്മാരോ കുട്ട്യോളേ തല്ലിയാൽ എന്താ പുകില്.പത്രത്തിലെ വാർത്തകളു കാണുമ്പോ വല്ലാത്ത ഭയാ.എങ്ങോട്ടാ ഇന്നത്തെ തലമുറ പോവണേ!!!
പാവം,മ്മടെ ജോസഫിനെ മക്കളു ഗൾഫീകൊണ്ടോയിരിക്കുവല്ലേ.അവനിന്നലെ വിളിച്ചപ്പോ ഖാദറെ തിരക്കി.അവനവിടെ ആകെ മടുപ്പാ.എത്രേം പെട്ടെന്ന് നാട്ടീ വന്നാമതീന്നാ.മ്മടെ നാട്ടിലെന്തോരം മാറ്റം വന്നാലും നാട്ടിലെ സുഖമൊന്നും ഒരിടത്തും കിട്ടില്യാന്നാ അവൻ പറഞ്ഞേ.
ബാല്യത്തിൻെറ മണമുള്ള ഓർമ്മകൾ അയവിറക്കുന്ന അവർക്കിടയിൽ നിന്നും പോകാനേ തോന്നിയില്ല.
പക്ഷേ,സംസാരിച്ചു നേരം വൈകുമെന്നു തോന്നിയ അവർ പോകാൻ തുടങ്ങി.
പിന്നെ ഖാദറേ. നിനക്കുള്ള സ്പെഷ്യൽ കപ്പേം മീനും ലീലാമ്മ ഉച്ചയ്ക്ക് കൊണ്ടുത്തരൂട്ടോ.
ആയിക്കോട്ടേ നാരായണാ.വാ പോകാം.നേരം വൈകുന്നു.
അപ്പോഴാണ് കൈയ്യിലിത്രയും നേരം ഞാനിരുന്ന കാര്യം അവരോർത്തത്. കാറ്റുപോലും എന്നെ കൊണ്ടുപോകാത്തിൽ അതിശയം തോന്നിയെനിക്ക്.
നാരായണാ! ഇയ്യാ അപ്പൂപ്പന്താടി ഒന്നു തര്യോ.ബെർതേ ഒരു മോഹം.
ഹ ഹ ഹ..അതിനെന്താ നീയ്യെടുത്തോ.
എത്ര പ്രായമായാലും കളിച്ചു മതിയാവാത്തൊരു ബാല്യം എല്ലാർടെ ഉള്ളിലുമുണ്ടാവുമെന്ന് നിത പറഞ്ഞതു ശര്യാന്നിപ്പോ തോന്നി.
അവിടുന്നു ഞാനെത്തിയത് ഒരു വീടിൻെറ തുറന്നു കിടന്ന ജനൽപ്പടിമേലായിരുന്നു.പുറത്തൊരു പെൺകുട്ടി കൂട്ടിലടച്ചിട്ട കുഞ്ഞുകിളികൾക്ക് തീറ്റകൊടുക്കുന്നുണ്ട്.കഷ്ടം പറന്നു നടക്കാനുള്ള കിളികളുടെ സ്വാതന്ത്ര്യമാണല്ലോ ഇങ്ങനെ നഷ്ടപ്പെടുത്തണേ ഈ മനുഷ്യർ.അകത്തെ കട്ടിലിൽ വയസ്സായ ഒരമ്മ കിടക്കുന്നു വെള്ളം വെള്ളമെന്നു പറയുന്നുണ്ട്.
''മിണ്ടാതവിടെ കിടക്കു തള്ളേ.ഇപ്പോ വെള്ളം കുടിച്ചിട്ടു വേണം കട്ടിലിമ്മേൽ മുള്ളാൻ.നോക്കി നോക്കി ഞാമ്മടുത്തു.ഉണ്ടായിരുന്നതെല്ലാം മോൾടെ പേർക്കെഴുതി കൊടുത്തപ്പോ ഓർക്കണാരുന്നു.ആകെ ഈ വീടും അഞ്ചുസെൻറുമാ മോനു കൊടുത്തേ.എന്നിട്ടും കിടപ്പായപ്പോ ഇങ്ങോട്ടുതന്നെ തള്ളിയല്ലോ പുന്നാരമോളു.ദേ,ഇപ്പോ ചാകത്തുമില്ല കട്ടിലൊഴിയത്തുവില്ല.ബാക്കിയുള്ളോരെ കഷ്ടപ്പെടുത്താൻ ഓരോ ജൻമങ്ങൾ''.
മരുമകളുടെ ശകാരം കേട്ടിട്ടും പിന്നെയും ആ അമ്മ വെള്ളം ചോദിക്കുന്നുണ്ട്.
''ഇല്ലാന്നു പറഞ്ഞില്ലേ തള്ളേ.മോളോടു പറയ് നോക്കാൻ ആളെ വയ്ക്കാൻ''.
മച്ചിലേക്കു നോക്കി കിടന്ന ആ അമ്മയുടെ കണ്ണിൽ നിന്നു വരുന്ന കണ്ണീരു കാണാതെ എത്രേം വേഗം അവിടുന്നു പോകാൻ കഴിഞ്ഞെങ്കിലെന്നു തോന്നിപ്പോയി.താമസിയാതെ കാറ്റെന്നെ രക്ഷപ്പെടുത്തി.പറന്നു നടന്നും ചെടികളിലിരുന്നും അവസാനം ഞാനെത്തിയതൊരു കൊച്ചുകുഞ്ഞിൻെറ അടുക്കൽ.അവൻെറ അമ്മയ്ക്കൊപ്പം പച്ചക്കറി തൈകൾ നനയ്ക്കുകയായിരുന്നു.
ദേ.. ഒരപ്പൂപ്പന്താടി.
ആഹാ! കൊള്ളാല്ലോ അപ്പൂസേ.മോൻ കുറച്ചു സമയം കളിച്ചോളൂട്ടോ.അമ്മ വല്ല്യമ്മയോട് സംസാരിക്കട്ടേ.
ആ അമ്മയും വല്യമ്മയും വീടിൻെറ ഉമ്മറപ്പടിയിലിരുന്നു സംസാരിയ്ക്കുന്നതെനിക്കു കേൾക്കാം.
''അവനോട് എത്ര തവണ പറഞ്ഞതാ പാർട്ടിയ്ക്കുവേണ്ടിയിങ്ങനെ കുടുംബത്തെ മറന്നു ഒന്നിനും പോകരുതെന്ന്.ഇപ്പോ കണ്ടില്ലേ''.
''പാർട്ടീലൊക്കെ പോയാലും എന്നോടും മോനോടും വല്യ സ്നേഹാരുന്നല്ലോ ചേച്ചീ''.
''സ്നേഹമെന്ന് ഇനി പറഞ്ഞിട്ടെന്താ.കഴിഞ്ഞില്ലേ എല്ലാം.എന്തോരം വെട്ടാ ശരീരത്തിലുണ്ടാരുന്നേ.കാണാൻ പോലും പറ്റാതെ.എന്നിട്ടു പാർട്ടിക്കാരെന്താ അവൻെറ കുടുബത്തിനു തന്നേ.അവർക്കൊരു രക്തസാക്ഷിയെക്കൂടി കിട്ടി.അത്രതന്നെ.പോട്ടെ ഇനി നീയതൊന്നും ഓർക്കണ്ട.നിൻെറാപ്പം ഞങ്ങളൊക്കെയുണ്ട്.നീ നല്ലൊരു തയ്യക്കാരിയല്ലേ.അതിൽ നിന്നും തൽക്കാല കുറച്ചു വരുമാനം കിട്ടുന്നുണ്ടല്ലോ.ഒരു എംബ്രോയിഡറി മെഷീനുംകൂടെ ലോണിൽ നമുക്ക് വാങ്ങാം.പതിയെ പതിയെ എല്ലാം ശരിയാകും.നിൻെറ മനസ്സാന്നിദ്ധ്യം കൈവിട്ടുപോകരുത്.അപ്പൂനെ നല്ലോണ്ണം വളർത്തണം നമുക്ക്''.
പാവം,അപ്പൂൻറമ്മ.എല്ലാം മൂളലോടെ കേൾക്കുന്നുണ്ട്.ഒപ്പം കണ്ണും തുടക്കുന്നു.ഒടുവിൽ ഒരു ദീർഘനിശ്വാസം.
അപ്പൂന് എന്നെ എത്ര നോക്കിയിട്ടും മതിവരാത്തപോലെ.
''എന്തു മിനുസ്സവാ ഈ അപ്പൂപ്പന്താടി.ല്ലേ അമ്മേ''.
''ശരിയാ.മോൻ കളിച്ചിട്ടു വേഗം വരൂ.അമ്മ ചായ തരാട്ടോ''.
അമ്മയവൻെറ കവിളത്ത് അരുമയോടെ തൊട്ടു പറഞ്ഞിട്ട് അകത്തേയ്ക്ക് പോയി.ഒപ്പം വല്യമ്മയും.
'അപ്പൂപ്പന്താട്യേ നിനക്കിങ്ങനെ പറന്നു നടക്കാല്ലേ.നീയെൻെറ അച്ഛയെ കാണുവോ.
ൻെറ അച്ഛയേ കുറച്ചു ദിവസായി വന്നിട്ട്.മരിച്ചു പോയീന്നാ നഴ്സറീലെ കൂട്ടുകാരു പറയണേ.മരിച്ചോർക്ക് തിരിച്ചു വരാമ്പറ്റൂലാന്നാ ൻെറ കൂട്ടുകാരി മിന്നു പറഞ്ഞേ.ഒരൂസം ഇവിടുന്ന് എല്ലാരൂടെ അച്ഛയെ എടുത്തോണ്ടാ പോയേ.പിന്നെയിവിടേക്ക് വന്നിട്ടേയില്ല.ആകാശത്തു നക്ഷത്രമായീന്നാ അമ്മ പറഞ്ഞെ.നീയ് ആകാശത്തൂടെ പറന്നു പോകുമ്പഴേ ൻെറ അച്ഛയെ കാണുവാണേൽ പറയണേേ.അപ്പൂന് അച്ഛേ കാണാൻ കൊതിയായീന്നു.വേഗം വരാനും പറയോ.അവൻ കരച്ചിലിൻെറ വക്കോളമെത്തിയപ്പോ അകത്തു നിന്നും അമ്മേടെ വിളി കേട്ടു.എന്നെ ആഞ്ഞൂതിയിട്ടവൻ അകത്തേയ്ക്കോടി.
കുഞ്ഞേ നിൻറച്ഛ പോയത് ആകാശത്തിലാണെങ്കിൽ എനിയ്ക്കു പോകാനുള്ളത് മണ്ണിലേയ്ക്കാണെന്ന് അവനോടു പറയാനെനിക്കു കഴിയാഞ്ഞതു നന്നായി.അവൻ വെറുതേ വിശ്വാസിച്ചോട്ടെ അപ്പൂപ്പന്താടി അവൻറച്ഛയെ കാണുമെന്ന്.
ഈ കാഴ്ചകളെല്ലാം കണ്ട് സങ്കടപ്പെടാനൊരു ഹൃദയവും പ്രതികരിക്കാനൊരു നാവും എനിയ്ക്കില്ലാതെ പോയത് എത്ര നന്നായി.
മാനം കറുത്തു തുടങ്ങി.നല്ല മഴ വരുന്ന ലക്ഷണമുണ്ട്.എനിയ്ക്കും എൻെറ കടമ പൂർത്തിയാക്കണം.ഗർഭത്തിലുറങ്ങുന്ന കുഞ്ഞിനെ മറ്റൊരു ചെടിയായി പുറംലോകത്തെ കാഴ്ചകൾ കാണിയ്ക്കണം.അതിനായി ഏതെങ്കിലും സുരക്ഷിതസ്ഥലം ഞാനും കണ്ടുപിടിയ്ക്കട്ടെ.
ഇത്രയും സമയം എന്നോടൊപ്പം നടന്ന് നിങ്ങൾക്കു മുഷിഞ്ഞുവോ കൂട്ടുകാരേ?
സരിത സുനിൽ
************************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo