Slider

*കറുത്ത ഇരട്ട* - Part 1

0
*കറുത്ത ഇരട്ട*
സെമിത്തേരിയിലെ മരച്ചുവട്ടിലിരിക്കുമ്പോൾ ദേഷ്യം കൊണ്ടും അതിലേറെ സങ്കടം കൊണ്ടും ആൻസി വിറക്കുന്നുണ്ടായിരുന്നു… നശിച്ച ബയോളജി ക്ലാസ്.. ഇനിമുതൽ ക്ലാസിൽ പോകുന്നില്ല.. ഒന്നുമില്ലെങ്കിലും കഴിഞ്ഞ സയൻസ് എക്സിബിഷനു സ്‌കൂളിനു വേണ്ടി ഫസ്റ്റ് വാങ്ങിയത് ഞാനാണെന്നെങ്കിലും ഹരി സർ ഓർക്കേണ്ടതായിരുന്നു.. എല്ലാവരുടെയും മുൻപിൽ ഇട്ടു ഇങ്ങനെ അപമാനിക്കാൻ എന്തു തെറ്റാണ് ഞാൻ ചെയ്തത്.. ഓർക്കും തോറും അവൾക്കു സഹിക്കാൻ കഴിഞ്ഞില്ല.. കൈകളിൽ മുഖമമർത്തി അവൾ പൊട്ടിക്കരഞ്ഞു.. അവളുടെ ദുഃഖത്തിൽ പങ്കു ചേരാൻ എന്ന വണ്ണം പ്രകൃതി നിശബ്ദത പാലിച്ചു..
ശ്മശാന മൂകതയെ ഭേദിച്ചു കൊണ്ട് ഒരു കാർ വന്നു നിന്നു. ഹരിയും പ്യൂൺ വേലായുധനും ഇറങ്ങി.. ഏറെ തിരയേണ്ടി വന്നില്ല ആൻസിയെ അവർക്ക് കണ്ടെത്താൻ.
“ആൻസീ.. “ ഹരി പതുക്കെ വിളിച്ചു..
തീ പാറുന്ന കണ്ണുകളോടെ അവൾ ഹരിയെ നോക്കി.
“കുട്ടീ.. ഞാൻ.. എനിക്ക്…” ഹരിക്ക് വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.
“കുട്ടീടെ അച്ഛൻ അവിടെ കാത്തു നിക്കാണ്..ഇങ്ങട്ടു വരാമ്പറയണോ..?” വേലായുധൻ നായരുടെ ചോദ്യം
പപ്പായിയുടെ മുഖം മനസിൽ വന്നപ്പോൾ അവൾക്ക് സങ്കടം വന്നു.
“ വേണ്ട.. ഞാൻ വന്നോളാം.. ആരുടെയും മുഖത്ത് നോക്കാതെ അവൾ എഴുന്നേറ്റു.. കാറിന്റെ പിൻസീറ്റിൽ പോയിരുന്നു.
സ്കൂൾ മുറ്റത്ത് വിഷണ്ണനായി കാറിൽ ചാരി നിൽക്കുന്ന പപ്പായിയെ കണ്ടതും അവളിറങ്ങി ഓടി.. പപ്പായിയുടെ നെഞ്ചിൽ കിടന്നു കരയുമ്പോൾ താൻ വീണ്ടും ചെറിയ കുഞ്ഞായതു പോലെ അവൾക്ക് തോന്നി.. പപ്പായിയുടെ കണ്ണുനീർ തുള്ളികൾ അവളുടെ മൂർദ്ധാവിൽ വീണുടഞ്ഞു.. എല്ലാം കണ്ടു കൊണ്ട് പിൻസീറ്റിലിരുന്ന രണ്ടു നീല കണ്ണുകളിലും നീർമഴ ഉതിരുന്നുണ്ടായിരുന്നു..
വീട്ടിലെത്തിയ ഉടനെ ആൻസി റൂമിൽ പോയി കിടന്നു..ഓർക്കരുതെന്നു കരുതും തോറും എല്ലാം ഒന്നിനൊന്നു തെളിമയോടെ മനസ്സിൽ ഉയർന്നു വരികയാണ്.
ഏറ്റവും ഇഷ്ടമുള്ള വിഷയങ്ങളിൽ ഒന്നായിരുന്നു ബയോളജി.. അധ്യാപകൻ ഹരി സാറാണെങ്കിൽ പഠനവിഷയങ്ങളിൽ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും പ്രോത്സാഹനം നൽകുന്ന ആളും..അതു കൊണ്ടു തന്നെ ഹരി സാർ അവളുടെ പ്രിയപ്പെട്ട അധ്യാപകരിൽ ഒരാളായിരുന്നു… ഇന്നത്തെ ക്ളാസ് ആണ് എല്ലാം മാറ്റി മറിച്ചത്..
റീ പ്രോഡക്റ്റീവ് സിസ്റ്റം ആയിരുന്നു പഠിപ്പിച്ചു കൊണ്ടിരുന്നത്..സൈഗോട്ട് അഥവാ സിക്താണ്ഡം വിഭജിച്ച് രണ്ടു എംബ്രിയോകൾ അഥവാ ഭ്രൂണങ്ങൾ ഉണ്ടാകുമ്പോളാണ് ഐഡെൻറ്റികൽ റ്റ്വിൻസ് (സരൂപ ഇരട്ടകൾ) ഉണ്ടാകുന്നത് എന്ന് സാർ പറഞ്ഞു തീർന്നില്ല അപ്പോഴേക്കും മുൻ ബെഞ്ചിൽ നിന്നും കമന്റ് വന്നു
“ വിഭജനത്തിന്റെ ഇടയിൽ ഒരണ്ണം കരിഞ്ഞു പോകുമോ സാർ..”
ക്ളാസിൽ മുഴങ്ങിയ കൂട്ടച്ചിരി അപ്പോഴും അവളുടെ കാതുകളിൽ അലയടിച്ചു..ഭൂമി പിളർന്ന് ഇല്ലാതായിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി അവൾ ആഗ്രഹിച്ചു പോയി… പിന്നെ ഓർമ വരുമ്പോൾ സെമിത്തേരിയിൽ എത്തിയിരുന്നു.. ആദ്യമായാണ് ക്ളാസിൽ നിന്നും ഇറങ്ങി പോകുന്നത്..ഇനി ഹെഡ് മിസ്ട്റസ് കത്രീന സിസ്റ്റർ ൻറെ അടുത്ത് പോകേണ്ടിവരുമോ ആവോ..
“ആൻസി മോളേ…”
പപ്പായിയാണ്.. വിളി കേൾക്കാൻ തോന്നിയില്ല..പപ്പായി കാരണമല്ലേ എല്ലാവരുടെയും ഇടയിൽ പരിഹാസപാത്രമായി താൻ മാറുന്നത്.. എങ്ങോട്ടെങ്കിലും ഒരു ദിവസം ഞാൻ ഇറങ്ങി പോകും.. നോക്കിക്കോ…
“ ആൻസി മോളേ… ദേ.. ചോക്ലേറ്റ് ഐസ്ക്രീം ആണേ..വേണൽ വേഗം വാ…”
“ ഹൊ…ചോക്ളേറ്റ് ഐസ്ക്രീമോ…എന്നാലും പോവണ്ട..കാര്യം വായിൽ ലെള്ളമൊക്കെ വരുന്നുണ്ട് ..ന്നാലും’”
“ അപ്പൊ വേണ്ടാല്ലേ.. വാ നാൻസിമോളേ നമുക്കിതങ്ങ് തീർക്കാം..”
ആൻസിയുടെ കാലുകൾ അവളുടെ വാശിയെ മറി കടന്ന് ഓടി..
ആൻസിയും നാൻസിയും ജേക്കബ്-സൂസൻ ദമ്പതികളുടെ മക്കളാണ്.. സ്കോട്ട്ലണ്ടിൽ വച്ചായിരുന്നു അവരുടെ ജനനം.. ഗർഭിണിയായിരിക്കുമ്പോൾ നടത്തിയ ടെസ്റ്റിൽ ഐഡൻറിക്കൽ ട്വിൻസ് ആണെന്ന് മനസിലാക്കിയതിനു ശേഷം ഒരുപോലിരിക്കുന്ന കുഞ്ഞുങ്ങളെ സ്വപ്നം കണ്ടു നടന്ന ജേക്കബിനും സൂസനും മാത്രമല്ല അവരെ പരിശോധിച്ച ഡോക്ടർ ക്കും ഒരു സർപ്രൈസ് നൽകി കൊണ്ടായിരുന്നു അവരുടെ ജനനം..ഒരാൾ സൂസനെ പോലെ നല്ല വെളുത്ത നിറം മറ്റേയാൾ ക്ക് ജേക്കബിന്റെ ഇരുനിറം..ജനന സമയത്തെ ഭാരമടക്കം ബാക്കിയെല്ലാം ഏകദേശം ഒരുപോലെ ആയിരുന്നു.. കുറച്ചു കഴിഞ്ഞു മനസിലായി ഇരുവരുടെയും കണ്ണുകൾ തമ്മിലും അന്തരം ഉണ്ടെന്ന്.. ഒരാളുടെ കൃഷ്ണമണി നീല നിറത്തിലും മറ്റേയാളുടേത് ബ്രൗൺ നിറവും.. രണ്ടുപേരുടേയും തലയിൽ മുടി ഉണ്ടായിരുന്നില്ല.. മുഖത്തിന്റെ ആകൃതി യും മൂക്കും ചുണ്ടും ചെവികളുമെല്ലാം ഒരുപോലെ ആയതു കൊണ്ട് ഒരാളുടെ കുറച്ച് ഇരുണ്ട രൂപമായി മറ്റേയാൾ.. പ്ളാസൻറ (മറുപിള്ള) പരിശോധനക്കയച്ച് ഐഡൻറിക്കൽ ട്വിൻസ് തന്നെ ആണെന്ന് ഡോക്ടർമാർ ഉറപ്പു വരുത്തി.
“ നോക്കു ഇച്ചായാ… നാട്ടിൽ ചെല്ലുമ്പോൾ ഒരുപോലിരിക്കുന്ന കുഞ്ഞുങ്ങളെ വെച്ച് ആരെങ്കിലും ഒക്കെ പറ്റിക്കണം എന്നൊക്കെ ഞാൻ പ്ളാൻ ചെയ്തതാ.. ഇതിപ്പോ …”
സൂസൻ ചിരിച്ചു
“ ഇതിപ്പോ നമ്മളെ രണ്ടാളേയും പോലെ ഓരോ കുഞ്ഞുങ്ങൾ.. ആർക്കും പക്ഷഭേദം ഇല്ലാല്ലോ…”
അവളുടെ ചിരിയിൽ പങ്കുചേർന്നു ജേക്കബ് പറഞ്ഞു.
പക്ഷഭേദത്തിൻറെ നാളുകൾ വരാനിരിക്കുന്നതേയുള്ളൂ എന്നറിയാതെ രണ്ടു പിഞ്ചോമനകളും ഉറക്കത്തിൽ പുഞ്ചിരിച്ചു..
(തുടരും.)
കുറച്ച് നീളമുള്ളതാണ് .. ഭാഗങ്ങളായി ഇടാമെന്ന് കരുതുന്നു

Anisha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo