Part 10
കഴിഞ്ഞ ഭാഗത്തിൽ...
******************************
******************************
അങ്ങനെ സകല മനുഷ്യരും കണ്ണടച്ചിരുന്ന് പ്രാർഥിക്കുമ്പോൾ മാത്യൂസ് മാത്രം എങ്ങനെ അവിടുന്ന് രക്ഷപ്പെടാം എന്നു ചിന്തിക്കുകയായിരുന്നു.
അയാൾ ആ ജനക്കൂട്ടത്തിലൂടെ കണ്ണോടിച്ചു.
ഇപ്പൊ ഇറങ്ങി അങ്ങു പോയാലോ ? ഓർത്തപ്പോൾ അയാൾക്കു ചിരി വന്നു.
പെട്ടെന്നാണ് അയാളുടെ ശ്രദ്ധ മുൻ നിരയിൽ നിന്നിരുന്ന ഒരു പെൺകുട്ടിയിലുടക്കിയത്. സുന്ദരിയായൊരു കുട്ടി. ഏതാണ്ട് 14 വയസ്സു പ്രായം വരും.
ബാക്കിയെല്ലാവരും കണ്ണുകളടച്ച് ബെന്നിയോടൊപ്പം പ്രാർഥിക്കുമ്പോൾ ആ പെൺകുട്ടി മാത്രം രൂക്ഷമായി മാത്യൂസിനെ നോക്കി നില്ക്കുകയാണ്.
അവളുടെ കാലുകൾ നിലത്തുറക്കുന്നില്ല.
പല്ലുകടിച്ചു പിടിച്ച് മാത്യൂസിനെ നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.
ഏതാണീ കുട്ടി ? അയാൾക്ക് മനസ്സിലായില്ല.
പ്രാർഥന കഴിഞ്ഞു.
മാത്യൂസ് ബെന്നിയെ സമീപിച്ചു.
“ഞങ്ങൾ ഇറങ്ങുവാ. കണ്ടതിൽ വളരേ സന്തോഷം. ഇനിയും വരില്ല. പേടിക്കണ്ട. ” ചിരിച്ചുകൊണ്ടാണു പറഞ്ഞത്.
“എവിടെ പോകുന്നു നിങ്ങൾ ??!!” ഉച്ചത്തിലായിരുന്നു ആ ചോദ്യം. എല്ലാവരും ഞെട്ടി നോക്കി.
“നിങ്ങളോട് തന്നെയാ ചോദിച്ചത്! ” നേരത്തെ കണ്ട ആ പെൺകുട്ടിയാണ്. അവൾ സ്റ്റേജിലേക്കു കയറി വന്നു. “നാണവൊണ്ടോ തനിക്കീ തൊപ്പിയും വെച്ചു നടക്കാൻ ?”
“ജിൻസീ!” ആ കുട്ടിയുടെ അമ്മ പുറകേ ഓടിയെത്തി.
“ഞാൻ ജിൻസിയല്ല ആന്റി.” ആ കുട്ടി അമ്മയുടെ നേരേ തിരിഞ്ഞു. “എനിക്കീ സാറിനോട് ചിലതു പറയാനുണ്ട്. എന്നിട്ട് ഞാൻ പൊയ്ക്കോളാം. ജിൻസിയെ ഞാൻ ഉപദ്രവിക്കില്ല!”
ഈ ഭാഗം തുടരുന്നു...
*****************************
*****************************
അപകടം മണത്ത പാസ്റ്ററും ബെന്നിയും ഓടിയെത്തി ആ കുട്ടിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.
“തൊട്ടു പോകരുതെന്നെ!” അവൾ ചീറിക്കൊണ്ട് അവരുടെ നേരെ തിരിഞ്ഞു. “ആൺ വർഗ്ഗത്തെ മുഴുവൻ എനിക്കു വെറുപ്പാണ്. കൊന്നു കളയും ഞാൻ ഒക്കെത്തിനേം. ”
“ആരാ നീ ?” പാസ്റ്ററാണത് ചോദിച്ചത്.
“ശ്ശ്...” അവൾ ചുണ്ടിൽ വിരൽ ചേർത്തു. “നിങ്ങളു കഷ്ടപ്പെടണ്ട. ഞാൻ തന്നെ ഇറങ്ങിപ്പോക്കോളാം.”
എല്ലാവരും സ്തംഭിച്ച നിലയിലായിരുന്നു.
മാത്യൂസ് പക്ഷേ അതിലൊന്നും പതറാതെ സഹാനുഭൂതിയോടെ ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി നിന്നു.
“സർ...” അവൾ അയാൾക്കു നേരേ തിരിഞ്ഞു. “എനിക്ക് നഷ്ടപ്പെട്ടതെന്താന്ന് സാറിനറിയുവോ ?”
“പറയൂ...”
“എന്റെ ശങ്കു... പാവാണ് സാർ. ഒരു തെറ്റും ചെയ്യാണ്ടാ അവനെ നിങ്ങളൊക്കെ പിടിച്ച് അകത്തിട്ടിരിക്കുന്നെ. എന്നെ കൊന്നത് അവനല്ല.”
മാത്യൂസിന് ഇത് ആദ്യത്തെ അനുഭവമായിരുന്നു. പക്ഷേ ഈ പ്രതിഭാസത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുള്ളതുകൊണ്ട് അയാൾ വളരെ കൗതുകത്തോടെ ആ കുട്ടി പറയുന്നതോരോന്നും ശ്രദ്ധിച്ചു കേട്ടു.
“അപ്പൊ, കുട്ടി മരിച്ചു പോയ ഒരാളാണ്. അല്ലേ ?” അതു ചോദിച്ചപ്പോൾ അയാളുടെ ചുണ്ടിൽ ഒരു ചെറിയ ചിരിയുണ്ടായിരുന്നു.
ആ ചിരി കണ്ടതും ജിൻസി - അല്ല അവളിൽ ബാധിച്ചിരുന്ന ആൾ - പെട്ടെന്ന് ക്രൂദ്ധയായി മാറി.
“നിനക്കിത് തമാശാണല്ലേടാ ? ” അവൾ ഒറ്റ കുതിപ്പിന് എസ് ഐ യുടെ കോളറിൽ പിടിച്ചു.
അതോടെ പാസ്റ്ററും ബെന്നിയും പിന്നെ സ്റ്റേജിലിരുന്ന രണ്ടു മൂന്നു പേരും കൂടി ഓടിയെത്തി ആ കുട്ടിയെ പിടിച്ചു മാറ്റി.
പാസ്റ്റർ അവളുടെ തലയിൽ കൈ വെച്ച് അതി ശക്തമായി ആ ആത്മാവിനെ ശാസിച്ചു.
ആ പള്ളിയിൽ നിന്നിരുന്ന എല്ലാവരും ആ ഉച്ചാടന കർമ്മത്തിൽ പങ്കു കൊള്ളുന്ന പോലെ തോന്നി.
300ൽ പരം വിശ്വാസികൾ എന്തൊക്കെയോ വേദ വാക്യങ്ങൾ ഉരുവിട്ടുകൊണ്ട് ആ സ്റ്റേജിനു സമീപത്തേക്കടുത്തു.
ഭയാനകമായിരുന്നു ആ അനുഭവം. മാത്യൂസിനു പോലും ഉള്ളിൽ എന്തോ ഒരു ഭയം അരിച്ചു കയറുന്ന പോലെ തോന്നി.
അതോടെ ജിൻസി അടങ്ങി.
പൊട്ടിക്കരഞ്ഞു കൊണ്ടാണ് ആ അത്മാവവളെ വിട്ടു പോയത്. അവസാനം മാത്യൂസിനെ ദയനീയമായി ഒന്നു നോക്കിക്കൊണ്ട്...
ആൾക്കൂട്ടത്തിനിടയിൽ ഭയന്നു വിറങ്ങലിച്ചു നില്ക്കുന്ന തന്റെ കുടുംബത്തെ നോക്കി മാത്യൂസ് സാരമില്ലെന്ന മട്ടിൽ കണ്ണിറുക്കിക്കാട്ടി.
ജിൻസി ഇപ്പൊ സാധാരണ നിലയിലേക്ക് മടങ്ങി വന്നിരുന്നു.
അവൾക്കൊന്നും ഓർമ്മയില്ല. താൻ എങ്ങനെ ഈ സ്റ്റേജിലേക്കെത്തി എന്നാണവളുടെ സംശയം.വീണ്ടും നിഷ്കളങ്കയായൊരു പതിനാലുകാരിയായി മാറിയിരിക്കുന്നു അവൾ.
തന്റെ ഇവിടത്തെ ഡ്യൂട്ടി തീർന്നിട്ടില്ലെന്ന് മാത്യൂസിന് മനസ്സിലായി. ഈ വിഷയത്തിൽ എന്തെങ്കിലുമൊരു വിശദീകരണം കൊടുക്കാതെ പോയാൽ ഇന്ന് രാത്രി ഉറങ്ങാനാവില്ല. അയാൾ ഒരു മൈക്ക് കയ്യിലെടുത്തു.
“എല്ലാവരും ദയവായി സ്വസ്ഥാനങ്ങളിൽ ഒരു നിമിഷം ഇരിക്കാമോ ?”
മാത്യൂസിന്റെ ഘന ഗംഭീരമായ സ്വരം ഫലം ചെയ്തു. മുൻപോട്ടു കടന്നു വന്നവർ പെട്ടെന്നു തന്നെ അവരവരുടെ കസേരകളിലേക്കു മടങ്ങി.
എല്ലാവരും നിശബ്ദരായി എസ് ഐ യുടെ മുഖത്തേക്കു തന്നെ നോക്കി ഇരിക്കുകയാണ്.
“ഇവിടെ ഇരിക്കുന്ന എല്ലാവരും തന്നെ ഇപ്പൊ സംഭവിച്ച കാര്യങ്ങൾ കണ്ടു കാണുമെന്നു കരുതുന്നു. എനിക്ക് ചില സംശയങ്ങളുണ്ട്. ചോദിക്കട്ടേ ?”
എല്ലാവരും തലയാട്ടി
“ഈ കുട്ടിക്കുണ്ടായത് പ്രേതബാധയാണെന്ന് എത്ര പേർക്ക് അഭിപ്രായമുണ്ട് ?”
അവിടെയിരുന്നവരിൽ 90% പേരും കയ്യുയർത്തി.
“വണ്ടർഫുൾ!” മാത്യൂസിന്റെ മുഖത്ത് ഒരു പുച്ഛ ഭാവം വന്നു
“വിദ്യാഭ്യാസമുള്ളവരാണെന്ന് അഹങ്കരിക്കുന്നവരാണ് നമ്മൾ. പക്ഷേ ഇപ്പോഴും പ്രേതങ്ങളിൽ വിശ്വാസമുണ്ടെന്നു പറയാൻ ഒരു ഉളുപ്പുമില്ല ആർക്കും.
സോഷ്യൽ മീഡിയായിലും, മറ്റു മാധ്യമങ്ങളിലുമൊക്കെയായി ധാരാളം ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ. ചെറിയ തെറാപ്പി കൊണ്ട് മാറ്റാവുന്ന ഒരു തരം ഡിസോർഡർ.
ഈ കുട്ടിക്കിപ്പോ ആവശ്യം ഒരു നല്ല മനശാസ്ത്ര വിദഗ്ധനെയാണ്.
നിങ്ങൾ പ്രാർഥിക്കുന്നത് തെറ്റാണെന്നു ഞാൻ പറയില്ല, പക്ഷേ ഫലം കിട്ടണമെങ്കിൽ നല്ല ചികിൽസ കൂടി ചെയ്യണം. അല്ലെങ്കിൽ ഒരു പക്ഷേ ഈ അസുഖം വഷളായി കൂടുതൽ ഗുരുതരമായ അവസ്ഥകളിലേക്കെത്തിയേക്കാം. അതുകൊണ്ട് ആ കുട്ടിയുടെ പാരെൻസിനോട് എനിക്കൊന്നേ പറയാനുള്ളൂ, എത്രയും പെട്ടെന്ന് കുട്ടിക്ക് വൈദ്യ സഹായം എത്തിക്കുക. താങ്ക്സ് !”
മാത്യൂസ് മൈക്ക് മേശമേൽ വെച്ച് സ്റ്റേജിൽ നിന്നിറങ്ങി. അയാളുടെ മുഖം മുറുകിയിരുന്നു.
ജിൻസി അപ്പോഴും ഇതൊന്നും മനസ്സിലാകാതെ ചുറ്റും നോക്കി അന്തം വിട്ടിരിക്കുകയാണ്.
“ബാ... പോവാം.” മാത്യൂസ് മക്കളെ വിളിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.
ഭാര്യ ആകെ ഷോക്കിലായിരുന്നു.
“അച്ചായാ ? ആ കൊച്ച്...”
“നീ വാടി പെണ്ണേ. അബദ്ധം പറ്റീന്നു പറഞ്ഞാ മതീല്ലോ . ചുമ്മാ വീട്ടിക്കെടന്നൊറങ്ങാനുള്ളതിന്... നീയൊറ്റ ഒരുത്തീടെ നിർബന്ധം കാരണാ..”
“നീ വാടി പെണ്ണേ. അബദ്ധം പറ്റീന്നു പറഞ്ഞാ മതീല്ലോ . ചുമ്മാ വീട്ടിക്കെടന്നൊറങ്ങാനുള്ളതിന്... നീയൊറ്റ ഒരുത്തീടെ നിർബന്ധം കാരണാ..”
“അതെ. എന്നെ പറഞ്ഞാ മതീല്ലോ... എന്തിനാ അവസാനം ആ മൈക്കെടുത്ത് ആ കൊച്ചിനെ അങ്ങനെ പബ്ലിക്കായിട്ട് ... അതൊരു പെൺകൊച്ചല്ലേ ?”
“അതു തന്നെയാ ഞാനും പറഞ്ഞേ. അബദ്ധങ്ങളുടെ പെരുമഴയാണിന്ന്. സോറി... ബാ, നമുക്ക് സ്ഥലം വിടാം.”
“എന്നോട് സോറിയൊന്നും പറയണ്ട, ആ ജിൻസിയോട് പറഞ്ഞാ മതി. നമുക്ക് പള്ളി കഴിയുന്ന വരെ ഇവിടെ വെയ്റ്റ് ചെയ്താലോ ? ആ കൊച്ചിന്റെ മുഖം കണ്ടിട്ട് ഏതാണ്ടു പോലെ.”
“പപ്പാ” കൂട്ടത്തിൽ സൈലന്റ് ആയ മൂത്തവൻ മാത്യൂസിന്റെ കൈ പിടിച്ചു. “ആ ചേച്ചിക്കെന്താ പറ്റിയേ ? എന്തിനാ അത് പപ്പേനെ...”
“ആ ചേച്ചിക്ക് സുഖമില്ല കുട്ടാ. പപ്പ പറഞ്ഞില്ലേ ? ഡോക്ടറെ കാണിച്ചാൽ ശരിയാവുന്ന ഒരു ചെറിയ അസുഖം.”
“സാർ!” ഉറക്കെ ഒരു വിളി കേട്ടു. ബെന്നിയാണ്. അയാൾ ഓടി കാറിനടുത്തേക്കെത്തി. “സാറു പോയിക്കാണുമെന്നു ഞാൻ കരുതി.”
“എന്റെ ബെന്നി... എന്തൊക്കെയാടോ ഇത് ? താനെങ്ങനെ ഇതിനകത്തു വന്നു പെട്ടു ? ഇതിലും ഭേദം...”
“ഇതിലും ഭേദം കൊട്ടേഷൻ വർക്കാരുന്നു. അല്ലേ സർ ? നാട്ടുകാരുടെ കയ്യും കാലും തല്ലിയൊടിച്ച്... ജെയിലീന്നെറങ്ങി അടുത്ത ജെയിലിലേക്കു പോയി...അങ്ങനെ... ല്ലേ സർ ?“
”അതല്ലടൊ ഞാൻ പറഞ്ഞേ...തനിക്കു നന്നാവണെങ്കി വേറെ എന്തൊക്കെ വഴികളുണ്ട് ?“
”സർ...“ ബെന്നി ഒരു ദീർഘ നിശ്വാസത്തോടെ തുടർന്നു ”ഞാൻ സകല കൊള്ളരുതാഴികയും കാണിച്ചങ്ങനെ നടന്ന സമയത്തെല്ലാം എന്റെയുള്ളിൽ ഒരു ചോദ്യമുണ്ടായിരുന്നു. ഞാനെന്താ ഇങ്ങനെ ആയിപ്പോയതെന്ന്. എനിക്ക് നല്ലൊരു പപ്പയും മമ്മിയുമുണ്ട്... വീട്ടിലൊന്നും യാതൊരു വിധ പ്രശ്നങ്ങളുമുണ്ടായിട്ടില്ല. ചെറുപ്പത്തിലും, വലുതായപ്പോഴുമൊന്നും. എന്നിട്ടും എനിക്കിതെന്താ പറ്റിയേ ?
അങ്ങനെ ഞാൻ ജെയിലിൽ വെച്ച് ആദ്യമായി ആ ചോദ്യത്തിന്റെ ഉത്തരം കണ്ടു പിടിക്കാൻ ബൈബിൾ തുറന്നു. അതാണ് എല്ലാം മാറ്റി മറിച്ചത്. ആ ഒരു എക്സ്പീരിയൻസ് എന്നെ ആകെ ഒരു പുതിയ മനുഷ്യനാക്കി മാറ്റി.
ബൈബിളിൽ ഒരു വചനമുണ്ട്. യേശു കൃസ്തു പറഞ്ഞതാ. ‘എന്റെ പിതാവിനാൽ ആകർഷിക്കപ്പെടാതെ ആർക്കും എന്റെയടുത്തേക്കു വരാനാകില്ലെന്ന്.’
എന്തോ ഞാനന്ന് രാത്രി മുഴുവൻ ഇരുന്നു കരഞ്ഞു. എന്താ എന്നെ ആകർഷിക്കാത്തതെന്നു ചോദിച്ച് ഞാൻ ദൈവത്തോട് മല്ലിട്ടു. അങ്ങനെ തളർന്നുറങ്ങിയ ഞാൻ പിറ്റേന്നു രാവിലെ പാസ്റ്റർ അബ്രഹാമിന്റെ വിളി കേട്ടാണുണർന്നത്. ജെയിൽ വിസിറ്റിനു വന്നതായിരുന്നു അദ്ദേഹം.
എന്നോട് അദ്ദേഹം ആദ്യമായിട്ട് പറഞ്ഞ വാക്കുകൾ എന്താണെന്നറിയാമോ ? ‘ബെന്നി! നിന്നെ എന്റെ ദൈവത്തിനാവശ്യമുണ്ട്... നീ നശിച്ചു പോകാനുള്ളവനല്ല!’ അന്ന്... ആ നിമിഷം ബെന്നി ഒരു പുതിയ മനുഷ്യനായി സർ.
ജെയിലീന്നിറങ്ങിയാൽ ഉടനെ എന്റെ കൂട്ടുകാരെത്തും എന്നെ പൊക്കാൻ. പക്ഷേ ഇപ്രാവശ്യം ഞാൻ അവരുടെ കൂടെ പോയില്ല. പകരം നടക്കാൻ തുടങ്ങി. ഒരു 47 ദിവസം. ഞാൻ തുടർച്ചയായി നടന്നു. ചെരിപ്പു പോലുമിടാതെ... കേരളം അങ്ങോളമിങ്ങോളം. ഞാൻ ചെയ്തു കൂട്ടിയതിനൊക്കെ പരിഹാരക്രിയ പോലെ.
സാറിനറിയോ… ആ നടപ്പിൽ... ആ വെറും നടപ്പിൽ എന്റെ കൂടെ കൂടിയവരാ ആ പള്ളിയിൽ നില്ക്കുന്ന മിക്കവരും. ഞാൻ ഒന്നു സംസാരിച്ചു കൂടെയില്ല. എന്റെയാ നടപ്പ് സകല ടീവീ ചാനലുകളും പത്രങ്ങളും സോഷ്യൽ മീഡിയായും ഒക്കെ ഏറ്റെടുത്തിരുന്നു.“
“എനിക്കറിയാം. ആ ന്യൂസൊക്കെ ഞാൻ ഫോളോ ചെയ്തിരുന്നു. എസ് പീ ഞങ്ങൾക്കെല്ലാം നിന്റെ ഫോട്ടോ അയച്ചു തന്നു. നിന്നെ വളരെ സൂക്ഷിച്ച് നിരീക്ഷിക്കണമെന്നായിരുന്നു ഓർഡർ. നീയെന്തോ പുതിയ തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണെന്നാണ് പോലീസ് കരുതിയത്.” മാത്യൂസ് ചിരിച്ചു.
“ഞാൻ പോലീസിനെ കുറ്റം പറയില്ല സർ. നിങ്ങൾക്ക് നിങ്ങടെ ജോലി ചെയ്തല്ലേ ഒക്കൂ. പിന്നെ, പ്രത്യേകിച്ച് സാറിനെ എനിക്ക് വളരെ വിശ്വാസമാണ്.”
“ഓക്കേ ബെന്നി. എന്റെ പ്രശ്നം ഇപ്പൊ അതൊന്നുമല്ല. ആ കൊച്ചില്ലേ , ജിൻസി ... അതിന്റെ അവസ്ഥയെന്താ ? അതിനിങ്ങനെ ഇടക്കു വരാറുണ്ടല്ലേ ?”
“അതു പറയാനാ ഞാനിപ്പൊ ഈ ഓടിക്കെതച്ചു വന്നേ. സാറൊരു കാര്യം മനസ്സിലാക്കണം. മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡറൊക്കെ ഞാനും ധാരാളം കേട്ടിട്ടുണ്ട്. മുൻപും നേരിട്ടു കണ്ടിട്ടുണ്ട്. പക്ഷേ... ഈ പള്ളി തുടങ്ങിയതിനു ശേഷം, ഇതാദ്യമായാണ് ഇങ്ങനൊരു സംഭവം. ഇവിടെ ആർക്കും ഇന്നുവരെ ഇതു പോലൊരു അനുഭവമുണ്ടായിട്ടില്ല! ആ കുട്ടി - ജിൻസി - ക്ക് മുൻപ് ഇതു പോലുള്ള യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. ഞാനിപ്പൊ അതിന്റെ അമ്മയോട് സംസാരിച്ചിട്ടു വരുവാ. വളരേ നന്നായി പഠിക്കുന്ന മിടുക്കിക്കുട്ടിയാണവൾ. സാറിപ്പൊ അവളോടൊന്നു സംസാരിച്ചു നോക്ക്യേ, മനസ്സിലാകും.”
“അപ്പൊ പിന്നെന്താടോ അവടെ നടന്നത് ? പ്രേത ബാധയോ ?”
“എനിക്കറിയില്ല സർ. എന്തായാലും സാറിനോടെന്തോ പറയാൻ തുടങ്ങുകയായിരുന്നു അത്. പക്ഷേ സാറിന്റെ പുച്ഛ ഭാവം കണ്ടപ്പോൾ വയലന്റായിപ്പോയെന്നാണു തോന്നുന്നത്.”
“ബെന്നിക്കത്യാവശ്യം വിദ്യാഭ്യാസമുള്ളതല്ലേ ? ”
“അതും ഇതുമൊക്കെയായിട്ടെന്താ ബന്ധം സർ ? എന്റെ അഭിപ്രായത്തിൽ സർ ആ കുട്ടി പറഞ്ഞ കാര്യങ്ങൾ ഒന്നു കൂടി അനലൈസ് ചെയ്തു നോക്കണം. എന്താണ് നടന്നതെന്നു ശാസ്ത്രം പറഞ്ഞു തരുമായിരിക്കും. പക്ഷേ എന്തിനാണ് അങ്ങനെ നടന്നതെന്ന് സർ തന്നെ ചിന്തിച്ചു കണ്ടു പിടിക്കേണ്ടി വരും. ‘ശങ്കു’ എന്നൊരു പേരാണ് ആ ആത്മാവ് വെളിപ്പെടുത്തിയത്. അതാരാണ് എന്താണ്ന്നൊക്കെ സാറിനു താല്പര്യമുണ്ടെങ്കിൽ അന്വേഷിച്ചു കണ്ടു പിടിക്കുക.“ ബെന്നി ഹസ്ത ദാനത്തിനായി കൈ നീട്ടി. ”നമുക്ക് വീണ്ടും കാണേണ്ടി വരും സർ. എന്റെ മനസ്സതു പറയുന്നു.“
തുടർന്ന് മാത്യൂസിനോടും കുടുംബത്തോടും യാത്ര പറഞ്ഞ് ബെന്നി തിരിച്ചു നടന്നു.
“ഇപ്പൊ പ്രേത സീസൺ ആണെന്നു തോന്നുന്നു.” മാത്യൂസ് ഒരു ചിരിയോടെ ഭാര്യയെ നോക്കി പറഞ്ഞു . “കഴിഞ്ഞ ദിവസം റോബീടെ വീട്ടിലും എന്തൊക്കെയോ ഇതുപോലെ ഉണ്ടായിരുന്നു. അവനാകെ വിരണ്ടു പോയി.”
എന്നാൽ ഒന്നും മിണ്ടാതെ അവൾ കാറിൽ കയറിയിരുന്നു.
***** ***** ***** ***** ***** ***** ***** ***** ***** *****
സ്നേഹവീട്ടിൽ അപ്പോൾ
സൂസി മോൾക്ക് നല്ല പനി. രണ്ടു മൂന്നു ദിവസമായി തുടങ്ങിയിട്ട്. ഓരോ ദിവസവും കൂടി വരികയാണ്. തലേന്നു രാത്രി ഉറക്കത്തിൽ പിച്ചും പേയും പറയുന്നുണ്ടായിരുന്നു കുട്ടി.
റോബിയാണ് ഡോക്റ്റർ നിതിനെ വിളിച്ചു വരുത്തിയത്. റോബിയേയും ചികിൽസിക്കുന്നത് അയാളാണ്.
“നല്ല ടെമ്പറേച്ചറുണ്ട്. പക്ഷേ ഇൻഫെക്ഷൻ ഒന്നും കാണാനില്ല. എന്തായാലും ബ്ലഡ് ടെസ്റ്റു ചെയ്യാം.” ഡോക്ടർ തന്റെ പാഡിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു.
“ഓടി നടന്നോണ്ടിരുന്ന കൊച്ചാ.” ഒരു സിസ്റ്റർ ഓർത്തു.
“കൊഴപ്പമൊന്നുമില്ല. പനിക്കു ഞാൻ മരുന്നെഴുതീട്ടുണ്ട്. നെറ്റിയിൽ തുണി നനച്ചിടണം. പിന്നെ...” ഡോക്ടർ ചുറ്റും നോക്കി. “എന്തെങ്കിലും കണ്ടു പേടിച്ചാരുന്നോ സൂസി ?”
“എന്നെയാരിക്കും...” റോബി ചിരിച്ചു. “ഞാൻ വന്നു കേറിയ അന്നു മുതലാ കൊച്ചിനു സുഖമില്ലാതായെ.”
“ചെലപ്പോ അതായിരിക്കും കേട്ടോ. പറയാനൊക്കില്ല. ചില പിള്ളേർ പരിചയമില്ലാത്തവരെ കണ്ടാൽ ഭയങ്കര സെൻസിറ്റീവായിരിക്കും.”
“സൂസി മോൾ പക്ഷേ അങ്ങനൊന്നുമല്ലാരുന്നു. എല്ലാരോടും പെട്ടെന്നടുക്കുന്ന പ്രകൃതമായിരുന്നു. എന്തു പറ്റിയോ എന്തോ എന്റെ കൊച്ചിന് .” ആ സിസ്റ്റർ ആകെ വേവലാതി പൂണ്ടു.
“പേടിക്കണ്ട. എല്ലാം ശരിയായിക്കോളും. രണ്ടു ദിവസം മരുന്നു കഴിക്കട്ടെ. എന്നിട്ടും മാറിയില്ലെങ്കി നമുക്ക് ഹോസ്പിറ്റലിലേക്കു കൊണ്ടോവാം. ആരെങ്കിലും ഈ ബ്ലഡ് ഒന്നു ടെസ്റ്റ് ചെയ്യാൻ കൊടുക്കണം. എന്നിട്ട് എന്നെ വിളിച്ചാൽ മതി. ഞാൻ രാത്രി ഒന്നൂടി വരാം.“
ഡോക്റ്റർ ഇറങ്ങി.
***** ***** ***** ***** ***** ***** ***** ***** ***** *****
ഒക്റ്റോബർ 15
നീനയുടെയും റോബിയുടെയും വിവാഹമാണിന്ന്.
ജോസച്ചൻ വാഴ്ത്തിയ താലി മാല മുട്ടിന്മേൽ നില്ക്കുന്ന നീനയുടെ കഴുത്തിനു പുറകിലേക്കു പിടിച്ചപ്പോൾ കൃത്യം പത്തു മാസങ്ങൾക്കു മുൻപ് റോബിയെ കാണാൻ ഹോട്ടൽ ഗ്രീൻ ലാൻഡിൽ ചെന്നതോർത്തു.
“എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണച്ചോ...” അവന്റെ അന്നത്തെ വാക്കുകൾ...
അച്ചന്റെ ചുണ്ടിൽ പുഞ്ചിരിയൂറി.
“ഇതാ ആ പെൺകുട്ടി. നീയെടുത്തോ...”
മനസ്സിൽ മന്ത്രിച്ചുകൊണ്ട് ആ താലിമാലയുടെ അഗ്രങ്ങൾ റോബിയുടെ കൈകളിലേക്കേല്പ്പിച്ചു അദ്ദേഹം.
വീൽ ചെയറിലിരുന്നിട്ട് റോബിക്ക് എത്തുന്നില്ല.
മാത്യൂസും ഭാര്യയും മുൻപോട്ടു കടന്നു വന്നു സഹായിച്ചു.
താലിച്ചരടിൽ കെട്ടു വീണതും.
ഒരിടിമിന്നൽ!
നടുങ്ങിപ്പോയി എല്ലാവരും.
അടുത്ത നിമിഷത്തിൽ എവിടെ നിന്നെന്നറിഞ്ഞില്ല, മഴ ചാറാൻ തുടങ്ങി.
“മഴ...” അച്ചൻ പുറത്തേക്കു നോക്കി മന്ത്രിച്ചു “മഴ നല്ലതാ മക്കളേ ഐശ്വര്യത്തിന്റെ ലക്ഷണമാ. സ്വർഗ്ഗം സന്തോഷിക്കുന്നു നിങ്ങടെ ഈ കൂട്ടായ്മയിൽ. ” അദ്ദേഹം ഇരു കരങ്ങളുമുയർത്തി നവ ദമ്പതിമാരെ അനുഗ്രഹിച്ചു.
പശ്ചാത്തലത്തിൽ കൊയർ അതിമനോഹരമായൊരു ഗാനമാലപിക്കാൻ തുടങ്ങി.
പശ്ചാത്തലത്തിൽ കൊയർ അതിമനോഹരമായൊരു ഗാനമാലപിക്കാൻ തുടങ്ങി.
എന്നാൽ ഇതിലൊന്നും പങ്കെടുക്കാതെ പള്ളിയിൽ ഏറ്റവും പുറകിലെ ജനലിന്റെ അഴികളിൽ പിടിച്ച് സൂസി മോൾ നില്ക്കുന്നുണ്ടായിരുന്നു.
മഴ അവളുടെ കുഞ്ഞു മുഖം നനച്ചു. പക്ഷേ അതൊന്നും കാര്യമാക്കാതെ അവൾ ആ ജനലിലൂടെ ആകാശത്തേക്കു നോക്കി നില്ക്കുകയാണ്.
“കരയല്ലേ അമ്മേ...” അവളുടെ ചുണ്ടുകൾ മന്ത്രിച്ചു...
(തുടരും)
Biju n Alex
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക