Slider

പ്രണയത്തിനൊരു പുനർജ്ജന്മം

0
പ്രണയത്തിനൊരു പുനർജ്ജന്മം
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"ദേ നോക്കിക്കേ... എന്റെ ഫ്രണ്ടിന്റെ പപ്പയും മമ്മിയുമാ...ഇരുപതാം വിവാഹവാർഷികം ആരുന്നു ഇന്നലെ.. ഫേസ്ബുക്കിൽ ഇട്ടിരിക്കുന്ന ഫോട്ടോസ് നോക്കിയേ..." ബി.കോമിന് പഠിക്കുന്ന മകൾ ദീപ മൊബൈലും കയ്യിൽ പിടിച്ചുകൊണ്ട് അടുക്കളയിലേക്ക് വന്നപ്പോൾ ഞാൻ അത്താഴം കഴിച്ച പാത്രങ്ങൾ കഴുകിത്തുടച്ചു അടുക്കള ഷെൽഫിൽ വെക്കുകയായിരുന്നു.
മകൾ മുൻപിലേക്ക് നീട്ടിയ മൊബൈൽ, സാരിത്തലപ്പിൽ കൈതുടച്ചിട്ടു ഞാൻ വാങ്ങി. സ്ക്രീനിൽ അതാ കേക്ക് മുറിക്കുന്ന ഒരു പുരുഷന്റേയും സ്ത്രീയുടെയും ഫോട്ടോ. "കൊള്ളാം" ഒറ്റവാക്കിൽ മറുപടി ഒതുക്കിയിട്ടു ഞാൻ മൊബൈൽ തിരികെ മകളുടെ കയ്യിൽ കൊടുത്തു.
"ഹാ ! ഇത് മാത്രമല്ല.. ഇനീം കുറേ ഫോട്ടോസ് ഉണ്ടമ്മേ..." മകൾ വിടാൻ ഭാവമില്ല. അവൾ മൊബൈലിൽ തോണ്ടിക്കൊണ്ടേ ഇരിക്കുകയാണ്. ഞാൻ പാത്രങ്ങൾ തുടയ്ക്കുന്നതിനിടയ്ക്ക് അവയെല്ലാം കണ്ടെന്നു വരുത്തി.
"വൗ... നോക്കമ്മേ, ഹൗ സ്വീറ്റ് ഹീ ഈസ്...." മകൾ ഒരു ഫോട്ടോ സൂം ചെയ്തുകൊണ്ട് പറഞ്ഞു. അവളുടെ ശബ്ദം പെട്ടെന്നുയർന്നതുകൊണ്ടും സ്വരത്തിലെ ആശ്ചര്യം കൊണ്ടും ഞാൻ വീണ്ടും എന്റെ പണി നിർത്തി അതിലേക്കു നോക്കി. ഇപ്പോൾ ഫോട്ടോയിലെ സ്ത്രീ തന്റെ ഭർത്താവിന്റെ കവിളിൽ ചുംബിക്കുകയാണ്. അവരുടെ മുൻപിലെ ടീപ്പോയിൽ തുറന്നുവെച്ച ഒരു ബോക്സും അതിൽ തിളങ്ങുന്ന ഒരു നെക്ക്ലേസും ഉണ്ട്.
"അങ്കിൾ കൊടുത്ത ഗിഫ്റ്റ് കണ്ടോ.. ഇതാണ് സ്നേഹമുള്ള ഭർത്താക്കന്മാർ... എന്റെ അച്ഛൻ എന്തൊരു മുരട്ടനാ..., അല്ലേ അമ്മേ..?" മകൾ വിടാൻ ഭാവമില്ല.
"എനിക്കിത് വരെ അങ്ങനെ തോന്നിയിട്ടില്ല" തെല്ലു നീരസത്തോടെ ഞാൻ പറഞ്ഞു.
എന്റെ സ്വരത്തിലെ ഈർഷ്യ മനസ്സിലാക്കിയിട്ടെന്നവണ്ണം അവൾ പിന്നെ ഒന്നും പറഞ്ഞില്ല. പിന്തിരിഞ്ഞു അവളുടെ മുറിയിലേക്ക് പോയി. പോകുന്ന വഴിക്ക് അവൾ പിറുപിറുക്കുന്നത് കേൾക്കാമായിരുന്നു.... "ഓരോരുത്തരുടെ യോഗം.. ഇവിടെ ചിലര് സ്നേഹിച്ചു കല്യാണം കഴിച്ചിട്ട് പോലും സ്വന്തം വിവാഹവാർഷികം ഓർക്കാറില്ല.. ഒരു സാരി പോലും ഇത് വരെ അച്ഛൻ അമ്മയ്ക്ക് സമ്മാനം കൊടുത്തത് ഞാൻ കണ്ടിട്ടില്ല.. എന്നിട്ടിപ്പോൾ അത് പറഞ്ഞ എന്റെ നേരെ തട്ടിക്കേറുന്നു...."
ആ വാചകങ്ങൾ എന്റെ മനസ്സിൽ ഒന്നു കൊത്തിവലിച്ചു. കഴിഞ്ഞയാഴ്ച്ചയായിരുന്നു ഞങ്ങളുടെ ഇരുപതാമത്തെ വിവാഹവാർഷികം. ഞാനോ ഹരിയേട്ടനോ അത് ഓർത്തില്ല. എന്റെ കണ്ണുകൾ നിറഞ്ഞു വരാൻ തുടങ്ങി. എനിക്ക് പെട്ടെന്നെന്തോ എല്ലാത്തിനോടും ദേഷ്യം തോന്നി. മകൾ കാണിച്ച ഫോട്ടോയിലെപ്പോലെ ഹരിയേട്ടൻ എനിക്ക് സമ്മാനം തരാഞ്ഞതിലും പരസ്യമായി കവിളിൽ ചുംബിക്കാത്തത്തിലും എനിക്ക് അതിയായ ദേഷ്യം തോന്നി. പാത്രങ്ങൾ പെട്ടെന്നു തുടച്ചുവെച്ചിട്ടു ഞാൻ കിടപ്പുമുറിയിലേക്ക് ചെന്നു.
കട്ടിലിൽ അതാ ഒരു കാവിമുണ്ട് ഉടുത്തു ഹരിയേട്ടൻ ശാന്തമായി ഉറങ്ങുന്നു. ദേഷ്യവും അമർഷവും നിരാശയും കൂടികലർന്നു ഞാൻ അദ്ദേഹത്തെ നോക്കിനിന്നു. നരച്ചു തുടങ്ങിയ രോമങ്ങൾ നിറഞ്ഞ നെഞ്ചിൻകൂട് മെല്ലെ പൊങ്ങിത്താഴുന്നത് നോക്കി നിന്നപ്പോൾ എന്നിലെ ദേഷ്യം മങ്ങിത്തുടങ്ങിയിരുന്നു. ഞാൻ ഹരിയേട്ടന്റെ അരുകിൽ ചെന്നിരുന്നു. നെഞ്ചിൻകൂടു പൊങ്ങിത്താഴുന്നത് അനുസരിച്ച് വാരിയെല്ലുകളും തെളിയുന്നുണ്ട്. മുടിയും ചെറുതായി നരയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. ഞാൻ ഇത് വരെ അത് ശ്രദ്ധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മുഖത്തേക്കുതന്നെ നോക്കിയിരിക്കെ ഇരുപത് വർഷം മുൻപത്തെ കുട്ടിത്തവും പ്രസരിപ്പും ഇന്നും മങ്ങിയിട്ടില്ല എന്നെനിക്ക് ബോധ്യമായി. വെള്ളികെട്ടാൻ തുടങ്ങിയ മുടിയിഴകൾ ഒഴിച്ചാൽ ഹരിയേട്ടൻ ഇന്നും പണ്ടത്തെപ്പോലെ തന്നെയുണ്ട്.
ആ മുഖത്തോട്ട് നോക്കിയിരിക്കെ എന്റെ ഓർമയിലേക്ക് പഴയ നാളുകൾ ഓടിയെത്തി. ഹരിയേട്ടന്റെ കൈപിടിച്ച് ഈ വീട്ടിലേക്ക് കയറുമ്പോൾ പേടിയായിരുന്നു. ഒരു വർഷം ഒളിച്ചും പാത്തും പ്രണയിച്ചെങ്കിലും ആ കട്ടിമീശക്കാരനോട് ഒരു പേടിയൊക്കെ ഉണ്ടായിരുന്നു. ആദ്യരാത്രിയിൽ പേടിച്ചുനിന്ന തന്നോട് വേണ്ടത്ര സമയം എടുത്തോളൂ എന്നു പറഞ്ഞ കരുണയുള്ള മനസ്സിനുടമ.. കല്യാണം കഴിഞ്ഞുള്ള തന്റെ ജന്മദിനം ആഘോഷമാക്കിയത്... സ്വന്തം വീട്ടിലായിരുന്നപ്പോൾ തന്റെ ജന്മദിനങ്ങൾ കടന്നുപോവുന്നതൊന്നും അറിഞ്ഞിരുന്നതേയില്ല. പ്രണയിച്ച കാലത്തും ഹരിയേട്ടൻ തന്റെ ജന്മദിനം ആഘോഷിച്ചിരുന്നില്ല. കല്യാണം കഴിഞ്ഞു ഒരു ദിവസം ഹരിയേട്ടൻ പറഞ്ഞു എനിക്ക് നാളെ പായസം കൂട്ടി തൂശനിലയിൽ ഊണ് വേണം. അദ്ദേഹം അന്ന് ജോലിക്കും പോയില്ല. രാവിലെ തന്നേയുംകൂട്ടി അമ്പലത്തിൽ പോയി. ചന്തയിൽ പോയി സാധനങ്ങൾ വാങ്ങി. ഊണൊരുക്കാനും കൂടെ നിന്നു. ഒടുവിൽ ഒരിലയിൽ ചോറും കറികളും വിളമ്പി അടുത്ത് നിന്ന തന്നെ അരികിൽ പിടിച്ചിരുത്തി ചോറു വാരിത്തന്നു. ഒരു നൂറു ജന്മദിനങ്ങൾ ഒരുമിച്ചാഘോഷിക്കാൻ ഇടയുണ്ടാകട്ടെ എന്നാശംസിച്ചപ്പോൾ ആണ് തന്റെ ജന്മദിനം ആണെന്ന് താൻ പോലും ഓർത്തത്‌.
തന്റെ ഇഷ്ടങ്ങളൊക്കെയും തന്നാൽകഴിഞ്ഞാൽ സാധിച്ചു തരുമായിരുന്നു. ഇന്ന് വരെയും തന്നെ ഒന്നിനും നിർബന്ധിച്ചിട്ടില്ല. ഗർഭിണി ആണെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സന്തോഷം ഒന്നു കാണാനും മാത്രം ഉണ്ടായിരുന്നു. ഒരു ദിവസം പാതിരാത്രി ഉള്ളിതീയൽ വേണമെന്ന് വാശിപിടിച്ചപ്പോൾ പാവം ഒരു പരാതിയും പറയാതെ ആ രാത്രിതന്നെ ഉണ്ടാക്കി തന്നു. ഒരു ദിവസം പോലും തന്റെ നെറ്റിയിലും വീർത്ത വയറിലും ഉമ്മ വെക്കാതെ ഉറങ്ങില്ലായിരുന്നു. ഉണരുമ്പോളും ആദ്യം ചെയ്യുന്നത് ഈ മുത്തം ആയിരുന്നു. ഒടുവിൽ പ്രസവവേദനയിൽ പുളഞ്ഞ തന്നെയും കൊണ്ട് രാത്രി ആശുപത്രിയിൽ പോയത്... പിറ്റേന്ന് വാർഡിലേക്ക് കൊണ്ടു വരും വഴി ആരേയും നോക്കാതെ ആശുപത്രിയി ഇടനാഴിയിൽ വെച്ച് തന്റെ മൂർധാവിൽ ചുംബിച്ചത്...എല്ലാം ഇന്നലെയെന്നപോൽ ഞാൻ ഓർത്തെടുത്തു.
ഇന്നത്തെപ്പോലെ ആയിരുന്നില്ല ഞങ്ങളുടെ ജീവിതം അന്ന്. മോൾക്കൊരു അഞ്ചു വയസ്സാവുന്നത് വരെ പ്രണയിനികളെപോലെ തന്നെ ആയിരുന്നു. മകൾ കാണിച്ച ഫോട്ടോയിലെപ്പോലെ ആഘോഷ ദിവസങ്ങളിൽ കേക്ക് മുറിച്ചും സമ്മാനങ്ങൾ തന്നും പാർക്കിലും ബീച്ചിലുമൊക്കെ പോയും ആഘോഷിച്ചിരുന്നു. പിന്നെ പിന്നെ ഞങ്ങടെ ദിവസങ്ങളെക്കാൾ മകളുടെ ദിനങ്ങൾക്കായി പ്രാധാന്യം. ആഘോഷങ്ങൾ എല്ലാം അവൾക്ക് വേണ്ടി മാത്രമായി. ഹരിയേട്ടനെ തന്നെ കുറ്റപ്പെടുത്താൻ പറ്റില്ല. താനും മകളിലേക്കൊതുങ്ങി. മിക്ക മാതാപിതാക്കളും ഇങ്ങനെയൊക്കെത്തന്നെ ആവും. എന്നിൽനിന്നും ഒരു നിശ്വാസം ഉയർന്നു.
പെട്ടെന്ന് ഉറക്കത്തിനിടയിൽ ഹരിയേട്ടൻ കൈകൾ നെഞ്ചിൽ പിണച്ചുവെച്ചു. പണ്ടേയുള്ള ശീലമാണ്. ഉറക്കത്തിനിടയിൽപോലും കൂടെക്കിടക്കുന്നവരെ തട്ടിയോ മുട്ടിയോ ഉപദ്രവിക്കരുതെന്ന നിർബന്ധമുള്ളപോലെ. ഇതും പറഞ്ഞു താൻ പണ്ട് ഹരിയേട്ടനെ കുറേ കളിയാക്കുമായിരുന്നു. ഭാര്യ ഉണ്ടായിട്ടും കെട്ടിപ്പിടിക്കാതെ കിടക്കുന്ന മനുഷ്യൻ എന്നു പറഞ്ഞു. എന്നിട്ടാ കൈകൾ വലിച്ചകത്തിയിട്ടു ആ നെഞ്ചിൽ മുഖമമർത്തി കിടക്കുമായിരുന്നു. പെട്ടെന്ന് എന്റെ ഉള്ളിൽ ഒരു തണുപ്പ് പോലെ തോന്നി. ഞാൻ പെട്ടെന്നാ പഴയ പ്രണയിനി ആയി. ഞാൻ ആ കൈകൾ വലിച്ചകത്തി ആ നെഞ്ചിലേക്ക് മുഖം അമർത്തി. ഹരിയേട്ടൻ കണ്ണു തുറന്നു. എന്നിട്ട് പണ്ട് ചെയ്തിരുന്നപോലെ എന്നെ വരിഞ്ഞുമുറുക്കി. കുറേ നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല.
"എന്തുപറ്റി? പഴയ ശീലങ്ങൾ ആണല്ലോ..." ഹരിയേട്ടൻ ആ നിശബ്ദത ഭേദിച്ചു.
"ഒന്നൂല്യ ഹരിയേട്ടാ...നാളെ നമുക്കൊന്ന് അമ്പലത്തിൽ പോവണം." അതും പറഞ്ഞു ഞാൻ ഹരിയേട്ടനിലേക്ക് കൂടുതൽ ചേർന്നുകിടന്നു. ഹരിയേട്ടനാവട്ടെ ഒരു ചെറുപുഞ്ചിരിയോടെ എന്റെ മൂർധാവിൽ ചുംബിച്ചിട്ട് എന്റെ പുറത്തു തട്ടിക്കൊണ്ടേയിരുന്നു. എന്റെ കണ്ണും മനസ്സും നിറഞ്ഞു. അപ്പോൾ ഞാൻ മനസ്സിലാക്കി ഒരിക്കൽ ഒരാളെ പ്രണയിച്ചാൽ പിന്നെ അത് ഒരിക്കലും മായില്ല. പക്ഷേ മറഞ്ഞു കിടക്കും...., മനസ്സിന്റെ ഏതേലും കോണിൽ. പുതിയൊരു നാളേക്കായി ഞങ്ങൾ കാത്തിരുന്നു. ഇനിയുള്ള നാളുകൾ ഞങ്ങൾക്കുള്ളതാണ്.

Revathy
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo