നിന്നെയും തേടി
*************
*************
‘മോളെ കാവേരി.. സാധനങ്ങളൊക്കെ എടുത്ത് ടെന്റിൽ അടുക്കി വയ്ക്ക്.. ചെറുക്കാൻ ഈയിടെയായി ഇത്തിരി ഉഴപ്പാ നീ അവനെ നന്നായിട്ട് പ്രാക്ടിസ് ചെയ്യിപ്പിക്ക്.. ജീവൻ വച്ചുള്ള കളിയാ അറിയാല്ലോ… അച്ഛനിപ്പോ വരാം..’
‘എനിക്കറിയാം അച്ഛനെവിടെപ്പോവാന്ന്.. കുടിക്കാനല്ലേ… ഞങ്ങൾ ഇവിടെന്നും അരപ്പട്ടിണിയാ.. അച്ഛൻ കിട്ടുന്ന കാശുമുഴുവൻ കുടിച്ചു തീർക്കും.. ‘
‘നിന്റെ തള്ള പറഞ്ഞു പഠിപ്പിച്ചതാകും ഇതൊക്കെ അല്ലെ.. പതിനാലു വയസ്സേയുള്ളൂ.. വായീന്ന് വല്യ വർത്താനമേ വരൂ..’
‘അതല്ല.. അച്ഛാ.. മൂന്നു നാലു ദിവസമായിട്ട് അമ്മക്ക് പനിയാ.. അമ്മേടെ കൂടെക്കിടന്ന് സെൽവനും പനിയായി.. മരുന്നെങ്കിലും വാങ്ങി കൊണ്ടു വരണേ..’
‘പിന്നെ മരുന്ന്.. നീ അവർക്കിത്തിരി കാപ്പി ഇട്ടു കൊടുക്ക് എന്നിട്ട് തുണി നനച്ചു നെറ്റിയിലും ശരീരത്തിലും ഒക്കെയിട്.. പനിയൊക്കെ മാറും.. അതൊക്കെയാ നമ്മൾ തെരുവ് സർക്കസ്സുക്കാരുടെ മരുന്ന്’
അയാൾ നടന്നകന്നു..
********
ആ നടപ്പ് ചെന്നു നിന്നത് ചാരായ ഷാപ്പിന് മുന്നിൽ ആയിരുന്നു.. അവിടെ അയാളെ കാത്തെന്നവണ്ണം കുറേപ്പേരുണ്ടായിരുന്നു..
‘അണ്ണാച്ചി.. നിങ്ങടെ സർക്കസ് റൊമ്പ നല്ലായിറുക്ക്.. എപ്പടി ഇതൊക്കെ പഠിച്ചു.. ‘
‘മലയാളത്തിൽ പറഞ്ഞാൽ പോതും..എന്നോട് അപ്പാ സർക്കസിൽ ആരുന്നു.. ഇപ്പടിയല്ല പെരിയത്.. അവിടുന്നു ഞാൻ ഈ നമ്പർ ഒക്കെ പഠിച്ചത്… എന്നോടെ ചിന്ന വയസ്സിലേ അപ്പാ മരിച്ചു.. പിണീ അവർ എന്നെയും അമ്മയെയും ഇറക്കി വിട്ടു..
ഒരു കുപ്പി കാലിയായി… അടുത്ത കുപ്പി വന്നു…
‘അയ്യോ ചേട്ടാ.. എന്റെ കയ്യിൽ പൈസ ഇല്ല.. ഒരു കുപ്പി മതി.. ബാക്കി പൈസക്ക് പൊണ്ടാട്ടിക്ക് മരുന്നു വാങ്ങണം അവള്ക്ക് പനി… അതാ..’
‘ഇതിന് പൈസ വേണ്ട.. അണ്ണാച്ചിക്ക് ഇഷ്ടമുള്ളത്ര കുടിച്ചോ.. അണ്ണാച്ചിയെപ്പോലെയുള്ള കലാകാരന്മാരെ സൽക്കാരിച്ചില്ലെങ്കിൽ ഞങ്ങളെന്തിനാ നാട്ടുകാരാണെന്നു പറഞ്ഞു നടക്കുന്നത്... അണ്ണാച്ചീടെ പെണ്ണിന് മരുന്ന് ഞങ്ങൾ വാങ്ങിത്തരാം.. കുടിച്ചോ… ‘
രണ്ടാമത്തെ കുപ്പി വന്നു.. കാലിയായി.. മൂന്നാമത്തെ കുപ്പി വന്നു കാലിയായി.. അങ്ങനെ കാലിക്കുപ്പികളുടെ എണ്ണം കൂടിക്കൂടി വന്നു.. അവസാനം അണ്ണാച്ചി കുഴഞ്ഞു ഷാപ്പിലെ ബെഞ്ചിൽ വീണു..
*******
‘അച്ഛൻ ഇതുവരെ വന്നില്ലേ മോളെ’
‘ഇല്ലാമ്മാ… അമ്മ ഉറങ്ങിക്കോ അച്ഛനിപ്പോ വരും.. ‘
പുഴക്കരയിലെ പുറമ്പോക്കിലായിരുന്നു ഇത്തവണ ടെന്റ് കെട്ടിയത്. കാവേരി വെള്ളം എടുക്കാൻ പുഴയിലേക്കിറങ്ങി.. പെട്ടെന്നാണ് ടെന്റിൽ എന്തൊക്കെയോ തട്ടിമറിയുന്ന ശബ്ദം കേട്ടത്.. അച്ഛനാകും എന്നാണ് ആദ്യം കരുതിയത്.. പെട്ടെന്ന് അമ്മയുടെ നിലവിളിയും കേട്ടു.. അവൾ ഓടി ടെന്റിൽ എത്തി.. ഒൻപത് വയസ്സുകാരൻഅനിയൻ പേടിച്ച് അവൾക്കരികിലേക്ക് ഓടിയെത്തി.. കുറേപ്പേർ കൂടി അമ്മയെ… പെട്ടെന്ന് അതിലൊരുത്തന്റെ കണ്ണ് അവളിൽ പതിഞ്ഞു… അയാൾ അമ്മയെ വിട്ട് അവളുടെ അടുത്തേക്ക് നടന്നടുത്തു.. അമ്മ ഉറക്കെ വിളിച്ചു പറഞ്ഞു..
‘മക്കളെ… എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടോ….’
‘മക്കളെ… എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടോ….’
അവൾ അനിയന്റെ കൈപിടിച്ചോടി..
(തുടരും)
ആദ്യമായി ഒരു തുടർക്കഥ എഴുതുകയാണ്.. തെറ്റുകൾ തിരുത്തി പ്രോത്സാഹിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു..
ദീപാ ഷാജൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക