Slider

ഗുണപാഠം 1

0
ഗുണപാഠം 1
~~~~~~~~~
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഞാനൊരു ടീച്ചർ ആകുന്നത്, ഒന്നാം ക്ലാസ്കാരനായ ഉണ്ണിക്കുട്ടൻ്റെ ട്യൂഷൻ ടീച്ചർ.
അച്ഛനും അമ്മക്കും ഒരുപാട് പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ചികിത്സകൾക്കും ശേഷം ഉണ്ടായ കുട്ടിയാണ് അവൻ.
സ്കൂൾ വിട്ട് കൃത്യം നാലരക്ക് വീട്ടിലെത്തി മധുമോഹൻ്റ മാനസി സീരിയൽ കണ്ടിരുന്ന ഞാൻ ഒരു മുന്നൂറു രൂപാ മാസശമ്പളക്കാരിയായി.
കുട്ടികളെ പഠിപ്പിക്കുന്നത് പോയിട്ട് ആയിടക്ക് എനിക്കെന്നെ തന്നെ പഠിപ്പിക്കാൻ സമയമുണ്ടായിരുന്നില്ല . പക്ഷേ മുന്നൂറുരൂപ അന്നൊരു വല്യ കാര്യമായിരുന്നു. മലർപ്പൊടിക്കാരന്റെ സ്വപ്നം ഞാനും കണ്ടു. ഒരു കുട്ടി, ഒരു കൂട്ടം കുട്ടികളാകുന്നു.. ഫീസ് ചറപറാന്നു വരുന്നു. പിന്നൊരു വല്യ വിദ്യാഭ്യാസ സ്‌ഥാപനത്തിന്റെ ഉടമ.. ആ സ്വപ്നം കാണുമ്പോളുണ്ട് ദേ റേഡിയോയിൽ പാട്ട് "ആനക്കെടുപ്പത് പൊന്നുണ്ടേ"... ഹോ എല്ലാം ഒരു നിമിത്തം.
“വേണ്ടാത്ത പണിക്ക് പോണാ?” അറിഞ്ഞവരൊക്ക ചോദിച്ചു.
അടുത്ത ദിവസം മുതൽ ട്യൂഷൻ തുടങ്ങി. കറക്ട് അഞ്ച് മണിയായപ്പോൾ അവൻ എത്തി.
എന്റെ ബെഡ്‌റൂമിൽ മേശക്കടുത്തായി രണ്ടു കസേര വലിച്ചിട്ടു. ഉണ്ണിക്കുട്ടനേം എന്നേം ഡിസ്റ്റർബ് ചെയ്യരുതെന്ന് വീട്ടുകാരോട് ശട്ടം കെട്ടി. ഉണ്ണിക്കുട്ടൻ വന്നു.. മുറിയിൽ കേറി നേരെ കട്ടിലിലേക്ക്.. അവിടെയിരുന്നു കുറേനേരം എന്നെ നോക്കി. പിന്നെ അനന്തശയനം സ്റ്റൈലിൽ കിടന്നു. ഈ ചെക്കൻ പണി ആവോ.. മോനിവിടെ വന്നിരിക്കൂ..അവൻ ബധിരനാണോ! ആദ്യത്തെ ദിവസം ചളമാക്കണ്ടാന്നു കരുതി ഞാൻ കട്ടിലിൽ ചെന്നിരുന്നു. കണക്കു ബുക്കും നോട്ടും ഉണ്ട്. നമുക്കിന്നു ഗുണനം പഠിക്കാം?അവൻ ശരിയെന്നു തലയാട്ടി.
രണ്ടിന്റെ പട്ടിക അറിയാത്ത കുട്ടികൾ ഉണ്ടാവില്ലല്ലോ.. മൂന്നിനെ രണ്ടുകൊണ്ട് ഗുണിച്ചാൽ എത്രയാ ഉണ്ണീ? അവൻ പെൻസിലെടുത്ത് ബുക്കിൽ എഴുതാൻ തുടങ്ങി.. മറച്ചു പിടിച്ച ബുക്ക് ഞാൻ പിടിച്ചുവാങ്ങി നോക്കി. അവനെ ആ നേരത്ത് വലിച്ചുകീറാൻ തോന്നിപോയി. നിറയെ വരച്ചുവെച്ചിരിക്കുന്നു. അപ്പോളാണ് പണ്ടെന്നെ അമ്മുമ്മ മഞ്ചാടിക്കുരു കൊണ്ട് ഗുണനം പഠിപ്പിച്ചതോർത്തത്. സൂക്ഷിച്ചുവെച്ചിരുന്ന മഞ്ചാടിക്കുരു കട്ടിലിലേക്കിട്ടു. അതൊക്കെ ഒന്ന് അറേഞ്ച് ചെയ്തു വന്നപ്പോളതാ അവൻ ഒരെണ്ണമെടുത്ത് മൂക്കിൽ തിരുകി വെച്ചിരിക്കുന്നു. അതെങ്ങാനും വലിച്ചുകേറ്റിയാൽ.. ഈശ്വരാ എന്തിനീ പരീക്ഷണം! ഞാനതു വലിച്ചെടുക്കാൻ നോക്കി പറ്റുന്നില്ല ഒടുവിൽ ഹെയർ പിൻ ഒന്ന് പരീക്ഷിച്ചു.അത് സക്‌സസായി. അവനത് വാരി തിന്നണ്ടാണ് വെച്ച് പെട്ടന്നുതന്നെ പൊതിഞ്ഞുകെട്ടിവെച്ചു. കണക്കു വേണ്ടാ. ഇംഗ്ളഷ് തുടങ്ങി.. അപ്പോളാണ് ആ സത്യം എനിക്ക് പിടികിട്ടിയത്. കൊച്ചിനു ഒന്നും അറിഞ്ഞൂടാ. ആകെ അറിയാവുന്നത് കുറെ വര വരക്കാനും വട്ടമിടാനും.അത്രേം സമയം കൊണ്ട് പുള്ളി പുതിയ പെൻസിലിന്റെ അറ്റത്തുള്ള റബ്ബർ തിന്നു തീർത്തു. അവൻ പുസ്തകം കൂടി തിന്നണ്ടന്നു കരുതി ഞാനത് വാങ്ങി ദൂരെ വെച്ചു. പിന്നെ അവനേം കൊണ്ട് പുറത്തിറങ്ങി. പഠിപ്പീരൊക്കെ കഴിഞ്ഞോ അമ്മയുടെ പുച്ഛം നിറഞ്ഞ ചോദ്യം. അമ്മേ വളർത്തിയില്ലെങ്കിലുംതളർത്തരുത്..
പിന്നെ ഞങ്ങൾ വീട്ടിലെ പട്ടിക്കൂടും കോഴിക്കൂടുമൊക്കെ സന്ദർശിച്ചു. കോഴി, മുട്ട വിരിയാനായി അടയിരിക്കുന്നത് കാണിച്ചുകൊടുത്തു. അപ്പോളാണ്'അമ്മ അകത്തേക്ക് വിളിച്ചത്. ഒന്ന് പോയി വന്നപ്പോ അടയിരുന്ന കോഴി തെറി പറഞ്ഞുകൊണ്ട് മുറ്റത്തൂടെ തേരാപാരാ നടക്കുന്നു. ഉണ്ണിക്കുട്ടന്റെ നിക്കറിന് പിന്നിൽ മുട്ടത്തോട്.. അമ്മെ.. ദേ ഇവൻ മുട്ടയൊക്കെ പൊട്ടിച്ചു. 'അമ്മ കലിതുള്ളി നിൽക്കുന്നു.. കോഴിക്കും കലി, അവനെന്താണ് വികാരമെന്ന് മനസ്സിലാകുന്നില്ല.
മുഖത്ത് ഗൗരവഭാവം വരുത്തി ഞാൻ പറഞ്ഞു :
“ഉണ്ണി ഇപ്പോൾ പൊക്കോ. ഇനി നാളെ പഠിക്കാം.”
ടീച്ചറിന്റെ 'അമ്മ ടീച്ചറിനെ തല്ലാനോടിക്കുന്നത് കുട്ടി കാണണ്ടാന്ന് കരുതി.
രണ്ടാം ദിവസവും മൂന്നാം ദിവസവും ആ ആഴ്ച മുഴുവനും പഠിപ്പിച്ച് ഞാൻ മടുത്തു.
ഇതിനിടെ ഞാൻ ചൂടാവാനും തുടങ്ങി. തുടങ്ങിയിടത്തുതന്നെ നിൽക്കുന്നു.
മുറിയിൽ നിന്നുമുള്ള എന്റെ അലർച്ചയും അവന്റെ നിലവിളിയും കേട്ട്അമ്മമ്മ അങ്ങോട്ടേക്കോടി വന്നു. "നീഅവനെ പേടിപ്പിക്കാതെ".
"എന്നാപ്പിന്നെ അമ്മമ്മ പഠിപ്പിക്ക്". ഞാൻ ബുദ്ധിപരമായി അവസരം മുതലാക്കി. അവൻഅമ്മമ്മയെ വെള്ളം കുടിപ്പിക്കുന്നതും അമ്മമ്മ അവനെ തല്ലുന്നതും കാണാനായി ഞാൻ പതുങ്ങി നിന്നു. പക്ഷെ അനുസരണയുള്ള കുഞ്ഞാടിനെപോലെ അവനിരുന്നു എഴുതുന്നു. കളിയും ചിരിയും ആയി അവനിരുന്നു പഠിക്കുന്നു.
ഒരു മാസം കഴിഞ്ഞു.അവൻ നന്നായി പഠിച്ചു. ഉണ്ണിക്കുട്ടന്റെ അച്ഛൻ മുന്നൂറ് രൂപയും പിന്നെ കുറെ പലഹാരങ്ങളുമായി വീട്ടിൽ വന്നു. ഞാനാ പൈസ അമ്മമ്മക്ക് കൊടുത്തെങ്കിലും അമ്മമ്മ വാങ്ങിയില്ല. പകരം ഒരു വലിയ രഹസ്യം പറഞ്ഞു തന്നു.. "മോളെ, ഈ ലോകത്തൊരു കുഞ്ഞിനേയും പേടിപ്പിച്ചു പഠിപ്പിക്കരുത്.. നമ്മൾ അവരെ സ്‌നേഹിക്കുന്നുണ്ടെന്ന്അവർക്ക് മനസ്സിലാകണം. എന്നാലെ അവർ അവർക്ക് വേണ്ടി പഠിക്കൂ.. ഇല്ലെങ്കിൽ അവർ പഠിക്കുന്നത് നമുക്ക് വേണ്ടിയായിരിക്കും. ഇനി നീ തന്നെ പഠിപ്പിച്ചു നോക്ക്.. അത് ശരിയായിരുന്നു. കിട്ടിയ രൂപ അമ്മക്ക് കൊടുത്തിട്ട് "ദാ ശമ്പളം" എന്ന് പറയുമ്പോളറിഞ്ഞിരുന്നില്ല എനിക്കന്നം തരുന്ന തൊഴിലിലേക്കുള്ള ആദ്യ കാൽവയ്പായിരുന്നു അതെന്ന്.

Uma
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo